image credit : canva 
Markets

ട്രംപിന്റെ അന്ത്യശാസന സമയം നാളെ രാവിലെ, വിപണികളില്‍ ജാഗ്രത, ക്രൂഡ് ഓയില്‍ ഉയര്‍ന്നു; താഴ്ന്ന തുടക്കത്തിലേക്ക് ഇന്ത്യന്‍ വിപണി

ക്രൂഡ് ഓയില്‍ വിം രാവിലെ ഉയര്‍ന്നു. ഉയര്‍ന്നു വ്യാപാരം തുടങ്ങിയ ഏഷ്യന്‍ വിപണികള്‍ പിന്നീടു നേട്ടം കുറച്ചു.

T C Mathew

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസന സമയം നാളെ രാവിലെ അവസാനിക്കാനിരിക്കെ ആഗോള വിപണികള്‍ കരുതലോടെയുള്ള പ്രതീക്ഷയിലാണ്. ഇന്ത്യന്‍ സമയം ബുധന്‍ രാവിലെ 6.30ന് (അമേരിക്കയില്‍ ചൊവ്വ രാത്രി എട്ട്) ഇറാന്‍ കരാറിനു തയാറായില്ലെങ്കില്‍ പാലങ്ങളും ഊര്‍ജനിലയങ്ങളും തകര്‍ക്കും എന്നാണു ട്രംപിന്റെ ഭീഷണി.

ഊര്‍ജനിലയങ്ങള്‍ക്കു ചുറ്റും മനുഷ്യമതില്‍ തീര്‍ത്ത് യുഎസ് ആക്രമണത്തെ 'നേരിടാന്‍' ആണ് ഇറാന്‍ ഒരുങ്ങുന്നത്. അവസാനനിമിഷം പിന്മാറുന്ന ട്രംപിന്റെ തന്ത്രം ഇത്തവണ ഉണ്ടാകുകയില്ലെന്നു കരുതപ്പെടുന്നു. അതുകൊണ്ടു തന്നെ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ ത്വരിത ഗതിയില്‍ നടക്കുന്നു. 45 ദിവസ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിയ ഇറാന്‍ വച്ച ബദല്‍ നിര്‍ദേശങ്ങള്‍ അമേരിക്കയും തള്ളി.

ഇന്നലെ നേരിയ നേട്ടത്തില്‍ അവസാനിച്ച യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്‌സ് ഇന്നു രാവിലെ താഴ്ചയിലാണ്. ക്രൂഡ് ഓയില്‍ വിം രാവിലെ ഉയര്‍ന്നു. ഉയര്‍ന്നു വ്യാപാരം തുടങ്ങിയ ഏഷ്യന്‍ വിപണികള്‍ പിന്നീടു നേട്ടം കുറച്ചു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 23,045.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,908 വരെ താഴ്ന്നു. ഇന്നു രാവിലെ ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യുഎസ് വിപണി ഫ്‌ലാറ്റ്

യുദ്ധവിരാമം സംബന്ധിച്ച പ്രതീക്ഷയും ആശങ്കയും മാറിമാറി വന്ന തിങ്കളാഴ്ച യുഎസ് വിപണികള്‍ ചെറിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ട്രംപിന്റെ അന്ത്യശാസന സമയത്തിനകം എന്തെങ്കിലും ധാരണ ഉണ്ടാകും എന്ന പ്രതീക്ഷ വിപണിയില്‍ ശക്തമായിരുന്നു.

ഡൗ ജോണ്‍സ് സൂചിക തിങ്കളാഴ്ച 165.21 പോയിന്റ് (0.36%) ഉയര്‍ന്ന് 46,669.88ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 29.14 പോയിന്റ് (0.44%) കയറി 6611.83ല്‍ അവസാനിച്ചു. നാസ്ഡാക് 171.16 പോയിന്റ് (0.54%) നേട്ടത്തോടെ 21,996.34ല്‍ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് താഴ്ന്നു. ഡൗ ജോണ്‍സ് 90 പോയിന്റും (0.19%) എസ്ആന്‍ഡപി 25 പോയിന്റും (0.37%) നാസ്ഡാക് 122 പോയിന്റും (0.50%) താഴ്ചയില്‍ നീങ്ങുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍ തിങ്കളാഴ്ച 3.38 ശതമാനം ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.23 ശതമാനം കൂടി കയറി 25.73 ഡോളറില്‍ എത്തി. ഐസിഐസിഐ ബാങ്ക് എഡിആര്‍ നിശ്ചിത സമയത്ത് 1.76 ശതമാനം കയറിയ ശേഷം തുടര്‍വ്യാപാരത്തില്‍ 0.15 ശതമാനം ഉയര്‍ന്ന് 26.10 ഡോളര്‍ ആയി. ഇന്‍ഫോസിസ് എഡിആര്‍ 0.29 ശതമാനം താഴ്ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.22 ശതമാനം കയറി. വിപ്രോ 1.39 ശതമാനം കയറിയിട്ട് തുടര്‍വ്യാപാരത്തില്‍ 0.91 ശതമാനം കൂടി ഉയര്‍ന്നു.

യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച അവധിയായിരുന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നു നല്ല നേട്ടത്തില്‍ തുടങ്ങിയിട്ടു താഴോട്ടു നീങ്ങി. ഒരു ശതമാനം ഉയര്‍ന്ന ശേഷം ജപ്പാനിലെ നിക്കൈയും രണ്ടു ശതമാനം കയറിയ ശേഷം ദക്ഷിണ കൊറിയയിലെ കോസ്പിയും നേട്ടം പകുതിയാക്കി. ഓസ്‌ട്രേലിയന്‍ സൂചിക രണ്ടു ശതമാനം ഉയര്‍ന്നു. ഷാങ്ഹായ് 0.10 ശതമാനം കയറിയപ്പോള്‍ ഹോങ് കോങ് 0.70 ശതമാനം താഴ്ന്നു.

താണിട്ടു കയറി ഇന്ത്യന്‍ വിപണി

രാജ്യാന്തര സംഘര്‍ഷം സംബന്ധിച്ച ആശങ്കകളും പ്രതീക്ഷകളും സ്വാധീനിച്ച തിങ്കളാഴ്ച ഇന്ത്യന്‍ വിപണി തുടക്കത്തില്‍ ഇടിഞ്ഞിട്ടു ശക്തമായി തിരിച്ചുകയറി. ഇതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണി നേട്ടത്തില്‍ അവസാനിച്ചു. താഴ്ചയില്‍ നിന്നു നിഫ്റ്റി 456 ഉം സെന്‍സെക്‌സ് 1479 ഉം പോയിന്റ് ഉയര്‍ന്നാണ് ഇന്നലെ ക്ലോസ് ചെയ്തത്.

സെന്‍സെക്സ് തിങ്കളാഴ്ച 787.30 പോയിന്റ് (1.07%) ഉയര്‍ന്ന് 74,106.85ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 255.15 പോയിന്റ് (1.12%) കയറി 22,968.25ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1060.35 പോയിന്റ് (2.06%) നേട്ടത്തോടെ 52,609.10ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 815.60 പോയിന്റ് (1.52%) ഉയര്‍ന്ന് 54,492.65ലും സ്‌മോള്‍ ക്യാപ് 100 സൂചിക 202.55 പോയിന്റ് (1.29%) നഷ്ടത്തോടെ 15,853.05ലും അവസാനിച്ചു.

വിശാലവിപണിയില്‍ ഭൂരിപക്ഷം ഓഹരികളും ഉയര്‍ന്നു. ബിഎസ്ഇയില്‍ 3193 ഓഹരികള്‍ കയറിയപ്പോള്‍ 1173 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 2506 എണ്ണം ഉയര്‍ന്നപ്പോള്‍ 741 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകര്‍ കനത്ത വില്‍പന തിങ്കളാഴ്ചയും തുടര്‍ന്നു. ക്യാഷ് വിപണിയില്‍ വിദേശ ഫണ്ടുകള്‍ 8167.17 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 8088.70 കോടി രൂപയുടെ അറ്റവാങ്ങലാണു നടത്തിയത്.

കമ്പനികള്‍, വാര്‍ത്തകള്‍

ഡൊമീനോസ് പീറ്റ്‌സയുടെ ഇന്ത്യയിലെ നടത്തിപ്പുകാരായ ജൂബിലന്റ് ഫുഡ് വര്‍ക്‌സ് നാലാം പാദത്തില്‍ 19.1 ശതമാനം വരുമാനവര്‍ധന നേടി.

നാലാം പാദത്തില്‍ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന് ഇരട്ടയക്ക വരുമാന വളര്‍ച്ച ഉണ്ട്.

ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണിന് 2025-26ല്‍ വായ്പാ തുക 14 ശതമാനം ഉയര്‍ന്ന് 29,590 കോടി രൂപയില്‍ എത്തി. നാലാം പാദത്തിലെ വായ്പാ വിതരണം 28 ശതമാനം വര്‍ധിച്ച് 8313 കോടി രൂപയായി.

സ്വര്‍ണം താഴ്ന്നു

യുദ്ധഗതി സംബന്ധിച്ച ഊഹാപോഹങ്ങള്‍ സ്വര്‍ണവിപണിയെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു. തിങ്കളാഴ്ച ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം ഔണ്‍സിന് 28.50 ഡോളര്‍ കുറഞ്ഞ് 4649.50 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4642 ഡോളറിലേക്കു താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് തിങ്കളാഴ്ച വില ചാഞ്ചാടിയ ശേഷം 200 രൂപ കുറഞ്ഞ് 1,10,480 രൂപയായി.

വെള്ളി തിങ്കളാഴ്ച 72.90 ഡോളറിലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 73.18 ലേക്കു നീങ്ങി.

പ്ലാറ്റിനം 1983 ഡോളര്‍, പല്ലാഡിയം 1471 ഡോളര്‍, റോഡിയം 9300 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ച് ഇന്നലെ അവധിയിലായിരുന്നു.

റബര്‍ കയറി

രാജ്യാന്തര വിപണിയില്‍ റബര്‍ തിങ്കളാഴ്ച ഉയര്‍ന്നു. 1.36 ശതമാനം കയറി കിലോഗ്രാമിന് 201.50 സെന്റില്‍ എത്തി. കൃത്രിമ റബര്‍ വില മാറ്റമില്ലാതെ ടണ്ണിന് 17,766.67 യുവാന്‍ തുടര്‍ന്നു.

കൊക്കോ വില 0.84 ശതമാനം കുറഞ്ഞു ടണ്ണിന് 3223 ഡോളറില്‍ എത്തി.

തേയിലവില മാറ്റമില്ലാതെ തുടര്‍ന്നു. കാപ്പി ഉയര്‍ന്നു പൗണ്ടിന് 298.15 സെന്റില്‍ എത്തി. പാം ഓയില്‍ വില 0.58 ശതമാനം താഴ്ന്നു ടണ്ണിനു 4811 മലേഷ്യന്‍ റിംഗിറ്റ് ആയി.

പോളി എഥിലിന്‍, പോളിപ്രൊപ്പിലിന്‍, പിവിസി വിലകള്‍ 1.63 ശതമാനം വരെ ഉയര്‍ന്നു. യൂറിയ രണ്ടു ശതമാനം വര്‍ധിച്ചു ടണ്ണിന് 701.25 ഡോളറിലേക്കു കയറി. ഡൈ അമോണിയം ഫോസ്‌ഫേറ്റിനു 3.25 ശതമാനം കൂടി ടണ്ണിന് 715 ഡോളര്‍ ആയി.

ഡോളര്‍ സൂചിക ഉയര്‍ന്നു

സമാധാന പ്രതീക്ഷ കുറഞ്ഞതോടെ ഡോളര്‍ ഉയര്‍ന്നു. ഡോളര്‍ സൂചിക തിങ്കളാഴ്ച 9998 ല്‍ ക്ലോസ് ചെയ്ത ശേഷം ഇന്നു രാവിലെ 100.07 ലേക്കു കയറി.

യൂറോ 1.154 ഡോളറിലേക്കും പൗണ്ട് 1.3234 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 159.71 യെന്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.88 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.337 ശതമാനമായി താഴ്ന്നു.

ഡോളര്‍ താഴ്ന്നു

രൂപയ്‌ക്കെതിരേ ഷോര്‍ട്ട് വ്യാപാരം നടത്തുന്നതു തടയാന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നടപടികളുടെ ഫലം വിപണിയില്‍ തുടരുന്നു. എങ്കിലും രൂപയ്ക്കു മുന്നോട്ടു ക്ഷീണം വരാം എന്നാണു വ്യാപാരത്തിലെ സൂചനകള്‍. ക്രൂഡ് ഓയില്‍ 80 ഡോളറിനു താഴെ വരികയും ഇന്ത്യയില്‍ നിന്നു വിദേശികള്‍ പണം പിന്‍വലിക്കുന്നതു മാറി ഇങ്ങോട്ടു മൂലധനം കൊണ്ടു വരികയും ചെയ്യുന്നതുവരെ രൂപ ദുര്‍ബലമായി തുടരും. തിങ്കളാഴ്ച രൂപ തുടക്കത്തില്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഒടുവില്‍ നാലു പൈസ മാത്രം നേട്ടമാണ് ഉണ്ടാക്കിയത്. ഡോളര്‍ ഡോളര്‍ 93.06 രൂപയില്‍ ക്ലോസ് ചെയ്തു.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോറെക്‌സ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ തിങ്കളാഴ്ച രാത്രി 92.89 രൂപ വരെ താഴ്ന്നു. ഇന്നു രാവിലെ 92.90 രൂപയിലാണ്. ചൈനീസ് യുവാന്‍ 13.50 രൂപയിലേക്കു താഴ്ന്നു. യൂറോ 107.29 രൂപയില്‍ തുടര്‍ന്നു.

ക്രൂഡ് ഓയില്‍ ഉയര്‍ന്ന നിലയില്‍

യുദ്ധഭീതിയില്‍ വര്‍ധിച്ച നിരക്കില്‍ ക്രൂഡ് ഓയില്‍ വില തുടര്‍ന്നു. തിങ്കളാഴ്ച ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ 0.74 ഡോളര്‍ കൂടി 109.77 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില വീണ്ടും കയറി വീപ്പയ്ക്ക് 110.21 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം ക്രൂഡ് 113.98 ഡോളറിലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 119.08 ഡോളറിലും എത്തി. ഇന്ത്യയുടെ പശ്ചിമേഷ്യന്‍ ക്രൂഡ് ബാസ്‌കറ്റ് വില 8.35 ശതമാനം കുതിച്ച് 130.93 ഡോളറായി ഉയര്‍ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT