ഹോര്‍മുസ് മേഖലയില്‍ യുഎസ്-ഇറാന്‍ സേനകള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയത് ഇന്നലെ വിപണികളില്‍ ആശങ്ക പരത്തി. എന്നാല്‍ വെടിനിര്‍ത്തല്‍ തുടരുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കാര്യങ്ങള്‍ സാധാരണനിലയിലായെന്ന് ഇറാന്‍ ടിവിയും പറഞ്ഞതോടെ ആശങ്ക കുറഞ്ഞു. യുദ്ധവിരാമത്തിനു യുഎസ് വച്ച ഉപാധികള്‍ക്കുള്ള മറുപടി ഇറാന്‍ ഇന്നു രാവിലെ വരെ നല്‍കിയിട്ടില്ല. എങ്കിലും ക്രൂഡ് ഓയില്‍ വില അല്‍പം കുറഞ്ഞു, സ്വര്‍ണം കയറി, യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലേക്കു മാറി. ഏഷ്യന്‍ വിപണികള്‍ നഷ്ടത്തിലാണ്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,285.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,281നും 24,327നുമിടയില്‍ ഇറങ്ങിക്കയറി. നിഫ്റ്റി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്
ഇറാന്‍-യുഎസ് ധാരണയില്‍ പുരോഗതി ഇല്ലാത്തതും ഹോര്‍മുസില്‍ ഏറ്റുമുട്ടല്‍ നടന്നതും ക്രൂഡ് വില ഉയര്‍ന്നതും യുഎസ് വിപണിയെ ഇന്നലെ താഴ്ത്തി. വ്യാപാരത്തിനിടെ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയ ശേഷമാണ് എസ്ആന്‍ഡ്പിയും നാസ്ഡാകും ചെറിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.
വ്യാഴാഴ്ച ഡൗ ജോണ്‍സ് സൂചിക 313.62 പോയിന്റ് (0.63%) താഴ്ന്ന് 49,596.97ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 28.01 പോയിന്റ് (0.38%) കുറഞ്ഞ് 7337.11ല്‍ അവസാനിച്ചു. നാസ്ഡാക് 32.75 പോയിന്റ് (0.13%) നഷ്ടത്തോടെ 25,806.20ല്‍ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നേരിയ കയറ്റത്തിലാണ്. ഡൗ ജോണ്‍സ് 44 പോയിന്റും (0.09%) എസ്ആന്‍ഡ്പി 14 പോയിന്റും (0.18%) നാസ്ഡാക് 89 പോയിന്റും (0.31%) നേട്ടത്തിലാണ്.
വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍ 0.16 ശതമാനം ഉയര്‍ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.41 ശതമാനം താഴ്ന്ന് 25.57 ഡോളറില്‍ എത്തി. ഐസിഐസിഐ ബാങ്ക് എഡിആര്‍ നിശ്ചിത സമയത്ത് 0.04 ശതമാനം താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.15 ശതമാനം ഉയര്‍ന്ന് 26.78 ഡോളറില്‍ നിന്നു. ഇന്‍ഫോസിസ് എഡിആര്‍ 0.55 ശതമാനം താഴ്ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 12.57 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ ഒരു ശതമാനം താഴ്ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 1.52 ശതമാനം കയറി 2.01 ഡോളറില്‍ അവസാനിച്ചു.
പശ്ചിമേഷ്യന്‍ സമാധാന കാര്യത്തില്‍ പുരോഗതി ഉണ്ടാകാത്തതും നോര്‍വേയില്‍ പലിശ നിരക്ക് ഉയര്‍ത്തിയതും യൂറോപ്യന്‍ വിപണികളെ ഇന്നലെ ഒരു ശതമാനത്തിലധികം താഴ്ത്തി.
ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക ഒരു ശതമാനത്തോളം താഴ്ന്നിട്ട് നഷ്ടം പകുതിയാക്കി. ദക്ഷിണ കൊറിയന്‍ സൂചിക കോസ്പി 0.60 ശതമാനം കുറഞ്ഞു. ഓസ്‌ട്രേലിയന്‍ സൂചിക 1.5. ശതമാനം താഴ്ന്നു. ഹോങ്‌കോങ് വിപണി 0.90 ശതമാനവും ഷാങ്ഹായ് സൂചിക 0.35 ശതമാനവും നഷ്ടത്തിലാണ്.
പശ്ചിമേഷ്യന്‍ സമാധാന നീക്കത്തിലെ അനിശ്ചിതത്വം ഇന്ത്യന്‍ വിപണിയെ ചാഞ്ചാട്ടത്തിലാക്കി. മുഖ്യസൂചികകള്‍ നാമമാത്ര നഷ്ടത്തില്‍ അവസാനിച്ചു. എന്നാല്‍ വിശാല വിപണി മുന്നേറി. മിഡ് ക്യാപ് 100 സൂചിക ഒരു ശതമാനത്തിലധികം ഉയര്‍ന്ന് റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. ഉയര്‍ന്ന നിലയില്‍ നിന്ന് സെന്‍സെക്‌സ് 560 ഉം നിഫ്റ്റി 155 ഉം പോയിന്റ് താഴ്ന്നാണു വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, റിയല്‍റ്റി, പ്രതിരോധ, കാപ്പിറ്റല്‍ മാര്‍ക്കറ്റ് മേഖലകള്‍ മുന്നേറി. എഫ്എംസിജി, ഐടി, പൊതുമേഖലാ ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖലകള്‍ ക്ഷീണത്തിലായി.
വിദേശനിക്ഷേപകര്‍ വില്‍പന തുടര്‍ന്നു. വിദേശികള്‍ ക്യാഷ് വിപണിയില്‍ 340.89 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശികള്‍ 441.07 കോടി രൂപയുടെ വാങ്ങലും നടത്തി.
വ്യാഴാഴ്ച സെന്‍സെക്സ് 114 പോയിന്റ് (0.15%) താഴ്ന്ന് 77,844.52ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 4.35 പോയിന്റ് (0.02%) കുറഞ്ഞ് 24,326.65ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 66.35 പോയിന്റ് (0.12%) കയറി 56,047.40ല്‍ ക്ലോസ് ചെയ്തു. മിഡ്ക്യാപ് 100 സൂചിക 676.45 പോയിന്റ് (1.10%) കയറി 62,003.15ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 161.55 പോയിന്റ് (0.87%) ഉയര്‍ന്ന് 18,695.65ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയില്‍ ബഹുഭൂരിപക്ഷം ഓഹരികള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇയില്‍ 2704 ഓഹരികള്‍ കയറി, 1572 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 2271 എണ്ണം ഉയര്‍ന്നപ്പോള്‍ 992 എണ്ണം ഇടിഞ്ഞു.
ഡാബര്‍ ഇന്ത്യ ഉല്‍പന്നങ്ങളുടെ വില നാലു ശതമാനം വര്‍ധിപ്പിക്കും എന്ന് അറിയിച്ചു. ഉല്‍പാദനസാമഗ്രികളുടെ വില യുദ്ധം മൂലം 10 ശതമാനത്തിലധികം വര്‍ധിച്ചെന്നു കമ്പനി പറയുന്നു.
നാലാം പാദത്തില്‍ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ വരുമാനം 6.5 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായം 21.2 ശതമാനം കുതിച്ചു. പ്രവര്‍ത്തന ലാഭത്തില്‍ 5.9 ശതമാനമാണു വര്‍ധന.
ഔഷധകമ്പനി ലൂപിന്‍ നാലാം പാദത്തിയ വരുമാനം 31.9 ശതമാനം കൂട്ടിയപ്പോള്‍ അറ്റാദായം 89 ശതമാനം കുതിച്ച് 1460 കോടി രൂപയില്‍ എത്തി. ലാഭമാര്‍ജിന്‍ 23.3 ല്‍ നിന്ന് 33.3 ശതമാനമായി.
ബിഎസ്ഇ ലിമിറ്റഡ് നാലാം പാദ വരുമാനം 25.7 ശതമാനവും പ്രവര്‍ത്തന ലാഭം 43.9 ശതമാനവും അറ്റാദായം 33 ശതമാനവും വര്‍ധിപ്പിച്ചു. ലാഭമാര്‍ജിന്‍ 59.3ല്‍ നിന്ന് 67.9 ശതമാനമായി കൂടി.
സൗത്ത് ഇന്ത്യന്‍ ബാങ്ക് നാലാം പാദത്തില്‍ അറ്റപലിശ വരുമാനം 5.4 ശതമാനം വര്‍ധിപ്പിച്ചു. ബാങ്കിന്റെ അറ്റാദായം 19.1 ശതമാനം കുതിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 0.29 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ആഴ്ചകളില്‍ ഗണ്യമായി ഉയര്‍ന്ന ഓഹരി ഇന്നലെ 1.62 ശതമാനം താഴ്ന്നു.
പശ്ചിമേഷ്യയിലെ സമാധാന പ്രതീക്ഷ കൂടുമ്പോള്‍ സ്വര്‍ണം കയറും, പ്രതീക്ഷ കുറയുമ്പോള്‍ താഴും. വിപണി ഈ ദിവസങ്ങളില്‍ അങ്ങനെയാണ്. ഇന്നലെ ഔണ്‍സിന് 4765.60 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണം ആ നേട്ടമെല്ലാം നഷ്ടപ്പെടുത്തി. 4687.60 ഡോളറില്‍ ക്ലോസ് ചെയ്ത സ്വര്‍ണം ഇന്നു രാവിലെ 4722 ഡോളറിലേക്കു കയറി. പശ്ചിമേഷ്യയില്‍ സമാധാനം വന്നാല്‍ സ്വര്‍ണം ക്രമേണ 6000 ഡോളറിലേക്കു നീങ്ങും എന്നാണു പ്രമുഖ നിക്ഷേപ ബാങ്കുകള്‍ പറയുന്നത്.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് വ്യാഴാഴ്ച 640 രൂപ കയറി 1,12,200 രൂപയില്‍ എത്തി. വെള്ളിവില വ്യാഴാഴ്ച ഔണ്‍സിന് 78.53 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 80.31 ഡോളറിലേക്ക് കയറി. പ്ലാറ്റിനം 2046 ഡോളര്‍, പല്ലാഡിയം 1481 ഡോളര്‍, റോഡിയം 9500 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
ടിന്നും സിങ്കും ഒഴികെ വ്യാവസായിക ലോഹങ്ങള്‍ താഴ്ചയിലായി. ചെമ്പ് 0.19 ശതമാനം താഴ്ന്ന് 13,325.65 ഡോളറില്‍ എത്തി. അലൂമിനിയം 0.88 ശതമാനം താഴ്ന്ന് 3496.95 ഡോളര്‍ ആയി. ലെഡും നിക്കലും താഴ്ന്നപ്പോള്‍ ടിന്‍ 3.96 ശതമാനം കുതിച്ച് ടണ്ണിന് 54,526 ഡോളറില്‍ എത്തി.
ബാങ്കോക്ക് വിപണിയില്‍ റബര്‍ ആര്‍എസ്എസ് 3 ഇനം ക്വിന്റലിന് 5.10 ഡോളര്‍ കൂടി 298.50 ഡോളറിലേക്കു കയറി. ആര്‍എസ്എസ്1 ഇനം 302 ഡോളറിലാണ്. കൃത്രിമ റബര്‍ 0.71 ശതമാനം താഴ്ന്നു ടണ്ണിനു 16,341.67 യുവാനില്‍ എത്തി.
കാപ്പി 4.02 ശതമാനം താഴ്ന്നു പൗണ്ടിന് 272.45 സെന്റ് ആയി. പാമോയില്‍ വില 0.31 ശതമാനം കയറി ടണ്ണിന് 4541 മലേഷ്യന്‍ റിംഗിറ്റില്‍ എത്തി.
രാജ്യാന്തര വിപണിയില്‍ കൊക്കോ വില 5.42 ശതമാനം കുതിച്ചു ടണ്ണിന് 4359 ഡോളര്‍ ആയി. ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒരു മാസം കൊണ്ട് വില 33 ശതമാനം കയറി. എങ്കിലും കഴിഞ്ഞ വര്‍ഷത്തേതിന്റെ പകുതിയില്‍ താഴെയാണു വില. ഐവറി കോസ്റ്റിലും ഘാനയിലും വിളവെടുപ്പ് സീസണില്‍ വരള്‍ച്ച വന്നത് ബീന്‍സിന്റെ ലഭ്യതയും ഗുണവും കുറയ്ക്കും എന്ന് ആശങ്കയുണ്ട്.
വരും മാസങ്ങളില്‍ രാസവള വിലക്കയറ്റവും എല്‍ നിനോ പ്രതിഭാസവും വിളവ് കുറയ്ക്കും എന്ന ഭീതി വിപണിയില്‍ സജീവമായി. 2025-26, 2026-27 സീസണുകളിലെ മിച്ചം സ്റ്റോക്ക് സംബന്ധിച്ച പ്രവചനം ഏജന്‍സികള്‍ തിരുത്തിത്തുടങ്ങി. 2024 ഡിസംബറില്‍ വന്ന ടണ്ണിനു 12,906 ഡോളറാണു കൊക്കോയുടെ റെക്കോര്‍ഡ് വില.
യുഎസ് ഡോളര്‍ സൂചിക വ്യാഴാഴ്ച നാമമാത്രമായി ഉയര്‍ന്ന് 98.07 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.25 ലേക്കു കയറി. യൂറോ 1.1728 ഡോളറിലേക്കും പൗണ്ട് 1.3552 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 156.88 യെന്‍ എന്ന നിലയിലേക്ക് താണു. ചൈനീസ് യുവാന്‍ ഡോളറിന് 6.80 യുവാന്‍ എന്ന നിരക്കിലേക്കു കയറി. അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (്യശലഹറ) കുത്തനേ കൂടി 4.39 ശതമാനമായി ഉയര്‍ന്നു.
ക്രൂഡ് ഓയില്‍ വില താഴ്ന്നതു വ്യാഴാഴ്ചയും രൂപയെ ഉയര്‍ത്തി. ഡോളര്‍ ഇന്നലെ 36 പൈസ കുറഞ്ഞ് 94.25 രൂപയില്‍ ക്ലോസ് ചെയ്തു.
വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 94.44 രൂപയിലാണ്. ചൈനീസ് യുവാന്‍ 13.86 രൂപയിലേക്കും യൂറോ 110.57 രൂപയിലേക്കും താണു.
ഹോര്‍മുസില്‍ കപ്പലുകള്‍ക്കും തുറമുഖങ്ങള്‍ക്കും നേരെ ആക്രമണവും പ്രത്യാക്രമണവും നടന്നത് ക്രൂഡ് ഓയില്‍ വിലയെ ഉയര്‍ത്തി. വ്യാഴാഴ്ച ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 100.06 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 2.4 ശതമാനം കയറി 102.44 ഡോളറില്‍ എത്തിയിട്ടു 101.51 ലേക്കു താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 96.66 ല്‍ നില്‍ക്കുന്നു. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 96.66 ഡോളറിലാണ്. ഇന്ത്യ വാങ്ങുന്ന പശ്ചിമേഷ്യന്‍ ക്രൂഡിന്റെ (ഇന്ത്യന്‍ ബാസ്‌കറ്റ്) വില ചൊവ്വാഴ്ച 112.47 ഡോളര്‍ ആയി.
യുദ്ധഭീതിയില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 79,800 ഡോളറിനു താഴെയായി. ഈഥര്‍ 2290 ഡോളറിനും സൊലാന 88.30 ഡോളറിനും താഴെ നില്‍ക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine