image credit : canva 
Markets

സമാധാന ചര്‍ച്ചയ്ക്ക് ഇറാന്റെ പുതിയ ഓഫര്‍, വിപണികള്‍ പ്രതീക്ഷയില്‍, ഏഷ്യന്‍ വിപണികള്‍ മുന്നേറി; ഇന്ത്യന്‍ വിപണി ആവേശത്തുടക്കം കണ്ടേക്കും

ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണ്. ജപ്പാനിലെ നിക്കൈയും ദക്ഷിണ കൊറിയയിലെ കോസ്പിയും ഇന്നു രാവിലെ ഒരു ശതമാനം വരെ ഉയര്‍ന്നു റെക്കോര്‍ഡ് കുറിച്ചു

T C Mathew

അമേരിക്ക-ഇറാന്‍ ചര്‍ച്ച അനിശ്ചിതത്വത്തിലായി, അമേരിക്കന്‍ പ്രസിഡന്റിനു നേരേ വധശ്രമം നടന്നു. എങ്കിലും വിപണികള്‍ നേട്ടത്തിലാണ് പുതിയ ആഴ്ച തുടങ്ങുന്നത്. യുദ്ധം തീര്‍ക്കാന്‍ അണിയറയില്‍ ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഹോര്‍മുസ് കപ്പല്‍ച്ചാല്‍ ഇപ്പോള്‍ തുറക്കാമെന്നും ആണവ ചര്‍ച്ച കുറേ കാലത്തിനു ശേഷം നടത്താനായി നീട്ടിവയ്ക്കാമെന്നും ഇറാന്‍ നിര്‍ദേശിച്ചതായി ഇന്നു രാവിലെ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തതാണു വിപണിയെ ആവേശം കൊള്ളിച്ചത്.

ക്രൂഡ് ഓയില്‍ വില 107.50 ഡോളറിനു മുകളില്‍ കയറിയിട്ട് 107 നു താഴേക്കു നീങ്ങി. രാവലെ ഇടിഞ്ഞ സ്വര്‍ണവില പിന്നീടു 4,700 ഡോളറിനു മുകളിലേക്കു കയറി. ഡോളര്‍ സൂചിക താഴ്ന്നു. എല്ലാം വിപണിയെ ആശ്വസിപ്പിക്കുന്ന മാറ്റങ്ങളാണ്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,954.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,136 വരെ കയറി. നിഫ്റ്റി ഇന്നു വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യുഎസ് വിപണി പലവഴി

പശ്ചിമേഷ്യന്‍ യുദ്ധകാര്യത്തില്‍ അവ്യക്തത തുടര്‍ന്ന വെള്ളിയാഴ്ച യുഎസ് വിപണികള്‍ ഭിന്ന വഴികളില്‍ നീങ്ങി. എന്‍വിഡിയയും ഇന്റലും എഎംഡിയും വമ്പന്‍ കുതിപ്പ് നടത്തി. ഇന്റല്‍ 24% എഎംഡി 14% വും ക്വാല്‍കോം 11% വും കുതിച്ചു. 4.32% കയറി 208.27 രൂപ എന്ന റെക്കോര്‍ഡില്‍ ക്ലോസ് ചെയ്ത എന്‍വിഡിയ അഞ്ചു ട്രില്യണ്‍ (ലക്ഷം കോടി) ഡോളര്‍ വിപണിമൂല്യം രണ്ടാമതും കടന്നു റെക്കോര്‍ഡ് കുറിച്ചു. 2022 നുശേഷം എന്‍വിഡിയ ഓഹരി 14 മടങ്ങ് ഉയര്‍ന്നിട്ടുണ്ട്.

ഡൗ ജോണ്‍സ് സൂചിക വെള്ളിയാഴ്ച 79.61 പോയിന്റ് (0.16%) താഴ്ന്ന് 49,230.71ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 56.68 പോയിന്റ് (0.80%) നേട്ടത്തോടെ 7165.08ല്‍ അവസാനിച്ചു. നാസ്ഡാക് 398.09 പോയിന്റ് (1.63%) കുതിപ്പോടെ 24,836.60ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് കയറുന്നു

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് വലിയ താഴ്ചയിലേക്കു പോയിട്ടു തിരിച്ചു കയറി. ഇറാന്‍ സമാധാന ചര്‍ച്ച നടക്കാതെ പോയതും പ്രസിഡന്റ് ട്രംപിനെതിരേ വധശ്രമം നടന്നതും വിപണിയില്‍ ആശങ്ക പരത്തി. ഡൗ ജോണ്‍സ് 47 പോയിന്റ് (0.10%) താഴ്ന്നു. എസ്ആന്‍ഡ്പി 7 പോയിന്റും (0.09%) നാസ്ഡാക് 70 പോയിന്റും (0.26%) ഉയര്‍ന്നു നീങ്ങുന്നു.

ഇന്ത്യന്‍ എഡിആറുകള്‍ നേട്ടത്തില്‍

ന്യൂയോര്‍ക്കില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍ വെള്ളിയാഴ്ച 0.55 ശതമാനം ഉയര്‍ന്നിട്ടു തുടര്‍വ്യാപാരത്തില്‍ മാറ്റമില്ലാതെ 25.65 ഡോളറില്‍ എത്തി. ഐസിഐസിഐ ബാങ്ക് എഡിആര്‍ നിശ്ചിത സമയത്ത് 1.60 ശതമാനം കയറിയ ശേഷം തുടര്‍വ്യാപാരത്തില്‍ 1.99 ശതമാനം ഉയര്‍ന്ന് 28.15 ഡോളറില്‍ നിന്നു. ഇന്‍ഫോസിസ് എഡിആര്‍ 0.62 ശതമാനം ഇടിഞ്ഞിട്ടു തുടര്‍ വ്യാപാരത്തില്‍ 1.48 ശതമാനം കയറി 13.05 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ 0.49 ശതമാനം കയറിയ ശേഷം തുടര്‍ വ്യാപാരത്തില്‍ 2.18 ശതമാനം ഉയര്‍ന്ന് 2.0 8 ഡോളര്‍ ആയി.

യൂറോപ്പ്, ഏഷ്യ

യുദ്ധഭീതിയില്‍ യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച താഴ്ന്നു. ശരീരഭാരം കുറയ്ക്കാനുള്ള അമേരിക്കന്‍ കമ്പനി എലൈ ലിലിയുടെ ഫൗണ്ടായോ ഗുളിക കുറിക്കുന്നത് കുറവാണെന്നു വന്നത് നോവോ നോര്‍ഡിസ്‌കിനെ ഉയര്‍ത്തി. നോവോയുടെ വിഗോവി 18,000 പേര്‍ക്കു കുറിച്ചപ്പോള്‍ ഫൗണ്ടായോ 3700 പേര്‍ക്കു മാത്രമേ കുറിച്ചുള്ളു.

ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണ്. ജപ്പാനിലെ നിക്കൈയും ദക്ഷിണ കൊറിയയിലെ കോസ്പിയും ഇന്നു രാവിലെ ഒരു ശതമാനം വരെ ഉയര്‍ന്നു റെക്കോര്‍ഡ് കുറിച്ചു. പിന്നീട് അല്‍പം താഴ്ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 0.60 ശതമാനം താഴ്ന്നു. ചൈനീസ്, ഹോങ്‌കോങ് വിപണികള്‍ നേരിയ താഴ്ചയിലാണ്. മാര്‍ച്ചില്‍ ചൈനയുടെ വ്യാവസായിക ലാഭം 15.8 ശതമാനം വര്‍ധിച്ചു.

തകര്‍ച്ച തുടര്‍ന്ന് ഇന്ത്യന്‍ വിപണി

പശ്ചിമേഷ്യന്‍ സമാധാനപ്രതീക്ഷ അകലുകയും ക്രൂഡ് ഓയില്‍ വില 105 ഡോളറിനു മുകളില്‍ നില്‍ക്കുകയും ചെയ്തത് ഇന്ത്യന്‍ വിപണിയെ വെള്ളിയാഴ്ചയും തകര്‍ച്ചയിലാക്കി. തലേ ആഴ്ചയില്‍ ഉണ്ടായ നേട്ടമത്രയും കഴിഞ്ഞ ആഴ്ച നഷ്ടപ്പെട്ടു. മുഖ്യ സൂചികകള്‍ രണ്ടു ശതമാനം താഴ്ന്ന കഴിഞ്ഞ വാരം ഐടി സൂചിക പത്തുശതമാനമാണ് ഇടിഞ്ഞത്. വെള്ളിയാഴ്ച മാത്രം 5.3 ശതമാനം താഴ്ന്നു.

വിദേശനിക്ഷേപകരുടെ വില്‍പന വെള്ളിയാഴ്ച കുതിച്ചു കയറി. അതോടെ രൂപ വീണ്ടും ഇടിഞ്ഞു. റിസര്‍വ് ബാങ്ക് കിണഞ്ഞു പരിശ്രമിച്ചിട്ടും രൂപയെ പിടിച്ചു നിര്‍ത്താനായില്ല.

ഐടി, ഹെല്‍ത്ത് കെയര്‍, ഫാര്‍മ, വാഹനങ്ങള്‍, റിയല്‍റ്റി, ബാങ്ക്, ധനകാര്യ, കണ്‍സ്യൂമര്‍ ഡ്യുറബിള്‍, മെറ്റല്‍, ഓയില്‍ അടക്കം എല്ലാ മേഖലകളും വെള്ളിയാച വലിയ താഴ്ചയിലായി.

വിദേശ നിക്ഷേപകര്‍ വെളളിയാഴ്ച ക്യാഷ് വിപണിയില്‍ 8827.87 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശികള്‍ 4700.71 കോടി രൂപയുടെ വാങ്ങലും നടത്തി. കഴിഞ്ഞ ആഴ്ച വിദേശികളുടെ വില്‍പന 43,000 കോടി രൂപയിലധികമായി.

സെന്‍സെക്സ് വെള്ളിയാഴ്ച 999.79 പോയിന്റ് (1.29%) ഇടിഞ്ഞ് 76,664.21ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 275.25 പോയിന്റ് (1.14%) ഇടിവോടെ 23,897.95ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 215.25 പോയിന്റ് (0. 38%) നഷ്ടത്തോടെ 56,089.75ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 578.00 പോയിന്റ് (0.96%) താഴ്ന്ന് 59,374.80ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 155.55 പോയിന്റ് (0.87%) നഷ്ടത്തോടെ 17,567.20ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ ഭൂരിപക്ഷം ഓഹരികള്‍ നഷ്ടത്തിലായി. ബിഎസ്ഇയില്‍ 1241 ഓഹരികള്‍ കയറിയപ്പോള്‍ 3000 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 861 എണ്ണം ഉയര്‍ന്നപ്പോള്‍ 2414 എണ്ണം ഇടിഞ്ഞു.

കമ്പനികള്‍, വാര്‍ത്തകള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് നാലാം പാദ റിസല്‍ട്ട് അനാലിസ്റ്റുകളുടെ പ്രതീക്ഷ പോലെ വന്നു. ലാഭമാര്‍ജിന്‍ 17.4ല്‍ നിന്നു 15 ശതമാനമായി താഴ്ന്നു. വരുമാനം 2.65 ലക്ഷം കോടിയില്‍ നിന്നു 2.94 ലക്ഷം കോടി രൂപ ആയപ്പോള്‍ പ്രവര്‍ത്തന ലാഭം 44,141 കോടിയിലേക്കു കുറഞ്ഞു. വാര്‍ഷിക ലാഭം 1000 കോടി ഡോളറിനു മുകളില്‍ (95,610 കോടി രൂപ. 1015 കോടി ഡോളര്‍) കടത്തിയ ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ്.

ആക്‌സിസ് ബാങ്കിനു നാലാം പാദത്തില്‍ പ്രതീക്ഷയേക്കാള്‍ ലാഭം ഉണ്ടായെങ്കിലും അറ്റ പലിശ വരുമാനം കുറഞ്ഞു. ഓഹരികള്‍ വിറ്റ് 20,000 കോടി രൂപയും കടപ്പത്രങ്ങള്‍ ഇറക്കി 35,000 കോടി രൂപയും സമാഹരിക്കാന്‍ ബാങ്ക് തീരുമാനിച്ചു.

ആര്‍ബിഎല്‍ ബാങ്ക് അറ്റപലിശ വരുമാനം 6.9 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ അറ്റാദായം മൂന്നിരട്ടിയില്‍ അധികമായി. മൊത്ത എന്‍പിഎ 1.88 ല്‍ നിന്ന് 1.45 ശതമാനമായി കുറഞ്ഞു. വകയിരുത്തലുകള്‍ 5.1 ശതമാനം ഉയര്‍ന്നു. അധികപലിശ നല്‍കി നിക്ഷേപം ശേഖരിക്കില്ല എന്ന തീരുമാനം ഇക്കൊല്ലം ബാങ്കിന്റെ നിക്ഷേപ വര്‍ധന കുറയ്ക്കും എന്നു ബോര്‍ഡ് വിലയിരുത്തി. അറ്റ പലിശ മാര്‍ജിനും കുറഞ്ഞേക്കാം.

ബാങ്കിംഗ് ലൈസന്‍സ് റദ്ദാക്കപ്പെട്ട പേയ് ടിഎം പേമെന്റ്‌സ് ബാങ്ക് ആസ്തി ബാധ്യതകള്‍ തീര്‍ത്തു ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. മൂന്നു വര്‍ഷമായി ബാങ്കിനു നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ വിലക്കുണ്ടായിരുന്നു. പേമെന്റ് ബാങ്കിംഗ് സര്‍വീസ് മാത്രം തുടരും.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ അറ്റ പലിശ വരുമാനം 15.7 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായവര്‍ധന അഞ്ചു ശതമാനം മാത്രം. അറ്റ പലിശ മാര്‍ജിന്‍ നാമമാത്രമായി കുറഞ്ഞു. മൊത്ത എന്‍പിഎയും അറ്റ എന്‍പിഎയും നാമമാത്രമായി താഴ്ന്നു.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് നാലാം പാദത്തില്‍ 2236 കോടിയുടെ നഷ്ടത്തില്‍ നിന്ന് 533 കോടിയുടെ അറ്റാദായത്തിലേക്കു കയറി. അറ്റ പലിശ വരുമാനം 43.4 ശതമാനം കൂടി. മൊത്ത എന്‍പിഎ 3.56 ശതമാനത്തില്‍ നിന്നു 3.43 ശതമാനമായി കുറഞ്ഞു.

അറ്റ പലിശ വരുമാനം 24.1 ശതമാനം വര്‍ധിപ്പിച്ച എം ആന്‍ഡ് എം ഫിനാന്‍ഷ്യല്‍ സര്‍വീസസ് അറ്റാദായം 55 ശതമാനം ഉയര്‍ത്തി. 15-18 ശതമാനം വളര്‍ച്ചയാണു വരുന്ന പാദങ്ങളില്‍ മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.

സ്വര്‍ണം താണിട്ടു കയറുന്നു

യുദ്ധത്തിന്റെ അനിശ്ചിതത്വം സ്വര്‍ണവിപണിയെ ഉലയ്ക്കുന്നു. വെള്ളിയാഴ്ച ചെറിയ പരിധിയില്‍ കയറിയിറങ്ങിയ വില നേരിയ നേട്ടത്തോടെ ഔണ്‍സിന് 4710.80 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4671 ഡോളറിലേക്ക് ഇടിഞ്ഞിട്ട് 4700 ഡോളറിലേക്കു കയറി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് വെള്ളിയാഴ്ച 240 രൂപ കുറഞ്ഞ് 1,12,960 രൂപയില്‍ എത്തി.

വെള്ളി വില വെള്ളിയാഴ്ച ഔണ്‍സിന് 75.81 ഡോളറില്‍ ക്ലോസ് ചെയ്തിട്ട് ഇന്നു രാവിലെ 75.17 ഡോളറിലേക്ക് താഴ്ന്നു. പിന്നീടു കയറി.

പ്ലാറ്റിനം 2002 ഡോളര്‍, പല്ലാഡിയം 1471 ഡോളര്‍, റോഡിയം 9600 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ലോഹങ്ങള്‍ ഭിന്നദിശകളില്‍

യുദ്ധം സംബന്ധിച്ച അനിശ്ചിതത്വം വ്യാവസായിക ലോഹങ്ങളെ ഭിന്നദിശകളില്‍ നിര്‍ത്തി. വെള്ളിയാഴ്ച ചെമ്പ് 0.30 ശതമാനം ഉയര്‍ന്ന ടണ്ണിന് 13,229.85 ഡോളറില്‍ എത്തി. അലൂമിനിയം 0.59 ശതമാനം താഴ്ന്നു ടണ്ണിന് 3597.56 ഡോളറില്‍ ക്ലോസ് ചെയ്തു. നിക്കലും ലെഡും സിങ്കും ഉയര്‍ന്നപ്പോള്‍ ടിന്‍ താഴ്ന്നു.

റബര്‍ വില താഴ്ന്നു

ബാങ്കോക്ക് വിപണിയില്‍ വെള്ളിയാഴ്ച ആര്‍എസ്എസ് 3 റബര്‍ വില ക്വിന്റലിന് അല്‍പം താഴ്ന്ന് 273.40 ഡോളര്‍ ആയി. കൃത്രിമ റബര്‍ വില ടണ്ണിന് 16,250.00 യുവാനിലേക്കു താഴ്ന്നു.

കൊക്കോ വില 0.78 ശതമാനം ഉയര്‍ന്നു ടണ്ണിന് 3431.00 ഡോളര്‍ ആയി.

തേയിലവില മാറ്റമില്ലാതെ കിലോഗ്രാമിനു 181.94 രൂപയില്‍ തുടര്‍ന്നു. കാപ്പി 1.81 ശതമാനം താഴ്ന്നു പൗണ്ടിന് 294.90 സെന്റില്‍ എത്തി. പാം ഓയില്‍ വില 0.39 ശതമാനം ഉയര്‍ന്നു ടണ്ണിനു 4597 മലേഷ്യന്‍ റിംഗിറ്റില്‍ എത്തി.

പോളി എഥിലിന്‍, പോളിപ്രൊപ്പിലിന്‍, പിവിസി വിലകള്‍ 0.40 ശതമാനം വരെ താഴ്ന്നു. യൂറിയ താഴ്ന്നു ടണ്ണിന് 694.00 ഡോളറില്‍ തുടര്‍ന്നു. ഡൈ അമോണിയം ഫോസ്‌ഫേറ്റ് ടണ്ണിന് 725.00 ഡോളറില്‍ തുടരുന്നു.

ഡോളര്‍ സൂചിക താഴ്ന്നു

യുഎസ് ഡോളര്‍ സൂചിക വെള്ളിയാഴ്ച താഴ്ന്ന് 98.53 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.64 ലേക്കു കയറിയിട്ട് 99.47 വരെ താഴ്ന്നു. യൂറോ 1.1722 ഡോളറിലേക്കും പൗണ്ട് 1.3527 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 159.49 യെന്‍ എന്ന നിലയിലേക്കു കയറി. ചൈനീസ് യുവാന്‍ ഡോളറിന് 6.84 യുവാന്‍ എന്ന നിരക്കില്‍ ആയി.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.326 ശതമാനമായി താഴ്ന്നു.

രൂപ വീണ്ടും താഴ്ചയില്‍

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വെള്ളിയാഴ്ചയും ദുര്‍ബലമായി. ഉയര്‍ന്നു വ്യാപാരം തുടങ്ങിയ ഡോളര്‍ 14 പൈസ നേട്ടത്തോടെ 94.25 രൂപയില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് വലിയ അളവില്‍ ഡോളര്‍ വിറ്റെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 94.25 രൂപയിലേക്കു കയറി.

ചൈനീസ് യുവാന്‍ 13.76 രൂപയിലും യൂറോ 110.24 രൂപയിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT