യുദ്ധസാധ്യത കുറയുമെന്ന പ്രതീക്ഷയില്‍ ക്രൂഡ് ഓയില്‍ താഴുന്നു. വിലക്കയറ്റം കുറയുമെന്ന നിഗമനത്തില്‍ സ്വര്‍ണം കയറുന്നു. യുഎസ് ഫ്യൂച്ചേഴ്സ് ഉയരുന്നു. ഇതെല്ലാം ഓഹരികള്‍ക്ക് അനുകൂലമാകും എന്നു കണക്കാക്കി ഏഷ്യന്‍ വിപണികള്‍ ഉയരുന്നു. മുഹൂര്‍ത്ത വ്യാപാരത്തില്‍ സൂചികകള്‍ താഴ്ന്നെങ്കിലും ഇന്ത്യന്‍ വിപണിക്ക് ഇന്നു ബുള്‍ മുന്നേറ്റം തുടരാന്‍ ഈ സാഹചര്യം സഹായിക്കും എന്നു നിക്ഷേപകര്‍ കരുതുന്നു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,038.50ല്‍ ക്ലോസ് ചെയ്തു. മുഹൂര്‍ത്ത വ്യാപാരത്തിനു ശേഷം 24,977ല്‍ അവസാനിച്ചു. ഇന്നു രാവിലെ 24,930 വരെ താഴ്ന്നിട്ട് 25,110 വരെ കയറി. ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ രണ്ടു സഭകളിലും ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകള്‍ എഐ, ഡാറ്റാ സെന്റര്‍ നിയന്ത്രണങ്ങള്‍ക്കു വേണ്ടി ശക്തമായി നീങ്ങുന്നത് ആശങ്ക നിലനിര്‍ത്തുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ അന്വേഷണ നീക്കം വൈറ്റ് ഹൗസും ക്യ ക്യാപിറ്റോള്‍ ഹില്ലുമായി സംഘര്‍ഷം കൂട്ടും. വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തു സൂസി വൈല്‍സിനു പകരം തീവ്ര യാഥാസ്ഥിതികനായ സ്റ്റീഫന്‍ മില്ലറെ നിയമിച്ചത് ട്രംപ് വിട്ടുവീഴ്ചയ്ക്കോ ഒത്തുതീര്‍പ്പിനോ തയാറാകില്ല എന്നു കാണിക്കുന്നു.
തെരഞ്ഞെടുപ്പു പരാജയത്തിന്റെ പേരില്‍ ട്രംപ് അനുരഞ്ജന പാത സ്വീകരിച്ചേക്കും എന്ന ധാരണ പാളി. ബജറ്റ് അടക്കമുള്ള കാര്യങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരും. ഒന്നര ലക്ഷം കോടി ഡോളറിന്റെ പ്രതിരോധ ബജറ്റ് പാസാക്കാന്‍ സമ്മതിക്കില്ലെന്നു ഡെമോക്രാറ്റുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
എഐക്കു വേണ്ട പ്രോസസറുകള്‍ നിര്‍മിക്കുന്ന എന്‍വിഡിയയുടെ സിഇഒ ജെന്സന് ഹുവാങ്ങിന്, ചൈനീസ് സംരംഭക ആലീസ് ഹുവാങ്ങുമായി ഉണ്ടായിരുന്ന ബന്ധം വലിയ വിവാദമായി മാറി. മെഗാസ്പീഡ് എന്ന ക്ലൗഡ് കമ്പനിയുടെ പ്രതിനിധിയായായിരുന്ന ആലീസ് ചൈനയുടെ ചാരവനിതയായിരുന്നു എന്നു യുഎസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കണ്ടെത്തി. ഇതേപ്പറ്റി കൂടുതല്‍ അന്വേഷണം സര്‍ക്കാര്‍ തുടങ്ങി. അവരുമായി ബിസിനസ് ബന്ധം മാത്രമായിരുന്നു എന്നാണ് ജെന്സന് മുമ്പു പറഞ്ഞത്. എന്നാല്‍ ഹുവാങ്ങിനു ലൈംഗിക ബന്ധം ഉണ്ടായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ വന്നു.
ഒടുവില്‍ ബന്ധം ഹുവാങ്ങും സമ്മതിച്ചു. ഇതേപ്പറ്റി സ്വതന്ത്ര അന്വേഷണത്തിന് എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. എന്‍വിഡിയയുടെ ടെക്നോളജി രഹസ്യങ്ങള്‍ ചാരവനിത ചോര്‍ത്തി എന്നു വന്നാല്‍ ഹുവാങ്ങിന്റെ നില പരുങ്ങലിലാകും. ട്രംപിന്റെ അടുപ്പക്കാരനാണു ഹുവാങ്.
വ്യാഴാഴ്ചത്തെ തകര്‍ച്ചയില്‍ നിന്നു കരകയറാനും താഴ്ന്ന നിലവാരത്തില്‍ ഓഹരികള്‍ വാങ്ങാനുമുള്ള ശ്രമമാണു വെള്ളിയാഴ്ച യുഎസ് വിപണികളി കണ്ടത്. എന്നാല്‍ വിപണിമനോഭാവം മാറുന്ന സൂചന ദൃശ്യമായില്ല. പുതിയ ക്ലൗഡ് പാര്‍ട്നര്‍മാരുടെ എണ്ണം കുറയ്ക്കും എന്നു മൈക്രോ സോഫ്റ്റ് പറഞ്ഞത് എഐ വളര്‍ച്ചയില്‍ തടസം പ്രതീക്ഷിക്കുന്നതിന്റെ സൂചനയാണ്. ഓറക്കിളില്‍ നിന്ന് എഐ കംപ്യൂട്ടിംഗ് ശേഷി വാടകയ്ക്ക് എടുക്കാനുള്ള നീക്കം മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചു.
അമേരിക്കയില്‍ ഒക്ടോബറിലെ കാര്‍ഷികേതര ജോലികള്‍ പ്രതീക്ഷയുടെ ഇരട്ടിയിലേറെ വര്‍ധിച്ചതു ഡിസംബറില്‍ പലിശ നിരക്ക് കൂട്ടാന്‍ യുഎസ് ഫെഡിനു മേല്‍ സമ്മര്‍ദം ചെലുത്തും. പലിശ കൂട്ടുന്നതു ഡോളറിനെ ഉയര്‍ത്തും. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ക്കു ഡിമാന്‍ഡ് കൂട്ടും. കടമെടുത്തു നടത്തുന്ന ബിസിനസുകള്‍ക്കു ക്ഷീണമാകും.
വെളളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 237.33 പോയിന്റ് (0.46 ശതമാനം) താഴ്ന്ന് 51,285.73ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 23.13 പോയിന്റ് (0.31%) ഉയര്‍ന്ന് 7376.86ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 264.43 പോയിന്റ് (1.09%) കയറി 24,579.43ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു തുടക്കത്തില്‍ ചാഞ്ചാടിയിട്ടു നേട്ടത്തിലായി. ഡൗ ജോണ്‍സ് 355 പോയിന്റും (0.69 ശതമാനം) എസ്ആന്‍ഡ്പി 27 പോയിന്റും (0.36%) നാസ്ഡാക് 42 പോയിന്റും (0.16%) ഉയര്‍ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ വെള്ളിയാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാരസമയത്ത് 1.78 ശതമാനം ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.24% കയറി 25.20 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 4.18% കുതിച്ചിട്ടു തുടര്‍ വ്യാപാരത്തില്‍ 0.79% താഴ്ന്നു 33.62 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 2.34% ഇടിഞ്ഞ ശേഷം തുടര്‍ വ്യാപാരത്തില്‍ 1.60% കയറി 12.70 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തും തുടര്‍ന്നും മാറ്റമില്ലാതെ 2.16 ഡോളറില്‍ അവസാനിച്ചു.
വിദേശനിക്ഷേപസ്ഥാപനങ്ങള്‍ വലിയ നിക്ഷേപം പുനരാരംഭിച്ചതിന്റെ ആവേശക്കുതിപ്പിലായിരുന്നു വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി. വ്യാഴാഴ്ച 14,974.68 കോടി രൂപ നിക്ഷേപിച്ച വിദേശികള്‍ വെള്ളിയാഴ്ച 13,749.82 കോടി രൂപ കൂടി വിപണിയില്‍ ഇറക്കി.
അമേരിക്കയിലും കൊറിയയിലും ജപ്പാനിലും തായ്വാനിലും എഐ, സെമികണ്ടക്ടര്‍ ഓഹരികളില്‍ നിന്നു വിറ്റുമാറുന്ന ഫണ്ടുകളാണ് ഇന്ത്യയില്‍ വരുന്നതെന്നു ബ്രോക്കര്‍മാര്‍ കരുതുന്നു. ഒരാഴ്ചകൊണ്ട് 38,971 കോടി രൂപയും ഏഴു ദിവസം കൊണ്ട് 49,500 കോടി രൂപയുമാണ് വിദേശികള്‍ ഇവിടെ ഓഹരികളില്‍ നിക്ഷേപിച്ചത്. അതോടെ സെന്‍സെക്സ് ഏഴുദിവസം കൊണ്ട് 7782 പോയിന്റ് കയറി.
കഴിഞ്ഞ ആഴ്ച നിഫ്റ്റി 1977.25 പോയിന്റും (8.57 ശതമാനം) സെന്‍സെക്സ് 6568.49 പോയിന്റും (8.82%) കുതിച്ചു. സെന്‍സെക്സ് 81,000 ഉം നിഫ്റ്റി 25,000 ഉം കടന്നു. ഈ മുന്നേറ്റം കഴിഞ്ഞ ദീപാവലിക്കു ശേഷം മുഖ്യ സൂചികകള്‍ക്ക് ഉണ്ടായ വലിയ നഷ്ടം ഗണ്യമായി കുറയ്ക്കാന്‍ സഹായിച്ചു. വെള്ളിയാഴ്ച വിപണി അവസാനിച്ചപ്പോള്‍ വാര്‍ഷിക നഷ്ടം സെന്‍സെക്സിന് നാലും നിഫ്റ്റിക്ക് 3.4 ഉം ശതമാനമാണ്. രണ്ടാഴ്ച മുന്‍പ് സൂചികകള്‍ പത്തു ശതമാനം താഴ്ചയിലായിരുന്നു.
കഴിഞ്ഞയാഴ്ച മിഡ് ക്യാപ് 100 സൂചിക 5.7 ഉം സ്മോള്‍ ക്ലാസ് 100 സൂചിക 2.6 ഉം ശതമാനം ഉയര്‍ന്നു. ബിഎസ്ഇയുടെ വിപണിമൂല്യം 503 ലക്ഷം കോടി (ട്രില്യണ്‍) രൂപ (5.34 ട്രില്യണ്‍ ഡോളര്‍) ആയി. എന്‍എസ്ഇയുടെ വിപണിമൂല്യം 499.18 ട്രില്യണ്‍ രൂപ (5.30 ട്രില്യണ്‍ ഡോളര്‍) ആണ്. മീഡിയയും പ്രതിരോധവും ഒഴികെ എല്ലാ മേഖലകളും ഇന്നലെയും മുന്നേറി. ബാങ്ക്, ധനകാര്യ, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയവ കുതിച്ചു കയറി.
വിശാലവിപണിയില്‍ ഇന്നലെ ഭൂരിപക്ഷം ഓഹരികള്‍ താഴുകയാണു ചെയ്തത്. ബിഎസ്ഇയില്‍ 1775 ഓഹരികള്‍ ഉയര്‍ന്നു, 2627 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 1438 ഓഹരികള്‍ കയറിയപ്പോള്‍ 2141 എണ്ണം ഇടിഞ്ഞു.
വെള്ളിയാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 13,749.82 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5968.70 കോടി രൂപയുടെ അറ്റവില്പന നടത്തി.
വെള്ളിയാഴ്ച സെന്‍സെക്സ് 1718.01 പോയിന്റ് (2.17%) ഉയര്‍ന്ന് 81,028.02 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 493.75 പോയിന്റ് (2.01%) കയറി 25,030.35 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1312.35 പോയിന്റ് (2.27%) കുതിപ്പോടെ 59,086.00 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 14.25 പോയിന്റ് (0.02%) കുറഞ്ഞ് 60,606.65 ല്‍ അവസാനിച്ചു. സ്മോള്‍ ക്യാപ് 100 സൂചിക 157.40 പോയിന്റ് (0.82%) താഴ്ന് 18,975.05 ല്‍ ക്ലോസ് ചെയ്തു.
ഒന്‍പതു വര്‍ഷത്തിനു ശേഷം മുഹൂര്‍ത്ത വ്യാപാരത്തില്‍ മുഖ്യ സൂചികകള്‍ താഴ്ന്നു. വലിയ ചാഞ്ചാട്ടമില്ലാതെ ചെറിയ വ്യാപ്തത്തിലാണ് ഇന്നലെ വ്യാപാരം നടന്നത്. വിക്രമ സംവത്സരം 2082 ചെറിയ നഷ്ടത്തില്‍ അവസാനിച്ചതിന്റെ തുടര്‍ച്ചയായി മുഹൂര്‍ത്തത്തിലെ നേരിയ ഇടിവ്. സെന്‍സെക്സ് 81,000നും നിഫ്റ്റി 25,000 നും താഴെയാണ് അവസാനിച്ചത്. മിഡ് ക്യാപ് സൂചിക നാമമാത്രമായും സ്മോള്‍ ക്യാപ് സൂചിക ഒരു ശതമാനവും ഉയര്‍ന്നു. മുഖ്യസൂചികകള്‍ താഴ്ന്നെങ്കിലും വിശാം വിപണിയില്‍ ബഹുഭൂരിപക്ഷം ഓഹരികള്‍ ഉയര്‍ന്നു. ബിഎസ്ഇയില്‍ 3262 ഓഹരികള്‍ കയറിയപ്പോള്‍ 955 എണ്ണമാണു താഴ്ന്നത്. എന്‍എസ്ഇയില്‍ 2707 എണ്ണം ഉയര്‍ന്നു, 730 എണ്ണം താഴ്ന്നു.
മുഹൂര്‍ത്തവ്യാപാരം കഴിഞ്ഞപ്പോള്‍ ബിഎസ്ഇയുടെ വിപണിമൂല്യം 505.72 ലക്ഷം കോടി (ട്രില്യണ്‍) രൂപ (5.37 ട്രില്യണ്‍ ഡോളര്‍) ആയി. എന്‍എസ്ഇയുടെ വിപണിമൂല്യം 501.28 ട്രില്യണ്‍ രൂപയില്‍ (5.32 ട്രില്യണ്‍ ഡോളര്‍) എത്തി.
സെന്‍സെക്സ് 28.62 പോയിന്റ് (0.04%) കുറഞ്ഞ് 80,999.40ലും നിഫ്റ്റി 43.95 പോയിന്റ് (0.18%) താഴ്ന്ന് 24,986.40ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 235.35 പോയിന്റ് (0.40%) നഷ്ടത്തോടെ 58,850.65ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 81.50 പോയിന്റ് (0.13%) കയറി 60,688.15ലും സ്മോള്‍ ക്യാപ് 100 സൂചിക 191.35 പോയിന്റ് (1.01%) ഉയര്‍ന്ന് 19,166.40ലും ക്ലോസ് ചെയ്തു.
ഓഹരിവിപണിയുടെ ദൗര്‍ബല്യവും തൊഴില്‍ സംഖ്യയിലെ അപ്രതീക്ഷിത വര്‍ധനയും വെള്ളിയാഴ്ച സ്വര്‍ണത്തെ വീണ്ടും താഴ്ചയിലാക്കി. എന്നാല്‍ ഇറാനുമായി ഇനി യുദ്ധം വേണ്ടി വരില്ലെന്ന സൂചന ട്രംപ് നല്കിയതും ക്രൂഡ് ഓയില്‍ വില വീണ്ടും താഴ്ന്നു തുടങ്ങിയതും സ്വര്‍ണവിലയെ ഇന്നു രാവിലെ ഗണ്യമായി ഉയര്‍ത്തി.
വെള്ളിയാഴ്ച 17.10 ഡോളര്‍ (0.42%) താഴ്ന്ന് ഔണ്‍സിന് 4072.10 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1.25 ശതമാനം കുതിച്ച് 4125.90 ഡോളര്‍ വരെ എത്തി.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് വെള്ളിയാഴ്ച 1880 രൂപ കുറഞ്ഞു. പിറ്റേന്ന് 80 രൂപ കൂടി 1,05,280 രൂപയില്‍ നില്ക്കുന്നു.
വെള്ളിവില വെള്ളിയാഴ്ച നാമമാത്രമായി കൂടി ഔണ്‍സിന് 52.07 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ രണ്ടര ശതമാനം കുതിച്ച് 53.46 ഡോളര്‍ വരെ കയറി.
പ്ലാറ്റിനം 1553 ഡോളര്‍, പല്ലാഡിയം 1021 ഡോളര്‍, റോഡിയം 8650 ഡോളര്‍ എന്നിങ്ങനെ നില്ക്കുന്നു.
റബര്‍ വില വിദേശത്തു കയറി. കേരളത്തില്‍ താഴ്ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 280.70 ഡോളറും ആര്‍എസ്എസ് മൂന്ന് 277.30 ഡോളറും ആയി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 29,600 രൂപ ആയി കുറഞ്ഞു.
വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങള്‍ ഇടിവിലായി. ചെമ്പ് 1.10 ശതമാനം താഴ്ന്നു ടണ്ണിന് 13,955.00 ഡോളര്‍ ആയി. അലൂമിനിയം 1.18 ശതമാനം ഇടിഞ്ഞ് 3049.30 ഡോളറില്‍ എത്തി. സിങ്ക് 3.04 ഉം ടിന് 3.69 ഉം ശതമാനം താഴ്ചയിലായി. ലെഡും നിക്കലും നാമമാത്രമായി കുറഞ്ഞു. ഇന്നു രാവിലെ പല ലോഹങ്ങളും കയറ്റത്തിലാണ്.
കൊക്കോ വില 0.50 ശതമാനം താഴ്ന്നു ടണ്ണിന് 5155 ഡോളറില്‍ ക്ലോസ് ചെയ്തു.
അറബിക്ക കാപ്പി പൗണ്ടിന് 1.03 ശതമാനം കയറി 2.80 ഡോളറില്‍ എത്തി.
പാം ഓയില്‍ 2.72 ശതമാനം താഴ്ന്നു ടണ്ണിന് 4258 മലേഷ്യന്‍ റിംഗിറ്റ് ആയി.
യുഎസ് ഡോളര്‍ സൂചിക വെള്ളിയാഴ്ച കുതിച്ച് 102.30 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.21 വരെ താഴ്ന്നു.
യൂറോ താഴ്ന്ന് 1.1156 ഡോളറിലും പൗണ്ട് 1.337 ഡോളറിലും എത്തി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 158.17 യെന്‍ ആയി താഴ്ന്നു.
ചൈനീസ് യുവാന്‍ ഡോളറിന് 6.68 യുവാനിലേക്കു കയറി.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.872 ശതമാനമായി ഉയര്‍ന്നു.
രൂപ വെള്ളിയാഴ്ച മികച്ച നേട്ടം ഉണ്ടാക്കി. ഡോളര്‍ 56 പൈസ ഇടിഞ്ഞു 93.91 രൂപയില്‍ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ 93.96 രൂപയിലാണ്.
ചൈനീസ് യുവാന്‍ 14.09 രൂപയായി താണു. യൂറോ ഇടിഞ്ഞ് 104.62 രൂപയില്‍ എത്തി.
ഇറാന് സംഘര്ഷഗതി മാറ്റുന്ന ഒന്നും അറിവാകാത്തതിനെ തുടര്‍ന്നു വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ വീണ്ടും കയറി. ബ്രെന്റ് ഇനം നാമമാത്രമായി ഉയര്‍ന്ന് 98.32 ഡോളറില്‍ എത്തി. യുദ്ധസാധ്യത കുറവാണെന്നു ട്രംപ് പറഞ്ഞതിനെ തുടര്‍ന്ന് ഇന്നു രാവിലെ 1.25 ശതമാനം താഴ്ന്നു 97.25 ഡോളര്‍ ആയി. ഡബ്ള്യുടിഐ ഇനം 90.41 ഡോളറിലാണ്.
ക്രിപ്റ്റോ കറന്‍സികള്‍ വീണ്ടും ഇടിഞ്ഞു. ബിറ്റ്കോയിന് 75,000 ഡോളറിനു താഴെ എത്തി. ഈഥര്‍ 2135 ഡോളറിനും സൊലാന 87.50 ഡോളറിനും താഴെയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine