പശ്ചിമേഷ്യയില്‍ നിലവില്‍ ഇല്ലാത്ത വെടിനിര്‍ത്തല്‍ കരാര്‍ ഈ ദിവസങ്ങളില്‍ അവസാനിക്കുകയാണ്. കരാര്‍ നീട്ടാന്‍ ആരും ശ്രമിക്കുന്നില്ല. ആക്രമണങ്ങള്‍ പുനരാരംഭിക്കും എന്ന സൂചനയില്ല. ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം മിക്കവാറും നിലച്ചു. എണ്ണവില 89 ഡോളറിനു തൊട്ടടുത്ത് എത്തി.
ഡോളര്‍ സൂചിക ഇടിഞ്ഞതോടെ സ്വര്‍ണം 4,400 ഡോളറിനു മുകളില്‍ എത്തി.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,431.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,386 വരെ താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
അനിശ്ചിതത്വങ്ങള്‍ യുഎസ് വിപണിയെ വെള്ളിയാഴ്ച അല്‍പം താഴ്ത്തി. ജൂലൈയില്‍ ചില്ലറവില്‍പന കുറഞ്ഞതും ഓഗസ്റ്റിലെ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സില്‍ താഴ്ച സംഭവിച്ചതും വിപണിയെ ദുര്‍ബലമാക്കി. എങ്കിലും ആഴ്ച നേട്ടത്തിലാണ് അവസാനിച്ചത്.
വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 107.58 പോയിന്റ് (0.20 ശതമാനം) താഴ്ന്ന് 53,732.41ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 13.23 പോയിന്റ് (0.17%) കുറഞ്ഞ് 7785.76ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 73.86 പോയിന്റ് (0.28%) നഷ്ടത്തോടെ 26,729.16ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് വ്യത്യസ്ത ദിശകളിലാണ്. ഡൗ ജോണ്‍സ് 35 പോയിന്റ് (0.07%)താഴ്ന്നു. എസ്ആന്‍ഡ്പി 8 പോയിന്റും (0.10%) നാസ്ഡാക് 92 പോയിന്റും (0.31%) ഉയര്‍ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ വെള്ളിയാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാര സമയത്ത് 1.17 ശതമാനം ഉയര്‍ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.13% കയറി 23.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.88% ഉയര്‍ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 29.74 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 2.58% ഇടിഞ്ഞ ശേഷം തുടര്‍വ്യാപാരത്തില്‍ 0.07% ഉയര്‍ന്നു 12.10 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.02% താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ മാറ്റമില്ലാതെ 1.94 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച ഭിന്നദിശകളില്‍ നീങ്ങി. ജര്‍മന്‍ സൂചിക 0.53 ശതമാനം ഉയര്‍ന്നു. മറ്റു സൂചികകള്‍ താഴ്ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ദക്ഷിണ കൊറിയയില്‍ കോസ്പി സൂചിക രണ്ടര ശതമാനം കയറി. ജപ്പാനില്‍ നിക്കൈ സൂചിക ഉയര്‍ന്നു തുടങ്ങിയിട്ടു നഷ്ടത്തിലേക്കു മാറി. ഓസ്‌ട്രേലിയന്‍ വിപണിയും നഷ്ടത്തിലായി. തായ്വാന്‍ സൂചിക നാമമാത്ര നേട്ടത്തിലാണ്. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.90 ശതമാനം കയറി. ഷാങ്ഹായ് സൂചിക നാമമാത്രമായി ഉയര്‍ന്നു.
ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയും പശ്ചിമേഷ്യന്‍ സംഘര്‍ഷവും വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയെ താഴ്ത്തി. മീഡിയയും കണ്‍സ്യൂമര്‍ ഡ്യുറബിള്‍സും ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലായി.
വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ച അറ്റ വാങ്ങലുകാരായി. അവര്‍ ക്യാഷ് വിപണിയില്‍ 508.12 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശിഫണ്ടുകള്‍ 356.40 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വെള്ളിയാഴ്ച സെന്‍സെക്സ് 70.71 പോയിന്റ് (0.09%) താഴ്ന്ന് 78,009.25ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 29.85 പോയിന്റ് (0.12%) കുറഞ്ഞ് 24,366.00ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 144.15 പോയിന്റ് (0.25%) നഷ്ടത്തോടെ 57,491.10ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 339.40 പോയിന്റ് (0.53%) താഴ്ന്ന് 63,782.15 ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 136.55 പോയിന്റ് (0.69%) നഷ്ടത്തോടെ 19,738.55ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ നഷ്ടത്തിലായി. ബിഎസ്ഇയില്‍ 1896 ഓഹരികള്‍ കയറി, 2393 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1475 എണ്ണം ഉയര്‍ന്നപ്പോള്‍ 1843 എണ്ണം താഴ്ന്നു.
റോള്‍സ് റോയ്സുമായി സഖ്യം ഉണ്ടാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രതിരോധ മേഖലയിലേക്കു വലിയ ചുവടുവയ്പ് നടത്തുന്നു. അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റിനു വേണ്ട എന്‍ജിന്‍ നിര്‍മാണത്തിനാണു റോള്‍സ് റോയ്സുമായി കരരാര്‍ ഉണ്ടാക്കിയത്.
ജൂണ്‍ പാദത്തില്‍ വരുമാനം 18.7 ശതമാനം കൂടിയപ്പോള്‍ വോള്‍ട്ടാസ് അറ്റാദായം 52.2 ശതമാനം വര്‍ധിപ്പിച്ചു.
പതഞ്ജലി ഫുഡ്സ് ജൂണ്‍ പാദ വരുമാനം 29 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായം 86 ശതമാനം ഉയര്‍ന്നു.
കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് വഴി 3000 കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനു ജൂണ്‍ പാദത്തില്‍ വരുമാനവും അറ്റാദായവും കുറഞ്ഞു. വരുമാന 6.9 ശതമാനം കുറഞ്ഞ് 910 കോടിയായി. അറ്റാദായം 27.7 ശതമാനം ഇടിഞ്ഞ് 135.8 കോടി രൂപയില്‍ എത്തി.
യുഎസ് ഫെഡ് പലിശ കൂട്ടാനുള്ള സാധ്യത കുറയുന്നു എന്ന നിഗമനത്തില്‍ സ്വര്‍ണവില വെള്ളിയാഴ്ച അല്‍പം ഉയര്‍ന്നു. ഇന്നും കയറ്റം തുടര്‍ന്നു 4400 ഡോളറിനു മുകളില്‍ എത്തി. വെള്ളിയാഴ്ച 25.30 ഡോളര്‍ കൂടി ഔണ്‍സിനു 4377.60 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4417 ഡോളറില്‍ എത്തിയിട്ടു 4395 ലേക്കു താഴ്ന്നു.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 1120 രൂപ ഉയര്‍ന്ന് 1,13,760 രൂപയില്‍ എത്തി.
വെള്ളിവില വെള്ളിയാഴ്ച ഉയര്‍ന്ന് ഔണ്‍സിന് 64.82 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 65.34 ഡോളറില്‍ എത്തി.
പ്ലാറ്റിനം 1755 ഡോളര്‍, പല്ലാഡിയം 1310 ഡോളര്‍, റോഡിയം 8550 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
രാജ്യാന്തര റബര്‍വില താഴ്ച തുടര്‍ന്നു. കേരളത്തിലും വില കുറഞ്ഞു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 281.90 ഡോളറിലും ആര്‍എസ്എസ് മൂന്ന് 278.50 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ക്വിന്റലിന് 27,900 രൂപയിലേക്കു താഴ്ന്നു.
വ്യാവസായിക ലോഹങ്ങള്‍ മിക്കവയും വെള്ളിയാഴ്ച ഇടിഞ്ഞു. എന്നാല്‍ ചെമ്പ് റെക്കോര്‍ഡ് കുറിച്ചു. ചെമ്പ് 1.81 ശതമാനം ഉയര്‍ന്നു 14,542.50 ഡോളറില്‍ എത്തി. അലൂമിനിയം 1.10 ശതമാനം ഇടിഞ്ഞ് 3238.37 ഡോളര്‍ ആയി. സിങ്കും ലെഡ്ഡും നിക്കലും താഴ്ന്നു. ടിന്‍ ഉയര്‍ന്നു.
കൊക്കോ വില വെള്ളിയാഴ്ച 0.94 ശതമാനം ഉയര്‍ന്നു ടണ്ണിന് 5773 ഡോളറില്‍ എത്തി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഉല്‍പാദനം 16 ശതമാനം കുറയുമെന്നാണു ഘാനയിലെ കൊക്കോ ബോര്‍ഡ് കണക്കാക്കുന്നത്. ഐവറി കോസ്റ്റിലും ഉല്‍പാദനം 10 ശതമാനത്തിലധികം ഇടിയും. ഏറ്റവുമധികം കൊക്കോ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇവ. ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും കൂടി ഉല്‍പാദനം ഒരു ലക്ഷം ടണ്‍ കുറയുമെന്നാണ് എസ്റ്റിമേറ്റ്.
അറബിക്ക കാപ്പിവില 0.48 ശതമാനം കയറി പൗണ്ടിന് 3.14 ഡോളര്‍ ആയി. എല്‍ നിനോ മൂലം അടുത്ത വര്‍ഷത്തെ ഉല്‍പാദനം കുറയും എന്ന ആശങ്കയുണ്ട്.
യുഎസ് ഡോളര്‍ സൂചിക വെള്ളിയാഴ്ച ഇടിഞ്ഞ് 99.67 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.54 വരെ താഴ്ന്നു.
യൂറോ 1.1578 ഡോളറിലേക്കും പൗണ്ട് 1.3551 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 159.04 യെന്‍ എന്ന നിലയില്‍ ആയി. ചൈനീസ് യുവാന്‍ ഡോളറിന് 6.74 എന്ന നിരക്കില്‍ തുടര്‍ന്നു.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.684 ശതമാനത്തിലേക്കു കയറി.
വെള്ളിയാഴ്ച ഇന്ത്യന്‍ രൂപ നാമമാത്ര നേട്ടത്തില്‍ അവസാനിച്ചു. ഡോളര്‍ ഒരു പൈസ കുറഞ്ഞ് 95.43 രൂപയില്‍ ക്ലോസ് ചെയ്തു.
വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.59 രൂപയില്‍ ആണ്. ചൈനീസ് യുവാന്‍ 14.13 രൂപയിലേക്കു താണു. യൂറോ 110.21 രൂപയിലേക്കു കയറി.
വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ 1.45 ഡോളര്‍ കൂടി 88.52 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് വീപ്പയ്ക്ക് 88.92 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 82.54 ഡോളറിലും എത്തി.
ക്രിപ്‌റ്റോകറന്‍സികള്‍ താഴ്ന്ന നിലയില്‍ ചാഞ്ചാട്ടത്തിലാണ്. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 63,000 ഡോളറിനു താഴെ എത്തി. ഈഥര്‍ 1890 ഡോളറിനും സൊലാന 75 ഡോളറിനും താഴെയോണ്.
Read DhanamOnline in English
Subscribe to Dhanam Magazine