image credit : canva 
Markets

ആഗോള വിപണികളിൽ പ്രതീക്ഷ, മൂന്നാം പാദ കമ്പനി റിസൽട്ടുകൾ നിരാശാജനകം; സ്വർണം 5000 ഡോളറിലേക്കു കുതിക്കുന്നു

രാജ്യാന്തര വിഷയങ്ങള്‍ ഒട്ടൊന്ന് ശമിച്ചെങ്കിലും സ്വര്‍ണവും വെള്ളിയും കുതിപ്പ് പുനരാരംഭിച്ചു. ഇറാനില്‍ യുഎസ് ഇടപെടലിന്റെ ഭീഷണി ഉണ്ടെങ്കിലും പെട്ടെന്ന് എന്തെങ്കിലും സംഭവിക്കും എന്നു സൂചനയില്ല

T C Mathew

ഗ്രീന്‍ലാന്‍ഡ് വിഷയം ചര്‍ച്ച വഴി പരിഹരിക്കുന്ന സാഹചര്യത്തില്‍ ഇന്നലെ ആഗോള വിപണികള്‍ ആശ്വാസറാലി നടത്തി. ഇനി യുക്രെയ്ന്‍, ഇറാന്‍ വിഷയങ്ങളാണു വിപണിയുടെ പ്രധാന ചിന്താവിഷയങ്ങള്‍ ആകുന്നത്. എങ്കിലും ഇന്നു വിദേശവിപണികള്‍ നല്ല മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ വിപണി അത്ര ആവേശം കാണിക്കുന്നില്ല. കമ്പനി റിസല്‍ട്ടുകള്‍ അത്ര മെച്ചമാകാത്തതാണു കാരണം.

കഴിഞ്ഞ ദിവസം ഒരു ശതമാനത്തിലധികം താഴ്ന്ന സ്വര്‍ണ വില ഇന്നു വലിയ കുതിപ്പിലായി ഔണ്‍സിന് 4966 ഡോളറിലേക്കു സ്വര്‍ണം കയറി. വെള്ളി നാലു ശതമാനം കുതിച്ച് ഔണ്‍സിനു 98 ഡോളറില്‍ എത്തി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി രാത്രി 25,413 വരെ കയറിയ ശേഷം രാവിലെ 25,335 ലേക്കു താഴ്ന്നു. നിഫ്റ്റി ചെറിയ താഴ്ചയോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യുക്രെയ്ന്‍ സമാധാനത്തിനായി ഇന്നും നാളെയും യുഎഇയില്‍ ത്രികക്ഷി ചര്‍ച്ച നടക്കും മൂന്നു വര്‍ഷമായ യുദ്ധത്തിനിടെ ഇതാദ്യമാണു യുക്രെയ്‌നും റഷ്യയും അമേരിക്കയും ഒന്നിച്ചു ചര്‍ച്ചയ്ക്ക് തയാറാകുന്നത്.

ഇതേ സമയം ഇറാനെതിരേ യുഎസ് വീണ്ടും സൈനിക ഭീഷണി ഉയര്‍ത്തി. മെഡിറ്ററേനിയന്‍ സമുദ്രത്തിലേക്കു വിമാനവാഹിനി അടക്കം കൂടുതല്‍ യുദ്ധക്കപ്പലുകള്‍ അയച്ചു.

യൂറോപ്യന്‍ വിപണികള്‍ ഇന്നലെ ഒന്നര ശതമാനത്തോളം നേട്ടത്തില്‍ അവസാനിച്ചു. ഗ്രീന്‍ലാന്‍ഡ് വിഷയത്തിലെ ധാരണയുടെ വിശദാംശങ്ങള്‍ വരും ദിവസങ്ങളിലേ പുറത്തുവരൂ. എങ്കിലും തീരുവ ആക്രമണം ഒഴിവായത് എല്ലാവര്‍ക്കും ആശ്വാസമായി.

യുഎസ് വിപണി ഇന്നലെ തുടക്കത്തില്‍ വലിയ മുന്നേറ്റം കാണിച്ചെങ്കിലും പിന്നീട് ചെറിയ നേട്ടത്തിലേക്കു മാറി. ഡൗ ജോണ്‍സ് സൂചിക 306.78 പോയിന്റും (0.63%) എസ് ആന്‍ഡ് പി 37.73 പോയിന്റും (0.55%) നാസ്ഡാക് 211.20 പോയിന്റും (0.91%) ഉം ഉയര്‍ന്നു ക്ലോസ് ചെയ്തു. ഗ്രീന്‍ലാന്‍ഡ് വിഷയം വാരാരംഭത്തില്‍ വരുത്തിയ വലിയ നഷ്ടം രണ്ടു ദിവസം കൊണ്ട് വിപണി നികത്തി.

വിപണി ക്ലോസ് ചെയ്ത ശേഷം ഇന്റല്‍ കോര്‍പ്പറേഷന്‍ പുറഞ്ഞുവിട്ട റിസല്‍ട്ട് പ്രതീക്ഷകള്‍ തകര്‍ത്തു.കമ്പനിക്കു നാലാം പാദത്തില്‍ 60 കോടി ഡോളര്‍ നഷ്ടമുണ്ടായി. ഇപ്പോഴത്തെ പാദത്തില്‍ വരുമാന-ലാഭ വളര്‍ച്ചകള്‍ കുറവാകുമെന്നു കമ്പനി മുന്നറിയിപ്പ് നല്‍കി. പിന്നീട് അനൗപചാരിക വ്യാപാരത്തില്‍ ഓഹരി 13 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം 147 ശതമാനം കുതിച്ചതാണ് ഇന്റല്‍ഓഹരി. കമ്പനിക്കു വലിയ ചിപ്പ് നിര്‍മാണ കോണ്‍ട്രാക്ടുകള്‍ കിട്ടിയതായിരുന്നു കാരണം.

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു രാവിലെ ചെറിയ നേട്ടത്തിലാണ്. ഡൗ 0.06 ഉം എസ് ആന്‍ഡ് പി 0.12 ഉം നാസ്ഡാക് 0.05 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു. ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ ഉയര്‍ന്നു. ജപ്പാനില്‍ നിക്കൈ 0.4 ശതമാനം ഉയര്‍ന്നു.

ഇന്ത്യന്‍ വിപണി ചാഞ്ചാടി

മൂന്നു ദിവസത്തെ തുടര്‍ച്ചയായ ഇടിവിനു ശേഷം ഇന്നലെ ഇന്ത്യന്‍ വിപണി നേട്ടത്തോടെ അവസാനിച്ചു. രാവിലെ വിപണി വലിയ കയറ്റം നടത്തിയെങ്കിലും പിന്നീട് ആ നേട്ടം മുഴുവന്‍ നഷ്ടപ്പെടുത്തി. രാവിലെ സെന്‍സെക്‌സ് 82,783 ഉം നിഫ്റ്റി 25,435 ഉം വരെ എത്തിയതാണ്. പിന്നീട് സെന്‍സെക്‌സ് 900 പോയിന്റും നിഫ്റ്റി 265 പോയിന്റും ഇടിഞ്ഞു. അതിനു ശേഷം തിരിച്ചു കയറി അര ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു.

മുഖ്യസൂചികകളെ അപേക്ഷിച്ച് മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കി. റിയല്‍റ്റിയും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സും ഒഴികെ എല്ലാ വ്യവസായ മേഖലകളും നല്ല നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. പൊതുമേഖലാ ബാങ്കുകള്‍, പ്രതിരോധകമ്പനികള്‍, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, മെറ്റല്‍, മീഡിയ, എഫ്എംസിജി എന്നിവ നല്ല മുന്നേറ്റം കാഴ്ചവച്ചു.

ഇന്നലെ സെന്‍സെക്‌സ് 397.74 പോയിന്റ് (0.49%) കയറി 82,307.37ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 132.40 പോയിന്റ് (0.53%) ഉയര്‍ന്ന് 25,289.90 പോയിന്റില്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 399.80 പോയിന്റ് (0.68%) കയറി 59,200.00ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 767.65 പോയിന്റ് (1.34%) കുതിച്ച് 58,191.30ലും സ്‌മോള്‍ ക്യാപ് 100 സൂചിക 126.05 പോയിന്റ് (0.76%) ഉയര്‍ന്ന് 16,677.25ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിലെ കയറ്റ ഇറക്ക അനുപാതം കയറ്റത്തിന്. അനുകുലമായി മാറി. ബിഎസ്ഇയില്‍ 2934 ഓഹരികള്‍ കയറിയപ്പോള്‍ 1307 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 2337 എണ്ണം ഉയര്‍ന്നു, 840 എണ്ണം ഇടിഞ്ഞു.

എന്‍എസ്ഇയില്‍ 48 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍ എത്തിയപ്പോള്‍ 225 എണ്ണം 52 ആഴ്ചയിലെ താഴ്ന്ന നിലയിലായി. മൂന്നെണ്ണം അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ ആറെണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ ഇന്നലെയും വില്‍പന തുടര്‍ന്നു. വിദേശ ഫണ്ടുകള്‍ ക്യാഷ് വിപണിയില്‍ 2549.80 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 4222.98 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

നിഫ്റ്റി ട്രെന്‍ഡ് മാറ്റം സൂചിപ്പിച്ചെങ്കിലും മുന്നേറ്റത്തിനു വേണ്ടത്ര ആക്കം കണ്ടില്ല. വരും ദിവസങ്ങളില്‍ ചാഞ്ചാട്ടവും പാര്‍ശ്വനീക്കവും പ്രതീക്ഷിക്കാം. ഇന്നു നിഫ്റ്റിക്ക് 25,190 ലും 25,130 ലും പിന്തുണ പ്രതീക്ഷിക്കാം. 25,390ലും 25,460ലും പ്രതിരോധം കാണാം.

കേരളം ആസ്ഥാനമായുള്ള ബാങ്കുകള്‍ ഇന്നലെ നല്ല കയറ്റം കാണിച്ചു. ഫെഡറല്‍ ബാങ്ക് 287.20 രൂപവരെ കയറിയിട്ട് 2.26 ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 5.55 ശതമാനം കയറി 495 രൂപ വരെ എത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് നാലു ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 46.84 രൂപയില്‍ എത്തി.

കല്യാണ്‍ ജ്വല്ലേഴ്സ് ഇന്നലെ 5.5 ശതമാനം ഇടിഞ്ഞു. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഇന്നലെ 8.51 ശതമാനം ഉയര്‍ന്നു. കമ്പനി മാനേജ്‌മെന്റ് നയിക്കുന്ന പാര്‍ട്ടി ഇന്നലെ ബിജെപി സഖ്യത്തില്‍ ചേര്‍ന്നു.

സ്വര്‍ണം, വെള്ളി വിലകള്‍ താഴ്ന്നതിന്റെ പേരില്‍ സ്വര്‍ണം, വെള്ളി ഇടിഎഫുകള്‍ ഇന്നലെ ഇടിഞ്ഞു. വെള്ളിവില താഴ്ന്നത് ഹിന്ദുസ്ഥാന്‍ സിങ്കിനെയും ഹിന്ദുസ്ഥാന്‍ കോപ്പറിനെയും താഴ്ചയിലാക്കി.

സ്വര്‍ണം വീണ്ടും കുതിപ്പില്‍, 5000 ഡോളര്‍ അരികെ

രാജ്യാന്തര വിഷയങ്ങള്‍ ഒട്ടൊന്ന് ശമിച്ചെങ്കിലും സ്വര്‍ണവും വെള്ളിയും കുതിപ്പ് പുനരാരംഭിച്ചു. ഇറാനില്‍ യുഎസ് ഇടപെടലിന്റെ ഭീഷണി ഉണ്ടെങ്കിലും പെട്ടെന്ന് എന്തെങ്കിലും സംഭവിക്കും എന്നു സൂചനയില്ല.

കഴിഞ്ഞ ദിവസം സൂചിപ്പിച്ചതു പോലെ സ്വര്‍ണം ഔണ്‍സിന് 5000 ഡോളറിലേക്ക് അതിവേഗം നീങ്ങുന്നതാണ് ഇന്നു രാവിലെ കണ്ടത്. ഇന്നലെ രണ്ടു ശതമാനത്തിലധികം കുതിച്ച് 4936.80 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില ഔണ്‍സിന് 4966.40 ഡോളര്‍ വരെ ഉയര്‍ന്നു. പിന്നീട് അല്‍പം താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ഇന്നലെ 1680 രൂപ കുറഞ്ഞ് 1,13,160 രൂപ ആയി. രാജ്യാന്തര വില ഉയര്‍ന്നതിനാല്‍ ഇന്നു കേരളത്തില്‍ വില ഗണ്യമായി കൂടും.

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് ഇന്നലെ താഴ്ന്ന് 1,56,540 രൂപയായി

7000 ഡോളര്‍ ആകുമെന്ന്

സ്വര്‍ണം ഔണ്‍സിന് 7000 ഡോളര്‍ വരെ ഉയരാന്‍ സാധ്യത ഉണ്ടെന്ന് സാംകോ സെക്യൂരിറ്റീസിന്റെ അപൂര്‍വ ഷേഠ് വിലയിരുത്തി. 40 ശതമാനത്തിലധികം നേട്ടമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് 74 ശതമാനം ഉയര്‍ന്നതാണു മഞ്ഞലോഹം. വിദേശ ബ്രോക്കറേജ് ജെഫറീസിലെ ക്രിസ് വുഡ് സ്വര്‍ണം ഇക്കൊല്ലം 6600 ഡോളറില്‍ എത്തുമെന്നു കണക്കാക്കുന്നു.

പ്രമുഖ ആഗോള ബാങ്ക് ഗോള്‍ഡ്മാന്‍ സാക്സ് 2026 അവസാനം വില 4900 ഡോളറില്‍ എത്തുമെന്ന് ഡിസംബറില്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഇന്നലെ അവര്‍ ഔണ്‍സിന് 5400 ഡോളറിലേക്കു വിലപ്രതീക്ഷ ഉയര്‍ത്തി. ആഗോള ബാങ്കുകളായ ജെപി മോര്‍ഗന്‍ 5000 ഡോളറും മോര്‍ഗന്‍ സ്റ്റാന്‍ലി 4800 ഡോളറുമാണ് ഈ വര്‍ഷാവസാനത്തക്കു പ്രതീക്ഷിച്ചിരുന്ന വില. അവരും ഈ ദിവസങ്ങളില്‍ നിഗമനം തിരുത്താം. പ്രമുഖ യൂറോപ്യന്‍ ബാങ്കുകള്‍ 5000 ഡോളറാണ് 2026 ഒടുവിലേക്കു പ്രവചിച്ചിരുന്ന വില.

ഡോളര്‍ താഴുന്നു

വിപണികള്‍ ശാന്തമായപ്പോള്‍ ഡോളര്‍ താഴ്ന്നു. അമേരിക്കന്‍ കടപ്പത്രങ്ങളിലെ വില്‍പനസമ്മര്‍ദം കുറഞ്ഞു,അവയിലെ നിക്ഷേപനേട്ടം കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നു.

ഡോളര്‍ സുചിക ഇന്നലെ 0.40 പോയിന്റ് താഴ്ന്ന് 98.36ല്‍ ക്ലോസ് ചെയ്തു. പ്രധാനപ്പെട്ട ആറു കറന്‍സികളുമായുള്ള ഡോളര്‍ വിനിമയനിരക്ക് പരിഗണിച്ചാണു സൂചിക കണക്കാക്കുന്നത്. ഇന്നുരാവിലെ സൂചിക 98.31 ലേക്ക് താണു.

ഇന്നു രാവിലെ യൂറോ 1.1748 ഡോളറിലേക്കും പൗണ്ട് 1.3495 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 158.55 യെന്നിലേക്കു താഴ്ന്നു. സ്വിസ് ഫ്രാങ്ക് 0.789 ഡോളറിലേക്കു കയറി. ചൈനീസ് യുവാന്‍ ഡോളറിന് 6.97 യുവാനിലേക്കു താഴ്ന്നു.

അമേരിക്കന്‍ കടപ്പത്ര വില്‍പന കുറഞ്ഞതോടെ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.249 ശതമാനമായി.

രൂപയ്ക്കു നേരിയ കയറ്റം

ഇന്ത്യന്‍ രൂപ ഇന്നലെ നാമമാത്ര നേട്ടം ഉണ്ടാക്കി. രാവിലെ ഡോളര്‍ 17 പൈസ താഴ്ന്ന് 91.53 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പക്ഷേ ക്രമേണ ഡോളര്‍ കയറി 91.63 രൂപയില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് വിപണിയില്‍ ഇന്നലെയും ഇടപെട്ടു. ചൈനീസ് യുവാന്‍ ഇന്നലെ 13.1 3 രൂപയിലേക്കു താഴ്ന്നു.

ക്രൂഡ് ഓയില്‍ താഴുന്നു

ക്രൂഡ് ഓയില്‍ വില ഇന്നലെ താഴ്ന്നു. ബ്രെന്റ് ഇനം ബാരലിന് 64.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 64.33 ഡോളര്‍ ആയി. ഡബ്‌ള്യുടിഐ ഇനം 59.64 ഉം യുഎഇയുടെ മര്‍ബന്‍ 65.00 ഉം ഡോളറിലാണ്. പ്രകൃതി വാതക വില നാലു ശതമാനം കുറഞ്ഞ് 4.88 ഡോളര്‍ ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT