പാശ്ചാത്യ വിപണികള്‍ നിര്‍മിതബുദ്ധി (എഐ) വിഷയത്തില്‍ ആശങ്ക തുടര്‍ന്നു, സൂചികകള്‍ ഇടിഞ്ഞു. എന്നാല്‍ ഏഷ്യന്‍ വിപണികള്‍ രാവിലെ ഉയര്‍ന്നു നീങ്ങി. ഇന്ത്യന്‍ വിപണിയും കയറ്റത്തിനുള്ള തയാറെടുപ്പിലാണ്.
ഇന്നുരാത്രി വരുന്ന എന്‍വിഡിയ കമ്പനിയുടെ റിസല്‍ട്ടിനെ ആശ്രയിച്ചാകും നിര്‍മിതബുദ്ധി മേഖലയുടെ തുടര്‍പ്രകടനം. യുഎസില്‍ ഭരണസ്തംഭനം മാറിയതിനെ തുടര്‍ന്നു സാമ്പത്തിക സൂചകങ്ങള്‍ വീണ്ടും ലഭിച്ചു തുടങ്ങി. കഴിഞ്ഞ മാസത്തെ തൊഴില്‍ കണക്ക് ഈയാഴ്ച പുറത്തുവരുന്നതു നിര്‍ണായകമായിരിക്കും.
യുഎസ് ഫെഡ് ഡിസംബര്‍ രണ്ടാം വാരത്തിലെ എഫ്ഒഎംസി യോഗത്തില്‍ പലിശ കുറയ്ക്കുമോ എന്നതാണു വിപണിഗതിയെ സ്വാധീനിക്കുന്ന മറ്റൊരു വിഷയം. തൊഴില്‍ കണക്ക് ഈ തീരുമാനത്തിനു പ്രധാനമായി പരിഗണിക്കും.
ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഡിസംബര്‍ ആദ്യവാരം പണനയം അവലോകനം ചെയ്യും. വിലക്കയറ്റം തീരെ കുറഞ്ഞും വളര്‍ച്ചനിരക്ക് ഉയര്‍ന്നും നില്‍ക്കുന്നതു തീരുമാനത്തെപ്പറ്റി അനിശ്ചിതത്വം ജനിപ്പിക്കുന്നു. രണ്ടാം പാദ ജിഡിപി വളര്‍ച്ച പ്രതീക്ഷയിലും മെച്ചമായി 7.5 ശതമാനത്തിനു മുകളില്‍ എത്തുമെന്നാണു നിഗമനം.
ക്രൂഡ് ഓയില്‍ വില കുറയുകയാണ്. സ്വര്‍ണവും താഴ്ചയിലാണ്. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,951.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,977 ലേക്കു കയറിയിട്ട് 26,925 വരെ താഴ്ന്നു. വീണ്ടും കയറി. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
നിര്‍മിതബുദ്ധി കുമിള പൊട്ടുമോ എന്ന ആശങ്കയില്‍ യൂറോപ്പ് ഇന്നലെയും ഇടിഞ്ഞു. യൂറോപ്യന്‍ സൂചികകള്‍ ഒന്നര ശതമാനത്തിലധികം താഴ്ന്ന് ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി.
യുഎസ് വിപണി ചൊവ്വാഴ്ചയും വലിയ ഇടിവിലായി. നിര്‍മിതബുദ്ധി (എഐ) മേഖലയിലെ ആശങ്കകള്‍ തുടരുകയാണ്. ക്രിപ്‌റ്റോ കറന്‍സികളിലെ കോളിളക്കവും വിപണിയെ വിഷമിപ്പിക്കുന്നു. ഡൗ ജോണ്‍സ് സൂചിക നാലു ദിവസം കൊണ്ട് 2200 പോയിന്റാണ് നഷ്ടപ്പെടുത്തിയത്.
മാഗ്‌നിഫിസന്റ് 7 (എന്‍വിഡിയ, ആമസോണ്‍, മൈക്രോസോഫ്റ്റ്, ടെസ്ല, മെറ്റാ, ആപ്പിള്‍, ആല്‍ഫബെറ്റ്) ഓഹരികള്‍ എല്ലാം നഷ്ടത്തില്‍ അവസാനിച്ചു. പലാന്റിര്‍, ഓറക്കിള്‍, എഎംഡി തുടങ്ങിയവയും ഇടിഞ്ഞു. നിര്‍മിതബുദ്ധി ഓഹരികള്‍ എട്ടുപത്തു ശതമാനം ഇടിയുമെന്നാണു വിശകലന വിദഗ്ധര്‍ പറയുന്നത്.
ഇന്നു വ്യാപാര സമയം കഴിഞ്ഞു വരുന്ന എന്‍വിഡിയ റിസല്‍ട്ടിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കമ്പനിക്കു ലാഭമാര്‍ജിന്‍ ഉയര്‍ത്താന്‍ പറ്റുന്നുണ്ടോ, സമീപഭാവിയിലെ വളര്‍ച്ചയും ലാഭവും എങ്ങനെയാകും എന്നൊക്കെയാണു വിപണി ശ്രദ്ധിക്കുക. എന്തെങ്കിലും പാളിച്ച തോന്നിയാല്‍ വലിയ ഇടിവുണ്ടാകും.
വ്യാഴാഴ്ച രാവിലെ റീട്ടെയില്‍ ഭീമന്‍ വോള്‍മാര്‍ട്ടിന്റെ റിസല്‍ട്ട് വരുന്നതു സമ്പദ്ഘടനയുടെ പ്രകടനത്തിന്റെ സൂചന നല്‍കും. ഒക്ടോബര്‍ 18ന് അവസാനിച്ച ആഴ്ച 2,32,000 പേര്‍ പുതുതായി തൊഴിലില്ലായ്മാ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചു. അതിനു മുന്‍പത്തെ മൂന്നാഴ്ചകളിലെ കണക്കു യുഎസ് ഭരണസ്തംഭനം മൂലം ശേഖരിച്ചിട്ടില്ല. കഴിഞ്ഞ മാസത്തെ തൊഴില്‍ കണക്ക് ഈയാഴ്ച പുറത്തുവിടും.
ചൊവ്വാഴ്ച ഡൗ ജോണ്‍സ് സൂചിക 498.50 പോയിന്റ് (1.07%) ഇടിഞ്ഞ് 46,091.74ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി സൂചിക 55.09 പോയിന്റ് (0.83%) താഴ്ന്ന് 6617.32ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 275.23 പോയിന്റ് (1.21%) നഷ്ടത്തോടെ 22,432.85ല്‍ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ ഫ്യൂച്ചേഴ്‌സ് ചെറിയ നഷ്ടത്തിലാണ്. ഡൗ 0.04 ഉം എസ് ആന്‍ഡ് പി 0.14 ഉം നാസ്ഡാക് 0.27 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
മിക്ക ഏഷ്യന്‍ വിപണികളും താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു നേട്ടത്തിലേക്കു മാറി. അമേരിക്കന്‍ വിപണിയുടെ തകര്‍ച്ചയും ചൈന-ജപ്പാന്‍ സംഘര്‍ഷവും തുടരുന്നത് ആശങ്ക നല്‍കുന്നുണ്ട്. ജപ്പാനില്‍ നിക്കൈ 0.62 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ പാദത്തില്‍ ജിഡിപി ചുരുങ്ങിയ ജപ്പാനില്‍ സാമ്പത്തിക ഉത്തേജക പദ്ധതി പ്രഖ്യാപിക്കുമെന്ന സൂചന ഉണ്ട്. ഹോങ്‌കോങ്, ചൈനീസ് സൂചികകള്‍ കയറ്റത്തിലാണ്.
ആറു ദിവസം തുടര്‍ച്ചയായി ഉയര്‍ന്ന ഇന്ത്യന്‍ വിപണി ഇന്നലെ ഇടിവിലായി. മുഖ്യസൂചികകള്‍ ഉയരുകയും വിശാലവിപണി താഴുകയും ചെയ്യുന്ന കഴിഞ്ഞ ദിവസങ്ങളിലെ പ്രവണത മാറിയപ്പോള്‍ എല്ലാ മേഖലകളും നഷ്ടം കാണിച്ചു. വിദേശ വിപണികളിലെ തകര്‍ച്ച അതേ പടി ഇവിടെ ആവര്‍ത്തിക്കില്ല എന്ന വിശ്വാസമാണ് നിക്ഷേപകരും ബ്രോക്കറേജുകളും പ്രകടിപ്പിക്കുന്നത്.
ചൊവ്വാഴ്ച സെന്‍സെക്‌സ് 277.93 പോയിന്റ് (0.33%) താഴ്ന്ന് 84,673.02ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 103.40 പോയിന്റ് (0.40%) ഇടിഞ്ഞ് 25,910.05ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 63.45 പോയിന്റ് (0.11%) കുറഞ്ഞ് 58,899.25 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 358.50 പോയിന്റ് (0.59%) താഴ്ന്ന് 60,822.00ലും സ്‌മോള്‍ ക്യാപ് 100 സൂചിക 192.85 പോയിന്റ് (1.05%) ഇടിഞ്ഞ് 18,154.75ലും അവസാനിച്ചു.
വിശാലവിപണിയില്‍ കയറ്റ-ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 1401 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2810 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 958 ഓഹരികള്‍ കയറി, 2157 എണ്ണം താഴ്ന്നു.
എന്‍എസ്ഇയില്‍ 88 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ 173 എണ്ണം താഴ്ന്ന വിലയില്‍ എത്തി. എട്ട് ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ ഒന്നു പോലും ലോവര്‍ സര്‍കീട്ടില്‍ എത്തിയില്ല.
ചൊവ്വാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 728.82 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 6156.83 കോടിയുടെ അറ്റവാങ്ങലും നടത്തി.
വിപണിയിലെ ബുള്ളുകള്‍ ആവേശം കൈവിട്ടിട്ടില്ല. നിഫ്റ്റിയുടെ പിന്തുണ നിലവാരം 25,700-25,800 മേഖലയിലേക്ക് താഴ്ന്നതായി സാങ്കേതിക വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആ നിലവാരം കാത്തു സൂക്ഷിച്ചില്ലെങ്കില്‍ 25,500 ആകും പിന്തുണനില. 26,000 നു മുകളിലേക്ക് കരുത്തോടെ കയറിയാല്‍ മാത്രമേ 26,300 ലക്ഷ്യം വച്ച് റെക്കോര്‍ഡ് തിരുത്താന്‍ കഴിയൂ. ഇന്നു നിഫ്റ്റിക്ക് 25,880 ലും 25,840 ലും പിന്തുണ ഉറപ്പാക്കാം. 26,000 ലും 26,045 ലും പ്രതിരോധം നേരിടും.
വണ്ടര്‍ലാ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ചെന്നൈക്കു സമീപം ഓള്‍ഡ് മഹാബലിപുരം റോഡില്‍ ഇല്ലാലൂര്‍ ഗ്രാമത്തില്‍ തീം പാര്‍ക്ക് ഡിസംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും. 64 ഏക്കറില്‍ 611 കോടി രൂപയുടെ മുതല്‍ മുടക്കിലാണു 'വണ്ടര്‍ലാ ചെന്നൈ'. 43 റൈഡുകള്‍ ഉണ്ട്.
പവര്‍ഗ്രിഡ് കോര്‍പറേഷന്റെ ടെന്‍ഡറുകളില്‍ കെഇസി ഇന്റര്‍നാഷണലിനെ ഒന്‍പതു മാസത്തേക്ക് വിലക്കി. നടപടിയെ അപ്പീല്‍ അടക്കം നിയമ നടപടികളിലൂടെ ചോദ്യം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. നിലവിലുള്ള പണികള്‍ക്കു കുഴപ്പമില്ല.
വാരീ എന്‍ജിനിയേഴ്‌സിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതായി കമ്പനി അറിയിച്ചു.
ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ക്ലൗഡ് സംവിധാനമടക്കം ബിസിനസ് ഘടന നവീകരിക്കാനുള്ള അഞ്ചു വര്‍ഷ കരാര്‍ ടിസിഎസിനു ലഭിച്ചു.
ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ ഓഹരി തിരിച്ചു വാങ്ങല്‍ 20-നാരംഭിക്കും. ഒന്നിന് 1800 രൂപ വച്ച് 10 കോടി ഓഹരികള്‍ വാങ്ങും. 11 ഓഹരിക്കു രണ്ട് ഓഹരി വീതമാണു തിരിച്ചു കൊടുക്കാവുന്നത്.
വിമാന എന്‍ജിന്‍ ഘടകങ്ങള്‍ നിര്‍മിക്കുന്നതിന് ആസാദ് എന്‍ജിനിയറിംഗ് കാനഡയിലെ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി കമ്പനിയുമായി കരാര്‍ ഉണ്ടാക്കി.
യുഎസ് ഫെഡ് പലിശ കുറയ്ക്കുമോ ഇല്ലയാേ എന്ന സന്ദേഹത്തില്‍ സ്വര്‍ണവിപണി ചാഞ്ചാടുകയാണ്. ചൊവ്വാഴ്ച 4030-4080 ഡോളര്‍ പരിധിയില്‍ കയറിയിറങ്ങിയ സ്വര്‍ണം ഔണ്‍സിന് 4068.40 ഡോളറില്‍ ക്ലോസ് ചെയ്തു. തലേന്നത്തേക്കാള്‍ 21.90 ഡോളര്‍ കൂടി. ഇന്നുരാവിലെ വില 4079.00 ഡോളര്‍ വരെ കയറിയിട്ട് 4060.70 ഡോളറിലേക്കു താഴ്ന്നു. അവധിവില 4070 ല്‍ നിന്നു. ഇന്നു രാവിലെ 4069 ഡോളര്‍ ആയി.
വെള്ളി സ്‌പോട്ട് വിപണിയില്‍ ഔണ്‍സിന് 50.65ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 50.56 ഡോളറിലേക്കു താഴ്ന്നു. അവധിവില 50.58 ഡാേളറിലാണ്. പ്ലാറ്റിനം 1529 ഡോളര്‍, പല്ലാഡിയം 1375 ഡോളര്‍, റോഡിയം 7750 എന്നിങ്ങനെയാണു വില.
ടിന്‍ ഒഴികെയുള്ള വ്യാവസായിക ലോഹങ്ങള്‍ ഇന്നലെയും കുത്തനേ ഇടിയുന്നതാണു കണ്ടത്. സാമ്പത്തിക വളര്‍ച്ചയെപ്പറ്റി സംശയം തുടരുന്നതാണു കാരണം. ചെമ്പ് ടണ്ണിന് 1.39 ശതമാനം ഇടിഞ്ഞ് 10,649.00 ഡോളര്‍ ആയി. അലൂമിനിയം 0.82 ശതമാനം താഴ്ന്നു ടണ്ണിന് 2788.71 ഡോളറില്‍ എത്തി. നിക്കല്‍, ലെഡ്, സിങ്ക് എന്നിവ താഴ്ന്നു. ടിന്‍ കയറി.
റബര്‍ വില രാജ്യാന്തര വിപണിയില്‍ 0.58 ശതമാനം ഉയര്‍ന്നു കിലോഗ്രാമിന് 173 സെന്റ് ആയി. കൊക്കോ നാമമാത്രമായി ഉയര്‍ന്ന് ടണ്ണിന് 5236.19 ഡോളറില്‍ എത്തി. കാപ്പി വില 0.47 ശതമാനം താഴ്ന്നു. തേയില വില 0.08 ശതമാനം കുറഞ്ഞു. പാമോയില്‍ 1.42 ശതമാനം ഉയര്‍ന്നു.
ഡോളര്‍ സൂചിക ചൊവ്വാഴ്ച ചെറിയ ചാഞ്ചാട്ടത്തിനു ശേഷം അല്‍പം താഴ്ന്ന് 99.55ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.59 ലേക്കു കയറി.
ഡോളര്‍ വിനിമയ നിരക്കു കാര്യമായി മാറിയില്ല. യൂറോ 1.158 ഡോളറിലേക്കും പൗണ്ട് 1.314 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 155.46 യെന്നിലേക്കു താഴ്ന്നു. ചൈനീസ് കറന്‍സി ഒരു ഡോളറിന് 7.11 യുവാനില്‍ തുടര്‍ന്നു. സ്വിസ് ഫ്രാങ്ക് 0.80 ഡോളറിലായി. ഇന്ത്യന്‍ രൂപ നില മെച്ചപ്പെടുത്തി. ഡോളര്‍ രണ്ടു പൈസ കുറഞ്ഞ് 88.61 രൂപ ആയി. യുഎസ് കടപ്പത്ര വിലകള്‍ ഇന്നലെ കയറി. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.115 ശതമാനമായി താഴ്ന്നു.
റഷ്യന്‍ എണ്ണ കമ്പനികള്‍ക്കു പ്രഖ്യാപിച്ച ഉപരോധം ശനിയാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെ ക്രൂഡ് ഓയില്‍ വില അല്‍പം ഉയര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ ഒരു ശതമാനം കയറി 64.89 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 64.54ലും ഡബ്‌ള്യുടിഐ ഇനം 60.40ലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 66.42ലും എത്തി. പ്രകൃതിവാതക വില 4.354 ഡോളര്‍ ആയി.
Read DhanamOnline in English
Subscribe to Dhanam Magazine