പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നിര്‍ണായകസന്ധിയില്‍ എത്തിയതായി സൂചന. അതിനിടെ വരുന്ന നല്ലതും ചീത്തയുമായ വാര്‍ത്തകളോടു വിപണി തീവ്രമായി പ്രതികരിക്കുകയും ചെയ്യുന്നു. പാക്കിസ്ഥാന്‍ ഇടനില വഹിക്കുന്ന ചര്‍ച്ചയ്ക്കു ഗള്‍ഫ്, അറബി രാജ്യങ്ങള്‍ സഹായം നല്‍കുന്നു. ചര്‍ച്ച സംബന്ധിച്ചു വരുന്ന റിപ്പോര്‍ട്ടുകള്‍ ആണ് ഇന്നു വിപണിയെ നിയന്ത്രിക്കുക.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,660.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,613 വരെ താഴുകയും 23,699 വരെ കയറുകയും ചെയ്തു. നിഫ്റ്റി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ഇറാന്റെ ആണവായുധപദ്ധതിയും ഹോര്‍മുസ് കപ്പല്‍ച്ചാലുമാണു യുഎസ്-ഇറാന്‍ ചര്‍ച്ചയിലെ കീറാമുട്ടികള്‍. സമ്പുഷ്ടീകരിച്ച യുറേനിയം ഏറ്റെടുക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു പറഞ്ഞു. സമ്പുഷ്ട യുറേനിയം ഇറാനില്‍ സൂക്ഷിക്കാന്‍ പരമോന്നത നേതാവ് ഉത്തരവിട്ടതായി ഇറാനും പറഞ്ഞു.
ആ റിപ്പോര്‍ട്ട് പിന്നീടു നിഷേധിക്കപ്പെട്ടു. ഹോര്‍മുസില്‍ ടോള്‍ പിരിവ് തുടങ്ങിയതായി അവകാശപ്പെട്ട ഇറാന്‍ ടോള്‍ ക്രമീകരണത്തിന് ഒമാനുമായി ചര്‍ച്ച നടത്തുകയാണെന്നു പറഞ്ഞു. ഹോര്‍മുസില്‍ ഒരു നിയന്ത്രണവും സമ്മതിക്കില്ലെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും പ്രസ്താവിച്ചു.
കരാര്‍ ഉണ്ടായതായി ചില സമൂഹമാധ്യമ ചാനലുകളെ ഉദ്ധരിച്ച് ഇറാനിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്റെ ആഭ്യന്തരമന്ത്രിയും പാക് സേനാമേധാവി അസിം മുനീറിന്റെ അടുത്ത ബന്ധുവുമായ മുഹസിന്‍ നഖ്വി ഏതാനും ദിവസമായി ടെഹ്‌റാനില്‍ തങ്ങി ചര്‍ച്ചകള്‍ നയിക്കുകയാണ്. മുനീര്‍ ഇന്നലെ ടെഹ്‌റാനില്‍ ചെല്ലുമെന്നു കരുതിയെങ്കിലും ഉണ്ടായില്ല.
ഇറാന്‍ ചര്‍ച്ച സംബന്ധിച്ച വാര്‍ത്തകള്‍ക്കനുസരിച്ച് എണ്ണവിലയോടൊപ്പം ചാഞ്ചാടിയ യുഎസ് വിപണികള്‍ ഇന്നലെ ചെറിയ നേട്ടത്തില്‍ അവസാനിച്ചു. ഡൗ ജോണ്‍സ് സൂചിക റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി മൂന്നു ദിവസത്തെ ഇടിവിനു വിരാമമിട്ടു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചെങ്കിലും വേണ്ടത്ര ആയില്ലെന്നു വിമര്‍ശിച്ച നിക്ഷേപകര്‍ എന്‍വിഡിയ ഓഹരിയെ 1.8 ശതമാനം താഴ്ത്തി.
വ്യാഴാഴ്ച ഡൗ ജോണ്‍സ് സൂചിക 276.31 പോയിന്റ് (0.55%) കയറി 50,285.66ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 12.75 പോയിന്റ് (0.17%) നേട്ടത്തോടെ 7445.72ല്‍ അവസാനിച്ചു. നാസ്ഡാക് 22.74 പോയിന്റ് (0.09%) ഉയര്‍ന്ന് 26,293.10ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് ഉയര്‍ന്നു. ഇന്നു രാവിലെ ഡൗ ജോണ്‍സ് 108 പോയിന്റും (0. 21%) എസ്ആന്‍ഡ്പി 17 പോയിന്റും (0.22%) നാസ്ഡാക് 68 പോയിന്റും (0.23%) ഉയര്‍ന്നു നീങ്ങുന്നു.
വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍ 0.04 ശതമാനം താഴ്ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 0.65 ശതമാനം ഉയര്‍ന്ന് 24.78 ഡോളറില്‍ എത്തി. ഐസിഐസിഐ ബാങ്ക് എഡിആര്‍ നിശ്ചിത സമയത്ത് 0.82 ശതമാനം ഉയര്‍ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 1.47 ശതമാനം താഴ്ന്ന് 25.51 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് എഡിആര്‍ 1.02 ശതമാനം താഴ്ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.01 ശതമാനം കൂടി താണ് 12.64 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ 0.51 ശതമാനം കയറിയ ശേഷം തുടര്‍ വ്യാപാരത്തില്‍ 0.51 ശതമാനം കൂടി ഉയര്‍ന്ന് 1.99 ഡോളറില്‍ അവസാനിച്ചു.
വ്യാഴാഴ്ച യൂറോപ്യന്‍ ഓഹരികള്‍ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം ഭിന്ന ദിശകളില്‍ അവസാനിച്ചു. ജര്‍മന്‍, ഫ്രഞ്ച് സൂചികകള്‍ താഴ്ന്നു. സറ്റോക്‌സ് 600 ഉം എഫ്ടിഎസ്ഇയും നാമമാത്രമായി ഉയര്‍ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നും വലിയ നേട്ടത്തിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക 1.90 ശതമാനം കയറി. ജപ്പാനില്‍ ചില്ലറ വിലക്കയറ്റം നാലു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി. പലിശ കൂട്ടി യെന്‍ കറന്‍സിയെ ഉയര്‍ത്തി നിര്‍ത്താനുള്ള ജാപ്പനീസ് ശ്രമത്തിന് ഇതു തിരിച്ചടിയാകും. ദക്ഷിണ കൊറിയയില്‍ കോസ്പി 0.70 ശതമാനം കുതിച്ചു. ഓസ്‌ട്രേലിയന്‍ സൂചിക 0.40 ശതമാനം ഉയര്‍ന്നു. ഹോങ് കോങ് സൂചിക 0.65 ശതമാനവും ഷാങ്ഹായ് വിപണി 0.25 ശതമാനവും നേട്ടത്തിലാണ്.
തലേദിവസത്തേതിനു വിപരീതമായിട്ടാണ് ഇന്ത്യന്‍ വിപണി ഇന്നലെ നീങ്ങിയത്. ആദ്യം വലിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയിട്ടു താഴ്ചയിലേക്കു മാറി. ഇറാന്‍ ചര്‍ച്ചകളും ക്രൂഡ് ഓയില്‍ വിലയുമാണു വിപണിയെ നിയന്ത്രിച്ചത്.
വിദേശ നിക്ഷേപകര്‍ വില്‍പന തുടര്‍ന്നു. വിദേശനിക്ഷേപകര്‍ ഇന്നലെ ക്യാഷ് വിപണിയില്‍ 1891.21 കോടി രൂപയുടെ അറ്റവില്‍പന നടത്തി.സ്വദേശികള്‍ 2492.42 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
ഐടി, എഫ്എംസിജി, മീഡിയ, ബാങ്ക്, ധനകാര്യ മേഖലകള്‍ ഇന്നലെ താഴ്ന്നു. റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, ഫാര്‍മ, ഓട്ടോ, മെറ്റല്‍, ഹെല്‍ത്ത്, ഓയില്‍, പ്രതിരോധ മേഖലകള്‍ ഉയര്‍ന്നു.
വ്യാഴാഴ്ച സെന്‍സെക്സ് 135.03 പോയിന്റ് (0.18%) താഴ്ന്ന് 75,183.36ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 4.30 പോയിന്റ് (0.02%) കുറഞ്ഞ് 23,654.70ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 122.80 പോയിന്റ് (0.23%) നഷ്ടത്തോടെ 53,439.40ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 22.70 പോയിന്റ് (0.04%) കുറഞ്ഞ് 61,300.60ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 112.15 പോയിന്റ് (0.63%) കയറി 17,983.05ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയില്‍ ഭൂരിപക്ഷം ഓഹരികള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇയില്‍ 2358 ഓഹരികള്‍ കയറി, 1813 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1902 എണ്ണം ഉയര്‍ന്നപ്പോള്‍ 1363 എണ്ണം ഇടിഞ്ഞു.
ഇറാന്‍ ചര്‍ച്ചകളിലെ പുരോഗതിയനുസരിച്ച് കയറിയും ഇറങ്ങിയും നീങ്ങുകയാണ് സ്വര്‍ണവില. ഇന്നലെ രാവിലെ ഉയര്‍ന്നു നിന്ന ശേഷം വലിയ താഴ്ചയിലായി. തിരികെ കയറി തലേദിവസത്തെ നിലവാരത്തില്‍ ക്ലോസ് ചെയ്തു. ഇന്നലെ 4489 -4571 ഡോളര്‍ പരിധിയില്‍ കയറിയിറങ്ങിയ വില ഔണ്‍സിന് 4544.10 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്ന് 4529 ഡോളറില്‍ എത്തി.
കേരളത്തില്‍ വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണം പവന് 360 രൂപ വര്‍ധിച്ച് 1,17,280 രൂപയായി.
വ്യാഴാഴ്ച ഔണ്‍സിന് 74.37-82.07പരിധിയില്‍ ചാഞ്ചാടിയ വെള്ളിവില 77.02 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 76.61 ഡോളറിലേക്ക് താഴ്ന്നു.
പ്ലാറ്റിനം 1965 ഡോളര്‍, പല്ലാഡിയം 1367 ഡോളര്‍, റോഡിയം 9150 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
വ്യാവസായിക ലോഹങ്ങള്‍ വ്യാഴാഴ്ച നേട്ടത്തിലായി. ചെമ്പ് 0.08 ശതമാനം ഉയര്‍ന്ന് 13,426.85 ഡോളറില്‍ എത്തി. അലൂമിനിയം 0.83 ശതമാനം കയറി 3640.65 ഡോളര്‍ ആയി. ലെഡും സിങ്കും ഉയര്‍ന്നു. നിക്കലും ടിന്നും താഴ്ചയിലായി.
രാജ്യാന്തര വിപണിയില്‍ റബര്‍ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. വ്യാഴാഴ്ച ബാങ്കോക്കില്‍ ആര്‍എസ്എസ്3 ക്വിന്റലിന് 288.40 ഡോളറിലേക്കു കയറി. ആര്‍എസ്എസ് ഒന്ന് 291.90 ഡോളറിലാണ്. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം 25,600 രൂപയിലേക്കു താഴ്ന്നു.
കൊക്കോ രാജ്യാന്തര വിപണിയില്‍ വീണ്ടും താഴ്ന്നു. ഇന്നലെ 3.75 ശതമാനം ഇടിഞ്ഞു ടണ്ണിന് 3743.00 ഡോളറില്‍ എത്തി.
യുഎസ് ഡോളര്‍ സൂചിക വ്യാഴാഴ്ച ഉയര്‍ന്നു 99.26 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.24 ലേക്കു താഴ്ന്നു. യൂറോ 1.1612 ഡോളറിലേക്കും പൗണ്ട് 1.3423 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 159.10 യെന്‍ എന്ന നിലയിലേക്ക് താണു. ചൈനീസ് യുവാന്‍ ഡോളറിന് 6.80 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.572 ശതമാനമായി താഴ്ന്നു.
ക്രൂഡ് ഓയില്‍ വില താഴ്ന്നതും റിസര്‍വ് ബാങ്കിന്റെ ഇടപെടലും ചേര്‍ന്ന് ഇന്നലെ രൂപയെ തിരിച്ചു കയറ്റി. ഡോളര്‍ 96.06 രൂപ വരെ താണിട്ട് അല്‍പം കയറി 96.20 രൂപയില്‍ അവസാനിച്ചു. 62 പൈസ കുറവ്.
വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ ചാഞ്ചാടി. 96.17 രൂപയിലേക്കു താഴ്ന്നിട്ട് 96.55 വരെ കയറിയ ഡോളര്‍ പിന്നീടു 96.20 ലായി. ചൈനീസ് യുവാന്‍ 14.14 രൂപയിലേക്കും യൂറോ 111.74 രൂപയിലേക്കും താഴ്ന്നു.
രൂപയെ പിടിച്ചുനിര്‍ത്താന്‍ 2013 ലേതു പോലെ പ്രത്യേക വിദേശനാണയ നിക്ഷേപ പദ്ധതി തുടങ്ങാന്‍ റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. 3500-5000 കോടി ഡോളര്‍ സമാഹരിക്കുകയാണു ലക്ഷ്യം.
ഇറാന്‍-യുഎസ് ചര്‍ച്ചയുടെ ഗതിയനുസരിച്ച് ക്രൂഡ് ഓയില്‍ കൂടുകയും കുറയുകയും ചെയ്യുന്നു. ഇന്നലെ 102 ഡോളര്‍ വരെ താഴ്ന്ന ക്രൂഡ് ഓയില്‍ പിന്നീടു 108 വരെ കയറിയിട്ടു വീണ്ടും 102 ല്‍ എത്തി. ഇന്നുരാവിലെ വീണ്ടും 104 ഡോളറിനു മുകളിലായി. ഇന്നലെ വീപ്പയ്ക്ക് 102.58 ഡോളറില്‍ ക്ലോസ് ചെയ്ത ബ്രെന്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 104.94 ഡോളര്‍ വരെ കയറി. ഡബ്‌ള്യുടിഐ ഇനം 96 ല്‍ നിന്ന് 98.11 ഡോളറില്‍ എത്തി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 102.15 ഡോളറിലാണ്.
ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ചയിലായി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 77,400 ഡോളറിനു താഴെയാണ്. ഈഥര്‍ 2130 ഡോളറിനും സൊലാന 87 ഡോളറിനും താഴെ നില്‍ക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine