യുദ്ധഭീതിയില്‍ വിപണികള്‍ വീണ്ടും ചോരപ്പുഴയിലേക്ക്. വെള്ളിയാഴ്ച കുത്തനേ ഇടിഞ്ഞ വിപണികള്‍ ഇന്നു രാവിലെ കൂടുതല്‍ താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ഏഷ്യന്‍ വിപണികളും യുഎസ് ഫ്യൂച്ചേഴ്‌സും വലിയ താഴ്ചയിലാണ്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 22,816.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,415 വരെ താഴ്ന്നിട്ട് 22,575 ലേക്കു കയറി. നിഫ്റ്റി 200 ലധികം പോയിന്റ് നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ക്രൂഡ് ഓയില്‍ ഇന്നു രാവിലെ മൂന്നര ശതമാനം കുതിച്ചു ബ്രെന്റ് ഇനം വീപ്പയ്ക്ക് 116 ഡോളറിനു മുകളിലായി. ഡോളര്‍ സൂചിക 100 നു മുകളില്‍ കയറി. സ്വര്‍ണവില ഇടിഞ്ഞു.
രൂപയെ ഉയര്‍ത്താനായി റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് ബാങ്കുകളെ വലിയ നഷ്ടത്തിലേക്കു തള്ളിവിടും എന്ന് പരാതി. പത്തുകോടി ഡോളറില്‍ കൂടുതല്‍ അറ്റ വിദേശനാണ്യ ഓപ്പണ്‍ പൊസിഷന്‍ ഒരു ദിവസവും നിലനിര്‍ത്തരുത് എന്നാണു റിസര്‍വ് ബാങ്കിന്റെ ഉത്തരവ്. ഏപ്രില്‍ പത്തിനകം ഈ നിലയിലേക്കു ബാങ്കുകള്‍ എത്തണം. ഇതുവരെ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡുകളാണ് എത്ര ഓപ്പണ്‍ (ലോംഗ്) പൊസിഷന്‍ ആകാം എന്നു നിശ്ചയിച്ചിരുന്നത്.
ബാങ്കിന്റെ മൂലധനത്തിന്റെ 25 ശതമാനം വരെയാണ് അനുവദിച്ചിരുന്നത്. ഈ അധികാരം റിസര്‍വ് ബാങ്ക് തിരിച്ചുപിടിച്ചു. രൂപ ഈ മാസം കുത്തനേ ഇടിഞ്ഞ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ അപ്രതീക്ഷിതവും അസാധാരണവുമായ നടപടി.
4,000 കോടി ഡോളറിന്റെ ഓപ്പണ്‍ പൊസിഷന്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ഉണ്ടെന്നാണു നിഗമനം. ഇതില്‍ 3,000 കോടിയുടെ ഇടപാട് പത്തു വ്യാപാരദിവസം കൊണ്ട് തീര്‍ക്കണം. രൂപ കൂടുതല്‍ ദുര്‍ബലമാകും എന്നു കണക്കാക്കി അവധി വിപണിയില്‍ ഡോളര്‍ ഇടപാടുകള്‍ നടത്തുകയായിരുന്നു ബാങ്കുകള്‍. ഇവ പെട്ടെന്ന് അവസാനിപ്പിക്കുമ്പോള്‍ ഗണ്യമായ നഷ്ടം വരുമെന്നു ചൂണ്ടിക്കാട്ടിയ ബാങ്കുകള്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നു റിസര്‍വ് ബാങ്കിനോട് അപേക്ഷിച്ചിട്ടുണ്ട്.
റിസര്‍വ് ബാങ്കിന്റെ പ്രതികരണം അറിവായിട്ടില്ല. ഡോളര്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്ത 94.81 രൂപയില്‍ നിന്നു ഗണ്യമായി താഴ്ന്ന് ഇന്നു വ്യാപാരം തുടങ്ങും എന്നാണ് പ്രതീക്ഷ. 93 രൂപയുടെ അടുത്തു ഡോളര്‍ എത്തുമെന്നു കരുതപ്പെടുന്നു. പക്ഷേ അതു ബാങ്കുകള്‍ക്കു വലിയ നഷ്ടം വരുത്തും.
ഇറാനിലെ യുദ്ധം അവസാനിക്കുന്നതിന്റെ സൂചനകള്‍ ഇല്ലാതിരുന്നതു വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ വില ഉയര്‍ത്തുകയും യുഎസ് ഓഹരിവിപണികളെ തകര്‍ച്ചയില്‍ ആക്കുകയും ചെയ്തു. ഡൗ സൂചിക തിരുത്തല്‍ മേഖലയില്‍ പ്രവേശിച്ചു.
ഡൗ ജോണ്‍സ് സൂചിക 793.47 പോയിന്റ് (1.73%) ഇടിഞ്ഞ് 45,166.64ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 108.31 പോയിന്റ് (1.67%) താഴ്ന്ന് 6368.85ല്‍ അവസാനിച്ചു. നാസ്ഡാക് 459.72 പോയിന്റ് (2.15%) നഷ്ടത്തോടെ 20,948.36ല്‍ ക്ലോസ് ചെയ്തു.
കരയുദ്ധത്തിലേക്കു യുഎസ് കടന്നേക്കും എന്ന ഭീതിയില്‍ ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നഷ്ടത്തിലായി. ഡൗ ജോണ്‍സ് 300 പോയിന്റും (0.66%) എസ്ആന്‍ഡ്പി 41 പോയിന്റും (0.64%) നാസ്ഡാക് 187 പോയിന്റും (0.80%) താഴ്ന്നു നീങ്ങുന്നു.
എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍ വെള്ളിയാഴ്ച 3.03 ശതമാനം താഴ്ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 1.07 ശതമാനം കയറി 24.61 ഡോളറില്‍ എത്തി. ഐസിഐസിഐ ബാങ്ക് എഡിആര്‍ നിശ്ചിത സമയത്ത് 2.43 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 1.58 ശതമാനം കയറി 25.70 ഡോളര്‍ ആയി. ഇന്‍ഫോസിസ് എഡിആര്‍ 2.51 ശതമാനം താഴ്ന്നിട്ട് തുടര്‍വ്യാപാരത്തില്‍ 0.16 ശതമാനം ഉയര്‍ന്നു. വിപ്രോ 0.48 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.13 ശതമാനം ഉയര്‍ന്നു.
യുദ്ധവും വിലക്കയറ്റ ഭീഷണിയും മൂലം യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ചയും ഇടിഞ്ഞു. ഏഷ്യന്‍ വിപണികള്‍ ഇന്നു കുത്തനേ ഇടിഞ്ഞാണു വ്യാപാരം തുടങ്ങിയത്. ജപ്പാനില്‍ നിക്കൈയും ദക്ഷിണ കൊറിയയില്‍ കോസ്പിയും അഞ്ചും ശതമാനം വരെ ഇടിവിലായി. ഓസ്‌ട്രേലിയന്‍ സൂചിക 1.30 ശതമാനം താണു. ഹോങ് കോങ്, ചൈനീസ് വിപണികളും താഴ്ന്നു വ്യാപാരം തുടങ്ങി.
പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങളുടെ പുരോഗതി അനുസരിച്ച് സ്വര്‍ണവും വെള്ളിയും ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച 4554.80 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം സ്വര്‍ണം ഔണ്‍സിന് 4495.00 ഡോളറില്‍ ക്ലോസ് ചെയ്തു. നേട്ടം 115.80 ഡോളര്‍ (2.65%). ഇന്നു രാവിലെ സ്വര്‍ണം ഒന്നര ശതമാനം ഇടിഞ്ഞ് 4419.50 ഡോളറില്‍ എത്തി. പിന്നീടു 4440 ലേക്കു കയറി. ഡോളര്‍ സൂചിക ഉയരുന്നതും സ്വര്‍ണത്തെ താഴ്ത്തുന്നുണ്ട്.
വെള്ളി 1.73 ഡോളര്‍ ഉയര്‍ന്ന് ഔണ്‍സിന് 69.87 ഡോളറില്‍ കഴിഞ്ഞവാരം ക്ലോസ് ചെയ്തു. ഇന്നു രാവിലെ മൂന്നു ശതമാനം ഇടിഞ്ഞ് 67.59 ഡോളര്‍ വരെ താഴ്ന്നിട്ട് 68.56ലേക്ക് ഉയര്‍ന്നു.
പ്ലാറ്റിനം 1838 ഡോളര്‍, പല്ലാഡിയം 1355 ഡോളര്‍, റോഡിയം 9950 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് വെള്ളിയാഴ്ച 760 ഉം ശനിയാഴ്ച 1840 ഉം രൂപ കൂടി 1,08,600 രൂപയില്‍ വ്യാപാരം അവസാനിച്ചു.
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) വെള്ളിയാഴ്ച 24 കാരറ്റ് സ്വര്‍ണം 10 ഗ്രാം 1,44,500 രൂപയില്‍ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,27,750 രൂപയില്‍ അവസാനിച്ചു.
വ്യാവസായിക ലോഹങ്ങള്‍ വെള്ളിയാഴ്ചയും പല ദിശകളിലായി. ചെമ്പ് 0.51 ശതമാനം താഴ്ന്നു ടണ്ണിന് 12,046.00 ഡോളറില്‍ എത്തി. അലൂമിനിയം 0.69 ശതമാനം ഉയര്‍ന്ന് 3275.54 ഡോളര്‍ ആയി. ടിന്നും ലെഡും ഉയര്‍ന്നു. നിക്കലും സിങ്കും താഴ്ന്നു. ബഹറിനിലെയും യുഎഇയിലെയും അലൂമിനിയം ഫാക്ടറികള്‍ ആക്രമിക്കപ്പെട്ടത് അലൂമിനിയം ലഭ്യത കുറയ്ക്കുകയും വില കൂട്ടുകയും ചെയ്യും.
വെള്ളിയാഴ്ച രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.51 ശതമാനം കയറി കിലോഗ്രാമിന് 197.80 സെന്റില്‍ എത്തി. കൃത്രിമ റബര്‍ വില 1.21 ശതമാനം കുതിച്ച് ടണ്ണിന് 18,133.33 യുവാന്‍ ആയി.
കൊക്കോ 0.03 ശതമാനം ഉയര്‍ന്ന് ടണ്ണിന് 3165.00 ഡോളറില്‍ എത്തി. തേയിലവില കിലോഗ്രാമിന് 157.40 രൂപയില്‍ തുടര്‍ന്നു. കാപ്പി 1.93 ശതമാനം താഴ്ന്നു പൗണ്ടിന് 301.70 സെന്റില്‍ എത്തി. പാം ഓയില്‍ വില 1.14 ശതമാനം കൂടി ടണ്ണിനു 4620 മലേഷ്യന്‍ റിംഗിറ്റിലേക്കു കയറി. പോളി എഥിലിന്‍, പോളിപ്രൊപ്പിലിന്‍, പിവിസി വിലകള്‍ ഒന്നര ശതമാനം വരെ ഉയര്‍ന്നു. യൂറിയ ടണ്ണിന് 687.50 ഡോളറിലേക്കു താഴ്ന്നു.
കരയുദ്ധ ഭീതിയില്‍ ഡോളര്‍ സൂചിക വെള്ളിയാഴ്ച ഉയര്‍ന്നു 100.15ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.31 ലേക്കു കയറിയിട്ട് താഴ്ന്നു.
യൂറോ 1.1494 ഡോളറിലേക്കും പൗണ്ട് 1.3238 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 160.31 യെന്‍ എന്ന നിലയിലേക്ക് ദുര്‍ബലമായി. ചൈനീസ് യുവാന്‍ ഡോളറിന് 6.91 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു. അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.406 ശതമാനമായി താഴ്ന്നു.
രൂപ വെള്ളിയാഴ്ചയും കുത്തനേ താഴ്ന്നു. ഡോളര്‍ 94.85 രൂപ വരെ ഉയര്‍ന്നിട്ട് 94.81 രൂപയില്‍ ക്ലോസ് ചെയ്തു. പ്രതിദിന നേട്ടം 83 പൈസ.
വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോറെക്‌സ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ വെള്ളിയാഴ്ച രാത്രി 95.04 രൂപ വരെ കയറിയിട്ട് 94.85 രൂപയിലേക്കു താഴ്ന്നു. ഇന്നു രാവിലെ കുത്തനേ താഴ്ന്നു 93.01 രൂപയിലാണു ഡോളര്‍. ഇന്ത്യയിലെ വിദേശനാണയ ഡീലര്‍മാര്‍ രൂപയില്‍ ഷോര്‍ട്ട് വ്യാപാരം നടത്തുന്നതിനു വലിയ നിയന്ത്രണം കൊണ്ടുവന്നതു ഡോളറിനെ താഴ്ത്തുകയായിരുന്നു. ചൈനീസ് യുവാന്‍ 13.71 രൂപയിലേക്കു കയറി. യൂറോ 109.09 രൂപയിലേക്ക് ഉയര്‍ന്നു. ഇന്ന് ഇന്ത്യയിലെ കറന്‍സി വ്യാപാരത്തില്‍ ഇവയുടെ സ്വാധീനം പ്രകടമാകും.
യുദ്ധഭീതി വര്‍ധിച്ചതു ക്രൂഡ് ഓയില്‍ വിലയെ വീണ്ടും കയറ്റുന്നു. യെമനിലെ ഇറാന്‍ അനുകൂല ഭീകരസംഘമായ ഹൗതി ഇസ്രയേലിലേക്കു മിസൈല്‍ തൊടുത്ത് യുദ്ധത്തില്‍ പ്രവേശിച്ചു. ചെങ്കടലിന്റെ കവാടമായ ബാബ് എല്‍ മാന്‍ഡബ് വഴിയുള്ള കപ്പല്‍ ഗതാഗതം അവര്‍ തടയുമോ എന്ന് ആശങ്കയുണ്ട്. ഇതിനിടെ യുക്രെയ്‌ന്റെ ആക്രമണത്തെ തുടര്‍ന്നു ബാള്‍ട്ടിക് മേഖലയിലെ തുറമുഖങ്ങള്‍ വഴി ക്രൂഡ് കയറ്റിവിടാന്‍ പറ്റാതാകും എന്നു റഷ്യ മുന്നറിയിപ്പ് നല്‍കി. ഇതെല്ലാം എണ്ണ വില കൂടാന്‍ കാരണമാണ്.
വെള്ളിയാഴ്ച അഞ്ചു ശതമാനം കുതിച്ച് വീപ്പയ്ക്ക് 112.57 ഡോളറില്‍ ക്ലോസ് ചെയ്ത ബ്രെന്റ് ഇനം ക്രൂഡ് ഇന്നു രാവിലെ മൂന്നര ശതമാനം കയറി 116.4 ഡോളര്‍ ആയി. ഡബ്‌ള്യുടിഐ ഇനം ക്രൂഡ് 103.06 ഡോളറിലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് ആറു ശതമാനം ഉയര്‍ന്ന് 117.16 ഡോളറിലും എത്തി.
സമാധാന പ്രതീക്ഷ കുറഞ്ഞപ്പോള്‍ ക്രിപ്‌റ്റോ കറന്‍സികള്‍ കൂടുതല്‍ ഇടിഞ്ഞു. ബിറ്റ്‌കോയിന്‍ 66,250 ഡോളറിനു താഴെയായി. ഈഥര്‍ 2000 ഡോളറിനും സൊലാന 82.00 ഡോളറിനും താഴെ നില്‍ക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine