image credit : canva 
Markets

ക്രൂഡ് ഓയില്‍ 120 ഡോളറില്‍, സാമ്പത്തിക വളര്‍ച്ചയ്ക്കു ഭീഷണി, ഏഷ്യന്‍ വിപണികള്‍ താഴോട്ട്; ഡോളര്‍ 95 രൂപ കടന്നേക്കും

T C Mathew

പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ നിശ്ചലമായി. ഇറാനെതിരായ ഉപരോധം അവര്‍ ചര്‍ച്ചയ്ക്കു വഴങ്ങും വരെ തുടരുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചു. ഇതോടെ ക്രൂഡ് ഓയില്‍ വില 120 ഡോളര്‍ കടന്നു. ഇന്ത്യയടക്കം രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച ഗണ്യമായി ഇടിയും എന്നു വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ക്രൂഡ് വിലക്കയറ്റം രൂപയെ വീണ്ടും താഴ്ത്തും. ഡോളര്‍ 95 രൂപയ്ക്കു മുകളില്‍ കയറാനുള്ള ഒരുക്കത്തിലാണ്.

ഏഷ്യന്‍ വിപണികള്‍ ഇന്നും താഴ്ചയിലാണ്. ചൈനയിലെ ഫാക്ടറി ഉല്‍പാദന വളര്‍ച്ച കുറഞ്ഞു. യുഎസ് ഫ്യൂച്ചേഴ്‌സില്‍ ടെക് കമ്പനികള്‍ കുതിച്ചപ്പോള്‍ ഡൗ സൂചിക ഇടിഞ്ഞു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,119.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,199 വരെ കയറി. നിഫ്റ്റി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്

യുഎസ് വിപണി ചാഞ്ചാടി

എണ്ണവില കുതിച്ചു കയറുകയും ഇറാനുമായി കരാറിനു സാധ്യത കുറയുകയും ചെയ്ത ഇന്നലെ യുഎസ് വിപണി നേരിയ കയറ്റിറക്കങ്ങളില്‍ ഒതുങ്ങി. പ്രശ്‌നങ്ങള്‍ വേഗം പരിഹൃതമാകും എന്ന ധാരണ വിപണിയിലെ വലിയ ഇടപാടുകാര്‍ പുലര്‍ത്തുന്നു എന്നാണു കരുതപ്പെടുന്നത്. ഫെഡറല്‍ റിസര്‍വ് യോഗം പലിശനിരക്കില്‍ മാറ്റം വരുത്താതെ അവസാനിച്ചു. ജെറോം പവല്‍ അധ്യക്ഷനായ അവസാനത്തെ യോഗമായിരുന്നു അത്. അടുത്ത മാസം പവലിന്റെ ചെയര്‍മാന്‍ പദവി അവസാനിക്കും. എങ്കിലും ഫെഡ് അംഗത്വം തീരുന്നില്ല. താന്‍ അംഗമായി തുടരുമെന്നു പവല്‍ ഇന്നലെ പറഞ്ഞു.

ഡൗ ജോണ്‍സ് സൂചിക ബുധനാഴ്ച 280.12 പോയിന്റ് (0.57%) താഴ്ന്ന് 48,861.81ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 2.85 പോയിന്റ് (0.04%) കുറഞ്ഞ് 7135.95ല്‍ അവസാനിച്ചു. നാസ്ഡാക് 9.44 പോയിന്റ് (0.04%) ഉയര്‍ന് 24,673.24ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സില്‍ ടെക് കുതിപ്പ്

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് ഭിന്നദിശകളിലാണ്. ടെക് ഓഹരികള്‍ കുതിച്ചു കയറി. ഡൗ ജോണ്‍സ് 169 പോയിന്റ് (0.34%) താഴ്ന്നു. എസ്ആന്‍ഡ്പി 30 പോയിന്റും (0.42%) നാസ്ഡാക് 246 പോയിന്റും (0.89%) ഉയര്‍ന്നു നീങ്ങുന്നു.

മെറ്റ പ്ലാറ്റ്‌ഫോംസിന്റെ റിസല്‍ട്ട് നിരാശപ്പെടുത്തി. ഫ്യൂച്ചേഴ്‌സില്‍ ഓഹരി ഏഴു ശതമാനം ഇടിഞ്ഞു. ഒന്നാം പാദത്തിലെ മൂലധനനിക്ഷേപവും ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണവും കുറവായി. മൈക്രോ സോഫ്റ്റ് റിസല്‍ട്ട് പ്രതീക്ഷ പോലെ മികച്ചതായി ഓഹരിക്കു കാര്യമായ മാറ്റമില്ല. ആല്‍ഫബെറ്റ് പ്രതീക്ഷയിലും മികച്ച വരുമാനവും ലാഭവും കാണിച്ചു. ഗൂഗിള്‍ ക്ലൗഡ് വരുമാനവും കുതിച്ചു. ഓഹരി ഏഴു ശതമാനം ഉയര്‍ന്നു. വരുമാനത്തില്‍ വലിയ നേട്ടം റിപ്പോര്‍ട്ട് ചെയ്ത ആമസോണിന്റെ ഓഹരി മൂന്നു ശതമാനം കയറി.

ഇന്ത്യന്‍ എഡിആറുകള്‍ താഴ്ന്നു

ന്യൂയോര്‍ക്കില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍ ബുധനാഴ്ച 0.36 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.04 ശതമാനം കുറഞ്ഞ് 25.25 ഡോളറില്‍ എത്തി. ഐസിഐസിഐ ബാങ്ക് എഡിആര്‍ നിശ്ചിത സമയത്ത് 1.30 ശതമാനം താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.11 ശതമാനം കുറഞ്ഞ് 26.53 ഡോളറില്‍ നിന്നു. ഇന്‍ഫോസിസ് എഡിആര്‍ 0.73 ശതമാനം ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 1.46 ശതമാനം കയറി 12.52 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ 0.49 ശതമാനം താഴ്ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 0.99 ശതമാനം കയറി 2.04 ഡോളര്‍ ആയി.

യൂറോപ്പ്, ഏഷ്യ

പശ്ചിമേഷ്യന്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ചയും താഴ്ന്നു. പ്രതീക്ഷയിലും മികച്ച ബിസിനസ് വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത അഡിഡാസിന്റെ ഓഹരി 8.9 ശതമാനം കുതിച്ചു.

ഏഷ്യന്‍ വിപണികള്‍ മിക്കവയും ഇന്നു താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കൈ 1.2 ശതമാനം താഴ്ന്നു. എന്നാല്‍ ദക്ഷിണ കൊറിയയിലെ കോസ്പി 0.40 ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 0.25 ശതമാനം താഴ്ന്നു. ചൈനീസ്, ഹോങ്‌കോങ് വിപണികള്‍ ചെറിയ താഴ്ചയിലാണ്.

തിരിച്ചുകയറി ഇന്ത്യന്‍ വിപണി

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നിന്നെങ്കിലും ഇന്ത്യന്‍ ഓഹരികള്‍ ഇന്നലെ മുന്നേറ്റം നടത്തി. രൂപയുടെ താഴ്ചയും വിപണി പരിഗണിച്ചതായി തോന്നിയില്ല. എങ്കിലും മുഖ്യ സൂചികകള്‍ ഇടയ്ക്ക് എത്തിയ വലിയ ഉയരത്തില്‍ നിന്നു ഗണ്യമായി താഴ്ന്നാണു ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് ഒരവസരത്തില്‍ ആയിരത്തിലേറെ പോയിന്റ് കയറ്റത്തിലായിരുന്നു. ലാഭമെടുക്കലാണ് സൂചികകളെ താഴ്ത്തിയത്. എഫ്എംസിജി, റിയല്‍റ്റി, ഐടി, വാഹന ഓഹരികള്‍ ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി. ബാങ്ക് ഓഹരികള്‍ ഇടയ്ക്കു വലിയ മുന്നേറ്റം നടത്തിയിട്ട് ഒടുവില്‍ നാമമാത്ര നേട്ടത്തില്‍ അവസാനിച്ചു.

വിദേശനിക്ഷേപകരുടെ വില്‍പന ബുധനാഴ്ചയും തുടര്‍ന്നു. വിദേശികള്‍ ഇന്നലെ ക്യാഷ് വിപണിയില്‍ 2468.42 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശികള്‍ 2262.17 കോടി രൂപയുടെ വാങ്ങലും നടത്തി.

സെന്‍സെക്സ് ബുധനാഴ്ച 609.45 പോയിന്റ് (0.79%) ഉയര്‍ന്ന് 77,496.36ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 181.95 പോയിന്റ് (0.76%) കയറി 24,177.65ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 3.25 പോയിന്റ് (0.01%) കൂടി 55,403.60ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 42.50 പോയിന്റ് (0.07%) താഴ്ന്ന് 60,376.90ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 117.05 പോയിന്റ് (0.65%) കയറി 18,093.15ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ നഷ്ടത്തിലായി. ബിഎസ്ഇയില്‍ 2051 ഓഹരികള്‍ കയറിയപ്പോള്‍ 2180 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1617 എണ്ണം ഉയര്‍ന്നപ്പോള്‍ 1657 എണ്ണം ഇടിഞ്ഞു.

കമ്പനികള്‍, വാര്‍ത്തകള്‍

അദാനി പവര്‍ നാലാം പാദത്തില്‍ അറ്റാദായം 52 ശതമാനം വര്‍ധിപ്പിച്ച് 4017 കോടി രൂപയില്‍ എത്തിച്ചു. എന്നാല്‍ വരുമാനം 0.09 ശതമാനം കുറവാണ്. 2025-26ലെ വാര്‍ഷിക വിറ്റുവരവ് 3.5 ശതമാനം കുറഞ്ഞപ്പോള്‍ അറ്റാദായ 0.8 ശതമാനം താഴ്ന്നു.

ബജാജ് ഫിനാന്‍സിനു നാലാം പാദത്തില്‍ അറ്റ പലിശ വരുമാനം 20 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 23 ശതമാനം വര്‍ധിച്ചു.

ഫെഡറല്‍ ബാങ്കിനു നാലാം പാദത്തില്‍ അറ്റ പലിശ വരുമാനം 33 ശതമാനം വര്‍ധിച്ചു. പലള്‍ മാര്‍ജിന്‍ 3.74 ശതമാനമായി ഉയര്‍ന്നു. നികുതിക്കു ശേഷമുള്ള പ്രവര്‍ത്തന ലാഭ 55.3 ശതമാനം കൂടി. അറ്റാദായം 22.2 ശതമാനം വര്‍ധിച്ച് 1259 കോടി രൂപയായി. നിഷ്‌ക്രിയ ആസ്തികള്‍ക്കുള്ള വകയിരുത്തല്‍ 138 കോടി രൂപയില്‍ നിന്ന് 741 കോടിയായി വര്‍ധിച്ചു. വായ്പാ വളര്‍ച്ച 12.8 ശതമാനം ഉണ്ട്. ഇന്നലെ സര്‍വകാല റെക്കോര്‍ഡ് വിലയ്ക്കു തൊട്ടടുത്ത് 301.70 രൂപ വരെ ഉയര്‍ന്ന ഓഹരിവില പിന്നീട് ആറു ശതമാനത്തിലധികം ഇടിഞ്ഞ് 2.34 ശതമാനം നഷ്ടത്തില്‍ (283.80 രൂപ) ക്ലോസ് ചെയ്തു.

ധനലക്ഷ്മി ബാങ്കിന്റെ നാലാം പാദ അറ്റപലിശ വരുമാനം 39.4 ശതമാനം കുതിച്ചു. ബാങ്കിന്റെ അറ്റാദായം 50.1 ശതമാനം ഉയര്‍ന്നു. ചൊവ്വാഴ്ച ധനലക്ഷ്മി ബാങ്ക് ഓഹരി 17 ശതമാനം വര്‍ധിച്ച ശേഷം ഇന്നലെ 4.18 ശതമാനം ഇടിഞ്ഞു.

സ്വര്‍ണം താഴ്ന്നു

പശ്ചിമേഷ്യന്‍ അനിശ്ചിതത്വത്തില്‍ സ്വര്‍ണവിപണി ഇന്നലെയും ഇടിഞ്ഞു. ബുധനാഴ്ച 4509 ഡോളര്‍ വരെ താഴ്ന്ന സ്വര്‍ണവില 52 ഡോളര്‍ നഷ്ടത്തോടെ ഔണ്‍സിന് 4544.90 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4582 ഡോളറിലേക്കു കയറി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ബുധനാഴ്ച 360 രൂപ കുറഞ്ഞ് 1,10,320 രൂപയില്‍ എത്തി.

വെള്ളിവില ബുധനാഴ്ച ഔണ്‍സിന് 71.45 ഡോളറില്‍ ക്ലോസ് ചെയ്തിട്ട് ഇന്നു രാവിലെ 72.97 ഡോളറിലേക്ക് കയറി.

പ്ലാറ്റിനം 1913 ഡോളര്‍, പല്ലാഡിയം 1459 ഡോളര്‍, റോഡിയം 9650 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ലോഹങ്ങള്‍ പലവഴി

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ വ്യാവസായിക ലോഹങ്ങള്‍ പലവഴി നീങ്ങി. ചെമ്പ് 0.79 ശതമാനം ഉയര്‍ന്നു ടണ്ണിന് 12,991.65 ഡോളറില്‍ എത്തി. അലൂമിനിയം 0.10 ശതമാനം താഴ്ന്നു ടണ്ണിന് 3537.26 ഡോളറില്‍ ക്ലോസ് ചെയ്തു. നിക്കലും ടിന്നും ലെഡും ഉയര്‍ന്നു, സിങ്ക് താഴ്ന്നു.

റബര്‍ വില കൂടി

ബാങ്കോക്ക് വിപണിയില്‍ ബുധനാഴ്ച ആര്‍എസ്എസ്3 റബര്‍ വില 1.30 ഡോളര്‍ കയറി ക്വിന്റലിന് 283.40 ഡോളര്‍ ആയി. കൃത്രിമ റബര്‍ വില ടണ്ണിന് 0.62 ശതമാനം ഉയര്‍ന്ന് 16,266.67 യുവാനില്‍ എത്തി.

കൊക്കോ വില 0.74 ശതമാനം കയറി ടണ്ണിന് 3405.00 ഡോളര്‍ ആയി. തേയിലവില മാറ്റമില്ലാതെ കിലോഗ്രാമിനു 181.94 രൂപയില്‍ തുടര്‍ന്നു. കാപ്പി പൗണ്ടിന് 290.70 സെന്റില്‍ എത്തി. പാം ഓയില്‍ വില 0.93 ശതമാനം കൂടി ടണ്ണിനു 4578 മലേഷ്യന്‍ റിംഗിറ്റ് ആയി. പോളി എഥിലിന്‍, പോളിപ്രൊപ്പിലിന്‍, പിവിസി വിലകള്‍ 0.53 ശതമാനം വരെ ഉയര്‍ന്നു. യൂറിയ വില 0.44 ശതമാനം താഴ്ന്നു ടണ്ണിന് 684.75 ഡോളറില്‍ എത്തി. ഡൈ അമോണിയം ഫോസ്‌ഫേറ്റ് ടണ്ണിന് 722.50 ഡോളറിലേക്കു താഴ്ന്നു.

ഡോളര്‍ സൂചിക കയറി

യുഎസ് ഡോളര്‍ സൂചിക ബുധനാഴ്ച മികച്ച നേട്ടത്തോടെ 98.96ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.82 ലേക്കു താഴ്ന്നിട്ടു 98.90 ലേക്കു കയറി.

യൂറോ 1.1687 ഡോളറിലേക്കും പൗണ്ട് 1.3493 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 160.11 യെന്‍ എന്ന നിലയിലേക്കു വീണു.

ചൈനീസ് യുവാന്‍ ഡോളറിന് 6.84 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം കുത്തനേ കൂടി 4.426 ശതമാനമായി.

ഡോളര്‍ 95 രൂപയിലേക്ക്

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ബുധനാഴ്ചയും വലിയ ഇടിവിലായി. ഡോളര്‍ 31 പൈസ നേട്ടത്തോടെ 94.85 രൂപയില്‍ ക്ലോസ് ചെയ്തു. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റു മടങ്ങുന്നതും ക്രൂഡ് ഓയില്‍ വില കയറുന്നതുമാണു കറന്‍സി വിപണിയെ നയിക്കുന്നത്. ഡോളര്‍ ഇന്നു 95 രൂപയിലേക്കു കയറുമോ എന്ന ആശങ്ക വിപണിയില്‍ ഉണ്ട്.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95 രൂപയിലേക്കു കയറി. ചൈനീസ് യുവാന്‍ 13.87 രൂപയിലും യൂറോ 110.88 രൂപയിലും എത്തി.

ക്രൂഡ് ഓയില്‍ 120 ഡോളറില്‍

ഇറാനെതിരായ നാവിക ഉപരോധം ദീര്‍ഘകാലം തുടരും എന്നു ട്രംപ് പറഞ്ഞതോടെ ക്രൂഡ് ഓയില്‍ വില 120 ഡോളറിലേക്ക് അടുത്തു. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ ഇന്നലെ ഏഴു ശതമാനം കുതിച്ച് 118.03 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീപ്പയ്ക്ക് 120 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ ഇനം ക്രൂഡ് എട്ടു ശതമാനം ഉയര്‍ന്നു 107.47 ഡോളറില്‍ എത്തി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 113.47 ഡോളറിലാണ് ഇന്നലെ ക്ലോസ് ചെയ്തത് ഇന്ത്യ വാങ്ങുന്ന പശ്ചിമേഷ്യന്‍ ക്രൂഡിന്റെ (ഇന്ത്യന്‍ ബാസ്‌കറ്റ്) വില ഇന്നലെ 112.83 ഡോളര്‍ ആയി.

ക്രിപ്‌റ്റോകള്‍ ഇടിഞ്ഞു

ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും ഇടിവിലായി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 76,000 ഡോളറിനു താഴെ ആയി. ഈഥര്‍ 2270 ഡോളറിനും സൊലാന 84 ഡോളറിനും താഴെ നില്‍ക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT