ഇന്നലെ മുഖ്യ സൂചികകൾ ഉയർന്നെങ്കിലും വിപണി മനോഭാവം വീണ്ടും ബെയറിഷ് ആയി തുടരുന്നു. വിശാല വിപണി ഇടിവിലായിരുന്നു. കമ്പനികളുടെ വിറ്റുവരവും ലാഭവും പ്രതീക്ഷിച്ച തോതിൽ വളരുന്നില്ല. വളർച്ചയ്ക്ക് പുതിയ തടസങ്ങൾ കാണുന്നുമുണ്ട്. അടുത്ത ഒന്നാം തീയതിയിലെ ബജറ്റിൽ വളർച്ചയ്ക്കും ഉപഭോഗ വർധനയ്ക്കും സഹായകമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നാണ് വിപണി നോക്കുന്നത്. അതുവരെ ചാഞ്ചാട്ടങ്ങൾ തുടരാം. ക്രൂഡ് ഓയിൽ വില കുറഞ്ഞുവരുന്നതു വിപണിയെ സഹായിക്കാം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വാഴ്ച രാത്രി 23,152 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,130 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ വിപണികൾ ബുധനാഴ്ച നേട്ടത്താേടെ അവസാനിച്ചു. അഡിഡാസിൻ്റെ നാലാം പാദ വിൽപന 19 ശതമാനം വർധിച്ചത് ഓഹരിയെ ആറു ശതമാനം ഉയർത്തി. ട്രംപ് നയങ്ങൾ കമ്പനിക്കു നേട്ടമാകുമെന്ന് ചെയർമാൻ അവകാശപ്പെട്ടത് സീമെൻസ് എനർജിയെ ഏഴു ശതമാനം കയറ്റി. ജർമൻ ഓഹരി സൂചിക ഡാക്സ് റെക്കോർഡ് ഉയരത്തിലായി.
യുഎസ് വിപണി ഇന്നലെയും ട്രംപ് ആവേശം നിലനിർത്തി. ട്രംപിൻ്റെ ചുങ്കം ചുമത്തൽ പ്രഖ്യാപനങ്ങൾ നടപ്പിൽ വരാൻ സമയമെടുക്കും എന്നു വിപണി കരുതുന്നു. നിർമിതബുദ്ധി മേഖലയിൽ 50,000 കോടി ഡോളറിൻ്റെ സ്വകാര്യമേഖലാ നിക്ഷേപം താൻ ഏർപ്പാടു ചെയ്തെന്നും ഒരു ലക്ഷം പേർക്കു തൊഴിൽ ഉണ്ടാകുമെന്നും ട്രാപ് അവകാശപ്പെട്ടു. ഓറക്കിൾ 6.75 ഉം എൻവിഡിയ 4.43 ഉം ശതമാനം ഉയർന്നു.
വരുമാനവും വരിക്കാരും കൂടിയത് നെറ്റ്ഫ്ലിക്സ് ഓഹരിയെ ഒൻപതു ശതമാനം കയറ്റി.
ഇന്നലെ ഡൗ ജോൺസ് സൂചിക 130.92 പോയിൻ്റ് (0.30%) ഉയർന്ന് 44,156.73 ലും എസ് ആൻഡ് പി 500 സൂചിക 37.13 പോയിൻ്റ് (0.61%) കയറി 6086.37 ലും നാസ്ഡാക് സൂചിക 252.56 പോയിൻ്റ് (1.28%) ഉയർന്ന് 20,009.34 ലും ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് നാമമാത്ര താഴ്ചയിലാണ്. ഡൗ ജോൺസ് 0.03 ഉം എസ് ആൻഡ് പി 0.08 ഉം നാസ്ഡാക് 0.19 ഉം ശതമാനം താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.611 ശതമാനം ആയി ഉയർന്നു.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ 0.40 ശതമാനം കയറി. ദക്ഷിണകൊറിയയിലും ഓസ്ട്രേലിയയിലും വിപണികൾ താഴ്ന്നു. ദക്ഷിണ കൊറിയയുടെ നാലാം പാദ ജിഡിപി ഒന്നര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ചയാണു കാണിച്ചത്. 1.2 ശതമാനമാണു വളർച്ച. തലേ പാദത്തിൽ 1.5 ശതമാനം വളർന്നിരുന്നു.
ഐടി സേവന കമ്പനികളുടെ കുതിപ്പിൻ്റെ ബലത്തിൽ ഇന്ത്യൻ വിപണി ഇന്നലെ ഉയർന്നു. എന്നാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒന്നര ശതമാനം ഇടിഞ്ഞു. റിയൽറ്റി മേഖല വലിയ തകർച്ചയിലുമായി.
എച്ച് വൺ ബി വീസകൾക്കു താൻ എതിരല്ലെന്ന ട്രംപിൻ്റെ പ്രസ്താവനയും നിർമിതബുദ്ധി മേഖലയിൽ 50,000 കോടി രൂപയുടെ സ്വകാര്യമേഖലാ നിക്ഷേപം ട്രംപ് പ്രഖ്യാപനവുമാണ് ഐടി മേഖലയെ സഹായിച്ചത്.
ബുധനാഴ്ച നിഫ്റ്റി 130.70 പോയിൻ്റ് (0.57%) ഉയർന്ന് 23,155.35 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 566.63 പോയിൻ്റ് (0.75%) നേട്ടത്തോടെ 76,404.99 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 153.50 പോയിൻ്റ് (0.32%) കയറി 48,724.40 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.34 ശതമാനം താഴ്ന്ന് 53,113.50 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 1.63 ശതമാനം ഇടിഞ്ഞ് 17,172.55 ൽ ക്ലോസ് ചെയ്തു.
ഐടി,ഫാർമ, ഹെൽത്ത് കെയർ, ധനകാര്യ മേഖലകൾ മാത്രമാണ് ഇന്നലെ ഉയർന്നത്. റിയൽറ്റി സൂചിക 4.56 ശതമാനം ഇടിഞ്ഞു.
വിദേശ നിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 4026.25 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 3640.22 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. വിദേശികൾ ഈ മാസം ഇതു വരെ 60,859.13 കോടിയുടെ ഓഹരികൾ വിറ്റിട്ടുണ്ട്.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 1048 ഓഹരികൾ ഉയർന്നപ്പോൾ 2906 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 780 എണ്ണം ഉയർന്നു, താഴ്ന്നത് 2052 എണ്ണം.
വിശാലവിപണിയിൽ മനോഭാവം ബെയറിഷ് ആയി തുടരുന്നു. നിഫ്റ്റി സൂചിക 23,200- 23,400 മേഖലയിലെ തടസം മറികടന്നാൽ 23,600- 23,900 ലേക്കു നീങ്ങാം. മറിച്ചു താഴ്ന്നാൽ 22,800- 22,600 മേഖലയിലേക്കു വീഴാം. നിഫ്റ്റിക്ക് ഇന്ന് 23,030 ലും 22,990 ലും ഹ്രസ്വകാല പിന്തുണ കിട്ടാം. 23,175 ഉം 23,220 ഉം തടസങ്ങൾ ആകാം.
അൾട്രാടെക് സിമൻ്റ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, എച്ച്പിസിഎൽ, ഇൻഡസ് ടവേഴ്സ്, യുനൈറ്റഡ് സ്പിരിറ്റ്സ്, അദാനി എനർജി, അദാനി ഗ്രീൻ എനർജി, സിയൻ്റ്, ഗ്രീവ്‌സ് കോട്ടൺ, മാൻകൈൻഡ് ഫാർമ, എംഫസിസ്, സ്പന്ദന സ്ഫൂർത്തി, സൂര്യോദയ് എസ്എഫ്ബി, ഉജ്ജീവൻ എസ്എഫ്ബി, സീ എൻ്റർപ്രൈസസ് തുടങ്ങിയവ ഇന്നു റിസൽട്ട് പ്രസിദ്ധീകരിക്കും.
ഹിന്ദുസ്ഥാൻ യൂണിലീവർ വിറ്റുവരവിൽ 1.4 ശതമാനം മാത്രം വളർച്ച. പ്യൂവർ ഇറ്റ് ഡിവിഷൻ വിറ്റു കിട്ടിയ വരുമാനം ഇല്ലായിരുന്നെങ്കിൽ ലാഭവർധന ഉണ്ടാകുമായിരുന്നില്ല. പ്രവർത്തനലാഭ വർധന 0.8 ശതമാനം മാത്രം. ലാഭമാർജി 0.10 ശതമാനം കുറഞ്ഞു. ക്വാളിറ്റി വാൾന്ധ് ഐസ് ക്രീം ബിസിനസ് വേർപെടുത്തി ലിസ്റ്റ് ചെയ്യും. കമ്പനി സ്കിൻ കെയർ ബ്രാൻഡ് ആയ മിനിമലിസ്റ്റ് സ്വന്തമാക്കി. അതിൻ്റെ ഉടമകളായ അപ് റൈസിംഗ് സയൻസിനെ 2955 രൂപയ്ക്കു വാങ്ങും. ഈ വർഷം 2670 കോടി രൂപ നൽകും.
എച്ച്ഡിഎഫ്സി ബാങ്ക് മൂന്നാം പാദത്തിൽ വാർഷികാടിസ്ഥാനത്തിൽ രണ്ടു ശതമാനം അറ്റാദായ വർധന കാണിച്ചപ്പോൾ തലേ പാദത്തിൽ നിന്ന് അര ശതമാനം കുറവായി. നിഷ്ക്രിയ ആസ്തി അൽപം കൂടി. ബാങ്കിലെ നിക്ഷേപം 16 ശതമാനം കൂടിയപ്പോൾ വായ്പകൾ ആറു ശതമാനം മാത്രം കൂടി. ബാങ്ക് വായ്പ - നിക്ഷേപ അനുപാതം കുറയ്ക്കാനായി ശ്രമിക്കുകയാണ്.
ബിപിസിഎൽ മൂന്നാം പാദത്തിൽ വരുമാനം 10.1 ശതമാനം കൂടിയപ്പോൾ അറ്റാദായം 93.9 ശതമാനം കുതിച്ചു. ലാഭമാർജിൻ 4.4 ൽ നിന്ന് 6.7 ശതമാനമായി. കംപ്രസ്ഡ് ബയോഗ്യാസ് പ്ലാൻ്റുകൾ സ്ഥാപിക്കാൻ പ്രാജ് ഇൻസ്ട്രീസുമായി ചേർന്നു സംയുക്ത കമ്പനി ഉണ്ടാക്കാൻ തീരുമാനിച്ചു.പെർസിസ്റ്റൻ്റ് സിസ്റ്റംസിനു വരുമാനം 5.7 ശതമാനം കൂടിയപ്പോൾ ലാഭം14.8 ശതമാനം ഉയർന്നു. പിഡിലൈറ്റിന് വരുമാനം 7.6 ശതമാനം കൂടിയപ്പോൾ അറ്റാദായം 9% ഉയർന്നു.
പരസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്നോളജീസ് നവിമുംബൈയിൽ ഓപ്റ്റിക്സ് പാർക്ക് പ്രോജക്റ്റിനു മഹാരാഷ്ട്ര ഗവണ്മെൻ്റുമായി ധാരണാപത്രം ഒപ്പിട്ടു. 10 വർഷം കൊണ്ട് 12,000 കോടി രൂപ നിക്ഷേപിക്കുന്നതാണു പദ്ധതി.
പിരമൾ ഫാർമ മനോരോഗ ചികിത്സയ്ക്കുളള ക്ലോർപ്രോമാസിൻ ഇൻജക്ഷൻ അമേരിക്കയിൽ വിൽപന തുടങ്ങി.
ഡോളർ സൂചിക ഇന്നലെ ഉയർന്നെങ്കിലും സ്വർണം കയറ്റം തുടർന്നു. ട്രംപ് ഭരണത്തിലെ അനിശ്ചിതത്വങ്ങൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനു ഡിമാൻഡ് കൂട്ടുന്നതായി വിപണി പറയുന്നു. ബുധനാഴ്ച സ്വർണം ഔൺസിന് 11.40 ഡോളർ ഉയർന്ന് 2756.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 2754 ഡോളറിലേക്കു താഴ്ന്നു. ഫെബ്രുവരി അവധിവില 2770.90 ഡോളറിലാണ്.
കേരളത്തിൽ ബുധനാഴ്ച സ്വർണവില കുതിച്ചു കയറി. പവന് 600 രൂപ ഉയർന്ന് 60,200 രൂപ എന്ന റെക്കോർഡ് കുറിച്ചു. ഇന്നും വില കൂടാം.
വെള്ളിവില ഔൺസിന് 30.76 ഡോളറിലേക്ക് താഴ്ന്നു.
ഡോളർ സൂചിക ഇന്നലെ 107.75 വരെ താഴ്ന്നിട്ട് തിരിച്ചു കയറി. സൂചിക 108.17 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 108.24 വരെ കയറി.
രൂപ ബുധനാഴ്ച നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. ഡോളർ 26 പൈസ കുറഞ്ഞ് 86.32 രൂപയിൽ അവസാനിച്ചു. ഡോളർ സൂചിക 107.75 ൽ നിന്നപ്പോഴായിരുന്നു ക്ലോസിംഗ്. സൂചിക തിരികെ 108 നു മുകളിൽ ആയതിനാൽ രൂപ ഇന്നു ദുർബലമാകാം.
ക്രൂഡ് ഓയിൽ വില താഴ്ച തുടരുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 79 ഡോളറിനു താഴെ വ്യാപാരം നടന്നിട്ട് 79.02 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 78.78 ഡോളർ വരെ താണു.ഡബ്ല്യുടിഐ ഇനം 75.26 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 82.30 ഡോളറിലും നിൽക്കുന്നു.
ക്രിപ്റ്റോ കറൻസികൾ ഇന്നലെയും ചാഞ്ചാടി. ബിറ്റ് കോയിൻ 1,06,000 ഡോളറിൽ നിന്ന് 1,04,000 നു താഴെ എത്തി. ഈഥർ വില 3230 ഡോളറിനടുത്താണ്.
ലെഡ് ഒഴികെ എല്ലാ വ്യാവസായിക ലോഹങ്ങളും ബുധനാഴ്ച താഴ്ന്നു. ചെമ്പ് 0.69 ശതമാനം ഇടിഞ്ഞ് ടണ്ണിന് 9105.45 ഡോളറിലെത്തി. അലൂമിനിയം 0.78 ശതമാനം താഴ്ന്ന് 2625.37 ഡോളർ ആയി. സിങ്ക് 1.22 ഉം ടിൻ 0.08 ഉം നിക്കൽ 1.65 ഉം ശതമാനം താഴ്ന്നു. ലെഡ് 0.37 ശതമാനം ഉയർന്നു.
(2024 ജനുവരി 22, ബുധൻ)
സെൻസെക്സ് 30 76,404.99 +0.75%
നിഫ്റ്റി50 23,155.35 +0.57%
ബാങ്ക് നിഫ്റ്റി 48,724.40 +0.32%
മിഡ് ക്യാപ് 100 53,113.50 -1.34%
സ്മോൾ ക്യാപ് 100 17,172.55 -1.63%
ഡൗ ജോൺസ് 44,156.73 +0.30%
എസ് ആൻഡ് പി 6086.37 +0.61%
നാസ്ഡാക് 20,009.34 +1.28%
ഡോളർ($) ₹86.32 -₹0.26
ഡോളർ സൂചിക 108.17 +0.12
സ്വർണം (ഔൺസ്) $2756.90 +$11.40
സ്വർണം(പവൻ) ₹60,200 +₹600.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $79.02 -$00.36
Read DhanamOnline in English
Subscribe to Dhanam Magazine