image credit : canva 
Markets

ട്രംപും ഫെഡും ശ്രദ്ധാകേന്ദ്രങ്ങള്‍, വിപണി മുന്നേറ്റ പ്രതീക്ഷയില്‍, ഏഷ്യന്‍ വിപണികള്‍ താഴുന്നു, ക്രൂഡ് ഓയില്‍ ഇടിയുന്നു; 4000 ഡോളറിനു താഴെ സ്വര്‍ണം

ക്രൂഡ് ഓയില്‍ വില 66 ഡോളറില്‍ നിന്നു താഴോട്ടു നീങ്ങി. സ്വര്‍ണം ഔണ്‍സിനു 4,000 ഡോളറിനു താഴെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും 4,000 കടന്നിട്ടുണ്ട്

T C Mathew

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏഷ്യാപര്യടനം തുടരുന്നു. ഇന്നു ജപ്പാനില്‍ അദ്ദേഹം നടത്തുന്ന ചര്‍ച്ചകള്‍ നിര്‍ണായകമാണ്. നാളെ രാത്രി യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കും എന്ന പ്രതീക്ഷയില്‍ വിപണികള്‍ റെക്കോര്‍ഡ് ഉയരങ്ങളിലാണ്. പ്രതീക്ഷ പോലെ സംഭവിച്ചില്ലെങ്കില്‍ വലിയ ഇടിവുണ്ടാകാം.

ഇന്ത്യ-അമേരിക്ക വ്യാപാരകരാര്‍ എങ്ങുമെത്തിയിട്ടില്ല. എങ്കിലും ഇന്ത്യന്‍ വിപണി വലിയ പ്രതീക്ഷയിലാണ്. ക്രൂഡ് ഓയില്‍ വില 66 ഡോളറില്‍ നിന്നു താഴോട്ടു നീങ്ങി. സ്വര്‍ണം ഔണ്‍സിനു 4,000 ഡോളറിനു താഴെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും 4,000 കടന്നിട്ടുണ്ട്.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച 26,062.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,073 ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് കയറ്റത്തില്‍

യൂറോപ്യന്‍ ഓഹരികള്‍ തിങ്കളാഴ്ചയും കയറി. യുഎസ്-ചൈന വ്യാപാരധാരണയാണു വിപണിയെ സഹായിച്ചത്. ഡെന്മാര്‍ക്കിലെ സിഡ്ബാങ്ക് രാജ്യത്തെ മൂന്നു ചെറിയ ബാങ്കുകളെ ലയിപ്പിച്ച് എഎല്‍ സിഡ്ബാങ്ക് എന്ന പേരു സ്വീകരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു ഇതുവഴി രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കാകും. സിഡ് ബാങ്ക് ഓഹരി 5.5 ശതമാനം കുതിച്ചു.

യുഎസില്‍ കുതിപ്പ് തുടര്‍ന്നു

ചൈനയുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാപാരധാരണയില്‍ എത്തുന്നതിന്റെ ആവേശത്തില്‍ യുഎസ് വിപണികള്‍ ഇന്നലെയും കുതിച്ചു കയറി. മൂന്നു പ്രമുഖ സൂചികകളും റെക്കോര്‍ഡ് കുറിച്ചു. നാളെ ഫെഡിന്റെ പലിശ കുറയ്ക്കലും വ്യാഴാഴ്ച ട്രംപ്-ഷി കൂടിക്കാഴ്ചയും വിപണിയെ കയറ്റം തുടരാന്‍ പ്രതിപ്പിക്കും. ചൈനയുമായി ധാരണ ഉണ്ടാകുന്നതു ടെക്‌നോളജി മേഖലയെ ആണു കൂടുതല്‍ സഹായിക്കുക. ടെക് ഓഹരികള്‍ ഉയര്‍ന്നു. എന്‍വിഡിയയ്ക്കും എഎംഡി ക്കും ബദലായി പുതിയ നിര്‍മിതബുദ്ധി ചിപ്പുകള്‍ വിപണിയില്‍ ഇറക്കിയ ക്വാല്‍കോമിന്റെ ഓഹരി 11 ശതമാനം കുതിച്ചു.

ആപ്പിള്‍, ആമസോണ്‍, മെറ്റാ പ്ലാറ്റ്‌ഫോംസ്, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ് എന്നിവ ഈയാഴ്ച റിസല്‍ട്ട് പുറത്തുവിടും.

ഡൗ ജോണ്‍സ് സൂചിക തിങ്കളാഴ്ച 337.47 പോയിന്റ് (0.71%) ഉയര്‍ന്ന് 47,544.59ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 83.47 പോയിന്റ് (1.23%) നേട്ടത്തോടെ 6875.16ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 432.59 പോയിന്റ് (1.86%) കുതിച്ച് 23,637.46ല്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ ഡൗ 47,564.52ലും എസ് ആന്‍ഡ് പി 6877.28 ലും നാസ്ഡാക് 23,658.66ലും കയറി റെക്കോര്‍ഡ് കുറിച്ചു.

യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു കയറ്റത്തിലാണ്. ഡൗ 0.09 ഉം എസ്ആന്‍ഡ്പി 0.10 ഉം നാസ്ഡാക് 0.19 ഉം ശതമാനം ഉയര്‍ന്നാണു നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങി. ഇന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജാപ്പനീസ് പ്രധാനമന്ത്രി സനയ് തകായിച്ചിയുമായി നടത്തുന്ന ചര്‍ച്ചയിലാണ് എല്ലാവരുടെയും ശ്രദ്ധ. ദക്ഷിണ കൊറിയയുടെ മൂന്നാം പാദ ജിഡിപി വളര്‍ച്ച നിഗമനങ്ങളെ മറികടന്ന് ഈ വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 1.7 ശതമാനത്തില്‍ എത്തി. കയറ്റുമതിയിലെ ആറു ശതമാനം കുതിപ്പാണു സഹായമായത്. ഹോങ് കോങ്, ചൈനീസ് ഓഹരി സൂചികകള്‍ ചെറിയ നേട്ടത്തിലാണ്.

ആവേശത്തോടെ ഇന്ത്യ

ആഗോള ആവേശം ഏറ്റുവാങ്ങിയ ഇന്ത്യന്‍ വിപണി തിങ്കളാഴ്ച ഒടുക്കം വരെ അതു നിലനിര്‍ത്തി. മുഖ്യ സൂചികകള്‍ 0.67 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി 26,000 കടന്നെങ്കിലും അവിടെ നില്‍ക്കാനായില്ല. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും മികച്ച നേട്ടത്തിലായി. മീഡിയയും ഫാര്‍മയും ഒഴികെ എല്ലാ മേഖലകളും ഇന്നലെ ഉയര്‍ന്നു.

പൊതുമേഖലാ ബാങ്കുകളിലെ വിദേശ ഓഹരി (എഫ്ഡിഐ) പങ്കാളിത്തം 20 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയര്‍ത്താനുള്ള ആലോചന സര്‍ക്കാരിനുണ്ട് എന്ന റിപ്പോര്‍ട്ട് പിഎസ് യു ബാങ്ക് സൂചികയെ 2.22 ശതമാനം ഉയര്‍ത്തി.

ബ്രോക്കറേജുകള്‍ ലക്ഷ്യവില ഉയര്‍ത്തിയതിനെ തുടര്‍ന്നു ഫെഡറല്‍ ബാങ്ക് ഓഹരി ഇന്നലെ 235.20 രൂപവരെ ഉയര്‍ന്നിട്ട് 233.82 രൂപയില്‍ ക്ലോസ് ചെയ്തു. നിര്‍മല്‍ ബാംഗ് 266 രൂപയാണു ലക്ഷ്യവില നിര്‍ണയിച്ചത്. ബാങ്കില്‍ ബ്ലായ്ക്ക് സ്റ്റോണ്‍ 10 ശതമാനം ഓഹരി എടുത്തതാണു ലക്ഷ്യവില ഉയര്‍ത്താന്‍ കാരണം. സിഎസ്ബി ബാങ്ക് ഇന്നലെ അഞ്ചു ശതമാനം വരെ ഉയര്‍ന്നിട്ട് 3.4% നേട്ടത്തില്‍ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യന്‍, ധനലക്ഷ്മി ബാങ്കുകളും ഉയര്‍ന്നു.

അമേരിക്കയിലേക്കുള്ള കയറ്റുമതി കാര്യത്തില്‍ വ്യക്തത വരാത്തത് കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനെ 6.06 ശതമാനം ഇടിവിലാക്കി. വെള്ളിയാഴ്ച 17 ശതമാനം വരെ കുതിച്ചതാണ്.

മെറ്റാ പ്ലാറ്റ്‌ഫോംസുമായി നിര്‍മിതബുദ്ധി ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ സംയുക്ത സംരംഭം തുടങ്ങിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്നലെ 2.24 ശതമാനം ഉയര്‍ന്നു.

തിങ്കളാഴ്ച നിഫ്റ്റി 170.90 പോയിന്റ് (0.66%) ഉയര്‍ന്ന് 25,966.05ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 566.96 പോയിന്റ് (0.67%) കയറി 84,778.84ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 414.65 പോയിന്റ് (0.72%) കുതിച്ച് 58,114.25ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 548.95 പോയിന്റ് (0.93%) കയറി 59,780.15ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 149.70 പോയിന്റ് (0.82%) കുതിച്ച് 18,403.05ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ-ഇറക്ക അനുപാതം ഒപ്പത്തിനൊപ്പം തുടര്‍ന്നു. ബിഎസ്ഇയില്‍ 2099 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2198 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1637 എണ്ണം. താഴ്ന്നത് 1504 ഓഹരികള്‍.

എന്‍എസ്ഇയില്‍ 89 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 57 എണ്ണമാണ്. 85 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 89 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ച ക്യാഷ് വിപണിയില്‍ 55.58 കാേടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 2492.12 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

വിപണി മുന്നേറ്റം തുടരാനുള്ള മൂഡ് ആണു കാണിക്കുന്നത്. 26,277 എന്ന റെക്കോര്‍ഡ് മറികടക്കാനാകും ഇനി ശ്രമം.26,100 ല്‍ ശക്തമായ തടസം ഉണ്ടാകാം. ഇന്നു നിഫ്റ്റിക്ക് 25,870 ലും 25,820 ലും പിന്തുണ ലഭിക്കും. 26,000 ലും 26,055 ലും തടസങ്ങള്‍ ഉണ്ടാകും.

4,000 ഡോളറിനു താഴെ സ്വര്‍ണം

യുഎസ്-ചൈന വ്യാപാരധാരണ ഉറപ്പായത് ഓഹരികളിലേക്കു നിക്ഷേപകരെ നയിച്ചു. സ്വാഭാവികമായും സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളുടെ പ്രിയം കുറഞ്ഞു. തിങ്കളാഴ്ച സ്വര്‍ണത്തെ ഔണ്‍സിനു 4000 ഡോളറിനു താഴേക്കു വീഴ്ത്തിയത് ഈ മാറ്റമാണ്. നാളെ യുഎസ് ഫെഡ് പലിശ കുറയ്ക്കുന്നതും തല്‍ക്കാലം സ്വര്‍ണത്തെ ഉയര്‍ത്താനിടയില്ല.

കഴിഞ്ഞ ആഴ്ച സ്വര്‍ണവില എത്തിയ ഉയരത്തില്‍ (ഔണ്‍സിന് 4381.21 ഡോളര്‍) നിന്ന് 9.1 ശതമാനം നഷ്ടത്തിലാണു സ്വര്‍ണം ഇന്നലെ ക്ലോസ് ചെയ്തത്. ക്ലോസിംഗ് വില 3982.40 ഡോളര്‍. ഇന്നു രാവിലെ വില 4010 ഡോളര്‍ വരെ കയറി. വലിയ ചാഞ്ചാട്ടം തുടരും എന്നാണു നിഗമനം.

താഴോട്ടാണു വിലനീക്കം എന്ന ധാരണ പരന്നാല്‍ വില്‍പനപ്രളയം ഉണ്ടാകും എന്ന ഭയം വിപണിയില്‍ ഉണ്ട്. അത് ആവശ്യത്തിലധികം താഴ്ചയിലേക്കു സ്വര്‍ണത്തെ നയിക്കാം.

കഴിഞ്ഞ ആഴ്ചകളിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ് ആയ 4355 ല്‍ നിന്നു 10 ശതമാനം താഴെയുള്ള 3919 ഡോളര്‍ വരെയുള്ള പതനത്തില്‍ ആശങ്ക വേണ്ടെന്നാണു സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. 50 ദിവസ ശരാശരി വിലയായ 3713 ഡോളറും 200 ദിവസ ശരാശരിയായ 3,360 ഡോളറും പിന്തുണ പ്രതീക്ഷിക്കാവുന്ന നിലകളാണ്.

സ്വര്‍ണവിലയില്‍ വലിയ കയറ്റങ്ങളും ഇടിവുകളും അസാധാരണമല്ല. ആഗോളമാന്ദ്യ കാലത്തു 2008 ഒക്ടോബറില്‍ 730 ഡോളറിലേക്കു വീണ സ്വര്‍ണം 2010 ഒക്ടോബറില്‍ 1,300 ഡോളറിലേക്ക് കയറി. യൂറോപ്യന്‍ രാജ്യങ്ങളുടെ വായ്പാ പ്രതിസന്ധിയെ തുടര്‍ന്നു 2011-ല്‍ ഔണ്‍സിന് 1,900 ഡോളര്‍ വരെ കയറി. ഈ സ്വര്‍ണം ഒന്നര വര്‍ഷം കൊണ്ട് 36 ശതമാനം ഇടിഞ്ഞ് 1199 ഡോളറില്‍ എത്തി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കടപ്പത്രങ്ങള്‍ വാങ്ങുന്നതു നിര്‍ത്തിവച്ചതാണു വില ഇടിച്ചത്.

കോവിഡ് മഹാമാരി വന്നപ്പോള്‍ 2020 ജനുവരിയിലെ 1,575 ഡോളറില്‍ നിന്ന് ആ വര്‍ഷം ഓഗസ്റ്റിലെ 2,000 ഡോളറിലേക്ക് സ്വര്‍ണം എത്തി. 27 ശതമാനം കുതിപ്പ്.

സ്വര്‍ണം അവധിവില ഇന്നു രാവിലെ 4019 ഡോളര്‍ വരെ ഉയര്‍ന്നിട്ടു 3,987 വരെ താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് പവന്‍വില തിങ്കളാഴ്ച രണ്ടു തവണയായി 1,720 രൂപ കുറഞ്ഞ് 90,400 രൂപയില്‍ ക്ലാേസ് ചെയ്തു.

ദീപാവലി കഴിഞ്ഞതോടെ ഇന്ത്യയില്‍ ആവശ്യം കുറഞ്ഞെങ്കിലും ആഗോള വിപണിയില്‍ വെള്ളിയുടെ ദൗര്‍ലഭ്യം തുടരുകയാണ്. എങ്കിലും വില ഉയര്‍ന്നു. വെള്ളിയുടെ സ്‌പോട്ട് വില 47.15 ഡോളറില്‍ നില്‍ക്കുന്നു. അവധിവില 47 ഡോളര്‍ ആണ്.

പ്ലാറ്റിനം 1,604 ഡോളര്‍, പല്ലാഡിയം 1401 ഡോളര്‍, റോഡിയം 7,800 ഡോളര്‍ എന്നിങ്ങനെയാണു വാരാന്ത്യത്തിലെ വില.

ലോഹങ്ങള്‍ കയറ്റം തുടര്‍ന്നു

വ്യാവസായിക ലോഹങ്ങള്‍ തിങ്കളാഴ്ചയും മുന്നേറ്റം തുടര്‍ന്നു. ചെമ്പ് 1.67 ശതമാനം കുതിച്ച് ടണ്ണിന് 10,986.90 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 1.05 ശതമാനം ഉയര്‍ന്ന് 2877.35 ഡോളറില്‍ എത്തി. ലെഡും സിങ്കും ടിന്നും നിക്കലും ഉയര്‍ന്നു.

രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.29 ശതമാനം ഉയര്‍ന്ന് കിലോഗ്രാമിന് 174.20 സെന്റ് ആയി. കൊക്കോ 2.01 ശതമാനം താഴ്ന്നു ടണ്ണിന് 6192.00 ഡോളറില്‍ എത്തി. കാപ്പി 3.50 ശതമാനം താഴ്ന്നപ്പോള്‍ തേയില മാറ്റമില്ലാതെ തുടര്‍ന്നു. പാം ഓയില്‍ വില 1.09 ശതമാനം താഴ്ന്നു.

ഡോളര്‍ സൂചിക താഴ്ന്നു

ഡോളര്‍ സൂചിക ഇന്നലെ കയറിയിറങ്ങിയിട്ട് അല്‍പം താഴ്ന്ന് 98.78ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 98.70ലേക്കു താഴ്ന്നു.

കറന്‍സി വിപണിയില്‍ ഡോളര്‍ ദുര്‍ബലമായി. യൂറോ 1.6656 ഡോളറിലേക്കു കയറി. പൗണ്ട് 1.335 ഡോളറിലേക്ക് ഉയര്‍ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 152.40 യെന്‍ എന്ന നിരക്കിലേക്ക് കയറി. യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില അല്‍പം കൂടി. അവയിലെ നിക്ഷേപനേട്ടം 3.979 ശതമാനത്തിലേക്കു താഴ്ന്നു.

രൂപയ്ക്കു ക്ഷീണം

രൂപ തിങ്കളാഴ്ച ദുര്‍ബലമായി. ഡോളര്‍ 39 പൈസ ഉയര്‍ന്ന് 88.24 രൂപയില്‍ ക്ലോസ് ചെയ്തു. ഇറക്കുമതി വ്യവസായികളില്‍ നിന്ന് ആവശ്യം വര്‍ധിച്ചതാണു കാരണം. ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.11 യുവാന്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു.

ക്രൂഡ് ഓയില്‍ താഴുന്നു

പ്രമുഖ റഷ്യന്‍ എണ്ണ കമ്പനികളെ അമേരിക്ക ഉപരോധ പട്ടികയില്‍ പെടുത്തിയതിനെ തുടര്‍ന്നു ക്രൂഡ് ഓയില്‍ വിലയിലെ കയറ്റം അവസാനിച്ചു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 65.45 ഡോളറില്‍ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 65.40 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ 61.13 ഡോളറിലും മര്‍ബന്‍ ക്രൂഡ് 67.94 ഡോളറിലും ആണ്.

ക്രിപ്‌റ്റോകള്‍ താഴ്ന്നു

വാരാന്ത്യത്തില്‍ കുതിച്ച ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നലെ താഴ്ന്നു. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 1,14,000 ഡോളറിനു താഴെ എത്തി. ഈഥര്‍ 4115 ഡോളറിലേക്കു താഴ്ന്നു. സൊലാന 200 ഡോളറിനു താഴെ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT