ഇറാന്‍ യുദ്ധം തുടരുകയാണെങ്കിലും രൂക്ഷത കുറഞ്ഞു. ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങള്‍ ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് ഇസ്രയേലില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. ഇതിനിടെ ഇസ്രയേലിന്റെ ഡിമോണ ആണവ നിലയം തകര്‍ക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തി.
ഇറാഖിലെ കുര്‍ദ് ന്യൂനപക്ഷത്തിന്റെ സേനാവിഭാഗം ഇറാനിലേക്കു കടന്ന് ആക്രമണം തുടങ്ങി. അവരെ യുദ്ധത്തില്‍ പങ്കാളിയാക്കാന്‍ അമേരിക്ക ശ്രമിച്ചു വരികയായിരുന്നു. ഇറാന്റെ വ്യോമാക്രമണങ്ങള്‍ കുറയുന്ന സാഹചര്യത്തിലാണ് കുര്‍ദ് സേന അങ്ങോട്ടു കയറുന്നത്.
അമേരിക്ക തീരുവനിരക്ക് ഈയാഴ്ച തന്നെ 15 ശതമാനമാക്കും എന്നു ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,705.50ല്‍ എത്തി. ഇന്നു രാവിലെ 24,785 വരെ കയറി. പിന്നെ താഴ്ന്നു. ഇന്നു രാവിലെ ഗണ്യമായ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ഇന്‍ഫോസിസ് ബുധനാഴ്ച 0.77 ശതമാനം ഉയര്‍ന്നു. തുടര്‍ വ്യാപാരത്തില്‍ 0.63 ശതമാനം കയറി. വിപ്രോ മാറ്റമില്ലാതെ നിന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.45 ശതമാനം ഉയര്‍ന്നു.
യുഎസ് വിപണികള്‍ ബുധനാഴ്ച തുടക്കത്തില്‍ താഴ്ന്ന ശേഷം ഗണ്യമായി ഉയര്‍ന്നു നേട്ടത്തോടെ അവസാനിച്ചു. യുദ്ധം അധികം നീളുകയില്ലെന്നും എണ്ണവിപണി പ്രതിസന്ധിയില്‍ ആവുകയില്ലെന്നും ഉള്ള വിശ്വാസത്തിലാണു കയറ്റം ഇറാനില്‍ ബദല്‍ ഭരണകൂടത്തിനു സാധ്യത തെളിയുന്നതായ റിപ്പോര്‍ട്ടുകള്‍ വിപണിക്ക് ആശ്വാസമായി.
ഡൗ ജോണ്‍സ് 238.14 പോയിന്റ് (0.49%) ഉയര്‍ന്ന് 48,739.41ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 52.87 പോയിന്റ് (0.78%) കയറി 6869.50 ലും നാസ്ഡാക് 290.79 പോയിന്റ് (1.29%) കുതിച്ച് 22,807.48 ലും ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് താഴ്ന്നു. ഡൗ ജോണ്‍സ് 0.19 ഉം എസ് ആന്‍ഡ് പി 0.07 ഉം നാസ്ഡാക് 0.08 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച വലിയ നേട്ടത്തിലായി. തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്ത സ്‌പെയിനുമായുള്ള വ്യാപാരം വിലക്കും എന്നു പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തിയെങ്കിലും സ്പാനിഷ് സൂചിക രണ്ടര ശതമാനം ഉയര്‍ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു കുതിച്ചു കയറുകയാണ്. ഇന്നലെ മൂന്നു ശതമാനം താഴ്ന്ന ജപ്പാനിലെ നിക്കൈ ഇന്നു രാവിലെ 4.5 ശതമാനം കയറി. ഇന്നലെ 13 ശതമാനം ഇടിഞ്ഞ ദക്ഷിണ കൊറിയയിലെ കോസ്പി ഇന്ന് 12 ശതമാനം കുതിപ്പോടെ വ്യാപാരം തുടങ്ങി. ഹോങ് കോങ് സൂചിക 1.3 ശതമാനം കയറി. ചൈനീസ് വിപണി 0.5 ശതമാനം നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ചൈന അടുത്ത ധനകാര്യ വര്‍ഷത്തേക്ക് 4.5-5.0 ശതമാനം വളര്‍ച്ച മാത്രം ലക്ഷുമായി പ്രഖ്യാപിച്ചു. 1991 നു ശേഷമുള്ള ഏറ്റവും താഴ്ന്ന ലക്ഷ്യമാണിത്. പ്രതിരോധച്ചെലവ് ഏഴു ശതമാനം വര്‍ധിപ്പിച്ചു.
ഒരു ദിവസത്തെ അവധിക്കു ശേഷം വ്യാപാരം നടത്തിയ ഇന്നലെ ഇന്ത്യന്‍ വിപണി വലിയ നഷ്ടത്തിലായി. യുദ്ധം നീണ്ടു നിന്നാല്‍ ഇന്ത്യയുടെ സമ്പദ്ഘടന വല്ലാതെ ഉലയും എന്ന ഭീതിയിലായിരുന്നു വിപണി. സെന്‍സെക്‌സ് 78,443 ഉം നിഫ്റ്റി 24,305 ഉം വരെ ഇടിഞ്ഞ ശേഷം ഗണ്യമായി തിരിച്ചു കയറി.
സെന്‍സെക്സ് 1122.66 പോയിന്റ് (1.40%) താഴ്ന്ന് 79,116.19 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 385.20 പോയിന്റ് (1.55%) ഇടിഞ്ഞ് 24,480.50 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1084.40 പോയിന്റ് (1.81%) നഷ്ടത്തോടെ 58755.25 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1255.35 പോയിന്റ് (2.16%) ഇടിഞ്ഞ് 56,925.15 ലും സ്‌മോള്‍ ക്യാപ് 100 സൂചിക 350.90 പോയിന്റ് (2.11%) താഴ്ന്ന് 16,281.50 ലും അവസാനിച്ചു.
വിപണിയില്‍ മഹാഭൂരിപക്ഷം ഓഹരികളും താഴ്ന്നു. ബിഎസ്ഇയില്‍ 1025 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 3295 എണ്ണം താഴ്ചയിലായി. എന്‍എസ്ഇയില്‍ 663 എണ്ണം ഉയര്‍ന്നപ്പോള്‍ 2561 എണ്ണം താഴ്ന്നു.
വിദേശനിക്ഷേപകര്‍ വലിയ അളവില്‍ വിറ്റൊഴിഞ്ഞു. ക്യാഷ് വിപണിയില്‍ വിദേശ ഫണ്ടുകള്‍ 8752.65 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 12,068.17 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി.
യുദ്ധത്തിനിടയില്‍ അപ്രതീക്ഷിതമായി താഴ്ന്ന സ്വര്‍ണവില വീണ്ടും കയറ്റത്തിലേക്കു മാറി. ബുധനാഴ്ച സ്വര്‍ണം ഔണ്‍സിന് 5207 ഡോളര്‍ വരെ ഉയര്‍ന്നെങ്കിലും ഒടുവില്‍ ഒരു ശതമാനം നേട്ടത്തോടെ 5142.20 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വര്‍ണം 0.75 ശതമാനം കയറി 5180 ഡോളറില്‍ എത്തി.
വെള്ളി 86.92 ഡോളര്‍ വരെ കയറിയിട്ട് 1.84 ശതമാനം നേട്ടവുമായി ഔണ്‍സിന് 83.68 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ 84.80 ഡോളറിലേക്കു കുതിച്ചു.
പ്ലാറ്റിനം 2195 ഡോളര്‍, പല്ലാഡിയം 1667 ഡോളര്‍, റോഡിയം 11,100 ഡോളര്‍ എന്നിങ്ങനെ ഉയര്‍ന്നു നില്‍ക്കുന്നു.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം 2280 രൂപ ഇടിഞ്ഞു പവന് 1,20,640 രൂപയില്‍ എത്തി.
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) ബുധനാഴ്ച 24 കാരറ്റ് സ്വര്‍ണം 10 ഗ്രാം 1,64,047 രൂപ വരെ ഉയര്‍ന്നിട്ട് 1,61,550 ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. വെള്ളി 2,76,516 രൂപ വരെ കയറിയ ശേഷം 2,66,156 രൂപയില്‍ അവസാനിച്ചു.
യുദ്ധഭീതിക്കിടയിലും ബുധനാഴ്ച ലോഹങ്ങള്‍ പൊതുവേ മുന്നേറി. ചെമ്പ് 1.09 ശതമാനം ഉയര്‍ന്നു ടണ്ണിനു 12,959.15 ഡോളര്‍ ആയി. അലൂമിനിയം 2.70 ശതമാനം കുതിച്ചു ടണ്ണിന് 3345.20 ഡോളറില്‍ ക്ലോസ് ചെയ്തു. യുദ്ധം മൂലം ബഹറിനില്‍ നിന്നുള്ള അലൂമിനിയം കയറ്റുമതി മുടങ്ങി. ടിന്നും നിക്കലും ലെഡും ഉയര്‍ന്നു. സിങ്ക് താഴ്ന്നു.
റബര്‍ രാജ്യാന്തര വിപണിയില്‍ താഴ്ച തുടര്‍ന്നു. ഇന്നലെ 2.26 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 198.70 സെന്റില്‍ എത്തി. സാമ്പത്തികമാന്ദ്യ ആശങ്ക മൂലമാണു താഴ്ച. കൃത്രിമ റബര്‍ വില നാമമാത്രമായി കുറഞ്ഞു.
കൊക്കോ വില ഇന്നലെ നാമമാത്രമായി ഉയര്‍ന്നു ടണ്ണിന് 3025 ഡോളറില്‍ ക്ലോസ് ചെയ്തു.
തേയിലവില മാറ്റമില്ലാതെ തുടര്‍ന്നു. കാപ്പി 0.95 ശതമാനം കയറി. പാം ഓയില്‍ വില ടണ്ണിനു 4198 മലേഷ്യന്‍ റിംഗിറ്റിലേക്കു കയറി.
ക്രൂഡ് വിലക്കയറ്റത്തെ തുടര്‍ന്നു പിവിസി, പോളി എഥിലിന്‍, പോളിപ്രൊപ്പിലിന്‍ തുടങ്ങിയവയുടെ വില നാലു ശതമാനം വരെ ഉയര്‍ന്നു. യൂറിയ വില 2.63 ശതമാനം കുറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine