Market Updates Image courtesy: Canva
Markets

സമാധാന പ്രതീക്ഷയില്‍ കുതിപ്പിന് വിപണി, ചില്ലറ വിലക്കയറ്റം നാളെ, ഡിസംബറില്‍ പലിശ കൂട്ടുമെന്നു നിഗമനം; ക്രൂഡ് ഓയില്‍ താഴുന്നു

ഒക്ടോബറിലെ ചില്ലറ വിലക്കയറ്റ (സിപിഐ) കണക്ക് നാളെ വിപണിസമയത്തിനു ശേഷം പുറത്തുവിടും

Lijo MG

അമേരിക്കയില്‍ പലിശ കൂട്ടും എന്ന ഭീഷണി ഉണ്ടെങ്കിലും പശ്ചിമേഷ്യയിലും യുക്രെയ്‌നിലും സമാധാന പ്രതീക്ഷ ഉയര്‍ന്നത് ഇന്ന് ഇന്ത്യന്‍ വിപണിയെ മുന്നേറ്റത്തിലേക്കു നയിക്കും. ക്രൂഡ് ഓയില്‍ വില താഴുന്നതു രൂപയ്ക്കും കരുത്താകും. ക്രൂഡ് 91 ഡോളറിനടുത്തായി. സ്വര്‍ണവില 2.6 ശതമാനം ഇടിഞ്ഞിട്ട് ഇന്നു രാവിലെ 0.35 ശതമാനം ഉയര്‍ന്നു.

എഐ മേഖലയിലെ ആശങ്കകള്‍ മറികടന്ന യുഎസ് വിപണി എന്‍വിഡിയ വിഷയത്തെയും സാരമല്ല എന്നു കണക്കാക്കിയാണു നീങ്ങുന്നത്. യുഎസ് വിപണി ഇന്നലെ അല്പം താഴ്‌ന്നെങ്കിലും ഫ്യൂച്ചേഴ്‌സ് ഇന്നു നല്ല മുന്നേറ്റത്തിലാണ്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,135.00ലും ചൊവ്വാഴ്ച രാത്രി 25,325ലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,350 വരെ കയറി. ഇന്ത്യന്‍ വിപണി ഇന്നു വലിയ കുതിപ്പോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

ചില്ലറവിലക്കയറ്റം കൂടും

ഒക്ടോബറിലെ ചില്ലറ വിലക്കയറ്റ (സിപിഐ) കണക്ക് നാളെ വിപണിസമയത്തിനു ശേഷം പുറത്തുവിടും. സിപിഐ ആറു ശതമാനമോ അതില്‍ കൂടുതലോ ആകും എന്നാണു വിവിധ ഏജന്‍സികളും ബാങ്കുകളും കണക്കാക്കുന്നത്. ഓഗസ്റ്റില്‍ 4.83 ഉം സെപ്റ്റംബറില്‍ 5.54ഉം ശതമാനമായിരുന്നു. ഭക്ഷ്യവിലയുടെ കയറ്റമാണു പ്രധാന വിഷയം.

സെപ്റ്റംബറില്‍ 7.74% ആയിരുന്നു ഭക്ഷ്യവിലക്കയറ്റം. റിസര്‍വ് ബാങ്കിനു നല്‍കിയിരിക്കുന്ന നിര്‍ദേശം വിലക്കയറ്റം നാലു ശതമാനത്തില്‍ ഒതുക്കണം എന്നാണ്. ഉയര്‍ന്നസഹന പരിധി ആറു ശതമാനമാണ്. ഡിസംബര്‍ ആദ്യം ചേരുന്ന റിസര്‍വ് ബാങ്ക് പണനയ കമ്മിറ്റി (എംപിസി) റീപോ നിരക്കു വര്‍ധിപ്പിക്കാന്‍ തീരുമാനിക്കും എന്നാണു വിദഗ്ധരുടെ നിഗമനം.

അമേരിക്കയില്‍ പലിശ കൂട്ടും

അമേരിക്കയിലെ ചില്ലറവിലക്കയറ്റം ഒക്ടോബറില്‍ 0.4 ശതമാനം പ്രതിമാസ വര്‍ധന കാണിച്ചു. ഭക്ഷ്യ ഇന്ധന വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വര്‍ധന 0.3% ആയി. രണ്ടും നിരീക്ഷകരുടെ നിഗമനത്തേക്കാള്‍ കൂടുതലായി. ഡിസംബറില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടാന്‍ തീരുമാനിക്കും എന്നാണ് ഇപ്പോള്‍ വിപണി കണക്കാക്കുന്നത്.

ഡിസംബറില്‍ പലിശ കൂട്ടല്‍ സാധ്യത 84% ആയി എന്നു സിഎംഇ ഫെഡ് വാച്ച് കാണിക്കുന്നു. ഡിസംബറില്‍ 0.50 ശതമാനം നിരക്കു വര്‍ധന വേണ്ടി വരാം എന്ന് ഫെഡ് ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വോളര്‍ ഇന്നലെ പറഞ്ഞത് യുഎസ് വിപണിയെ താഴ്ത്തിയിരുന്നു. ഡാളസ് ഫെഡ് പ്രസിഡന്റും ഫെഡ് കമ്മിറ്റി അംഗവുമായ ലോറി ലോഗാനും നിരക്കു കൂട്ടുണ്ടതുണ്ട് എന്ന് ഇന്നലെ പറഞ്ഞു.

അമേരിക്ക പലിശ കൂടുതല്‍ വേഗം വര്‍ധിപ്പിച്ചാല്‍ ഡോളര്‍ ഉയരുകയും സ്വര്‍ണവും ഓഹരികളും ഇടിയുകയും ചെയ്യും. യുഎസ് കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഉയരുകയും അവയിലേക്കു കൂടുതല്‍ പണം ഒഴുകുകയും ചെയ്യും. വികസ്വര വിപണികളില്‍ നിന്നു മൂലധനം അമേരിക്കയിലേക്കു നീങ്ങും.

യുഎസ് വിപണി കയറി, ഇറങ്ങി

ടെക്‌നോളജി, എഐ മേഖലകളെ പറ്റിയുള്ള ആശങ്ക അകന്നതു തിങ്കളാഴ്ച അമേരിക്കന്‍ വിപണികളെ കുതിപ്പിലാക്കി. ചാരക്കേസിനെ തുടര്‍ന്ന് എന്‍വിഡിയ അഞ്ചു ശതമാനം ഇടിഞ്ഞെങ്കിലും മുഖ്യസൂചികകള്‍ വലിയ നേട്ടത്തിലായി. ഡൗ ജോണ്‍സ് 2.15 ഉം എസ് ആന്‍ഡ് പി 2.35 ഉം നാസ്ഡാക് 2.74 ഉം ശതമാനം മുന്നേറി.

ചൊവ്വാഴ്ച വീണ്ടും എന്‍വിഡിയ അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു. ഒപ്പം ഒക്ടോബറിലെ ചില്ലറവിലക്കയറ്റ കുതിപ്പിനെ തുടര്‍ന്നു പലിശപ്പേടിയും വിപണിയെ ഗ്രസിച്ചു.

എന്‍വിഡിയ ഓഹരി ഇന്നലെ 166 ഡോളറിനു താഴെ വന്നപ്പോള്‍ കമ്പനിയുടെ വിപണിമൂല്യം നാലു ട്രില്യണ്‍ (ലക്ഷം കോടി) ഡോളറിനു താഴെയായി. പിന്നീട് ഓഹരി 170 ഡോളറിനു മുകളില്‍ എത്തി.

ചൊവ്വാഴ്ച ഡൗ ജോണ്‍സ് സൂചിക 157.86 പോയിന്റ് (0.30 ശതമാനം) താഴ്ന്ന് 52,231.89ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 29.01 പോയിന്റ് (0.38%) നഷ്ടത്തോടെ 7520.93 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 187.26 പോയിന്റ് (0.74%) ഇടിഞ്ഞ് 25,065.87 ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് ഉയരുന്നു

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേട്ടത്തിലായി. ഡൗ ജോണ്‍സ് 109 പോയിന്റും (0.21 ശതമാനം) എസ് ആന്‍ഡ് പി 34 പോയിന്റും (0.45%) നാസ്ഡാക് 277 പോയിന്റും (1.00%) ഉയര്‍ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ചൊവ്വാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാരസമയത്ത് 0.66 ശതമാനം ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.77% കൂടി കയറി 26.18 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.25% കുതിച്ചിട്ടു തുടര്‍ വ്യാപാരത്തില്‍ 0.18% ഉയര്‍ന്നു 34.94 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 1.61% ഉയര്‍ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 0.16% താഴ്ന്ന് 12.57 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.40 ശതമാനം കയറി തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 2.17 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് കയറി

തിങ്കളാഴ്ച നല്ല മുന്നേറ്റം കാഴ്ചവച്ച യൂറോപ്യന്‍ ഓഹരി സൂചികകള്‍ ചൊവ്വാഴ്ച ചെറിയ നേട്ടത്തിലായി. ലണ്ടനില്‍ എഫ്ടിഎസ്ഇ സൂചിക താഴുകയും ചെയ്തു. യുഎസ് വിലക്കയറ്റം കൂടിയതു യൂറോപ്യന്‍ ഓഹരികളെ തുടക്കത്തിലെ ഉയര്‍ന്ന നിലയില്‍ നിന്നു താഴ്ത്തി.

ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍

ഏഷ്യന്‍ വിപണികള്‍ ഇന്നു മുന്നേറ്റത്തിലാണ്. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക 0.70 ശതമാനം ഉയര്‍ന്നു. സെമികണ്ടക്ടര്‍ കമ്പനികളായ എസ്‌കെ ഹൈനിക്‌സും സാംസംഗും രണ്ടു ശതമാനത്തോളം കയറി. ജപ്പാനിലെ നിക്കൈ സൂചിക 1.2 ശതമാനം ഉയര്‍ന്നു. ചിപ്പ് കമ്പനികളില്‍ വലിയ നിക്ഷേപമുള്ള സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് രണ്ടാം പാദത്തില്‍ നഷ്ടത്തിലായി. ഓഹരി 10 ശതമാനത്തിലധികം ഇടിഞ്ഞിട്ടു നഷ്ടം കുറച്ചു. ഓസ്‌ട്രേലിയന്‍ സൂചിക നാമമാത്ര നഷ്ടത്തിലാണ്. തായ്വാന്‍ സൂചിക 1.2 ശതമാനം കയറി. ഷാങ്ഹായ് സൂചിക നാമമാത്ര നേട്ടത്തിലാണ്. ഹോങ്കോങ്ങിലെ ഹാങ് സെങ് ഒരു ശതമാനം താഴ്ന്നു.

നേട്ടം തുടര്‍ന്ന് ഇന്ത്യ

മുഹൂര്‍ത്ത വ്യാപാരത്തിലെ താഴ്ചയുടെ തുടര്‍ച്ചയായി തിങ്കളാഴ്ച ഭൂരിഭാഗം സമയവും ഇന്ത്യന്‍ വിപണി നഷ്ടത്തിലായിരുന്നു. എങ്കിലും അവസാന മണിക്കൂറില്‍ നേട്ടത്തിലായി. ക്ലോസിംഗ് ലേലത്തില്‍ ഗണ്യമായി മുന്നേറുകയും ചെയ്തു.

ബിഎസ്ഇയുടെ വിപണിമൂല്യം 506.42 ലക്ഷം കോടി (ട്രില്യണ്‍) രൂപ (5.4 ട്രില്യണ്‍ ഡോളര്‍) ആയി. എന്‍എസ്ഇയുടെ വിപണിമൂല്യം 502.21 ട്രില്യണ്‍ രൂപ (5.35 ട്രില്യണ്‍ ഡോളര്‍) ആണ്.

ബാങ്ക്, ധനകാര്യ, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, റിയല്‍റ്റി തുടങ്ങിയവ കുതിച്ചു കയറി. ഐടി, മെറ്റല്‍, എഫ്എംസിജി തുടങ്ങിയവ താഴ്ന്നു.

വിശാലവിപണിയില്‍ തിങ്കളാഴ്ചയും ഭൂരിപക്ഷം ഓഹരികള്‍ താഴുകയാണു ചെയ്തത്. ബിഎസ്ഇയില്‍ 1922 ഓഹരികള്‍ ഉയര്‍ന്നു, 2513 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 1619 ഓഹരികള്‍ കയറിയപ്പോള്‍ 1947 എണ്ണം ഇടിഞ്ഞു.

വെള്ളിയാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 13,749.82 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5968.70 കോടി രൂപയുടെ അറ്റവില്‍പന നടത്തി.

തിങ്കളാഴ്ച സെന്‍സെക്സ് 107.25 പോയിന്റ് (0.13%) ഉയര്‍ന്ന് 81,106.65 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 58.25 പോയിന്റ് (0.23%) കയറി 25,044.65 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 890.60 പോയിന്റ് (1.51%) കുതിപ്പോടെ 59,741.25 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 334.40 പോയിന്റ് (0.55%) മുന്നേറി 61,022.55 ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 18.65 പോയിന്റ് (0.10%) കയറി 19,185.05 ല്‍ ക്ലോസ് ചെയ്തു.

കമ്പനികള്‍, വാര്‍ത്തകള്‍

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനു രണ്ടാം പാദത്തില്‍ 12 ശതമാനം വരുമാന വര്‍ധന ഉണ്ടായെങ്കിലും അറ്റാദായം 50 ശതമാനം കുറഞ്ഞു. എംആര്‍എഫിനു രണ്ടാം പാദത്തില്‍ വരുമാന വര്‍ധന 17.4 ശതമാനം ഉണ്ടെങ്കിലും അറ്റാദായം 13 ശതമാനം കുറഞ്ഞു.

കല്യാണ്‍ ജ്വല്ലേഴ്സിനു രണ്ടാം പാദ വരുമാനം 31.4 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 63 6 ശതമാനം കുതിച്ചു. വഡോദര-മുംബൈ എക്സ്പ്രസ് വേയില്‍ 866 കോടി രൂപയുടെ കരാര്‍ അശോക ബില്‍ഡ് കോണിനു ലഭിച്ചു.

ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഓലെക്ട്ര ഗ്രീന്‍ടെക് രണ്ടാം പാദ വരുമാനം 4.6 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ അറ്റാദായം 6.8 ശതമാനം ഉയര്‍ന്നു. വേള്‍പൂളിനു രണ്ടാം പാദ വരുമാന 13.7% കൂടിയപ്പോള്‍ അറ്റാദായം 39% ഇടിഞ്ഞു.

സ്വര്‍ണം ഇടിഞ്ഞു

ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതും യുദ്ധസാധ്യത കുറഞ്ഞതും തിങ്കളാഴ്ച സ്വര്‍ണത്തെ ഉയര്‍ത്തി. എന്നാല്‍ ചൊവ്വാഴ്ച യുഎസ് വിലക്കയറ്റത്തിലെ വര്‍ധനയും കൂടുതല്‍ വേഗം പലിശ കൂട്ടുമെന്ന ഭീതിയും സ്വര്‍ണത്തെ ഇടിവിലാക്കി. തിങ്കളാഴ്ച 1.70 ശതമാനം ഉയര്‍ന്ന സ്വര്‍ണവില ചൊവ്വാഴ്ച 2.60 ശതമാനം ഇടിഞ്ഞു.

തിങ്കളാഴ്ച 69.30 ഡോളര്‍ (1.70%) ഉയര്‍ന്ന് ഔണ്‍സിന് 4141.40 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നലെ 107.60 ഡോളര്‍ (2.60%) ഇടിഞ്ഞു 4033.80 ഡോളറില്‍ എത്തി. ഇന്നു രാവിലെ ഉയര്‍ന്നു 4052 ഡോളറില്‍ എത്തി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ചൊവ്വാഴ്ച 1400 രൂപ കുറഞ്ഞ് 1,04,640 രൂപയില്‍ നില്‍ക്കുന്നു.

വെള്ളിവില ചൊവ്വാഴ്ച 3.55 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 51.67 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 52.57 ഡോളര്‍ ആയി.

പ്ലാറ്റിനം 1538 ഡോളര്‍, പല്ലാഡിയം 1010 ഡോളര്‍, റോഡിയം 8850 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

കൊക്കോ: സ്റ്റോക്ക് കൂടി, ഉല്‍പാദനം കുറയും

കൊക്കോ വില 5.60 ശതമാനം ഇടിഞ്ഞു ടണ്ണിന് 4724 ഡോളറില്‍ ക്ലോസ് ചെയ്തു. ഒരു മാസം കൊണ്ട് 16.77 ശതമാനം താഴ്ച ഉണ്ടായി. ഐസ് എക്‌സ്‌ചേഞ്ചിലെ സ്റ്റോക്ക് രണ്ടര വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയായ 37.52 ലക്ഷം ചാക്ക് ആയി. എന്നാല്‍ 2026-27 സീസണില്‍ ഐവറി കോസ്റ്റിലെ ഇടക്കാല വിളവ് പകുതിയായി കുറഞ്ഞ് 3.5 ലക്ഷം ടണ്‍ ആകുമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഘാനയിലും വിളവ് കുറവാണ്.

അറബിക്ക കാപ്പി പൗണ്ടിന് 0.51 ശതമാനം താഴ്ന്നു 2.72 ഡോളറില്‍ എത്തി. പാം ഓയില്‍ 0.05 ശതമാനം താഴ്ന്നു ടണ്ണിന് 4256 മലേഷ്യന്‍ റിംഗിറ്റ് ആയി.

ഡോളര്‍ സൂചിക ഉയരുന്നു

യുഎസ് ഡോളര്‍ സൂചിക തിങ്കളാഴ്ച ഉയര്‍ന്നു 102.23 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.30 വരെ കയറി.

യൂറോ 1.1164 ഡോളറിലും പൗണ്ട് 1.3345 ഡോളറിലും എത്തി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 158.86 യെന്‍ ആയി താഴ്ന്നു.

ചൈനീസ് യുവാന്‍ ഡോളറിന് 6.67 യുവാനിലേക്കു കയറി.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.85 ല്‍ നിന്ന് 5.01 ശതമാനമായി കുതിച്ചു. പലിശ കൂട്ടും എന്ന സൂചനയാണു കാരണം.

രൂപ കുതിച്ചു

ക്രൂഡ് ഓയില്‍ വില 90 ഡോളറിന് അടുത്തേക്കു താഴ്ന്നതു രൂപയ്ക്കു കരുത്തായി. മറ്റ് ഏഷ്യന്‍ കറന്‍സികളെ പിന്തള്ളിയ മുന്നേറ്റമാണ് നവംബറില്‍ രൂപയ്ക്ക് ഉണ്ടായത്. എങ്കിലും തിങ്കളാഴ്ച നാമമാത്ര നഷ്ടം നേരിട്ടു. ഡോളര്‍ രണ്ടു പൈസ കൂടി 93.93 രൂപയില്‍ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ 93.64-93.82 രൂപ മേഖലയില്‍ ചാഞ്ചാടിയിട്ടു 93.73 ല്‍ നില്‍ക്കുന്നു. ഇന്നു രൂപയുടെ വിനിമയ നിരക്ക് ഉയരും എന്നാണു സൂചന.

ചൈനീസ് യുവാന്‍ 14.08 രൂപയായി താണു. യൂറോ ഉയര്‍ന്ന് 104.88 രൂപയില്‍ എത്തി.

ക്രൂഡ് ഓയില്‍ താഴുന്നു

ഇറാന്‍ സമാധാന നീക്കം മുന്നോട്ടു പോകുന്നതും യുക്രെയ്ന്‍-റഷ്യ സന്ധിചര്‍ച്ച തുടരുന്നതും ക്രൂഡ് ഓയില്‍ വിലയെ വീണ്ടും താഴ്ത്തി. തിങ്കളാഴ്ച ഇടിഞ്ഞ ബ്രെന്റ് ഇനം ക്രൂഡ് ചൊവ്വാഴ്ച 1.2 ശതമാനം താഴ്ന്ന് 91.49 ഡോളറില്‍ എത്തി. ഇന്നു രാവിലെ 91.90 ഡോളര്‍ ആയി ഉയര്‍ന്നു. ഡബ്‌ള്യുടിഐ ഇനം 86.26 ഡോളറിലാണ്.

ക്രിപ്‌റ്റോകള്‍ താഴോട്ട്

ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും ഇടിഞ്ഞു. യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷം വന്നതുമൂലം ക്രിപ്‌റ്റോ വിപണിക്കു നിയന്ത്രണങ്ങള്‍ വരുമെന്നാണു ഭീതി. ബിറ്റ്‌കോയിന്‍ 73,400 ഡോളറിനു താഴെ എത്തി. ഈഥര്‍ 2050 ഡോളറിനും സൊലാന 83 ഡോളറിനും താഴെയാണ്.

stock-market-outlook-november-11-2026-inflation-interest-rate-hike-crude-oil-gold-prices

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT