Markets

അനിശ്ചിത്വത്തിലേക്കു വിപണി; സ്വദേശി ആവേശം നിക്ഷേപകര്‍ ഏറ്റെടുക്കുമോ? ജിഎസ്ടി ലാഭമേളയില്‍ പ്രതീക്ഷ; എച്ച് വണ്‍ ബി ഐടി മേഖലയെ ഉലയ്ക്കും

സ്വദേശി പ്രസ്ഥാനത്തിലൂടെ അമേരിക്കന്‍ വെല്ലുവിളികളെ ഇന്ത്യ അതിജീവിക്കുമെന്നു കാണിക്കാന്‍ നിക്ഷേപകര്‍ ഉത്സാഹിച്ചാല്‍ മാത്രം വിപണി മുന്നേറ്റം തുടരും

T C Mathew

ജിഎസ്ടി ലാഭമേള രാജ്യത്ത് വലിയ വില്‍പന തരംഗം ഉണ്ടാക്കുമെന്ന പ്രചാരണം. എച്ച് വണ്‍ ബി വീസകള്‍ അപ്രാപ്യമാക്കുന്ന യുഎസ് ഫീസ് വര്‍ധനയുടെ ആഘാതം. ഇന്ന് അമേരിക്കയില്‍ എത്തുന്ന വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ നടത്തുന്ന വ്യാപാര ചര്‍ച്ചയിലുള്ള ആശങ്ക. ഇന്ത്യന്‍ വിപണി ഇന്നു തുടങ്ങുന്നത് അനിശ്ചിതത്വങ്ങളുടെ നടുവിലേക്കാണ്. സ്വദേശി പ്രസ്ഥാനത്തിലൂടെ അമേരിക്കന്‍ വെല്ലുവിളികളെ ഇന്ത്യ അതിജീവിക്കുമെന്നു കാണിക്കാന്‍ നിക്ഷേപകര്‍ ഉത്സാഹിച്ചാല്‍ മാത്രം വിപണി മുന്നേറ്റം തുടരും.

എച്ച് വണ്‍ ബി വീസ ഫീസ് വര്‍ധന പുതിയ അപേക്ഷകര്‍ക്ക് ഒറ്റത്തവണ മാത്രം ബാധകമാണെന്നും വീസ ഉള്ളവര്‍ക്ക് ഒരു മാറ്റവും ഇല്ലെന്നും യുഎസ് സര്‍ക്കാര്‍ വിശദീകരിച്ചു എങ്കിലും വിഷയത്തിലെ അപായങ്ങള്‍ തുടരുന്നു. വിഷയം ആത്യന്തികമായി അമേരിക്കയ്ക്കാണ് വലിയ ക്ഷീണം വരുത്തുക എന്നു പറയുമ്പോഴും ഇന്ത്യന്‍ യുവാക്കള്‍ക്കു വലിയ നഷ്ടമാണ് ഉണ്ടാകുന്നത് എന്ന വസ്തുത നിലനില്‍ക്കുന്നു. നിബന്ധന മറി കടക്കാന്‍ കാനഡയിലോ മെക്‌സിക്കോയിലോ ജോലിക്കാരെ നിയോഗിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രമിക്കാം. എന്തായാലും ഐടി സേവന കമ്പനികള്‍ക്ക് വലിയ തിരിച്ചടി നേരിടുന്ന ആഴ്ചയാണു തുടങ്ങുന്നത്.

അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ച പുതിയ സാഹചര്യത്തില്‍ എത്ര മാത്രം മുന്നോട്ടു പോകും എന്നതു കണ്ടറിയണം. നവംബറോടെ കരാര്‍ എന്നായിരുന്നു പ്രതീക്ഷ. കാര്‍ഷിക മേഖലയിലും പേറ്റന്റ് വിഷയത്തിലും ഡാറ്റാ ഇന്ത്യയില്‍ സൂക്ഷിക്കണമെന്ന നിബന്ധനയിലും ജനിതക മാറ്റത്തോടുളള വിയോജിപ്പിലും ഇന്ത്യ വലിയ മാറ്റത്തിനു തയാറാകണമെന്ന നിലപാടിലാണ് അമേരിക്ക.

ജിഎസ്ടി കുറയ്ക്കുന്നതിന്റെ പേരില്‍ കമ്പനികളുടെ ഓഹരികള്‍ ഇതിനകം അഞ്ചു മുതല്‍ 15 വരെ ശതമാനം കുതിച്ചിട്ടുണ്ട്. ഇന്നു നികുതി കുറയ്ക്കല്‍ നടപ്പാകുന്നത് ഓഹരികളില്‍ കാര്യമായ മാറ്റം വരുത്താനില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ വില്‍പനയിലെ ട്രെന്‍ഡ് അറിയുമ്പോള്‍ ഓഹരികളില്‍ അതു പ്രതിഫലിക്കും.

വെള്ളിയാഴ്ച കുതിച്ച അമേരിക്കന്‍ വിപണിയുടെ ചുവടുപിടിച്ച് ഇന്ന് ഏഷ്യന്‍ വിപണികള്‍ കുതിപ്പിലാണ്.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,369.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,313 വരെ ഇടിഞ്ഞു. ഇന്ത്യന്‍ വിപണി ഇന്നു വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് താഴ്ചയില്‍

യൂറോപ്യന്‍ ഓഹരികള്‍ വെള്ളിയാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. യൂറോപ്പില്‍ ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് ഓഹരികള്‍ ഇടിഞ്ഞു. യുകെയില്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം ഉയര്‍ന്നു. സര്‍ക്കാര്‍ കടമെടുപ്പു വര്‍ധിച്ചതാണ് കാരണം.

യുഎസ് വിപണികള്‍ കുതിച്ചു

അമേരിക്കന്‍ വിപണികള്‍ വെള്ളിയാഴ്ചയും മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഡൗ ജോണ്‍സ് ക്ലോസിംഗ് റെക്കോര്‍ഡ് കുറിച്ചു. മുഖ്യ സൂചികകള്‍ പ്രതിവാര നേട്ടവും രേഖപ്പെടുത്തി.

ഡൗ ജോണ്‍സ് സൂചിക വെള്ളിയാഴ്ച 172.85 പോയിന്റ് (0.37%) ഉയര്‍ന്ന് 46,315.27ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 32.40 പോയിന്റ് (0.49%) കയറി 6664.36ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 160.75 പോയിന്റ് (0.72%) കുതിച്ച് 22,631.47ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു താഴ്ചയിലാണ്. ഡൗ 0.19 ഉം എസ് ആന്‍ഡ് പി 0.13 ഉം നാസ്ഡാക് 0.10 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നും കുതിപ്പിലായി. ജപ്പാനില്‍ നിക്കൈ ഇന്നു രാവിലെ 1.4 ശതമാനം ഉയര്‍ച്ചയോടെ റെക്കോര്‍ഡ് വീണ്ടും തിരുത്തി. ദക്ഷിണ കൊറിയന്‍, ഓസ്‌ട്രേലിയന്‍ വിപണികളും കയറി. ഹോങ് കോങ്, ചൈനീസ് വിപണികള്‍ താഴ്ന്നു വ്യാപാരം തുടങ്ങി. ചൈനീസ് കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല.

ഇന്ത്യന്‍ വിപണി താഴ്ന്നു

വ്യാപാര ചര്‍ച്ചകളിലെ പ്രതീക്ഷയും ജിഎസ്ടി കുറയ്ക്കല്‍ വഴി ഉണ്ടാകുന്ന വ്യാപാരവര്‍ധനയുടെ സ്വപ്നങ്ങളും വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയെ സഹായിച്ചില്ല. മുഖ്യസൂചികകള്‍ ഇടിവിലായി. തലേന്നത്തെ നേട്ടങ്ങള്‍ നഷ്ടമാക്കി.

പൊതുമേഖലാ ബാങ്കുകളുടെ പുന:സംഘടന സംബന്ധിച്ച പ്രതീക്ഷകള്‍ ആ ഓഹരികളെ വീണ്ടും ഉയര്‍ത്തിയതാണ് വെള്ളിയാഴ്ച വലിയ തകര്‍ച്ച ഒഴിവാക്കിയത്. ഫാര്‍മസ്യൂട്ടിക്കല്‍, റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍ ഓയില്‍ -ഗ്യാസ്, മെറ്റല്‍ കമ്പനികള്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കി. ഐടി, എഫ്എംസിജി, ഓട്ടോ, ധനകാര്യ, ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖലകള്‍ താഴ്ന്നു.

നിഫ്റ്റി 96.55 പോയിന്റ് (0.38%) താഴ്ന്ന് 25,327.05 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 387.73 പോയിന്റ് (0.47%) ഇടിഞ്ഞ് 82,626.23 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 268.60 പോയിന്റ് (0.48%) നഷ്ടത്തോടെ 55,458.85 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 21.15 പോയിന്റ് (0.04%) ഉയര്‍ന്ന് 59,094.35ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 27.60 പോയിന്റ് (0.15%) കയറി 18,504.55ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ബിഎസ്ഇയില്‍ ഇറക്കത്തിന് അനുകൂലമായി മാറി. 2037 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2111 ഓഹരികള്‍ ഇടിഞ്ഞു. എന്നാല്‍ എന്‍എസ്ഇയില്‍ കയറ്റത്തിന് അനുകൂലമായി നിന്നു. ഉയര്‍ന്നത് 1599 എണ്ണം. താഴ്ന്നത് 1425 ഓഹരികള്‍.

എന്‍എസ്ഇയില്‍ 67 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 31 എണ്ണമാണ്. 98 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 46 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ച ക്യാഷ് വിപണിയില്‍ 390.74 കാേടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകള്‍ 2105.22 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

സെപ്റ്റംബറില്‍ ഇതുവരെ വിദേശികള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചത് 7945 കോടി രൂപയാണ്. മുന്‍ മാസത്തെ അപേക്ഷിച്ചു വില്‍പനയുടെ തോത് കുറഞ്ഞു. ഓഗസ്റ്റില്‍ 34,990 കോടിയും ജൂലൈയില്‍ 17,700 കോടിയും രൂപ പിന്‍വലിച്ചതിനു പിന്നാലെയാണിത്. 2025-ല്‍ ഇതുവരെ വിദേശികള്‍ 1,38,000 കോടി രൂപ പിന്‍വലിച്ചിട്ടുണ്ട്.

വിപണി മുന്നേറ്റം തുടരും എന്ന പ്രതീക്ഷയിലാണു ബുള്ളുകള്‍. പക്ഷേ എച്ച് വണ്‍ ബി വീസ വിഷയം ഓഹരികള്‍ക്കു തിരിച്ചടിയാകാം. ഇന്നു നിഫ്റ്റിക്ക് 25,295 ലും 25,210 ലും പിന്തുണ ലഭിക്കും. 25,400 ലും 25,490 ലും തടസങ്ങള്‍ ഉണ്ടാകും.

നവരാത്രിയില്‍ ഷോപ്പിംഗ് മേള?

നവരാത്രി രാജ്യത്ത് ഏറ്റവുമധികം ഷോപ്പിംഗ് നടക്കുന്ന കാലമാണ്. പല പേരുകളിലായാലും രാജ്യമെങ്ങും ഈ സീസണില്‍ ജനം ഉത്സവലഹരിയിലാണ്. അതു വില്‍പനയില്‍ പ്രതിഫലിക്കുന്നതു സ്വാഭാവികം. നവരാത്രിയുടെ തുടക്ക ദിവസം ആയ ഇന്നാണു ജിഎസ്ടി പരിഷ്‌കാരം നിലവില്‍ വരുന്നത്. 12 ശതമാനം നികുതി സ്ലാബിലെ ഇനങ്ങളില്‍ ഭൂരിപക്ഷം അഞ്ചു ശതമാനത്തിലേക്കും 28% സ്ലാബിലെ കുറേ എണ്ണം 18% ലേക്കും മാറ്റിയ പരിഷ്‌കാരങ്ങള്‍ ജനങ്ങളെ വലിയ ഷോപ്പിംഗ് മേളയിലേക്കു നയിക്കും എന്നാണു ഗവണ്മെന്റ് കരുതുന്നത്.

ബജറ്റില്‍ പ്രഖ്യപിച്ച ആദായനികുതി ഇളവും ഇപ്പോള്‍ ജിഎസ്ടി ഇളവും കൂടി രണ്ടര ലക്ഷം കോടി രൂപയുടെ ആദായം ജനങ്ങള്‍ക്കു നല്‍കി എന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. അതും അതിനപ്പുറവും ഷോപ്പിംഗിലേക്കു മാറിയാലേ ഇപ്പറയുന്ന സമ്പാദ്യോത്സവം നടക്കൂ.

ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനികള്‍ വില കുറച്ചിട്ടുണ്ട്. വില കുറഞ്ഞതു സോപ്പിനും പേസ്റ്റിനും ഷാം പൂവിനും ഡിമാന്‍ഡ് എത്ര കണ്ടു വര്‍ധിപ്പിക്കും എന്നതു കണ്ടറിയണം. ഭൂരിപക്ഷം ഇടത്തരക്കാര്‍ക്കും വരുമാനം മുരടിച്ചു നില്‍ക്കുകയോ നാളത്തെ കാര്യം ഉറപ്പില്ലാതാകുകയോ ചെയ്തതാണ് എഫ്എംസിജി വില്‍പനയുടെ വളര്‍ച്ച കുറച്ചത്. ആ സാഹചര്യത്തിനു മാറ്റം വന്നിട്ടില്ല.

പാലിനും പാല്‍ ഉല്‍പന്നങ്ങള്‍ക്കും കമ്പനികള്‍ ഗണ്യമായ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിലകുറഞ്ഞതു വഴി വില്‍പനയില്‍ എത്ര വര്‍ധന ഉണ്ടാകും എന്ന ചോദ്യം ഇവിടെയും ഉയരും.

പാര്‍പ്പിട നിര്‍മാണത്തെ ഉത്തേജിപ്പിക്കാന്‍ സിമന്റിനു നികുതി കുറച്ചു. എന്നാല്‍ സ്റ്റീല്‍ അടക്കം മറ്റു സാധനങ്ങള്‍ക്കു മാറ്റമില്ല. ബില്‍ഡര്‍മാര്‍ക്കു ചെലവ് കുറയുമെങ്കിലും പാര്‍പ്പിടം വാങ്ങുന്നവര്‍ക്കു കാര്യമായ ആദായം പ്രതീക്ഷിക്കാനില്ല.

ഗൃഹോപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയുടെ വിലയും ഗണ്യമായി കുറഞ്ഞു. കോവിഡിനു ശേഷം ഗൃഹോപകരണ വില്‍പന തിരിച്ചടി നേരിട്ടിരുന്നു. ഉപയോക്താക്കളുടെ വരുമാന പ്രതീക്ഷ മോശമായതാണു പ്രധാനകാരണം.

കാറുകളില്‍ എന്‍ട്രിലെവല്‍ വിഭാഗത്തിന് 20 മുതല്‍ 26 വരെ ശതമാനം കുറവുവരുത്തി. മൂന്നു വര്‍ഷമായി ആ വിഭാഗത്തിന്റെ വില്‍പന കുറയുകയാണ്. വില കുറയുമ്പോള്‍ വില്‍പന തിരിച്ചുകയറുമോ എന്ന പരീക്ഷണമാണ് മാരുതി അടക്കമുള്ള കമ്പനികള്‍ നടത്തുന്നത്. ജിഎസ്ടിയില്‍ വന്ന കുറവിനേക്കാള്‍ ഗണ്യമായി കൂടുതലാണ് മാരുതി എന്‍ട്രി ലെവല്‍ വാഹനങ്ങള്‍ക്കു വരുത്തിയിട്ടുള്ള കുറവ്. എസ്യുവികള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും നികുതിയിലെ കുറവ് മുഴുവന്‍ ചില്ലറവിലയില്‍ കിഴിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ വരുമാനത്തില്‍ ഗണ്യമായ നഷ്ടം വരുന്ന വിധമാണു നികുതി കുറയ്ക്കല്‍ എന്നാണു പ്രധാനമന്ത്രിയും ധനമന്ത്രിയും പറയുന്നത്. ഉയര്‍ന്ന വില്‍പന വഴി ഈ നഷ്ടം നികത്താം എന്ന പ്രതീക്ഷ ഉണ്ട്. പ്രതീക്ഷ പോലെ വന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ ബജറ്റ് കണക്കുകള്‍ പാളം തെറ്റും.

വില്‍പനയിലെ യഥാര്‍ഥ മാറ്റം ഒക്ടോബറിലെയും നവംബറിലെയും ജിഎസ്ടി പിരിവ് കണക്കുകളില്‍ ആണ് അറിവാകുക. ഈ മാസത്തെ പിരിവ് ഓഗസ്റ്റിലെ വില്‍പനയുടേതാണ്. അത് കുറവായിരിക്കും.

ഓഗസ്റ്റ് 15 ലെ നികുതി കുറയ്ക്കല്‍ പ്രഖ്യാപനം മുതല്‍ ഇതുവരെ വില്‍പന മാറ്റി വച്ച ധാരാളം പേരുണ്ട്. നവരാത്രിയുടെ തുടക്കവും ശുഭദിനവുമായ ഇന്നു പുതിയ നിരക്കില്‍ സാധനങ്ങള്‍ കിട്ടാനായി ഡീലര്‍മാരും റീട്ടെയിലര്‍മാരും കഴിഞ്ഞ ആഴ്ചകളില്‍ നല്‍കിയ ഓര്‍ഡറുകള്‍ ധാരാളമുണ്ട്. അതു ചേരുമ്പോള്‍ സെപ്റ്റംബറിലെ വ്യാപാരം കഴിഞ്ഞ ആറ് ആഴ്ചകളിലെ കോട്ടം നികത്തുമോ എന്നറിയാം. മാറ്റി വച്ച മ്യാപാരം തിരിച്ചു വരുന്നതില്‍ ഷോപ്പിംഗ് മേളയുടെ ഫലം ഒതുങ്ങിയാല്‍ സര്‍ക്കാരിന്റെ കമ്മി കൂടുകയും മൂലധന നിക്ഷേപം കുറയുകയും ചെയ്യും.

എച്ച് വണ്‍ ബി വീസയും കമ്പനികളും

വീസ വിഷയം തങ്ങളെ സാരമായി ബാധിക്കില്ലെന്ന് എംഫസിസ് ലിമിറ്റഡ് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. എച്ച് വണ്‍ ബി വീസ കാര്യമായി ഉപയോഗിക്കാത്തതാണു കാര്യം. ഈ വര്‍ഷം 130 വീസ അപേക്ഷിച്ചതില്‍ 78 എണ്ണമേ ലഭിച്ചുള്ളൂ.

വരുമാനത്തിന്റെ ഗണ്യമായ ഭാഗം അമേരിക്കയില്‍ നിന്നാണെങ്കിലും വീസ വിഷയം കാര്യമായി ബാധിക്കില്ലെന്ന പ്രതീക്ഷ പെര്‍സിസ്റ്റന്റ് സിസ്റ്റംസും സാസ്‌കെന്‍ ടെക്‌നോളജീസും പ്രകടിപ്പിച്ചു. സാസ്‌കെന്‍ ജീവനക്കാരില്‍ ഭൂരിപക്ഷവും ഇന്ത്യയിലാണത്രെ.

കഴിഞ്ഞ വര്‍ഷം ആറു ജീവനക്കാരെ മാത്രം എച്ച് വണ്‍ ബി വീസയില്‍ അയച്ച സയന്റും തങ്ങള്‍ കാര്യമായ പ്രശ്‌നം പ്രതീക്ഷിക്കുന്നില്ല എന്നറിയിച്ചു.

വരുമാനത്തിന്റെ 53 ശതമാനം അമേരിക്കയില്‍ നിന്നു കിട്ടുന്ന കോഫോര്‍ജ് എച്ച് വണ്‍ ബിയില്‍ കാര്യമായ ആശ്രിതത്വം ഇല്ലെന്ന് അവകാശപ്പെട്ടു. എച്ച് വണ്‍ ബി ഉപയോഗിക്കുന്നതേ ഇല്ലെന്ന് ഫസ്റ്റ് സോഴ്‌സ് സൊലൂഷന്‍സ് പറഞ്ഞു.

കമ്പനികള്‍, വാര്‍ത്തകള്‍

വോഡഫോണ്‍ ഐഡിയ അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യു (എജിആര്‍) കുടിശിക വിഷയത്തില്‍ ഉന്നയിക്കുന്ന വാദമുഖങ്ങളെ എതിര്‍ക്കുന്നില്ല എന്നു ഗവണ്മെന്റ് സുപ്രീം കോടതിയില്‍ അറിയിച്ചു. ഇതു കേസില്‍ നിര്‍ണായക വഴിഞ്ഞിരിവാണ് കേസില്‍ കമ്പനിക്ക് അനുകൂലമായി വിധി വരാന്‍ സാധ്യത തെളിഞ്ഞു എന്നാണു വിലയിരുത്തല്‍. ഈ മാസം ഇതുവരെ ഓഹരി 33 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

വില 200 ദിന മൂവിംഗ് ശരാശരിക്കു മുകളിലായി. ഇനിയും ഗണ്യമായ കയറ്റത്തിനു സാധ്യത ഉണ്ടെന്നാണു സാങ്കേതിക വിശകലനക്കാര്‍ പറയുന്നത്. ഗവണ്മെന്റിന് 49 ശതമാനം ഓഹരി ഉണ്ട് കമ്പനിയില്‍. എജിആര്‍ കുടിശിക ഓഹരിയാക്കി മാറ്റിയാണ് ഇതുണ്ടായത്. എജിആര്‍ കുടിശിക ആശയം ഇല്ലാതാക്കുന്ന വിധി വരുന്ന പക്ഷം സര്‍ക്കാര്‍ ഓഹരിയുടെ ഭാവി എന്താകും എന്ന ചോദ്യവും ഉയരുന്നുണ്ട്.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡും മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സും തമിഴ്‌നാട്ടില്‍ കപ്പല്‍ നിര്‍മാണശാലകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ആദ്യഘട്ടത്തില്‍ 10,000 തൊഴില്‍ നല്‍കുന്ന 15,000 കോടി രൂപയുടെ നിക്ഷേപം നടത്തും. മസഗാേണ്‍ 45,000 പേര്‍ക്ക് പണിനല്‍കാവുന്ന 15,000 കോടി രൂപയുടെ നിക്ഷേപമാണു നടത്തുക.

സ്വര്‍ണം കയറ്റത്തില്‍

ഫെഡറല്‍ റിസര്‍വ് തീരുമാനത്തിനു പിന്നാലെ താഴ്‌ന്നെങ്കിലും വെള്ളിയാഴ്ച സ്വര്‍ണം നല്ല മുന്നേറ്റത്തോടു കൂടിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ വര്‍ഷം ഇതുവരെ 40 ശതമാനത്തിലധികം കയറിയ സ്വര്‍ണം ഇനി സമാഹരണത്തിനാകും വരുന്ന ആഴ്ചകളില്‍ ശ്രമിക്കുക എന്നു പറയുന്ന നിരീക്ഷകരാണു കൂടുതല്‍. എന്നാല്‍ വര്‍ഷാവസാനത്തോടെ ഔണ്‍സിനു 4000 ഡോളര്‍ എന്ന നിഗമനം മാറ്റാന്‍ ബിഎന്‍പി പാരിബ അടക്കമുള്ള ബാങ്കുകള്‍ ഉദ്ദേശിക്കുന്നില്ല. സ്വിസ് ബാങ്ക് യുബിഎസ് 3800 ഡോളറാണു ലക്ഷ്യമിടുന്നത്. ജര്‍മനിയിലെ കൊമേഴ്‌സ് ബാങ്ക് 2026 ഒടുവിലേ വില 3800 ഡോളറില്‍ എത്തൂ എന്നു കരുതുന്നു. 2026 പകുതിയോടെ 4000 ഡോളറില്‍ എത്തുമെന്നാണു ജെപി മോര്‍ഗന്‍ ചേയ്‌സിന്റെ വിലയിരുത്തല്‍.

മൂന്നു വര്‍ഷമായി സ്വര്‍ണം വലിയ കുതിപ്പു കാണിക്കുന്നുണ്ടെങ്കിലും വിലക്കയറ്റം കിഴിച്ചാല്‍ 1980 ജനുവരിയിലെ റെക്കോര്‍ഡ് വിലയുടെ മുകളിലായിട്ടില്ല. ആ വര്‍ഷം ജനുവരി 20-ന് എത്തിയ 850 ഡോളര്‍ വിലയോളം ആകാന്‍ ഇപ്പോള്‍ ഔണ്‍സിന് 3950 ഡോളര്‍ എത്തണം.

സ്വര്‍ണം മാത്രമല്ല വെള്ളി, പ്ലാറ്റിനം, പല്ലാഡിയം തുടങ്ങിയ വിശിഷ്ട ലോഹങ്ങളും ഇക്കൊല്ലം വലിയ കുതിപ്പിലാണ്. ജനുവരി ഒന്നു മുതല്‍ വെള്ളി 49-ഉം പ്ലാറ്റിനം 51-ഉം പല്ലാഡിയം 25 ഉം ശതമാനം ഉയര്‍ന്നു. വെള്ളി വര്‍ഷാവസാനത്തോടെ 50 ഡോളറില്‍ എത്തുമെന്നാണ് നിഗമനം.

വെള്ളിയാഴ്ച സ്‌പോട്ട് വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 40.40 ഡോളര്‍ കുതിച്ച് 3686.00 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3694 ഡോളറില്‍ എത്തിയിട്ട് 3689ലേക്കു താഴ്ന്നു.

അവധിവില 3726 ഡോളര്‍ വരെ കയറി. കേരളത്തില്‍ 22 കാരറ്റ് പവന്‍വില വെള്ളിയാഴ്ച 120 രൂപ കൂടി 81,640 രൂപയായി. ശനിയാഴ്ച പവന് 600 രൂപ കുതിച്ച് 82,240 രൂപയില്‍ എത്തി. വെള്ളിവില ഔണ്‍സിന് 43.15 ഡോളറില്‍ ആണ്.

ലോഹങ്ങള്‍ പല വഴി

വ്യാവസായിക ലോഹങ്ങള്‍ വെള്ളിയാഴ്ചയും ഭിന്നദിശകളില്‍ നീങ്ങി. ചെമ്പ് 0.09 ശതമാനം കയറി ടണ്ണിന് 9904.00 ഡോളറില്‍ എത്തി. അലൂമിനിയം 0.67 ശതമാനം താഴ്‌ന് 2672.71 ഡോളറില്‍ അവസാനിച്ചു. ലെഡും സിങ്കും ഇടിഞ്ഞു. ടിന്നും നിക്കലും കയറി.

രാജ്യാന്തര വിപണിയില്‍ റബര്‍ വില 1.50 ശതമാനം കുറഞ് കിലോഗ്രാമിന് 170.60 സെന്റ് ആയി. കൊക്കോ 0.30 ശതമാനം താഴ്ന്ന് ടണ്ണിന് 7211.26 ഡോളറില്‍ എത്തി. കാപ്പി 4.08 ശതമാനവും തേയില 2.39 ശതമാനവും താഴ്ന്നു. പാം ഓയില്‍ വില 0.23 ശതമാനം കുറഞ്ഞു.

ഡോളര്‍ സൂചിക കയറി

ഡോളര്‍ സൂചിക വെള്ളിയാഴ്ച ഉയര്‍ന്ന് 97.64 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.73 ലേക്ക് കയറി.

കറന്‍സി വിപണിയില്‍ ഡോളര്‍ അല്‍പം ഉയര്‍ന്നു. യൂറോ 1.1734 ഡോളറിലേക്കും പൗണ്ട് 1.3466 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ താഴ്ന്നു ഡോളറിന് 148.15 യെന്‍ എന്ന നിരക്കിലായി.

യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില വീണ്ടും കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.133 ശതമാനമായി ഉയര്‍ന്നു.

വെള്ളിയാഴ്ച ഇന്ത്യന്‍ രൂപ ചെറിയ നേട്ടത്തില്‍ അവസാനിച്ചു. ഡോളര്‍ നാലു പൈസ താഴ്ന്ന് 88.09 രൂപയില്‍ ക്ലോസ് ചെയ്തു.

ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.11 യുവാന്‍ എന്ന നിലയില്‍ തുടര്‍ന്നു.

ക്രൂഡ് ഓയില്‍ വില വെള്ളിയാഴ്ചയും താഴ്ന്നു. അമേരിക്കയില്‍ എണ്ണയുടെ ആവശ്യം കുറയും എന്ന സൂചനകളാണു കാരണം. ബ്രെന്റ് ഇനം വെള്ളിയാഴ്ച 1.15 ശതമാനം കുറഞ്ഞ് 66.68 ഡോളറില്‍ ക്ലോസ് ചെയ്തു. എന്നാല്‍ ഇന്നു രാവിലെ ക്രൂഡ് കയറ്റത്തിലായി. ബ്രെന്റ് ഇനം 67.04 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ 63.02 ഡോളറിലും മര്‍ബന്‍ ക്രൂഡ് 69.56 ഡോളറിലും ആണ്. പ്രകൃതിവാതക വില ഒന്നര ശതമാനം ഉയര്‍ന്നു.

ക്രിപ്‌റ്റോ കറന്‍സികള്‍ വാരാന്ത്യത്തില്‍ കയറിയിറങ്ങി. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 1,14,650 ഡോളറിലേക്കു താഴ്ന്നു. ഈഥര്‍ 4350 ഡോളറിലും സൊലാന 234 ഡോളറിലും ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT