ഹോര്‍മുസ് തുറക്കുന്നതിന് അമേരിക്ക പശ്ചിമേഷ്യയില്‍ നിന്നു പിന്മാറണം, നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ പുതിയ ഉപാധികള്‍ ഇറാന്‍ മുന്നോട്ടു വച്ചു. സാമ്പത്തിക ഞെരുക്കത്തിലായ ഇറാന്‍ വഴങ്ങും വരെ താന്‍ കാത്തിരിക്കുമെന്ന അപ്രതീക്ഷിത നിലപാടിലേക്കു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാറി. ഇതുവരെ പ്രത്യക്ഷപ്പെടാത്ത പുതിയ പരമോന്നത നേതാവിന്റെ ഒരു ഹ്രസ്വ വീഡിയോ ഇറാന്‍ പുറത്തുവിട്ടത് മുജ്താബ ഖമനെയ് ജീവിച്ചിരിപ്പുണ്ടോ എന്ന സന്ദേഹം കൂടുതല്‍ പ്രബലമാക്കി.
ഖമനെയ് പ്രഖ്യാപിച്ചത് എന്ന പേരില്‍ ഇറാനില്‍ ചില നിയമനങ്ങള്‍ നടന്നത് തീവ്രവാദികള്‍ പ്രബലപ്പെടുന്ന സൂചനയാണു നല്‍കിയത്. ഗാസയുടെ കാര്യത്തില്‍ അമേരിക്കയുടെ പ്രഖ്യാപനങ്ങള്‍ താന്‍ അവഗണിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. സൗദി അറേബ്യയും തുര്‍ക്കിയും പാക്കിസ്ഥാനും പരസ്പര പ്രതിരോധ ഉടമ്പടി ഉണ്ടാക്കിയതിനു ശേഷം സൗദിയുടെ ഒരു റിഫൈനറിയില്‍ ഇറാന്‍ അനുകൂല ഹൂതികള്‍ ആക്രമണം നടത്തി.
നാടകീയമായ ഈ മാറ്റങ്ങള്‍ ക്രൂഡ് ഓയില്‍ വിലയില്‍ നാമമാത്രമായ കയറ്റമേ വരുത്തിയുള്ളൂ. ഏഷ്യന്‍ വിപണികള്‍ എല്ലാം നേട്ടത്തിലായി. യുഎസ് വിപണി ഫ്യൂച്ചേഴ്സ് ചെറിയ കയറ്റിറക്കങ്ങളിലാണ്. സ്വര്‍ണം അല്‍പം താഴ്ന്നു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,641.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,688 വരെ കയറിയിട്ട് 24,650 ലേക്കു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യുഎസ് വിപണി വെള്ളിയാഴ്ച റെക്കോര്‍ഡ് തിരുത്തി. ജൂലൈയിലെ യുഎസ് തൊഴില്‍ സംഖ്യയില്‍ കുറവ് വന്നത് പലിശ വര്‍ധനയ്ക്കുള്ള സാധ്യത ഇല്ലാതാക്കുന്നു എന്ന വിലയിരുത്തലാണു കാരണം. മൂന്നു സൂചികകളും നേട്ടം ഉണ്ടാക്കി. എസ്ആന്‍ഡ്പി 500 റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു.
ആഴ്ചയില്‍ എസ്ആന്‍ഡ്പി 3.6 ഉം നാസ്ഡാക് 5.2 ഉം ഡൗ മൂന്നും ശതമാനം ഉയര്‍ന്നു. സെമികണ്ടക്ടര്‍ കമ്പനികളുടെ കുതിപ്പാണു നാസ്ഡാകിനു തുണയായത്.
ജൂലൈയില്‍ കാര്‍ഷികേതര തൊഴിലില്‍ 83,000ന്റെ വര്‍ധന പ്രതീക്ഷിച്ച സ്ഥാനത്ത് 23,000 ന്റെ കുറവു വന്നു. മേയ്, ജൂണ്‍ മാസങ്ങളിലെ എണ്ണവും പുതുക്കിയപ്പോള്‍ കുറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനമായി താഴ്ന്നതു പലരും തൊഴില്‍ അന്വേഷണ പട്ടികയില്‍ നിന്നു പിന്മാറിയതു കൊണ്ടാണ്. ഈ കണക്കുകള്‍ സെപ്റ്റംബറില്‍ പലിശ വര്‍ധനയ്ക്കുള്ള സാധ്യത ഇല്ലാതാക്കി എന്നാണു നിഗമനം.
ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഏതാനും ആഴ്ചകള്‍ക്കു ശേഷം കഴിഞ്ഞയാഴ്ച നേട്ടത്തിലായി. വെള്ളിയാഴ്ച 15.83 ഉം ആഴ്ചയില്‍ 25.77 ഉം ശതമാനം മുന്നേറി. ആങ്കര്‍ നിക്ഷേപകര്‍ വില്‍പന തുടങ്ങിയ ശേഷം വില ഉയര്‍ന്നത് നിക്ഷേപകരുടെ വിശ്വാസം ഉറപ്പിച്ചു. ടെസ്ലയും നേട്ടം കാണിച്ചു. എന്‍വിഡിയ ആഴ്ചയില്‍ 13.33 ശതമാനം കുതിച്ചു.
വെള്ളിയാല്ച ഡൗ ജോണ്‍സ് സൂചിക 151.83 പോയിന്റ് (0. 28 ശതമാനം) ഉയര്‍ന്ന് 54,036.93ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 47.68 പോയിന്റ് (0.62%) കയറി 7757.64 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 342.26 പോയിന്റ് (1. 30%) നേട്ടത്തോടെ 26,690.62ല്‍ ക്ലോസ് ചെയ്തു.
ഹോര്‍മുസ് വിഷയത്തെ തുടര്‍ന്നു യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്. ഡൗ ജോണ്‍സ് 128 പോയിന്റും (0.24%) എസ്ആന്‍ഡ്പി 9 പോയിന്റും (0.11%) താഴ്ന്നു. നാസ്ഡാക് 28 പോയിന്റ് (0.09%) ഉയര്‍ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ വെള്ളിയാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാര സമയത്ത് 1.19 ശതമാനം ഉയര്‍ന്നിട്ടു തുടര്‍വ്യാപാരത്തില്‍ മാറ്റമില്ലാതെ 23.63 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.85% താഴ്ന്നിട്ട് തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 30.22 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 1.38% ഉയര്‍ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.16% താഴ്ന്ന് 12.51 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.51% കയറി ശേഷം തുടര്‍വ്യാപാരത്തില്‍ മാറ്റമില്ലാതെ 2.02 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച ഉയര്‍ന്നു. സോഫ്റ്റ്വേര്‍, സെമി കണ്ടക്ടര്‍ ഓഹരികള്‍ നല്ല നേട്ടം ഉണ്ടാക്കി.
ഹോര്‍മുസ് കരാര്‍ സാധ്യത കുറഞ്ഞെങ്കിലും ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ദക്ഷിണ കൊറിയയില്‍ കോസ്പി സൂചിക ഒരു ശതമാനവും ജപ്പാനില്‍ നിക്കൈ സൂചിക രണ്ടു ശതമാനവും ഉയര്‍ന്നു. തായ്വാന്‍, ഹോങ് കോങ്, ഷാങ്ഹായ് സൂചികകള്‍ കയറി.
ഓഹരികളുടെ പുതിയ ക്ലോസിംഗ് വിലനിര്‍ണയ രീതി (സിഎഎസ്-കാസ്) യെ എതിര്‍ക്കുന്ന ചില്ലറ നിക്ഷേപകര്‍ ബുധനാഴ്ച വ്യാപാരം ബഹിഷ്‌കരിച്ചു പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തു. സംഘടനകള്‍ അല്ല ഒറ്റപ്പെട്ട നിക്ഷേപകരാണു സമൂഹമാധ്യമങ്ങളിലൂടെ ബഹിഷ്‌കരണ ആഹ്വാനം നടത്തുന്നത്. റീട്ടെയില്‍ നിക്ഷേപകരെ നഷ്ടത്തിലാക്കുന്ന കാസ് ഫണ്ടുകളെയും സ്ഥാപനങ്ങളെയുമാണു സഹായിക്കുന്നത് എന്നു നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നു.
വെള്ളിയാഴ്ചയും വിപണികള്‍ തമ്മിലും ക്യാഷ് ക്ലോസിംഗും കാസ് ക്ലോസിംഗും തമ്മിലും വലിയ വ്യത്യാസം ഉണ്ടായി. പരിചിതമായി കഴിയുമ്പോള്‍ വ്യത്യാസം കുറയുമെന്നാണ് എക്‌സ്‌ചേഞ്ച് അധികൃതര്‍ പറയുന്നത്. കൂടുതല്‍ വിദേശഫണ്ടുകള്‍ നിക്ഷേപത്തിനു വരാന്‍ ഈ സംവിധാനം വേണം എന്നു സെബി ചൂണ്ടിക്കാട്ടുന്നു.
വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി താഴ്ന്നു. ബാങ്ക്, ധനകാര്യ മേഖലകളിലായിരുന്നു വലിയ ക്ഷീണം. ഐടിയും ഓട്ടോയും മെറ്റലും ഉയര്‍ന്നു. എന്‍ബിഎഫ്‌സികള്‍ ഇടപാടുകാര്‍ക്കു ക്രെഡിറ്റ് റിവോള്‍വിംഗ് സൗകര്യം നല്‍കുന്നത് വിലക്കാന്‍ നിര്‍ദേശിക്കുന്ന റിസര്‍വ് ബാങ്കിന്റെ കരടുചട്ടം വെള്ളിയാഴ്ച വലിയ ധനകാര്യ കമ്പനികളെ നഷ്ടത്തിലാക്കി. ബജാജ് ഫിനാന്‍സ് 5.9 ഉം ബജാജ് ഫിന്‍സെര്‍വ് 4.2 ഉം ജിയോ ഫിന്‍ 2.39 ഉം ശ്രീറാം ഫിനാന്‍സ് 2.28 ഉം ശതമാനം ഇടിഞ്ഞു. ക്രെഡിറ്റ് കാര്‍ഡിനു സമാനമായ സൗകര്യമാണു റിവോള്‍വിംഗ് ക്രെഡിറ്റ് നല്‍കുന്നത്.
വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ച അറ്റ വാങ്ങലുകാരായി. അവര്‍ ക്യാഷ് വിപണിയില്‍ 480.29 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശിഫണ്ടുകള്‍ 235.56 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി. ഓഗസ്റ്റിലെ ആദ്യ ആഴ്ചയില്‍ വിദേശികള്‍ 12,921 കോടി രൂപ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചു. ജൂലൈയില്‍ അവരുടെ മൊത്തം നിക്ഷേപം 26,200 കോടി രൂപയായിരുന്നു.
വെള്ളിയാഴ്ച സെന്‍സെക്സ് 455.59 പോയിന്റ് (0.58%) താഴ്ന്ന് 78,499.20ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 65.35 പോയിന്റ് (0.27%) കുറഞ്ഞ് 24,570.65ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 317.20 പോയിന്റ് (0.55%) നഷ്ടത്തോടെ 57,746.45ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 136.75 പോയിന്റ് (0.22%) കയറി 63,463.55ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 10.45 പോയിന്റ് (0.05%) താഴ്ന്ന് 19,867.80ല്‍ ക്ലോസ് ചെയ്തു.
ബിഎസ്ഇയില്‍ കൂടുതല്‍ ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ കയറ്റവും ഇറക്കവും ഒപ്പത്തിനൊപ്പം തുടര്‍ന്നു. ബിഎസ്ഇയില്‍ 1985 ഓഹരികള്‍ കയറി, 2283 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1675 എണ്ണം ഉയര്‍ന്നപ്പോള്‍ 1649 എണ്ണം താഴ്ന്നു.
പലിശ കൂട്ടല്‍ സാധ്യത കുറഞ്ഞതു വെള്ളിയാഴ്ച സ്വര്‍ണവിലയെ കുതിപ്പിലാക്കി. സ്വര്‍ണം 101.40 ഡോളര്‍ (2.39 ശതമാനം) കയറി ഔണ്‍സിന് 4343.30 ഡോളറില്‍ ക്ലോസ് ചെയ്തു. എന്നാല്‍ പശ്ചിമേഷ്യന്‍ സാഹചര്യം വഷളാകുന്നത് ഇന്നു സ്വര്‍ണത്തെ താഴ്ത്തുന്നു. രാവിലെ വില 4321 ഡോളര്‍ വരെ കുറഞ്ഞു.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് വെള്ളിയാഴ്ച 1120 രൂപ കുതിച്ച് 1,10,920 രൂപയില്‍ എത്തി. ശനിയാഴ്ച 800 രൂപ കൂടി 1,11,720 രൂപയില്‍ എത്തി.
വെള്ളിവില 2.4 ശതമാനം ഉയര്‍ന്നു വെള്ളിയാഴ്ച ഔണ്‍സിന് 63.46 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 63.68 ഡോളറില്‍ എത്തി.
പ്ലാറ്റിനം 1741 ഡോളര്‍, പല്ലാഡിയം 1348 ഡോളര്‍, റോഡിയം 8250 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങള്‍ പലവഴി നീങ്ങി. ടണ്ണിന് 14,453.60 ഡോളര്‍ എന്ന റെക്കോര്‍ഡ് കുറിച്ച ചെമ്പ് ലാഭമെടുക്കലിനെ തുടര്‍ന്ന് 1.48 ശതമാനം ഇടിഞ്ഞത് 14,239 ഡോളറില്‍ എത്തി. അലൂമിനിയം 1.19 ശതമാനം കുതിച്ച് 3279.50 ഡോളര്‍ ആയി. നിക്കല്‍ ഉയര്‍ന്നു. സിങ്കും ടിന്നും ലെഡ്ഡും താഴ്ന്നു.
രാജ്യാന്തര റബര്‍വിലനാമമാത്രമായി ഉയര്‍ന്നു. കേരളത്തില്‍ മാറ്റമില്ല. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 284.50 ഡോളറിലും ആര്‍എസ്എസ് മൂന്ന് 281.00 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ക്വിന്റലിന് 28,400 രൂപയിലാണ്.
കൊക്കോ വില വെള്ളിയാഴ്ച അല്‍പം കയറി ടണ്ണിന് 5782 ഡോളറില്‍ എത്തി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഉല്‍പാദനം 16 ശതമാനം കുറയുമെന്നാണു ഘാനയിലെ കൊക്കോ ബോര്‍ഡ് കണക്കാക്കുന്നത്. ഐവറി കോസ്റ്റിലും ഉല്‍പാദനം 10 ശതമാനത്തിലധികം ഇടിയും. ഏറ്റവുമധികം കൊക്കോ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇവ.
അറബിക്ക കാപ്പിവില 3.20 ശതമാനം കയറി പൗണ്ടിന് 3.16 ഡോളര്‍ ആയി. എല്‍ നിനോ മൂലം അടുത്ത വര്‍ഷത്തെ ഉല്‍പാദനം കുറയും എന്ന ആശങ്കയുണ്ട്.
യുഎസ് ഡോളര്‍ സൂചിക വെള്ളിയാഴ്ച താഴ്ന്ന് 99.54 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക ഉയര്‍ന്നു 99.67 വരെ കയറി.
യൂറോ 1.1554 ഡോളറിലേക്കും പൗണ്ട് 1.3486 ഡോളറിലേക്കും എത്തി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 158.06 യെന്‍ എന്ന നിലയിലേക്ക് കയറി. ചൈനീസ് യുവാന്‍ ഡോളറിന് 6.75 യുവാനില്‍ തുടര്‍ന്നു.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 6.666 ശതമാനത്തിലേക്കു താഴ്ന്നു.
വെള്ളിയാഴ്ച ഇന്ത്യന്‍ രൂപ ആദ്യം നേട്ടമുണ്ടാക്കിയ ശേഷം നാമമാത്ര നഷ്ടത്തില്‍ അവസാനിച്ചു. ഡോളര്‍ രണ്ടു പൈസ കൂടി 95.20 രൂപയില്‍ ക്ലോസ് ചെയ്തു.
വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.21 രൂപയില്‍ ആണ്. ചൈനീസ് യുവാന്‍ 14.06 രൂപയിലേക്കും യൂറോ 109.56 രൂപയിലേക്കും താഴ്ന്നു.
വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ വില അല്‍പം ഉയര്‍ന്നു. ഹോര്‍മുസ് കരാര്‍ സാധ്യത കുറഞ്ഞതാണു സാഹചര്യം. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ വീപ്പയ്ക്ക് 83.55 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1.3 ശതമാനം കൂടി 84.64 ഡോളര്‍ ആയി. ഡബ്‌ള്യുടിഐ ഇനം 78.99 ഡോളറില്‍ എത്തി.
ക്രിപ്‌റ്റോകറന്‍സികള്‍ ഭിന്നദിശകളിലാണ്. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 65,000 ഡോളറിനു മുകളില്‍ എത്തി. ഈഥര്‍ 1920 ഡോളറിനു താഴെയായി. സൊലാന 76.75 ഡോളറിലേക്കു കയറി.
Read DhanamOnline in English
Subscribe to Dhanam Magazine