Image courtesy: Canva
Markets

വിപണികള്‍ നഷ്ടയാത്രയില്‍, പലിശ നിരക്കുകള്‍ ഇനിയും കൂടും, ഇറാനെ വീണ്ടും ആക്രമിക്കുമെന്നു ഭീഷണി; ക്രൂഡ് ഓയില്‍ ഉയരത്തില്‍

ഇന്നലെ 100 ഡോളറിനു സമീപം വന്ന ക്രൂഡ് ഓയില്‍ വില വീണ്ടും കയറി 101 ഡോളറിനു മുകളില്‍ എത്തി

T C Mathew

പലിശ ഇനിയും ഉയര്‍ത്തുമെന്ന സൂചനയും ഇറാനെതിരേ ഈ മാസം ആക്രമണം പുനരാരംഭിക്കും എന്ന യുഎസ് ഭീഷണിയും വിപണികളെ താഴ്ത്തുകയാണ്. ഇന്നലെ വലിയ താഴ്ചയില്‍ നിന്നു കയറിയെങ്കിലും യുഎസ് വിപണികള്‍ നഷ്ടത്തിലായി. ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ താഴ്ന്നു. ഇന്നലെ താഴ്ന്ന ഇന്ത്യന്‍ വിപണി ഇന്നും താഴ്ന്ന തുടക്കമാണു പ്രതീക്ഷിക്കുന്നത്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 22,557.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,535 വരെ ഇടിഞ്ഞ ശേഷം കയറി. ഇന്ത്യന്‍ വിപണി ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

നിരക്കു കൂട്ടി, ഇനിയും കൂട്ടും

പ്രതീക്ഷിച്ചതു പോലെ റിസര്‍വ് ബാങ്ക് ഇന്നലെ റീപോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ചു. റീപോ നിരക്ക് 5.25 ല്‍ നിന്ന് 5.50 ശതമാനമായി ഉയര്‍ത്തി. മറ്റ് അനുബന്ധ നിരക്കുകളും ഉയര്‍ത്തി. 44 മാസത്തിനു ശേഷമാണു നിരക്കു വര്‍ധന.

വരുന്ന പണനയ കമ്മിറ്റി യോഗങ്ങളിലും നിരക്കു വര്‍ധന പ്രതീക്ഷിക്കാം എന്നു ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര സൂചിപ്പിച്ചു. ഈ ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ച പ്രതീക്ഷ 6.7ല്‍ നിന്ന് 7.1 ശതമാനമായി ഉയര്‍ത്തി. രണ്ടാം പാദത്തില്‍ 6.4 -ല്‍ നിന്ന് 7.2ഉം മൂന്നാം പാദത്തില്‍ 6.5ല്‍ നിന്ന് 6.9ഉം നാലാം പാദത്തില്‍ മാറ്റമില്ലാതെ 6.8 ഉം ശതമാനമാണു പ്രതീക്ഷിക്കുന്ന വളര്‍ച്ച.

വാര്‍ഷിക ചില്ലറവിലക്കയറ്റ പ്രതീക്ഷ അഞ്ചില്‍ നിന്ന് 5.2 ശതമാനമായി കൂട്ടി. രണ്ടാം പാദത്തില്‍ 4.7ല്‍ നിന്ന് 4.9 ഉം മൂന്നാം പാദത്തില്‍ 5.9ല്‍ നിന്ന് 6.0 ഉം നാലാം പാദത്തില്‍ 5.5ല്‍ നിന്ന 5.7 ഉം ശതമാനമാണു പ്രതീക്ഷിക്കുന്ന ചില്ലറവിലക്കയറ്റം.

പുതിയ വാഹന, വ്യക്തിഗത വായ്കള്‍ക്കു പലിശ ചെറിയ തോതില്‍ കൂടാന്‍ ഈ തീരുമാനം വഴിതെളിക്കും. ഭവന വായ്പകളില്‍ ഇഎംഐ തുക കൂട്ടുകയോ കാലാവധി കൂട്ടുകയോ ചെയ്യേണ്ടി വരും. പുതിയ സ്ഥിര നിക്ഷേപങ്ങള്‍ക്കു കൂടുതല്‍ പലിശ കിട്ടും.

ഏകകണ്ഠമായാണ് പണനയ കമ്മിറ്റി കാല്‍ ശതമാനം വര്‍ധിപ്പിച്ചത്. പണനയ സമീപനം ന്യൂട്രലില്‍ നിന്നു ഘട്ടംഘട്ടമായുള്ള കാര്‍ക്കശ്യത്തിലേക്കു മാറ്റി. ഇതിനര്‍ഥം വരുന്ന യോഗങ്ങളിലും നിരക്കു വര്‍ധന ഉണ്ടാകും എന്നാണ്.

ബാങ്കുകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന ഏകദിന വായ്പയുടെ പലിശയാണു റീപോ നിരക്ക്. ഇതു ക്രമീകരിച്ചു രാജ്യത്തെ മൊത്തം പലിശ നിരക്കുകള്‍ നിയന്ത്രിക്കാം.

വീണ്ടും ആക്രമണ മുന്നറിയിപ്പ്

പശ്ചിമേഷ്യ, യെമന്‍, യുക്രെയ്ന്‍ എന്നിവിടങ്ങളിലെ യുദ്ധസാഹചര്യം മാറ്റമില്ലാതെ തുടരുന്നു. യുഎസ്-ഇറാന്‍ പരോക്ഷ ചര്‍ച്ചകള്‍ ഖത്തര്‍ വഴി നടക്കുന്നുണ്ട്. എങ്കിലും നവംബറിനു മുന്‍പ് ഇറാനെതിരെ മറ്റൊരു ആക്രമണ പരമ്പരയ്ക്ക് ഒരുങ്ങാന്‍ പശ്ചിമേഷ്യയിലെ യുഎസ് സേനാ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട് വന്നു.

ക്രൂഡ് ഓയില്‍ നീക്കം യുദ്ധത്തിനു മുന്‍പുള്ള തോതില്‍ ആയെങ്കിലും വില 100 ഡോളറിനു താഴെ വരാന്‍ മടിക്കുന്നു. ഇറാന്റെ ആക്രമണങ്ങള്‍ തുടരുന്നതു മൂലം എണ്ണടാങ്കറുകളുടെ വാടക കൂടിയതും ചൈന ക്രൂഡ് വാങ്ങല്‍ വര്‍ധിപ്പിച്ചതുമാണു കാരണം. ടാങ്കര്‍ ക്യാപ്റ്റന്മാര്‍ക്കു മാസശമ്പളം ഒരു ലക്ഷം ഡോളറും ഒരു ട്രിപ്പിനുള്ള ബോണസ് 50,000 ഡോളറും വരെയായി.

റഷ്യയിലെ പകുതിയിലധികം റിഫൈനറികള്‍ പ്രവര്‍ത്തന രഹിതമായത് ഡീസലിനും മറ്റും ക്ഷാമം വരുത്തി. ഇറാനിലും സൗദിയിലും ഗള്‍ഫിലും റിഫൈനറികള്‍ കുറഞ്ഞ ശേഷിയിലാണു പ്രവര്‍ത്തിക്കുന്നത്. ഇതു ലോകമെങ്ങും ഡീസലിനും പെട്രോളിനും വില കൂട്ടി.

നഷ്ടം കുറച്ചു യുഎസ് വിപണി

യുഎസ് വിപണികള്‍ ഇന്നലെ വലിയ താഴ്ചയില്‍ നിന്നു ഗണ്യമായി തിരിച്ചുകയറി. 600ലേറെ പോയിന്റ് ഇടിഞ്ഞ ഡൗ ജോണ്‍സ് 350 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മറ്റു സൂചികകളും സമാന ഗതിയിലായിരുന്നു. പലിശനിരക്കു കൂടുമെന്ന ഭീതി ബാങ്ക് ഓഹരികളെ താഴ്ത്തി. 10 വര്‍ഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം 5.35 ശതമാനം വരെ ഉയര്‍ന്നു. എന്നാല്‍ ട്രഷറി ഇന്നലെ ഇറക്കിയ 3900 കോടി ഡോളറിന്റെ കടപ്പത്രങ്ങള്‍ക്കു നല്ല ഡിമാന്‍ഡ് വന്നതു നിരക്കു താഴ്ത്തി. 2000 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 5.3 ശതമാനം പലിശയിലാണു കടപ്പത്രങ്ങള്‍ വിറ്റത്.

പ്രതീക്ഷയിലും മികച്ച ലാഭം കഴിഞ്ഞ പാദത്തില്‍ ഉണ്ടാക്കിയ ലീവൈ സ്ട്രൗസ് ഭാവിപ്രതീക്ഷ കുറച്ചതിനെ തുടര്‍ന്ന് ഓഹരി താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന സപേസ് എക്‌സ് ഇന്നലെ താഴ്ന്നു.

ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 341.41 പോയിന്റ് (0.66 ശതമാനം) താഴ്ന്ന് 51,179.87ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 17.16 പോയിന്റ് (0.22%) നഷ്ടത്തോടെ 7801.77ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 61.20 പോയിന്റ് (0.22%) കുറഞ്ഞ് 27,538.69ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് ചാഞ്ചാടുന്നു

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്നദിശകളിലാണ്. ഡൗ ജോണ്‍സ് 32 പോയിന്റ് (0.06%) താഴ്ന്നു. എസ്ആന്‍ഡ്പി 2 പോയിന്റും (0.02%) നാസ്ഡാക് 36 പോയിന്റും (0.11%) ഉയര്‍ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ബുധനാഴ്ച വ്യാപാരസമയത്ത് 1.25 ശതമാനം താഴ്ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.27 ശതമാനം കയറി 22.20 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.57% താഴ്ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 27.86. ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് മാറ്റമില്ലാതെ തുടര്‍വ്യാപാരത്തില്‍ 0.19% താഴ്ന്നു 10.53 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 0.60% താഴ്ന്നിട്ട് തുടര്‍ വ്യാപാരത്തില്‍ 0.24% കൂടി താഴ്ന്ന് 1.666 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് ഇടിഞ്ഞു

യൂറോപ്യന്‍ ഓഹരിവിപണികള്‍ ഇന്നലെ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. കടപ്പത്രവിലയിടിവാണു പ്രധാന ആശങ്കാവിഷയം.

ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക ഒരു ശതമാനം നഷ്ടത്തിലായി. ദക്ഷിണ കൊറിയന്‍ കോസ്പി 0.40 ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 0.70 ശകമാനം നഷ്ടത്തിലായി. തായ്വാന്‍ സൂചിക 0.75 ശതമാനം നഷ്ടത്തിലാണ്. ഹോങ് കോങ്ങിലെ ഹാങ് സെങ് 0.40 ശതമാനവും ഷാങ്ഹായ് സൂചിക 0.10 ശതമാനവും താഴ്ന്നു.

ഇന്ത്യന്‍ വിപണി വീണ്ടും താഴോട്ട്

പ്രതീക്ഷ പോലെ വന്ന പണനയം വിപണിയെ ഇന്നലെ താഴോട്ടു നയിച്ചു. ക്രമമായി നിരക്കു വര്‍ധിപ്പിക്കുന്ന കാലത്തേക്കു റിസര്‍വ് ബാങ്ക് പ്രവേശിക്കുകയാണെന്ന ഗവര്‍ണറുടെ പ്രസ്താവനയെ വിപണി ഗൗരവമായി എടുത്തു. അടുത്ത പണനയ കമ്മിറ്റി യോഗങ്ങളിലും റീപോ നിരക്കു കൂട്ടുമെന്നാണു വിലയിരുത്തല്‍. പൊതുമേഖലാ ബാങ്കുകളും മീഡിയയും ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലായി. മെറ്റല്‍, ഓട്ടോ, ഐടി, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, പ്രതിരോധ മേഖലകള്‍ ഇടിഞ്ഞു.

ബുധനാഴ്ച ഭൂരിപക്ഷം ഓഹരികള്‍ നഷ്ടത്തിലായി. ബിഎസ്ഇയില്‍ 1936 ഓഹരികള്‍ ഉയര്‍ന്നു, 2459 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 1540 ഓഹരികള്‍ കയറിയപ്പോള്‍ 2033 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകര്‍ വില്‍പന വലിയ തോതില്‍ തുടര്‍ന്നു. അവര്‍ ക്യാഷ് വിപണിയില്‍ 6121.37 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4596.57 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.

ബുധനാഴ്ച സെന്‍സെക്സ് 429.11 പോയിന്റ് (0.59%) താഴ്ന്ന് 72,638.70 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 173.05 പോയിന്റ് (0.76%) നഷ്ടത്തോടെ 22,603.05ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 72.85 പോയിന്റ് (0.13%) കുറഞ്ഞ് 55,055.55ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 378.60 പോയിന്റ് (0.63%) താഴ്ന്ന് 59,382.60ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 58.25 പോയിന്റ് (0.30%) കയറി 19,506.95ല്‍ ക്ലോസ് ചെയ്തു.

സ്വര്‍ണം ഇടിഞ്ഞു

സ്വര്‍ണവില ബുധനാഴ്ച 53.40 ഡോളര്‍ (1.28 ശതമാനം) നഷ്ടത്തോടെ ഔണ്‍സിന് 4111.90 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ 0.55 ശതമാനം കയറി 4135 ഡോളറില്‍ എത്തി. ഡിസംബറില്‍ വീണ്ടും പലിശ കൂട്ടുമെന്ന സൂചന ഫെഡ് മിനിറ്റ്‌സില്‍ കണ്ടതിനെ തുടര്‍ന്ന് ഇന്നലെ 4065 വരെ സ്വര്‍ണം ഇടിഞ്ഞിരുന്നു. പിന്നീടു തിരിച്ചു കയറി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ഇന്നലെ 480 രൂപ കുറഞ്ഞ് 1,09,680 രൂപ ആയി.

വെള്ളിവില ഔണ്‍സിന് 59.92 ഡോളറിലേക്കു താഴ്ന്നിട്ട് ഇന്നു രാവിലെ 60.21 ഡോളറിലേക്കു കയറി.

പ്ലാറ്റിനം 1632 ഡോളര്‍, പല്ലാഡിയം 1111 ഡോളര്‍, റോഡിയം 8250 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

റബര്‍ കയറ്റം തുടരുന്നു

രാജ്യാന്തര വിപണിയില്‍ റബര്‍ വില വീണ്ടും കയറി. കേരളത്തിലും വില ഉയര്‍ന്നു. ബുധനാഴ്ച ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 291.35 ഡോളറിലും ആര്‍എസ്എസ് മൂന്ന് 288.10 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 28,150 രൂപയിലേക്കു കയറി.

ലോഹങ്ങള്‍ ഭിന്നദിശകളില്‍

വ്യാവസായിക ലോഹങ്ങള്‍ ഭിന്നദിശകളിലായി. ചെമ്പ് 0.04 ശതമാനം കയറി ടണ്ണിന് 14,508.85 ഡോളര്‍ ആയി. അലൂമിനിയം 1.08 ശതമാനം താഴ്ന്ന് 3113.00 ഡോളറില്‍ എത്തി. ലെഡും നിക്കലും ഉയര്‍ന്നു. സിങ്കും ടിന്നും താഴ്ന്നു.

കൊക്കോ വീണ്ടും താഴ്ന്നു

കൊക്കോ വില 2.07 ശതമാനം താഴ്ന്നു ടണ്ണിന് 5582 ഡോളറില്‍ ക്ലോസ് ചെയ്തു. അറബിക്ക കാപ്പി പൗണ്ടിന് 3.86 ശതമാനം താഴ്ന്നു 2.927 ഡോളര്‍ ആയി. പാം ഓയില്‍ 0.74 ശതമാനം താഴ്ന്നു ടണ്ണിന് 4524 മലേഷ്യന്‍ റിംഗിറ്റ് ആയി.

ഡോളര്‍ സൂചിക 102 നു മുകളില്‍

പലിശ ഇനിയും കൂട്ടുമെന്ന മിനിറ്റ്‌സിലെ സൂചനയില്‍ യുഎസ് ഡോളര്‍ സൂചിക ഇന്നലെ കുതിച്ച് 102.24ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.28 ലേക്കു കയറി.

യൂറോ 1.1198 ഡോളറിലേക്കും പൗണ്ട് 1.3206 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 151.81 യെന്‍ വരെ ഉയര്‍ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.70 എന്ന നിരക്കില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 5.299 ശതമാനമായി താഴ്ന്നു.

രൂപ വീണ്ടും ഇടിവില്‍

രൂപ വീണ്ടും ദുര്‍ബലമായി. ഡോളര്‍ 35 പൈസ കയറി 96.77 രൂപയില്‍ ക്ലോസ് ചെയ്തു. ഇന്നലെ വ്യാപാരത്തിനിടെ 96.85 രൂപവരെ ഡോളര്‍ കയറിയിരുന്നു.

രൂപ വേണ്ടതിലും താഴ്ന്ന നിലയിലാണു നില്‍ക്കുന്നതെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇന്നലെ പറഞ്ഞ ശേഷമാണു ഡോളര്‍ 96.85 ലേക്കു കയറിയത്. ഇന്നു രാവിലെ വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ 96.84 രൂപ വരെ കയറി. പിന്നീടു 96.81 രൂപയായി. ചൈനീസ് യുവാന്‍ 14.43 രൂപയിലേക്കു കയറി. യൂറോ 108.40 രൂപയായി താഴ്ന്നു.

ക്രൂഡ് ഓയില്‍ കയറുന്നു

ഇന്നലെ 100 ഡോളറിനു സമീപം വന്ന ക്രൂഡ് ഓയില്‍ വില വീണ്ടും കയറി 101 ഡോളറിനു മുകളില്‍ എത്തി. ബ്രെന്റ് ഇനം ഇന്നു രാവിലെ ഒന്നര ശതമാനം ഉയര്‍ന്ന് 101.73 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 89 38 ഡോളറിലാണ്.

ക്രിപ്‌റ്റോകള്‍ ഇടിയുന്നു

ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നു വീണ്ടും നഷ്ടത്തിലായി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 83,300 ഡോളറിനു താഴെ വന്നു. ഈഥര്‍ 2585 ഡോളറിനും സൊലാന 117 ഡോളറിനും താഴെ ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT