ഇറാനിലെ യുദ്ധം നീണ്ടുപോകുന്നു. ഹോര്‍മുസ് കപ്പല്‍ച്ചാല്‍ ഇനിയും തുറന്നിട്ടില്ല. കടലില്‍ മൈന്‍ വിതറാന്‍ ഉപയോഗിക്കുന്ന ഇറാന്റെ 16 നാവിക യാനങ്ങള്‍ അമേരിക്ക തകര്‍ത്തു. ക്രൂഡ് ഓയില്‍ വില 90 ഡോളറിനു താഴെ നില്‍ക്കുന്നു. സ്വര്‍ണം ഉയര്‍ന്നു.
യുദ്ധത്തിന്റെ ആശങ്ക വിപണികളില്‍ കുറഞ്ഞു. എങ്കിലും വീണ്ടും നില മാറാം എന്ന ഭീതി നിലവിലുണ്ട്. ഇന്നലെ ചാഞ്ചാടിയ യുഎസ് വിപണി ഫ്‌ലാറ്റ് ആയി ക്ലോസ് ചെയ്തു. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,278.50 ല്‍ എത്തി. ഇന്നു രാവിലെ 24,346 വരെ കയറി. നിഫ്റ്റി നേരിയ താഴ്ചയോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്
യുദ്ധം നീണ്ടാല്‍ വിദേശനാണ്യ പ്രതിസന്ധി ഉണ്ടാകാം എന്ന ആശങ്ക രാജ്യത്തുണ്ട്. ബാങ്കുകള്‍ വഴി ബോണ്ട് ഇറക്കിയോ കൂടിയ പലിശ നല്‍കിയോ പ്രവാസികളില്‍ നിന്നു വിദേശ കറന്‍സി നിക്ഷേപം സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നുണ്ട്. 2013 ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ആ വഴി നീങ്ങിയാണു രൂപയെ പിടിച്ചു നിര്‍ത്തിയത്. ചൈന അടക്കം അതിര്‍ത്തിരാജ്യങ്ങളില്‍ നിന്ന് മൂലധന നിക്ഷേപം സ്വീകരിക്കുന്നതിനു 2020 ല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നലെ നീക്കിയതും ഇതിന്റെ ഭാഗമായാണ്. 20 ശതമാനം വരെ ഓഹരി മുന്‍കൂര്‍ അനുമതി ഇല്ലാതെ നല്‍കാം.
യുദ്ധം നീളുന്ന പക്ഷം അടിയന്തര നടപടികള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക സുരക്ഷാ നിധി ഉണ്ടാക്കാന്‍ ഗവണ്മെന്റ് ലോക്സഭയില്‍ ധനാഭ്യര്‍ഥന അവതരിപ്പിച്ചു. ഇതിനിടെ പാചകവാതകവും പ്രകൃതിവാതകവും നല്‍കുന്നതിലെ നിയന്ത്രണങ്ങള്‍ ഹോട്ടല്‍ വ്യവസായത്തെ വല്ലാത്ത പ്രതിസന്ധിയിലാക്കി. നഗരങ്ങളില്‍ ഇടത്തരം റസ്റ്ററന്റുകള്‍ പൂട്ടുകയാണ്.
രാസവളം, രാസവസ്തുക്കള്‍, വാഹന ഭാഗങ്ങള്‍, സിറാമിക്‌സ്, ഗ്ലാസ്, ഇലക്ട്രിക് വ്യവസായങ്ങളും ചെറുകിട വ്യവസായ യൂണിറ്റുകളും പ്രതിസന്ധിയിലായി. ഇതെല്ലാം സാമ്പത്തിക വളര്‍ച്ചയെ താഴോട്ടു വലിക്കും എന്ന ആശങ്ക വര്‍ധിച്ചു.
യുഎസ് വിപണികള്‍ ചൊവ്വാഴ്ച തുടക്കത്തില്‍ ഇടിഞ്ഞിട്ടു തിരിച്ചുകയറിയെങ്കിലും നേട്ടം ഇല്ലാതെ അവസാനിച്ചു. യുദ്ധം അവസാനിക്കാനോ ക്രൂഡ് ഓയില്‍ വില താഴ്ന്നു നില്‍ക്കാനോ പോകുന്നില്ല എന്ന ആശങ്കയിലാണു വിപണി നില്‍ക്കുന്നത്.
ഡൗ ജോണ്‍സ് 34.29 പോയിന്റ് (0.07%) താഴ്ന്ന് 47,706.51ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 14.51 പോയിന്റ് (0.21%) കുറഞ്ഞ് 6781.48 ലും നാസ്ഡാക് 1.16 പോയിന്റ് (0.01%) കൂടി 22,697.10 ലും ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് ഉയര്‍ന്നു. ഡൗ ജോണ്‍സ് 151 പോയിന്റും (0.32%) എസ് ആന്‍ഡ് പി 25 പോയിന്റും (0.36%) നാസ്ഡാക് 90 പോയിന്റും (0.36%) നേട്ടത്തില്‍ നീങ്ങുന്നു.
യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ച രണ്ടു ശതമാനം നേട്ടത്തില്‍ അവസാനിച്ചു.
ഏഷ്യന്‍ വിപണികള്‍ ഇന്നു മുന്നേറ്റത്തിലാണ്. ജപ്പാനിലെ നിക്കൈ രാവിലെ രണ്ടു ശതമാനം കയറി. ഓസ്‌ട്രേലിയന്‍ സൂചിക 0.5 ശതമാനം ഉയര്‍ന്നു. ദക്ഷിണ കൊറിയയിലെ കോസ്പി 2.5 ശതമാനം കയറി. ഹോങ് കോങ്, ചൈനീസ് വിപണികള്‍ നേട്ടത്തില്‍ വ്യാപാരം തുടങ്ങി.
ക്രൂഡ് ഓയില്‍ വിലയിലെ ഇടിവും യുദ്ധം അവസാനിച്ചേക്കും എന്ന പ്രതീക്ഷയും ഇന്നലെ ഇന്ത്യന്‍ വിപണിയെ ഒരു ശതമാനം ഉയര്‍ത്തി. ഐടിയും ഓയില്‍-ഗ്യാസും ഒഴികെ എല്ലാ മേഖലകളും ഉയര്‍ന്നു. ബാങ്കുകളും ധനകാര്യമേഖലയും നേതൃത്വം നല്‍കിയ മുന്നേറ്റത്തില്‍ വാഹനങ്ങളും കണ്‍സ്യൂമര്‍ ഡ്യുറബിള്‍സും റിയല്‍റ്റിയും മെറ്റലും ഫാര്‍മയും ഹെല്‍ത്ത് കെയറും കുതിച്ചു.
സെന്‍സെക്സ് 639.82 പോയിന്റ് (0.82%) ഉയര്‍ന്ന് 78,205.98 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 233.55 പോയിന്റ് (0.97%) കുതിച്ച് 24,261.60 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 931.00 പോയിന്റ് (1.66%) നേട്ടത്തോടെ 56,950.80 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 912.15 പോയിന്റ് (1.62%) ഉയര്‍ന്ന് 57,177.65 ലും സ്‌മോള്‍ ക്യാപ് 100 സൂചിക 341.60 പോയിന്റ് (2.12%) കുതിച്ച് 16,473.80 ലും അവസാനിച്ചു.
വിപണിയില്‍ ഭൂരിപക്ഷം ഓഹരികളും തിരിച്ചു കയറി. ബിഎസ്ഇയില്‍ 3053 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1231 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 2540 എണ്ണം ഉയര്‍ന്നപ്പോള്‍ 663 എണ്ണം ഇടിഞ്ഞു.
വിദേശനിക്ഷേപകര്‍ ഇന്നലെയും വില്‍പന തുടര്‍ന്നു. ക്യാഷ് വിപണിയില്‍ വിദേശ ഫണ്ടുകള്‍ 4672.64 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 6333.26 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി.
സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ 5119-5240 ഡോളര്‍ മേഖലയില്‍ കയറിയിറങ്ങിയ സ്വര്‍ണം ഔണ്‍സിന് 5192.30 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 5222 ഡോളറിലേക്കു കയറി. ഡോളര്‍ ദുര്‍ബലമായതാണു സ്വര്‍ണത്തെ ഉയര്‍ത്തുന്നത്.
വെള്ളി ഇന്നലെ ഔണ്‍സിന് 90.14 ഡോളര്‍ വരെ കയറിയിട്ട് 88.84 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഔണ്‍സിന് 88.70 ഡോളറിലാണ്.
പ്ലാറ്റിനം 2204 ഡോളര്‍, പല്ലാഡിയം 1658 ഡോളര്‍, റോഡിയം 11,200 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ചൊവ്വാഴ്ച 520 രൂപ വര്‍ധിച്ച് പവന് 1,19,080 രൂപയില്‍ എത്തി.
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) ചൊവ്വാഴ്ച 24 കാരറ്റ് സ്വര്‍ണം 10 ഗ്രാം 1,63,201 രൂപയില്‍ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,77,000 രൂപയില്‍ അവസാനിച്ചു.
ചൊവ്വാഴ്ച മിക്കവാറും വ്യാവസായിക ലോഹങ്ങള്‍ നേട്ടത്തിലായി. ചെമ്പ് 1.33 ശതമാനം ഉയര്‍ന്നു ടണ്ണിനു 12,920.15 ഡോളര്‍ ആയി. അലൂമിനിയം 0.05 ശതമാനം താഴ്ന്നു ടണ്ണിന് 3386.98 ഡോളറില്‍ ക്ലോസ് ചെയ്തു. സിങ്കും നിക്കലും ലെഡും ടിന്നും ഉയര്‍ന്നു.
റബര്‍ രാജ്യാന്തര വിപണിയില്‍ തിങ്കളാഴ്ച 0.77 ശതമാനം ഉയര്‍ന്നു കിലോഗ്രാമിന് 197.20 സെന്റില്‍ എത്തി. കൃത്രിമ റബര്‍ വില 7.89 ശതമാനം കുതിച്ചു ടണ്ണിന് 15,275.00 യുവാന്‍ ആയി.
കൊക്കോ വില 4.10 ശതമാനം ഉയര്‍ന്നു ടണ്ണിന് 3423.83 ഡോളറില്‍ എത്തി.
തേയിലവില മാറ്റമില്ലാതെ തുടര്‍ന്നു. കാപ്പി 0.74 ശതമാനം താഴ്ന്നു. പാം ഓയില്‍ വില ഉയര്‍ന്നു ടണ്ണിനു 4568 മലേഷ്യന്‍ റിംഗിറ്റില്‍ എത്തി.
പോളി എഥിലിന്‍, പോളിപ്രൊപ്പിലിന്‍, പിവിസി വിലകള്‍ 4.75 ശതമാനം വരെ താഴ്ന്നു. യൂറിയയും ഡെ അമോണിയം ഫോസ്ഫേറ്റും നാമമാത്രമായി കുറഞ്ഞു.
ഡോളര്‍ സൂചിക ചൊവ്വാഴ്ച താഴ്ന്നു 98.83 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അല്‍പം കയറി 98.97 ല്‍ എത്തിയിട്ടു താഴ്ന്നു.
യൂറോ 1.1619 ഡോളറിലേക്കും പൗണ്ട് 1.3431 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 157.99 യെന്‍ എന്ന നിലയിലേക്ക് താണു. ചൈനീസ് യുവാന്‍ ഡോളറിന് 6.88 യുവാന്‍ എന്ന നിരക്കിലേക്കു കയറി.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.146 ശതമാനമായി ഉയര്‍ന്നു. പലിശ കൂടും എന്ന നിഗമനത്തിലാണിത്.
ചൊവ്വാഴ്ച രൂപ മികച്ച തിരിച്ചു കയറ്റം നടത്തി. ക്രൂഡ് ഓയില്‍ വില താഴ്ന്നതും റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടലുമാണു സഹായിച്ചത്. ഇന്നലെ ഡോളര്‍ 53 പൈസ ഇടിഞ്ഞ് 91.80 രൂപയില്‍ ക്ലോസ് ചെയ്തു.
വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോറെക്‌സ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നലെ രാത്രി 92.35 രൂപ വരെ കയറിയിട്ട് ഇന്നു രാവിലെ 91.88 രൂപയിലായി. ചൈനീസ് യുവാന്‍ 13.36 രൂപയിലേക്കു കയറി. യൂറോ 106.78 രൂപയായി. ഇന്ന് ഇന്ത്യയിലെ കറന്‍സി വ്യാപാരത്തില്‍ ഇവയുടെ സ്വാധീനം പ്രകടമാകും.
ക്രൂഡ് ഓയില്‍ വിലയിടിവ് തുടര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 87.80 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്ന് 87.53 ഡോളറില്‍ എത്തിയിട്ട് 88.33 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ ഇനം ക്രൂഡ് രാവിലെ 84 .07 ഡോളറിലേക്കും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 99.57 ഡോളറിലേക്കും എത്തി.
ക്രിപ്‌റ്റോ കറന്‍സികള്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ 71,777 ഡോളര്‍ വരെ കയറിയ ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 69,950 ഡോളറിനു താഴെയാണ്. ഈഥര്‍ 2050 ഡോളറിനും സൊലാന 86 ഡോളറിനും താഴെ നില്‍ക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine