ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയെ തുടര്‍ന്ന് ഏഷ്യന്‍ വിപണികള്‍ ഇന്നു വലിയ താഴ്ചയിലായി. ഇന്നലെ ഭിന്ന ദിശകളില്‍ നീങ്ങിയ യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്‌സ് ഇന്ന് വീണ്ടും പല വഴിക്കായി. ക്രൂഡ് ഓയില്‍ 107 ഡോളറില്‍ നിന്ന് അല്‍പം താഴ്‌ന്നെങ്കിലും ആശ്വാസകരമായ നിലയില്‍ ആയിട്ടില്ല. ചില്ലറ വിലക്കയറ്റം 5.54 ശതമാനമായത് റിസര്‍വ് ബാങ്ക് റീപോ നിരക്കു വീണ്ടും കൂട്ടുമെന്ന ധാരണ പരത്തി.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 22,423.5.0ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,394 വരെ താഴ്ന്നിട്ട് അല്‍പം കയറി. ഇന്ത്യന്‍ വിപണി ഇന്നു നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
സെപ്റ്റംബറിലെ ചില്ലറ വിലക്കയറ്റം 5.54 ശതമാനമായി ഉയര്‍ന്നു. മിക്ക ഏജന്‍സികളും നിരീക്ഷകരും പ്രതീക്ഷിച്ചതിലും കൂടുതലായി. ഓഗസ്റ്റില്‍ 4.82 ശതമാനമായിരുന്നു. 21 മാസത്തിനിടയിലെ ഏറ്റവും കൂടിയ നിലയാണിത്. ഭക്ഷ്യ വിലക്കയറ്റം 7.7 ശതമാനമായി. ചരക്കു ഗതാഗത ചെലവില്‍ 14.7 ശതമാനം കയറ്റമുണ്ടായി. ഭക്ഷ്യ, ഇന്ധന വിലകള്‍ ഒഴിവാക്കിയുളള കാതല്‍ വിലക്കയറ്റം 4.4 ശതമാനമായി. ഇതോടെ ഡിസംബര്‍ ആദ്യം റിസര്‍വ് ബാങ്ക് ഒരിക്കല്‍ കൂടി പലിശ കൂട്ടുമെന്നു മിക്കവരും കരുതുന്നു.
അമേരിക്കയിലെ ചില്ലറ വിലക്കയറ്റ കണക്ക് നാളെ അറിയും. ഓഗസ്റ്റിലെ 3.4 ല്‍ നിന്നു 3.7 ശതമാനത്തിലേക്കു കൂടും എന്നാണു നിഗമനം. എങ്കിലും ഈ മാസാവസാനം ചേരുന്ന യുഎസ് ഫെഡ് കമ്മിറ്റി പലിശ കൂട്ടില്ല എന്നു പലരും കരുതുന്നു. ഡിസംബര്‍ ആദ്യമാകും ഇനി നിരക്കു കൂട്ടല്‍ എന്നാണു നിഗമനം. ഡിസംബറില്‍ നിരക്കു വര്‍ധനയ്ക്ക് 88 ശതമാനമാണു സാധ്യത കല്‍പിക്കപ്പെടുന്നത്.
രൂപയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നടപടികള്‍ രൂപയെ ഒരു ശതമാനത്തോളം ഉയര്‍ത്തി. എന്നാല്‍ ആ നടപടികള്‍ ബാങ്കുകളുടെ പണലഭ്യത കുറയ്ക്കുന്നതും വിദേശനാണ്യ വിനിമയത്തിലെ ചെലവു വര്‍ധിപ്പിക്കുന്നതുമാണ്. പുതിയ നിബന്ധനകള്‍ പ്രകാരം ബാങ്കുകള്‍ 80,000 കോടി രൂപയെങ്കിലും അധിക കരുതല്‍ പണം സൂക്ഷിക്കണം. ഇതു വഴിയുള്ള നഷ്ടം തന്നെ 5000 കോടി രൂപയ്ക്കടുത്തു വരും. ഊഹക്കച്ചവടത്തിനുള്ള കടുത്ത നിബന്ധനകള്‍ ഡെറിവേറ്റീവ് വ്യാപാരം കുറയ്ക്കും. അതു ധനകാര്യ കമ്പനികളുടെ വരുമാനം കുറയ്ക്കും.
കറന്‍സി വിപണി ഇന്നലെ വലിയ ചാഞ്ചാട്ടം കാണിച്ചു. ഡോളര്‍ 40 പൈസയുടെ കയറ്റിറക്കങ്ങള്‍ കാണിച്ചു. റിസര്‍വ് ബാങ്ക് ഗണ്യമായ അളവില്‍ ഡോളര്‍ വില്‍ക്കേണ്ടി വന്നു.
ഡോളര്‍ അല്പം കൂടി താഴ്ന്നാലും അടുത്തയാഴ്ചയോടെ വീണ്ടും 96 രൂപയ്ക്കു മുകളിലാകും എന്നാണു വിപണി വിലയിരുന്നത്. റിസര്‍വ് ബാങ്കിന്റെ ആവനാഴിയില്‍ ഇനി അധികം ആയുധങ്ങള്‍ ഇല്ല. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ നിക്ഷേപങ്ങള്‍ വില്‍ക്കുന്നതു തുടരുന്ന കാലത്തോളം രൂപയ്ക്കു വിലസ്ഥിരത വീണ്ടെടുക്കാനാവില്ല.
യുഎസ് വിപണി തിങ്കളാഴ്ച ഭിന്ന ദിശകളില്‍ നീങ്ങി. ബാങ്കുകളും മറ്റും മികച്ച മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവിടുമെന്ന പ്രതീക്ഷയില്‍ ഡൗ ജോണ്‍സ് ഉയര്‍ന്നു. ജെപി മോര്‍ഗന്‍, ഗോള്‍ഡ്മാന്‍ സാക്‌സ്, സിറ്റി ഗ്രൂപ്പ്, വെല്‍സ് ഫാര്‍ഗോ എന്നിവ ഇന്നു രാവിലെ റിസല്‍ട്ട് പ്രസിദ്ധീകരിക്കും. ജെപി മോര്‍ഗനും സിറ്റിയും വെല്‍സ് ഫാര്‍ഗോയും ഇരട്ടയക്ക ലാഭവളര്‍ച്ച കാണിക്കും എന്നാണു പ്രതീക്ഷ. എസ്ആന്‍ഡ്പി 500 സൂചികയിലെ കമ്പനികള്‍ക്ക് 29.6 ശതമാനം ലാഭ വര്‍ധന മൂന്നാം പാദത്തില്‍ ഉണ്ടാകും എന്നു ഗവേഷണ സ്ഥാപനമായ ഫാക്റ്റ്‌സെറ്റ് പറയുന്നു.
ചിപ്പ് കമ്പനികളുടെ ഇടിവില്‍ നാസ്ഡാക് നഷ്ടത്തിലായി. എസ്ആന്‍ഡ്പി നാമമാത്ര നഷ്ടത്തില്‍ അവസാനിച്ചു.
തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 195.60 പോയിന്റ് (0.38 ശതമാനം) ഉയര്‍ന്ന് 51,850.55ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 4.30 പോയിന്റ് (0.06%) നഷ്ടത്തോടെ 7807.24ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 120.27 പോയിന്റ് (0.44%) താഴ്ന്ന് 27,245.90ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്നദിശകളിലാണ്. ഡൗ ജോണ്‍സ് 84 പോയിന്റ് (0.16%) ഉയര്‍ന്നു. എസ്ആന്‍ഡ്പി 10 പോയിന്റും (0.13%) നാസ്ഡാക് 178 പോയിന്റും (0.58%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് തിങ്കളാഴ്ച വ്യാപാരസമയത്ത് 1.35 ശതമാനം ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.09% കയറി 22.60 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.57% ഉയര്‍ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 28.05 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 0.93% ഉയര്‍ന്ന് തുടര്‍വ്യാപാരത്തില്‍ മാറ്റമില്ലാതെ 10.83 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു മാറ്റമില്ലാതെ തുടര്‍ വ്യാപാരത്തില്‍ 0.65 ശതമാനം ഉയര്‍ന്ന് 1.711 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ ഓഹരിവിപണികള്‍ തിങ്കളാഴ്ചയും ഉയര്‍ന്നു. ബാങ്കുകളും വാഹനവ്യവസായങ്ങളും നല്ല റിസല്‍ട്ട് പ്രസിദ്ധീകരിക്കും എന്നാണു പ്രതീക്ഷ. ചിപ്പ് കമ്പനികള്‍ താഴ്ന്നു.
പ്രധാന ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക ആറു ശതമാനം ഇടിഞ്ഞു. അവധിക്കു ശേഷം തുറന്ന ജപ്പാനിലെ നിക്കൈ സൂചിക 2.40 ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 0.50 ശതമാനം നഷ്ടത്തിലായി. ഹോങ്‌കോങ്ങിലെ ഹാങ് സെങ് 0.40 ശതമാനം താഴ്ന്നു. ഷാങ്ഹായ് സൂചിക 1.15 ശതമാനം താഴ്ചയിലാണ്. തായ്വാന്‍ വിപണി 1.70 ശതമാനം ഇടിഞ്ഞു.
രൂപയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നടപടികള്‍ വിപണിയില്‍ പണലഭ്യത കുറയ്ക്കുന്നതും ബാങ്കുകള്‍ക്കു ലാഭം കുറയ്ക്കുന്നതുമാണ്. ഇതോടൊപ്പം ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പും ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ വിപണി ഇടിഞ്ഞു. വെള്ളിയാഴ്ചത്തെ ആശ്വാസറാലിയില്‍ പിടിച്ചു മുന്നേറാമെന്ന പ്രതീക്ഷയിലാണു വിപണി വ്യാപാരം തുടങ്ങിയത്. തുടക്കത്തിലെ കയറ്റം കുറേക്കഴിഞ്ഞു വീഴ്ചയിലേക്കു മാറി. ഒരു ശതമാനം താഴ്ന്നു നിന്ന വിപണി ക്ലോസിംഗ് ഓക്ഷനിലെ മാറ്റത്തെ തുടര്‍ന്നു നഷ്ടം ഗണ്യമായി കുറച്ചു.
മുഖ്യസൂചികകള്‍ നഷ്ടത്തിലായെങ്കിലും മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഇന്നലെ ഉയര്‍ന്നു.
തിങ്കളാഴ്ച വിശാലവിപണിയില്‍ കയറ്റവും ഇറക്കവും ഏകദേശം ഒപ്പത്തിനൊപ്പം ആയിരുന്നു. ബിഎസ്ഇയില്‍ 2219 ഓഹരികള്‍ ഉയര്‍ന്നു, 2259 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 1786 ഓഹരികള്‍ കയറിയപ്പോള്‍ 1788 എണ്ണം ഇടിഞ്ഞു.
വിദേശനിക്ഷേപകരുടെ വില്‍പന ഗണ്യമായി കുറഞ്ഞു. അവര്‍ ക്യാഷ് വിപണിയില്‍ 1708 48 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3045.02 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.
തിങ്കളാഴ്ച സെന്‍സെക്സ് 547.65 പോയിന്റ് (0.76%) താഴ്ന്ന് 71,924.68ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 157.10 പോയിന്റ് (0.70%) നഷ്ടത്തോടെ 22,363.35ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 338.65 പോയിന്റ് (0.61%) താഴ്ന്ന് 54,918.00ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 47.25 പോയിന്റ് (0.08%) ഉയര്‍ന്ന് 58,834.55 ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 272.10 പോയിന്റ് (1.42%) കയറി 19,425.80ല്‍ ക്ലോസ് ചെയ്തു.
ആര്‍ബിഎല്‍ ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 170 ശതമാനം കുതിച്ചു 482 കോടി രൂപയായി. അറ്റപലിശ വരുമാനം 37.4 ശതമാനം കൂടി. അറ്റ നിഷ്‌ക്രിയ ആസ്തി 0.29 ശതമാനമായി കുറഞ്ഞു.
എച്ച് സിഎല്‍ ടെക്കിന്റെ രണ്ടാം പാദ വരുമാനം രൂപയില്‍ 2.6 ശതമാനവും ഡോളറില്‍ 2.2 ശതമാനവു ഉയര്‍ന്നു ലാഭമാര്‍ജിന്‍ 1.31 ശതമാനം കൂടി. ഈ ധനകാര്യ വര്‍ഷത്തെ വരുമാന വര്‍ധന പ്രതീക്ഷ 2.50-4.00 ശതമാനമാക്കി. സര്‍വീസസ് വരുമാന വളര്‍ച്ച പ്രതീക്ഷ 3.00 -4.00 ശതമാനമായി.
ഡോളര്‍ സൂചിക ഉയരുന്നതും ഡിസംബറില്‍ ഫെഡ് നിരക്കു കൂട്ടാനുള്ള സാധ്യത വര്‍ധിച്ചതും വാരാന്ത്യത്തില്‍ കയറിയ സ്വര്‍ണത്തെ ഇന്നലെ താഴ്ത്തി. ഇന്നും വില താഴുകയാണ്. സ്വര്‍ണം തിങ്കളാഴ്ച 22.80 ഡോളര്‍ (0.54%) നഷ്ടത്തോടെ ഔണ്‍സിന് 4172.80 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ താഴ്ന്ന് 4156 ഡോളറില്‍ എത്തി.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് തിങ്കളാഴ്ച 1280 രൂപ ഇടിഞ്ഞു 1,09,760 രൂപയായി. തിങ്കളാഴ്ച വെള്ളിവില ഒരു ശതമാനത്തോളം താഴ്ന്ന് ഔണ്‍സിന് 60.45 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 60.00 ഡോളറിലേക്കു താഴ്ന്നു.
പ്ലാറ്റിനം 1674 ഡോളര്‍, പല്ലാഡിയം 1119 ഡോളര്‍, റോഡിയം 8775 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
രാജ്യാന്തര വിപണിയിലും കേരളത്തിലും റബര്‍ വില വീണ്ടും കയറി. തിങ്കളാഴ്ച ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 296.30 ഡോളറിലും ആര്‍എസ്എസ് മൂന്ന് 292.90 ഡോളറിലും എത്തി. കേരളത്തില്‍ തിങ്കളാഴ്ച ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 28,450 രൂപയിലേക്കു കയറി.
ചെമ്പ് റെക്കോര്‍ഡ് വിലയ്ക്കു തൊട്ടടുത്ത് എത്തി. 14,851 ഡോളറാണു ചെമ്പിന്റെ റെക്കോര്‍ഡ് വില. ചിലിയില്‍ മഞ്ഞുവീഴ്ചയും മറ്റും മൂലം ചില ഖനികള്‍ അടച്ചിടേണ്ടി വന്നതുമൂലം ലഭ്യത കുറഞ്ഞതാണു വിലക്കയറ്റത്തിനു കാരണം ചൈനീസ് ഡിമാന്‍ഡ് ഉയര്‍ന്നിട്ടുമുണ്ട്. ചെമ്പ് ഇന്നലെ 0.90 ശതമാനം കയറി ടണ്ണിന് 14,821.35 ഡോളര്‍ ആയി. അലൂമിനിയം 0.42 ശതമാനം കുറഞ്ഞ് 3057.06 ഡോളറില്‍ എത്തി. സിങ്കും ലെഡും നിക്കലും ടിന്നും താഴ്ന്നു.
കൊക്കോ വില അല്പം ഉയര്‍ന്നു ടണ്ണിന് 5676 ഡോളറില്‍ ക്ലോസ് ചെയ്തു. അറബിക്ക കാപ്പി പൗണ്ടിന് 1.03 ശതമാനം ഉയര്‍ന്നു 2.899 ഡോളര്‍ ആയി. പാം ഓയില്‍ 0.98 ശതമാനം കയറി ടണ്ണിന് 4637 മലേഷ്യന്‍ റിംഗിറ്റ് ആയി.
യുഎസ് ഡോളര്‍ സൂചിക തിങ്കളാഴ്ച കുതിച്ചുകയറി 102.59ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.49 ലേക്കു താഴ്ന്നു. യൂറോ 1.1157 ഡോളറിലേക്കും പൗണ്ട് 1.3207 ഡോളറിലേക്കും എത്തി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 158.48 യെന്‍ വരെ താഴ്ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.69 എന്ന നിലയില്‍ തുടര്‍ന്നു.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 5.227 ശതമാനമായി താഴ്ന്നു.
റിസര്‍വ് ബാങ്കിന്റെ നടപടികളെ തുടര്‍ന്നു രൂപ ഒരു ശതമാനത്തോളം ഉയര്‍ന്നു. ഡോളര്‍ 96 പൈസ താഴ്ന്ന് 95.77 രൂപയില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ 95.67 രൂപയിലാണ്. ചൈനീസ് യുവാന്‍ 14.31 രൂപയിലേക്കു താണു. യൂറോ 106.86 രൂപയായി ഇടിഞ്ഞു.
തിങ്കളാഴ്ച 107 ഡോളറിനു മുകളില്‍ കയറിയ ക്രൂഡ് ഓയില്‍ ഇന്നു താഴ്ചയിലാണ്. ബ്രെന്റ് ഇനം തിങ്കളാഴ്ച രണ്ടു ശതമാനം ഉയര്‍ന്ന് 106.65 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്നു 105.57 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 92.76 ഡോളറിലാണ്.
ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും ഇടിവിലായി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 81,360 ഡോളറിനു താഴെ വന്നു. ഈഥര്‍ 2420 ഡോളറിനും സൊലാന 103 ഡോളറിനും താഴെ ആയി.
Read DhanamOnline in English
Subscribe to Dhanam Magazine