image credit : canva 
Markets

യുദ്ധം രൂക്ഷം, പ്രമുഖ ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍, ക്രൂഡ് ഓയില്‍ 85 ഡോളറിലേക്ക്, സ്വര്‍ണം 4,000 ഡോളറില്‍; രൂപ താഴ്ന്നേക്കാം

ജൂണിലെ ചില്ലറ വിലക്കയറ്റം 17 മാസത്തെ ഉയര്‍ന്ന നിലയായ 4.38 ശതമാനമായി. മേയില്‍ 3.93 ശതമാനമായിരുന്നു. ഭക്ഷ്യവിലകള്‍ 5.3 ശതമാനം കൂടി.

T C Mathew

പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ യുഎസ്-ഇറാന്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ സാധ്യത ഉള്ളതായി സൂചന. ഏഷ്യന്‍ വിപണികളെ ഇത് ഉയര്‍ത്തി. യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടം കുറച്ചു. എങ്കിലും ക്രൂഡ് ഓയില്‍ രാവിലെ രണ്ടു ശതമാനത്തോളം ഉയര്‍ന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,071.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,015 നു താഴെയായി. ഇന്നും വിപണി നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യുദ്ധം കടുക്കുന്നു

പശ്ചിമേഷ്യന്‍ യുദ്ധം കടുക്കുകയാണ് ഹോര്‍മുസ് നിയന്ത്രണം തങ്ങള്‍ ഏറ്റെടുക്കുമെന്നും ചരക്കുനീക്കത്തിന് 20 ശതമാനം സംരക്ഷണഫീസ് ഈടാക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ തുറമുഖങ്ങളില്‍ നാവിക ഉപരോധവും പ്രഖ്യാപിച്ചു. ഇറാന്‍ ഇവയെ പുച്ഛിച്ചു തള്ളി. ഹോര്‍മുസിലെ കപ്പല്‍നീക്കം നിലച്ചു.

സംരക്ഷണ ഫീസിന്റെ കാര്യത്തില്‍ യുഎസ് ഭരണകൂടം വ്യക്തത വരുത്തിയില്ല. തിങ്കളാഴ്ച രാത്രിയും ഇറാനില്‍ യുഎസ് വ്യോമാക്രമണം നടന്നു. ഇറാന്റെ പ്രത്യാക്രമണം ജോര്‍ദാനിലെ യുഎസ് താവളം വരെ എത്തി. യുഎഇയുടെ രണ്ട് ഓയില്‍ ടാങ്കറുകളെ ഇറാന്‍ ആക്രമിച്ചു. ചെങ്കടലിന്റെ കവാടമായ ബാബ് എല്‍ മാന്‍ദെബില്‍ ചരക്കുകപ്പലുകളെ ആക്രമിക്കാന്‍ ഹൗതികളുടെ സ്പീഡ് ബോട്ടുകള്‍ ശ്രമിച്ചു.

ഹൗതികള്‍ക്കെതിരേ സൗദി സേന ആക്രമണം തുടങ്ങി. ഹൗതി നിയന്ത്രണത്തിലുള്ള സനാ വിമാനത്താവളത്തിലേക്കു വന്ന ഇറാന്‍ വിമാനം ഇറങ്ങാതിരിക്കാന്‍ യെമന്‍ സേന വിമാനത്താവളത്തില്‍ ബോംബ് വര്‍ഷിച്ചു.

ചില്ലറവിലക്കയറ്റം കുതിച്ചു

ജൂണിലെ ചില്ലറ വിലക്കയറ്റം 17 മാസത്തെ ഉയര്‍ന്ന നിലയായ 4.38 ശതമാനമായി. മേയില്‍ 3.93 ശതമാനമായിരുന്നു. ഭക്ഷ്യവിലകള്‍ 5.3 ശതമാനം കൂടി. ഗതാഗതച്ചെലവ് 7.4 ശതമാനം വര്‍ധിച്ചു. ഭക്ഷവിലക്കയറ്റം തുടരും എന്നാണു സൂചന. ഈ ധനകാര്യ വര്‍ഷം ചില്ലറവിലക്കയറ്റം അഞ്ചു ശതമാനത്തിനു മുകളില്‍ ആകും എന്നാണു വിദഗ്ധനിഗമനം. എങ്കിലും റിസര്‍വ് ബാങ്ക് ഓഗസ്റ്റ് ആദ്യവാരത്തിലെ പണനയ കമ്മിറ്റി യോഗത്തില്‍ റീപോ നിരക്കു കൂട്ടുകയില്ല എന്നാണു വിലയിരുത്തല്‍.

വ്യാപാരകമ്മി റെക്കോര്‍ഡ്

ജൂണില്‍ ഇറക്കുമതി ഗണ്യമായി കൂടിയതുകൊണ്ട് വിദേശവ്യാപാര കമ്മി നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തി. 3040 കോടി ഡോളറാണു കമ്മി. ഇറക്കുമതി 31 ശതമാനം കയറി 7080 കോടി ഡോളര്‍ ആയി. ക്രൂഡ് ഓയില്‍ ഇറക്കുമതിച്ചെലവ് 40 ശതമാനം കൂടി 1930 കോടി ഡോളറില്‍ എത്തി. രാസവള ഇറക്കുമതി മൂന്നിരട്ടിയായി 230 കോടി ഡോളറിലേക്കു കയറി. വിലകുറഞ്ഞതുകൊണ്ടു സ്വര്‍ണ ഇറക്കുമതി ഏഴു ശതമാനമേ കൂടിയുള്ളൂ. 200 കോടി ഡോളറാണു ചെലവ്. വെള്ളി ഇറക്കുമതി 74 ശതമാനം കുറഞ്ഞ് ആറു കോടി ഡോളര്‍ ആയി. കയറ്റുമതി 15.4 ശതമാനം വര്‍ധിച്ച് 4040 കോടി ഡോളറില്‍ എത്തി.

മണ്‍സൂണ്‍ കമ്മി 20%ലേക്ക്

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയിലെ കമ്മി ജൂലൈ 13ന് 19.4 ശതമാനം ആയെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. 15 ദിവസം മുന്‍പ് 40 ശതമാനം കുറവുണ്ടായിരുന്നത് ഒന്‍പതാം തീയതി 14 ശതമാനമായി കുറഞ്ഞിരുന്നു. പിന്നീടാണു കയറിയത്. മഴ കുറഞ്ഞു വരികയാണ്. കേരളത്തില്‍ കമ്മി 29 ശതമാനത്തിലേക്കു കയറി.

കൃഷിയില്‍ 16% കുറവ്

മഴ മെച്ചപ്പെട്ടത് ഖാരിഫ് കൃഷിയിറക്കലില്‍ ചെറിയ ആശ്വാസം നല്‍കുന്നു. ജൂലൈ 10 വരെ സീസണിലെ ശരാശരി കൃഷിഭൂമിയുടെ 48 ശതമാനം സ്ഥലത്തു വിളവിറക്കി. ഇതു കഴിഞ്ഞ വര്‍ഷം ജൂലൈ 10 ലെ നിലവച്ച് 16 ശതമാനം കുറവാണ്. നെല്‍കൃഷിയിലെ കുറവ് 8.6 ശതമാനമാണ്. പയുറുവര്‍ഗങ്ങള്‍ 23.3 ഉം എണ്ണക്കുരുക്കള്‍ 21ഉം ചെറുധാന്യങ്ങള്‍ 22.5 ഉം ശതമാനം കുറച്ചേ കൃഷിയിറക്കിയിട്ടുള്ളൂ. പരുത്തി കൃഷി 15.3 ശതമാനം കുറവാണ്.

യുഎസ് വിപണി നഷ്ടത്തില്‍

പശ്ചിമേഷ്യന്‍ യുദ്ധവും ക്രൂഡ് ഓയില്‍ വിലക്കയറ്റവും ഇന്നലെ യുഎസ് വിപണികളെ നഷ്ടത്തിലാക്കി. ദക്ഷിണ കൊറിയന്‍ ചിപ് നിര്‍മാണ കമ്പനി എസ്‌കെ ഹൈനിക്‌സ് അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ് 15.4 ശതമാനം ഇടിഞ്ഞു. ലിസ്റ്റ് ചെയ്ത വെള്ളിയാഴ്ച 13 ശതമാനം ഉയര്‍ന്നതാണ്.

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഓഹരി ഇന്നലെയും 4.24 ശതമാനം താഴ്ന്നു 139.14 ഡോളറില്‍ ആയി. ഇടയ്ക്കു 135 ഡോളര്‍ വരെ താണതാണ്. ലിസ്റ്റിംഗ് വിലയില്‍ നിന്നു 14 ശതമാനത്തോളം താഴ്ചയിലാണ് ഓഹരി ഇപ്പോള്‍.

തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 138.37 പോയിന്റ് (0.2 6 ശതമാനം) താഴ്ന്ന് 52,498.64ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 60.05 പോയിന്റ് (0.79%) നഷ്ടത്തോടെ 7515.34ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 408.43 പോയിന്റ് (1.55%) ഇടിഞ്ഞ് 25,873.18ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് ഭിന്ന ദിശകളില്‍

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ ജോണ്‍സ് 102 പോയിന്റും (0.19%) എസ്ആന്‍ഡ്പി 5 പോയിന്റും (0.06%)താഴ്ന്നു നീങ്ങുന്നു. നാസ്ഡാക് 42 പോയിന്റ് (0.14%) നേട്ടത്തിലാണ്.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ തിങ്കളാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വിപണിസമയത്ത് 0.38 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.09 ശതമാനം കുറഞ്ഞ് 26.39 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.90 ശതമാനം കയറിയിട്ടു തുടര്‍ വ്യാപാരത്തില്‍ 0.51% ഉയര്‍ന്ന് 29.41 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 5.12% കുതിച്ച ശേഷം തുടര്‍വ്യാപാരത്തില്‍ 0.17% താഴ്ന്നു 11.48 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.60% കയറിയ ശേഷം തുടര്‍വ്യാപാരത്തില്‍ 0.52 ശതമാനം ഉയര്‍ന്ന് 1.91 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് നേട്ടത്തില്‍

യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച മിതമായ നേട്ടം കൈവരിച്ചു. യുകെയും സ്വിറ്റ്‌സര്‍ലന്‍ഡും സേവന മേഖലയിലെ വ്യാപാരം സംബന്ധിച്ചു നിര്‍ണായക കരാറില്‍ എത്തി.

ഏഷ്യന്‍ വിപണികള്‍ കയറുന്നു

പ്രധാന ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണ്. ദക്ഷിണ കൊറിയന്‍ സൂചിക കോസ്പി രണ്ടു ശതമാനം കയറി. ജാപ്പനീസ് സൂചിക നിക്കൈ 0.22 ശതമാനം കയറി. ഓസ്‌ട്രേലിയന്‍ സൂചിക 0.20 ശതമാനം നഷ്ടത്തിലാണ്. ഹോങ്കോംഗ് സൂചിക ഒരു ശതമാനം ഇടിഞ്ഞു. ഷാങ്ഹായ് സൂചിക 0.24 ശതമാനം താഴ്ന്നു.

ഇന്ത്യന്‍ വിപണി ഇറങ്ങി, തിരിച്ചുകയറി

തിങ്കളാഴ്ച രാവിലെ കുത്തനേ താഴ്ന്ന ഇന്ത്യന്‍ വിപണി ഉച്ചയ്ക്കു ശേഷം തിരിച്ചു കയറിയിട്ടു നാമമാത്ര നേട്ടത്തില്‍ ക്ലോസ് ചെയ്തു. ദക്ഷിണകൊറിയയില്‍ ഒന്‍പതും ജപ്പാനില്‍ രണ്ടും ശതമാനം വിപണി തകര്‍ച്ച ഉണ്ടായതും ക്രൂഡ് ഓയില്‍ വിലക്കയറ്റവും ഇന്ത്യന്‍ വിപണി കണക്കിലെടുത്തതേയില്ല. ദിവസത്തിലെ താഴ്ചയില്‍ നിന്നു സെന്‍സെക്‌സ് 760 ഉം നിഫ്റ്റി 211 ഉം പോയിന്റ് കയറിയാണു ക്ലോസ് ചെയ്തത്.

ഐടി കമ്പനികളുടെ മികച്ച ഒന്നാം പാദ പ്രകടനത്തിന്റെ ആവേശത്തില്‍ ഐടി സൂചിക നാലു ശതമാനത്തോളം കുതിച്ചു.

വിദേശനിക്ഷേപകര്‍ വാങ്ങലുകാരായി തിരിച്ചു വരും എന്നു പല ബ്രോക്കര്‍മാരും ആവേശത്തോടെ പറഞ്ഞെങ്കിലും വിദേശികള്‍ ഇന്നലെ വലിയ വില്‍പനക്കാരായിരുന്നു. അവര്‍ കാഷ് വിപണിയില്‍ 3062.27കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശിഫണ്ടുകള്‍ 2171.70 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി.

തിങ്കളാഴ്ച സെന്‍സെക്സ് 47.01 പോയിന്റ് (0.06%) ഉയര്‍ന്ന് 77,616.40ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 4.10 പോയിന്റ് (0.02%) നേട്ടത്തോടെ 24,211.00ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 85.55 പോയിന്റ് (0.15%) കയറി 58,131.45ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 4.15 പോയിന്റ് (0.01%) കൂടി 63,040.95ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 6.45 പോയിന്റ് (0.03%) ഉയര്‍ന്നു 19,422.95ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ ഉയര്‍ന്നു. ബിഎസ്ഇയില്‍ 2246 ഓഹരികള്‍ കയറി, 2166 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1758 എണ്ണം ഉയര്‍ന്നപ്പോള്‍ 1543 എണ്ണം താഴ്ന്നു.

കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്നലെ 7.4 ശതമാനം ഉയര്‍ന്നു. ഒരാഴ്ച കൊണ്ട് ഓഹരിയില്‍ 42 ശതമാനം കയറ്റം ഉണ്ടായി.

ഫെഡറല്‍ ബാങ്ക് ഓഹരി ഇന്നലെ 336.50 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചു.

കമ്പനികള്‍, വാര്‍ത്തകള്‍

എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഒന്നാം പാദ വരുമാനവും ലാഭവും പ്രതീക്ഷയേക്കാള്‍ മെച്ചമാക്കി. വരുമാനം 14 ശതമാനവും അറ്റാദായം 20.3 ശതമാനവും വര്‍ധിച്ചു.

ഭാരത് ഇലക്ട്രോണിക്സിന് 572 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ ലഭിച്ചു.

ഷെല്‍ ഇന്ത്യയുടെ പുനരുല്‍പാദന ഊര്‍ജ കമ്പനിയായ സ്പ്രിംഗ് എനര്‍ജിയെ 17,200 കോടി രൂപയ്ക്കു ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ ഉപകമ്പനി ആദിത്യ ബിര്‍ല റിന്യൂവബിള്‍സ് (എബിറെന്‍) വാങ്ങി. ഇതോടെ എബിറെന്‍ ശേഷിയില്‍ അഞ്ചു ജിഗാവാട്ട് വര്‍ധന ഉണ്ടായി.

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഒന്നാം പാദത്തില്‍ അറ്റാദായം 23.1 ശതമാനം വര്‍ധിപ്പിച്ചു.

ടാറ്റാ കാപ്പിറ്റല്‍ തൃശൂര്‍ ആസ്ഥാനമായുള്ള യോഗക്ഷേമം ലോണ്‍സിനെ 93 കോടി രൂപ മുടക്കി വാങ്ങും. സ്വര്‍ണപ്പണയ വായ്പകള്‍ അടക്കം 708 കോടി രൂപയുടെ ആസ്തികള്‍ ഉള്ള യോഗക്ഷേമത്തിനു 162 ശാഖകള്‍ ഉണ്ട്.

സ്വര്‍ണം 4000 ഡോളറില്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും കടുത്തതോടെ സ്വര്‍ണവും വെള്ളിയും ഇടിഞ്ഞു. പലിശ കൂടും എന്ന ഭീതി വീണ്ടും ബലപ്പെട്ടു. ഇന്നലെ 3985 ഡോളര്‍ വരെ താഴ്ന്ന സ്വര്‍ണം 119.30 ഡോളര്‍ നഷ്ടത്തില്‍ ഔണ്‍സിനു 4002.10 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4006 ഡോളര്‍ വരെ കയറിയിട്ടു താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 1040 രൂപ കുറഞ്ഞ് 1,04,800 രൂപ ആയി. ഇന്നും ഗണ്യമായി താഴും.

വെള്ളിവില ഇന്നലെ 3.75 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 57.77 ഡോളറില്‍ എത്തി. ഇന്നു രാവിലെ 57.52 ഡോളര്‍ ആയി. ഇനിയും താഴുമെന്നാണു സൂചന.

പ്ലാറ്റിനം 1595 ഡോളര്‍, പല്ലാഡിയം 1236 ഡോളര്‍, റോഡിയം 7600 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ലോഹങ്ങള്‍ ഭിന്നദിശകളില്‍

തിങ്കളാഴ്ചയും വ്യാവസായിക ലോഹങ്ങള്‍ ഭിന്നദിശകളില്‍ നീങ്ങി. ചെമ്പ് 0.82 ശതമാനം കയറി ടണ്ണിനു 13,460.35 ഡോളര്‍ ആയി. അലൂമിനിയം 0.02 ശതമാനം കുറഞ്ഞ് 3145.80 ല്‍ ക്ലോസ് ചെയ്തു. സിങ്കും ലെഡും താഴ്ന്നു. ടിന്നും നിക്കലും ഉയര്‍ന്നു.

റബര്‍ കുതിപ്പ് തുടരുന്നു

രാജ്യാന്തര റബര്‍വില തിങ്കളാഴ്ചയും കയറി. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 305.60 ഡോളറിലും ആര്‍എസ്എസ് മൂന്ന് 302.10 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 27,800 രൂപയിലേക്കു കയറി.

കാപ്പി, കൊക്കോ താഴ്ന്നു

കൊക്കോ വില തിങ്കളാഴ്ച 3.68 ശതമാനം ഇടിഞ്ഞു ടണ്ണിന് 5842.00 ഡോളറില്‍ എത്തി. കഴിഞ്ഞ വാരാന്ത്യത്തില്‍ കൂടുതല്‍ കുരു വിപണിയില്‍ എത്തിയതാണു വില കുറയാന്‍ കാരണം. എല്‍ നിനോ പ്രതിഭാസം പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഉല്‍പാദനം കുറയ്ക്കും എന്നാണു വിലയിരുത്തല്‍.

അറബി കാപ്പിവില 1.27 ശതമാനം താഴ്ന്നു പൗണ്ടിന് 3.30 ഡോളര്‍ ആയി. ബ്രസീലില്‍ കാപ്പി ഉല്‍പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാപ്പി സ്റ്റോക്ക് 2024 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.

ഡോളര്‍ സൂചിക കുതിച്ചു

യുഎസ് ഡോളര്‍ തിങ്കളാഴ്ച ഉയര്‍ന്നു 101.24ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.32 വരെ കയറിയിട്ടു താഴ്ന്നു.

യൂറോ 1.1387 ഡോളറിലേക്കും പൗണ്ട് 1.3352 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 162.32 യെന്‍ എന്ന നിലയിലേക്കു താണു. ചൈനീസ് യുവാന്‍ ഡോളറിന് 6.78 യുവാനില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.62 ശതമാനത്തിലേക്കു കയറി.

രൂപ താഴ്ചയില്‍

തിങ്കളാഴ്ച ഇന്ത്യന്‍ രൂപ ഒരു മാസത്തിനിടയിലെ താഴ്ന്ന നിലയിലേക്കു വീണു. ഡോളര്‍ 29 പൈസ കൂടി 95.62 രൂപയില്‍ അവസാനിച്ചു. പശ്ചിമേഷ്യന്‍ സാഹചര്യവും ക്രൂഡ് ഓയില്‍ വിലയും ഡോളറിനെ 96 രൂപയ്ക്കു മുകളില്‍ കയറ്റും എന്നാണു വിലയിരുത്തല്‍.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.88 രൂപയില്‍ എത്തി. ചൈനീസ് യുവാന്‍ 14.11 രൂപയിലും യൂറോ 108.89 രൂപയിലും നില്‍ക്കുന്നു.

ക്രൂഡ് ഓയില്‍ 85 ഡോളറില്‍

തിങ്കളാഴ്ച ക്രൂഡ് ഓയില്‍ വില പത്തു ശതമാനം കുതിച്ചു കയറി. ബ്രെന്റ് ഇനം വീപ്പയ്ക്ക് 83.30 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഒന്നര ശതമാനം കയറി 84.50 ഡോളര്‍ വരെ എത്തി. ഡബ്‌ള്യുടിഐ ഇനം 79.50 ഡോളറിലേക്കു കയറി.

ക്രിപ്‌റ്റോകള്‍ താഴ്ന്നു

പശ്ചിമേഷ്യന്‍ സംഘര്‍ഷം ക്രിപ്‌റ്റോകറന്‍സികളെ വീണ്ടും താഴ്ത്തി. ബിറ്റ് കോയിന്‍ 62,450 ഡോളറിനു താഴെ വന്നു. ഈഥര്‍ 1780 ഡോളറിനും സൊലാന 75 ഡോളറിനും താഴെ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT