image credit : canva 
Markets

വിപണി വലിയ കുതിപ്പിന്, ഇന്ത്യ-അമേരിക്ക കരാറില്‍ ആവേശം, കയറ്റുമതിക്കു വലിയ നേട്ടം, രൂപയും കയറ്റത്തിന്; സ്വര്‍ണവും വെള്ളിയും തിരിച്ചു കയറുന്നു

ഇന്ത്യ-അമേരിക്ക വ്യാപാരകരാര്‍ ഇന്നു വിപണിയെ പുതിയ ഉയരങ്ങളിലേക്കു നയിക്കും എന്ന് ഉറപ്പാണ്. ഒരു വര്‍ഷമായി വിപണിയെ വല്ലാതെ ഉലച്ചുപോന്ന വിഷയമാണ് ഒഴിവാകുന്നത്.

T C Mathew

ഒടുവില്‍ ഇന്ത്യയും അമേരിക്കയും വ്യാപാരകരാറില്‍ എത്തി. ഇന്ന് ഇന്ത്യന്‍ വിപണിക്ക് വലിയ കുതിപ്പ് പ്രതീക്ഷിക്കാം. രൂപയും നല്ല നേട്ടം ഉണ്ടാക്കും. സ്വര്‍ണവും വെള്ളിയും തിരിച്ചുകയറ്റത്തിലാണ്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 25,940.00 ലേക്കു കയറി. നിഫ്റ്റി 800 പോയിന്റിനടുത്ത നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന. വ്യാപാര കരാര്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ എഡിആര്‍ വിപണിയില്‍ ഇന്‍ഫോസിസ് 4.35 ഉം വിപ്രോ 6.75 ഉം ശതമാനം ഉയര്‍ന്നു.

കയറ്റുമതിക്കു വന്‍നേട്ടം

ഇന്ത്യ-അമേരിക്ക വ്യാപാരകരാര്‍ ഇന്നു വിപണിയെ പുതിയ ഉയരങ്ങളിലേക്കു നയിക്കും എന്ന് ഉറപ്പാണ്. ഒരു വര്‍ഷമായി വിപണിയെ വല്ലാതെ ഉലച്ചുപോന്ന വിഷയമാണ് ഒഴിവാകുന്നത്. അമേരിക്ക ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ചുങ്കം 50ല്‍ നിന്നു 18 ശതമാനമായി കുറച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചുമത്തിയ 25 ശതമാനം പിഴച്ചുങ്കം അടക്കമായിരുന്നു 50 ശതമാനം. പകരമായി ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങല്‍ ഒഴിവാക്കും.

ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയിലും ഇപ്പോള്‍ വാങ്ങരുത്. അമേരിക്കയിലും വെനസ്വെലയിലും നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങണം. അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ക്രമേണ ഇല്ലാതാക്കുകയും ഇറക്കുമതി വിലക്കുകള്‍ നീക്കുകയും വേണം. ഇതിന്റെ വിശദാംശങ്ങള്‍ അറിയാനിരിക്കുന്നതേ ഉള്ളൂ.

ഞായറാഴ്ച ഇന്ത്യയുടെ സമുദ്രോല്‍പന്നങ്ങള്‍ക്കും രത്‌നങ്ങള്‍ക്കും ചുങ്കം 25ല്‍ നിന്നു 18 ശതമാനമായി കുറയും. നേട്ടം ഏഴു ശതമാനം. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കു ചുങ്കത്തില്‍ 20.5 ശതമാനം നേട്ടം കിട്ടും കാര്‍പെറ്റുകള്‍ക്ക് 13.7%, ബെഡ് ഷീറ്റിനും കര്‍ട്ടനും 27%, വസ്ത്രങ്ങള്‍ക്ക് 37% എന്നിങ്ങനെ ചുങ്കത്തില്‍ കുറവു വരും.

കയറ്റുമതിയില്‍ ഇന്ത്യയോടു മത്സരിക്കുന്ന വിയറ്റ്‌നാം, ബംഗ്ലാദേശ്, ശ്രീലങ്ക, തായ്വാന്‍ എന്നീ രാജ്യങ്ങള്‍ക്ക് 20 ശതമാനമാണു യുഎസ് ചുങ്കം. പാക്കിസ്ഥാന്‍, ഇന്തോനീഷ, മലേഷ്യ, തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്, കംബോഡിയ എന്നിവയ്ക്ക് 19 ശതമാനം ഉണ്ട്. താരതമ്യത്തില്‍ ഇന്ത്യയുടെ 18 ശതമാനം കുറഞ്ഞ നിരക്കാണ്. 10 ശതമാനം ഉള്ള ബ്രിട്ടന്‍, 15 ശതമാനം ഉള്ള യൂറോപ്യന്‍ യൂണിയന്‍, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍, തുര്‍ക്കി, ജപ്പാന്‍, ദക്ഷിണ കൊറിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ബ്രസീല്‍ ഒഴികെയുള്ള ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവ ഇന്ത്യയേക്കാള്‍ കുറഞ്ഞ നിരക്കിന്റെ ആനുകൂല്യത്തിലാണ്.

ചൈന (34%)ബ്രസീല്‍ (50%), ദക്ഷിണാഫ്രിക്ക (30%) അയല്‍ക്കാരായ കാനഡ (35%), മെക്‌സിക്കോ (25%) തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ ചുങ്കം നല്‍കണം.

4.38 ലക്ഷം കോടി രൂപയുടെ (4820 കോടി ഡോളര്‍) ഇന്ത്യന്‍ കയറ്റുമതിക്ക്ചുങ്കം കുറയ്ക്കല്‍ സഹായകമാകും. 2024-25ല്‍ അമേരിക്കയിലേക്ക് ഇന്ത്യ 7.87 ലക്ഷം കോടി രൂപയുടെ (8,651 കോടി ഡോളര്‍) കയറ്റുമതിയാണു മൊത്തം നടത്തിയത്. അതില്‍ പകുതിയിലേറെ ഇനങ്ങള്‍ക്ക് 50 ശതമാനം ചുങ്കം വന്നു.

യുഎസ് വിപണിക്കു കയറ്റം

ഗവണ്മെന്റ് ഭാഗികമായ സ്തംഭനത്തിലായിരുന്നെങ്കിലും ഇന്നലെ യുഎസ് വിപണികള്‍ മികച്ച നേട്ടം ഉണ്ടാക്കി. എന്നാല്‍ ടെക് മേഖലയിലെ ചില്ലറ പ്രശ്നങ്ങള്‍ നാസ്ഡാകിലെയും എസ്ആന്‍ഡ്പിയിലെയും നേട്ടം ചെറുതാക്കി. ഫെഡ് മേധാവിയായി കെവിന്‍ വാര്‍ഷിനെ നിയമിച്ചതിനെ തുടര്‍ന്നുള്ള ആശങ്കകളും മാറി. ഓപ്പണ്‍ എഐയില്‍ 10,000 കോടി ഡോളര്‍ നിക്ഷേപിക്കും എന്നു പ്രഖ്യാപിച്ച എന്‍വിഡിയ, ആ കമ്പനിയുടെ നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ചു. എന്‍വിഡിയ ഓഹരി 2.89 ശതമാനം ഇടിഞ്ഞു. എന്നാല്‍ വിപണി അടച്ച ശേഷം ഓഹരി ഒരു ശതമാനം കയറി.

ഡൗ ജോണ്‍സ് തിങ്കളാഴ്ച 515.19 പോയിന്റ് (1.05%) ഉയര്‍ന്ന് 49,407.66ല്‍ അവസാനിച്ചു. എസ്ആന്‍ഡ്പി 37.41 പോയിന്റ് (0.54%) കയറി 6976.44ല്‍ ക്ലോസ് ചെയ്തു. നാസ്ഡാക് 130.29 പോയിന്റ് (0.56%) ഉയര്‍ന്ന് 23,592.11ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നേട്ടത്തിലാണ്. ഡൗ 0.08 ഉം എസ് ആന്‍ഡ് പി 0.26 ഉം നാസ്ഡാക് 0.48 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു. സൈനിക സാങ്കേതികവിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന പലാന്റിര്‍ ടെക്നോളജീസ് മികച്ച റിസല്‍ട്ടിനെ തുടര്‍ന്ന് ആറു ശതമാനം കുതിച്ചു. റോബട്ടിക്‌സ് കമ്പനി ടെറാഡൈന്‍ മുന്‍പ് പറഞ്ഞതിലും മികച്ച വരുമാന പ്രതീക്ഷ അവതരിപ്പിച്ചത് ഓഹരിയെ 20 ശതമാനം ഉയര്‍ത്തി.

യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച ഒരു ശതമാനത്തിലധികം നേട്ടത്തില്‍ അവസാനിച്ചു.

ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണ്. ഇന്ത്യ-യുഎസ് വ്യാപാര ധാരണ മേഖലയില്‍ പൊതുവേ ആശ്വാസമായി. ജപ്പാനില്‍ നിക്കൈ 3.20 ഉം ഓസ്‌ട്രേലിയന്‍ സൂചിക 1.25 ഉം ശതമാനം കയറി. കുറേ ദിവസം കുതിച്ചു കയറിയ ദക്ഷിണ കൊറിയന്‍ വിപണിസൂചിക കോസ്പി ഇന്നലെ അഞ്ചു ശതമാനം ഇടിഞ്ഞെങ്കിലും ഇന്നു രാവിലെ അഞ്ചു ശതമാനം തിരിച്ചു കയറി.

എസ്‌കെ ഹൈനിക്സും സാംസംഗുമാണു തകര്‍ച്ചയ്ക്കു മുന്നില്‍ നിന്നത്. ചൈനയിലെ ഫാക്ടറി ഉല്‍പാദനം കുറഞ്ഞതായ സര്‍വേ കണക്കുകള്‍ തിങ്കളാഴ്ച ഹോങ് കോങ്, ചൈനീസ് വിപണികളെ രണ്ടു ശതമാനത്തിലധികം താഴ്ത്തി. ഇന്നു രാവിലെ 0.75 ശതമാനം തിരിച്ചു കയറി.

ഇന്ത്യന്‍ വിപണി കുതിച്ചു

ബജറ്റിനെ തുടര്‍ന്ന് രണ്ടു ശതമാനം ഇടിഞ്ഞ ഇന്ത്യന്‍ വിപണി ഇന്നലെ മികച്ച ആശ്വാസറാലി നടത്തി. മുഖ്യ സൂചികകള്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു. ഓയില്‍- ഗ്വാസ്, വാഹനങ്ങള്‍, മെറ്റല്‍, റിയല്‍റ്റി, കാപ്പിറ്റല്‍ മാര്‍ക്കറ്റ്, എഫ്എംസിജി മേഖലകള്‍ നല്ല മുന്നേറ്റം നടത്തി. ബുള്ളിയനും വ്യാവസായിക ലോഹങ്ങളും തിരിച്ചു കയറുന്നതായ സൂചന മെറ്റല്‍ ഓഹരികളെ ഉയര്‍ത്തി. സ്വര്‍ണപ്പണയ കമ്പനികളും ഉയര്‍ന്നു.

പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കാത്തത് ഐആര്‍എഫ്‌സി, ആര്‍വിഎന്‍എല്‍, റൈറ്റ്‌സ്, ടിറ്റാഗഡ് റെയില്‍ തുടങ്ങിയവയെ അഞ്ചു ശതമാനം വരെ താഴ്ത്തി. ഐടി മേഖല ഇന്നലെ താഴ്ചയിലായി.

സെന്‍സെക്‌സ് 943.52 പോയിന്റ് (1.17%) കുതിച്ച് 81,666.46ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 262.95 പോയിന്റ് (1.06%) ഉയര്‍ന്ന് 25,088.40ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 201.80 പോയിന്റ് (0.35%) നേട്ടത്തോടെ 58,619.00ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 546.80 പോയിന്റ് (0.96%) കയറി 57,667.60ലും സ്‌മോള്‍ ക്യാപ് 100 സൂചിക 105.20 പോയിന്റ് (0.64%) ഉയര്‍ന്ന് 16,523.35ലും വ്യാപാരം അവസാനിപ്പിച്ചു.

ബിഎസ്ഇയില്‍ കയറ്റ-ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയില്‍ 1898 ഓഹരികള്‍ കയറിയപ്പോള്‍ 2384 എണ്ണം താഴ്ന്നു. എന്നാല്‍ എന്‍എസ്ഇയില്‍ 1546 എണ്ണം ഉയര്‍ന്നു, 1631 എണ്ണം ഇടിഞ്ഞു.

എന്‍എസ്ഇയില്‍ 14 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍ എത്തിയപ്പോള്‍ 312 എണ്ണം 52 ആഴ്ചയിലെ താഴ്ന്ന നിലയിലായി. അഞ്ചെണ്ണം അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ നാലെണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ തിങ്കളാഴ്ചയും വില്‍പനക്കാരായി. വിദേശ ഫണ്ടുകള്‍ ക്യാഷ് വിപണിയില്‍ 1832.46 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 2446.33 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

നിഫ്റ്റി ഇന്നലെ 25,108 വരെ ഉയര്‍ന്നു. ഇന്ന് ഇന്ത്യ-യുഎസ് കരാറിന്റെ ഉത്സാഹം വിപണിയില്‍ ഉണ്ടാകും. ഇന്നു രാവിലെ 25,250 മറികടന്നാല്‍ 25,400 25,600 മേഖലയില്‍ പ്രതിരോധം പ്രതീക്ഷിക്കാം. 25,000-24,900 പിന്തുണ നിലയാകും.

സ്വര്‍ണവും വെള്ളിയും തിരിച്ചു കയറുന്നു

രണ്ടു ദിവസത്തെ ഇടിവിനു ശേഷം സ്വര്‍ണവും വെള്ളിയും ഇന്നു തിരിച്ചു കയറ്റത്തിലാണ്. വിപണിയിലെ പലിശപ്പേടി മാറിയെന്നാണു സൂചന. ഇന്നലെ ഔണ്‍സിന് 4404 ഡോളര്‍ വരെ താഴ്ന്ന സ്വര്‍ണം ഗണ്യമായി തിരിച്ചു കയറി 4660.70ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില നാലു ശതമാനം കുതിച്ച് 4840 ഡോളര്‍ കടന്നു.

2024 ഡിസംബര്‍ 31നു ശേഷം 114.9 ശതമാനം കുതിച്ച സ്വര്‍ണം കഴിഞ്ഞയാഴ്ച 5602 ഡോളര്‍ വരെ ഉയര്‍ന്നതാണ്. അവിടെ നിന്നാണ് 1200 ഡോളര്‍ ഇടിവുണ്ടായത്.

വെള്ളിയും കയറ്റത്തിലാണ്. ഇന്നലെ ഔണ്‍സിന് 71.36 ഡോളര്‍ വരെ താണിട്ട് തിരിച്ചു കയറി 79.37 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നുരാവിലെ ഏഴു ശതമാനം ഉയര്‍ന്ന് 85 ഡോളറിനു തൊട്ടടുത്ത് എത്തി.

വെള്ളി കഴിഞ്ഞ ആഴ്ച ഔണ്‍സിന് 121.76 ഡോളര്‍ വരെ കയറിയതാണ്. 2025ല്‍ 160 ശതമാനം കുതിച്ച വെള്ളി കഴിഞ്ഞമാസം 61.83 ശതമാനം കൂടി കയറി. 13 മാസം കൊണ്ട് 321 ശതമാനം ഉയര്‍ച്ച. 28.94 ഡോളറില്‍ നിന്ന് 121.76 ഡോളറിലേക്ക്. അവിടെ നിന്നു 40 ശതമാനം ഇടിഞ്ഞ് വെള്ളിയാഴ്ചവില 71.36 ഡോളര്‍ വരെ എത്തി. പിന്നീടാണു കയറ്റം.

ഈ വര്‍ഷം സ്വര്‍ണം 6000 ഡോളറിലും വെള്ളി 150 ഡോളറിലും എത്തും എന്നാണ് സമീപ ആഴ്ചകളില്‍ നിക്ഷേപ ബാങ്കുകളും ബ്രോക്കറേജുകളും പറഞ്ഞിട്ടുള്ളത്.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് തിങ്കളാഴ്ച രണ്ടു തവണ വിലകുറഞ്ഞു. രണ്ടു തവണ കൂടി. ഒടുവില്‍ 5440 രൂപ ഇടിഞ്ഞ് 1,12,320 രൂപയായി. ഇന്നു വില കയറും.

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) 24 കാരറ്റ് സ്വര്‍ണം 10 ഗ്രാം തിങ്കളാഴ്ച 1.37 ലക്ഷം രൂപ വരെ താഴ്ന്ന ശേഷം 1,43,000 രൂപയില്‍ ക്ലോസ് ചെയ്തു. ഞായറാഴ്ച എംസിഎക്‌സില്‍ വെള്ളി കിലോഗ്രാമിന് 2,32,500 രൂപയില്‍ അവസാനിച്ചു. പ്ലാറ്റിനം 2210 ഉം പല്ലാഡിയം 1755 ഉം റോഡിയം 9800 ഉം ഡോളറിലാണ്.

ലോഹങ്ങള്‍ താഴ്ന്നു

മിക്ക വ്യാവസായിക ലോഹങ്ങളും തിങ്കളാഴ്ച ഇടിഞ്ഞു. ചെമ്പ് 2.87 ശതമാനം ഇടിഞ്ഞു ടണ്ണിനു 12,985.85 ഡോളറില്‍ എത്തി. അലൂമിനിയം 2.66 ശതമാനം താഴ്ന്നു ടണ്ണിന് 3063.05 ഡോളറില്‍ ക്ലോസ് ചെയ്തു. നിക്കലും ലെഡും ടിന്നും എട്ടു ശതമാനം വരെ ഇടിഞ്ഞു. സിങ്ക് ഉയര്‍ന്നു.

റബര്‍ രാജ്യാന്തര വിപണിയില്‍ 2.25 ശതമാനം ഇടിഞ്ഞു കിലോഗ്രാമിന് 187 സെന്റ് ആയി. കൊക്കോ 1.25 ശതമാനം കയറി ടണ്ണിനു 4217 ഡോളറില്‍ എത്തി. കാപ്പി 0.90 ശതമാനം ഉയര്‍ന്നു. തേയില 2.69 ശതമാനം താഴ്ന്നു. പാം ഓയില്‍ ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നു.

ഡോളര്‍ കയറുന്നു

ഡോളര്‍ ഇന്നലെ കയറ്റം തുടര്‍ന്നു. ഡോളര്‍ സൂചിക 97.63 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.47 ലേക്കു താഴ്ന്നു. യൂറോ 1.1811 ഉം പൗണ്ട് 1.3678 ഉം ഡോളറിലേക്കു താന്നു.

ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 155.48 യെന്‍ എന്ന നിലയിലേക്കു താഴ്ന്നു. സ്വിസ് ഫ്രാങ്ക് 0.7782 ഡോളറില്‍ എത്തി. ചൈനീസ് യുവാന്‍ ഡോളറിന് 6.95 യുവാനില്‍ തുടര്‍ന്നു. അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.279 ശതമാനമായി ഉയര്‍ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT