image credit : canva 
Markets

യുദ്ധം തുടരുന്നു, ക്രൂഡ് ഓയില്‍ വീണ്ടും കുതിച്ചു, യുഎസ്, ഏഷ്യന്‍ വിപണികളില്‍ തകര്‍ച്ച; സമാധാനത്തിന് മൂന്ന് ഉപാധികളുമായി ഇറാന്‍

അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐഇഎ) കരുതല്‍ ശേഖരത്തില്‍ നിന്നു 40 കോടി വീപ്പ എണ്ണ വില്‍ക്കും എന്നറിയിച്ചിട്ടും ക്രൂഡ് വില 100 ഡോളറിനു സമീപത്തേക്കു നീങ്ങുകയാണ്

T C Mathew

ഇറാന്‍ യുദ്ധം തുടരുകയും ഹോര്‍മുസ് കപ്പല്‍ച്ചാല്‍ അടഞ്ഞു കിടക്കുകയും ചെയ്യുന്നു. ഇറാഖി എണ്ണയുമായി പോയ കപ്പലുകളെ ഇന്നും ഇറാന്‍ ആക്രമിച്ചു. ഇതിനിടെ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. എങ്കിലും വിപണികള്‍ ആശങ്കയിലാണ്. യുഎസ് ഫ്യൂച്ചേഴ്സ് ഒരു ശതമാനത്തോളം താഴ്ന്നാണു നീങ്ങുന്നത്. ഏഷ്യന്‍ വിപണികള്‍ രാവിലെ ഇടിഞ്ഞു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,900.00 ല്‍ എത്തി. ഇന്നു രാവിലെ 23,780 വരെ ഇടിഞ്ഞു. നിഫ്റ്റി ഗണ്യമായ താഴ്ചയോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്

സമാധാനത്തിന് ഇറാന്റെ മൂന്നു വ്യവസ്ഥകള്‍

ഇറാഖി എണ്ണയുമായി നീങ്ങിയ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് ഇറാന്റെ ആക്രമണത്തില്‍ തീപിടിച്ചു. ഇത് എണ്ണവിപണിയെ കൂടുതല്‍ പരിഭ്രാന്തമാക്കി. ഇറാഖി തുറമുഖമായ അല്‍ഫോയുടെ അടുത്താണ് ആക്രമണം. സൗദിയിലും മറ്റും ഇന്നും മിസൈല്‍ ആക്രമണം നടന്നു. ഇറാനില്‍ സഖ്യസേനയും ആക്രമിച്ചു.

അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ മൂന്ന് ഉപാധികള്‍ വച്ചു. ഇത് രഹസ്യ നയതന്ത്ര നീക്കങ്ങളെപ്പറ്റി പ്രതീക്ഷ ജനിപ്പിച്ചു. ഇറാന്റെ അവകാശങ്ങള്‍ അംഗീകരിക്കുക, യുദ്ധനഷ്ടങ്ങള്‍ പരിഹരിക്കുക, ഭാവിയില്‍ ആക്രമിക്കില്ലെന്ന ഉറപ്പു നല്‍കുക എന്നിവയാണ് ആവശ്യങ്ങള്‍. റഷ്യയും പാക്കിസ്ഥാനും നയതന്ത്ര നീക്കങ്ങളില്‍ ഇടപെട്ടിട്ടുണ്ടെന്ന് പെസെഷ്‌കിയാന്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

അമേരിക്ക അടക്കം 32 രാജ്യങ്ങള്‍ ഉള്ള അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐഇഎ) കരുതല്‍ ശേഖരത്തില്‍ നിന്നു 40 കോടി വീപ്പ എണ്ണ വില്‍ക്കും എന്നറിയിച്ചിട്ടും ക്രൂഡ് വില 100 ഡോളറിനു സമീപത്തേക്കു നീങ്ങുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മറ്റു രാജ്യങ്ങളുടെ കപ്പലുകളെ ആക്രമിച്ചതും ഏതാനും മൈനുകള്‍ വിതറിയതും ആശങ്ക കൂട്ടി.

തിരിച്ചടിക്കും, തുറക്കും എന്നൊക്കെ ട്രംപ് പറയുന്നതുകൊണ്ടു തല്‍ക്കാലം കാര്യമില്ലെന്ന നിഗമനത്തിലാണു വിപണി. ഒരു ദിവസം 10.26 കോടി ടണ്‍ വീപ്പ എണ്ണയാണ് ആഗോള ഉപയോഗം. ഐഇഎയിലെ മൊത്തം കരുതല്‍ ശേഖരം 120 കോടി വീപ്പ മാത്രമാണ്. ഉല്‍പാദനവും ചരക്കുനീക്കവും തടസപ്പെട്ട സാഹചര്യത്തില്‍ ഈ കരുതല്‍ ശേഖരം കാര്യമായ പ്രയോജനം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍.

ഇന്ത്യ അടക്കം വിവിധ രാജ്യങ്ങള്‍ക്കെതിരേ അമേരിക്ക 301 -ാം വകുപ്പുപ്രകാരം അന്വേഷണം പ്രഖ്യാപിച്ചതും വിപണിയെ അസ്വസ്ഥമാക്കും. ഈ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്താനുള്ള നടപടിയുടെ ഭാഗമാണിത്. യുഎസ് വാണിജ്യ പ്രതിനിധിയുടെ ഓഫീസാണ് ഇതു പ്രഖ്യാപിച്ചതും അന്വേഷണം നടത്തി നടപടി ശിപാര്‍ശ ചെയ്യുന്നതും. ചൈന, യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍, മെക്‌സിക്കോ, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, മലേഷ്യ, തായ്ലന്‍ഡ്, ബംഗ്ലാദേശ്, ഇന്തോനീഷ്യ, സിംഗപ്പുര്‍, കംബോഡിയ, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളും അന്വേഷണത്തില്‍ വരുന്നു.

യുഎസ് വിപണി താഴ്ന്നു

യുഎസ് വിപണികള്‍ ബുധനാഴ്ച തുടക്കത്തില്‍ ഉയര്‍ന്നു നിന്നിട്ടു കുത്തനേ താഴോട്ടു പോയി. യുദ്ധം അവസാനിക്കാനോ ക്രൂഡ് ഓയില്‍ വില താഴാനോ വഴി തെളിയാത്തതാണു കാരണം.

ഡൗ ജോണ്‍സ് 289.24 പോയിന്റ് (0.61%) താഴ്ന്ന് 47,417.27ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 5.68 പോയിന്റ് (0.08%) കുറഞ്ഞ് 6775.80ല്‍ അവസാനിച്ചു. നാസ്ഡാക് 19.03 പോയിന്റ് (0.08%) കൂടി 22,716.14ല്‍ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് ഇടിഞ്ഞു. ഡൗ ജോണ്‍സ് 469 പോയിന്റും (0.99%) എസ്ആന്‍ഡ്പി 60 പോയിന്റും (0.89%) നാസ്ഡാക് 234 പോയിന്റും (0.92%) നഷ്ടത്തില്‍ നീങ്ങുന്നു.

യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച ഗണ്യമായ നഷ്ടത്തില്‍ അവസാനിച്ചു.

ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്. ജപ്പാനിലെ നിക്കൈ രാവിലെ 1.6 ശതമാനവും ഓസ്‌ട്രേലിയന്‍ സൂചിക 1.4 ശതമാനവും താഴ്ന്നു. ദക്ഷിണ കൊറിയയിലെ കോസ്പി 0.75 ശതമാനം താണു. ഹോങ് കോങ്, ചൈനീസ് വിപണികളും നഷ്ടത്തില്‍ വ്യാപാരം തുടങ്ങി.

ഇന്ത്യന്‍ വിപണി 10 മാസത്തെ താഴ്ചയില്‍

യുദ്ധം അവസാനിക്കും എന്ന പ്രതീക്ഷ കുറഞ്ഞു, ക്രൂഡ് ഓയില്‍ വില ഉയരുന്നു, രാജ്യത്തു പാചകവാതകവും പ്രകൃതിവാതകവും നിയന്ത്രണത്തിലായി, ഹോട്ടലുകളും നിരവധി വ്യവസായങ്ങളും അടയും എന്നു വന്നു, കയറ്റുമതിയും ഇറക്കുമതിയും ബുദ്ധിമുട്ടായി. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണി ഇന്നലെ 10 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു വീണു.

ജനുവരിയിലെ ഉയര്‍ന്ന നിലയില്‍ നിന്നു 10.8 ശതമാനം താണ സെന്‍സെക്‌സ് തിരുത്തല്‍ മേഖലയില്‍ ആയി. ഉച്ചനിലയില്‍ നിന്ന് 9.5 ശതമാനം ഇടിഞ്ഞു നില്‍ക്കുന്ന നിഫ്റ്റി തിരുത്തലിന്റെ വക്കിലാണ്. യുദ്ധഗതിയിലോ ക്രൂഡ് ഓയില്‍ വിലയിലോ എന്തെങ്കിലും അനുകൂല ചലനം ഉണ്ടായാലേ തിരച്ചുകയറാന്‍ പറ്റൂ എന്ന നിലയിലാണു വിപണി.

ഫാര്‍മയും ഹെല്‍ത്ത് കെയറും ഓയില്‍-ഗ്യാസും മാത്രമാണ് ഇന്നലെ നഷ്ടത്തില്‍ ആകാത്ത മേഖലകള്‍. വാഹന, ബാങ്കിംഗ്, ധനകാര്യ കമ്പനികളാണു വലായ ഇടിവിലായത്.

സെന്‍സെക്സ് 1342.27 പോയിന്റ് (1.72%) ഇടിഞ്ഞ് 76,863.71ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 394.75 പോയിന്റ് (1.63%) താഴ്ന്ന് 23,866.85ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1215.08 പോയിന്റ് (2.13%) നഷ്ടത്തോടെ 55,735.75ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 716.55 പോയിന്റ് (1.25%) താഴ്ന്ന് 56,461.10ലും സ്‌മോള്‍ ക്യാപ് 100 സൂചിക 58.95 പോയിന്റ് (0.36%) കുറഞ്ഞ് 16,414.85ലും അവസാനിച്ചു.

വിപണിയില്‍ ഭൂരിപക്ഷം ഓഹരികളും ഇടിഞ്ഞു. ബിഎസ്ഇയില്‍ 1850 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2423 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1237 എണ്ണം ഉയര്‍ന്നപ്പോള്‍ 1863 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകര്‍ ബുധനാഴ്ചയും വില്‍പന തുടര്‍ന്നു. ക്യാഷ് വിപണിയില്‍ വിദേശ ഫണ്ടുകള്‍ 6267.31 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4965.53 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി.

സ്വര്‍ണം ഇടിവില്‍

സ്വര്‍ണ വില താഴോട്ടു നീങ്ങുകയാണ്. ഇന്നലെ 5124-5224 ഡോളര്‍ മേഖലയില്‍ കയറിയിറങ്ങിയ സ്വര്‍ണം ഔണ്‍സിന് 5177.20 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 5144 ഡോളറിലേക്കു താഴ്ന്നിട്ട് 5158 ലേക്ക് ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില ഉയരുകയും യുദ്ധം നീളുകയും ചെയ്യുന്നത് പലിശ കൂട്ടാന്‍ കാരണമാകും എന്ന ആശങ്കയിലാണു സ്വര്‍ണം ഇടിയുന്നത്.

വെള്ളി ഇന്നലെ ഔണ്‍സിന് 89.54 ഡോളര്‍ വരെ കയറിയിട്ട് 85.87 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഔണ്‍സിന് 85.68 ഡോളറിലാണ്. പ്ലാറ്റിനം 2166 ഡോളര്‍, പല്ലാഡിയം 1627 ഡോളര്‍, റോഡിയം 11,000 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ബുധനാഴ്ച 240 രൂപ വര്‍ധിച്ച് പവന് 1,19,320 രൂപയില്‍ എത്തി.

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) ബുധനാഴ്ച 24 കാരറ്റ് സ്വര്‍ണം 10 ഗ്രാം 1,61,967 രൂപയില്‍ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,69,211രൂപയില്‍ അവസാനിച്ചു.

റബര്‍ കയറി

റബര്‍ രാജ്യാന്തര വിപണിയില്‍ ബുധനാഴ്ച 1.01 ശതമാനം ഉയര്‍ന്നു കിലോഗ്രാമിന് 199.20 സെന്റില്‍ എത്തി. കൃത്രിമ റബര്‍ വില 0.22 ശതമാനം താഴ്ന്ന ടണ്ണിന് 15,241.67 യുവാന്‍ ആയി. കൊക്കോ വില ടണ്ണിന് 3429.21 ഡോളറില്‍ എത്തി.

തേയിലവില മാറ്റമില്ലാതെ തുടര്‍ന്നു. കാപ്പി 3.18 ശതമാനം താഴ്ന്നു. പാം ഓയില്‍ വില ടണ്ണിനു 4408 മലേഷ്യന്‍ റിംഗിറ്റിലേക്കു താണു. പോളി എഥിലിന്‍, പോളിപ്രൊപ്പിലിന്‍, പിവിസി വിലകള്‍ 5.7 ശതമാനം വരെ ഉയര്‍ന്നു. യൂറിയയും ഡെ അമോണിയം ഫോസ്ഫേറ്റും നാമമാത്രമായി കയറിയിറങ്ങി.

ഡോളര്‍ സൂചിക കുതിച്ചു

ക്രൂഡ് ഓയില്‍ വില വീണ്ടും കയറ്റത്തിലായതു ഡോളറിനെ ബലപ്പെടുത്തി. ഡോളര്‍ സൂചിക ബുധനാഴ്ച ഉയര്‍ന്നു 99.23ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 99.52 ല്‍ എത്തി.

യൂറോ 1.1548 ഡോളറിലേക്കും പൗണ്ട് 1.3391 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 159.03 യെന്‍ എന്ന നിലയിലേക്ക് ഇടിഞ്ഞു. ചൈനീസ് യുവാന്‍ ഡോളറിന് 6.87 യുവാന്‍ എന്ന നിരക്കിലേക്കു കയറി.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.23 ശതമാനമായി ഉയര്‍ന്നു. വിലക്കയറ്റം കൂടുന്നതോടെ പലിശ വര്‍ധിക്കും എന്ന നിഗമനത്തിലാണിത്.

രൂപ വീണ്ടും താഴോട്ട്

ബുധനാഴ്ച രൂപ കൂടുതല്‍ നഷ്ടത്തിലായി. ഡോളര്‍ 24 പൈസ ഉയര്‍ന്നു 92.04 രൂപയില്‍ ക്ലോസ് ചെയ്തു. രൂപ വീണ്ടും താഴുന്ന സൂചനയാണുള്ളത്. വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോറെക്‌സ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നലെ രാത്രി 92.20 രൂപ വരെ കയറി. ഇന്നു രാവിലെ 92.24 രൂപയിലായി. ചൈനീസ് യുവാന്‍ 13.44 രൂപയിലേക്കു കയറി. യൂറോ 106.50 രൂപയായി. ഇന്ന് ഇന്ത്യയിലെ കറന്‍സി വ്യാപാരത്തില്‍ ഇവയുടെ സ്വാധീനം പ്രകടമാകും.

ക്രൂഡ് ഓയില്‍ വീണ്ടും 100 ഡോളറിലേക്ക്

ക്രൂഡ് ഓയില്‍ വില തിരിച്ചു കയറുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ അഞ്ചു ശതമാനം ഉയര്‍ന്ന് 91.98 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഴു ശതമാനം കുതിച്ച് 98.74 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം ക്രൂഡ് രാവിലെ 93.15 ഡോളറിലേക്കും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 100.7 ഡോളറിലേക്കും കയറി.

ക്രിപ്‌റ്റോകള്‍ ഉയര്‍ന്നു

ക്രിപ്‌റ്റോ കറന്‍സികള്‍ ചാഞ്ചാട്ടം തുടരുകയാണ്. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 70,200 ഡോളറിനു മുകളിലാണ്. ഈഥര്‍ 2050 ഡോളറിനും സൊലാന 86 ഡോളറിനും മുകളില്‍ നില്‍ക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT