image credit : canva 
Markets

കുതിച്ചു കയറിയ ഇന്ത്യന്‍ വിപണിക്ക് പാശ്ചാത്യ ഭീഷണി, അമേരിക്കയില്‍ ബാങ്കിംഗ് ഭീതി, വിദേശവിപണികളില്‍ താഴ്ച, ക്രൂഡ് ഓയില്‍ താഴ്ന്നു

നിഫ്റ്റി 25,550 നു മുകളില്‍ ക്ലോസ് ചെയ്തത് ബുള്ളുകള്‍ക്ക് ആവേശം പകരുന്നു. ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയായ 25,669 കൂടി കടന്നാല്‍ വലിയ മുന്നേറ്റം നടത്താം എന്നാണു പ്രതീക്ഷ

T C Mathew

വിപണികള്‍ അസാധാരണമായി കയറി നില്‍ക്കുമ്പോള്‍ തകര്‍ച്ചയെപ്പറ്റി ആശങ്ക വളരുന്നതു സ്വാഭാവികമാണ്. നിര്‍മിതബുദ്ധി മേഖലയില്‍ ആയിരക്കണക്കിനു ശതകോടി ഡോളറുകളുടെ നിക്ഷേപം നടക്കുന്നതിനെപ്പറ്റി പലരും മുന്നറിയിപ്പ് നല്‍കുന്നത് ഈ സാഹചര്യത്തിലാണ്. എന്നാല്‍ ഇപ്പോള്‍ അമേരിക്കയില്‍ ചില ഇടത്തരം പ്രാദേശിക ബാങ്കുകളിലെ വായ്പാ തട്ടിപ്പും ഒരു ഓട്ടോ കംപോണന്റ് കമ്പനി പാപ്പരായതോടെ അതില്‍ ഗണ്യമായ പണം നിക്ഷേപിച്ച രണ്ടു വലിയ ബാങ്കുകളുടെ നഷ്ടവും വിപണിയെ വിഷമിപ്പിക്കുന്നു. ഇന്നലെ അമേരിക്കന്‍ വിപണിയെ ഇതു നഷ്ടത്തിലാക്കി. ഇന്ന് ഏഷ്യന്‍ വിപണികളും ഇതേച്ചൊല്ലി താഴുകയാണ്. യുഎസ് ഫ്യൂച്ചേഴ്‌സ് താഴ്ന്നാണു നീങ്ങുന്നത്. ഇന്ത്യന്‍ വിപണിയെയും ഇന്ന് ഇതു ദുര്‍ബലമാക്കാം.

ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ച വാഷിംഗ്ടണില്‍ നടക്കുന്നുണ്ട്. അതിനിടെ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തും എന്നു പ്രധാനമന്ത്രി മോദി പറഞ്ഞെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന കല്ലുകടിയായി. ട്രംപ് പറഞ്ഞ ദിവസം മോദിയുമായി സംസാരം നടന്നില്ലെന്ന് ഇന്ത്യ വിശദീകരിച്ചു. എന്നാല്‍ അമേരിക്കയില്‍ നിന്നു കൂടുതല്‍ പ്രകൃതി വാതകവും പാചക വാതകവും വാങ്ങാന്‍ ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ട്. താഴ്ന്ന വിലയില്‍ കിട്ടിയാല്‍ ക്രൂഡ് ഓയിലും വാങ്ങും.

യുക്രെയ്ന്‍ പ്രശ്‌നപരിഹാരത്തിന് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഹംഗറിയില്‍ വച്ചു കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതു പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്. ഇന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ട്രംപിനെ കാണുന്നുണ്ട്.

ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,601.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,623 വരെ കയറിയിട്ട് 25,600 ലേക്കു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് ഉയരത്തില്‍

യൂറോപ്യന്‍ ഓഹരികള്‍ വ്യാഴാഴ്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. വീണ്ടും പ്രധാനമന്ത്രിയായ സെബാസ്റ്റ്യന്‍ ലെകോര്‍ണു വിശ്വാസവോട്ട് നേടിയത് ഫ്രഞ്ച് വിപണിയെ 133 ശതമാനം ഉയര്‍ത്തി. ഇനി ബജറ്റ് പാസാക്കിയെടുക്കണം. ഭക്ഷ്യ-പാനീയ കമ്പനികള്‍ ഉയര്‍ന്നു. രണ്ടു വര്‍ഷം കൊണ്ട് 16,000 ജീവനക്കാരെ കുറയ്ക്കും എന്നു പ്രഖ്യാപിച്ച നെസ്ലെ 9.3 ശതമാനം കുതിച്ചു.

യുഎസില്‍ തളര്‍ച്ച

പ്രാദേശിക ബാങ്കുകള്‍ക്കു കിട്ടാക്കടങ്ങള്‍ വര്‍ധിച്ചത് ഇന്നലെ യുഎസ് വിപണിയെ താഴ്ത്തി. പ്രധാന സൂചികകള്‍ 0.60 ശതമാനത്തിനടുത്തു താഴ്ന്നപ്പോള്‍ ചെറുകിട കമ്പനികളുടെ സൂചിക രണ്ടു ശതമാനത്തിലധികം താഴ്ചയിലായി.

ചെറുബാങ്കുകളായ സയണ്‍സ് 13 ഉം വെസ്റ്റേണ്‍ അലയന്‍സ് 10 ഉം ശതമാനം ഇടിഞ്ഞു. പ്രാദേശിക ബാങ്കുകളുടെ ഇടിഎഫ് ആറു ശതമാനം താഴ്ന്നു.

ഫസ്റ്റ് ബ്രാന്‍ഡ്‌സ് എന്ന ഓട്ടോ കംപാേണന്റ് കമ്പനി പാപ്പരായത് വലിയ നിക്ഷേപബാങ്കായ ജെഫറീസിന്റെ ഓഹരിയെ 10 ശതമാനം താഴ്ത്തി. ജെഫറീസ് ഓഹരി ഈ മാസം ഇതു വരെ 25 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ജെഫറീസിന് 71.5 കോടിയും സ്വിസ് ബാങ്കായ യുബിഎസിന് 50 കോടിയും ഡോളര്‍ ഫസ്റ്റ് ബ്രാന്‍ഡ്‌സില്‍ നിന്നു കിട്ടാനുണ്ട്. കൂടുതല്‍ പാപ്പര്‍ വിഷയങ്ങള്‍ ഉണ്ടാകും എന്നു ജെപി മോര്‍ഗന്‍ തലവന്‍ ജേയ്മി ഡിമണ്‍ പറഞ്ഞതു വിപണിയില്‍ ആശങ്ക വളര്‍ത്തി.

ഡൗ ജോണ്‍സ് സൂചിക വ്യാഴാഴ്ച 301.07 പോയിന്റ് (0.65%) താഴ്ന്ന് 45,952.24ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 4199 പോയിന്റ് (0.63%) നഷ്ടത്തോടെ 6629.07ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 107.54 പോയിന്റ് (0.47%) താഴ്ന്ന് 22,562.54ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി നഷ്ടത്തിലാണ്. ഡൗ 0.21 ഉം എസ് ആന്‍ഡ് പി 0.30 ഉം നാസ്ഡാക് 0.32 ഉം ശതമാനം താഴ്ന്നാണു നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍ ഇന്നു താഴുകയാണ്. ജപ്പാനില്‍ നിക്കൈ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ദക്ഷിണ കൊറിയന്‍ സൂചിക 0.5 ശതമാനവും ഓസ്‌ട്രേലിയന്‍ വിപണി 0.40 ശതമാനവും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ഹോങ് കോങ്, ചൈനീസ് ഓഹരി സൂചികകളും താഴ്ന്നു.

ഇന്ത്യന്‍ വിപണി പറന്നു

അനുകൂലമായ വാര്‍ത്തകളും ശുഭപ്രതീക്ഷയും ഇന്ത്യന്‍ വിപണിയെ ഇന്നലെയും കുതിച്ചു കയറാന്‍ സഹായിച്ചു. നിഫ്റ്റിയും സെന്‍സെക്‌സും നാലു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. മുഖ്യ സൂചികകള്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു. എന്നാല്‍ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ താരതമ്യേന ദുര്‍ബല നേട്ടമേ ഉണ്ടാക്കിയുള്ളൂ.

റിയല്‍റ്റി, എഫ്എംസിജി, സ്വകാര്യബാങ്ക് മേഖലകളാണു കുതിപ്പിനു നേതൃത്വം നല്‍കിയത്. പൊതുമേഖലാ ബാങ്ക് സൂചിക മാത്രം താഴ്ചയിലായി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എന്‍ബിഎഫ്‌സി, ഓട്ടോ മേഖലകളും നല്ല നേട്ടം കുറിച്ചു.

നിഫ്റ്റി വ്യാഴാഴ്ച 261.75 പോയിന്റ് (1.03%) ഉയര്‍ന്ന് 25,585.30ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 862.23 പോയിന്റ് (1.04%) കയറി 83,467.66ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 622.65 പോയിന്റ് (1.10%) നേട്ടത്തോടെ 57,422.55ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 271.15 പോയിന്റ് (0.46%) കയറി 59,241.15ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 43.80 പോയിന്റ് (0.24%) ഉയര്‍ന്ന് 18,131.85ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ-ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 2330 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1871 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1812 എണ്ണം. താഴ്ന്നത് 1280 ഓഹരികള്‍.

എന്‍എസ്ഇയില്‍ 102 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 77 എണ്ണമാണ്. 90 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 54 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ വ്യാഴാഴ്ച ക്യാഷ് വിപണിയില്‍ 997.29 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകള്‍ 4076.20 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

നിഫ്റ്റി 25,550 നു മുകളില്‍ ക്ലോസ് ചെയ്തത് ബുള്ളുകള്‍ക്ക് ആവേശം പകരുന്നു. ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയായ 25,669 കൂടി കടന്നാല്‍ വലിയ മുന്നേറ്റം നടത്താം എന്നാണു പ്രതീക്ഷ. ഇന്നു നിഫ്റ്റിക്ക് 25,430ലും 25,380ലും പിന്തുണ ലഭിക്കും. 25,620ലും 25,690ലും തടസങ്ങള്‍ ഉണ്ടാകും.

കമ്പനികള്‍, വാര്‍ത്തകള്‍

ഇന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസും ഐസിഐസിഐ ബാങ്കും റിസല്‍ട്ട് പ്രസിദ്ധീകരിക്കും.

ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ രണ്ടാം പാദ റിസല്‍ട്ട് പ്രതീക്ഷകള്‍ക്ക് ഒപ്പം വന്നു. വരുമാനം തലേ പാദത്തേക്കാള്‍ 2.2 ശതമാനം കൂടി. മുഴുവന്‍ വര്‍ഷ വരുമാന വളര്‍ച്ച പ്രതീക്ഷ രണ്ടു മുതല്‍ മൂന്നു വര ശതമാനമാക്കി ഉയര്‍ത്തി. പ്രവര്‍ത്തനലാഭ മാര്‍ജിന്‍ പ്രതീക്ഷ 20-22 ശതമാനം. ഓഹരി ഒന്നിന് 23 രൂപ ലാഭവീതം പ്രഖ്യാപിച്ചു.

വിപ്രോ മുന്‍പാദത്തേക്കാള്‍ 25 ശതമാനം കൂടുതല്‍ വരുമാനം ഉണ്ടാക്കി. പ്രവര്‍ത്തനലാഭം ആറു ശതമാനം കൂടി.ലാഭമാര്‍ജിന്‍ 16.7 ശതമാനം. മൂന്നാം പാദത്തിലേക്കു വരുമാന പ്രതീക്ഷ 1.5 ശതമാനം വരെ മാത്രം.

എല്‍ടിഐ മൈന്‍ഡ്ട്രീ രണ്ടാം പാദത്തില്‍ വരുമാനം 5.6 ഉം പ്രവര്‍ത്തന ലാഭം 17 ഉം ശതമാനം വര്‍ധിപ്പിച്ചു. അറ്റാദായം തലേ പാദത്തേക്കാള്‍ 10.1 ശതമാനം വര്‍ധിച്ചു. 22 രൂപ ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു.

സയെന്റ് ലിമിറ്റഡിനു രണ്ടാം പാദത്തില്‍ വരുമാനം 3.7 ഉം പ്രവര്‍ത്തനലാഭം 36.4 ഉം അറ്റാദായം 28.8 ഉം ശതമാനം ഇടിഞ്ഞു. ലാഭമാര്‍ജിന്‍ 12.5ല്‍ നിന്ന് 8.2 ശതമാനമായി താഴ്ന്നു.

ജിയോ ഫിനാന്‍ഷ്യലിനു വരുമാനം 41 ശതമാനം കുതിച്ചപ്പോള്‍ അറ്റാദായം കാര്യമായ മാറ്റമില്ലാതെ നിന്നു.

ജെഎസ്ഡബ്ലു ഇന്‍ഫ്രാസ്ട്രക്ചറിന് വരുമാനം 26.4 ശതമാനം കൂടിയപ്പോള്‍ പ്രവര്‍ത്തന ലാഭം 24 ഉം അറ്റാദായം 2.8 ഉം ശതമാനം കുറഞ്ഞു.

വാരീ എന്‍ജിനിയേഴ്‌സ് രണ്ടാം പാദത്തില്‍ വരുമാനം 70 ഉം പ്രവര്‍ത്തന ലാഭം 155 ഉം ശതമാനം വര്‍ധിച്ചു. ലാഭമാര്‍ജിന്‍ 16.76 ല്‍ നിന്ന് 25.17 ശതമാനം ആയി. സോളര്‍ പാനല്‍ നിര്‍മിക്കുന്ന കമ്പനിയുടെ അറ്റാദായം 130 ശതമാനം കുതിച്ചു.

4,300 ഡോളര്‍ കടന്നു സ്വര്‍ണം

സ്വര്‍ണ വിപണി വലിയ കുതിപ്പിലാണ്. ഒരു ബുള്‍ തേരോട്ടത്തിന്റെ അവസാനലാപ്പ് പോലെ മാരകമായ വേഗത്തിലാണ് ഈ ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ കയറ്റം. ഔണ്‍സിനു 100 ഡോളറിലധികം കുതിപ്പ് പ്രതിദിനം ഉണ്ടാകുന്നു.

വ്യാഴാഴ്ച സ്‌പോട്ട് സ്വര്‍ണം ഔണ്‍സിന് 118.10 ഡോളര്‍ കയറി 4327.30 ഡോളറില്‍ ക്ലോസ് ചെയ്തു. തുടര്‍ന്ന് ഏഷ്യന്‍ വ്യാപാരത്തില്‍ സ്വര്‍ണം 53 ഡോളര്‍ കൂടി കയറി 4380 നു മുകളിലായി. 24 മണിക്കൂര്‍ കൊണ്ടു നാലു ശതമാനം ഉയര്‍ച്ച. പിന്നീട് 4323 ഡോളറിലേക്കു താഴ്ന്നു.

സ്വര്‍ണം അവധിവില 4392 ഡോളര്‍ വരെ ഉയര്‍ന്നിട്ടു താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് പവന്‍വില വ്യാഴാഴ്ച 94,920 രൂപയില്‍ തുടര്‍ന്നു. ഇന്നു വില ഗണ്യമായി കൂടാം.

വെള്ളിവില ഔണ്‍സിന് 54.44 വരെ എത്തിയ ശേഷം 54.22 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 53.55 ഡോളര്‍ ആയി. അവധിവില 53.25 ഡോളറില്‍ എത്തി. വിപണിയുടെ പതിവുവിട്ട് വെള്ളിയുടെ അവധി നിരക്ക് ഏതാനും ദിവസങ്ങളായി സ്‌പോട് നിരക്കിനേക്കാള്‍ താഴെയാണ്. പ്ലാറ്റിനം, പല്ലാഡിയം, റോഡിയം തുടങ്ങിയവയും കയറ്റം തുടര്‍ന്നു. പ്ലാറ്റിനം അവധിവില 1742 ഡോളര്‍ വരെ എത്തി.

ലോഹങ്ങള്‍ ഭിന്നദിശകളില്‍

വ്യാവസായിക ലോഹങ്ങള്‍ ഭിന്ന ദിശകളിലായി. വ്യാപാരയുദ്ധം എങ്ങനെയാകും എന്ന ചിന്തയാണു വിപണിയില്‍ പ്രധാനം. ചെമ്പ് 1.93 ശതമാനം ഇടിഞ്ഞു ടണ്ണിന് 10,495.00 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.37 ശതമാനം കൂടി 2755.65 ഡോളറില്‍ എത്തി. ലെഡും നിക്കലും ഒരു ശതമാനത്തില്‍ താഴെ വീതം ഉയര്‍ന്നു. സിങ്കും ടിന്നും 1.21 താഴ്ന്നു.

രാജ്യാന്തര വിപണിയില്‍ റബര്‍ വില 1.06 ശതമാനം കയറി കിലോഗ്രാമിന് 172.20 സെന്റ് ആയി. കൊക്കോ 3.22 ശതമാനം ഉയര്‍ന്ന് ടണ്ണിന് 5996.00 ഡോളറില്‍ എത്തി. കാപ്പി 0.66 ശതമാനം താഴ്ന്നപ്പോള്‍ തേയില ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. പാം ഓയില്‍ വില 0.98 ശതമാനം കയറി.

ഡോളര്‍ സൂചിക വീണ്ടും താഴ്ന്നു

ഡോളര്‍ സൂചിക വ്യാഴാഴ്ച അര ശതമാനം ഇടിഞ്ഞു. ഇന്നലെ 98.34ല്‍ സൂചിക ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.26 ലേക്കു താഴ്ന്നു.

കറന്‍സി വിപണിയില്‍ ഡോളര്‍ ദൗര്‍ബല്യം തുടരുന്നു. യൂറോ 1.703 ഡോളറിലേക്കും പൗണ്ട് 1.344 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 150.25 യെന്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നു.

യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില ഇന്നലെ കയറി. അവയിലെ നിക്ഷേപനേട്ടം നാലു ശതമാനത്തിന് താഴെയായി. ഏപ്രിലിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായ 3.965 ശതമാനത്തിലേക്കു നിക്ഷേപ നേട്ടം താഴ്ന്നു.

ആര്‍ബിഐ ഡോളര്‍ ഇറക്കി, രൂപ വീണ്ടും കയറി

റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ തുടര്‍ന്നതു രൂപയെ ഇന്നലെ വീണ്ടും ഉയര്‍ത്തി. ഡോളര്‍ ഒരവസരത്തില്‍ 87.71 രൂപ വരെ താഴ്ന്നിട്ട് 87.82 രൂപയില്‍ ക്ലോസ് ചെയ്തു. തലേന്നത്തെക്കാള്‍ 25 പൈസ കുറവ്.

റിസര്‍വ് ബാങ്ക് രണ്ടു ദിവസം കൊണ്ടു 400 കോടിയിലധികം ഡോളര്‍ വിപണിയിലിറക്കി എന്നാണു നിഗമനം. ഒപ്പം ഊഹക്കച്ചവടക്കാരുടെ ഷോര്‍ട്ട് പൊസിഷനുകളെ ദുര്‍ബലമാക്കുന്ന ഫോര്‍വേഡ് കോണ്‍ട്രാക്റ്റുകള്‍ എടുത്തു. കയറ്റുമതി കുറയുന്നതും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു മാറുന്നതും രൂപയെ ഇടിച്ചിടും എന്ന നിഗമനത്തിലാണ് ഊഹക്കച്ചവടക്കാര്‍ കളിക്കുന്നത്. ഇതിനിടെ ഡോളര്‍ സൂചിക 99നു മുകളില്‍ കയറിയതും കറന്‍സി ചൂതാട്ടക്കാര്‍ക്കു ബലമായി. എന്നാല്‍ രണ്ടു ദിവസമായി ഡോളര്‍ സൂചിക 99 നു താഴെ നില്‍ക്കുന്നത് അവര്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയായി.

ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.12 യുവാന്‍ എന്ന നിലയിലേക്കു കയറി.

ക്രൂഡ് ഓയില്‍ ഇടിയുന്നു

യുഎസ്-ചൈന വ്യാപാരയുദ്ധ ഭീതിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും താഴ്ന്നു. ഒപെക് ഉല്‍പാദനം കൂട്ടുന്നത് എണ്ണലഭ്യത കൂട്ടും. ഡിമാന്‍ഡ് വര്‍ധിക്കുന്നില്ല. ഇപ്പോള്‍ തന്നെ വിപണിയില്‍ മിച്ചമാണ്. കൂടുതല്‍ എണ്ണ ഉല്‍പാദനം ഉണ്ടായാല്‍ വില വീപ്പയ്ക്ക് 50 ഡോളര്‍ വരെ താഴാം എന്നു ബാങ്ക് ഓഫ് അമേരിക്ക വിലയിരുത്തി. ബ്രെന്റ് ഇനം ഇന്നലെ 1.35 ശതമാനം താഴ്ന്ന് 61.02 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്ന് 60.72 ഡോളറിലായി. ഡബ്‌ള്യുടിഐ 57.12 ഡോളറിലും മര്‍ബന്‍ ക്രൂഡ് 62.95 ഡോളറിലും ആണ്. പ്രകൃതി വാതക വില 0.50 ശതമാനം താഴ്ന്നു.

ക്രിപ്‌റ്റോകള്‍ താഴ്ചയില്‍

ക്രിപ്‌റ്റോ കറന്‍സികള്‍ കുത്തനേ ഇടിയുകയാണ്. 1.25 ലക്ഷം ഡോളറിനു മുകളില്‍ എത്തിയ ബിറ്റ്‌കോയിന്‍ ഇന്നലെ 1,08,000നു താഴെയായി. യുഎസ്-ചൈന വ്യാപാരയുദ്ധ സാധ്യത വര്‍ധിച്ചതു ക്രിപ്‌റ്റോകളെ സാരമായി ബാധിക്കുന്നുണ്ട്. ബുള്ളുകള്‍ ഇപ്പോള്‍ വിപണിയില്‍ വില്‍പനക്കാരായി.ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 1,07, 900 ഡോളറില്‍ എത്തി. ഈഥര്‍ 3826 ഡോളറിലേക്കു താഴ്ന്നിട്ട് 3870 ലേക്കു കയറി. സൊലാന ഇടിഞ്ഞ് 183 ല്‍ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT