image credit : canva 
Markets

ആശങ്കകള്‍ മാറാതെ വിപണി, യുഎസ് ടെക് ഓഹരികള്‍ കുതിച്ചു, ഏഷ്യന്‍ സൂചനകള്‍ പോസിറ്റീവ്; വ്യാപാര കരാറില്‍ അനിശ്ചിതത്വം തുടരുന്നു

വിപണികളില്‍ ആശങ്കകള്‍ മാറുന്നില്ല. ഇന്നലെ അമേരിക്കന്‍ വിപണിയില്‍ ടെക്‌നോളജി ഓഹരികള്‍ വലിയ കുതിപ്പ് നടത്തിയെങ്കിലും വിശാലവിപണി അത്ര ആവേശം കാണിക്കുന്നില്ല

T C Mathew

വിപണികളില്‍ ആശങ്കകള്‍ മാറുന്നില്ല. ഇന്നലെ അമേരിക്കന്‍ വിപണിയില്‍ ടെക്‌നോളജി ഓഹരികള്‍ വലിയ കുതിപ്പ് നടത്തിയെങ്കിലും വിശാലവിപണി അത്ര ആവേശം കാണിക്കുന്നില്ല. ഇന്നു മുതല്‍ വരുന്ന സാമ്പത്തിക സൂചകങ്ങളിലും കണക്കുകളിലുമാണു വിപണികള്‍ ദിശാസൂചനയ്ക്കായി നോക്കുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാരകരാര്‍ ഉണ്ടാകും എന്നല്ലാതെ എന്ന് ഉണ്ടാകും എന്ന് ആരും പറയാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചതും ട്രംപ് ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കുമെന്നു പ്രഖ്യാപിച്ചതും ഇന്ത്യക്ക് അത്ര നല്ല കാര്യമായി കരുതാനാവില്ല. ഇന്ത്യയെ ചൈനയ്ക്ക് എതിരായി പ്രോത്സാഹിപ്പിക്കുന്ന യുഎസ് നയത്തില്‍ മാറ്റം വന്നാല്‍ വ്യാപാരകാര്യത്തില്‍ തിരിച്ചടി ഉണ്ടാകും എന്ന് ഇന്ത്യ ഭയപ്പെടുന്നു.

യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാനുള്ള വ്യവസ്ഥകള്‍ ജനീവയില്‍ യുഎസ് യുക്രെയ്ന്‍ പ്രതിനിധികള്‍ ചര്‍ച്ച ചെയ്യുകയാണ്. അതിന്റെ പുരോഗതി ക്രൂഡ് ഓയില്‍ വില മുതല്‍ ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ വരെ ബാധിക്കും.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,985.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,018 വരെ കയറിയിട്ട് 25,971 വരെ താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു വലിയ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് ഭിന്നദിശകളില്‍

യുഎസിലെ പലിശ കുറയ്ക്കല്‍ സാധ്യത മിക്ക യൂറോപ്യന്‍ സൂചികകളെയും ഇന്നലെ ഉയര്‍ത്തി. എന്നാല്‍ ഫ്രഞ്ച്, യുകെ വിപണികള്‍ താഴ്ന്നു. യുക്രെയ്ന്‍ സമാധാനചര്‍ച്ച പുരോഗമിക്കുന്നതു പ്രതിരോധ ഓഹരികളെ വീണ്ടും താഴ്ത്തി. ബ്രിട്ടീഷ് ഖനി കമ്പനി ആഗ്ലോ അമേരിക്കനെ ഏറ്റെടുക്കാനുള്ള ശ്രമം ഓസ്‌ട്രേലിയന്‍ കമ്പനി ബിഎച്ച്പി ഉപേക്ഷിച്ചു. ആഗ്ലോ ഓഹരി ഇടിഞ്ഞു.

ആല്‍ഷൈമേഴ്‌സ് രോഗത്തിനു ഫലപ്രദമാണോ എന്നറിയാനുള്ള വിശാല പരീക്ഷണത്തില്‍ ഡാനിഷ് കമ്പനി നോവോ നോര്‍ഡിസ്‌കിന്റെ സെമാഗ്ലൂറ്റൈഡ് പരാജയപ്പെട്ടത് നോവോ ഓഹരിയെ 5.8 ശതമാനം താഴ്ത്തി. പരീക്ഷണം വിജയിക്കുമെന്നു പ്രതീക്ഷ ഇല്ലായിരുന്നെങ്കിലും കമ്പനിക്ക് ഈ വര്‍ഷം പല തിരിച്ചടികള്‍ക്കു പിന്നാലെ വന്ന ആഘാതമായി ഇത്. നോവോ ഓഹരി ഒരു വര്‍ഷം കൊണ്ട് 60 ശതമാനം ഇടിഞ്ഞു.

ജര്‍മന്‍ കമ്പനി ബായറിന്റെ അസുന്‍ഡെക്‌സിയാന്‍ എന്ന ഔഷധത്തിന്റെ മൂന്നാം ഘട്ട പരീക്ഷണം വിജയകരമായി. രക്തം കട്ടപിടിക്കുന്നതു തടയുന്ന ഈ മരുന്നു പക്ഷാഘാതം തടയാന്‍ ഉപയോഗിക്കാം. ബായര്‍ ഓഹരി 10.9 ശതമാനം കുതിച്ചു.

യുഎസ് വിപണിയില്‍ ടെക് കുതിപ്പ്

നിര്‍മിതബുദ്ധി (എഐ) മേഖലയില്‍ ആവേശം തിരിച്ചു കൊണ്ടുവരാന്‍ ഗൂഗിളിന്റെ ജമിനി 3 പതിപ്പിന് കഴിഞ്ഞു. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാണ് ജമിനി 3. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ഓഹരി 6.3 ശതമാനം കുതിച്ചു. ടെക്‌നോളജി ഓഹരികള്‍ക്കു മൊത്തം നേട്ടം നല്‍കാനും അതു വഴി തെളിച്ചു. നാസ്ഡാക് സൂചിക 600-ഓളം പോയിന്റ് കുതിച്ചു കയറി. കഴിഞ്ഞ ആഴ്ചയിലെ നഷ്ടം മുഴുവന്‍ നാസ്ഡാക് വീണ്ടെടുത്തു. ബ്രോഡ്‌കോം, മൈക്രോണ്‍, പലാന്റിര്‍, എഎംഡി, ആമസോണ്‍, മെറ്റ, എന്‍വിഡിയ തുടങ്ങിയവ ഉയര്‍ന്നു. നവംബര്‍ നേട്ടത്തോടെ അവസാനിപ്പിക്കാന്‍ വിപണിക്കു കഴിയും എന്ന പ്രതീക്ഷ ഉണ്ടായി.

തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 202.86 പോയിന്റ് (0.44%) ഉയര്‍ന്ന് 46,448.27ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 102.13 പോയിന്റ് (1.55%) നേട്ടത്തോടെ 6705.12ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 598.92 പോയിന്റ് (2.69%) കുതിച്ച് 22,872.01ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നേരിയ താഴ്ചയിലാണ്. ഡൗ 0.15 ഉം എസ് ആന്‍ഡ് പി 0.08 ഉം നാസ്ഡാക് 0.10 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.

ഏഷ്യ നേട്ടത്തില്‍

ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണ്. ജാപ്പനീസ് നിക്കൈ 1.15 ശതമാനം കയറി. ഓസ്‌ട്രേലിയന്‍ വിപണി രാവിലെ താഴ്ന്നു. ദക്ഷിണ കൊറിയന്‍ കോസ്പി സൂചിക 2.4 ശതമാനം ഉയര്‍ന്നു. ഹോങ്‌കോങ് സൂചിക ഒന്നും ചൈനീസ് സൂചിക 0.40 ഉം ശതമാനം കയറി.

വീണ്ടും താഴ്ന്ന് ഇന്ത്യ

വിദേശനിക്ഷേപകര്‍ വീണ്ടും വന്‍തോതില്‍ വില്‍പന നടത്തിയതോടെ പ്രതിമാസ സെറ്റില്‍മെന്റിനു മുന്‍പ് ഇന്ത്യന്‍ വിപണി വലിയ താഴ്ചയിലായി.

റെക്കോര്‍ഡ് തിരുത്താനുള്ള ബുള്ളുകളുടെ മോഹം സഫലമാകാന്‍ കുറേക്കൂടി കാത്തിരിക്കണം. ഐടി ഒഴികെ എല്ലാ മേഖലകളും ഇന്നലെ താഴ്ന്നു. റിയല്‍റ്റി, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍, എഫ്എംസിജി തുടങ്ങിയവ കൂടുതല്‍ നഷ്ടത്തിലായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രതിരോധ കമ്പനികളുടെയും സൂചികകളും വലിയ നഷ്ടം രേഖപ്പെടുത്തി.

തിങ്കളാഴ്ച സെന്‍സെക്‌സ് 331.21 പോയിന്റ് (0.39%) താഴ്ന്ന് 84,900.71ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 108.65 പോയിന്റ് (0.42%) ഇടിവോടെ 25,959.50ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 32.35 പോയിന്റ് (0.05%) നഷ്ടത്തോടെ 58,835.35ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 194.70 പോയിന്റ് (0.32%) താഴ്ന്ന് 60,081.60ലും സ്‌മോള്‍ ക്യാപ് 100 സൂചിക 151.00 പോയിന്റ് (0.85%) ഇടിഞ്ഞ് 17,696.50ലും അവസാനിച്ചു.

വിശാലവിപണിയില്‍ കയറ്റ-ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 1208 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 3035 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 803 ഓഹരികള്‍ കയറി, 2310 എണ്ണം താഴ്ന്നു.

എന്‍എസ്ഇയില്‍ 63 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ 306 എണ്ണം താഴ്ന്ന വിലയില്‍ എത്തി. ഏഴ് ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ രണ്ട് എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

തിങ്കളാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 4171.75 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 4512.87 കോടിയുടെ അറ്റവാങ്ങലും നടത്തി.

പാശ്ചാത്യ വിപണികളില്‍ ടെക് ഓഹരികള്‍ ഉയര്‍ന്നത് ഇന്ന് വിപണിക്ക് ഉത്സാഹം പകരും. നിഫ്റ്റി 26,000 ലെ പിന്തുണ നഷ്ടമാക്കി. ഇനി 25,850-25,800 ആണു പ്രതീക്ഷിക്കാവുന്ന പിന്തുണമേഖല. 26,100 ഉം 26,250 ഉം തടസമേഖലകളാകും. ഇന്നു നിഫ്റ്റിക്ക് 25,915 ലും 25,860 ലും പിന്തുണ പ്രതീക്ഷിക്കാം. 26,100 ലും 26,150 ലും പ്രതിരോധം നേരിടും.

കമ്പനികള്‍, വാര്‍ത്തകള്‍

ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചറിന് അദാനി എനര്‍ജി സൊലൂഷന്‍സില്‍ നിന്ന് 276 കോടി രൂപയുടെ 7668 കിലോമീറ്റര്‍ സീബ്രാ കണ്ടക്ടറുകള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചു. 105 കോടി രൂപയുടെ സ്‌പൈറല്‍ പൈപ്പുകള്‍ക്കുള്ള ഓര്‍ഡര്‍ സൂര്യ റോഷ്‌നി കമ്പനിക്കു ലഭിച്ചു. ഏറിസ് ലൈഫ് സയന്‍സസ് 423 കോടി രൂപ മുടക്കി സ്വിസ് പരെന്ററല്‍സ് എന്ന ഉപകമ്പനിയെ മാതൃകമ്പനിയില്‍ ലയിപ്പിക്കും. അസ്ഥികളെ ബാധിക്കുന്ന ഓസ്റ്റയോപോറോസിസ് രോഗത്തിന്റെ ചികിത്സയ്ക്ക് ഡോ. റെഡ്ഡീസിന്റെ രണ്ടു ബയോസിമിലര്‍ ഉല്‍പന്നങ്ങള്‍ യൂറോപ്യന്‍ കമ്മീഷന്‍ അനുവദിച്ചു.

ചൈനീസ് സ്വര്‍ണശേഖരം 5000 ടണ്‍ എന്നു റിപ്പോര്‍ട്ട്

ചൈന പുറത്തു പറയുന്നതിലും വളരെ കൂടുതല്‍ സ്വര്‍ണം ഔദ്യോഗിക ശേഖരത്തിലേക്കു വാങ്ങിക്കുട്ടുന്നുണ്ട് എന്നു സ്പാനിഷ് പത്രം എല്‍ പെയ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അവര്‍ സ്വര്‍ണശേഖരം 5000 ടണ്ണിനു മുകളില്‍ എത്തിച്ചു എന്നും വാങ്ങല്‍ തുടരുകയാണെന്നും പത്രം പറയുന്നു. അമേരിക്കയുടെ 8133 ടണ്‍ ആണ് ഏറ്റവും വലിയ ഔദ്യോഗിക സ്വര്‍ണശേഖരം. ഔദ്യോഗികമായി ചൈനീസ് സ്വര്‍ണശേഖരം 2304 ടണ്‍ ആണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ബ്രിട്ടീഷ് സ്വര്‍ണകയറ്റുമതി കണക്കുകള്‍ കാണിക്കുന്നത് ചൈനയുടെ വാങ്ങല്‍ പറയുന്നതിന്റെ പത്തിരട്ടി ഉണ്ടെന്നാണ്.

ഫ്രഞ്ച് ബാങ്ക് സൊസൈറ്റീ ഷനറാലിലെ ഉല്‍പന്ന വിപണി വിദഗ്ധന്‍ മൈക്കല്‍ ഹൈയുടെ നിഗമനങ്ങള്‍ ഉദ്ധരിച്ചാണ് എല്‍ പെയ്‌സ് റിപ്പോര്‍ട്ട്. ഈ വര്‍ഷം സ്വര്‍ണത്തെ 55 ശതമാനം കയറ്റിയത് ചൈനയുടെ ഭീമമായ വാങ്ങല്‍ ആണെന്ന് അവര്‍ വിശദീകരിക്കുന്നു. ചൈന ഡോളറിലെ നിക്ഷേപങ്ങള്‍ വിറ്റു സ്വര്‍ണത്തിലേക്കു മാറ്റുകയാണെന്ന് ജാപ്പനീസ് ബുള്ളിയന്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ ഡയറക്ടറും പറയുന്നു.

കുതിച്ചുകയറി സ്വര്‍ണം

കഴിഞ്ഞയാഴ്ച 4000-4100 ഡോളര്‍ പരിധിയില്‍ കയറിയിറങ്ങിയ സ്വര്‍ണം ഇന്നലെ ഉയര്‍ന്ന പരിധി കടന്നു മുന്നേറി. അമേരിക്കന്‍ ഫെഡ് ഡിസംബറിലെ യോഗത്തില്‍ പലിശനിരക്കു കുറയ്ക്കാനുളള സാധ്യത വര്‍ധിച്ചതാണു പ്രധാന കാരണം. ഇന്നലെ സ്വര്‍ണം 4040-4141 ഡോളര്‍ പരിധിയില്‍ കയറിയിറങ്ങിയ ശേഷം ഔണ്‍സിന് 4135.10ല്‍ ക്ലോസ് ചെയ്തു. നേട്ടം ഒന്നര ശതമാനം. ഇന്നു രാവിലെ വില 4145 ലേക്കു കയറിയിട്ടു 4140 ഡോളറിലേക്കു താഴ്ന്നു. സ്വര്‍ണം അവധിവില 4130 ഡോളറിലാണ്.

വെള്ളി സ്‌പോട്ട് വിപണിയില്‍ മൂന്നു ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 51.43 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 51.50 ഡോളര്‍ വരെ കയറി. പ്ലാറ്റിനം 1549 ഡോളര്‍, പല്ലാഡിയം 1378 ഡോളര്‍, റോഡിയം 7775 ഡോളര്‍ എന്നിങ്ങനെയാണു വില.

ലോഹങ്ങള്‍ ഇടിവില്‍

പലിശ കുറയ്ക്കല്‍ സാധ്യത കൂടിയതോടെ മിക്ക വ്യാവസായിക ലോഹങ്ങളും തിങ്കളാഴ്ച ഉയര്‍ന്നു. ചെമ്പ് ടണ്ണിന് 1.01 ശതമാനം കുതിച്ച് 10,792.65 ഡോളര്‍ ആയി. അലൂമിനിയം 0.69 ശതമാനം ഉയര്‍ന്നു ടണ്ണിന് 2811.13 ഡോളറില്‍ എത്തി. നിക്കല്‍, ടിന്‍, സിങ്ക് എന്നിവ ഉയര്‍ന്നു. ലെഡ് താഴ്ന്നു.

റബര്‍ വില രാജ്യാന്തര വിപണിയില്‍ 0.06 ശതമാനം താഴ്ന്നു കിലോഗ്രാമിന് 171.30 സെന്റ് ആയി. കൊക്കോ 0.96 ശതമാനം കുറഞ്ഞു ടണ്ണിന് 5035.24 ഡോളറില്‍ എത്തി. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഉല്‍പാദനം കൂടുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്തത് കൊക്കോയെ നിരന്തരം താഴ്ത്തുകയാണ്. കാപ്പി വില 2.08 ശതമാനം ഉയര്‍ന്നു. തേയില വില മാറ്റമില്ലാതെ തുടര്‍ന്നു. പാമോയില്‍ 0.32 ശതമാനം താഴ്ന്നു.

ഡോളര്‍ താഴുന്നു

ഡോളര്‍ സൂചിക തിങ്കളാഴ്ച ചെറിയ ചാഞ്ചാട്ടത്തിനു ശേഷം100.14 ല്‍ അവസാനിച്ചു. ഇന്നു രാവിലെ 100.12 ലേക്കു താഴ്ന്നു. ഡോളര്‍ വിനിമയ നിരക്ക് അല്‍പം താഴ്ന്നു. യൂറോ 1.1519 ഡോളറിലേക്കും പൗണ്ട് 1.3103 ഡോളറിലേക്കും കയറി. എന്നാല്‍ ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 156.86 യെന്‍ ആയി താഴ്ന്നു. ചൈനീസ് കറന്‍സി ഒരു ഡോളറിന് 7.10 യുവാനില്‍ തുടര്‍ന്നു. സ്വിസ് ഫ്രാങ്ക് 0.8086 ഡോളറിലായി. യുഎസില്‍ പലിശ കുറയാന്‍ സാധ്യത വര്‍ധിച്ചതു കടപ്പത്ര വിലകളെ ഉയര്‍ത്തി. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.031 ശതമാനമായി താഴ്ന്നു.

രൂപയുടെ നില മെച്ചപ്പെട്ടു

വെള്ളിയാഴ്ച വലിയ തകര്‍ച്ച നേരിട്ട ഇന്ത്യന്‍ രൂപ ഇന്നലെ അല്‍പം തിരിച്ചു കയറി. ഡോളര്‍ 33 പൈസ കുറഞ്ഞ് 89.15 രൂപയില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് വിപണിയില്‍ സജീവമായി ഇടപെട്ടു. അമേരിക്കയുമായുള്ള വ്യാപാര കരാറിലെ അനിശ്ചിതത്വം മാറും വരെ രൂപയുടെ ദൗര്‍ബല്യം തുടരും. വ്യാപാരധാരണ വരുന്നില്ലെങ്കില്‍ ഇന്ത്യയുടെ വാണിജ്യകമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ വര്‍ധിച്ച് അടവുശിഷ്ട നില വഷളാകും. ഈ സാഹചര്യം തുടര്‍ന്നാല്‍ ഡോളര്‍ 90 രൂപ കടന്നു മുന്നോട്ടു പോകും എന്നാണു ഭീതി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT