image credit : canva 
Markets

നിര്‍മിതബുദ്ധി ആശങ്കയ്ക്കു ശമനം, ഏഷ്യന്‍ വിപണികള്‍ കയറുന്നു, യുഎസ് ഫ്യൂച്ചേഴ്‌സ് താഴ്ചയില്‍; ഡിമാന്‍ഡ് കുറയുന്നതിനാല്‍ ക്രൂഡ് വില താഴ്ന്നു

T C Mathew

ചൊവ്വാഴ്ച നിര്‍മിത ബുദ്ധിയെ ഭയന്നു താഴ്ന്ന വിപണികള്‍ ഇന്നലെ ഉയര്‍ന്നു. ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. എങ്കിലും കാര്യങ്ങള്‍ ഭദ്രമാണെന്നു കരുതാനാവില്ല. യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്‌സ് ഇന്നും താഴ്ന്നാണു നീങ്ങുന്നത്.

ഇന്നലെ വന്ന റിസല്‍ട്ടുകള്‍ നിര്‍മിത ബുദ്ധി കമ്പനികളുടെ ബിസിനസ് വര്‍ധിക്കുന്നതായി കാണിച്ചു. എന്നാല്‍ അമേരിക്കയിലെ വിശാല സമ്പദ്ഘടന നല്‍കുന്ന ചിത്രം അത്ര ശോഭനമല്ല. മാക് ഡോണള്‍ഡ്‌സില്‍ താഴ്ന്ന വരുമാനക്കാരുടെ വരവ് കുറയുകയും സമ്പന്നരുടെ വ്യാപാരം വര്‍ധിക്കുകയും ചെയ്തു. ഇതു സുഗമമായ വളര്‍ച്ചയല്ല കാണിക്കുന്നത്. സ്വകാര്യ മേഖലയില്‍ തൊഴില്‍ വര്‍ധിച്ചതായ എഡിപി റിപ്പോര്‍ട്ട് യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ലെന്നു പലരും വിമര്‍ശിച്ചു. യുഎസ് വിപണിയിലെ വമ്പന്‍ ഓഹരികളില്‍ വലിയ ബെയര്‍ ഓപ്പറേറ്റര്‍മാര്‍ കണ്ണു വച്ചിട്ടുള്ളതും ആശങ്ക ജനിപ്പിക്കും.

ഡിമാന്‍ഡ് കുറയുന്നതിന്റെ പേരില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതു ശ്രദ്ധേയമാണ്. ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,785.00 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,799 വരെ കയറിയിട്ട് 25,720 ലേക്കു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് ഉയര്‍ന്നു

യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച നേട്ടത്തില്‍ അവസാനിച്ചു. യുഎസ് വിപണി ഉയരുന്നു എന്ന സൂചനയിലാണിത്. ഡെന്മാര്‍ക്കിലെ ഔഷധ കമ്പനി നോവോ നോര്‍ഡിസ്‌ക് പ്രതീക്ഷിച്ചതു പോലെ മികച്ച റിസല്‍ട്ട് പുറത്തുവിട്ടെങ്കിലും 4.5 ശതമാനം ഇടിഞ്ഞു. അമേരിക്കയില്‍ ഒരു ഔഷധ കമ്പനിയെ ഏറ്റെടുക്കാന്‍ ഫൈസറുമായി നോവോ മത്സരിക്കുന്നതാണു കാരണം. ഫൈസര്‍ 810 കോടി ഡോളര്‍ പറഞ്ഞിരുന്ന കമ്പനിക്കു നോവാേ ഇപ്പോള്‍ 1,000 കോടി ഡോളര്‍ പറയുന്നുണ്ട്. പ്രതീക്ഷ പോലെ റിസല്‍ട്ട് വന്ന ബിഎംഡബ്ല്യു 6.9 ശതമാനം കുതിച്ചു.

യുഎസ് വിപണി തിരിച്ചുകയറി

നിര്‍മിതബുദ്ധി(എഐ) മേഖലയിലെ കുമിള പൊട്ടും എന്ന ആശങ്ക വിപണിയെ ചൊവ്വാഴ്ച ഉലച്ചെങ്കിലും ഇന്നലെ വിപണി ശാന്തമായിരുന്നു. ബുധനാഴ്ച പല എഐ കമ്പനികളും മികച്ച വളര്‍ച്ചയും ലാഭവും ഭാവി പ്രതീക്ഷയും കാഴ്ചവച്ചത് വിപണിയെ സഹായിച്ചു. മികച്ച റിസല്‍ട്ടില്‍ മോറോണ്‍ ടെക്‌നോളജീസ് ഒന്‍പതു ശതമാനം കയറി.

തലേന്ന് ഇടിഞ്ഞ എഎംഡി, ഓറക്കിള്‍, ബ്രോഡ്‌കോം തുടങ്ങിയവ ഉയര്‍ന്നു. എഎംഡി റിസല്‍ട്ട് മികച്ചതായി. എന്നാല്‍ സൂപ്പര്‍ മൈക്രോ ഡിവൈസസ് 11 ഉം അരിസ്റ്റ നെറ്റ് വര്‍ക്ക്‌സ് ഒന്‍പതും ശതമാനം ഇടിഞ്ഞു. എന്‍വിഡിയയും മൈക്രോസോഫ്റ്റും താഴ്ന്നപ്പോള്‍ ടെസ്ല നാലര ശതമാനം ഉയര്‍ന്നു. ഇലോണ്‍ മസ്‌കിന് ഒരു ട്രില്യണ്‍ (ലക്ഷം കോടി) ഡോളര്‍ പ്രതിഫലം നല്‍കാനുളള ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശത്തെ നോര്‍വേയിലെ നിക്ഷേപ ഫണ്ട് എതിര്‍ത്തു.

അമേരിക്കയില്‍ കഴിഞ്ഞ മാസം സ്വകാര്യ മേഖലയിലെ തൊഴിലുകള്‍ പ്രതീക്ഷയിലധികം വര്‍ധിച്ചതു പലിശ കുറയ്ക്കല്‍ പ്രതീക്ഷകളെ ദുര്‍ബലമാക്കി.

തീരുവ സംബന്ധിച്ച കേസില്‍ വാദം കേട്ടുതുടങ്ങിയ സുപ്രീം കോടതി പല തീരുവകളും നിയമപരമാണോ എന്ന സംശയം ഉന്നയിച്ചത് ഇറക്കുമതിക്കാര്‍ക്കു പ്രതീക്ഷ നല്‍കി. നേരത്തേ ഉണ്ടാക്കിയ വ്യാപാര കരാറിനെ മാറ്റി വച്ച് അധിക തീരുവ ചുമത്തിയ നടപടികളിലാണു സുപ്രീം കോടതിയുടെ സംശയം. കാനഡയിലും മെക്‌സിക്കോയിലും നിന്നുള്ള ഇറക്കുമതികള്‍ക്കുള്ള പിഴത്തീരുവ നീങ്ങും എന്നാണു പ്രതീക്ഷ. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആകും കേസിലെ വിധി.

ഡൗ ജോണ്‍സ് സൂചിക ബുധനാഴ്ച 225.76 പോയിന്റ് (0.48%) ഉയര്‍ന്ന് 47,311.00ല്‍ ക്ലോസ് ചെയ്തു. ഇടയ്ക്ക് ഒരു ശതമാനത്തോളം ഉയര്‍ന്ന എസ്ആന്‍ഡ്പി 500 സൂചിക 24.74 പോയിന്റ് (0.37%) മാത്രം നേട്ടത്തോടെ 6796.29ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 151.16 പോയിന്റ് (0.65%) കയറി 23,499.80ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നും നഷ്ടത്തിലാണ്. ഡൗ 0.05 ഉം എസ്ആന്‍ഡ്പി 0.12 ഉം നാസ്ഡാക് 0.25 ഉം ശതമാനം താഴ്ന്നാണു നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍ കയറ്റത്തില്‍

ഏഷ്യന്‍ വിപണികള്‍ ഇന്നു മികച്ച നേട്ടത്തിലാണ്. ദക്ഷിണ കൊറിയന്‍ കോസ്പി സൂചിക ഉയര്‍ന്നു തുടങ്ങിയിട്ടു നേട്ടം കുറച്ചു. ജപ്പാനില്‍ നിക്കൈ 1.4 ശതമാനം വരെ ഉയര്‍ന്നു. ഹോങ് കോങ് സൂചിക 0.75 ഉം ചൈനീസ് സൂചിക 0.40 ഉം ശതമാനം കയറി. ചൈനയിലെ ഡ്രൈവറില്ലാ കാര്‍ കമ്പനികളായ വീ റൈഡും പോണിയും ഹോങ് കോങ്ങില്‍ ലിസ്റ്റ് ചെയ്ത ശേഷം 12 ശതമാനം ഇടിഞ്ഞു.

ഇന്ത്യന്‍ വിപണി പ്രതീക്ഷയോടെ

ചൊവ്വാഴ്ച അമേരിക്കന്‍ വിപണിയില്‍ ചോരപ്പുഴ ഒഴുകിയതിന്റെ തുടര്‍തകര്‍ച്ച ഉണ്ടാകാതെ ഇന്ത്യന്‍ വിപണി രക്ഷപ്പെട്ടു. ബുധനാഴ്ച അവധി ആയതാണു സഹായിച്ചത്. ഇന്നലെ യുഎസ്, യൂറോപ്യന്‍ വിപണികള്‍ തിരിച്ചു കയറിയത് ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങാന്‍ വിപണിയെ സഹായിക്കും. ചൊവ്വാഴ്ച 25,600 നു തൊട്ടു താഴെ ക്ലോസ് ചെയ്ത നിഫ്റ്റി 25,750-25,900 മേഖലയിലെ പ്രതിരോധം നേരിട്ടു വിജയിച്ചാലേ മുന്നേറ്റം തുടരാന്‍ പറ്റൂ. ഇന്നു നിഫ്റ്റിക്ക് 25,525 ലും 85,445 ലും പിന്തുണ ഉണ്ടാകും. 25,735ഉം 25,785 ഉം തടസമാകാം.

കമ്പനികള്‍, വാര്‍ത്തകള്‍

ടാറ്റാ ട്രസ്റ്റുകളില്‍ നിന്നു സ്വമേധയാ പിന്മാറാന്‍ മെഹ്ലി മിസ്ത്രി തീരുമാനിച്ചു. ഇതോടെ ടാറ്റാ സണ്‍സും അതുവഴി ടാറ്റാ ഗ്രൂപ്പും പ്രതിസന്ധിയിലും നിയമയുദ്ധത്തിലും നിന്ന് ഒഴിവായി. നോയല്‍ ടാറ്റായ്ക്ക് തന്റെ ഇംഗിതത്തിനനുസരിച്ചു കാര്യങ്ങള്‍ നീക്കാന്‍ വഴി തെളിഞ്ഞു.

സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി മികച്ച മുന്നേറ്റം നടത്തി. വിറ്റുവരവ് 12 ശതമാനം കൂടി. 307 കോടി രൂപയുടെ ഒറ്റത്തവണ വരുമാനം ഒഴിവാക്കിയ ശേഷം അറ്റാദായം 15 ശതമാനം വര്‍ധിച്ചു. പ്രവര്‍ത്തനലാഭം 16 ശതമാനം കൂടിയപ്പോള്‍ ലാഭമാര്‍ജിന്‍ 30.8 ശതമാനത്തിലേക്കു കയറി.

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ പങ്ക് 15.5 ല്‍ നിന്നു 15.6 ശതമാനമായി ഉയര്‍ത്തി. പേയ്ടിഎം, ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, ജിഇ വെര്‍ണോവ, സീമെന്‍സ് എനര്‍ജി എന്നിവയെ സൂചികയില്‍ പെടുത്തി. ടാറ്റാ എല്‍ക്‌സി, കോണ്‍കോര്‍ എന്നിവയെ ഒഴിവാക്കി. ഫോര്‍ട്ടിസില്‍ 43.6 കോടി ഡോളറും പേയ്ടിഎമ്മില്‍ 42.4 കോടി ഡോളറും വെര്‍ണോവയില്‍ 35.1 കോടി ഡോളറും സീമെന്‍സില്‍ 25.2 കോടി ഡോളറും അധിക നിക്ഷേപമായി എത്തും.

സ്റ്റാന്‍ഡാര്‍ഡ് സൂചികയില്‍ ഇന്ത്യന്‍ കമ്പനികളുടെ എണ്ണം 161ല്‍ നിന്നു 163 ആയി.

വിദേശ ഉപകമ്പനിയായ നൊവേലിസിന്റെ റിസല്‍ട്ട് മോശമായത് മാതൃകമ്പനിയായ ഹിന്‍ഡാല്‍കോയുടെ ലക്ഷ്യവില താഴ്ത്താന്‍ ബ്രോക്കറേജുകളെ പ്രേരിപ്പിച്ചു. നൊവേലിസ് വില്‍പന കുറഞ്ഞപ്പോള്‍ വരുമാന വര്‍ധന 10 ശതമാനം മാത്രമായി. പ്രവര്‍ത്തനലാഭം 46.2 കോടി ഡോളറില്‍ നിന്ന് 42.2 കോടി ഡോളര്‍ ആയി. കമ്പനിയുടെ മൂലധനച്ചെലവ് വര്‍ധിക്കുന്നതിനാല്‍ കടവും ഉയരും. ഇന്‍വെസ്റ്റെക് ലക്ഷ്യവില 693 രൂപയും ആക്‌സിസ് കാപ്പിറ്റല്‍ 770 രൂപയും ആയി താഴ്ത്തി. എന്നാല്‍ നുവാമ ലക്ഷ്യവില 838 രൂപയായി ഉയര്‍ത്തി.

നിക്ഷേപങ്ങള്‍ 25 ശതമാനവും വായ്പ 29 ശതമാനവും വര്‍ധിപ്പിച്ച സിഎസ്ബി ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 15.8 ശതമാനം വര്‍ധിച്ചു. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി കുറഞ്ഞു.

സ്റ്റാഫിംഗ് കമ്പനിയായ ടീം ലീസ് പ്രവര്‍ത്തന ലാഭം 13.7ഉം അറ്റാദായം 11.8 ഉം ശതമാനം വര്‍ധിപ്പിച്ചു. വരുമാന വര്‍ധന 8.4 ശതമാനമാണ്.

ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ (ഇന്‍ഡിഗോ) രണ്ടാം പാദത്തില്‍ 2582 കോടി രൂപയുടെ അറ്റനഷ്ടം വരുത്തി. വരുമാനം 9.3 ശതമാനം കൂടിയപ്പോള്‍ പ്രവര്‍ത്തനലാഭം 85 ശതമാനം കുതിച്ചതാണ്. പക്ഷേ വിദേശനാണ്യ വിനിമയത്തിലെ നഷ്ടം കനത്തതായി.

ലോജിസ്റ്റിക്‌സ് കമ്പനി ഡെല്‍ഹിവെറി രണ്ടാം പാദത്തില്‍ വരുമാനം 17 ശതമാനം വര്‍ധിപ്പിച്ചെങ്കിലും ലാഭത്തില്‍ നിന്ന് 50.3 കോടി രൂപ നഷ്ടത്തിലേക്കു വീണു. പ്രവര്‍ത്തന ലാഭം 19.2 ശതമാനം വര്‍ധിച്ചിരുന്നു.

സ്വര്‍ണം ഉയര്‍ന്നു

ബുധനാഴ്ച സ്വര്‍ണവില മികച്ച നേട്ടം ഉണ്ടാക്കി. സ്വകാര്യ മേഖലയില്‍ തൊഴില്‍ കൂടിയതും ഐഎസ്എം സേവന സൂചിക ഉയര്‍ന്നതും സാമ്പത്തിക വളര്‍ച്ചയെപ്പറ്റി പ്രതീക്ഷ ഉയര്‍ത്തി. ഒപ്പം ഓഹരികളും ഉയര്‍ന്നു. ഇതു സ്വര്‍ണത്തില്‍ ഷോര്‍ട്ട് ആയിരുന്നവരെ വാങ്ങാന്‍ പ്രേരിപ്പിച്ചു. വില ഉയര്‍ന്നു. ഔണ്‍സിന് 3980.20 ഡോളറില്‍ സ്വര്‍ണം ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില അല്‍പം താഴ്ന്ന് 3970 ഡോളറിലായി.

സ്വര്‍ണം അവധിവില 3973 ഡോളര്‍ വരെ താഴ്ന്നിട്ട് 3980 നു മുകളിലാണ്. കേരളത്തില്‍ 22 കാരറ്റ് പവന്‍വില ബുധനാഴ്ച 720 രൂപ താഴ്ന്ന് 89,080 രൂപയില്‍ എത്തി. വെള്ളിയുടെ സ്‌പോട്ട് വില ഉയര്‍ന്ന് 48.00ല്‍ ക്ലോസ് ചെയ്തു. അവധിവില ഇന്നു 47.85 ലേക്കു കയറി. പ്ലാറ്റിനം 1560 ഡോളര്‍, പല്ലാഡിയം 1433 ഡോളര്‍, റോഡിയം 7800 ഡോളര്‍ എന്നിങ്ങനെയാണു വില.

ലോഹങ്ങള്‍ ചാഞ്ചാട്ടത്തില്‍

വ്യാവസായിക ലോഹങ്ങള്‍ ബുധനാഴ്ച ചെറിയ കയറ്റിറക്കങ്ങളിലായി. ചെമ്പ് 0.02 ശതമാനം കയറ്റി ടണ്ണിന് 10,602.65 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.02 ശതമാനം താഴ്ന്ന് 2854.32 ഡോളറില്‍ എത്തി. സിങ്കും നിക്കലും ടിന്നും താഴ്ന്നപ്പോള്‍ ലെഡ് ഉയര്‍ന്നു.

രാജ്യാന്തര വിപണിയില്‍ റബര്‍ വില 1.64 ശതമാനം ഇടിഞ്ഞു കിലോഗ്രാമിന് 168.20 സെന്റ് ആയി. കൊക്കോ ടണ്ണിന് 6334.46 ഡോളറിലേക്ക് ഇടിഞ്ഞു. കാപ്പി 2.79 ശതമാനം കുതിച്ചു. തേയില വില മാറ്റം ഇല്ലാതെ തുടര്‍ന്നു. പാം ഓയില്‍ വില 0.84 ശതമാനം താഴ്ന്നു.

ഡോളര്‍ സൂചിക താഴ്ന്നു

ഡോളര്‍ സൂചിക ബുധനാഴ്ച അല്‍പം താഴ്ന്ന് 100.20 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.03 ലേക്കു താഴ്ന്നു.

കറന്‍സി വിപണിയില്‍ ഡോളര്‍ നാമമാത്രമായി താഴ്ന്നു. യൂറോ 1.1495 ഡോളറിലേക്കും പൗണ്ട് 1.305 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 153.96 യെന്‍ എന്ന നിരക്കിലേക്ക് താഴ്ന്നു.

യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം ബുധനാഴ്ച 4.151 ശതമാനം വരെ ഉയര്‍ന്നു. ചൊവ്വാഴ്ച ഡോളര്‍ 12 പൈസ ഇടിഞ്ഞ് 88.66 രൂപയില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് വിപണിയില്‍ വലിയ ഇടപെടല്‍ നടത്തിയതാണു രൂപയെ സഹായിച്ചത്. ചൈനയുടെ കറന്‍സി ഡോളറിന് 7.13 യുവാന്‍ എന്ന നിലയില്‍ തുടരുന്നു.

ക്രൂഡ് ഓയില്‍ താഴോട്ട്

ക്രൂഡ് ഓയില്‍ വില ഇടിവ് തുടര്‍ന്നു. വിപണിയില്‍ ക്രൂഡ് മിച്ചമായ സാഹചര്യത്തിലാണിത്. ബ്രെന്റ് 64 ഡോളറിനും ഡബ്ല്യുടിഐ 60 ഡോളറിനും താഴെ വന്നു. ബ്രെന്റ് ഇനം ബുധനാഴ്ച ഒന്നര ശതമാനം താഴ്ന്നു വീപ്പയ്ക്ക് 63.52 ഡോളറില്‍ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 63.56 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ ഇനം 59.64 ഡോളറിലും മര്‍ബന്‍ ക്രൂഡ് 65.7 ഡോളറിലും ആണ്. പ്രകൃതിവാതക വില അല്‍പം കുറഞ്ഞ് 4.26 ഡോളര്‍ ആയി.

ക്രിപ്‌റ്റോകള്‍ അല്‍പം കയറി

ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നലെ നേരിയ കയറ്റം നടത്തി. എങ്കിലും റെക്കോര്‍ഡ് വിലയില്‍ നിന്ന് 20 മുതല്‍ 30 വരെ ശതമാനം നഷ്ടത്തിലാണു പലതും. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 1,03,300 ഡോളറിനു മുകളിലാണ്. ഈഥര്‍ 3400 നു തൊട്ടടുത്തു നില്‍ക്കുന്നു. സൊലാന 161 ഡോളറിലേക്കു കയറി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT