Morning business news canva
Markets

വിപണികളില്‍ വീണ്ടും ട്രംപ് ആഘാതം, ഗ്രീന്‍ലാന്‍ഡ് പിടിക്കല്‍ യുഎസ്-യൂറോപ്പ് ബലപരീക്ഷയിലേക്ക്, വിപണികള്‍ ഇടിവില്‍, സ്വര്‍ണം കുതിപ്പില്‍; ക്രിപ്‌റ്റോകള്‍ താഴ്ചയില്‍

വിപണികളില്‍ വീണ്ടും ട്രംപ് ആഘാതം. ഗ്രീന്‍ലാന്‍ഡിനെ കൈയടക്കാനുള്ള ട്രംപിന്റെ നീക്കം അമേരിക്ക-യൂറോപ്പ് ബലപരീക്ഷയിലേക്കു നീങ്ങുകയാണ്.

T C Mathew

വിപണികളില്‍ വീണ്ടും ട്രംപ് ആഘാതം. ഗ്രീന്‍ലാന്‍ഡിനെ കൈയടക്കാനുള്ള ട്രംപിന്റെ നീക്കം അമേരിക്ക-യൂറോപ്പ് ബലപരീക്ഷയിലേക്കു നീങ്ങുകയാണ്. ഇതേ തുടര്‍ന്ന് ഇന്നുരാവിലെ ഏഷ്യന്‍ വിപണികള്‍ ഇടിഞ്ഞു. ഇന്ത്യയില്‍ ഗിഫ്റ്റ് നിഫ്റ്റി വലിയ താഴ്ചയിലായി. യുഎസ് ഫ്യൂച്ചേഴ്സും ഇടിവിലാണ്. സ്വര്‍ണം, വെള്ളി വിലകളും ഇന്നു രാവിലെ കുതിച്ചു കയറി. ക്രിപ്‌റ്റോ കറന്‍സികള്‍ ഇടിഞ്ഞു.

ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക അമേരിക്കയ്ക്കു വിട്ടുനല്‍കുന്നതിനെ എതിര്‍ക്കുന്ന എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു ട്രംപ് 10 ശതമാനം അധികച്ചുങ്കം ചുമത്തി. ഫെബ്രുവരി ഒന്നിനു പ്രാബല്യത്തില്‍ വരുന്ന ചുങ്കം ബ്രിട്ടനും ബാധകമാണ്. മറ്റു രാജ്യങ്ങള്‍ക്കു 15 ശതമാനമോ അതിലധികമോ ചുങ്കം ചുമത്തിയപ്പോള്‍ 10 ശതമാനം എന്ന കുറഞ്ഞ നിരക്കാണു ബ്രിട്ടനു ട്രംപ് ചുമത്തിയിരുന്നത്. ഇനി അത് 20 ശതമാനമാകും. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 25 ശതമാനവും. ജൂണ്‍ ഒന്നിനകം ഗ്രീന്‍ലാന്‍ഡ് കിട്ടിയില്ലെങ്കില്‍ അധികച്ചുങ്കം 25 ശതമാനമാക്കും എന്നാണു ഭീഷണി. ജര്‍മനിയും ബ്രിട്ടനും അടക്കം നാറ്റോ രാജ്യങ്ങള്‍ ഗ്രീന്‍ലാന്‍ഡിന്റെ രക്ഷയ്ക്കു സൈന്യത്തെ അയയ്ക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നു രാവിലെ ഗിഫ്റ്റ് സിറ്റിയില്‍ ഗിഫ്റ്റ് നിഫ്റ്റി 25,567 വരെ താഴ്ന്നു. നിഫ്റ്റി വലിയ താഴ്ചയോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് താഴ്ന്നു

ഗ്രീന്‍ലാന്‍ഡ് വിഷയം ഗൗരവതരമായി തുടരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച താഴ്ചയിലായി. വാരാന്ത്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമായി.

യുഎസ് വിപണികള്‍ക്ക് നഷ്ടവാരം

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടികള്‍ കഴിഞ്ഞ ആഴ്ച യുഎസ് വിപണികളെ നഷ്ടത്തിലാക്കി. ഫെഡറല്‍ റിസര്‍വിനെതിരായ നീക്കങ്ങളും രാജ്യാന്തര സംഭവവികാസങ്ങളും വിപണിയുടെ ആശങ്ക വര്‍ധിപ്പിച്ചു.

ട്രംപിന്റെ അപ്രീതിക്കു വിഷയമായ ചെയര്‍മാന്‍ ജെറോം പവല്‍ മേയില്‍ വിരമിക്കുമ്പോള്‍ മുന്‍ ഫെഡ് ഗവര്‍ണര്‍ കെവിന്‍ വാര്‍ഷിനെ നിയമിച്ചേക്കും എന്നാണു വെള്ളിയാഴ്ച ട്രംപ് പറഞ്ഞത്. നാഷനല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡയറക്ടര്‍ കെവിന്‍ ഹാസറ്റ് ചെയര്‍മാനാകും എന്നായിരുന്നു ഇതുവരെ സൂചന. ഹാസറ്റ് നിലവിലെ പദവിയില്‍ തുടരണം എന്നാണു തന്റെ ആഗ്രഹമെന്നു ട്രംപ് വ്യക്തമാക്കി. പവലിനെതിരേ കേസുമായി നീങ്ങുന്ന ട്രംപ് അക്കാര്യത്തിലെ വിമര്‍ശനങ്ങള്‍ വകവയ്ക്കുന്നതായ സൂചനയില്ല. വാര്‍ഷ് ട്രംപിനോട് അമിതവിധേയത്വം പ്രകടിപ്പിക്കും എന്ന ആശങ്ക വിപണിക്കുണ്ട്.

ഇറാനില്‍ യുഎസ് ഇടപെടലിന്റെ സാധ്യത കുറഞ്ഞെങ്കിലും ഇല്ലാതായിട്ടില്ല. ഗാസായിലെ തുടര്‍ഭരണത്തിനു ട്രംപ് നിര്‍ദേശിച്ച സമിതിയെ ഇസ്രയേലിന് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. യുക്രെയ്ന്‍ വിഷയത്തില്‍ ട്രംപ് ഇനി യൂറോപ്യന്‍ രാജ്യങ്ങളുടെ കൂടെ നില്‍ക്കുമോ എന്ന ചോദ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡ് പിടിച്ചടക്കാനുള്ള ട്രംപിന്റെ നീക്കം നാറ്റോ ഐക്യം ശിഥിലമാക്കാം. ഇതെല്ലാം വിപണിയുടെ സുഗമമുന്നേറ്റത്തിനു തടസമാണ്.

വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 83.11 പോയിന്റ് (0.17%) താഴ്ന്ന് 49,359.33ലും എസ്ആന്‍ഡ്പി 500 സൂചിക 4.46 പോയിന്റ് (0.06%) നഷ്ടത്തോടെ 6940.01ലും നാസ്ഡാക് കോംപസിറ്റ് 14.63 പോയിന്റ് (0.06%) കുറഞ്ഞ് 23,515.39ലും ക്ലോസ് ചെയ്തു. ആഴ്ചയില്‍ ഡൗ 0.3 ഉം എസ് ആന്‍ഡ് പി 0.4 ഉം നാസ്ഡാക് 0.7 ഉം ശതമാനം നഷ്ടം രേഖപ്പെടുത്തി.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നഷ്ടത്തിലാണ്. ഡൗ 0.67 ഉം എസ് ആന്‍ഡ് പി 0.80 ഉം നാസ്ഡാക് 1.10ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ എന്‍വിഡിയയുടെ ഓഹരി ഇനിയും 47 ശതമാനം കയറും എന്നു ബ്രോക്കറേജ് ജെഫറീസ് വിലയിരുത്തി. വെള്ളിയാഴ്ച 186 ഡോളറില്‍ ക്ലോസ് ചെയ്ത ഓഹരി 250 ഡോളറില്‍ എത്തുമെന്നാണ് ജെഫറീസിന്റെ നിഗമനം. 2025ല്‍ എന്‍വിഡിയ ഓഹരി 40 ശതമാനം ഉയര്‍ന്നതാണ്. നിര്‍മിത ബുദ്ധിക്കായി ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നത് എന്‍വിഡിയയുടെ ബ്ലായ്ക്ക് വെല്‍ ചിപ്പുകള്‍ക്കും റൂബിന്‍ ചിപ് പ്ലാറ്റ്‌ഫോമിനും ആവശ്യം വര്‍ധിപ്പിക്കും എന്നു ബ്രോക്കറേജ് പറയുന്നു.

ഏഷ്യ തകര്‍ച്ചയില്‍

ഏഷ്യന്‍ വിപണികള്‍ ഇന്നു തുടക്കത്തിലേ താഴ്ന്നു. ജപ്പാന്റെ ജാപ്പനീസ് നിക്കൈ 1.42 ശതമാനം ഇടിഞ്ഞു വ്യാപാരം തുടങ്ങി. ദക്ഷിണ കൊറിയയില്‍ കോസ്പി സൂചിക അര ശതമാനം കയറി. ഓസ്‌ട്രേലിയന്‍ എഎസ്എക്‌സ് 0.40 ശതമാനം താഴ്ന്നു.ചൈനീസ് സൂചിക ഉയര്‍ന്നു. ഹോങ് കോങ് സൂചിക താഴ്ന്നു വ്യാപാരം തുടങ്ങി. ചൈന നാലാം പാദ ജിഡിപി, റീട്ടെയില്‍ വില്‍പന കണക്കുകള്‍ ഇന്നു പുറത്തുവിടും.

കുതിപ്പില്ലാതെ ഇന്ത്യന്‍ വിപണി

തുടക്കത്തിലെ നേട്ടങ്ങള്‍ കൈവിട്ടാണ് ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇന്‍ഫോസിസിന്റെ പ്രതീക്ഷയിലും മികച്ച റിസല്‍ട്ടിനെ തുടര്‍ന്ന് ടെക്‌നോളജി മേഖല കുതിച്ചതാണു വിപണിയെ പച്ചയില്‍ നിലനിര്‍ത്തിയത്. ഇന്‍ഫോസിസ് 5.58 ശതമാനം ഉയര്‍ന്നപ്പോള്‍ ഐടി സൂചിക 3.34 ശതമാനം ഉയര്‍ന്നു. ടെക് മഹീന്ദ്ര 5.26 ഉം വിപ്രോ 2.54 ഉം എച്ച്‌സിഎല്‍ 2.41 ഉം ടിസിഎസ് 2.34 ഉം ശതമാനം കയറി.

പിഎസ് യുകള്‍ അടക്കം ബാങ്കുകളും മുന്നേറി. ഫെഡറല്‍ ബാങ്ക് അറ്റാദായവും അറ്റപലിശ വരുമാനവും പ്രതീക്ഷയെ മറികടന്ന് ഒന്‍പതു ശതമാനത്തിലധികം വര്‍ധിച്ചത് ഓഹരി 9.68 ശതമാനം കുതിച്ചു കയറാന്‍ സഹായിച്ചു. ഓഹരി 278.40 രൂപ എന്ന റെക്കോര്‍ഡ് വരെ കയറി.

വിദേശികള്‍ വില്‍പന തുടരുകയാണ്. വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച ക്യാഷ് വിപണിയില്‍ 4,346.13 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 3,935.31 കോടിയുടെ അറ്റവാങ്ങലും നടത്തി. കഴിഞ്ഞയാഴ്ച വിദേശികളുടെ വില്‍പന 119 കോടി ഡോളറിന്റേതായിരുന്നു 2026-ല്‍ ഇതുവരെ അവര്‍ 250 കോടി ഡോളറിന്റെ വിറ്റൊഴിയല്‍ നടത്തി. അവരുടെ സമീപനത്തില്‍ മാറ്റം വരുന്നതിന്റെ സൂചന ഒന്നും തന്നെ ഇല്ല. ഇന്ത്യ-യുഎസ് ബന്ധത്തിലെ തകര്‍ച്ച മാറുന്നതു വരെ വിദേശികളുടെ പിന്മാറ്റം തുടരും എന്നാണു നിഗമനം.

വെള്ളിയാഴ്ച സെന്‍സെക്‌സ് 187.64 പോയിന്റ് (0.23%) കയറി 83,570.35ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 28.75 പോയിന്റ് (0.11%) ഉയര്‍ന്ന് 25,694.35 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 515.00 പോയിന്റ് (0.86%) നേട്ടത്തോടെ 60,095.15ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 97.30 പോയിന്റ് (0.16%) കയറി 59,867.80 ലും സ്‌മോള്‍ ക്യാപ് 100 സൂചിക 48.55 പോയിന്റ് (0.28%) താഴ്ന്ന് 17,362.30 ലും അവസാനിച്ചു.

വിശാലവിപണിയില്‍ കയറ്റ-ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി നിന്നു. ബിഎസ്ഇയില്‍ 1849 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2395 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1338 ഓഹരികള്‍ കയറി, 1828 എണ്ണം താഴ്ന്നു.

എന്‍എസ്ഇയില്‍ 65 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ 216 എണ്ണം താഴ്ന്ന വിലയില്‍ എത്തി. ആറ് ഓഹരി അപ്പര്‍ സര്‍കീട്ടിലും മൂന്നെണ്ണം ലോവര്‍ സര്‍കീട്ടിലും എത്തി.

നിഫ്റ്റി 25,700 നു താഴെ നിന്നത് മുന്നേറ്റത്തിനു വേണ്ടത്ര കരുത്ത് ഇല്ല എന്നു കാണിക്കുന്നു. 25,900 കടന്നാല്‍ മാത്രമേ കുതിപ്പ് വീണ്ടെടുക്കാന്‍ കഴിയൂ. 25,600 ലെ പിന്തുണ തുടരുന്നുണ്ട്. അതു നഷ്ടമായാല്‍ 25,450 ആകും പിന്തുണ നില. ഇന്നു നിഫ്റ്റിക്ക് 25,660 ലും 25,610 ലും പിന്തുണ പ്രതീക്ഷിക്കാം. 25,825 ലും 25,875 ലും പ്രതിരോധം നേരിടും.

കമ്പനികള്‍, വാര്‍ത്തകള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂന്നാം പാദ റിസല്‍ട്ട് പ്രതീക്ഷയിലും മോശമായി വിറ്റുവരവ് 10.5 ശതമാനം കൂടി 2.69 ലക്ഷം കോടി രൂപയായി പ്രവര്‍ത്തന ലാഭം 46,018 കോടി രൂപ. ലാഭമാര്‍ജിന്‍ 17.96 ല്‍ നിന്ന് 17.08 ശതമാനമായി കുറഞ്ഞു. അറ്റാദായം നാമമാത്രമായി വര്‍ധിച്ച് 18,645 കോടി രൂപയായി. കമ്പനിയുടെ അറ്റ കടബാധ്യത 1,17,102 കോടിയായി കുറഞ്ഞു. ഓയില്‍-ഗ്യാസ് വിഭാഗത്തിന്റെ വരുമാനം 8.4 ശതമാനം ഇടിഞ്ഞു. ടെലികോം, ഓയില്‍ ടു കെമിക്കല്‍സ്, റീട്ടെയില്‍ വിഭാഗങ്ങള്‍ തൃപ്തികരമായി മുന്നേറി. ജിയോ ലിസ്റ്റ് ചെയ്യുന്നതും റീട്ടെയില്‍ വിഭാഗത്തിന്റെ വളര്‍ച്ചയുമാണു സമീപഭാവിയില്‍ റിലയന്‍സ് ഓഹരിയെ നയിക്കാവുന്ന കാര്യങ്ങള്‍.

ഐസിഎസിഐ ബാങ്കിന്റെ മൂന്നാം പാദ അറ്റാദായ നാലു ശതമാനം താഴ്ന്നു 11,318 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ക്കുള്ള വകയിരുത്തല്‍ ഗണ്യമായി കൂട്ടേണ്ടി വന്നതാണു ലാഭം കുറച്ചത്. അറ്റ പലിശ വരുമാനം 7.7 ശതമാനം വര്‍ധിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 0.37 ശതമാനമായി കുറഞ്ഞു. ബാങ്കിന്റെ എംഡിയും സിഇഒയുമായ സന്ദീപ് ബക്ഷിക്കു കാലാവധി രണ്ടു വര്‍ഷം കൂടി നീട്ടി നല്‍കി. 2018 ലാണു ബക്ഷി ഈ പദവിയില്‍ എത്തിയത്.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡിസംബര്‍ പാദ അറ്റാദായം 12 ശതമാനം വര്‍ധിച്ച് 18,654 കോടി രൂപയില്‍ എത്തി അറ്റ്പലിശ വരുമാനം ആറു ശതമാനം കൂടി. ബാങ്കിന്റെ വായ്പകള്‍ 10 ശതമാനവും നിക്ഷേപം 12 ശതമാനവും വര്‍ധിച്ചു അറ്റ നിഷ്‌ക്രിയ ആസ്തി 0.42 ശതമാനമായി കുറഞ്ഞു.

യെസ് ബാങ്കിന്റെ മൂന്നാം പാദ അറ്റാദായം 55 ശതമാനം വര്‍ധിച്ച് 952 കോടി രൂപയായി. വകയിരുത്തലുകള്‍ 92 ശതമാന കുറഞ്ഞതാണു നേട്ടത്തിനു കാരണം.

യൂകോ ബാങ്കിനു മൂന്നാം പാദത്തില്‍ അറ്റാദായം 15.76 ശതമാനം വര്‍ധിച്ച് 739.51 കോടി രൂപയായി.

സ്വര്‍ണവും വെള്ളിയും കുതിക്കുന്നു

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് പിടിക്കല്‍ നീക്കം സ്വര്‍ണം, വെള്ളി വിലകളെ വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്കു നയിച്ചു. ഇന്നു രാവിലെ സ്വര്‍ണം 1.83 ശതമാനം കുതിച്ച് ഔണ്‍സിന് 4683 ഡോളര്‍ വരെ എത്തി. പിന്നീട് അല്പം താഴ്ന്നു. വെള്ളിയാഴ്ച 4598 ഡോളറിലായിരുന്നു ക്ലോസിംഗ്. വെള്ളിവില രാവിലെ 3.9 ശതമാനം കുതിച്ച് 93.91 ഡോളറില്‍ എത്തി.

കേരളത്തില്‍ ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണം ഒരു പവന് 1,05,440 രൂപയില്‍ എത്തി. അന്താരാഷ്ട്ര വിലയിലെ കുതിപ്പു മൂലം ഇന്നു കേരളത്തിലെ സ്വര്‍ണവിലയില്‍ ഗണ്യമായ കയറ്റം ഉണ്ടാകും. വെള്ളിയും കയറും.

പ്ലാറ്റിനം 2366 ഡോളര്‍, പല്ലാഡിയം 1798 ഡോളര്‍, റോഡിയം 9850 ഡോളര്‍ എന്നിങ്ങനെ ഉയര്‍ന്നു.

ലോഹങ്ങള്‍ താഴ്ന്നു

ഇറാന്‍ സംഘര്‍ഷം കുറഞ്ഞത് വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങളെ താഴ്ത്തി. അലൂമിനിയം 0.73 ശതമാനം കുറഞ്ഞ് ടണ്ണിന് 3133.96 ഡോളര്‍ ആയി.. ചെമ്പ് 1.54 ശതമാനം ഇടിഞ്ഞ് ടണ്ണിന് 12,999.65 ഡോളറില്‍ ക്ലാേസ് ചെയ്തു. സിങ്കും നിക്കലും ലെഡും ടിന്നും താഴ്ന്നു. ടിന്‍ വില 8.79 ശതമാനം ഇടിഞ്ഞു.

വമ്പന്‍ ലോഹഖനന കമ്പനികളായ റിയോ ടിന്റോയും ഗ്ലെന്‍ കോറും ലയനത്തിനുപ്രാരംഭചര്‍ച്ചകള്‍ ആരംഭിച്ചു. ഗ്ലെന്‍കോറിന്റെ കല്‍ക്കരി വിഭാഗം ലയനത്തില്‍ പെടുത്തുകയില്ല. 26,000 കോടി ഡോളറിന്റെ ബൃഹദ് ലോഹകമ്പനിയാകും ലയനത്തിലൂടെ ഉണ്ടാവുക. മറ്റൊരു ഖനനവമ്പനായ ബിഎച്ച്പി ഗ്രൂപ്പ് ഗ്ലെന്‍കോറില്‍ താല്പര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് റിയോ രംഗത്തു വന്നത്

റബര്‍ വില രാജ്യാന്തര വിപണിയില്‍ 1.40 ശതമാനം കുറഞ്ഞ് കിലോഗ്രാമിന് 182.60 സെന്റ് ആയി. കൊക്കോ ഉയര്‍ന്നു ടണ്ണിന് 5088.24 ഡോളറില്‍ എത്തി. കാപ്പി വില 0.06 ശതമാനം കുറഞ്ഞു. തേയില വില 9.75 ശതമാനം ഇടിഞ്ഞു. പാമാേയില്‍ 1.95 ശതമാനം കയറി.

ഡോളര്‍ സൂചിക താഴ്ന്നു

ഡോളര്‍ സൂചിക വെള്ളിയാഴ്ച 99.39 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.09 ലേക്കു താഴ്ന്നു.

യൂറോ 1.1632 ഡോളറിലേക്കും പൗണ്ട് 1.3396 ഡോളറിലേക്കു കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 157.60 യെന്‍ എന്ന നിലയിലേക്ക് താഴ്ന്നു.

യുഎസ് ഡോളര്‍ 6.97 യുവാന്‍ എന്ന നിരക്കിലേക്കു താഴ്ന്നു. സ്വിസ് ഫ്രാങ്ക് 0.7983 ഡോളറിലേക്കു താഴ്ന്നു.

യുഎസ് കടപ്പത്ര വിലകള്‍ വീണ്ടും താഴ്ന്നു. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.227 ശതമാനമായി താഴ്ന്നു.

91 രൂപയ്ക്കരികെ ഡോളര്‍

രൂപ വീണ്ടും ദുര്‍ബലമായി. വെള്ളിയാഴ്ച ഡോളര്‍ 70 പൈസ കൂടി 90.86 രൂപയില്‍ ക്ലോസ് ചെയ്തു. ജനുവരിയില്‍ രൂപയ്ക്ക് ഒരുശതമാനത്തിലധികം ഇടിവ് നേരിട്ടു. വ്യാപാരകമ്മി കൂടുന്നതും അമേരിക്കയുമായി വ്യാപാര കരാര്‍ ഉണ്ടാകാത്തതും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളും കടപ്പത്രങ്ങളും വിറ്റു മടങ്ങുന്നതും ആണു രൂപയെ ദുര്‍ബലമാക്കുന്നത്. ചൈനയുടെ കറന്‍സി യുവാന്‍ വെള്ളിയാഴ്ച 13.03 രൂപയിലേക്കു കയറി.

ക്രൂഡ് ഓയില്‍ താണു

ഇറാന്‍ സംഘര്‍ഷം കുറഞ്ഞതു ക്രൂഡ് ഓയില്‍ വിലയെ താഴോട്ടു നയിച്ചു. വെള്ളിയാഴ്ച ബ്രെന്റ് ഇനം ക്രൂഡ് ബാരലിന് 64.13 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 63.95 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 59.16 ലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 65.10 ലും എത്തി. പ്രകൃതിവാതക വില 12 ശതമാനം കുതിച്ച് 3.476 ഡോളര്‍ ആയി.

ക്രിപ്‌റ്റോകള്‍ ഇടിയുന്നു

പുതിയ രാജ്യാന്തര സംഘര്‍ഷങ്ങള്‍ ക്രിപ്റ്റോ കറന്‍സികളെ ഇടിവിലാക്കി. ബിറ്റ് കോയിന്‍ മൂന്നു ശതമാനവും മറ്റു ചെറിയ ക്രിപ്‌റ്റോകള്‍ എട്ടും പത്തും ശതമാനവും താഴ്ന്നു. ബിറ്റ്‌കോയിന്‍ 92,500 ഡോളറിനു തായോയി. ഈഥര്‍ 3200 ഡോളറിനും സൊലാന 134 ഡോളറിനും താഴെ ആണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT