image credit : canva 
Markets

ടാങ്കറിനു നേരെ ഇറാന്റെ മിസൈല്‍, ഇറാനില്‍ വീണ്ടും യുഎസ് ബോംബിംഗ്, ഡോളര്‍ കയറി, ക്രൂഡ് ഓയില്‍ കുതിച്ചു; വിപണികള്‍ ഇടിവില്‍

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ ജൂലൈ ഏഴിലെ നിലവച്ച് 17 ശതമാനം കുറവാണെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ദിവസം മുന്‍പ് 40 ശതമാനം കുറവുണ്ടായിരുന്നു

T C Mathew

പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലായി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി മൂന്ന് ഓയില്‍, ഗ്യാസ് ടാങ്കറുകളെ ഇറാന്റെ റെവലൂഷണറി ഗാര്‍ഡ് നേവി ആക്രമിച്ചു. തിരികെ അമേരിക്ക ഹോര്‍മുസ് തീരത്തെ നിരവധി ലക്ഷ്യങ്ങള്‍ ആക്രമിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലായി. ക്രൂഡ് ഓയില്‍ വില അഞ്ചു ശതമാനത്തിലധികം കുതിച്ച് 76 ഡോളറിനു മുകളില്‍ എത്തി. പിന്നീടു താഴ്ന്നു. ഡോളര്‍ കയറി. കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കൂടി. പലിശ ഭീഷണി വര്‍ധിച്ചു. ഏഷ്യന്‍ വിപണികള്‍ ഇടിഞ്ഞു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,254.50 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,243 വരെ താഴ്ന്നു. ഇന്നു വിപണി വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

മണ്‍സൂണ്‍ കമ്മി കുറയുന്നു.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ ജൂലൈ ഏഴിലെ നിലവച്ച് 17 ശതമാനം കുറവാണെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ദിവസം മുന്‍പ് 40 ശതമാനം കുറവുണ്ടായിരുന്നു. ദീര്‍ഘകാല ശരാശരിയുടെ 94 ശതമാനമാണ് ഈ മാസം പ്രതീക്ഷിക്കുന്ന മഴ. ജൂലൈ അഞ്ചു വരെയുള്ള കണക്കനുസരിച്ചു ഖാരിഫ് കൃഷിയിറക്കല്‍ 20.77 ശതമാനം കുറവാണ്.

യുഎസ് വിപണി താഴ്ന്നു

ചിപ് കമ്പനികളിലെ വില്‍പന പ്രളയം പുനരാരംഭിച്ചു. ടാങ്കറുകളെ ആക്രമിച്ചതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കയറി. രണ്ടും യുഎസ് വിപണികളെ താഴ്ത്തി. ചൊവ്വാഴ്ച ഡൗ ജോണ്‍സ് സൂചിക 130.76 പോയിന്റ് (0.25 ശതമാനം) താഴ്ന്ന് 52,925.15ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 33.58 പോയിന്റ് (0.45%) നഷ്ടത്തോടെ 7503.85ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 302.47 പോയിന്റ് (1.16%) ഇടിഞ്ഞ് 25,818.69ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് കയറുന്നു

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ ജോണ്‍സ് 15 പോയിന്റ് (0.03%) താഴ്ന്നു. എസ് ആന്‍ഡ് പി 8.5 പോയിന്റും (0.11%) നാസ്ഡാക് 135 പോയിന്റും (0.46%) ഉയര്‍ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ചൊവ്വാഴ്ച വിപണിസമയത്ത് 0.99 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.04 ശതമാനം കൂടി താഴ്ന്ന് 27.12 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.30 ശതമാനം താഴ്ന്നിട്ട് തുടര്‍ വ്യാപാരത്തില്‍ 0.37% താഴ്ന്ന് 29.58 ഡോളറില്‍ അവസാനിച്ചു.

ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 3.58% കുതിച്ച ശേഷം തുടര്‍വ്യാപാരത്തില്‍ 0.61% താഴ്ന്ന് 11.20 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 0.54% ഉയര്‍ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ മാറ്റമില്ലാതെ1.85 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് ഇടിഞ്ഞു

യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ച നഷ്ടത്തിലായി. യുകെയിലെ എഫ്ടിഎസ്ഇ നാമമാത്രമായി ഉയര്‍ന്നു. ജര്‍മന്‍ വിപണി 1.37 ശതമാനം ഇടിഞ്ഞു.

ഏഷ്യന്‍ വിപണികള്‍ ഇടിയുന്നു

ഏഷ്യന്‍ വിപണികള്‍ ഇന്നും താഴ്ചയിലാണ്. ദക്ഷിണ കൊറിയന്‍ സൂചിക കോസ്പി 0.70 ശതമാനം താഴ്ന്നു. ജാപ്പനീസ് സൂചിക നിക്കൈ ഒരു ശതമാനം താഴ്ന്ന ശേഷം അല്‍പം നഷ്ടം കുറച്ചു ഓസ്‌ട്രേലിയന്‍ സൂചിക 1.35 ശതമാനം ഇടിവിലാണ്. ഹോങ് കോങ് വിപണി 0.20 ശതമാനം ഉയര്‍ന്നപ്പോള്‍ ഷാങ്ഹായ് സൂചിക 0.15 ശതമാനം താഴ്ന്നു.

കുതിച്ചു കയറി, അവസാന മിനിറ്റുകളില്‍ ഇടിവ്

രാവിലെ ചാഞ്ചാട്ടത്തിനു ശേഷം മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യന്‍ വിപണി അവസാന അര മണിക്കൂറിലെ വില്പന സമ്മര്‍ദത്തില്‍ നഷ്ടത്തിലേക്കു വീണു. മറ്റ് ഏഷ്യന്‍ വിപണികള്‍ ഇടിഞ്ഞതും യുഎസ് ഫ്യൂച്ചേഴ്‌സ് ദുര്‍ബലമായതും കാരണമായി. സെന്‍സെക്‌സ് 78,664.92 ഉം നിഫ്റ്റി 24,530.90 ഉം വരെ ഉയര്‍ന്ന ശേഷമാണു നഷ്ടത്തിലേക്കു വീണത്.

ഐടി സൂചിക 2.43 ശതമാനം ഉയര്‍ന്ന ഇന്നലെ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സും നല്ല നേട്ടത്തിലായി. റിയല്‍റ്റി, മെറ്റല്‍, പ്രതിരോധ, കാപ്പിറ്റല്‍ മാര്‍ക്കറ്റ്, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ മേഖലകള്‍ നഷ്ടത്തിലായി.

വിദേശനിക്ഷേപകര്‍ വിപണിയില്‍ വാങ്ങല്‍ തുടര്‍ന്നു. വിദേശികള്‍ കാഷ് വിപണിയില്‍ 393.19 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശഫണ്ടുകള്‍ 383.43 കോടി രൂപയുടെ അറ്റ വില്‍പനക്കാരായി.

ഇന്നലെ ഐടിയും മീഡിയയും പൊതുമേഖലാ ബാങ്കുകളും താഴ്ചയിലായി. റിയല്‍റ്റിയും കണ്‍സ്യൂമര്‍ ഡ്യുറബിള്‍സും ഓട്ടോയും ഓയിലും മെറ്റലും നല്ല നേട്ടം ഉണ്ടാക്കി.

ചൊവ്വാഴ്ച സെന്‍സെക്സ് 104.35 പോയിന്റ് (0.13%) താഴ്ന്ന് 78,180.72 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 31.65 പോയിന്റ് (0.13%) നഷ്ടത്തോടെ 24,398.70 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 90.80 പോയിന്റ് (0.16%) താഴ്ന്ന് 58,200.70 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 186.20 പോയിന്റ് (0.30%) കുറഞ്ഞ് 62,285.30 ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 105.70 പോയിന്റ് (0.55%) നഷ്ടത്തോടെ 19,213.40 ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ താഴ്ന്നു. ബിഎസ്ഇയില്‍ 1534 ഓഹരികള്‍ കയറി, 2700 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1176 എണ്ണം ഉയര്‍ന്നപ്പോള്‍ 2069 എണ്ണം താഴ്ന്നു.

കമ്പനികള്‍, വാര്‍ത്തകള്‍

രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് (ആര്‍സിഎഫ്) ഓഹരി വിറ്റ് 1500 കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഒഎഫ്എസ് ഓഫറിന് ഫണ്ടുകളിലും സ്ഥാപനങ്ങളിലും നിന്നു നല്ല സ്വീകരണം കിട്ടി. 3.52 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു. ഇന്നു റീട്ടെയില്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാം.

ഓട്ടോ കംപോണന്റ് നിര്‍മാതാക്കളായ ഉനോ മിന്‍ഡ കാറുകളിലെ സീറ്റുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു. 320 കോടി രൂപ ഇതിനായി മുടക്കും.

കേരളത്തിലെ വയനാടു ജില്ലയില്‍ മണ്ണിടിഞ്ഞ് ദുരന്തം ഉണ്ടായ സ്ഥലത്തു ദിലീപ് ബില്‍ഡ് കോണ്‍ ആണു കോണ്‍ട്രാക്ട് ജോലികള്‍ ചെയ്യുന്നത്. തങ്ങളുടെ ഭാഗത്തു പിഴവില്ലെന്ന് അവകാശപ്പെട്ട കമ്പനി അതിവര്‍ഷം മൂലമാണു ദുരന്തമുണ്ടായതെന്നു പറയുന്നു.

സ്വര്‍ണം ഇടിഞ്ഞു

ഡോളര്‍ സൂചിക കയറിയതും ക്രൂഡ് ഓയില്‍ വിലക്കയറ്റവും സ്വര്‍ണത്തെ താഴ്ത്തി. പലിശ വര്‍ധനവിലേക്കു കാര്യങ്ങള്‍ എത്തുമെന്നു വിപണി കരുതുന്നു. ഇന്നലെ 59.20 ഡോളര്‍ (1.42 ശതമാനം) ഇടിഞ്ഞ സ്വര്‍ണം ഔണ്‍സിന് 4106.80 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4100 ഡോളര്‍ വരെ എത്തി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ഇന്നലെ 1000 രൂപ കുറഞ്ഞ് 1,06,520 രൂപ ആയി. വെള്ളിവില ഇന്നലെ ഔണ്‍സിന് 60.09 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 60.14 ഡോളറിലേക്കു കയറി. പ്ലാറ്റിനം 1624 ഡോളര്‍, പല്ലാഡിയം 1237 ഡോളര്‍, റോഡിയം 7925 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ലോഹങ്ങള്‍ കയറി

ചൊവ്വാഴ്ച മിക്ക വ്യാവസായിക ലോഹങ്ങളും ഉയര്‍ന്നു. ചെമ്പ് 0.01 ശതമാനം ഉയര്‍ന്നു ടണ്ണിനു 13,308.15 ഡോളര്‍ ആയി. അലൂമിനിയം 1.17 ശതമാനം കയറി 3144.58 ല്‍ ക്ലോസ് ചെയ്തു. സിങ്കും ലെഡും താഴ്ന്നു. ടിന്നും നിക്കലും ഉയര്‍ന്നു.

റബര്‍ കുതിപ്പ് തുടരുന്നു

രാജ്യാന്തര റബര്‍ വില ചൊവ്വാഴ്ച വര്‍ധിച്ചു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 296.20 ഡോളറിലും ആര്‍എസ്എസ് മൂന്ന് 292.80 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 27, 200 രൂപയിലേക്കു കയറി.

കൊക്കോ കയറി, കാപ്പി താണു

കൊക്കോ വില ചൊവ്വാഴ്ച 1.46 ശതമാനം വര്‍ധിച്ച് ടണ്ണിന് 5777.19 ഡോളറില്‍ എത്തി. ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. എല്‍ നിനോ പ്രതിഭാസം പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഉല്‍പാദനം കുറയ്ക്കും എന്നാണു വിലയിരുത്തല്‍. അവധിവില 5360 ഡോളറിനു മുകളിലാണ്.

അറബിക്ക കാപ്പിവില 9.35 ശതമാനം ഇടിഞ്ഞു പൗണ്ടിന് 3.17 ഡോളര്‍ ആയി. ബ്രസീലില്‍ കാപ്പി ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. കാപ്പി സ്റ്റോക്ക് 2024 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.

ഡോളര്‍ സൂചിക ഉയര്‍ന്നു

യുഎസ് ഡോളര്‍ ഇന്നലെ ചെറിയ ചാഞ്ചാട്ടത്തിനു ശേഷം 100.85ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നു സൂചിക 101.20 വരെ കയറിയിട്ടു 101.16 ലേക്കു താഴ്ന്നു.

യൂറോ 1.1401 ഡോളറിലേക്കും പൗണ്ട് 1.3343 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 162.33 യെന്‍ വരെ എത്തി. ചൈനീസ് യുവാന്‍ ഡോളറിന് 6.79 യുവാന്‍ ആയി.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.559 ശതമാനമായി ഉയര്‍ന്നു.

രൂപ കയറി

ചൊവ്വാഴ്ച ഇന്ത്യന്‍ രൂപ ഗണ്യമായി ഉയര്‍ന്നു. ഡോളര്‍ 43 പൈസ കുറഞ്ഞ് 94.97 രൂപയില്‍ അവസാനിച്ചു.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.59 രൂപയില്‍ എത്തിയിട്ടു 95.1.8 ലേക്കു താഴ്ന്നു. ഇന്നലെ ചൈനീസ് യുവാന്‍ 13.98 രൂപയിലേക്കും യൂറോ 108.31 രൂപയിലേക്കും താഴ്ന്നു.

ക്രൂഡ് ഓയില്‍ കുതിക്കുന്നു

ഹോര്‍മുസില്‍ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടത് ഇന്നലെ ക്രൂഡ് ഓയില്‍ വിലയെ മൂന്നു ശതമാനം ഉയര്‍ത്തി. പിന്നീട് ഇറാനിലെ യുഎസ് ആക്രമണത്തിനു ശേഷം വില 2.65 ശതമാനം കുതിച്ചു. ഇന്നലെ 74.16 ഡോളറില്‍ ക്ലോസ് ചെയ്ത ബ്രെന്റ് ഇനം രാവിലെ 76.14 ഡോളറില്‍ എത്തിയിട്ട് 75.54 ലേക്കു താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 71.86 ഡോളറിലും എത്തി.

ക്രിപ്‌റ്റോകള്‍ താഴുന്നു

ഇറാന്‍ സംഘര്‍ഷം ക്രിപ്‌റ്റോകറന്‍സികളെ വീണ്ടും താഴ്ത്തി. ബിറ്റ് കോയിന്‍ 63,700 ഡോളറിനു താഴെ എത്തി. ഈഥര്‍ 1780 ഡോളറിനും സൊലാന 80 ഡോളറിനും തൊട്ടടുത്തായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT