ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് അനുകൂല മനോഭാവത്തോടെ വ്യാപാരം ആരംഭിക്കാന്‍ സാധ്യത. നിഫ്റ്റിയുടെ ശക്തമായ പിന്തുണയും ആഗോള അനുകൂല സാഹചര്യങ്ങളും ഒത്തുവരുമ്പോള്‍ പ്രതീക്ഷിക്കുന്നത് നേട്ടത്തോടെയുള്ള മുന്നേറ്റമാണ്. യുഎസ്, ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് ട്രെന്റ് ഇന്ത്യന്‍ വിപണിയിലും പ്രകടമാകുമെന്നാണ് വിലയിരുത്തല്‍.
തിങ്കളാഴ്ചത്തെ വ്യാപാരദിനത്തില്‍ വിപണിക്ക് സമ്മിശ്ര പ്രകടനമായിരുന്നു. റിയാലിറ്റി, എഫ്എംസിജി, മീഡിയ, മെറ്റല്‍ സ്റ്റോക്കുകള്‍ ഉയര്‍ന്നു. എന്നാല്‍, ഐടി, ഫാര്‍മ, ബാങ്കിംഗ് സെക്ടറുകളില്‍ സമ്മര്‍ദം ദൃശ്യമായിരുന്നു.
സാങ്കേതികനിലവാരത്തില്‍, മൂല്യ നിര്‍ണയ സൂചികകള്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരുകയാണ്. താഴേക്കുള്ള പിന്തുണ 26,200 എന്ന നിലയില്‍ നിലനില്‍ക്കുന്നു. സൂചകം ഈ നിലവാരം പിന്തുണയ്ക്കുമ്പോള്‍ പോസിറ്റീവ് മനോഭാവം നിലനില്‍ക്കാന്‍ സാധ്യതയുണ്ട്.
ഇന്നലത്തെ സെഷനില്‍ വിദേശ നിക്ഷേപകരുടെ വിറ്റൊഴിയല്‍ താരതമ്യേന കുറഞ്ഞ നിലയിലായിരുന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റൊഴിവാക്കിയത് വെറും 36.25 കോടിയുടെ ഓഹരികളായിരുന്നു. ആഭ്യന്തര നിക്ഷേപകരുടെ വാങ്ങല്‍ ശക്തമായി തുടരുന്നു. 1,764.07 കോടിയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി. പൊതുവേ വില്‍ക്കല്‍ മനോഭാവത്തിലൂടെ നീങ്ങിയിരുന്ന വിദേശ നിക്ഷേപകര്‍ രീതി മാറ്റുന്നതിന്റെ സൂചനയായി ഇതിനെ വ്യാഖ്യാനിക്കാം.
യുഎസില്‍ ഡൗ ജോണ്‍സ് ഉയര്‍ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഘടകങ്ങള്‍ അനുകൂലമായത് വിപണിക്ക് ഗുണകരമായി. വെനസ്വേലയിലെ പ്രതിസന്ധി കൂടുതല്‍ വ്യാപിച്ചേക്കില്ലെന്നത് സ്വാധീനിച്ചു. യൂറോപ്യന്‍ വിപണികളിലും സമാനമാണ് കാര്യങ്ങള്‍.
ഏഷ്യന്‍ വിപണികൡ ജപ്പാനിലെ നിക്കെയും ഹോങ്കോംഗ് വിപണിയും അനുകൂലമായി മുന്നേറുന്നു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാര്യമായ സ്വാധീനം ചെലുത്താതിരിക്കുന്നത് വിപണിയുടെ ഉണര്‍വിന് കാരണമാകുന്നുണ്ട്.
ആഗോള തലത്തില്‍ ക്രൂഡ്ഓയില്‍ വില കാര്യമായി ഉയരുന്നില്ല. ഇന്നലെ ഒരുവേള 60 ഡോളറില്‍ താഴേക്ക് പോയെങ്കിലും പിന്നീട് ഉയര്‍ന്നു. നിലവില്‍ 61 ഡോളറിലാണ് വില്പന. കാര്യമായ കയറ്റം പ്രതീക്ഷിക്കുന്നില്ലെന്നാണ് വിദഗ്ധ നിഗമനം.
Read DhanamOnline in English
Subscribe to Dhanam Magazine