image credit : canva 
Markets

വിലക്കയറ്റഭീതി കൂടുന്നു, ക്രൂഡ് ഓയില്‍ 107 ഡോളറിനു മുകളില്‍, സ്വര്‍ണത്തിന് ഇറക്കുമതിച്ചുങ്കം കൂട്ടി; ഏഷ്യന്‍ വിപണികള്‍ താഴ്ചയില്‍

ചൊവ്വാഴ്ച മിക്ക വ്യാവസായിക ലോഹങ്ങളും കുതിച്ചു. ചെമ്പ് 1.45 ശതമാനം കയറി 13,871.50 ഡോളറില്‍ എത്തി റെക്കോര്‍ഡ് കുറിച്ചു

T C Mathew

പശ്ചിമേഷ്യയിലെ സമാധാനനീക്കങ്ങള്‍ അവസാനിച്ച നിലയിലായി. എങ്കിലും വിപണി പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാളെ ചൈനയില്‍ എത്തിയ ശേഷം ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി നടത്തുന്ന ചര്‍ച്ചയിലാണ് എല്ലാവരുടെയും ശ്രദ്ധ.

സാമ്പത്തിക വളര്‍ച്ചയും വിലക്കയറ്റവും സംബന്ധിച്ച ആശങ്കയും വിപണിയെ വലയ്ക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു 107 ഡോളറിനു മുകളില്‍ നില്‍ക്കുകയാണ്. ഇന്ധനവില വര്‍ധിപ്പിക്കും എന്നു സംസാരമുണ്ട്. സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചു. കടുത്ത സാമ്പത്തിക നടപടികളുടെ തുടക്കമാണിത്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,370.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,269 വരെ ഇടിഞ്ഞിട്ടു 23,498 വരെ ഉയര്‍ന്നു. പിന്നീടു താഴ്ന്നു. നിഫ്റ്റി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വിലക്കയറ്റം കൂടുന്നു

വിലക്കയറ്റം വളര്‍ച്ചയ്ക്കു തടസമാകുന്ന രീതിയില്‍ വര്‍ധിക്കുകയാണ്. ഏപ്രിലിലെ ഇന്ത്യന്‍ ചില്ലറ വിലക്കയറ്റം 3.48 ശതമാനമായി. ജനുവരിയില്‍ 2.74 ശതമാനമായിരുന്നു. ഏപ്രിലില്‍ ഭക്ഷ്യവിലക്കയറ്റം 4.2 ശതമാനത്തിലേക്കു കയറി. ഇന്ധനവില ഏപ്രിലില്‍ 0.7 ശതമാനമേ കൂടിയുള്ളൂ. ഇന്ധന വില വര്‍ധിപ്പിച്ചാല്‍ അടുത്ത മാസം വിലക്കയറ്റ നിരക്ക് നാലു ശതമാനം കടക്കും. വിലക്കയറ്റം കൂടുമ്പോള്‍ പലിശനിരക്കു കൂട്ടാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമാകും.

ഏപ്രിലിലെ അമേരിക്കന്‍ ചില്ലറ വിലക്കയറ്റം 3.8 ശതമാനത്തിലേക്കു കയറി. ഇതു വിദഗ്ധ നിഗമനത്തേക്കാള്‍ കൂടുതലാണ്. ഈ മാസം ഫെഡ് ചെയര്‍മാന്‍ ആകുന്ന കെവിന്‍ വാര്‍ഷിനു പലിശ കൂട്ടലാകാം ആദ്യത്തെ നടപടി എന്ന നിലയിലേക്കാണു കാര്യങ്ങള്‍ പോകുന്നത്. അമേരിക്ക പലിശ കൂട്ടുമ്പോള്‍ രൂപയെ സംരക്ഷിക്കാന്‍ ഇന്ത്യയുടെ റിസര്‍വ് ബാങ്കും പലിശ കൂട്ടേണ്ടി വരും.

സ്വര്‍ണത്തിനു 15 ശതമാനം നികുതി

സ്വര്‍ണ ഇറക്കുമതിച്ചുങ്കം കുത്തനേ വര്‍ധിപ്പിച്ചു. വര്‍ധനഅര്‍ധരാത്രി പ്രാബല്യത്തിലായി. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും തീരുവ ആറില്‍ നിന്നു 10 ശതമാനമായി വര്‍ധിപ്പിച്ചു. പുറമേ അഞ്ചു ശതമാനം കാര്‍ഷിക അടിസ്ഥാനസൗകര്യ വികസനസെസും ചുമത്തി. പ്രായോഗികമായി നികുതി ആറു ശതമാനത്തില്‍ നിന്ന് 15 ശതമാനമായി. ഇറക്കുമതി നിരുത്സാഹപ്പെടുത്തുക എന്നതാണു തീരുവ-നികുതി വര്‍ധനയുടെ ലക്ഷ്യം.

പ്ലാറ്റിനം, മറ്റു വിശിഷ്ട ലോഹങ്ങള്‍ എന്നിവയ്ക്കും അവയുടെ ഉല്‍പന്നങ്ങള്‍ക്കും ഇറക്കുമതിച്ചുങ്കം 10 ശതമാനമാക്കിയിട്ടുണ്ട്. യുഎഇയില്‍ നിന്നു സ്വതന്ത്ര വ്യാപാര കരാറിലെ ക്വോട്ട പ്രകാരമുള്ള സ്വര്‍ണ ഇറക്കുമതിക്കും നികുതിവര്‍ധന ബാധകമാണ്.

കഴിഞ്ഞ ധനകാര്യ വര്‍ഷം ഇന്ത്യ സ്വര്‍ണ ഇറക്കുമതിക്ക് 7198 കോടി ഡോളര്‍ ചെലവാക്കി. 24 ശതമാനമാണു വര്‍ധന. വിലവര്‍ധന മൂലമാണ് ഇങ്ങനെ കൂടിയത്. തലേ വര്‍ഷത്തേക്കാള്‍ 4.76 ശതമാനം കുറഞ്ഞ് 721 ടണ്‍ സ്വര്‍ണം മാത്രമേ 2025-26ല്‍ ഇറക്കുമതി ചെയ്തുള്ളു.

യുഎസ് വിപണികള്‍ ഭിന്നദിശകളില്‍

പശ്ചിമേഷ്യന്‍ സമാധാനശ്രമങ്ങള്‍ നിര്‍ജീവമായതു യുഎസ് വിപണികളെ ഭിന്ന ദിശകളിലാക്കി. എസ്ആന്‍ഡ്പിയും നാസ്ഡാകും ഒരു ശതമാനത്തിലധികം ഇടിഞ്ഞ ശേഷം നഷ്ടം ഗണ്യമായി കുറച്ചു. ഏപ്രിലിലെ ചില്ലറവിലക്കയറ്റം മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 3.8 ശതമാനമായി. പ്രതീക്ഷയിലും കൂടുതലാണിത്. മാര്‍ച്ചില്‍ 3.3 ശതമാനമായിരുന്നു.

ചൊവ്വാഴ്ച ഡൗ ജോണ്‍സ് സൂചിക 56.09 പോയിന്റ് (0.11%) ഉയര്‍ന്ന് 49,760.56ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 11.88 പോയിന്റ് (0.16%) താഴ്ന്ന് 7400.96ല്‍ അവസാനിച്ചു. നാസ്ഡാക് 185.92 പോയിന്റ് (0.71%) നഷ്ടത്തോടെ 26,088.20ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് നാമമാത്ര നേട്ടത്തില്‍

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നാമമാത്രമായി ഉയര്‍ന്നു. ഡൗ ജോണ്‍സ് 9 പോയിന്റും (0.02%) എസ്ആന്‍ഡ്പി 10 പോയിന്റും (0.12%) നാസ്ഡാക് 69 പോയിന്റും (0.24%) നേട്ടത്തിലായി.

എഡിആറുകള്‍ താഴ്ന്നു

ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍ 0.66 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 1.91 ശതമാനം ഉയര്‍ന്ന് 24.50 ഡോളറില്‍ എത്തി. ഐസിഐസിഐ ബാങ്ക് എഡിആര്‍ നിശ്ചിത സമയത്ത് 1.23 ശതമാനം താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 1.09 ശതമാനം കൂടി കുറഞ്ഞ് 25.50 ഡോളറില്‍ ആയി. ഇന്‍ഫോസിസ് എഡിആര്‍ 2.03 ശതമാനം ഇടിഞ്ഞിട്ട് തുടര്‍ വ്യാപാരത്തില്‍ 0.33 ശതമാനം കയറി 12.09 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ 2.11 ശതമാനം താഴ്ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 0.52 ശതമാനം കയറി 1.87 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ്, ഏഷ്യ

പശ്ചിമേഷ്യന്‍ സമാധാന കാര്യത്തില്‍ പുരോഗതി ഇല്ലാതിരുന്നതും മറ്റ് ആശങ്കകളും മൂലം യൂറോപ്യന്‍ വിപണികള്‍ ഇന്നലെ ഒരു ശതമാനത്തിലധികം താഴ്ന്നു ക്ലോസ് ചെയ്തു.

ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക അര ശതമാനവും ദക്ഷിണ കൊറിയയില്‍ കോസ്പി സൂചിക രണ്ടു ശതമാനവും താഴ്ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 0.80 ശതമാനം താഴ്ന്നു. ഹോങ് കോങ്, ഷാങ്ഹായ് വിപണികള്‍ നഷ്ടത്തില്‍ വ്യാപാരം തുടങ്ങി.

ഇടിവ് തുടര്‍ന്ന് ഇന്ത്യന്‍ വിപണി

ഇന്ധനവിലക്കയറ്റവും സാമ്പത്തിക നിയന്ത്രണങ്ങളും വരാം എന്ന ഭീതിയില്‍ ചൊവ്വാഴ്ച ഇന്ത്യന്‍ വിപണി കൂടുതല്‍ ഇടിവിലായി. ഇന്നലെ മുഖ്യസൂചികകള്‍ രണ്ടു ശതമാനത്തോളം. നഷ്ടത്തില്‍ അവസാനിച്ചു. വിശാല വിപണി കൂടുതല്‍ ഇടിഞ്ഞു.

റിയല്‍റ്റിയും ഐടിയും കണ്‍സ്യൂമര്‍ ഡ്യുറബിള്‍സും ഓയിലും ഓട്ടോയും ബാങ്കും ധനകാര്യ കമ്പനികളും ഫാര്‍മയും ഹെല്‍ത്ത് കെയറും ഇന്നലെ വലിയ നഷ്ടത്തിലായി.

ജ്വല്ലറി കമ്പനികള്‍ ഇന്നലെയും താഴ്ന്നു. ടൈറ്റന്‍, കല്യാണ്‍, പിഎന്‍ ഗാഡ്ഗില്‍, സെന്‍കോ, തങ്കമയില്‍, ഗോള്‍ഡിയാം, ടിബിസെഡ്, സ്‌കൈ തുടങ്ങിയവ ഒന്‍പതു രണ്ടു ദിവസം കൊണ്ടു 14 ശതമാനം വരെ ഇടിഞ്ഞു.

ഇന്ധനവില കൂടുന്നതിനെ തുടര്‍ന്ന് വ്യോമയാന കമ്പനികള്‍ (ഇന്‍ഡിഗോ, സ്‌പൈസ്ജെറ്റ്) ഇന്നലെയും താഴ്ന്നു. ടൂറിസം, യാത്ര ഓഹരികളും പ്രതിരോധ ഓഹരികളും വലിയ നഷ്ടത്തിലായി.

വിദേശനിക്ഷേപകര്‍ വില്‍പന തുടരുകയാണ്. വിദേശികള്‍ ഇന്നലെ ക്യാഷ് വിപണിയില്‍ 1959.39 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശികള്‍ 7990.32 കോടി രൂപയുടെ വാങ്ങലും നടത്തി.

ചൊവ്വാഴ്ച സെന്‍സെക്സ് 1456.04 പോയിന്റ് (1.92%) ഇടിഞ്ഞ് 74,559.24ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 436.30 പോയിന്റ് (1.83%) താഴ്ന്ന് 23,379.55ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 884.70 പോയിന്റ് (1.63%) നഷ്ടത്തോടെ 53,555.20ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1553.75 പോയിന്റ് (2.54%) താഴ്ന്ന് 59,704.65ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 586.80 പോയിന്റ് (3.11%) ഇടിഞ്ഞ് 17,939.00ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ ബഹുഭൂരിപക്ഷം ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ബിഎസ്ഇയില്‍ 782 ഓഹരികള്‍ കയറി, 3500 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 584 എണ്ണം ഉയര്‍ന്നപ്പോള്‍ 2709 എണ്ണം ഇടിഞ്ഞു.

കമ്പനികള്‍, വാര്‍ത്തകള്‍

ടാറ്റാ പവറിനു നാലാം പാദത്തില്‍ വരുമാനം12.8 ഉം അറ്റാദായം 4.5 ഉം ശതമാനം ഇടിഞ്ഞു. ലാഭമാര്‍ജിന്‍ 19ല്‍ നിന്നു 17.4 ശതമാനമായി കുറഞ്ഞു.

ടൊറന്റ് പവറിനു നാലാം പാദത്തില്‍ വരുമാനം നാമമാത്രമായി കുറഞ്ഞപ്പോള്‍ അറ്റാദായം 70 ശതമാനം ഇടിഞ്ഞു.

ഡോ. റെഡ്ഡീസ് ലബോറട്ടറീസിനു നാലാം പാദ വരുമാനം 12 ശതമാനം കുറഞ്ഞു. അറ്റാദായം 86.2 ശതമാനം ഇടിവിലായി. ലാഭമാര്‍ജിന്‍ 29.1ല്‍ നിന്ന് 13 ശതമാനമായി താഴ്ന്നു.

ഡിക്‌സണ്‍ ടെക്‌നോളജീസിന നാലാം പാദത്തില്‍ വരുമാനം രണ്ടു ശതമാനം മാത്രം വര്‍ധിച്ചപ്പോള്‍ പ്രവര്‍ത്തന ലാഭം 7.8 ശതമാനം കുറഞ്ഞു. ലാഭമാര്‍ജിന്‍ 4.3ല്‍ നിന്നു 3.9 ശതമാനമായി.

ബെര്‍ജര്‍ പെയിന്റ്‌സിന് നാലാം പാദ വരുമാനം 6.1 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 27.8 ശതമാനം കുതിച്ചു. ലാഭമാര്‍ജിന്‍ 15.8ല്‍ നിന്നു 16.8 ശതമാനമായി കൂടി.

വോഡഫോണ്‍ ഐഡിയ ബോര്‍ഡ് 16നു യോഗം ചേര്‍ന്ന് ഓഹരി വില്‍പനയി തീരുമാനമെടുക്കും. റിസല്‍ട്ടും അന്നു പരിഗണിക്കും.

സ്വര്‍ണം താഴുന്നു

പശ്ചിമേഷ്യന്‍ സമാധാന നീക്കങ്ങള്‍ ഏതാണ്ടു നിലച്ചത് സ്വര്‍ണവിലയെ ചാഞ്ചാട്ടത്തിലാക്കി. ഇന്നലെ സ്വര്‍ണം ഔണ്‍സിന് 4637-4774 ഡോളര്‍ മേഖലയില്‍ കയറിയിറങ്ങി. 20.10 ഡോളര്‍ താഴ്ന്ന് 4716.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വര്‍ണം 4708 ഡോളറിലേക്കു താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ചൊവ്വാഴ്ച 400 രൂപ വര്‍ധിച്ച് 1,12,920 രൂപയില്‍ എത്തി. വെള്ളിവില ചൊവ്വാഴ്ച ഔണ്‍സിന് 86.84 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 87.24 ഡോളറിലേക്ക് കയറി.

പ്ലാറ്റിനം 2117 ഡോളര്‍, പല്ലാഡിയം 1477 ഡോളര്‍, റോഡിയം 9500 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ചെമ്പ് റെക്കോര്‍ഡ് വിലയില്‍

ചൊവ്വാഴ്ച മിക്ക വ്യാവസായിക ലോഹങ്ങളും കുതിച്ചു. ചെമ്പ് 1.45 ശതമാനം കയറി 13,871.50 ഡോളറില്‍ എത്തി റെക്കോര്‍ഡ് കുറിച്ചു. 13,843.40 ഡോളറായിരുന്നു പഴയ റെക്കോര്‍ഡ് വില. ലഭ്യതയിലെ ആശങ്കയാണ് വില ഉയര്‍ത്തുന്നത്. അലൂമിനിയം 0.21 ശതമാനം കയറി 3565.90 ഡോളര്‍ ആയി. നിക്കല്‍ താഴ്ന്നു. സിങ്കും ലെഡും ടിന്നും ഉയര്‍ന്നു.

റബറിനു ക്ഷീണം

ബാങ്കോക്ക് വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും റബര്‍ വില കുറഞ്ഞു. ആര്‍എസ്എസ് 3 ഇനം ക്വിന്റലിന് 7.55 ഡോളര്‍ ഇടിഞ്ഞ് 295.75 ഡോളറില്‍ എത്തി. ആര്‍എസ്എസ് 1 ഇനം 299.30 ഡോളറിലാണ്. കേരളത്തില്‍ ഇന്നലെ വില ഒരു ശതമാനത്തിലധികം താഴ്ന്നു. കൃത്രിമ റബര്‍ 1.09 ശതമാനം താഴ്ന്നു ടണ്ണിനു 15,875.00 യുവാനില്‍ എത്തി.

കാപ്പി 0.36 ശതമാനം താഴ്ന്നു പൗണ്ടിന് 281.27 സെന്റ് ആയി. പാമോയില്‍ വില ടണ്ണിന് 4481 മലേഷ്യന്‍ റിംഗിറ്റിലേക്കു താഴ്ന്നു.

കൊക്കോ താഴ്ന്നു

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം കുതിച്ചു കയറിയ കൊക്കോ വില ഇന്നലെ അല്‍പം താഴ്ന്നു. 2.41 ശതമാനം കുറഞ്ഞ് ടണ്ണിന് 4595.29 ഡോളറില്‍ വില എത്തി. ഘാനയില്‍ കൊക്കോ സംഭരണത്തിനു സര്‍ക്കാര്‍ 100 കോടി ഡോളറിന്റെ പദ്ധതി തയാറാക്കി. ഐവറി കോസ്റ്റിലും ഘാനയിലും മഴ തുടങ്ങിയെങ്കിലും നീണ്ടു നിന്ന വരള്‍ച്ച ബീന്‍സിന്റെ ലഭ്യതയും ഗുണവും കുറയ്ക്കും എന്ന് ആശങ്കയുണ്ട്. വരും മാസങ്ങളില്‍ രാസവള വിലക്കയറ്റവും എല്‍ നിനോ പ്രതിഭാസവും വിളവ് കുറയ്ക്കും എന്ന ഭീതി വിപണിയില്‍ സജീവമായി. 2024 ഡിസംബറില്‍ വന്ന ടണ്ണിനു 12,906 ഡോളറാണു കൊക്കോയുടെ റെക്കോര്‍ഡ് വില.

ഡോളര്‍ സൂചിക ഉയര്‍ന്നു

യുഎസ് ഡോളര്‍ സൂചിക ചൊവ്വാഴ്ച ഉയര്‍ന്ന് 98.30ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.36 ലേക്കു കയറിയിട്ടു താഴ്ന്നു.

യൂറോ 1.1734 ഡോളറിലേക്കും പൗണ്ട് 1.3531 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 157.65 യെന്‍ എന്ന നിലയിലേക്ക് താണു.

ചൈനീസ് യുവാന്‍ ഡോളറിന് 6.80 യുവാന്‍ എന്ന നിരക്കില്‍ നില്‍ക്കുന്നു. അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.469 ശതമാനമായി ഉയര്‍ന്നു.

രൂപ വീണ്ടും താഴ്ന്നു

ക്രൂഡ് ഓയില്‍ വില കയറുന്നതും ഇറക്കുമതി നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതും രൂപയെ ചൊവ്വാഴ്ചയും താഴ്ത്തി. ഡോളര്‍ 31 പൈസ വര്‍ധിച്ച് 95.62 രൂപയില്‍ ക്ലോസ് ചെയ്തു. രൂപയുടെ ഏറ്റവും താഴ്ന്ന ക്ലോസിംഗാണിത്. ഇന്നലെ വ്യാപാരത്തിനിടയ്ക്കു 95.73 രൂപ വരെ താണിരുന്നു. ഇന്നും രൂപ സമ്മര്‍ദത്തിലാണ്.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.57 രൂപയിലാണ്. ചൈനീസ് യുവാന്‍ 14.08 രൂപയിലേക്കും യൂറോ 112.29 രൂപയിലേക്കും കയറി. ഇതെല്ലാം രൂപയുടെ മേല്‍ സമ്മര്‍ദമാകും.

ക്രൂഡ് ഓയില്‍ 108 ഡോളറിലേക്ക്

പശ്ചിമേഷ്യയില്‍ സംഘര്‍ഷനിലയ്ക്ക് അയവില്ലാത്തതു ചൊവ്വാഴ്ച ക്രൂഡ് ഓയിലിനെ ഉയര്‍ത്തി. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 108 ഡോളറിനു സമീപം ചെന്നിട്ടു താഴ്ന്ന് 107.77 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 107.02 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 101. 62 ഡോളറില്‍ നില്‍ക്കുന്നു. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 106.00 ഡോളറിലാണ്.

ക്രിപ്‌റ്റോകള്‍ താഴുന്നു

ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നലെയും താഴ്ന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 81,000 ഡോളറിനു താഴേക്കു നീങ്ങി. ഈഥര്‍ 2290 ഡോളറിനും സൊലാന 94.5 ഡോളറിനും താഴെ നില്‍ക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT