Image courtesy: Canva
Markets

യുദ്ധം രൂക്ഷമാകുന്നു, എങ്കിലും പലിശപ്പേടി കുറയുന്നു, വിപണികള്‍ കരുതലോടെ ഉയരുന്നു; സ്വര്‍ണം വീണ്ടും നേട്ടത്തില്‍

സൗദിയിലേക്കും ആക്രമണം നീണ്ടു. സൗദി അറേബ്യയുടെ എണ്ണകയറ്റുമതി കുത്തനേ ഇടിഞ്ഞു

T C Mathew

യുഎസ്-ഇറാന്‍ യുദ്ധം രൂക്ഷമായി തുടരുന്നു. ഇസ്രയേലും യുദ്ധത്തിലേക്കു വരുമോ എന്ന ആശങ്ക ഉണ്ട്. ഇറാന്‍ പക്ഷ ഹൗതികള്‍ യെമനില്‍ ആക്രമണം വര്‍ധിപ്പിച്ചു. സൗദിയിലേക്കും ആക്രമണം നീണ്ടു. സൗദി അറേബ്യയുടെ എണ്ണകയറ്റുമതി കുത്തനേ ഇടിഞ്ഞു. ഇതെല്ലാമാണെങ്കിലും വിപണിയില്‍ പലിശപ്പേടി കുറയുന്നു. അമേരിക്കയില്‍ ഓഗസ്റ്റിലെ സ്വകാര്യമേഖലാ തൊഴില്‍ വര്‍ധന പ്രതീക്ഷയിലും വളരെ കുറവായി.

ജനുവരിക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ വര്‍ധനയാണ് ഓഗസ്റ്റിലേത്. ഇതോടെ സെപ്റ്റംബര്‍ 16-നു യുഎസ് ഫെഡ് പലിശ വര്‍ധിപ്പിക്കാനുള്ള സാധ്യത 66 ശതമാനമായി കുറഞ്ഞു. ഇതും ക്രൂഡ് ഓയില്‍ വിലയിലെ ചെറിയ കുറവും യുഎസ് കടപ്പത്രങ്ങളുടെ വില ഉയര്‍ത്തി. കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം റെക്കോര്‍ഡ് നിലയില്‍ നിന്നു താഴ്ന്നു. ഈ മാറ്റം ഇന്നലെ യുഎസ് വിപണിയെ നേട്ടത്തിലാക്കി. ഇന്ന് ഏഷ്യന്‍ വിപണികളും ഉയര്‍ന്നു. സ്വര്‍ണവില തിരിച്ചു കയറി 4400 ഡോളറിനു മുകളില്‍ എത്തി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,095.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,111 വരെ കയറി. ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യുഎസ് വിപണി നേട്ടത്തില്‍

കടപ്പത്ര വിപണിയിലെ കോളിളക്കം ശമിച്ചു തുടങ്ങി. ഓഹരികള്‍ കയറ്റത്തിലായി. പശ്ചിമേഷ്യന്‍ യുദ്ധം നാടകീയതകള്‍ ഇല്ലാതെ തുടരുന്നു. ക്രൂഡ് ഓയില്‍ 97 ഡോളറില്‍ നിന്നു 95 ഡോളറിലേക്കു താഴ്ന്നു.

യുഎസ് 30 വര്‍ഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം 5.295 ശതമാനം വരെ കയറിയിട്ട് 5.256 വരെ താഴ്ന്നു. 10 വര്‍ഷ കടപ്പത്രവില 4.776 ശതമാനം നിക്ഷേപനേട്ടം നല്‍കുന്ന വിധം ഉയര്‍ന്നു. നിക്ഷേപനേട്ടം കൂടുന്നത് സാമ്പത്തിക വളര്‍ച്ചയിലെ മുന്നേറ്റം കണക്കാക്കിയാണെന്നു ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് പ്രസിഡന്റ് പറഞ്ഞതും വിപണിയെ ആശ്വസിപ്പിച്ചു. യൂറോപ്യന്‍, ഏഷ്യന്‍ കടപ്പത്രങ്ങള്‍ ഇന്നലെയും താഴ്ന്നു. ആ വിപണികള്‍ ക്ലോസ് ചെയ്ത ശേഷമാണു യുഎസ് വിപണിയിലെ ഗതിമാറ്റം.

ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് 24നു വാഷിംഗ്ടണില്‍ എത്തി പ്രസിഡന്റ് ട്രംപുമായി ചര്‍ച്ച നടത്തും എന്ന റിപ്പോര്‍ട്ടും വിപണിയുടെ കയറ്റത്തിനു സഹായകമായി.

ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 295.07 പോയിന്റ് (0.56 ശതമാനം) ഉയര്‍ന്ന് 53,061.95ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 35.13 പോയിന്റ് (0.46%) നേട്ടത്തോടെ 7666.60ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 118.05 പോയിന്റ് (0.45%) കയറി 26,217.83 ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് കയറുന്നു

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ കയറ്റത്തിലാണ്. ഡൗ ജോണ്‍സ് 52 പോയിന്റും (0.10%) എസ് ആന്‍ഡ് പി 4 പോയിന്റും (0.05%) ഉയര്‍ന്നു. നാസ്ഡാക് 12 പോയിന്റ് (0.04%) താഴ്ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ബുധനാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാര സമയത്ത് 1.13 ശതമാനം ഉയര്‍ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.17% കയറി 23.25 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.29% ഉയര്‍ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.07 ശതമാനം കുറഞ്ഞ് 30.56 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 0.25% താഴ്ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 11.97 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.64% ഇടിഞ്ഞ ശേഷം തുടര്‍ വ്യാപാരത്തില്‍ 2.78 ശതമാനം കുതിച്ച് 1.85 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് താഴ്ചയില്‍

യൂറോപ്യന്‍ ഓഹരിവിപണികള്‍ ബുധനാഴ്ചയും താഴ്ന്നു. പലിശഭീതിയാണു പ്രധാന കാരണം. യൂറോ സോണില്‍ ചില്ലറ വിലക്കയറ്റം 3.3 ശതമാനം ആയതോടെ അടുത്തയാഴ്ച യൂറോപ്യന്‍ കേന്ദ്രബാങ്ക് പലിശ 0.25 ശതമാനം കൂട്ടുമെന്ന ധാരണ ബലപ്പെട്ടു. ഇന്നു യൂറോപ്യന്‍ കടപ്പത്രങ്ങള്‍ നേട്ടമുണ്ടാക്കും എന്നാണു ഫ്യൂച്ചേഴ്സ് കാണിക്കുന്നത്.

ഏഷ്യ നേട്ടത്തില്‍

ഏഷ്യന്‍ വിപണികള്‍ ഇന്നു തകര്‍ച്ചയിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക ഇടയ്ക്കു നഷ്ടത്തിലായിട്ടു വീണ്ടും ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ വിപണി നാമമാത്രമായി കയറി. ദക്ഷിണ കൊറിയയില്‍ കോസ്പി 1.6 ശതമാനം ഉയര്‍ന്നു. ഹോങ്‌കോങ്ങിലെ ഹാങ് സെങ് സൂചിക 0.80 ശതമാനം കയറി. തായ്വാന്‍ സൂചിക ആദ്യം ഉയര്‍ന്നിട്ടു നഷ്ടത്തിലേക്കു മാറി. ഷാങ്ഹായ് സൂചിക 0.65 ശതമാനം നേട്ടത്തിലാണ്.

ഇന്ത്യന്‍ വിപണി വീണ്ടും താഴ്ന്നു

ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയും പലിശപ്പേടിയും ഇന്ത്യന്‍ വിപണിയെ വീണ്ടും നഷ്ടത്തിലാക്കി. ക്ലോസിംഗ് ഓക്ഷന്‍ സെഷനില്‍ (കാസ്) ഇന്നലെയും നഷ്ടം ഗണ്യമായി കുറഞ്ഞു. കാസ് വന്നതോടെ വ്യാപാരത്തില്‍ വലിയ ഇടിവുണ്ടായത് ബിഎസ്ഇ ഓഹരിയെ നഷ്ടത്തിലാക്കി.

വിദേശനിക്ഷേപകര്‍ ഇന്നലെ വലിയ വാങ്ങലുകാരായി. അവര്‍ ക്യാഷ് വിപണിയില്‍ 6688.37 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശിഫണ്ടുകള്‍ 2812.98 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

ബുധനാഴ്ച സെന്‍സെക്സ് 373.93 പോയിന്റ് (0.49%) താഴ്ന്ന് 76,570.35 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 141.35 പോയിന്റ് (0.59%) കുറഞ്ഞ് 23,914.50 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 237.60 പോയിന്റ് (0.41%) നഷ്ടത്തോടെ 57,172.00 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 332.90 പോയിന്റ് (0.53%) താഴ്ന്ന് 63,001.60 ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 74.00 പോയിന്റ് (0.37%) കുറഞ്ഞ് 19,812.25 ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ ഭൂരിപക്ഷം ഓഹരികള്‍ നഷ്ടത്തിലായി. ബിഎസ്ഇയില്‍ 1799 ഓഹരികള്‍ കയറി, 2560 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1430 എണ്ണം ഉയര്‍ന്നപ്പോള്‍ 2057 എണ്ണം താഴ്ന്നു.

കമ്പനികള്‍, വാര്‍ത്തകള്‍

ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയിലെ രണ്ടു ശതമാനം ഓഹരി കൂടി വാങ്ങി. ഇതോടെ ഐസിഐസിഐ ബാങ്കിന്റെ ഓഹരി 52.8 ശതമാനമായി.

രാജസ്ഥാനില്‍ 3244.33 കോടി രൂപയുടെ വൈദ്യുതി ലൈന്‍ നിര്‍മാണ കരാര്‍ പവര്‍ ഗ്രിഡ് കോര്‍പറേഷനു ലഭിച്ചു.

മീഷോയിലെ ഏഴു കോടി (1.5 ശതമാനം) ഓഹരി സോഫ്റ്റ് ബാങ്ക് ഇന്നു ബള്‍ക്ക് ഇടപാടില്‍ വില്‍ക്കും. ശരാശരി വില 205 രൂപ. 1435 കോടി രൂപയുടേതാണ് ഇടപാട്.

ഹെക്‌സാവേര്‍ ടെക്‌നോളജീസ് സിഇഒ ശ്രീകൃഷ്ണ രാമ കാര്‍ത്തികേയന്‍ ഒക്ടോബര്‍ 26-നു സ്ഥാനമൊഴിയും. വിവേക് ജെട്‌ലി സിഇഒ ആകും.

സ്വര്‍ണം കയറുന്നു

പലിശപ്പേടിയില്‍ നിരന്തരമായി ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ തിരിച്ചു കയറി. ബുധനാഴ്ച 59.30 ഡോളര്‍ (1.37 ശതമാനം) നേട്ടത്തോടെ സ്വര്‍ണം ഔണ്‍സിന് 4389 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4410 ഡോളര്‍ വരെ കയറിയിട്ട് അല്‍പം താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ബുധനാഴ്ച 2240 രൂപ കുറഞ്ഞ് 1,11,480 രൂപ ആയി. ഇന്നു വില ഉയര്‍ന്നേക്കാം.

വെള്ളിവില ബുധനാഴ്ച ഔണ്‍സിന് 65.45 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അല്‍പം ഉയര്‍ന്നു.

പ്ലാറ്റിനം 1756 ഡോളര്‍, പല്ലാഡിയം 1329 ഡോളര്‍, റോഡിയം 8875 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

പ്രമുഖ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ് സ്വര്‍ണം ഔണ്‍സിന് ഈ വര്‍ഷാവസാനം 4900 ഡോളര്‍ പ്രവചിച്ചു. ഗോള്‍ഡ്മാന്‍ സാക്‌സ് റിസര്‍ച്ച് വിഭാഗത്തിലെ ലീന തോമസും ഡാന്‍ സ്ട്രൂവനും ചേര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ട് ഊഹകച്ചവടക്കാര്‍ വില 5000 നു മുകളില്‍ എത്തിക്കാനുളള സാധ്യത തള്ളിക്കളഞ്ഞില്ല.

ആര്‍ബിസി കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സിന്റെ ഗവേഷണ തലവന്‍ ക്രിസ്റ്റഫര്‍ ലൂണി 2026 അവസാനം ഔണ്‍സിന് 4929 ഡോളറും 2027 അവസാനം 5296 ഡോളറും ആണു പ്രതീക്ഷിക്കുന്ന വില. ഡോളറില്‍ നിന്നു മാറാന്‍ രാജ്യങ്ങള്‍ ശ്രമിക്കും എന്നതാണ് ലൂണി പറയുന്ന കാരണം.

റബര്‍ വില താഴുന്നു

കേരളത്തിലും റബര്‍വില കുറഞ്ഞു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 279.90 ഡോളറിലും ആര്‍എസ്എസ് മൂന്ന് 276.50 ഡോളറിലും എത്തി. കേരളത്തില്‍ ക്വിന്റലിന് 27,400 രൂപയിലേക്കു താഴ്ന്നു. ഈ വര്‍ഷം ആഗോള റബര്‍ ഉല്‍പാദനം 152.8 ലക്ഷം ടണ്ണും ഉപയോഗം 153.6 ലക്ഷം ടണ്ണും ആകുമെന്നാണ് സ്വഭാവിക റബര്‍ ഉല്‍പാദക രാജ്യങ്ങളുടെ സംഘടന കണക്കാക്കുന്നത്.

ലോഹങ്ങള്‍ താഴോട്ട്

നിക്കല്‍ ഒഴികെയുള്ള വ്യാവസായിക ലോഹങ്ങള്‍ ബുധനാഴ്ച താഴ്ന്നു. ചെമ്പ് 0.30 ശതമാനം താണു ടണ്ണിന് 14,352.65 ഡോളര്‍ ആയി. അലൂമിനിയം 0.22 ശതമാനം കുറഞ്ഞ് 3253.10 ഡോളറില്‍ എത്തി. ലെഡും ടിന്നും സിങ്കും താഴ്ന്നു. നിക്കല്‍ ഉയര്‍ന്നു.

കൊക്കോ വീണ്ടും താഴ്ചയില്‍

കൊക്കോ വില 4.54 ശതമാനം ഇടിഞ്ഞു ടണ്ണിന് 6273.00 ഡോളറില്‍ ക്ലോസ് ചെയ്തു. തലേന്നും വില ഇടിഞ്ഞിരുന്നു. 2026-27 സീസണില്‍ ഐവറി കോസ്റ്റില്‍ 20 ഉം ഘാനയില്‍ 13 ഉം ശതമാനം കുറവാകും ഉല്‍പാദനം എന്നാണു കണക്കാക്കുന്നത്.

അറബിക്ക കാപ്പി 3.91 ശതമാനം ഇടിഞ്ഞ് പൗണ്ടിന് 2.974 ഡോളറില്‍ എത്തി.

പാം ഓയില്‍ 0.30 ശതമാനം താഴ്ന്നു ടണ്ണിന് 4958 മലേഷ്യന്‍ റിംഗിറ്റ് ആയി.

ഡോളര്‍ താഴോട്ട്

യുഎസ് ഡോളര്‍ സൂചിക ബുധനാഴ്ച താഴ്ന്ന് 99.60 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.54 വരെ എത്തി.

യൂറോ 1.1592 ഡോളറിലേക്കു കയറി. പൗണ്ട് 1.3488 ഡോളറിലേക്കു താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 158.42 യെന്നിലേക്കു കയറി. ചൈനീസ് യുവാന്‍ ഡോളറിന് 6.72 എന്ന നിരക്കില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.784 ശതമാനത്തിലേക്കു. താഴ്ന്നു.

രൂപ നേട്ടം കുറച്ചു

ബുധനാഴ്ച രൂപ നേരിയ നഷ്ടത്തിലായി. ഡോളര്‍ രണ്ടു പൈസ കൂടി 94.97 രൂപയില്‍ ക്ലോസ് ചെയ്തു.

വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 94.49 രൂപയിലാണ്. വിദേശനാണ്യ സമാഹരണം പ്രതീക്ഷയെ മറികടന്നു വലിയ വിജയമായതു രൂപയ്ക്ക് ഇന്നു കൂടുതല്‍ നേട്ടം ഉണ്ടാക്കും എന്നാണു സൂചന.

ചൈനീസ് യുവാന്‍ 14.14 രൂപയിലേക്കു കയറി. യൂറോ 110.07 രൂപയായി.

ക്രൂഡ് ഓയില്‍ 95 നടുത്ത്

ഇന്നലെ 97 ഡോളറിനെ സമീപിച്ച ക്രൂഡ് ഓയില്‍ പിന്നീടു 95 ഡോളറിനു താഴെ വന്നു. ഒടുവില്‍ ചെറിയ കയറ്റത്തോടെ ക്ലോസ് ചെയ്തു.

ബുധനാഴ്ച 0.98 ഡോളര്‍ കൂടി 95.63 ഡോളറില്‍ ക്ലോസ് ചെയ്ത ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ ഇന്നു രാവിലെ താഴ്ന്നു 95.20 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 90.74 ഡോളറിലാണ്.

ക്രിപ്‌റ്റോകള്‍ താഴ്ന്നുതന്നെ

ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ചയില്‍ തുടരുന്നു. ബിറ്റ്‌കോയിന്‍ 77,350 ഡോളറിനു താഴെയാണ്. ഈഥര്‍ ഇന്ന് 2400 ഡോളറിനു താഴെ നില്‍ക്കുന്നു. സൊലാന 100 ഡോളറിനു മുകളില്‍ ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT