image credit : canva 
Markets

ശ്രദ്ധ ട്രംപ്-ഷി ചര്‍ച്ചയില്‍, തീരുവയിലെ വെടിനിര്‍ത്തല്‍ തുടര്‍ന്നേക്കും, ക്രൂഡ് ഓയില്‍ ചാഞ്ചാട്ടത്തില്‍; ഏഷ്യന്‍ വിപണികള്‍ ഉയര്‍ന്നു

പശ്ചിമേഷ്യന്‍ സമാധാനശ്രമങ്ങള്‍ കരുതലോടെ മുന്നോട്ടു പോകുന്നതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അറിയിച്ചു

T C Mathew

ശ്രദ്ധ ട്രംപ്- ഷി ചര്‍ച്ചയില്‍, തീരുവയിലെ വെടിനിര്‍ത്തല്‍ തുടര്‍ന്നേക്കും, ക്രൂഡ് ഓയില്‍ ചാഞ്ചാട്ടത്തില്‍; ഏഷ്യന്‍ വിപണികള്‍ ഉയര്‍ന്നു

വിലക്കയറ്റ ഭീഷണിയും രൂപയുടെ ദൗര്‍ബല്യവും പശ്ചിമേഷ്യന്‍ അശാന്തിയും വിപണിയെ ദുര്‍ബലമാക്കുന്നു. വിദേശ നിക്ഷേപകരുടെ വില്‍പനയില്‍ ഒരു ശമനവുമില്ല. അമേരിക്കയിലും വിലക്കയറ്റം കുതിച്ചുകയറുന്നത് പലിശ വര്‍ധിക്കാന്‍ കാരണമാകും. ഈ ആകുലതകള്‍ ഇന്നു വിപണിയെ ബാധിക്കും.

ഇന്നു വിപണി ശ്രദ്ധിക്കുന്നത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചൈനാ സന്ദര്‍ശനമാണ്. ചൈനയുമായുള്ള തീരുവകരാര്‍ നീട്ടുമോ, ചൈന ബോയിംഗ് വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഉണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങളിലാണു വിപണിയുടെ നോട്ടം. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് ഇറാന്റെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ സമ്മതിക്കുമോ എന്നും വിപണി ശ്രദ്ധിക്കുന്നു. യുഎസ്-ചൈന വ്യാപാരയുദ്ധത്തിലെ വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയാകും എന്നാണു നിഗമനം. അതുണ്ടായില്ലെങ്കില്‍ വിപണി തകരും.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,584.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,522 വരെ താഴ്ന്നു. നിഫ്റ്റി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യുഎസില്‍ റെക്കോര്‍ഡും ക്ഷീണവും

പശ്ചിമേഷ്യന്‍ സമാധാനശ്രമങ്ങള്‍ കരുതലോടെ മുന്നോട്ടു പോകുന്നതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അറിയിച്ചു. എങ്കിലും പ്രത്യക്ഷ നടപടികള്‍ ഒന്നും ഉണ്ടായില്ല.

ടെക്‌നോളജി ഓഹരികളുടെ കുതിപ്പില്‍ എസ്ആന്‍ഡ്പിയും നാസ്ഡാകും പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചു. ഡൗ സൂചിക താഴ്ന്നു. മൊത്തവില സൂചിക പ്രകാരമുള്ള വിലക്കയറ്റം ഏപ്രിലില്‍ നാലുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ ആറു ശതമാനത്തില്‍ എത്തിയത് വിപണിയെ നിരാശപ്പെടുത്തി. പുതിയ ഫെഡ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിനു പലിശ കൂട്ടേണ്ട സാഹചര്യം ആണു രൂപപ്പെടുന്നത് എന്നു പലരും കരുതുന്നു.

ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 67.36 പോയിന്റ് (0.14%) താഴ്ന്ന് 49,693.20ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 43.29 പോയിന്റ് (0.58%) ഉയര്‍ന്ന് 7444.25ല്‍ അവസാനിച്ചു. നാസ്ഡാക് 314.14 പോയിന്റ് (1.20%) നേട്ടത്തോടെ 26,402.34ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് നേട്ടത്തില്‍

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് ഉയര്‍ന്നു. ഡൗ ജോണ്‍സ് 97 പോയിന്റും (0.19%) എസ്ആന്‍ഡ്പി 14 പോയിന്റും (0.19%) നാസ്ഡാക് 180 പോയിന്റും (0.61%) നേട്ടത്തില്‍ നീങ്ങുന്നു.

എഡിആറുകള്‍ താഴ്ന്നു

ബുധനാഴ്ച ന്യൂയോര്‍ക്കില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍ 0.67 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.50 ശതമാനം ഉയര്‍ന്ന് 24.00 ഡോളറില്‍ എത്തി. ഐസിഐസിഐ ബാങ്ക് എഡിആര്‍ നിശ്ചിത സമയത്ത് 0.39 ശതമാനം താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.16 ശതമാനം കൂടി കുറഞ്ഞ് 25.64 ഡോളറില്‍ ആയി. ഇന്‍ഫോസിസ് എഡിആര്‍ 1.58 ശതമാനം ഇടിഞ്ഞിട്ട് തുടര്‍ വ്യാപാരത്തില്‍ 0.17 ശതമാനം കയറി 11.88 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ 2.15 ശതമാനം താഴ്ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 1.59 ശതമാനം കയറി 1.85 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ്, ഏഷ്യ

യുഎസ്-ചൈന ഉച്ചകോടിയില്‍ പ്രതീക്ഷ വച്ചു യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച ഉയര്‍ന്നു. ബ്രിട്ടനില്‍ പ്രധാനമന്ത്രി കെയ്ര്‍ സറ്റാര്‍മര്‍ രാജി വയ്ക്കാന്‍ ഇന്നലെ വിസമ്മതിച്ചെങ്കിലും താമസിയാതെ സ്ഥാനം വിടേണ്ടിവരും എന്നു വിപണി കരുതുന്നു. തെരഞ്ഞെടുപ്പ് നടന്നാല്‍ തീവ്ര വലതുപക്ഷവും തീവ്ര ഇടതുപക്ഷവും നേട്ടമുണ്ടാക്കും എന്നതാണ് ബ്രിട്ടനിലെ അന്തരീക്ഷം.

ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണ്. ട്രംപ്-ഷി ഉച്ചകോടിയില്‍ പ്രതീക്ഷ വച്ചാണു വിപണി നീങ്ങുന്നത്. ജപ്പാനില്‍ നിക്കൈ സൂചിക 0.70 ശതമാനവും ദക്ഷിണ കൊറിയയില്‍ കോസ്പി സൂചിക 0.40 ശതമാനവും ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ സൂചിക താഴ്ചയില്‍ നിന്നു നേട്ടത്തിലായി. ഹോങ് കോങ് സൂചിക 1.25 ശതമാനം ഉയര്‍ന്നു. ഷാങ്ഹായ് വിപണി നഷ്ടത്തില്‍ വ്യാപാരം തുടങ്ങി.

നഷ്ടത്തില്‍ നിന്നു മാറി ഇന്ത്യന്‍ വിപണി

ഇന്ധനവിലക്കയറ്റവും സാമ്പത്തിക നിയന്ത്രണങ്ങളും വരാം എന്ന ഭീതി തുടര്‍ന്നെങ്കിലും ഇന്ത്യന്‍ വിപണി ഇന്നലെ നാമമാത്രമായി ഉയര്‍ന്നു. വ്യാപാര സമയത്തു വലിയ ചാഞ്ചാട്ടം ഉണ്ടായെങ്കിലും തുടര്‍ച്ചയായ മൂന്നു ദിവസത്തെ ഇടിവില്‍ നിന്നു മാറാന്‍ വിപണിക്കു കഴിഞ്ഞു. മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, ഓയില്‍-ഗ്യാസ് മേഖലകളാണ് ഇന്നലെ പ്രധാനമായും ഉയര്‍ന്നത്. ഐടിയും വാഹനങ്ങളും റിയ പറ്റിയും ബാങ്കുകളും നഷ്ടത്തിലായി.

സ്വര്‍ണത്തിന് ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ ജ്വല്ലറി കമ്പനികള്‍ മൂന്നാം ദിവസവും താഴ്ന്നു. ടൈറ്റന്‍, കല്യാണ്‍, പിഎന്‍ ഗാഡ്ഗില്‍, സെന്‍കോ, തങ്കമയില്‍, ഗോള്‍ഡിയാം, ടിബിസെഡ്, സ്‌കൈ തുടങ്ങിയവയെല്ലാം നഷ്ടത്തിലായി. വ്യാപാരം കുറയുമെന്ന ആശങ്കയാണു പ്രധാനം. 2024-25 ലെ ബജറ്റില്‍ കുറച്ച തീരുവയാണ് ഇന്നലെ വീണ്ടും കൂട്ടിയത്.

തീരുവ കൂടിയതു കൊണ്ട് ഇറക്കുമതിയില്‍ കാര്യമായ കുറവൊന്നും വിപണി പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം 7200 കോടി ഡോളറാണ് സ്വര്‍ണ ഇറക്കുമതിക്കു ചെലവാക്കിയത്. അതില്‍ നിന്ന് 1000 കോടി ഡോളറിലും താഴെയുള്ള കുറവേ ഇറക്കുമതിയില്‍ വരൂ എന്നാണു നിഗമനം. അതേസമയം കള്ളക്കടത്തു വര്‍ധിക്കുകയും ചെയ്യും. കള്ളക്കടത്തിലെ മാര്‍ജിന്‍ 15 ശതമാനമായി വര്‍ധിച്ചു.

വിദേശനിക്ഷേപകര്‍ വില്‍പന വലിയ തോതില്‍ തുടരുകയാണ്. വിദേശികള്‍ ഇന്നലെ ക്യാഷ് വിപണിയില്‍ 4703.15 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശികള്‍ 5869.05 കോടി രൂപയുടെ വാങ്ങലും നടത്തി.

ബുധനാഴ്ച സെന്‍സെക്സ് 49.74 പോയിന്റ് (0.07%) ഉയര്‍ന്ന് 74,608.98ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 33.05 പോയിന്റ് (0.14%) കയറി 23,412.60ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 99.05 പോയിന്റ് (0.18%) നഷ്ടത്തോടെ 53,456.15ല്‍ ക്ലോസ് ചെയ്തു. മിഡ്ക്യാപ് 100 സൂചിക 460.00 പോയിന്റ് (0.77%) കയറി 60,164.65 ല്‍ അവസാനിച്ചു. സ്‌മോള്‍ക്യാപ് 100 സൂചിക 55.05 പോയിന്റ് (0.31%) ഉയര്‍ന്ന് 17,994.05ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ ഭൂരിപക്ഷം ഓഹരികള്‍ കയറ്റത്തിലായിരുന്നു. ബിഎസ്ഇയില്‍ 2337 ഓഹരികള്‍ കയറി, 1871 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1954 എണ്ണം ഉയര്‍ന്നപ്പോള്‍ 1284 എണ്ണം ഇടിഞ്ഞു.

കമ്പനികള്‍, വാര്‍ത്തകള്‍

ടാറ്റാ മോട്ടോഴ്‌സ് കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് നാലാം പാദത്തില്‍ വരുമാനം 22 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായം 70 ശതമാനം കുതിച്ചു. വാണിജ്യ വാഹന വില്‍പന 25 ശതമാനം വര്‍ധിച്ചു. കയറ്റുമതി 54 ശതമാനം കൂടി.

ഭാരതി എയര്‍ടെലിന്റെ നാലാംപാദ വരുമാനം 16 ശതമാനം വര്‍ധിച്ചെങ്കിലും അറ്റാദായം 33.5 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം 2892 കോടി രൂപയുടെ നികുതിലാഭം ഉണ്ടായതുമൂലമാണ് ഇപ്രാവശ്യം ലാഭത്തില്‍ കുറവു കാണുന്നതെന്നു കമ്പനി വിശദീകരിച്ചു.

സ്വര്‍ണം ചാഞ്ചാടുന്നു

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. അമേരിക്കയില്‍ മൊത്ത വിലക്കയറ്റം ആറു ശതമാനമായത് പലിശ കൂട്ടല്‍ ഭീഷണിയെ വീണ്ടും ശക്തമാക്കി. ഇന്നലെ സ്വര്‍ണം ഔണ്‍സിന് 4669-4727 ഡോളര്‍ മേഖലയില്‍ കയറിയിറങ്ങി. 26.40 ഡോളര്‍ താഴ്ന്ന് 4690.00 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വര്‍ണം ഔണ്‍സിന് 4686 ഡോളറിലേക്കു താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ബുധനാഴ്ച 5880 രൂപ വര്‍ധിച്ച് 1,18,800 രൂപയായി. രാവിലെ പവന് 10,200 രൂപ വര്‍ധിച്ച് 1,23,120 രൂപയില്‍ എത്തിയതാണ്. പിന്നീടു നികുതിവര്‍ധന വിശദമായി പരിശോധിച്ചപ്പോള്‍ അത്രയും വില കൂടുകയില്ലെന്നു മനസിലാക്കി കുറയ്ക്കുകയായിരുന്നു.

വെള്ളിവില ബുധനാഴ്ച ഔണ്‍സിന് 87.62 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 87.66 ഡോളറിലേക്ക് കയറി.

പ്ലാറ്റിനം 2131 ഡോളര്‍, പല്ലാഡിയം 1480 ഡോളര്‍, റോഡിയം 9500 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

14,000 ഡോളര്‍ കടന്നു ചെമ്പ് കുതിക്കുന്നു

ബുധനാഴ്ച എല്ലാ വ്യാവസായിക ലോഹങ്ങളും കുതിച്ചു. ചെമ്പ് 1.62 ശതമാനം കയറി 14,095.85 ഡോളറില്‍ എത്തി റെക്കോര്‍ഡ് തിരുത്തി. ചെമ്പിന്റെ ലഭ്യതയിലെ ആശങ്കയാണ് വില ഉയര്‍ത്തുന്നത്. പുതിയ ഖനികള്‍ ഇല്ലാത്തതും ചില ഖനികളിലെ ഉല്‍പാദനം മുടങ്ങിയതുമാണു ലഭ്യത കുറയ്ക്കുന്ന കാര്യങ്ങള്‍. നിര്‍മിത ബുദ്ധിക്കായി കൂടുതല്‍ ഡാറ്റാ സെന്ററുകള്‍ തുടങ്ങുന്നതടക്കമുള്ള വ്യാവസായിക വികസനം ചെമ്പിന്റെ ആവശ്യം വര്‍ധിപ്പിക്കുന്നു.

അലൂമിനിയം 2.34 ശതമാനം കയറി 3649.25 ഡോളര്‍ ആയി. നിക്കലും സിങ്കും ലെഡും ടിന്നും ഉയര്‍ന്നു.

കാപ്പി 0.20 ശതമാനം കയറി പൗണ്ടിന് 280.70 സെന്റ് ആയി. പാമോയില്‍ വില ടണ്ണിന് 4438 മലേഷ്യന്‍ റിംഗിറ്റിലേക്കു താഴ്ന്നു.

കൊക്കോ താഴ്ന്നു

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം കുതിച്ചു കയറിയ കൊക്കോ വില ഇന്നലെയും താഴ്ന്നു. 3.68 ശതമാനം കുറഞ്ഞ് ടണ്ണിന് 4418.00 ഡോളറില്‍ വില എത്തി. ഘാനയില്‍ കൊക്കോ സംഭരണത്തിനു സര്‍ക്കാര്‍ 100 കോടി ഡോളറിന്റെ പദ്ധതി തയാറാക്കി. ഐവറി കോസ്റ്റിലും ഘാനയിലും മഴ തുടങ്ങിയെങ്കിലും നീണ്ടു നിന്ന വരള്‍ച്ച ബീന്‍സിന്റെ ലഭ്യതയും ഗുണവും കുറയ്ക്കും എന്ന് ആശങ്കയുണ്ട്.

ഡോളര്‍ സൂചിക കയറി

യുഎസ് ഡോളര്‍ സൂചിക ബുധനാഴ്ച ഉയര്‍ന്ന് 98.52ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.46 ലേക്കു താഴ്ന്നു. യൂറോ 1.1714 ഡോളറിലേക്കും പൗണ്ട് 1.3524 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 157.88 യെന്‍ എന്ന നിലയിലേക്ക് താണു. ചൈനീസ് യുവാന്‍ ഡോളറിന് 6.79 യുവാന്‍ എന്ന നിരക്കിലേക്കു കയറി.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.465 ശതമാനമായി താഴ്ന്നു.

ഡോളര്‍ 96 രൂപയിലേക്ക്

രൂപ താഴോട്ടുള്ള യാത്ര തുടരുകയാണ്. ഡോളര്‍ 96 രൂപയിലേക്കു കയറുന്ന ശ്രമത്തിലാണ്. ക്രൂഡ് ഓയില്‍ വിലക്കയറ്റം മൂലം വരാവുന്ന കറന്റ് അക്കൗണ്ട് കമ്മി നേരിടാന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം കൂടുന്നതു പോലുളള നെഗറ്റീവ് നടപടികളാണ് ഇതുവരെ ഇന്ത്യ സ്വീകരിച്ചത്. രാജ്യത്തേക്ക് വലിയ തോതില്‍ വിദേശനിക്ഷേപം വരാവുന്ന നടപടികള്‍ കൊണ്ടേ പ്രശ്‌നം പരിഹിക്കാനാകൂ. അതു കാണാത്തത് രൂപയെ ഇനിയും താഴ്ത്തും. ബുധനാഴ്ച. ഡോളര്‍ എട്ടു പൈസ വര്‍ധിച്ച് 95.70 രൂപയില്‍ ക്ലോസ് ചെയ്തു. രൂപയുടെ ഏറ്റവും താഴ്ന്ന ക്ലോസിംഗാണിത്. ഇന്നലെ വ്യാപാരത്തിനിടയ്ക്കു 95.74 രൂപ വരെ താണിരുന്നു.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.69 രൂപയിലാണ്. ചൈനീസ് യുവാന്‍ 14.09 രൂപയിലേക്കു കയറി. യൂറോ 112.14 രൂപയിലേക്കു താണു.

ക്രൂഡ് ഓയില്‍ താഴുന്നു

ബുധനാഴ്ച ക്രൂഡ് ഓയില്‍ അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 105.63 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 105.43 ഡോളറിലേക്കു താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 100.91 ഡോളറില്‍ നില്‍ക്കുന്നു. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 104.15 ഡോളറിലാണ്.

ക്രിപ്‌റ്റോകള്‍ താഴോട്ട്

ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ച തുടര്‍ന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 79,600 ഡോളറിനു താഴേക്കു നീങ്ങി. ഈഥര്‍ 2260 ഡോളറിനും സൊലാന 91 ഡോളറിനും താഴെ നില്‍ക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT