image credit : canva 
Markets

സാമ്പത്തിക സൂചകങ്ങളും വാണിജ്യകണക്കും വിപണിയുടെ ഗതി നിയന്ത്രിക്കും, രൂപയുടെ ചലനം നിര്‍ണായകം; വ്യാപാരചര്‍ച്ചയില്‍ പുരോഗതി അകലെ

T C Mathew

രൂപയുടെ വിനിമയ നിരക്ക്, വിദേശനിക്ഷേപകരുടെ സമീപനം, ഇന്ത്യ-യുഎസ് വ്യാപാര കരാര്‍, യൂറോപ്പിലെയും ജപ്പാനിലെയും കേന്ദ്ര ബാങ്കുകളുടെ തീരുമാനം, ഇന്ത്യയുടെ വിദേശവ്യാപാര പുരോഗതി, യുഎസ് തൊഴില്‍ കണക്ക് തുടങ്ങിയവ വിപണിഗതി നിയന്ത്രിക്കുന്ന ആഴ്ചയാണ് ഇന്നു തുടങ്ങുന്നത്. പല കാര്യങ്ങളും പോസിറ്റീവ് സൂചനകള്‍ നല്‍കുന്നില്ല. കഴിഞ്ഞയാഴ്ച ആദ്യം താഴ്ന്നിട്ടു കരുത്തോടെ തിരിച്ചു കയറിയ വിപണിക്ക് ഇന്നു ബാഹ്യ സൂചനകള്‍ നെഗറ്റീവ് ആയി. ഏഷ്യന്‍ വിപണികള്‍ ഇന്നു തുടക്കത്തില്‍ വലിയ താഴ്ചയിലായി.

കഴിഞ്ഞ ആഴ്ച നടന്ന ഇന്ത്യ-അമേരിക്ക വ്യാപാരചര്‍ച്ച കാര്യമായ പുരോഗതി ഉണ്ടാക്കിയില്ല. ജനിതകമാറ്റം (ജിഎം) വരുത്തിയ സോയാബീന്‍സും ചോളവും വാങ്ങാന്‍ അമേരിക്ക സമ്മര്‍ദം തുടരുകയാണ്. അമേരിക്കന്‍ കര്‍ഷകരെ സന്തോഷിപ്പിക്കുകയാണു യുഎസ് പ്രസിഡന്റ് ട്രംപിന്റെ ലക്ഷ്യം. ഇന്ത്യ ജിഎം വിളകളോടുള്ള കടുത്ത എതിര്‍പ്പില്‍ മയം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി സംസാരിച്ചെങ്കിലും നിലപാടുകളില്‍ മാറ്റം ഉണ്ടായില്ല.

നവംബറിലെ ചില്ലറ വിലക്കയറ്റം 0.71 ശതമാനമായി ഉയര്‍ന്നു. ഒക്ടോബറില്‍ 0.25 ശതമാനം ആയിരുന്നു. ഭക്ഷ്യവിലകളില്‍ നേരിയ വര്‍ധന ഉണ്ടായി. ഒക്ടോബറിലെ അഞ്ചുശതമാനം ഇടിവ് 3.9 ശതമാനമായി കുറഞ്ഞു. ഭക്ഷ്യ, ഇന്ധന വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം 4.4 ശതമാനമായി തുടര്‍ന്നു. വരും മാസങ്ങളില്‍ വിലക്കയറ്റം വര്‍ധിക്കും എന്നാണു നിഗമനം. ഡിസംബറിലെ ചില്ലറ വിലക്കയറ്റം ഒരു ശതമാനത്തിനടുത്ത് ആകുമെന്നു സ്വകാര്യ നിരീക്ഷകര്‍ പറയുന്നു. ജനുവരി-മാര്‍ച്ചില്‍ ചില്ലറ വിലക്കയറ്റം 2.9 ശതമാനമായി ഉയരും എന്നാണ് റിസര്‍വ് ബാങ്ക് കണക്കാക്കുന്നത്. ഇന്നു വൈകുന്നേരം മൊത്തവില കണക്കും കയറ്റിറക്കുമതി കണക്കും പ്രസിദ്ധീകരിക്കും.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ നിഫ്റ്റി വെള്ളിയാഴ്ച രാത്രി 26,011.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,047 വരെ കയറിയിട്ട് താഴ്ന്ന് 26,027 ലെത്തി. ഇന്ത്യന്‍ വിപണി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പില്‍ നഷ്ടം

യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. യൂറോപ്യന്‍ കേന്ദ്രബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഈ ആഴ്ച പണനയ തീരുമാനം എടുക്കും. നോര്‍വേയിലും സ്വീഡനിലും ഈയാഴ്ച തന്നെയാണു പണനയ അവലോകനം. വെള്ളിയാഴ്ച യൂറോപ്യന്‍ സെമികണ്ടക്ടര്‍ ഓഹരികള്‍ താഴ്ന്നു.

ഡൗ കുതിച്ചു, നാസ്ഡാക് താഴ്ന്നു

പലിശ കുറയ്ക്കല്‍ കഴിഞ്ഞപ്പോള്‍ നിര്‍മിതബുദ്ധി ആശങ്കയിലേക്കു വിപണി വീണ്ടും വീണു. ഓറക്കിള്‍ കോര്‍പറേഷന്‍ നിര്‍മിതബുദ്ധി മേഖലയില്‍ വേണ്ട മൂലധന നിക്ഷേപം പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണെന്ന് അറിയിച്ചത് വിപണിക്ക് ആഘാതമായി. ടെക് ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ നാസ്ഡാക് ആഴ്ചയില്‍ 1.7 ശതമാനം നഷ്ടത്തിലായി. എസ്ആന്‍ഡ്പി 0.6 ശതമാനം താഴ്ന്നു. ടെക് ഓഹരികള്‍ ഇല്ലാത്ത ഡൗ ആഴ്ചയില്‍ 1.1 ശതമാനം കയറി.

എസ്ആന്‍ഡ്പിയിലെ ടെക് മേഖലാ സൂചിക 2.3 ശതമാനമാണു കഴിഞ്ഞയാഴ്ച ഇടിഞ്ഞത്. ഓറക്കിള്‍ 12.7ഉം ബ്രോഡ്‌കോം ഏഴും ശതമാനം താഴ്ന്നു. ഒരു മാസം കൊണ്ട് എന്‍വിഡിയ 7.97 ഉം എഎംഡി 14.6 ഉം ഓറക്കിള്‍ 14.75 ഉം ശതമാനം ഇടിഞ്ഞു.

നിര്‍മിതബുദ്ധി കണക്കാക്കിയുള്ള ഡാറ്റാ സെന്ററുകള്‍, ഓഫീസ് ക്രമീകരണം, അവയ്ക്കു വേണ്ട വൈദ്യുതി തുടങ്ങിയ മേഖലകളിലെ നിക്ഷേപം അതിഭീമമാണ്. കാല്‍ നൂറ്റാണ്ടു മുന്‍പ് ഇന്റര്‍നെറ്റിനു വേണ്ടി ആവശ്യത്തിന്റെ പല മടങ്ങ് ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ചതിനെ ഓര്‍മിപ്പിക്കുന്നതാണ് ഇത്.

വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 245.96 പോയിന്റ് (0.51%) താഴ്ന്ന് 48,458.05ലും എസ്ആന്‍ഡ്പി 500 സൂചിക 73.59 പോയിന്റ് (1.07%) നഷ്ടത്തോടെ 6827.41ലും എത്തി. നാസ്ഡാക് കോംപസിറ്റ് 398.69 പോയിന്റ് (1.69%) ഇടിഞ്ഞ് 23,195.17ല്‍ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് കയറ്റത്തിലാണ്. ഡൗ 0.24 ഉം എസ് ആന്‍ഡ് പി 0.23 ഉം നാസ്ഡാക് 0.18 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു. നവംബറിലെ കാര്‍ഷികേതര തൊഴില്‍, ഒക്ടോബറിലെ ചില്ലറ വില്‍പന കണക്കുകള്‍ നാളെയും നവംബറിലെ ഉപഭോക്തൃ വിലസൂചിക വ്യാഴാഴ്ചയും അറിവാകും.

ഏഷ്യ നഷ്ടത്തില്‍

ഏഷ്യന്‍ വിപണികള്‍ ഇന്നു നഷ്ടത്തിലാണ് തുടങ്ങിയത്. ബാങ്ക് ഓഫ് ജപ്പാന്റെ പണനയ അവലോകനം ഈയാഴ്ച ഉണ്ട്. ചൈനയുടെ നവംബറിലെ റീട്ടെയില്‍ വില്‍പന, വ്യവസായ ഉല്‍പാദനം, മൂലധന ആസ്തി നിക്ഷേപം എന്നിവയുടെ കണക്ക് ഇന്നു പുറത്തുവിടും. ജപ്പാനില്‍ നിക്കൈ 1.40 ശതമാനവും ഓസ്‌ട്രേലിയന്‍ എഎസ്എക്‌സ് 0.75 ശതമാനവും ദക്ഷിണ കൊറിയന്‍ കോസ്പി സൂചിക 2.1 ശതമാനവും താഴ്ന്നു. ചൈനീസ് സൂചിക നാമമാത്രമായി താഴ്ന്നു. ഹോങ് കോങ് സൂചിക ഒരു ശതമാനം ഇടിഞ്ഞാണു വ്യാപാരം തുടങ്ങിയത്.

ഉണര്‍വോടെ ഇന്ത്യന്‍ വിപണി

അമേരിക്കയുമായുള്ള വ്യാപാരകരാര്‍ അടുത്തുവരുന്നു എന്ന പ്രതീക്ഷയാണു വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയെ നല്ല നേട്ടത്തില്‍ എത്തിച്ചത്. മെറ്റല്‍, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, ഓയില്‍, ടൂറിസം, കാപ്പിറ്റല്‍ മാര്‍ക്കറ്റ് മേഖലകള്‍ നടത്തിയ കുതിപ്പാണ് വെള്ളിയാഴ്ച നിര്‍ണായകമായത്. ഓട്ടോ, ഐടി, ബാങ്ക്, ധനകാര്യ മേഖലകളും ഉയര്‍ന്നു. മുഖ്യ സൂചികകള്‍ അര ശതമാനത്തിലധികം ഉയര്‍ന്നപ്പോള്‍ മിഡ് ക്യാപ് 100 സൂചിക ഒരു ശതമാനത്തിലധികം കുതിച്ചു.

വിദേശികള്‍ വില്‍പന തുടരുകയാണ്. വിദേശ നിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 1,114.22 കോടി രൂപയുടെ അറ്റവില്‍പനനടത്തി. സ്വദേശി ഫണ്ടുകള്‍ 3,868.94 കോടിയുടെ അറ്റവാങ്ങല്‍ നടത്തി. കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ വിപണിയിലെ ഓഹരികളില്‍ നിന്ന് 6,135.33 കോടി രൂപയും കടപ്പത്രങ്ങളില്‍ നിന്ന് 6,891.47 കോടിയും അടക്കം 12,941.34 കോടി രൂപ വിദേശികള്‍ പിന്‍വലിച്ചു. ഈ വര്‍ഷം ഇതുവരെ വിദേശികള്‍ 1840 കോടി ഡോളര്‍ (1.6 ലക്ഷം കോടി രൂപ) ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്നു പിന്‍വലിച്ചു. 2022 ലെ വില്‍പനയായ 1650 കോടി ഡോളറിനേക്കാള്‍ വളരെ കൂടുതലാണിത്.

വെള്ളിയാഴ്ച നിഫ്റ്റി 26,057 ഉം സെന്‍സെക്‌സ് 85,320 ഉം വരെ കയറിയ ശേഷമാണ് അല്‍പം കുറഞ്ഞ നിലയില്‍ ക്ലോസ് ചെയ്തത്.

വെള്ളിയാഴ്ച സെന്‍സെക്‌സ് 449.53 പോയിന്റ് (0.53%) ഉയര്‍ന്ന് 85,267.66ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 148.40 പോയിന്റ് (0.57%) കുതിച്ച് 26,046.95ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 180.10 പോയിന്റ് (0.30%) നേട്ടത്തോടെ 59,389.95ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 705.25 പോയിന്റ് (1.18%) കുതിച്ച് 60,283.30ലും സ്‌മോള്‍ ക്യാപ് 100 സൂചിക 161.90 പോയിന്റ് (0.94%) കയറി 17,389.95ലും അവസാനിച്ചു.

വിശാലവിപണിയില്‍ കയറ്റ-ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 2552 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1642 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 2066 ഓഹരികള്‍ കയറി, 1026 എണ്ണം താഴ്ന്നു.

എന്‍എസ്ഇയില്‍ 58 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ 57 എണ്ണം താഴ്ന്ന വിലയില്‍ എത്തി. ഓരോ ഓഹരി വീതം അപ്പര്‍ സര്‍കീട്ടിലും ലോവര്‍ സര്‍കീട്ടിലും എത്തി.

നിഫ്റ്റി 25,700ല്‍ നിന്നു കരുത്തോടെ 26,000നു മുകളില്‍ തിരിച്ചെത്തി. ഇനി 26,050-26,300 മേഖലയിലെ തടസം മറികടക്കല്‍ എളുപ്പമല്ല അതു കടന്നാല്‍ 26,500 നു മുകളിലേക്കു ലക്ഷ്യം വയ്ക്കാം. വീഴ്ചയോടെയാണ് ആഴ്ച തുടങ്ങുന്നതെങ്കില്‍ വീണ്ടും 25,700 മേഖലയില്‍ എത്താം. ഇന്നു നിഫ്റ്റിക്ക് 25,970 ലും 25,900 ലും പിന്തുണ പ്രതീക്ഷിക്കാം. 26,090 ലും 26,130 ലും പ്രതിരോധം നേരിടും.

കമ്പനികള്‍, വാര്‍ത്തകള്‍

മുംബൈയില്‍ 1041.44 കോടി രൂപയുടെ ഫ്‌ലൈ ഓവര്‍ നിര്‍മാണ കരാര്‍ അശോക ബില്‍ഡ്‌കോണ്‍-അക്ഷയ ഇന്‍ഫ്ര സഖ്യത്തിനു ലഭിച്ചു.

ഗൂഗിള്‍ ക്ലൗഡുമായുള്ള സഹകരണം വര്‍ധിപ്പിക്കാനും ജമിനൈ എന്റര്‍പ്രൈസ് മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും നടപ്പാക്കാനും വിപ്രോ കരാര്‍ ഉണ്ടാക്കി.

40 ജിഗാവാട്ട് അവറിലേക്ക് ബാറ്ററി എനര്‍ജി സ്റ്റാേറേജ് നിര്‍മാണ ശേഷി വര്‍ധിപ്പിക്കാന്‍1625 കോടി രൂപയുടെ മൂലധന നിക്ഷേപം ഗോദാവരി പവര്‍ ആന്‍ഡ് ഇസ്പാത് അംഗീകരിച്ചു.

ട്രാന്‍സ്മിഷന്‍ ലൈന്‍, സബ് സ്റ്റേഷന്‍ എന്നിവയുടെ നിര്‍മാണത്തിനായി 1150 കോടി രൂപയുടെ കരാര്‍ കെഇസി ഇന്റര്‍നാഷണലിനു ലഭിച്ചു.

പിടിസി ഇന്ത്യക്കായി 2000 മെഗാവാട്ടിന്റെ ഗ്രീന്‍ എനര്‍ജി പ്രോജക്ടിനായി എന്‍എല്‍സി ഇന്ത്യ കരാര്‍ ഉണ്ടാക്കി.

ഭാരത് ഇലക്ട്രോണിക്‌സിന് 776 കോടി രൂപയുടെ പുതിയ കരാറുകള്‍ ലഭിച്ചു.

1700 കോടി രൂപയുടെ കിട്ടാക്കടങ്ങള്‍വില്‍ക്കുന്നതിന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി.

സ്വര്‍ണവും വെള്ളിയും കയറി, ഇറങ്ങി

സ്വര്‍ണവും വെള്ളിയും വെള്ളിയാഴ്ച കുതിച്ചു കയറിയെങ്കിലും ലാഭമെടുക്കലുകാരുടെ വില്‍പന സമ്മര്‍ദം വിലയിടിച്ചു. ഈയാഴ്ച വില കയറും എന്നാണു വിപണിയിലെ നിഗമനം.

സ്വര്‍ണം ഔണ്‍സിന് 4354 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം വെളളിയാഴ്ച 4300.70 ല്‍ ക്ലോസ് ചെയ്തു. തലേന്നത്തേക്കാള്‍ 0.46 ശതമാനം നേട്ടം. ഇന്നു രാവിലെ 4325 ഡോളറിലേക്കു കയറി. അവധിവില ഇന്ന് 4355 ഡോളര്‍ ആയി.

കേരളത്തില്‍ വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണം ഒരു പവന് മൂന്നു തവണയായി 2520 രൂപ വര്‍ധിച്ച് 98,400 രൂപയില്‍ എത്തി റെക്കോര്‍ഡ് കുറിച്ചു. ഒക്ടോബര്‍ 17, 20 തീയതികളില്‍ വന്ന 97,360 രൂപയായിരുന്നു പഴയ റെക്കോര്‍ഡ്. ശനിയാഴ്ച 200 രൂപ കുറഞ്ഞ് 98,200 രൂപ ആയി. ഇന്നും വില കൂടുമെന്നാണു രാജ്യാന്തര വിപണിയിലെ സൂചന.

വെള്ളി സ്‌പോട്ട് വിപണിയില്‍ കുതിച്ച് ഔണ്‍സിന് 64.69 ഡോളര്‍ എന്ന റെക്കോര്‍ഡ് കുറിച്ചു. പിന്നീട് താഴ്ന്ന് 61.99 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 62.66 ഡോളറിലേക്കു കയറി. അവധിവില 62.90 ഡോളര്‍ ആയി. വാരാന്ത്യത്തില്‍ വെള്ളിവില ഇന്ത്യയില്‍ കിലോഗ്രാമിന് 2,04,100 രൂപയാണ്

പ്ലാറ്റിനം 1742 ഡോളര്‍, പല്ലാഡിയം 1480 ഡോളര്‍, റോഡിയം 7800 ഡോളര്‍ എന്നിങ്ങനെയാണു വില.

ലോഹങ്ങള്‍ പല വഴിയേ

വ്യാവസായിക ലോഹങ്ങള്‍ വെള്ളിയാഴ്ചയും ഭിന്ന ദിശകളിലായി. ചെമ്പ് വില ആറു മാസത്തിനിടയിലെ റെക്കോര്‍ഡ് നിലയിലേക്കു കയറി. ദൗര്‍ലഭ്യം മൂലം ടിന്‍ വില നാലു മാസത്തിനിടയിലെ ഉയര്‍ന്ന വിലയില്‍ എത്തി. ചെമ്പ് 0.65 ശതമാനം ഉയര്‍ന്നു ടണ്ണിന് 11,816.00 ഡോളറില്‍ ക്ലാേസ് ചെയ്തു. അലൂമിനിയം 0.20 ശതമാനം താഴ്ന്നു ടണ്ണിന് 2889.10 ഡോളറില്‍ അവസാനിച്ചു. സിങ്കും നിക്കലും ലെഡും താഴ്ന്നു. ടിന്‍ 3.34 ശതമാനം കുതിച്ച് 41,905 ഡോളറില്‍ എത്തി.

ചെമ്പ് പഴയ റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കും എന്നാണു സംസാരം. പെറുവിലും ഇന്തോനീഷ്യയിലും ഖനികള്‍ അടഞ്ഞു കിടക്കുന്നതാണു പ്രധാന പ്രശ്‌നം.

റബര്‍ വില രാജ്യാന്തര വിപണിയില്‍ 0.12 ശതമാനം താഴ്ന്നു കിലോഗ്രാമിന് 172.20 സെന്റ് ആയി. കൊക്കോ ഉയര്‍ന്നു ടണ്ണിന് 6226.00 ഡോളറില്‍ എത്തി. കാപ്പി വില 2.55 ശതമാനം ഇടിഞ്ഞു. തേയില വില 0.03 ശതമാനം കുറഞ്ഞു. പാമാേയില്‍ 1.13 ശതമാനം താഴ്ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT