image credit : canva 
Markets

വിപണിയില്‍ കുതിപ്പിനു കിതപ്പ്! രണ്ടാം പാദ റിസല്‍ട്ടിലും വ്യാപാരചര്‍ച്ചയിലും പ്രതീക്ഷ; 4000 ഡോളര്‍ കടന്നു സ്വര്‍ണം

ഫ്രഞ്ച് രാഷ്ട്രീയ പ്രതിസന്ധി യൂറോയെയും ബാധിച്ചതോടെ യൂറോപ്യന്‍ വിപണികള്‍ക്കു മൊത്തത്തില്‍ ക്ഷീണമായി. മിക്ക സൂചികകളും താഴുകയോ നാമമാത്ര ഉയര്‍ച്ച മാത്രം കാണിക്കുകയോ ചെയ്തു.

Dhanam News Desk

വിപണിയെ കുതിപ്പിനു പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ കുറവായി. എങ്കിലും നല്ല ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പ്രതീക്ഷിച്ചാണു വിപണി നീങ്ങുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ച പുനരാരംഭിക്കുന്നതു വരെ പാര്‍ശ്വ നീക്കങ്ങളിലാകും വിപണി.

സ്വര്‍ണം 4000 ഡോളര്‍ കടന്ന ശേഷം അല്‍പം താഴ്ന്നു. അമേരിക്കന്‍ ഭരണസ്തംഭനം നീങ്ങുന്നതുവരെ കയറ്റം തുടരും എന്നാണു സൂചന.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,217.00 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,206 വരെ താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പില്‍ ദൗര്‍ബല്യം

ഫ്രഞ്ച് രാഷ്ട്രീയ പ്രതിസന്ധി യൂറോയെയും ബാധിച്ചതോടെ യൂറോപ്യന്‍ വിപണികള്‍ക്കു മൊത്തത്തില്‍ ക്ഷീണമായി. മിക്ക സൂചികകളും താഴുകയോ നാമമാത്ര ഉയര്‍ച്ച മാത്രം കാണിക്കുകയോ ചെയ്തു. ഫ്രാന്‍സില്‍ നിന്നുള്ള ആഡംബര ബ്രാന്‍ഡുകള്‍ (ഗൂച്ചി, എല്‍വിഎംഎച്ച്) ഇന്നലെ ഗണ്യമായ നേട്ടം ഉണ്ടാക്കി. രാജ്യം വലതുപക്ഷ ഭരണത്തിലേക്കു മാറുമെന്ന അഭ്യൂഹമാണു കാരണം.

യുഎസ് വിപണി ഭിന്നദിശകളില്‍

ഏഴു ദിവസത്തെ തുടര്‍ച്ചയായ കയറ്റത്തിനു വിരാമമിട്ട് അമേരിക്കന്‍ വിപണിയിലെ എസ് ആന്‍ഡ് പി 500 സൂചിക ഇന്നലെ താഴ്ന്നു. മറ്റു സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്. ഈയിടെ എന്‍വിഡിയ നിക്ഷേപം പ്രഖ്യാപിച്ചതിനെ തുടര്‍ന്നു കുതിച്ചു കയറിയ ഓറക്കിള്‍ കോര്‍പറേഷന്‍ ഓഹരികള്‍ ഇന്നലെ ഇടിഞ്ഞു. നിര്‍മിതബുദ്ധിയിലെ ഓറക്കിളിന്റെ നിക്ഷേപം വേണ്ടത്ര ലാഭകരമാകുമോ എന്ന സംശയം വിപണി ഉന്നയിക്കുന്നു. ടെക് മേഖല ഇന്നലെ മൊത്തത്തില്‍ ദുര്‍ബലമായിരുന്നു.

ഡൗ ജോണ്‍സ് സൂചിക ചാെവ്വാഴ്ച 91.99 പോയിന്റ് (0.20%) താഴ്ന്ന് 46,602.98ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 25.69 പോയിന്റ് (0.38%) നഷ്ടത്തോടെ 6714.59ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 153.30 പോയിന്റ് (0.67%) താഴ്ന്ന് 22,788.36ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു കയറുകയാണ്. ഡൗ 0.07 ഉം എസ്ആന്‍ഡ്പി 0.12 ഉം നാസ്ഡാക് 0.17 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ഒരു ദിവസത്തെ കുതിപ്പിനും തുടര്‍ന്നു ലാഭമെടുക്കലിനും ശേഷം ജാപ്പനീസ് വിപണി ഇന്നു ചെറിയ നേട്ടത്തിലാണ്. ഓസ്‌ട്രേലിയന്‍ സൂചിക താഴ്ന്നു.

നിഫ്റ്റി ഉയര്‍ന്നു

തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ വിപണിക്കു സാധിച്ചു. എന്നാല്‍ ഇന്നലെ ദിവസത്തിലെ ഉയര്‍ന്ന നിലയില്‍ നിന്നു ഗണ്യമായി താഴ്ന്നാണു സൂചികകള്‍ അവസാനിച്ചത്. ദിവസത്തിലെ ഉയരത്തില്‍ നിന്നു സെന്‍സെക്‌സ് 382 പോയിന്റും നിഫ്റ്റി 113 പോയിന്റും താഴ്ന്നാണു ക്ലോസ് ചെയ്തത്. തലേ ദിവസത്തേതു പോലെ വിശാലവിപണിയില്‍ ഭൂരിപക്ഷം ഓഹരികളും നഷ്ടത്തിലാകുകയും ചെയ്തു. വിപണിയുടെ കയറ്റം വേണ്ടത്ര ബലവത്തല്ലെന്ന് ഇതെല്ലാം സൂചിപ്പിക്കുന്നു.

റിയല്‍റ്റിയും ഓയിലും ഫാര്‍മയും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സും ആണ് ഇന്നലെ വിപണിയുടെ കയറ്റത്തിനു മുന്നില്‍ നിന്നത്. പൊതുമേഖലാ ബാങ്കുകളും എഫ്എംസിജിയും പ്രതിരോധ ഓഹരികളും മെറ്റല്‍ കമ്പനികളും താഴ്ന്നു. ഐടി കമ്പനികള്‍ ചാഞ്ചാട്ടത്തിനു ശേഷം നാമമാത്രമായി താഴ്ന്നു. 24,000 കോടി രൂപയുടെ റെയില്‍വേ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചത് റെയില്‍വേ കമ്പനികളെ ഉയര്‍ത്തി. ഇര്‍കോണ്‍ 6.91ഉം ആര്‍വിഎന്‍എല്‍ 2.7 ഉം റൈറ്റ്‌സ് 2.09 ഉം ശതമാനം ഉയര്‍ന്നു.

ചൊവ്വാഴ്ച നിഫ്റ്റി 30.65 പോയിന്റ് (0.12%) ഉയര്‍ന്ന് 25,108.30ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 136.65 പോയിന്റ് (0.17%) കയറി 81,926.75ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 134.50 പോയിന്റ് (0.24%) നേട്ടത്തോടെ 56,239.35ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 274.30 പോയിന്റ് (0.47%) ഉയര്‍ന്ന് 58,289.40ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 55.35 പോയിന്റ് (0.31%) നേട്ടത്തോടെ 17,983.40ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ-ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 1761 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2420 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1433 ഓഹരികള്‍, താഴ്ന്നത് 1634.

എന്‍എസ്ഇയില്‍ 115 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍ എത്തിയപ്പോള്‍ 100 എണ്ണം താഴ്ന്ന നിലയില്‍ എത്തി. 112 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 67 എണ്ണം ലോവര്‍ സര്‍ക്കീട്ടില്‍ ആയി.

വിദേശനിക്ഷേപകര്‍ ഇന്നലെ ക്യാഷ് വിപണിയില്‍ 1440.66 കാേടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകള്‍ 452.57 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

നിഫ്റ്റി ഉയര്‍ന്നു നില്‍ക്കുന്നതും വിദേശികള്‍ വാങ്ങലുകാരായതും നിക്ഷേപകര്‍ക്ക് പ്രതീക്ഷ പകരുന്നുണ്ട്. ഇന്നു നിഫ്റ്റിക്ക് 25,080ലും 25,000ലും പിന്തുണ ലഭിക്കും. 25,190ലും 25,275ലും തടസങ്ങള്‍ ഉണ്ടാകും.

4,000 ഡോളര്‍ കടന്നു സ്വര്‍ണം

സ്വര്‍ണം ഔണ്‍സിന് 4000 ഡോളറിനു മുകളില്‍ എത്തി. ഡിസംബര്‍ അവധിവില 4020 വരെ കയറി. സ്‌പോട്ട് വില 4000.20 ഡോളര്‍ വരെ എത്തിയിട്ടു താഴ്ന്ന് 3,996 ല്‍ എത്തി.

അമേരിക്കന്‍ ഭരണസ്തംഭനം നീണ്ടു പോകുന്നതും കേന്ദ്ര ബാങ്കുകളുടെ വാങ്ങലും ആണു സ്വര്‍ണത്തിന്റെ കുതിപ്പിനെ നയിക്കുന്നത്. ഏഴു മാസം മുന്‍പ് മാര്‍ച്ചില്‍ 3,000 ഡോളര്‍ കടന്ന സ്വര്‍ണം ഈ ജനുവരി മുതല്‍ 52 ശതമാനം കുതിച്ചു. 2022ല്‍ ആരംഭിച്ച ഇപ്പോഴത്തെ ബുള്‍ തരംഗത്തില്‍ 132 ശതമാനം കയറ്റമാണു സ്വര്‍ണത്തിനുണ്ടായത്.

4,000 ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിട്ട സ്വര്‍ണം തിരുത്തലിലേക്കു നീങ്ങുമോ എന്നു വിപണിയില്‍ സംസാരമുണ്ട്. 12 ശതമാനം താഴ്ന്ന് ഔണ്‍സിന് 3,525 ഡോളര്‍ വരെ താഴാം എന്നാണ് ബാങ്ക് ഓഫ് അമേരിക്കയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. തിരുത്തല്‍ ഇല്ലാതെ കയറ്റം തുടര്‍ന്നാല്‍ 5,000 ഡോളറാണ് അവര്‍ 2026 ഒടുവില്‍ കണക്കാക്കുന്ന വില. 2000-2011ലെ ബുള്‍ തരംഗത്തിന്റെ പാതയിലാണു സ്വര്‍ണമെങ്കില്‍ 7000 ഡോളര്‍ വരെ എത്താം എന്നും അവര്‍ അനുമാനിക്കുന്നു. നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സ് 2026 ജൂണിലേക്ക് 4600 ഡോളറാണു പ്രതീക്ഷിക്കുന്ന വില.

കേരളത്തില്‍ 22 കാരറ്റ് പവന്‍വില ഇന്നലെ 920 രൂപ കയറി 89,480 രൂപ ആയി. ഇന്നു രാവിലെ 90,000 രൂപ കടക്കും എന്നാണു സൂചന. വെള്ളിവില അല്‍പം താഴ്ന്ന് ഔണ്‍സിന് 47.82 ഡോളറില്‍ ക്ലോസ് ചെയ്തു. വെള്ളി 50 ഡോളറിലേക്ക് എത്തും എന്നാണു പ്രതീക്ഷ.

ടിന്‍ ഒഴികെ പ്രധാന വ്യാവസായിക ലോഹങ്ങള്‍ ചൊവ്വാഴ്ചയും കയറ്റം തുടര്‍ന്നു. ചെമ്പ് 0.32 ശതമാനം ഉയര്‍ന്നു ടണ്ണിന് 10,642.85 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.67 ശതമാനം കയറി ടണ്ണിന് 2742.25 ഡോളറില്‍ എത്തി. ടിന്‍ 0.41 ശതമാനം കുറഞ്ഞു ടണ്ണിന് 36,572 ഡോളറിലായി. നിക്കലും ലെഡും സിങ്കും കയറി.

രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.23 ശതമാനം കയറി കിലോഗ്രാമിന് 171.30 സെന്റ് ആയി. കൊക്കോ വില 2.18 ശതമാനം താഴ്ന്നു ടണ്ണിന് 6146.00 ഡോളറില്‍ എത്തി. കാപ്പി 1.64 ശതമാനം താഴ്ന്നു. തേയില വില ഇന്നലെ 37 ശതമാനം ഇടിഞ്ഞു. ഒരു വര്‍ഷം കൊണ്ട് വിലയില്‍ 50 ശതമാനം ഇടിവുണ്ട്. പാം ഓയില്‍ വില 0.81 ശതമാനം കയറി.

ഡോളറിനു കയറ്റം

യുഎസ് ഭരണസ്തംഭനം അവസാനിച്ചില്ലെങ്കിലും ഡോളര്‍ കയറ്റം തുടര്‍ന്നു. ഡോളര്‍ സൂചിക ചൊവ്വാഴ്ച ഉയര്‍ന്ന് 98.58ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.83ല്‍ എത്തി.

കറന്‍സി വിപണിയില്‍ ഡോളര്‍ ഇന്നലെയും നില മെച്ചപ്പെടുത്തി. യൂറോ 1.1626 ഡോളറിലേക്കും പൗണ്ട് 1.3399 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 152.40 യെന്‍ എന്ന നിരക്കിലേക്ക് ഇടിഞ്ഞു. യുഎസ് കടപ്പത്രങ്ങളുടെ വില അല്‍പം കയറി. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.131 ശതമാനമായി താഴ്ന്നു.

ചൊവ്വാഴ്ച ഇന്ത്യന്‍ രൂപ തുടക്കത്തില്‍ നല്ല നേട്ടം കുറിച്ച ശേഷം മാറ്റമില്ലാതെ അവസാനിച്ചു. ഡോളര്‍ 88.77 രൂപയില്‍ ക്ലോസ് ചെയ്തു.

ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.12 യുവാന്‍ എന്ന നിലയില്‍ തുടര്‍ന്നു.

ക്രൂഡ് ഓയില്‍ കയറുന്നു

ക്രൂഡ് ഓയില്‍ വില ചൊവ്വാഴ്ച ചെറിയ പരിധിയില്‍ കയറിയിറങ്ങി. സവിശേഷ സംഭവവികാസങ്ങള്‍ ഇല്ലായിരുന്നതാണു കാരണം. ബ്രെന്റ് ഇനം നാമമാത്രമായി കുറഞ്ഞ് വീപ്പയ്ക്ക് 65.45 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ബാരലിന് 65.93 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ 62.25 ഡോളറിലും മര്‍ബന്‍ ക്രൂഡ് 66.68 ഡോളറിലും ആണ്. പ്രകൃതിവാതക വില 0.30 ശതമാനം താഴ്ന്നു.

ക്രിപ്‌റ്റോ കറന്‍സികള്‍ വാരാന്ത്യത്തിലെ കുതിച്ചു കയറ്റത്തിനു ശേഷം താഴ്ന്നു. ഇന്നു രാവിലെ ബിറ്റ്‌കോയിന്‍ 1,21,900 ഡോളറില്‍ ആയി. ഈഥര്‍ ഉയര്‍ന്ന് 4485 ഉം സൊലാന 222 ഉം ഡോളറില്‍ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT