യുദ്ധം നീളുകയും ഹോര്‍മുസിലൂടെ ക്രൂഡ് ഓയില്‍ നീക്കം മുടങ്ങിക്കിടക്കുകയും ചെയ്യുന്നു. വിപണികള്‍ ഇടിയുന്നു. ഇന്നലെ യുഎസ് വിപണി വലിയ നഷ്ടത്തിലായി. ഇന്ന് ഏഷ്യന്‍ വിപണികളും താഴ്ന്നു. ഇന്ത്യന്‍ വിപണിയും നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണു സൂചന.
ക്രൂഡ് ഓയില്‍ വിലക്കയറ്റവും പാചകവാതക, പ്രകൃതിവാതക ദൗര്‍ലഭ്യവും സമ്പദ്ഘടനയെ ആശങ്കയിലാക്കുന്നു. ഇന്ധനപ്രതിസന്ധിക്കു വേഗം പരിഹാരം ഉണ്ടാകുകയില്ല എന്നു ദിവസേന വ്യക്തമായി വരികയാണ്.
യുദ്ധം തുടങ്ങും മുന്‍പുള്ള ഫെബ്രുവരിയിലെ ചില്ലറ വിലക്കയറ്റം 11 മാസത്തെ ഉയര്‍ന്ന നിരക്കായ 3.21 ശതമാനത്തിലേക്കു കയറി. മാര്‍ച്ചിലെ മുതല്‍ വിലക്കയറ്റം റിസര്‍വ് ബാങ്കിന്റെ മധ്യനിലയായ നാലു ശതമാനം കടന്നെന്നു വരാം. അതു പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. യുദ്ധം നീണ്ടാല്‍ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും വളരെ കുറവാകും. അതു ബജറ്റ് കണക്കുകളെ ബാധിക്കും.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ് രാത്രി 23,494.50ല്‍ എത്തി. ഇന്നു രാവിലെ 23,587 വരെ കയറി. നിഫ്റ്റി ഗണ്യമായ താഴ്ചയോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്
യുഎസ് വിപണികള്‍ വ്യാഴാഴ്ചയും കുത്തനേ ഇടിഞ്ഞു. യുദ്ധം അവസാനിക്കാനോ ക്രൂഡ് ഓയില്‍ വില താഴാനോ വഴി തെളിയാത്തതാണു കാരണം. മൂന്നു സൂചികകളും 2026 ലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി.
ഡൗ ജോണ്‍സ് 739.42 പോയിന്റ് (1.56%) ഇടിഞ്ഞ് 46,677.85ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 103.18 പോയിന്റ് (1.52%) താഴ്ന്ന് 6672.62ല്‍ അവസാനിച്ചു. നാസ്ഡാക് 404.16 പോയിന്റ് (1.78%) നഷ്ടത്തോടെ 22,311.98ല്‍ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് ഉയര്‍ന്നു. ഡൗ ജോണ്‍സ് 228 പോയിന്റും (0.49%) എസ്ആന്‍ഡ്പി 28 പോയിന്റും (0.42%) നാസ്ഡാക് 85 പോയിന്റും (0.35%) ഉയര്‍ന്നു നീങ്ങുന്നു.
യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ചയും ഗണ്യമായ നഷ്ടത്തില്‍ അവസാനിച്ചു.
ഏഷ്യന്‍ വിപണികള്‍ ഇന്നും താഴ്ചയിലാണ്. ജപ്പാനിലെ നിക്കൈ രാവിലെ 1.5 ഉം ദക്ഷിണ കൊറിയയിലെ കോസ്പി മൂന്നും ശതമാനം താണു. ഓസ്‌ട്രേലിയന്‍ സൂചിക 0.5 ശതമാനം താഴ്ന്നിട്ടു നേട്ടത്തിലേക്കു മാറി. ഹോങ് കോകോങ്, ചൈനീസ് വിപണികളും നഷ്ടത്തില്‍ വ്യാപാരം തുടങ്ങി.
സെന്‍സെക്‌സും നിഫ്റ്റിയും ജനുവരിയിലെ ഉയര്‍ന്ന നിലയില്‍ നിന്നു 10 ശതമാനത്തിലധികം ഇടിഞ്ഞ് തിരുത്തല്‍ മേഖലയിലായി. യുദ്ധം തുടങ്ങിയ ശേഷം സൂചികകള്‍ ആറര ശതമാനം നഷ്ടം വരുത്തി.
സെന്‍സെക്സ് വ്യാഴാഴ്ച 829.29 പോയിന്റ് (1.08%) ഇടിഞ്ഞ് 76,034.42ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 227.70 പോയിന്റ് (0.95%) താഴ്ന്ന് 23,639.15ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 634.80 പോയിന്റ് (1.14%) നഷ്ടത്തോടെ 55,100.95ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 207.35 പോയിന്റ് (0.37%) താഴ്ന്ന് 56,253.75ലും സ്‌മോള്‍ ക്യാപ് 100 സൂചിക 109.60 പോയിന്റ് (0.67%) കുറഞ്ഞ് 16,305.25ലും അവസാനിച്ചു.
വിപണിയില്‍ ഭൂരിപക്ഷം ഓഹരികളും ഇടിഞ്ഞു. ബിഎസ്ഇയില്‍ 1598 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2645 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1234 എണ്ണം ഉയര്‍ന്നപ്പോള്‍ 1955 എണ്ണം ഇടിഞ്ഞു.
വിദേശനിക്ഷേപകര്‍ വ്യാഴാഴ്ചയും വില്‍പന തുടര്‍ന്നു. ക്യാഷ് വിപണിയില്‍ വിദേശ ഫണ്ടുകള്‍ 7049.87 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 7449.77 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി.
സ്വര്‍ണ വില വീണ്ടും താഴ്ന്നു. ഇന്നലെ 5054-5193 ഡോളര്‍ മേഖലയില്‍ കയറിയിറങ്ങിയ സ്വര്‍ണം ഔണ്‍സിന് 5080.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 5118 ഡോളറിലേക്ക് ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില ഉയരുകയും യുദ്ധം നീളുകയും ചെയ്യുന്നത് പലിശ കൂട്ടാന്‍ കാരണമാകും എന്ന ആശങ്കയിലാണു സ്വര്‍ണം ഇടിയുന്നത്.
വെള്ളി ഇന്നലെ ഔണ്‍സിന് 87.56 ഡോളര്‍ വരെ കയറിയിട്ട് 84.01 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഔണ്‍സിന് 85.20 ഡോളറിലാണ്.
പ്ലാറ്റിനം 2150 ഡോളര്‍, പല്ലാഡിയം 1617 ഡോളര്‍, റോഡിയം 11,000 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം വ്യാഴാഴ്ച 360 രൂപ കുറഞ്ഞ് പവന് 1,18,960 രൂപയില്‍ എത്തി.
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) വ്യാഴാഴ്ച 24 കാരറ്റ് സ്വര്‍ണം 10 ഗ്രാം 1,60,185 രൂപയില്‍ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,68,156 രൂപയില്‍ അവസാനിച്ചു.
വ്യാവസായിക ലോഹങ്ങള്‍ ഇന്നലെ ഭിന്നദിശകളിലായി. ചെമ്പ് 0.36 ശതമാനം കയറി ടണ്ണിന് 12,896.40 ഡോളറില്‍ എത്തി. അലൂമിനിയം 2.13 ശതമാനം കുതിച്ച് 3514.31 ഡോളര്‍ ആയി. പശ്ചിമേഷ്യയില്‍ നിന്നുള്ള അലൂമിനിയം വിപണിയില്‍ എത്താതിരിക്കുന്നതാണു വില കുതിക്കാന്‍ കാരണം. ആഗോള ഉല്‍പാദനത്തിന്റെ പത്തു ശതമാനത്തിലധികം പശ്ചിമേഷ്യയിലാണ്. നിക്കലും ലെഡും ഉയര്‍ന്നു. സിങ്കും ടിന്നും താഴ്ന്നു.
റബര്‍ രാജ്യാന്തര വിപണിയില്‍ വ്യാഴാഴ്ച 0.20 ശതമാനം താഴ്ന്നു കിലോഗ്രാമിന് 198.80 സെന്റില്‍ എത്തി. കൃത്രിമ റബര്‍ വില 2.13 ശതമാനം ഉയര്‍ന്ന് ടണ്ണിന് 15,566.67 യുവാന്‍ ആയി.
കൊക്കോ വില 2.71 ശതമാനം താഴ്ന്നു ടണ്ണിന് 3336.00 ഡോളറില്‍ എത്തി.
തേയിലവില മാറ്റമില്ലാതെ തുടര്‍ന്നു. കാപ്പി 1.34 ശതമാനം ഉയര്‍ന്നു. പാം ഓയില്‍ വില ടണ്ണിനു 4522 മലേഷ്യന്‍ റിംഗിറ്റിലേക്കു കയറി.
പോളി എഥിലിന്‍, പോളിപ്രൊപ്പിലിന്‍, പിവിസി വിലകള്‍ ഒരു ശതമാനം വരെ ഉയര്‍ന്നു. യൂറിയയും ഡെ അമോണിയം ഫോസ്ഫേറ്റും നാമമാത്രമായി കയറി.
ഡോളര്‍ സൂചിക നേട്ടത്തില്‍
ഡോളര്‍ സൂചിക വ്യാഴാഴ്ച ഉയര്‍ന്നു 99.74 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.61 ലേക്കു താഴ്ന്നു.
യൂറോ 1.1519 ഡോളറിലേക്കും പൗണ്ട് 1.3356 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 159.17 യെന്‍ എന്ന നിലയിലേക്ക് ഇടിഞ്ഞു. ചൈനീസ് യുവാന്‍ ഡോളറിന് 6.87 യുവാന്‍ എന്ന നിരക്കില്‍ തുടരുന്നു.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.261 ശതമാനമായി ഉയര്‍ന്നു. വിലക്കയറ്റം കൂടുന്നതോടെ പലിശ വര്‍ധിക്കും എന്ന നിഗമനത്തിലാണിത്.
വ്യാഴാഴ്ച രൂപ കൂടുതല്‍ നഷ്ടത്തിലായി. ഡോളര്‍ 15 പൈസ ഉയര്‍ന്നു 92.19 രൂപയില്‍ ക്ലോസ് ചെയ്തു. രൂപ ഇന്നു വീണ്ടും താഴുന്ന സൂചനയാണുള്ളത്. വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോറെക്‌സ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നലെ രാത്രി 92.39 രൂപ വരെ കയറി. ചൈനീസ് യുവാന്‍ 13.45 രൂപയിലേക്കു കയറി. യൂറോ 106.46 രൂപയിലാണ്. ഇന്ന് ഇന്ത്യയിലെ കറന്‍സി വ്യാപാരത്തില്‍ ഇവയുടെ സ്വാധീനം പ്രകടമാകും.
റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള വിലക്ക് അമേരിക്ക നീക്കി. നിലവില്‍ കപ്പലുകളില്‍ ഉള്ള എണ്ണ ഏപ്രില്‍ 11 വരെ വാങ്ങാനാണ് അനുമതി. 12.4 കോടി വീപ്പ എണ്ണ ഇങ്ങനെ ഉണ്ട് എന്നാണു നിഗമനം. ദിവസം 10.4 കോടി വീപ്പ ആയിരുന്നു 2024 ലെ ആഗോള ഉപയോഗം. 32 രാജ്യങ്ങള്‍ ചേര്‍ന്ന് 40 കോടി വീപ്പ ക്രൂഡ് ഓയില്‍ കരുതല്‍ ശേഖരത്തില്‍ നിന്നു വിപണിയില്‍ ഇറക്കും.
യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 120 ഉം ബ്രെന്റ് ഇനം 101 ഉം ഡോളറിലേക്കു വീണ്ടും കയറിയതിനെ തുടര്‍ന്നാണ് യുഎസ് നടപടി. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ്, ഹോര്‍മുസിലൂടെ ഗതാഗതം അനുവദിക്കില്ല എന്നു പറഞ്ഞ ശേഷമായിരുന്നു വിലക്കയറ്റം. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പുതിയ ഇളവ് പ്രഖ്യാപിച്ച ശേഷം വിലയില്‍ മാറ്റമൊന്നും ഉണ്ടായില്ല. പ്രതിദിന ലഭ്യതയില്‍ രണ്ടു കോടി ഡോളര്‍ കുറവുണ്ട്. ആ തടസം എന്നു മാറും എന്നറിയില്ല. ഇതുവരെ ഉണ്ടായ കുറവ് തീര്‍ക്കാന്‍ മാത്രമേ ഈ ആനുകൂല്യങ്ങള്‍ മതിയാകൂ. അതുകൊണ്ടാണു വില കുറയാത്തത്.
ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 10 ശതമാനം ഉയര്‍ന്ന് 100.50 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.90 ലാണ്. ഡബ്‌ള്യുടിഐ ഇനം ക്രൂഡ് രാവിലെ 95.08 ഡോളറി ഴീ യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 117.7 ഡോളറിലും നിന്നു.
ക്രിപ്‌റ്റോ കറന്‍സികള്‍ കയറുകയാണ്. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 71,700 ഡോളറിനു തൊട്ടടുത്ത് എത്തി. ഈഥര്‍ 2125 ഡോളറിനും സൊലാന 90 ഡോളറിനും മുകളില്‍ നില്‍ക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine