image credit : canva 
Markets

ഇറാന്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ ശ്രമം, ക്രൂഡ് ഓയില്‍ താഴ്ന്നേക്കും, വ്യവസായ വളര്‍ച്ച കുറഞ്ഞു, ഏഷ്യന്‍ വിപണികള്‍ ഇടിവില്‍; ഇന്ത്യന്‍ വിപണി താഴ്ന്ന തുടക്കത്തിലേക്ക്

T C Mathew

ഇറാന്‍ യുദ്ധം തീര്‍ക്കാനുള്ള ചര്‍ച്ചയില്‍ ഉയര്‍ന്ന തടസം നീക്കാന്‍ ലബനനിലെ ഇസ്രേലി ആക്രമണം നിര്‍ത്തി വയ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശ്രമിക്കുന്നു. അമേരിക്കയുമായുളള ചര്‍ച്ച നിര്‍ത്തി എന്ന ഇറാന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് അഞ്ചു ശതമാനം കയറിയ ക്രൂഡ് ഓയില്‍ വില രാവിലെ താഴ്ന്നു തുടങ്ങി. എങ്കിലും വിപണികള്‍ ആശങ്കയിലാണ്. യുഎസ് ഫ്യൂച്ചേഴ്‌സ് 0.40 ശതമാനം ഇടിവിലായി. ഏഷ്യന്‍ വിപണികള്‍ ഒരു ശതമാനത്തിലധികം നഷ്ടത്തിലാണ്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,460.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,236 വരെ ഇടിഞ്ഞു. നിഫ്റ്റി ഇന്നു വലിയ താഴ്ചയില്‍ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്

സമ്മിശ്ര സൂചന

ഇന്നലെ പുറത്തു വന്ന ഇന്ത്യന്‍ സമ്പത്തിക സൂചകങ്ങള്‍ സമ്മിശ്രസൂചനയാണു നല്‍കിയത്. മേയിലെ ജിഎസ്ടി പിരിവ് 3.2 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. ഇത് ആറു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വര്‍ധനയാണ്. കസ്റ്റംസ് ഡ്യൂട്ടിയില്‍ നല്ല വര്‍ധന ഉണ്ടായപ്പോള്‍ ആഭ്യന്തര വരുമാനം 2.6 ശതമാനം കുറഞ്ഞു. ഏപ്രിലില്‍ വ്യാപാരം കുറഞ്ഞു എന്നാണ് ഇതു കാണിക്കുന്നത്.

2022-23 അടിസ്ഥാന വര്‍ഷമാക്കി തയാറാക്കിയ വ്യവസായ ഉല്‍പാദന സൂചികയുടെ ആദ്യ കണക്ക് ഇന്നലെ പുറത്തുവന്നു. ഏപ്രിലിലെ വ്യവസായ ഉല്‍പാദന വളര്‍ച്ച 4.9 ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 5.7 ശതമാനം ഉണ്ടായിരുന്നു.

മേയ് മാസത്തിലെ കാര്‍വില്‍പന 27 ശതമാനം വളര്‍ച്ച കാണിച്ചു. മാരുതി 40 ഉം ടാറ്റാ മോട്ടോഴ്സ് 42 ഉം മഹീന്ദ്ര 10.7 ഉം ഹ്യുണ്ടായി 9.1ഉം ശതമാനം വളര്‍ച്ച നേടി.

യുഎസ് വിപണി കയറി

പശ്ചിമേഷ്യന്‍ സമാധാന നീക്കം എങ്ങുമെത്തിയില്ലെങ്കിലും ടെക്‌നോളജി മേഖലയുടെ ആവേശത്തില്‍ യുഎസ് വിപണി ഇന്നലെ നേട്ടം കുറിച്ചു. മൂന്നു പ്രധാന സൂചികകളും റെക്കോര്‍ഡ് ഇന്‍ട്രാഡേ ഉയരവും റെക്കോര്‍ഡ് ക്ലോസിംഗും കുറിച്ചു. പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ക്കു പുനരുജ്ജീവനം നല്‍കുന്ന പുതിയ ചിപ്പ് അവതരിപ്പിച്ച എന്‍വിഡിയ ആയിരുന്നു ഇന്നലത്തെ താരം.

ഓഹരി ഏഴു ശതമാനത്തോളം കുതിച്ചു. മൈക്രോസോഫ്റ്റ്, ഐബിഎം, ഹ്യൂലറ്റ് പക്കാര്‍ഡ്, സര്‍വീസ് നൗ, എആര്‍എം, നെബിയസ് തുടങ്ങിയവ വലിയ നേട്ടം ഉണ്ടാക്കി. റെക്കോര്‍ഡ് വളര്‍ച്ച കാണിച്ച റിസല്‍ട്ടും മികച്ച ഭാവിപ്രതീക്ഷയും എച്ച്പി എന്റര്‍പ്രൈസസിനെ വ്യാപാര സമയത്ത് എട്ടും തുടര്‍ വ്യാപാരത്തില്‍ 28 ഉം ശതമാനം ഉയര്‍ത്തി.

തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 46.42 പോയിന്റ് (0.09%) ഉയര്‍ന്ന് 51,078.88ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 19.90 പോയിന്റ് (0.26%) കയറി 7599.96 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 114.19 പോയിന്റ് (0.42%) നേട്ടത്തോടെ 27,086.81ല്‍ അവസാനിച്ചു.

ഫ്യൂച്ചേഴ്‌സ് ഇടിവില്‍

യുഎസ് ഫ്യൂച്ചേഴ്‌സ് നഷ്ടത്തിലാണ്. ഇന്നു രാവിലെ ഡൗ ജോണ്‍സ് 245 പോയിന്റും (0.48%) എസ് ആന്‍ഡ് പി 33 പോയിന്റും (0.43%) നാസ്ഡാക് 202 പോയിന്റും (0.67%) താഴ്ന്നു നീങ്ങുന്നു.

എഡിആറുകള്‍

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ തിങ്കളാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് നിശ്ചിത സമയത്ത് 0.76 ശതമാനം താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.13 ശതമാനം ഉയര്‍ന്ന് 23.73 ഡോളറില്‍ എത്തി. ഐസിഐസിഐ ബാങ്ക് വിപണി സമയത്തു 1.83 ശതമാനം ഇടിഞ്ഞിട്ടു തുടര്‍വ്യാപാരത്തില്‍ 0.13 ശതമാനം കയറി 25.88 ല്‍ ക്ലോസ് ചെയ്തു.

ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 6.01 ശതമാനം കുതിച്ചു കയറിയ ശേഷം തുടര്‍വ്യാപാരത്തില്‍ 0.07% കയറി 13.42 ഡോളറില്‍ അവസാനിച്ചു. വിപ്രോ പതിവു സമയത്ത് 2.12 ശതമാനം ഉയര്‍ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 2.41 ഡോളറില്‍ ക്ലോസ് ചെയ്തു.

യൂറോപ്പ് താഴ്ന്നു

ഗള്‍ഫിലെ സമാധാന പ്രതീക്ഷ കുറഞ്ഞതോടെ യൂറോപ്യന്‍ ഓഹരി സൂചികകള്‍ തിങ്കളാഴ്ച താഴ്ചയിലായി. ബജറ്റ് വിമാനസര്‍വീസുകള്‍ നടത്തുന്ന ഈസിജെറ്റിനെ അമേരിക്കന്‍ നിക്ഷേപ കമ്പനി കാസില്‍ലേക്ക് ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഈസിജെറ്റ് ഓഹരിയെ 10 ശതമാനം കയറ്റി.

ഏഷ്യയില്‍ താഴ്ച

ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലായി. ജപ്പാനില്‍ നിക്കൈ സൂചിക 1.10 ശതമാനം താഴ്ന്നു ഓസ്‌ട്രേലിയന്‍ സൂചിക ഒരു ശതമാനം നഷ്ടത്തിലായി. ദക്ഷിണ കൊറിയന്‍ വിപണി അരശതമാനം താഴ്ന്നു വ്യാപാരം തുടങ്ങി. ഹോങ് കോങ് വിപണി 0.85 ശതമാനം കയറി ഷാങ്ഹായ് വിപണി 0.10 ശതമാനം താഴ്ന്നു വ്യാപാരം തുടങ്ങി.

ഇന്ത്യന്‍ വിപണി താഴ്ന്നു

ഇറാന്‍ സമാധാന പ്രതീക്ഷ അകന്നതും ക്രൂഡ് ഓയില്‍ വിലക്കയറ്റവും വിദേശികളുടെ വില്‍പനയും വരള്‍ച്ച ഭീഷണിയും എല്ലാം ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ വിപണി ഇന്നലെയും താഴ്ചയിലായി. നാലു ദിവസം തുടര്‍ച്ചയായി ഇടിഞ്ഞതോടെ സെന്‍സെക്‌സ് നഷ്ടം 2200 പോയിന്റില്‍ (മൂന്നു ശതമാനം) അധികമായി.

ഐടി, മീഡിയ, മെറ്റല്‍ മേഖലകള്‍ മാത്രമാണ് ഇന്നലെ ഉയര്‍ന്നത്. വിദേശത്തു ടെക് മേഖല കഴിഞ്ഞയാഴ്ച മുന്നേറിയതിന്റെ ചുവടുപിടിച്ച് ഇന്നലെ ഇന്ത്യന്‍ ഐടി സേവന കമ്പനികള്‍ നേട്ടം ഉണ്ടാക്കി. പല ഓഹരികളും നാലു ശതമാനത്തിലധികം കയറി. ഫിഫ ലോകകപ്പ് സംപ്രേഷണാവകാശം കിട്ടിയത് സീ എന്റര്‍ടെയ്ന്‍മെന്റിനെ ഉയര്‍ത്തി.

സായ്നിച്ച് എന്ന പുതിയ ആന്റിബയോട്ടിക്കിന് യുഎസ് എഫ്ഡിഎ അംഗീകാരം ലഭിച്ചത് വൊക്കാര്‍ട്ടിനെ ഇന്നലെയും കുതിപ്പിലാക്കി. 2038 വരെ പേറ്റന്റ് സംരക്ഷണം ഉള്ളതാണ് സായ്നിച്ച്. പ്രതിരോധശേഷി കൂടിയ അണുജീവികളെ തുരത്താന്‍ പറ്റുന്നതാണ് ഇത്.

തിങ്കളാഴ്ച സെന്‍സെക്സ് 508.40 പോയിന്റ് (0.68%) താഴ്ന്ന് 74,267.34ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 165.15 പോയിന്റ് (0.70%) ഇടിഞ്ഞ് 23,382.60ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 596.10 പോയിന്റ് (1.10%) നഷ്ടത്തോടെ 53,643.10ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 895.85 പോയിന്റ് (1.45%) ഇടിഞ്ഞ് 60,827.95 ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 159.00 പോയിന്റ് (0.88%) നഷ്ടത്തോടെ 17,979.80 ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ ബഹുഭൂരിപക്ഷം ഓഹരികള്‍ ഇടിഞ്ഞു. ബിഎസ്ഇയില്‍ 1556 ഓഹരികള്‍ കയറി, 2808 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1143 എണ്ണം ഉയര്‍ന്നപ്പോള്‍ 2192 എണ്ണം താഴ്ന്നു.

വിദേശനിക്ഷേപകര്‍ ഇന്നലെ ക്യാഷ് വിപണിയില്‍ 3911.68 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5109.13 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി.

സ്വര്‍ണം താഴ്ചയില്‍

ഇറാനിലെ സമാധാനസാധ്യത അകന്നത് തിങ്കളാഴ്ച സ്വര്‍ണത്തെ താഴ്ത്തി. ഔണ്‍സിനു 4446.90 ഡോളര്‍ വരെ ഇടിഞ്ഞ സ്വര്‍ണം 54.20 ഡോളര്‍ നഷ്ടത്തോടെ 4486.10 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4467 ഡോളറിലേക്കു താഴ്ന്നു.

കേരളത്തില്‍ തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണം പവന് 600 രൂപ കുറഞ്ഞ് 1,14,560 രൂപയായി. വെള്ളിവില താഴ്ന്ന് ഇന്നു രാവിലെ ഔണ്‍സിന് 74.78 ഡോളര്‍ ആയി. പ്ലാറ്റിനം 1925 ഡോളര്‍, പല്ലാഡിയം 1344 ഡോളര്‍, റോഡിയം 8250 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

വ്യാവസായികലോഹങ്ങള്‍ ഉയര്‍ന്നു

വ്യാവസായിക ലോഹങ്ങള്‍ തിങ്കളാഴ്ചയും ഉയര്‍ന്നു. ചെമ്പ് 1.51 ശതമാനം കയറി ടണ്ണിനു 13,818.65 ഡോളര്‍ ആയി. ചെമ്പ് ഇക്കൊല്ലം 15,000 ഡോളറിലേക്ക് കുതിക്കുമെന്നു സിറ്റി ഗ്രൂപ്പ് പ്രവചിച്ചു. അലൂമിനിയം 3709.45 ഡോളറില്‍ കയറി റെക്കോര്‍ഡ് കുറിച്ചിട്ട് 3707.48 ല്‍ ക്ലോസ് ചെയ്തു. സിങ്ക്, നിക്കല്‍, ടിന്‍ എന്നിവ നേട്ടം ഉണ്ടാക്കി. ലെഡ് താഴ്ന്നു.

റബറിനു നേട്ടം

ബാങ്കോക്ക് റബര്‍ വിപണി ഇന്നലെ അവധിയായിരുന്നു. കേരളത്തില്‍ റബര്‍ ആര്‍എസ്എസ് നാല് ഇനം തിങ്കളാഴ്ച 25,950 രൂപയിലേക്കു കയറി.

കൊക്കോ താഴ്ന്നു

കൊക്കോ രാജ്യാന്തര വിപണിയില്‍ വീണ്ടും താഴ്ന്നു. തിങ്കളാഴ്ച 0.61 ശതമാനം കുറഞ്ഞ് 3899 ഡോളര്‍ ആയി. എല്‍ നിനോ കാലാവസ്ഥാ പ്രതിഭാസം കൊക്കോ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കും എന്ന നിഗമനമാണു വിപണിയില്‍ ഉള്ളത്.

ഡോളര്‍ സൂചിക ഉയര്‍ന്നു

യുഎസ് ഡോളര്‍ സൂചിക തിങ്കളാഴ്ച ഉയര്‍ന്ന് 99.20 ല്‍ എത്തി. ഇന്നു രാവിലെ 99.16 വരെ താഴ്ന്നു. യൂറോ 1.1634 ഡോളറിലേക്കും പൗണ്ട് 1.3457 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 159.65 യെന്‍ എന്ന നിലയിലേക്ക് ഇടിഞ്ഞു. ചൈനീസ് യുവാന്‍ ഡോളറിന് 6.77 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു. അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (്യശലഹറ) ഇന്നു രാവിലെ 4.455 ശതമാനമായി താഴ്ന്നു.

രൂപ കയറി

തിങ്കളാഴ്ച രാവിലെ രൂപ നല്ല മുന്നേറ്റം നടത്തിയെങ്കിലും ഒടുവില്‍ നാമമാത്രമായ ഒരു പൈസ നേട്ടത്തോടെ അവസാനിച്ചു. ഡോളര്‍ ഒരു പൈസ താഴ്ന്ന് 94.99 രൂപയില്‍ അവസാനിച്ചു. റിസര്‍വ് ബാങ്ക് ഗണ്യമായ അളവില്‍ ഡോളര്‍ വിറ്റു.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.18 രൂപയില്‍ നില്‍ക്കുന്നു. ചൈനീസ് യുവാന്‍ 14.05 രൂപയിലേക്കും യൂറോ 110.52 രൂപയിലേക്കും താഴ്ന്നു.

ക്രൂഡ് ഓയില്‍ താഴുന്നു

ഇറാന്‍-യുഎസ് ചര്‍ച്ച നിര്‍ത്തി എന്ന റിപ്പോര്‍ട്ട് ക്രൂഡ് ഓയില്‍ വിലയെ ഉയരത്തില്‍ എത്തിച്ചു. എന്നാല്‍ ചര്‍ച്ച തുടരുന്നതായ അറിയിപ്പ് ഇന്നു രാവിലെ വില നാമമാത്രമായി താഴാന്‍ സഹായിച്ചു. ബ്രെന്റ് ഇനം വീപ്പയ്ക്ക് ഇന്നു രാവിലെ 94.55 ഡോളര്‍ ആണ്. ഡബ്‌ള്യുടിഐ ഇനം 91.75 ഡോളറില്‍ നില്‍ക്കുന്നു.

ക്രിപ്‌റ്റോകള്‍ ഇടിവില്‍

ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ന്ന നിലയില്‍ തുടര്‍ന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 70,850 ഡോളറിനു താഴെയാണ്. ഈഥര്‍ 1980 ഡോളറിനും സൊലാന 80 ഡോളറിനും തൊട്ടു മുകളില്‍ നില്‍ക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT