Morning business news canva
Markets

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷഭീതി, വിപണികള്‍ക്ക് ആശങ്ക, ക്രൂഡ് ഓയില്‍ 69 ഡോളറിലേക്ക്; സ്വര്‍ണം 5,500 ഡോളറിനു മുകളില്‍

ഇറാനു സമീപത്തേക്ക് യുഎസ് വിമാനവാഹിനിക്കപ്പലുകള്‍ അടുക്കുന്നത് സംഘര്‍ഷ ഭീതി വളര്‍ത്തി.

T C Mathew

ഇറാനില്‍ സംഘര്‍ഷസാധ്യത വര്‍ധിക്കുന്നു. ക്രൂഡ് ഓയില്‍ വില 69 ഡോളറിനെ സമീപിക്കുന്നു. സ്വര്‍ണം 5,500 ഡോളര്‍ കടന്നു കുതിക്കുന്നു. വിപണിയില്‍ ആശങ്കയും കൂടുന്നു.

സെന്‍സെക്‌സ് ഫ്യൂച്ചേഴ്‌സ് കോണ്‍ട്രാക്ടുകളുടെ കാലാവധി തീരുന്ന ഇന്നു വിപണി ആവേശകരമായ തുടക്കം പ്രതീക്ഷിക്കുന്നില്ല. അമേരിക്കന്‍ ഫ്യൂച്ചേഴ്‌സ് വിപണി താഴുന്നതും രൂപ കൂടുതല്‍ ദുര്‍ബലമാകുന്നതും കാരണമാണ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി രാത്രി 25,397.50ല്‍ ക്ലോസ് ചെയ്തിട്ട് ഇന്നു രാവിലെ 25,360 ലേക്കു താഴ്ന്നു. നിഫ്റ്റി ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മാറ്റാതെ പണനയം പ്രഖ്യാപിച്ചു. വിപണിയുടെ പ്രതീക്ഷയും അതായിരുന്നു യുഎസ് സമ്പദ്ഘടന മികച്ച നിലയിലാണെന്നു ഫെഡ് വിലയിരുത്തി. ചെയര്‍മാന്‍ ജെറോം പവല്‍ മേയില്‍ വിരമിച്ച ശേഷമേ പലിശ കുറയ്ക്കല്‍ പ്രതീക്ഷിക്കാനുള്ളൂ.

യുഎസ് ഫ്യൂച്ചേഴ്‌സ് ഇടിവില്‍

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ ജോണ്‍സ് രാവിലെ 0.30 ഉം എസ്ആന്‍ഡ്പി 0.22 ഉം നാസ്ഡാക് 0.15 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു. ടെക് ഭീമന്മാരുടെ റിസല്‍ട്ടാണ് ഫ്യൂച്ചേഴ്‌സ് വ്യാപാരത്തെ നയിക്കുന്നത്. മെറ്റാ പ്ലാറ്റ്‌ഫോംസ് പ്രതീക്ഷിച്ചതിലും മികച്ച ഒന്നാം പാദ റിസല്‍ട്ട് പുറത്തുവിട്ടതോടെ പത്തു ശതമാനം ഉയര്‍ന്നു. അതേസമയം ക്ലൗഡ് ബിസിനസില്‍ ക്ഷീണം കാണിച്ച മൈക്രോസോഫ്റ്റ് ഏഴു ശതമാനം ഇടിഞ്ഞു.

അടുത്ത പാദത്തിലേക്കു കമ്പനിയുടെ ബിസിനസ് പ്രതീക്ഷ ദുര്‍ബലമാണ്. വില്‍പന കുറഞ്ഞെങ്കിലും പ്രതീക്ഷയിലും മിച്ചെ റിസല്‍ട്ട് നല്‍കിയ ടെസ്ല ഒരു ശതമാനം കയറി. പ്രതീക്ഷയിലും മികച്ച റിസല്‍ട്ടിനെ തുടര്‍ന്ന് ഐബിഎം എട്ടു ശതമാനം ഉയര്‍ന്നു. ആപ്പിളിന്റെ റിസല്‍ട്ട് ഇന്നു വിപണി സമയത്തിനു ശേഷം വരും.

യുഎസ് വിപണി ബുധനാഴ്ച ദിന്നദിശകളിലാണ് അവസാനിച്ചത്. വിപണി ദിശാബോധം ഇല്ലാതെ ചാഞ്ചാടുകയായിരുന്നു. രാവിലെ 7002 പോയിന്റില്‍ എത്തി റെക്കോര്‍ഡ് കുറിച്ച എസ്ആന്‍ഡ്പി ഒടുവില്‍ തലേന്നത്തെ നിലയുടെ താഴെ എത്തി അവസാനിച്ചു. ഡൗ ജോണ്‍സ് 12.19 പോയിന്റ് (0.02%) കയറി 49,015.60ല്‍ അവസാനിച്ചു. എസ്ആന്‍ഡ്പി 0.57 പോയിന്റ് (0.01%) താഴ്ന്ന് 6978.03ല്‍ ക്ലോസ് ചെയ്തു. നാസ്ഡാക് 40.35 പോയിന്റ് (0.17%) ഉയര്‍ന്ന് 23,857.45ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യന്‍ വിപണികള്‍ താഴ്ചയില്‍

ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ താഴ്ചയിലാന്ന്. ജപ്പാനില്‍ നിക്കൈ 0.25 ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ വിപണിസൂചിക 0.70 ശതമാനം നഷ്ടത്തിലായി. എന്നാല്‍ ദക്ഷിണ കൊറിയന്‍ സൂചിക വീണ്ടും റെക്കോര്‍ഡിലേക്കു കുതിച്ചു. ഹോങ് കോങ്, ഷാങ്ഹായ് സൂചികകള്‍ 0.25 ശതമാനം താഴ്ന്നു വ്യാപാരം തുടങ്ങി.

ഇന്ത്യന്‍ വിപണി കുതിച്ചു

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ കരാറിന്റെ ആവേശവും ചില പൊതുമേഖലാ കമ്പനികളുടെ വളര്‍ച്ച പ്രതീക്ഷയും ഇന്നലെ ഇന്ത്യന്‍ വിപണിയെ നല്ല നേട്ടത്തില്‍ എത്തിച്ചു. എങ്കിലും രാവിലെ എത്തിയ ഉയരത്തില്‍ നിന്നു ഗണ്യമായി താഴ്ന്നാണ് സൂചികകള്‍ അവസാനിച്ചത്. മുഖ്യ സൂചികകള്‍ 0.60 ശതമാനത്തിലധികം ഉയര്‍ന്നപ്പോള്‍ മിഡ് ക്യാപ് 1.66 ശതമാനവും സ്‌മോള്‍ ക്യാപ് 2.26 ശതമാനവും കുതിച്ചു.

പ്രതിരോധ കമ്പനികളുടെ സൂചികയാണ് ഇന്നലെ വന്‍നേട്ടം ഉണ്ടാക്കിയത്. 6.95 ശതമാനം കയറ്റം. ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് 9.99 ഉം മിശ്ര ധാതു നിഗം 9.22 ഉം മികച്ച മൂന്നാം പാദ റിസല്‍ട്ട് പുറത്തിറക്കിയ ഭാരത് ഇലക്ട്രോണിക്‌സ് 9.21 ഉം ഭാരത് ഡൈനാമിക്‌സ് 7.18 ഉം ശതമാനം കുതിച്ചു. ചിലത് വ്യാപാരത്തിനിടെ 12 ശതമാനം വരെ കയറി. പ്രതിരോധത്തിനു ബജറ്റില്‍ കൂടുതല്‍ വകയിരുത്തല്‍ ഉണ്ടാകും എന്ന പ്രതീക്ഷ വിപണിയില്‍ ഉണ്ട്.

കപ്പല്‍ നിര്‍മാണ കമ്പനികളായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 7.08 ഉം മസഗോണ്‍ ഡോക്ക് 7.51 ഉം ഗാര്‍ഡന്‍ റീച്ച് 5.13 ഉം ശതമാനം ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ റിസല്‍ട്ട് പ്രതീക്ഷയോളം എത്തിയിട്ടില്ല. നാവികസേന കൂടുതല്‍ ഓര്‍ഡര്‍ നല്‍കും എന്ന പ്രതീക്ഷയുണ്ട്. എച്ച്എഎല്‍, സെന്‍ ടെക്‌നോളജീസ്, പരസ്, എംടാര്‍, സോളര്‍ എന്നിവയും വലിയ നേട്ടം ഉണ്ടാക്കി.

ക്രൂഡ് ഓയില്‍ വില 67 ഡോളറിനു മുകളില്‍ എത്തിയത് ഓയില്‍ ഇന്ത്യയെ 9.8 ഉം ഒഎന്‍ജിസിയെ 8.18 ഉം ശതമാനം ഉയര്‍ത്തി.

പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ പാര്‍ട്ടി ബിജെപി സഖ്യത്തില്‍ ആയതിനെ തുടര്‍ന്ന് മൂന്നു ദിവസം കൊണ്ട് 30 ശതമാനം കുതിച്ച കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഇന്നലെ 5.61 ശതമാനം കയറി 188.50 രൂപയില്‍ എത്തി.

ഒരു മാസമായി താഴ്ചയിലായ ശേഷം ചൊവ്വാഴ്ച ഉയര്‍ന്ന കല്യാണ്‍ ജ്വല്ലേഴ്സ് ഇന്നലെ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

തൃശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക് ഇന്നലെ മൂന്നാം പാദ ഫലത്തെ തുടര്‍ന്നു 18 ശതമാനം വരെ ഇടിഞ്ഞു. ബാങ്കിന്റെ ആസ്തി നിലവാരം മോശമായതാണു കാരണം. സെപ്റ്റംബര്‍ പാദത്തിലെ 1.81%ല്‍ നിന്നു ഡിസംബര്‍ പാദത്തില്‍ മൊത്ത എന്‍പിഎ 1.96% ആയി. അറ്റ എന്‍പിഎ 0.52 ല്‍ നിന്ന് 0.67 ശതമാനമായി. നിഷ്‌ക്രിയ ആസ്തികള്‍ക്കുള്ള വകയിരുത്തല്‍ 86.77 കോടി രൂപയായി. ബാങ്കിന്റെ അറ്റ പലിശ വരുമാനം 20.7 ശതമാനം വര്‍ധിച്ചെങ്കിലും അറ്റാദായം നാമമാത്രമായേ കൂടിയുള്ളൂ. ഓഹരി 13.75 ശതമാനം നഷ്ടത്തിലാണു ക്ലോസ് ചെയ്തത്.

സെന്‍സെക്‌സ് 487.20 പോയിന്റ് (0.60%) ഉയര്‍ന്ന് 82,344.68ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 167.35 പോയിന്റ് (0.66%) കയറി 25,342.75ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 393.35 പോയിന്റ് (0.66%) ഉയര്‍ന്ന് 59,598.80ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 954.95 പോയിന്റ് (1.66%) നേട്ടത്തോടെ 58,438.60ലും സ്‌മോള്‍ ക്യാപ് 100 സൂചിക 371.60 പോയിന്റ് (2.25%) കുതിച്ച് 16,790.95ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിലെ കയറ്റ-ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി. ബിഎസ്ഇയില്‍ 2866 ഓഹരികള്‍ കയറിയപ്പോള്‍ 1378 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 2448 എണ്ണം ഉയര്‍ന്നു, 733 എണ്ണം ഇടിഞ്ഞു.

എന്‍എസ്ഇയില്‍ 69 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍ എത്തിയപ്പോള്‍ 177 എണ്ണം 52 ആഴ്ചയിലെ താഴ്ന്ന നിലയിലായി. ആറെണ്ണം അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ ഏഴെണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ ആഴ്ചകള്‍ക്കു ശേഷം വാങ്ങലുകാരായി മാറി. വിദേശ ഫണ്ടുകള്‍ ക്യാഷ് വിപണിയില്‍ 480.26 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 3360.59 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി

വിപണി രണ്ടാം ദിവസവും കയറിയെങ്കിലും നിഫ്റ്റി നിര്‍ണായക മൂവിംഗ് ശരാശരികള്‍ക്കു താഴെയാണ്. എങ്കിലും 25,500 ലേക്കു സൂചിക നീങ്ങും എന്നാണു പ്രതീക്ഷ. 25,160 ലെ 200 ദിന എക്‌സ്‌പോണന്‍ഷ്യല്‍ മൂവിംഗ് ശരാശരിക്കു താഴെ നിഫ്റ്റി വീണാല്‍ 24,900 വരെ ഇടിയാം. ഇന്നു നിഫ്റ്റിക്ക് 25,230 ലും 25,185 ലും പിന്തുണ പ്രതീക്ഷിക്കാം. 25,370 ലും 25,410 ലും പ്രതിരോധം കാണാം.

കമ്പനികള്‍, വാര്‍ത്തകള്‍

പുതിയ ലേബര്‍ കോഡ് മൂലം 1344 കോടി രൂപയുടെ അധിക ബാധ്യത വന്ന എല്‍ ആന്‍ഡ് ടിയുടെ മൂന്നാം പാദ അറ്റാദായം പ്രതീക്ഷയിലും കുറവായി. വരുമാനം 10.5 ശതമാനം കൂടി 71,449 കോടി രൂപയില്‍ എത്തി. പ്രവര്‍ത്തന ലാഭം 18.6 ശതമാനം ഉയര്‍ന്നു. ലാഭമാര്‍ജിന്‍ 9.67 ശതമാനമായി. അറ്റാദായം 4.3 ശതമാനം കുറഞ്ഞു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ അറ്റ പലിശ വരുമാനം 20.6 ശതമാനം വര്‍ധിച്ചു. എങ്കിലും അറ്റാദായം 9.9 ശതമാനം കുറഞ്ഞു.

വരുമാനം 14.4 ശതമാനം വര്‍ധിച്ചെങ്കിലും ലോധ ഡവലപ്പേഴ്‌സിന്റെ അറ്റാദായം 1.3 ശതമാനം മാത്രമേ വര്‍ധിച്ചുള്ളൂ. പ്രവര്‍ത്തന ലാഭം 8.4 ശതമാനം കൂടിയെങ്കിലും ലാഭമാര്‍ജിന്‍ കുറവായി.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ വരുമാനം 17.7 ശതമാനം കൂടിയെങ്കിലും അറ്റാദായം 18.3 ശതമാനം ഇടിഞ്ഞു. പ്രവര്‍ത്തനലാഭത്തിലും 21.5 ശതമാനം ഇടിവുണ്ട് പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 20.7 ല്‍ നിന്നു 13.8 ശതമാനമായി താഴ്ന്നു.

ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് മൂന്നാം പാദത്തില്‍ വരുമാനം 49 ശതമാനം കൂട്ടിയപ്പോള്‍ അറ്റാദായം 73.9 ശതമാനം കുതിച്ചു. പ്രവര്‍ത്തന ലാഭം ഇരട്ടിച്ചു. ലാഭമാര്‍ജിന്‍ 5.9 ല്‍ നിന്ന് ഒന്‍പതു ശതമാനമാക്കി.

ഇക്ലെര്‍ക്‌സ് സര്‍വീസസ് വരുമാനം 25.3 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 39.4 ശതമാനം വര്‍ധിപ്പിച്ചു. എന്‍എസ്ഡിഎലിനു മൂന്നാം പാദ വരുമാനം 0.8 ശതമാനം കുറഞ്ഞെങ്കിലും പ്രവര്‍ത്തനലാഭം 18.5 ശതമാനം ഉയര്‍ന്നു. അറ്റാദായം 4.4 ശതമാനം വര്‍ധിച്ചു.

വരുമാനം ശതമാനം കൂടിയപ്പോള്‍ എസ്ബിഐ കാര്‍ഡ്സ് അറ്റാദായം 45.3 ശതമാനം വര്‍ധിപ്പിച്ചു. ബിസിനസ് വളര്‍ച്ചയും തൃപ്തികരമാണ്. ജനുവരി 31ന് അവിനാശ് പ്രഭു സ്ഥാനമൊഴിയുമ്പോള്‍ സിഎഫ്ഒ ആയി ധീരേന്ദ്ര ജയിന്‍ സ്ഥാനം ഏല്‍ക്കുമെന്നു യൂണിയന്‍ ബാങ്ക് അറിയിച്ചു.

സുന്ദരം ഫാസനേഴ്സിന്റെ വരുമാനം 6.9 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായ വര്‍ധന 0.2 ശതമാനത്തില്‍ ഒതുങ്ങി. സ്റ്റാര്‍ ഹെല്‍ത്ത് മൂന്നാം പാദത്തില്‍ ദുര്‍ബല റിസല്‍ട്ടാണു നേടിയത്. അണ്ടര്‍ റൈറ്റിംഗില്‍ വലിയ നഷ്ടം ഉണ്ടായതാണു കാരണം. പ്രീമിയം വരുമാനം 11.9 ശതമാനം വര്‍ധിച്ചെങ്കിലും അറ്റാദായം 40.5 ശതമാനം ഇടിഞ്ഞു.

5,500 ഡോളര്‍ കടന്നു സ്വര്‍ണം പറക്കുന്നു

24 മണിക്കൂറിനുള്ളില്‍ എട്ടു ശതമാനത്തോളം കുതിച്ചു കയറിയ സ്വര്‍ണം ഔണ്‍സിന് 5500 ഡോളര്‍ കടന്നു. ഇന്നലെ 5416 ഡോളറില്‍ കോമെക്‌സ് വ്യാപാരം അവസാനിപ്പിച്ച മഞ്ഞലോഹം രാവിലെ ഏഷ്യന്‍ വ്യാപാരത്തില്‍ 5585 ഡോളര്‍ വരെ കയറി. പിന്നീടു ലാഭമെടുക്കലില്‍ 5490 ഡോളറിലേക്കു താഴ്ന്നിട്ടു തിരികെ 5540 ല്‍ എത്തി.

2024 ഡിസംബര്‍ 31നു 2606.72 രൂപ ആയിരുന്ന ഒരൗണ്‍സ് സ്വര്‍ണം 13 മാസത്തിനുള്ളില്‍ 114.54 ശതമാനം ഉയര്‍ന്നു. 1979നു ശേഷം സ്വര്‍ണവില ഇത്രയും വലിയ കയറ്റം കണ്ടിട്ടില്ല.

ഡോളര്‍ ദുര്‍ബലമായതും ഫെഡ് പലിശനിരക്ക് മാറ്റാത്തതും ഇറാന്‍ സംഘര്‍ഷ സാധ്യത കൂടുന്നതും സ്വര്‍ണത്തിന്റെ കയറ്റത്തിനു വിശദീകരണമായി പറയുന്നുണ്ട്. ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരമല്ല ഊഹക്കച്ചവടമാണു വിപണിയെ നയിക്കുന്നത് എന്നതാണു വസ്തുത. ഡോളര്‍ ആസ്തികളില്‍ നിന്നു മാറാന്‍ വിവിധ രാജ്യങ്ങള്‍ ശ്രമിക്കും എന്നതാണ് ഈ ഊഹക്കച്ചവടത്തിലെ പ്രധാന നിഗമനം.

യുഎസ് കടപ്പത്രങ്ങള്‍ വിറ്റും ഇടപാടുകള്‍ക്കു മറ്റു കറന്‍സികള്‍ ഉപയോഗിച്ചും ഡോളര്‍ ആശ്രിതത്വം കുറയ്ക്കാന്‍ പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. എങ്കിലും വിശ്വസനീയമായ ഒരു ബദല്‍ കറന്‍സി ഇനിയും രൂപപ്പെട്ടിട്ടില്ല. ഡോളറിന്റെ വില താഴുന്നതില്‍ ട്രംപ് ഭരണകൂടത്തിന് വിരോധമില്ല എന്നു വന്നതു സ്വര്‍ണക്കയറ്റത്തിന് ആക്കം കൂട്ടുന്നുണ്ട്. ഊഹക്കച്ചവടക്കാരുടെ പിടിയിലായ വിപണിയില്‍ കരുതലോടെ നീങ്ങിയില്ലെങ്കില്‍ അപായം വരാമെന്നു വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ഇന്നലെ 3760 രൂപ കൂടി 1,22,520 രൂപയില്‍ എത്തി. ഇന്നും വില ഗണ്യമായി കയറും.

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് ഇന്നലെ 1,66,500 രൂപ വരെ കയറി.

ആഗോള വിപണിയില്‍ വെള്ളി ഇന്നലെയും മുന്നേറ്റം നടത്തി. ഔണ്‍സിന് 119.50 ഡോളര്‍ വരെ കയറി. ഇന്നു രാവിലെ 118 ഡോളറിലാണു വെള്ളി.

ബുധനാഴ്ച എംസിഎക്‌സില്‍ വെള്ളി കിലോഗ്രാമിന് 3,87,954 രൂപ വരെ കയറി.

പ്ലാറ്റിനം 2720 ഉം പല്ലാഡിയം 2030 ഉം റോഡിയം 10,600 ഉം ഡോളറിലാണ്.

ലോഹങ്ങള്‍ ഭിന്നദിശകളില്‍

വ്യാവസായിക ലോഹങ്ങള്‍ ബുധനാഴ്ച പല വഴിക്കു നീങ്ങി. അലൂമിനിയം 2.01 ശതമാനം കയറി ടണ്ണിന് 3272.80 ഡോളറില്‍ ക്ലോസ് ചെയ്തു. 2022 ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ചെമ്പ് ഇന്നലെ 0.13 ശതമാനം ഉയര്‍ന്ന ടണ്ണിന് 12,993.65 ഡോളര്‍ ആയി. നിക്കലും ലെഡും താഴ്ന്നു. ടിന്നും സിങ്കുംഉയര്‍ന്നു.

റബര്‍ രാജ്യാന്തര വിപണിയില്‍ 1.13 ശതമാനം ഉയര്‍ന്നു കിലോഗ്രാമിന് 187.40 സെന്റ് ആയി. കൊക്കോ 6.47 ശതമാനം ഇടിഞ്ഞു ടണ്ണിനു 4146 ഡോളറില്‍ എത്തി. കാപ്പി 4.42 ശതമാനം ഇടിഞ്ഞു. തേയില മാറ്റമില്ലാതെ തുടര്‍ന്നു. പാം ഓയില്‍ ഇന്നലെ 0.33 ശതമാനം ഉയര്‍ന്നു.

ഡോളര്‍ താഴ്ന്നു തന്നെ

ഡോളര്‍ താഴ്ന്ന നിലയില്‍ തുടരുന്നു. ഡോളര്‍ സൂചിക അല്‍പം കയറി 96.34ല്‍ ക്ലോസ് ചെയ്തു.

ഇന്നലെയും ഡോളറിനെതിരേ മറ്റു കറന്‍സികള്‍ ശക്തിപ്പെട്ടു. യൂറോ അല്‍പം താഴ്ന്ന് 1.198 ഡോളര്‍ ആയി. പൗണ്ട് 1.3834 ഡോളറിലേക്ക് ഉയര്‍ന്നു.

ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 152.80 യെന്‍ എന്ന നിലയിലാണ്. സ്വിസ് ഫ്രാങ്ക് 0.7647 ഡോളറില്‍ എത്തി. ചൈനീസ് യുവാന്‍ ഡോളറിന് 6.95 യുവാനില്‍ തുടര്‍ന്നു.

ഫെഡ് തീരുമാനത്തിനു ശേഷം അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.247 ശതമാനമായി ഉയര്‍ന്നു.

രൂപയ്ക്കു ക്ഷീണം

ഇന്ത്യന്‍ രൂപ ഇന്നലെയും തുടക്കത്തില്‍ ഉയര്‍ന്നിട്ടു താഴ്ന്നു. 11 പൈസ താഴ്ന്നു വ്യാപാരം തുടങ്ങിയ ഡോളര്‍ ആറു പൈസ നേട്ടത്തില്‍ 91.78 രൂപയില്‍ ക്ലോസ് ചെയ്തു.

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ കരാര്‍ രൂപയെ സഹായിക്കുന്നില്ല. വിദേശത്തെ വിനിമയ വിപണികളില്‍ ഡോളര്‍ 92.042 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. അതിന്റെ പ്രതിഫലനം ഇന്ന് ഇന്ത്യയിലെ വിനിമയ വിപണിയിലും ഉണ്ടാകാം. ചൈനീസ് യുവാന്‍ ഇന്നലെ 13.23 രൂപയിലേക്കു കയറി.

ക്രൂഡ് ഓയില്‍ കയറുന്നു

ഇറാനു സമീപത്തേക്ക് യുഎസ് വിമാനവാഹിനിക്കപ്പലുകള്‍ അടുക്കുന്നത് സംഘര്‍ഷ ഭീതി വളര്‍ത്തി. ക്രൂഡ് ഓയില്‍ ഉയര്‍ന്നു. കനത്ത പ്രഹരമാണ് ഇറാനെ കാത്തിരിക്കുന്നതെന്നു യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കി. തങ്ങളെ ആക്രമിച്ചാല്‍ ഇസ്രേലി തലസ്ഥാനമായ ടെല്‍ അവീവില്‍ അടക്കം വന്‍ നാശം വരുത്തുമെന്ന് ഇറാനും പറഞ്ഞു. പശ്ചിമേഷ്യയില്‍ അമേരിക്ക വ്യോമാഭ്യാസം ആരംഭിച്ചു.

ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ ബാരലിന് 68.74 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 68.98 ഡോളര്‍ ആയി താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 63.71 ഉം യുഎഇയുടെ മര്‍ബന്‍ 67.53 ഉം ഡോളറിലാണ്. പ്രകൃതി വാതക വില കയറി 7.46 ഡോളറില്‍ എത്തി.

ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നു രാവിലെ താഴ്ചയിലാണ്. ബിറ്റ്‌കോയിന്‍ 88,900 ഡോളറിനടുത്താണ്. ഈഥര്‍ 3000 ഡോളറിനും സൊലാന 125 ഡോളറിനും താഴെയായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT