Image courtesy: Canva
Markets

പലിശ പ്രതീക്ഷയില്‍ ചാഞ്ചാട്ടം, വിദേശികളുടെ വില്പന വിപണിക്കു തിരിച്ചടി, ക്രൂഡ് ഓയില്‍ 100 ഡോളറിനു താഴെ; ടാറ്റാ ഗ്രൂപ്പില്‍ പ്രശ്‌നം രൂക്ഷം

ക്രൂഡ് ഓയില്‍ വില 100 ഡോളറിനു താഴെയായി. ബ്രെന്റ് ഇനം 4.56 ഡോളര്‍ ഇടിഞ്ഞ് 98.03 ഡോളറില്‍ ക്ലോസ് ചെയ്തു.

T C Mathew

പലിശ വര്‍ധന സംബന്ധിച്ച നിഗമനങ്ങള്‍ ഇന്നലെ മാറി മറിഞ്ഞു. ഒടുവിലത്തെ വിലയിരുത്തല്‍ ഈ മാസം യുഎസ് പലിശ കൂട്ടും എന്നാണ്. ഇതു ഡോളര്‍ സൂചികയെ കയറ്റി. എന്നാല്‍ ഏഷ്യന്‍ വിപണികളും യുഎസ് ഫ്യൂച്ചേഴ്സും ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു 100 ഡോളറിനു താഴെ എത്തി. സ്വര്‍ണം താഴ്ന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 22,656.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,578 വരെ ഇടിഞ്ഞു. ഇന്ത്യന്‍ വിപണി ഇന്നും വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

ഇറാന്‍ ചര്‍ച്ച ഇല്ല

പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ പ്രായോഗികമായി നിലച്ചു. ഹോര്‍മുസിലൂടെ എണ്ണഗതാഗതം യുദ്ധത്തിനു മുന്‍പുള്ള നിലയിലേക്ക് അടുത്തു. എന്നാല്‍ ഇറാനില്‍ നിന്ന് ആക്രമണം തുടരുന്നതിനാല്‍ എല്ലാ ദിവസവും ഒരേ പോലെ കപ്പല്‍ നീക്കം നടക്കുന്നില്ല. ചെങ്കടലിലേക്കുള്ള സൗദി അറേബ്യയുടെ പൈപ്പ് ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതിനാല്‍ ലോകവിപണിയില്‍ ക്രൂഡ് ഓയില്‍ ക്ഷാമം ഇല്ലെന്നായി. എന്നാല്‍ ഇറാനിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും റഷ്യയിലെയും റിഫൈനറികള്‍ പലതും പ്രവര്‍ത്തിക്കാത്തതിനാല്‍ ഡീസല്‍ അടക്കമുള്ള ഉല്‍പന്നങ്ങള്‍ക്കു ക്ഷാമം വര്‍ധിച്ചു. ഡീസല്‍ കയറ്റുമതി വിലക്കും എന്ന യുഎസ് സൂചന യൂറോപ്പില്‍ ഡീസല്‍ വില ഉയര്‍ത്തി.

യുഎസ് വിലക്കയറ്റം കുറഞ്ഞു

അമേരിക്കയില്‍ പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ (പിസിഇ) എന്ന ചില്ലറ വിലക്കയറ്റം ഓഗസ്റ്റില്‍ 3.4 ശതമാനമായി കുറഞ്ഞു. ഫെഡറല്‍ റിസര്‍വ് നിരക്കു തീരുമാനത്തിന് ആധാരമാക്കുന്നതു പിസിഇ ആണ്. 3.7 ശതമാനം ആയിരുന്നു പ്രതീക്ഷ. ഇതോടെ ഒക്ടോബറില്‍ നിരക്കു കൂട്ടുന്നതിനുള്ള സാധ്യത 38.2 ശതമാനമായി കുറഞ്ഞു. എങ്കിലും കടപ്പത്ര വില ഉയരുകയോ അവയിലെ നിക്ഷേപനേട്ടം ഗണ്യമായി കുറയുകയോ ചെയ്തില്ല. 30 വര്‍ഷ കടപ്പത്രത്തിലെ നേട്ടപ്രതീക്ഷ 2002നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയായ 5.6 ശതമാനത്തിനു മുകളില്‍ എത്തി. 10 വര്‍ഷ നേട്ടം വീണ്ടും 5.3 ശതമാനം കടന്നു. ഇന്നു വരുന്ന തൊഴിലില്ലായ്മ കണക്കും നാളെ വരുന്ന സെപ്റ്റംബര്‍ തൊഴില്‍ കണക്കും അറിഞ്ഞ ശേഷമേ കടപ്പത്രവിപണി ദിശ തീരുമാനിക്കൂ.

യുഎസ് ജിഡിപി കൂടി

ഏപ്രില്‍-ജൂണ്‍ പാദത്തിലെ യുഎസ് ജിഡിപി വളര്‍ച്ച 2.2 ശതമാനം ആണെന്നു പുതുക്കിയ കണക്ക് കാണിച്ചു. 1.5 ശതമാനം എന്നാണു നേരത്തേ കണക്കാക്കിയത്. ജനുവരി-മാര്‍ച്ചിലെ വളര്‍ച്ച 2.5 ശതമാനം ഉണ്ട്. യുദ്ധം യുഎസ് സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചിട്ടില്ലെന്നു കാണിക്കുന്നതാണ് ഈ കണക്കുകള്‍. ജനങ്ങളുടെ ഉപഭോഗം രണ്ടാം പാദത്തില്‍ 3.8 ശതമാനം വര്‍ധിച്ചു. കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് കുറഞ്ഞെന്ന സര്‍വേ ഫലങ്ങളെ നിരാകരിക്കുന്നതാണു ജനങ്ങളുടെ വര്‍ധിച്ച ഉപഭോഗം.

ഈ കണക്കുകള്‍ ഈ മാസം പലിശ വര്‍ധനയ്ക്കു വഴിതെളിക്കും എന്ന ആശങ്കയില്‍ കടപ്പത്ര വിലകള്‍ പിന്നീടു താഴ്ന്നു. യുഎസ് വിലക്കയറ്റം അസ്വീകാര്യമായ നിലയിലാണെന്ന മിന്ന്യപ്പോലിസ് ഫെഡ് പ്രസിഡന്റ് നീല്‍ കഷ്‌കാരിയുടെ പ്രസ്താവനയും അതിനു സഹായിച്ചു.

യുഎസ് വിപണികള്‍ ഭിന്നദിശകളില്‍

യുഎസ് ചില്ലറവിലക്കയറ്റം കുറഞ്ഞെങ്കിലും യുഎസ് വിപണികള്‍ ഇന്നലെ താഴ്ന്നു. ഡൗവും എസ്ആന്‍ഡ്പിയും നഷ്ടത്തിലായി. ഡൗവും എസ്ആന്‍ഡ്പിയും തുടക്കത്തില്‍ ഉയര്‍ന്ന ശേഷമാണു താണത്. ടെക് ഓഹരികള്‍ നയിക്കുന്ന നാസ്ഡാക് നേട്ടത്തോടെ ക്ലോസ് ചെയ്‌തെങ്കിലും ഉയര്‍ന്ന നിലയില്‍ നിന്ന് ഒരു ശതമാനത്തോളം ഇടിഞ്ഞു.

സെപ്റ്റംബര്‍ മാസത്തില്‍ ഡൗ ജോണ്‍സ് സൂചിക 4.3 ശതമാനം ഇടിഞ്ഞു. എസ്ആന്‍ഡ്പി 0.5 ശതമാനം താഴ്ചയിലായി. എന്നാല്‍ നാസ്ഡാക് 1.9 ശതമാനം നേട്ടം ഉണ്ടാക്കി. അതേ സമയം ജൂണ്‍-സെപ്റ്റംബര്‍ പാദത്തില്‍ എസ്ആന്‍ഡ്പിയും നാസ്ഡാകും രണ്ടു ശതമാനം വീതം കയറി, ഡൗ 2.7 ശതമാനം നഷ്ടത്തിലായി.

ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 443.87 പോയിന്റ് (0.86 ശതമാനം) ഇടിഞ്ഞ് 50,906.05ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 19.30 പോയിന്റ് (0.25%) നഷ്ടത്തോടെ 7651.54ല്‍ എത്തി. നാസ്ഡാക് കോംപസിറ്റ് 63.52 പോയിന്റ് (0.24%) ഉയര്‍ന്ന് 26,861.06ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് ഉയരുന്നു

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ ജോണ്‍സ് 124 പോയിന്റും (0.24%) എസ്ആന്‍ഡ്പി 24 പോയിന്റും (0.31%) നാസ്ഡാക് 100 പോയിന്റും (0.32%) ഉയര്‍ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ബുധനാഴ്ച വ്യാപാര സമയത്ത് 1.33 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.49 ശതമാനം കയറി 22.45 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.10% ഉയര്‍ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 27.55 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 1.13% കയറിയ ശേഷം തുടര്‍വ്യാപാരത്തില്‍ 0.93% താഴ്ന്നു 10.66 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 2.48 ശതമാനം ഉയര്‍ന്നിട്ട് തുടര്‍ വ്യാപാരത്തില്‍ 0.42% താഴ്ന്ന് 1.6431 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് തകര്‍ച്ചയില്‍

യൂറോപ്യന്‍ ഓഹരിവിപണികള്‍ ബുധനാഴ്ച തകര്‍ച്ചയിലായി. അമേരിക്ക ഡീസല്‍ കയറ്റുമതി വിലക്കും എന്ന ആശങ്കയാണു വിപണിയെ ഉലച്ചത്. ഫ്രഞ്ച്, ബ്രിട്ടീഷ്, സ്പാനിഷ് വിപണികള്‍ താഴ്ന്നു. ജര്‍മന്‍ സൂചികയും സ്റ്റോക്‌സ് 600 ഉം നാമമാത്രമായി ഉയര്‍ന്നു.

ഏഷ്യന്‍ വിപണികള്‍ മുന്നേറി

ഏഷ്യന്‍ വിപണികള്‍ ഇന്നും നേട്ടത്തിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക 1.80 ശതമാനം കയറി. ദക്ഷിണ കൊറിയന്‍ കോസ്പി 1.5 ശതമാനം ഇടിഞ്ഞിട്ടു നഷ്ടം കുറച്ചു. ഓസ്‌ട്രേലിയന്‍ സൂചിക 1.29 ശതമാനം ഇടിഞ്ഞു. തായ്വാന്‍ സൂചിക 0.30 ശതമാനം കയറി. ഹോങ്‌കോങ്ങിലെ ഹാങ് സെങ് 0.37 ഉം ചൈനയിലെ ഷാങ്ഹായ് സൂചിക 0.32 ഉം ശതമാനം ഉയര്‍ന്നു.

ഇന്ത്യന്‍ വിപണി ചാഞ്ചാട്ടത്തില്‍

ഇന്ത്യന്‍ വിപണി ഇന്നലെ ചാഞ്ചാട്ടത്തിലായി. നിഫ്റ്റി 200 ലേറെ പോയിന്റ് കയറിയിറങ്ങി. സെന്‍സെക്‌സ് ഉയര്‍ന്ന നിലയില്‍ നിന്ന് 700 ലധികം പോയിന്റ് താഴെ എത്തി. ആഗോള വിഷയങ്ങളും വിദേശനിക്ഷേപകര്‍ വലിയ തോതില്‍ പിന്മാറുന്നതും വിപണിയെ ആശങ്കയിലാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ് ടെക്നോളജീസ് എന്നിവയുടെ വലിയ തകര്‍ച്ച നിഫ്റ്റിക്കു കൂടുതല്‍ ആഘാതമായി.

ചികിത്സച്ചെലവ് നിയന്ത്രിക്കാന്‍ സുപ്രീം കോടതി കര്‍ശന നിലപാട് സ്വീകരിക്കുന്നത് ഹോസ്പിറ്റല്‍ ഓഹരികളെ ഇടിച്ചു താഴ്ത്തി. അപ്പോളോ, ഫോര്‍ട്ടിസ്, മാക്‌സ്, ആസ്റ്റര്‍ ഡിഎം, മെദാന്ത തുടങ്ങിയ ഹോസ്പിറ്റല്‍ ഏഴു ശതമാനം വരെ ഇടിഞ്ഞു. ഫാര്‍മ കമ്പനികളും വലിയ നഷ്ടത്തിലായി. ഹോസ്പിറ്റല്‍ ശൃംഖലകളുടെ ഫാര്‍മസി ബിസിനസിനു നേരെയും കോടതി വിരല്‍ ചൂണ്ടി.

മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, എഫ്എംസിജി മേഖലകളും താഴ്ന്നു. റിയല്‍റ്റി കമ്പനികളും പ്രതിരോധ മേഖലയിലെ പുതുതലമുറ കമ്പനികളും ഇന്നലെ കുതിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 3.26 ശതമാനം ഇടിഞ്ഞു.

ബിഎസ്ഇ ലിമിറ്റഡ് ഓഹരി നിഫ്റ്റി 50 സൂചികയില്‍ ഉള്‍പ്പെട്ടെങ്കിലും വില 3.5 ശതമാനം ഇടിഞ്ഞു. എന്‍എസ്ഇ ലിമിറ്റഡ് ഓഹരി 0.35 ശതമാനം കൂടി താഴ്ന്നു.

ബിഎസ്ഇയില്‍ ഇന്നലെ കൂടുതല്‍ ഓഹരികള്‍ താഴ്ന്നു. 2077 ഓഹരികള്‍ കയറി, 2314 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 1723 ഓഹരികള്‍ കയറിയപ്പോള്‍ 1801 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകര്‍ ഇന്നലെയും കനത്ത വില്‍പനക്കാരായി. അവര്‍ ക്യാഷ് വിപണിയില്‍ 10,148.41 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 11,271.73 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി. സെപ്റ്റംബറില്‍ വിദേശികള്‍ 46,009 കോടി രൂപയാണ് ഓഹരികളില്‍ നിന്നു പിന്‍വലിച്ചത്. 2026ല്‍ ഇതുവരെ 2.6 ലക്ഷം കോടി രൂപയുടെ ഓഹരികളാണു വിദേശികള്‍ വിറ്റൊഴിഞ്ഞത്. ഫെബ്രുവരി, ജൂണ്‍, ജൂലൈ എന്നിവ ഒഴികെ ആറു മാസവും അവര്‍ വില്‍പനക്കാരായിരുന്നു.

ബുധനാഴ്ച സെന്‍സെക്സ് 48.78 പോയിന്റ് (0.07%) താഴ്ന്ന് 72,480.29ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 95.75 പോയിന്റ് (0.42%) നഷ്ടത്തോടെ 22,620.45ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 373.10 പോയിന്റ് (0.69%) ഉയര്‍ന്ന് 54,633.05ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 12.65 പോയിന്റ് (0.02%) കയറി 59,332.05ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 52.15 പോയിന്റ് (0.27%) ഉയര്‍ന്ന് 19,245.70ല്‍ ക്ലോസ് ചെയ്തു.

ടാറ്റാ ഗ്രൂപ്പിലെ ചേരിപ്പോര്

ടാറ്റാ ഗ്രൂപ്പിലെ ചേരിപ്പോര് രൂക്ഷമാകുകയാണ്. ടാറ്റാ ട്രസ്റ്റുകളുടെ വൈസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ട്രസ്റ്റുകളുടെ ചെയര്‍മാന്‍ നോയല്‍ ടാറ്റായ്ക്ക് എതിരേ മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണര്‍ക്കു പരാതി നല്‍കി. നേരത്തേ മറ്റൊരു മുന്‍ട്രസ്റ്റിയുടെ പരാതിയില്‍ ഒരു ട്രസ്റ്റിന്റെ നടപടികള്‍ മുടങ്ങിക്കിടക്കുകയാണ്. അടുത്ത ട്രസ്റ്റിനു കൂടി ആ സാഹചര്യം വന്നാല്‍ ഉടമകളായ ടാറ്റാ കുടുംബത്തില്‍ നിന്നു ഗ്രൂപ്പിന്റെ നിയന്ത്രണം കൈവിട്ടുപോകാം

സ്വര്‍ണം താഴ്ന്നു

പലിശപ്പേടി കുറഞ്ഞെങ്കിലും സ്വര്‍ണം ഇന്നലെ നഷ്ടത്തിലായി. ബുധനാഴ്ച 0.60 ശതമാനം (25 ഡോളര്‍) താഴ്ന്ന സ്വര്‍ണം ഔണ്‍സിന് 4158.10 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വര്‍ണം ചെറിയ നേട്ടത്തോടെ 4166 ഡോളറില്‍ എത്തി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ഇന്നലെ 560 രൂപ വര്‍ധിച്ച് 1,09,680 രൂപ ആയി. വെള്ളിവില ബുധനാഴ്ച 1.72 ശതമാനം താഴ്ന്ന് ഔണ്‍സിന് 60.54 ഡോളറില്‍ ക്ലോസ് ചെയ്തു. പ്ലാറ്റിനം 1706 ഡോളര്‍, പല്ലാഡിയം 1188 ഡോളര്‍, റോഡിയം 8400 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

റബര്‍ കയറുന്നു

രാജ്യാന്തര വിപണിയിലും കേരളത്തിലും റബര്‍ വില കയറ്റത്തിലായി. ബുധനാഴ്ച ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 285.40 ഡോളറിലും ആര്‍എസ്എസ് മൂന്ന് 272.00 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 28,000 രൂപയിലേക്കു കയറി. സ്വാഭാവിക റബര്‍ ലഭ്യത കുറയും എന്ന നിഗമനമാണു വിപണിക്കുള്ളത്. കാലാവസ്ഥയാണു കാരണം.

ലോഹങ്ങള്‍ പലവഴി

വ്യാവസായിക ലോഹങ്ങള്‍ ഇന്നലെ ഭിന്ന ദിശകളിലായി. ചെമ്പ് 0.08 ശതമാനം കയറി ടണ്ണിന് 14,485.85 ഡോളര്‍ ആയി. അലൂമിനിയം 2.02 ശതമാനം ഇടിഞ്ഞ് 3165.31 ഡോളറില്‍ എത്തി. ലെഡും സിങ്കും താഴ്ന്നു. നിക്കലും ടിന്നും ഉയര്‍ന്നു.

കൊക്കോ കയറി

കൊക്കോ വില ടണ്ണിന് 5367 ഡോളറില്‍ ക്ലോസ് ചെയ്തു. അവധി വില 5600 ഡോളറിനു മുകളിലാണ്. ഐവറി കോസ്റ്റില്‍ 20 ഉം ഘാനയില്‍ 17 ഉം ശതമാനം ഉല്‍പാദനം കുറയും എന്നാണു വിലയിരുത്തല്‍.

അറബിക്ക കാപ്പി പൗണ്ടിന് 2.907 ഡോളര്‍ ആയി. ബ്രസീലിലെ 2026 സീസണ്‍ കാപ്പി ഉല്‍പാദനം 19.6 ശതമാനം കൂടി. പാം ഓയില്‍ 0.17 ശതമാനം താഴ്ന്നു ടണ്ണിന് 4616 മലേഷ്യന്‍ റിംഗിറ്റ് ആയി.

ഡോളര്‍ സൂചിക ഉയരുന്നു

യുഎസ് ഡോളര്‍ സൂചിക ബുധനാഴ്ച ചാഞ്ചാട്ടത്തിനു ശേഷം ഉയര്‍ന്ന് 101.45 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.51 ലേക്കു കയറി.

യൂറോ 1.1323 ഡോളറിലേക്കും പൗണ്ട് 1.3254 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 158.17 യെന്‍ വരെ ഇടിഞ്ഞു. ചൈനീസ് യുവാന്‍ ഡോളറിന് 6.70 എന്ന നിരക്കിലേക്കു കയറി. അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 5.302 ശതമാനമായി ഉയര്‍ന്നു.

രൂപയ്ക്കു മുന്നേറ്റം

ബുധനാഴ്ച റിസര്‍വ് ബാങ്കിന്റെ സഹായവും വിദേശത്തു ഡോളര്‍ സൂചികയില്‍ അല്‍പം ചാഞ്ചാട്ടം വന്നതും മൂലം രൂപ നേട്ടം ഉണ്ടാക്കി. തലേദിവസത്തെ 95.98 രൂപയില്‍ നിന്നു 15 പൈസ കുറഞ്ഞ് ഡോളര്‍ 95.83ല്‍ ക്ലോസ് ചെയ്തു. എന്നാല്‍ വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.99 രൂപ വരെ കയറി. രൂപ ഇന്നു ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ചൈനീസ് യുവാന്‍ 14.32 രൂപയില്‍ തുടരുന്നു. യൂറോ 108.76 രൂപയായി താഴ്ന്നു.

ക്രൂഡ് ഓയില്‍ ഇടിഞ്ഞു

ക്രൂഡ് ഓയില്‍ വില 100 ഡോളറിനു താഴെയായി. ബ്രെന്റ് ഇനം 4.56 ഡോളര്‍ ഇടിഞ്ഞ് 98.03 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98 ഡോളറിലേക്കു താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 90.20 ഡോളറിലാണ്.

ക്രിപ്‌റ്റോകള്‍ ചാഞ്ചാടുന്നു

ക്രിപ്‌റ്റോ കറന്‍സികള്‍ ചാഞ്ചാട്ടം തുടര്‍ന്നു ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 83,500 ഡോളറിനു താഴെ വന്നു. ഈഥര്‍ 2690 ഡോളറിനും സൊലാന 118 ഡോളറിനും താഴെ എത്തി.

SCROLL FOR NEXT