image credit : canva 
Markets

പശ്ചിമേഷ്യന്‍ സാഹചര്യം വഷളായി, ചര്‍ച്ച അനിശ്ചിതത്വത്തില്‍, വെടിനിര്‍ത്തല്‍ നീട്ടി, ക്രൂഡ് ഓയില്‍ താഴുന്നു; എഷ്യന്‍ വിപണികള്‍ താഴ്ന്നു

യുദ്ധഗതി സംബന്ധിച്ച ആശങ്കയില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ ചാഞ്ചാടി.

T C Mathew

പശ്ചിമേഷ്യന്‍ സാഹചര്യം കൂടുതല്‍ വഷളായി. ഇറാന്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കും വരെ ചര്‍ച്ച നീട്ടിയെന്ന് യുഎസ് അറിയിച്ചു. പക്ഷേ ചര്‍ച്ചയുടെ സാധ്യത കുറവാണ്. എന്നാല്‍ യുഎസ് ഫ്യൂച്ചേഴ്‌സ് ഉയര്‍ന്നു നീങ്ങുന്നതും ക്രൂഡ് ഓയില്‍ താഴുന്നതും വിപണിക്കു പ്രതീക്ഷ നല്‍കുന്നു. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,369.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,462 വരെ കയറി. നിഫ്റ്റി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ഇറാന്റെ നിര്‍ദേശം കാത്ത് ചര്‍ച്ച നീട്ടി

ഇറാന്‍ സംഘം ചര്‍ച്ചയ്ക്കു വരാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് യുഎസ്-ഇറാന്‍ ചര്‍ച്ച നീട്ടിവച്ചു. വെടിനിര്‍ത്താല്‍ നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അറിയിച്ചു. ഇറാനിലെ മിതവാദികളും തീവ്രവാദികളും തമ്മില്‍ കരാറിനെപ്പറ്റി തര്‍ക്കം നിലനില്‍ക്കുകയാണ്. ഇരുപക്ഷവും ധാരണയില്‍ എത്തി കരാറിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും വരെയാണു വെടിനിര്‍ത്തല്‍ എന്നാണു ട്രംപ് പറഞ്ഞത്.

സ്വീകാര്യമായ നിര്‍ദേശം കിട്ടിയില്ലെങ്കില്‍ ഇറാനെ നശിപ്പിക്കും എന്ന ഭീഷണി അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. ഇസ്ലാമാബാദില്‍ നടന്ന ആദ്യവട്ട ചര്‍ച്ചയില്‍ ഇറാന്‍ സംഘം അംഗീകരിക്കാന്‍ തയാറായ വ്യവസ്ഥകളെ വിപ്ലവ ഗാര്‍ഡ് സേന (ഐആര്‍ജിസി) അടക്കം തീവ്രവിഭാഗം അനുകൂലിച്ചിരുന്നില്ല. ഇറാനു പൊതു നിര്‍ദേശം തയാറാക്കാന്‍ സമയം അനുവദിക്കണം എന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെയും പാക് സേനാ മേധാവി മുനീറിന്റെയും അഭ്യര്‍ഥന മാനിച്ചാണു വെടിനിര്‍ത്തല്‍ നീട്ടിയതെന്നും ട്രംപ് അറിയിച്ചു.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, പരമോന്നത നേതാവ് മുജ്താബ ഖമനയിയുമായി ബന്ധപ്പെടുന്നതിനെ ഐആര്‍ജിസി വിലക്കിയതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഖാലിബാഫും വിദേശകാര്യമന്ത്രി അബാസ് അരാഖ്ചിയും ഐആര്‍ജിസിക്ക് അനഭിമതരാണ്. അഹമ്മദ് വാഹിദ് നയിക്കുന്ന ഐആര്‍ജിസി ഇറാനില്‍ അട്ടിമറി നടത്തുമോ എന്നും ആശങ്ക ഉണ്ട്. അങ്ങനെ സംഭവിച്ചാല്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ല.

യുഎസ് വിപണി താഴ്ന്നു

യുഎസ്-ഇറാന്‍ ചര്‍ച്ച നടക്കില്ല എന്നായത് ഇന്നലെ യുഎസ് വിപണികളെ ഇടിവിലാക്കി. ഡൗ ജോണ്‍സ് സൂചിക ചൊവ്വാഴ്ച 293.18 പോയിന്റ് (0.59%) താഴ്ന്ന് 49,149.38ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ്പി 45.13 പോയിന്റ് (0.63%) നഷ്ടത്തോടെ 7064.01ല്‍ അവസാനിച്ചു. നാസ്ഡാക് 144.43 പോയിന്റ് (0.59%) ഇടിവോടെ 24,259.96 ല്‍ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നേട്ടത്തിലാണ്. ഡൗ ജോണ്‍സ് 246 പോയിന്റും (0.50%) എസ്ആന്‍ഡ്പി 41 പോയിന്റും (0.57%) നാസ്ഡാക് 191 പോയിന്റും (0.72%) ഉയര്‍ന്നു നീങ്ങുന്നു.

ഇന്ത്യന്‍ എഡിആറുകള്‍ ഉയര്‍ന്നു

ന്യൂയോര്‍ക്കില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍ ചൊവ്വാഴ്ച 0.49 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 1.36 ശതമാനം കുതിച്ച് 26.81 ഡോളറില്‍ എത്തി. ഐസിഐസിഐ ബാങ്ക് എഡിആര്‍ നിശ്ചിത സമയത്ത് 0.28 ശതമാനം താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 1.64 ശതമാനം ഉയര്‍ന്ന് 29.14 ഡോളറിലേക്കു കയറി.

ഇന്‍ഫോസിസ് എഡിആര്‍ 0.99 ശതമാനം താഴ്ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 1.14 ശതമാനം കയറി 14.23 ഡോളറില്‍ എത്തി. വിപ്രോ 0.47 ശതമാനം ഇടിഞ്ഞ ശേഷം തുടര്‍ വ്യാപാരത്തില്‍ 1.41 ശതമാനം ഉയര്‍ന്ന് 2.16 ഡോളര്‍ ആയി.

യൂറോപ്പ്, ഏഷ്യ

യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ചയും ഒരു ശതമാനത്തോളം താഴ്ന്നു. ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ താഴ്ന്ന് വ്യാപാരം തുടങ്ങിയിട്ടു നേട്ടത്തിലേക്കു മാറി. ജപ്പാനിലെ നിക്കൈ 0.50 താഴ്ന്നിട്ട് 0.30 ശതമാനം കയറ്റത്തിലായി. ചൊവ്വാഴ്ച റെക്കോര്‍ഡ് കുറിച്ച ദക്ഷിണ കൊറിയയിലെ കോസ്പി രാവിലെ 0.30 ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ സൂചിക ഒരു ശതമാനം താഴ്ന്നു. ചൈനീസ് വിപണി 0.10 ശതമാനം താഴ്ന്നു. ഹോങ് കോങ് വിപണി 1.05 ശതമാനം താഴ്ചയിലാണ്

പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണി

പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ വിപണി ചൊവ്വാഴ്ച മികച്ച മുന്നേറ്റം നടത്തി. റിയല്‍റ്റി, എഫ്എംസിജി, ബാങ്ക്, ധനകാര്യ മേഖലകളുടെ വലിയ കുതിപ്പാണു സൂചികകളെ ഉയര്‍ത്തിയത്. നല്ല റിസല്‍ട്ട് പ്രതീക്ഷിച്ച് നെസ്ലെ ഓഹരി 8.43 ശതമാനം കുതിച്ചുയര്‍ന്നു. മികച്ച വില്‍പന പ്രതീക്ഷയില്‍ ഹിന്ദുസ്ഥാന്‍ യൂണിലീവറും ട്രെന്റും വരുണ്‍ ബിവറേജസും യുനൈറ്റഡ് സ്പിരിറ്റ്‌സും നാലു ശതമാനത്തിലധികം കയറി.

വിദേശ നിക്ഷേപകര്‍ ചൊവ്വാഴ്ചയും വില്‍പനക്കാരായി. സ്വദേശി ഫണ്ടുകള്‍ വാങ്ങല്‍ തുടര്‍ന്നു. ക്യാഷ് വിപണിയില്‍ വിദേശികള്‍ 1918.99 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശികള്‍ 2221.27 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി.

സെന്‍സെക്സ് ചൊവ്വാഴ്ച 753.03 പോയിന്റ് (0.96%) ഉയര്‍ന്ന് 79,273.33ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 211.25 പോയിന്റ് (0.87%) കയറി 24,576.60ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 789.10 പോയിന്റ് (1.39%) നേട്ടത്തോടെ 57,371.45ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 295.95 പോയിന്റ് (0.49%) നേട്ടത്തോടെ 60,086.70ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 154.00 പോയിന്റ് (0.88%) ഉയര്‍ന്ന് 17,641.50ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ ഭൂരിപക്ഷം ഓഹരികള്‍ കയറ്റത്തിലായി. ബിഎസ്ഇയില്‍ 2487 ഓഹരികള്‍ കയറിയപ്പോള്‍ 1801 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 2083 എണ്ണം ഉയര്‍ന്നപ്പോള്‍ 1235 എണ്ണം ഇടിഞ്ഞു.

കമ്പനികള്‍, വാര്‍ത്തകള്‍

എച്ച്‌സിഎല്‍ ടെക്‌നോളജീസ് നാലാം പാദത്തില്‍ വരുമാനം ഡോളറില്‍ 5.3 ശതമാനം വര്‍ധിപ്പിച്ചു. ലാഭമാര്‍ജിന്‍ 18.3ല്‍ നിന്ന് 17.2 ശതമാനമായി കുറഞ്ഞു. അറ്റാദായം 4.2 ശതമാനം വര്‍ധിച്ചു. കമ്പനി നേരത്തേ സൂചിപ്പിച്ചതിലും മോശമായി റിസല്‍ട്ട്.

പെര്‍സിസ്റ്റന്റ് സിസ്റ്റംസിന്റെ നാലാം പാദ വരുമാനം 25 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായം 33.7 ശതമാനം കുതിച്ചു. വിപണി പ്രതീക്ഷിച്ചതിലും മോശമായി റിസല്‍ട്ട്.

വ്യാഴാഴ്ച ചേരുന്ന ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് സിഇഒ സലില്‍ പരേഖിന്റെ പിന്‍ഗാമിയെ കണ്ടെത്തുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 61 വയസുള്ള പരേഖിന്റെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ചില്‍ തീരും. രണ്ടു വര്‍ഷത്തേക്കു കാലാവധി നീട്ടിയേക്കും എന്നും റിപ്പോര്‍ട്ട് ഉണ്ട്. 2017 ലാണു പരേഖ് സിഇഒ ആയത്.

ഇന്നു ചേരുന്ന ട്രെന്റ് ഡയറക്ടര്‍ ബോര്‍ഡ് ബോണസ് ഓഹരികള്‍ നല്‍കുന്ന കാര്യം തീരുമാനിക്കും. അരബിന്ദോ ഫാര്‍മ ഓഹരി ഒന്നിന് 1475 രൂപ വച്ച് ഓഹരികള്‍ നാളെ മുതല്‍ തിരിച്ചു വാങ്ങും. 800 കോടി രൂപയാണ് ഇതിനു നീക്കി വച്ചിരിക്കുന്നത്.

സ്വര്‍ണം ഇടിഞ്ഞിട്ടു കയറുന്നു

പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ച ഇല്ലെന്നു വന്ന ശേഷം വെടി നിര്‍ത്തല്‍ തുടരാന്‍ തീരുമാനിച്ചതു സ്വര്‍ണ വിപണിയെ ചാഞ്ചാട്ടത്തിലാക്കി. ചര്‍ച്ച നടക്കില്ലെന്ന് ആയതോടെ സ്വര്‍ണം ഔണ്‍സിനു 162 ഡോളര്‍ (നാലു ശതമാനം) ഇടിഞ്ഞു 4668 ഡോളറില്‍ എത്തി. പിന്നീടു വെടിനിര്‍ത്തല്‍ നീട്ടി എന്ന പ്രഖ്യാപനം വന്നപ്പോള്‍ 50 ലേറെ ഡോളര്‍ തിരിച്ചു കയറി ഔണ്‍സിന് 4721.10ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വര്‍ണം വീണ്ടും കയറി 4753 ഡോളര്‍ വരെ എത്തി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന്‍വില ചൊവ്വാഴ്ച വിലമാറ്റം ഇല്ലാതെ 1,13,880 രൂപയില്‍ തുടര്‍ന്നു. വെള്ളി വില ഔണ്‍സിന് 76.95 ഡോളറില്‍ ക്ലോസ് ചെയ്തിട്ട് ഇന്നു രാവിലെ 77.86 ഡോളറിലേക്ക് കയറി. പ്ലാറ്റിനം 2045 ഡോളര്‍, പല്ലാഡിയം 1536 ഡോളര്‍, റോഡിയം 9800 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ലോഹങ്ങള്‍ ഉയര്‍ന്നു

യുദ്ധം സംബന്ധിച്ചു വളര്‍ന്ന ശുഭപ്രതീക്ഷയില്‍ വ്യാവസായിക ലോഹങ്ങള്‍ ഉയര്‍ന്നു. ചെമ്പ് 0.28 ശതമാനം കയറി ടണ്ണിന് 13,200.25 ഡോളറില്‍ എത്തി. അലൂമിനിയം 0.11 ശതമാനം കൂടി ടണ്ണിന് 3545.98 ഡോളറില്‍ ക്ലോസ് ചെയ്തു. നിക്കല്‍, ലെഡ്, സിങ്ക്, ടിന്‍ എന്നിവ ഉയര്‍ന്നു.

റബര്‍ ഉയര്‍ന്നു

രാജ്യാന്തര വിപണിയില്‍ ചൊവ്വാഴ്ച റബര്‍ വില 2.04 ശതമാനം ഉയര്‍ന്ന് കിലോഗ്രാമിന് 205.30 സെന്റില്‍ എത്തി. കൃത്രിമ റബര്‍ വില മാറ്റമില്ലാതെ ടണ്ണിന് 16,775.00 യുവാന്‍ തുടര്‍ന്നു.

കൊക്കോ വില 2.68 ശതമാനം താഴ്ന്നു ടണ്ണിന് 3304.00 ഡോളര്‍ ആയി.

തേയിലവില മാറ്റമില്ലാതെ കിലോഗ്രാമിനു 181.94 രൂപയില്‍ തുടര്‍ന്നു. കാപ്പി 0.23 ശതമാനം ഉയര്‍ന്നു പൗണ്ടിന് 288.41 സെന്റില്‍ എത്തി. പാം ഓയില്‍ വില 1.36 ശതമാനം ഉയര്‍ന്നു ടണ്ണിനു 4559 മലേഷ്യന്‍ റിംഗിറ്റില്‍ എത്തി.

പോളി എഥിലിന്‍, പോളിപ്രൊപ്പിലിന്‍, പിവിസി വിലകള്‍ 1.25 ശതമാനം വരെ ഉയര്‍ന്നു. യൂറിയ 6.14 ശതമാനം താഴ്ന്നു ടണ്ണിന് 691.50 ഡോളര്‍ ആയി. ഡൈ അമോണിയം ഫോസ്‌ഫേറ്റ് 0.35 ശതമാനം കയറി ടണ്ണിന് 725.00 ഡോളറില്‍ എത്തി.

ഡോളര്‍ സൂചിക ഉയര്‍ന്നു

യുഎസ് ഡോളര്‍ സൂചിക ഇന്നലെ ഉയര്‍ന്ന് 98.39 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.32 ലേക്കു താഴ്ന്നു. യൂറോ 1.1743 ഡോളറിലേക്കും പൗണ്ട് 1.3507 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 159.32 യെന്‍ എന്ന നിലയിലാണ്. ചൈനീസ് യുവാന്‍ ഡോളറിന് 6.82 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.29 ശതമാനമായി ഉയര്‍ന്നു.

രൂപ ഇടിഞ്ഞു

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ചൊവ്വാഴ്ചയും ദുര്‍ബലമായി. ഉയര്‍ന്നു വ്യാപാരം തുടങ്ങിയ ഡോളര്‍ 37 പൈസ നേട്ടത്തോടെ 93.50 രൂപയില്‍ ക്ലോസ് ചെയ്തു. രൂപ-ഡോളര്‍ ഫോര്‍വേഡ് വ്യാപാരത്തിലെ കര്‍ശന നിബന്ധനകള്‍ നീക്കിയ റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷയ്ക്കു വിപരീതമായാണു വിപണി നീങ്ങിയത്. വീണ്ടും വ്യാപാരനിയന്ത്രണം കൊണ്ടു വരുമോ എന്നു വ്യക്തമല്ല. താങ്ങാനാവാത്ത നിരക്ക് നിലനിര്‍ത്താന്‍ ശ്രമിക്കില്ലെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഒരു ദിവസം മുന്‍പ് പറഞ്ഞിരുന്നു.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 93.62 രൂപയില്‍ നില്‍ക്കുന്നു. രൂപ ഇന്നും താഴാം എന്നാണ് ഇതിലെ സൂചന.

ചൈനീസ് യുവാന്‍ 13.71 രൂപയിലും യൂറോ 109.85 രൂപയിലും എത്തി.

ക്രൂഡ് ഓയില്‍ താഴ്ന്നു

പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ച നടക്കില്ലെന്നു വന്നതോടെ ക്രൂഡ് ഓയില്‍ വില ഇന്നലെ ഉയര്‍ന്നു ക്ലോസ് ചെയ്തു. വെടിനിര്‍ത്തല്‍ നീട്ടിയതായ പ്രഖ്യാപനം ഇന്നു രാവിലെ വിലയെ താഴ്ത്തി. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ ഇന്നലെ 98.48 ഡോളറില്‍ ക്ലോസ് ചെയ്തിട്ടു രാവിലെ 98.08 ലേക്കു താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം ക്രൂഡ് 90.43 ല്‍ എത്തിയിട്ട് 89.20 ഡോളറിലേക്കു വന്നു.

ക്രിപ്‌റ്റോകള്‍ ചാഞ്ചാടി

യുദ്ധഗതി സംബന്ധിച്ച ആശങ്കയില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ ചാഞ്ചാടി. ബിറ്റ്‌കോയിന്‍ 76,400 ഡോളറിനു താഴെയായി. ഈഥര്‍ 2330 ഡോളറിനും സൊലാന 86.25 ഡോളറിനും താഴെ നില്‍ക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT