Image courtesy: Canva
Markets

പലിശചര്‍ച്ചയുടെ ആഴ്ച, പ്രതീക്ഷയോടെ വിപണി, ക്രൂഡ് ഓയില്‍ 115 ഡോളറിനു മുകളില്‍, സ്വര്‍ണം താഴുന്നു; ട്രംപിനു തിരിച്ചടി

ഡിസംബറിലാകും ഫെഡിന്റെ അടുത്ത വര്‍ധന എന്നു വിപണി പൊതുവേ വിലയിരുത്തുന്നു. ഡിസംബറില്‍ നിരക്കു കൂട്ടാന്‍ 70 ശതമാനം സാധ്യത കണക്കാക്കുന്നു

T C Mathew

യുദ്ധങ്ങളും തെരഞ്ഞെടുപ്പുകളും യൂറോപ്യന്‍ അശാന്തിയും കേന്ദ്ര ബാങ്കുകളുടെ പലിശ തീരുമാനങ്ങളും ക്രൂഡ് ഓയില്‍ വിലയും വിപണികളെ നിയന്ത്രിക്കുന്ന ആഴ്ചയാണു തുടങ്ങുന്നത്. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും വിപണികള്‍ പ്രതീക്ഷ പുലര്‍ത്തുന്നു.

ക്രൂഡ് ഓയില്‍ വില 117 ഡോളര്‍ വരെ കയറിയിട്ട് ഇന്നു രാവിലെ നേരിയ തോതില്‍ താഴ്ന്നു. വിലക്കയറ്റം വര്‍ധിക്കുകയാണെങ്കിലും ഈയാഴ്ച യോഗം ചേരുന്ന യുഎസ് ഫെഡും യൂറോപ്യന്‍ കേന്ദ്രബാങ്കും പലിശനിരക്കു കൂട്ടുകയില്ലെന്നാണു വിപണിയുടെ പ്രതീക്ഷ. പക്ഷേ പലിശപ്പേടിയില്‍ സ്വര്‍ണം ഔണ്‍സിനു 3980 ഡോളറിലേക്കു താഴ്ന്നു.

നവംബര്‍ മൂന്നിലെ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇറാനിലേക്കു പുതിയ ആക്രമണം ഉണ്ടാകുമെന്നു യുഎസും ഇസ്രയേലും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യുദ്ധം വ്യാപിപ്പിക്കും എന്നാണ് ഇറാന്റെ ഭീഷണി. എങ്കിലും ക്രൂഡ് ഓയില്‍ 117 ഡോളറില്‍ നിന്നു താഴ്ന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 22,535.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,597 വരെ ഉയര്‍ന്നിട്ട് അല്പം താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

ട്രംപിനു തിരിച്ചടി

ഞായറാഴ്ച യൂറോപ്പിലെ സെര്‍ബിയയിലും തെക്കേ അമേരിക്കയിലെ ബ്രസീലിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിത്രങ്ങള്‍ പരാജയപ്പെട്ടു. ബ്രസീലില്‍ പ്രസിഡന്റ് ലുല വീണ്ടും ജയിച്ചതു ട്രംപിനു തിരിച്ചടിയാണ്. ചൊവ്വാഴ്ച ഇസ്രയേലിലെ തെരെഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നെതന്യാഹുവിനെയാണു ട്രംപ് പിന്താങ്ങുന്നത്.

ഫെഡ് എന്തു ചെയ്യും?

ഈ ആഴ്ച യുഎസ് ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ കേന്ദ്രബാങ്കും (ഇസിബി) പണനയ വിശകലനം നടത്തുന്നുണ്ടെങ്കിലും പലിശ കൂട്ടുകയില്ലെന്നാണു നിരീക്ഷകര്‍ കരുതുന്നത്. ഫെഡ് ബുധനാഴ്ചയും ഇസിബി വ്യാഴാഴ്ചയും തീരുമാനം പ്രഖ്യാപിക്കും. ബാങ്ക് ഓഫ് അമേരിക്ക മാത്രമാണ് ഈയാഴ്ച ഫെഡ് നിരക്കു കൂട്ടുമെന്നു പറയുന്ന പ്രമുഖ ധനകാര്യ സ്ഥാപനം. നിരക്കു കൂട്ടാതിരിക്കാന്‍ 90 ശതമാനം സാധ്യതയാണു പറയപ്പെടുന്നത്.

ഡിസംബറിലാകും ഫെഡിന്റെ അടുത്ത വര്‍ധന എന്നു വിപണി പൊതുവേ വിലയിരുത്തുന്നു. ഡിസംബറില്‍ നിരക്കു കൂട്ടാന്‍ 70 ശതമാനം സാധ്യത കണക്കാക്കുന്നു. ഈ വര്‍ഷം ഫെഡ് ഒരു തവണയും ഇസിബി രണ്ടു തവണയും നിരക്ക് കൂട്ടിയിരുന്നു.

വീണ്ടും ഇടിഞ്ഞു യുഎസ് വിപണി

ടെക്‌നോളജി, ചിപ് ഓഹരികള്‍ സ്ഥിരത കാണിച്ചെങ്കിലും ക്രൂഡ് ഓയിലിന്റെ കയറ്റം വെള്ളിയാഴ്ച യുഎസ് ഓഹരികളെ താഴ്ത്തി. വിലക്കയറ്റ ഭീതിയാണു വിപണിയെ ദുര്‍ബലമാക്കിയത്.

വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 652.82 പോയിന്റ് (1.23 ശതമാനം) ഇടിഞ്ഞ് 52,215.16ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 39.75 പോയിന്റ് (0.52%) നഷ്ടത്തോടെ 7623.68ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 53.52 പോയിന്റ് (0.21%) താഴ്ന്ന് 25,955.34ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് താഴുന്നു

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴോട്ടാണ്. ഡൗ ജോണ്‍സ് ആദ്യം ഉയര്‍ന്നിട്ടു നഷ്ടത്തിലായി. എസ്ആന്‍ഡ്പി 5 പോയിന്റും (0.06%) നാസ്ഡാക് 59 പോയിന്റും (0.20%) താഴ്ന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ വെള്ളിയാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാരസമയത്ത് 1.56 ശതമാനം താഴ്ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 1.40% ഉയര്‍ന്ന് 22.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.60% ഇടിഞ്ഞിട്ട് തുടര്‍ വ്യാപാരത്തില്‍ 1.97% കൂടി താഴ്ന്ന് 28.88 ഡോളറില്‍ അവസാനിച്ചു.

ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 6.58% ഇടിഞ്ഞ ശേഷം തുടര്‍ വ്യാപാരത്തില്‍ 0.40% നേട്ടത്തോടെ 12.40 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 3.65% താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ മാറ്റമില്ലാതെ 2.11 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് താഴ്ചയില്‍

ഫ്രഞ്ച് പ്രക്ഷോഭങ്ങളും പ്രതീക്ഷയിലും മോശമായ കമ്പനി റിസല്‍ട്ടുകളും മൂലം യൂറോപ്യന്‍ ഓഹരിവിപണികള്‍ വെള്ളിയാഴ്ചയും ഇടിഞ്ഞു. ചൈനീസ് ഡിമാന്‍ഡ് കുറഞ്ഞതു യൂറോപ്പിലെ ആഡംബരവസ്തുക്കളുടെ വില്‍പന ഇടിയാന്‍ കാരണമായി. ആഡംബര വ്യാപാര കമ്പനികള്‍ക്ക് ഈ വര്‍ഷം 24 ശതമാനം തകര്‍ച്ചയുണ്ടായി. ഗുച്ചീ വില്പന ഇടിഞ്ഞതിനെ തുടര്‍ന്ന് മാതൃകമ്പനിയായ കേറിംഗ് 16.6 ശതമാനം ഇടിഞ്ഞു. എന്നാല്‍ വില്‍പന വര്‍ധന ലോറിയല്‍ ഓഹരിയെ 5.6 ശതമാനം ഉയര്‍ത്തി. ഫ്രഞ്ച് പ്രക്ഷോഭങ്ങള്‍ വാരാന്ത്യത്തില്‍ വീണ്ടും അക്രമത്തിലേക്കു വീണെങ്കിലും പിറ്റേന്നു ശാന്തമായി. ഫ്രാന്‍സിന്റെ എഎ3 റേറ്റിംഗ് നിലനിര്‍ത്താന്‍ മൂഡീസ് തീരുമാനിച്ചത് യൂറോപ്പിന് ആശ്വാസമായി.

ഏഷ്യന്‍ വിപണികള്‍ ദുര്‍ബലം

പ്രധാന ഏഷ്യന്‍ വിപണികള്‍ ഇന്നും നഷ്ടത്തിലാണ്. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക ഒരു ശതമാനം താഴ്ന്നു. എസ്‌കെ ഹൈനിക്‌സ് ഉയര്‍ന്നു. സാംസങ്ങ് ഇടിവിലായി. ജപ്പാനിലെ നിക്കൈ സൂചിക ആദ്യം ഉയര്‍ന്ന ശേഷം 0.55 ശതമാനം നഷ്ടത്തിലായി. ഓസ്‌ട്രേലിയന്‍ സൂചിക 0.35 ശതമാനം താഴ്ന്നു. ഹാങ് സെങ് സൂചിക 0.30 ശതമാനം കയറി. ചൈനയിലെ ഷാങ്ഹായ് സൂചിക 0.90 ശതമാനം ഉയര്‍ന്നു.

വിപണി വീണ്ടും താഴോട്ട്

പശ്ചിമേഷ്യന്‍ യുദ്ധഭീതിയും ക്രൂഡ് ഓയില്‍ വിലക്കയറ്റവും ഇന്ത്യന്‍ വിപണിയെ നാലാം ദിവസവും. താഴ്ത്തി. തുടക്കം മുതല്‍ താഴ്ന്ന വിപണി കാസ് (ക്ലോസിംഗ് ഓക്ഷന്‍ സെഷന്‍) സമയത്തു ഗണ്യമായ നേട്ടം ഉണ്ടാക്കി. ആഴ്ചയില്‍ സെന്‍സെക്‌സ് 2.14 ഉം നിഫ്റ്റി 2.25 ഉം ശതമാനം നഷ്ടത്തിലായി.

മിഡ് ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് സൂചികകള്‍ വെള്ളിയാഴ്ച മൂന്നു ശതമാനം വരെ താണു. ആഴ്ചയില്‍ മിഡ് ക്യാപ് 100 സൂചിക 5.6 ഉം സ്‌മോള്‍ ക്യാപ് 100 സൂചിക ഏഴും ശതമാനം നഷ്ടം വരുത്തി. രണ്ടു വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ പ്രതിവാര നഷ്ടമാണു മിഡ് ക്യാപ്പുകള്‍ക്ക് ഉണ്ടായത്.

മെറ്റല്‍, പ്രതിരോധ, കാപ്പിറ്റല്‍ മാര്‍ക്കറ്റ്, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, മീഡിയ, റിയല്‍റ്റി മേഖലകള്‍ കഴിഞ്ഞയാഴ്ച അഞ്ചു ശതമാനത്തിലധികം നഷ്ടത്തിലായി.

വിശാലവിപണിയില്‍ ഉയരുന്ന ഓരോഹരിക്കു നാല് ഓഹരികള്‍ ഇടിയുന്ന അവസ്ഥയായിരുന്നു. ബിഎസ്ഇയില്‍ 838 ഓഹരികള്‍ കയറി, 3588 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 623 ഓഹരികള്‍ കയറിയപ്പോള്‍ 3011 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ച ചെറിയ വാങ്ങലുകാരായി. അവര്‍ ക്യാഷ് വിപണിയില്‍ 887.65 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3235.36 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. കഴിഞ്ഞ ആഴ്ച മൊത്തമെടുത്താല്‍ വിദേശികള്‍ 2697.37 കോടി രൂപയുടെ അറ്റവില്‍പനക്കാരായിരുന്നു. തുടര്‍ച്ചയായ ഒന്‍പതാമത്തെ ആഴ്ചയും വിദേശനിക്ഷേപകര്‍ വില്പനക്കാരായി.

വെള്ളിയാഴ്ച സെന്‍സെക്സ് 125.56 പോയിന്റ് (0.17%) താഴ്ന്ന് 73,123.83ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 87.65 പോയിന്റ് (0.39%) നഷ്ടത്തോടെ 22,600.00ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 638.35 പോയിന്റ് (1.16%) താഴ്ചയോടെ 54,287.35ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1263.30 പോയിന്റ് (2.21%) ഇടിവോടെ 55,800.65ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 536.4 പോയിന്റ് (2.94%) നഷ്ടത്തോടെ 17,739.45ല്‍ ക്ലോസ് ചെയ്തു.

കമ്പനികള്‍, വാര്‍ത്തകള്‍

ഇന്‍ഫോസിസ് ടെക്‌നോളജീസ് ഈ ധനകാര്യ വര്‍ഷത്തെ വരുമാന പ്രതീക്ഷ താഴ്ത്തി. 1.5 -3.00 ശതമാനത്തില്‍ നിന്ന് 1.00 -2.00 ശതമാനത്തിലേക്കാണു കുറച്ചത്. ഈ വര്‍ഷം ഇതു രണ്ടാം തവണയാണു വരുമാന പ്രതീക്ഷ കുറച്ചത്. ലാഭമാര്‍ജിന്‍ പ്രതീക്ഷ 20.00-22.00 ശതമാനം നിലനിര്‍ത്തി. ഇതോടെ വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ ഇന്‍ഫോസിസ് എഡിആര്‍ ഏഴു ശതമാനത്തോളം ഇടിഞ്ഞു. രണ്ടാം പാദത്തില്‍ ഇന്‍ഫോസിസ് റിസല്‍ട്ട് പ്രതീക്ഷയിലും മോശമായി. വരുമാന വളര്‍ച്ച സ്ഥിരകറന്‍സിയില്‍ മോശമായി. ലാഭമാര്‍ജിനും കുറഞ്ഞു. കമ്പനി വരുമാനം 2.1 ഉം അറ്റാദായം 0.7 ഉം ശതമാനം വര്‍ധിച്ചതായ കണക്കാണു പുറത്തു വിട്ടത്.

ബിപിസിഎല്‍ രണ്ടാം പാദത്തില്‍ ലാഭത്തിലേക്കു തിരിച്ചു വന്നു. വിറ്റുവരവ് 1.49 ലക്ഷം കോടി രൂപ പ്രതീക്ഷയിലും കുറവായി. 3962 കോടി നഷ്ടത്തില്‍ നിന്ന് 4993 കോടി രൂപ അറ്റാദായത്തിലേക്ക് കമ്പനി കയറി.

അറ്റപലിശ വരുമാനം 15.7% വര്‍ധിച്ചപ്പോള്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 29.5 ശതമാനം കുതിച്ചു. നിഷ്‌ക്രിയ ആസ്തി 0.24 ശതമാനമായി കുറഞ്ഞു.

കോഫോര്‍ജ് രണ്ടാം പാദത്തില്‍ വരുമാനം 11.6% വര്‍ധിച്ചപ്പോള്‍ അറ്റാദായം 13.4 ശതമാനം കൂട്ടി. ഡോളര്‍ വരുമാനത്തില്‍ 10.1% വര്‍ധന ഉണ്ട്.

ടോറന്റ് ഫാര്‍മയുടെ രണ്ടാം പാദ വരുമാനം 50.8% കുതിച്ചപ്പോള്‍ അറ്റാദായം 9.6 ശതമാനം കുറഞ്ഞു. പ്രവര്‍ത്തന ലാഭത്തിലും 54.1 ശതമാനം വര്‍ധന ഉണ്ടായി.

അപ്പോളോ മൈക്രോ സിസ്റ്റംസിന് വരുമാനം 72.2% കൂടിയപ്പോള്‍ അറ്റാദായ വര്‍ധന 55.6% മാത്രമായി.

ഡോ.റെഡ്ഡീസ് ലബോട്ടെ റീസിന് വരുമാനം 1.5 ശതമാനം കുറഞ്ഞപ്പോള്‍ അറ്റാദായം 36 ശതമാനം ഇടിഞ്ഞു.

അറ്റപലിശ വരുമാനം 21 ശതമാനം വര്‍ധിച്ചപ്പോള്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ അറ്റാദായം മൂന്നിരട്ടിയായി.

എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ അറ്റപലിശ വരുമാനം 32 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 53% വര്‍ധിച്ചു.

ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റ പലിശ വരുമാനം 18.5% വര്‍ധിച്ചപ്പോള്‍ അറ്റാദായം 25.3 ശതമാനം കൂടി.

സ്വര്‍ണം 4000 ഡോളറിനു താഴെ

സ്വര്‍ണവും വെള്ളിയും വലിയ വിലയിടിവ് കണ്ട ആഴ്ചയാണു കടന്നുപോയത്. സ്വര്‍ണം നാലും വെള്ളി 5.4 ഉം ശതമാനം ഇടിഞ്ഞു. പലിശനിരക്ക് ഉയരുമെന്നും ഉയര്‍ന്ന നിരക്ക് ദീര്‍ഘകാലം തുടരുമെന്നുമാണു വിപണിയുടെ ആശങ്ക.

വെള്ളിയാഴ്ച 28.40 ഡോളര്‍ (0.71%) താഴ്ന്ന സ്വര്‍ണം ഔണ്‍സിന് 3996.90 ഡോളറില്‍ ക്ലോസ് ചെയ്തു. ജൂലൈക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസിംഗാണിത്. ഇന്നു രാവിലെ കയറി 4004 ഡോളറില്‍ എത്തിയിട്ടു 3982 ഡോളര്‍ വരെ താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് വെള്ളിയാഴ്ച 1400 രൂപ ഇടിഞ്ഞ് 1,04,480 രൂപ ആയി. ശനിയാഴ്ച 80 രൂപ കൂടി 1,04,560 രൂപയില്‍ എത്തി.

വെള്ളിവില വെള്ളിയാഴ്ച 1.24 ശതമാനം താഴ്ന് ഔണ്‍സിന് 54.05 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 54.30 ഡോളറിലേക്കു കയറി.

പ്ലാറ്റിനം 1558 ഡോളര്‍, പല്ലാഡിയം 1039 ഡോളര്‍, റോഡിയം 8625 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

റബര്‍: വീണ്ടും കയറ്റം

കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 29,250 രൂപയിലേക്കു കയറി. വെള്ളിയാഴ്ച ബാങ്കോക്ക് വിപണി അവധിയായിരുന്നു.

ലോഹങ്ങള്‍ കയറി

നിക്കല്‍ ഒഴികെ വ്യാവസായിക ലോഹങ്ങള്‍ വെള്ളിയാഴ്ച ഉയര്‍ന്നു. ചെമ്പ് 1.41 ശതമാനം കയറി ടണ്ണിന് 14,415.00 ആയി. അലൂമിനിയം 1.13 ശതമാനം ഉയര്‍ന്ന് 3043.50 ഡോളറില്‍ എത്തി. നിക്കല്‍ 1.51 ശതമാനം താഴ്ന്നു. ടിന്നും ലെഡും സിങ്കും ഉയര്‍ന്നു.

കൊക്കോ ഉയര്‍ന്നു

കൊക്കോ വില 0.18 ശതമാനം കയറി ടണ്ണിന് 5592 ഡോളറില്‍ ക്ലോസ് ചെയ്തു.

അറബിക്ക കാപ്പി പൗണ്ടിന് 1.60 ശതമാനം കുറഞ്ഞ് 3.075 ഡോളര്‍ ആയി.

പാം ഓയില്‍ 0.54 ശതമാനം ഉയര്‍ന്ന് ടണ്ണിന് 4818 മലേഷ്യന്‍ റിംഗിറ്റ് ആയി.

ഡോളര്‍ സൂചിക കയറിയിറങ്ങി

യുഎസ് ഡോളര്‍ സൂചിക വെള്ളിയാഴ്ച ഉയര്‍ന്നു 101.81ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.65 ലേക്ക് താഴ്ന്നു.

യൂറോ ഇന്ന് 1.121 ഡോളറിലും പൗണ്ട് 1.3371 ഡോളറിലും ആണ്. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 156.82 യെന്‍ ആയി.

ചൈനീസ് യുവാന്‍ ഡോളറിന് 6.68 എന്ന നിലയില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.99 ശതമാനമായി കൂടി.

രൂപയ്ക്കു ക്ഷീണം

രൂപ വീണ്ടും താഴ്ന്നു. വെള്ളിയാഴ്ച ഡോളര്‍ 12 പൈസ കൂടി 94.94 രൂപയില്‍ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ 94.93 രൂപയില്‍ നില്‍ക്കുന്നു.

ചൈനീസ് യുവാന്‍ 14.16 രൂപയായും യൂറോ 105.95 രൂപയായും താഴ്ന്നു.

ക്രൂഡ് ഓയില്‍ 115നു മുകളില്‍

ഹോര്‍മുസിലും സൗദി അറേബ്യയിലും യുക്രെയ്‌നിലും ആക്രമണങ്ങള്‍ തുടരുന്നു. ഇറാനിലേക്ക് യുഎസ്- ഇസ്രേലി സംയുക്ത ആക്രമണം പുനരാരംഭിക്കാം എന്ന ഭീഷണി ഉണ്ട്. ഇതു ക്രൂഡ് ഓയിലിനെ വെള്ളിയാഴ്ച 117 ഡോളര്‍ വരെ ഉയര്‍ത്തി.

ബ്രെന്റ് ഇനം മൂന്നു ശതമാനത്തിലധികം കുതിച്ച് 116.72 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില ഒരു ശതമാനം താഴ്ന്നു 115.62 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 102.18 ഡോളറിലാണ്.

ക്രിപ്‌റ്റോകള്‍ ഇടിഞ്ഞു

ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും താഴ്ന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 80,000 ഡോളറിനു താഴെ വന്നു. ഈഥര്‍ 2325 ഡോളറിനും സൊലാന 101.00 ഡോളറിനും താഴെ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT