image credit : canva 
Markets

എല്ലാ ശ്രദ്ധയും പണനയ പ്രഖ്യാപനത്തില്‍, ജിഡിപി വളര്‍ച്ച വൈകുന്നേരം അറിയാം, ടെക് കമ്പനികള്‍ തകര്‍ച്ചയില്‍; വിപണി കരുതലോടെ തുടങ്ങും

വ്യാവസായിക ലോഹങ്ങള്‍ ഇന്നലെയും താഴ്ന്നു. അമേരിക്ക പലിശ കൂട്ടും എന്ന ആശങ്കയാണു വിപണിക്ക്

T C Mathew

രാവിലെ പത്തിനു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കുന്ന പണനയത്തിലേക്കാണു വിപണി ഇന്നു ശ്രദ്ധിക്കുക. വിലക്കയറ്റം കൂടുകയാണെങ്കിലും തല്‍ക്കാലം പലിശ കൂട്ടുകയില്ല എന്നാണു വിപണിയുടെ വിലയിരുത്തല്‍. ഈ ധനകാര്യ വര്‍ഷത്തിലെ വിലക്കയറ്റവും ജിഡിപി വളര്‍ച്ചയും സംബന്ധിച്ച ബാങ്കിന്റെ പുതിയ നിഗമനം ശ്രദ്ധിക്കപ്പെടും.

പശ്ചിമേഷ്യന്‍ സമാധാന നീക്കങ്ങളില്‍ വലിയ പുരോഗതി കണ്ടിട്ടില്ലെങ്കിലും ക്രൂഡ് ഓയില്‍ വില താഴ്ന്നു നില്‍ക്കുകയാണ്.

അമേരിക്കന്‍ വിപണിയില്‍ ഇന്നലെ സെമികണ്ടക്ടര്‍ ചിപ് നിര്‍മാതാക്കള്‍ അടക്കം ടെക് കമ്പനികള്‍ ഇടിവിലായി. ഇന്നു രാവിലെ ഫ്യൂച്ചേഴ്‌സിലും അവ തകര്‍ന്നു. ഇന്നു ദക്ഷിണ കൊറിയയിലും ചിപ് കമ്പനികള്‍ ഇടിഞ്ഞു. ടെക് ഓഹരികളുടെ അമിത വളര്‍ച്ചയ്ക്ക് അന്തുമാകുകയാണോ എന്നു നിരീക്ഷകര്‍ സംശയിക്കുന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,527.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,615 വരെ കയറിയിട്ടു താഴ്ന്നു. നിഫ്റ്റി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്

2025-26 ലെ വാര്‍ഷിക ജിഡിപിയും നാലാം പാദ ജിഡിപിയും എത്ര ആയിരുന്നു എന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) ഇന്നു വൈകുന്നേരം പ്രസിദ്ധപ്പെടുത്തും. 2022-23 അടിസ്ഥാന വര്‍ഷമാക്കിയുള്ള കണക്കാണു വരിക. വാര്‍ഷിക വളര്‍ച്ച 7.4-7.6 ശതമാനവും നാലാം പാദ വളര്‍ച്ച 7.1-7.3 ശതമാനവും ആണു പ്രതീക്ഷിക്കുന്നത്. 7.6 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഫെബ്രുവരി ഒടുവില്‍ എന്‍എസ്ഒ കണക്കാക്കിയത്. 2024-25 ലെ വളര്‍ച്ച 7.1 ശതമാനമായിരുന്നു.

യുഎസ് വിപണി വിരുദ്ധ ദിശകളില്‍

ടെക്‌നോളജി ഓഹരികളിലെ ആവേശത്തിനു മങ്ങല്‍. ചിപ് കമ്പനികളില്‍ നിന്നു നിക്ഷേപകര്‍ പിന്‍വാങ്ങി. ബ്രോഡ്കോം 12 ശതമാനവും മൈക്രോണ്‍ എട്ടു ശതമാനവും ഇടിഞ്ഞതു സൂചനയാണ്. എഐ ഓഹരികളെല്ലാം ഒരു പോലെ നിക്ഷേപയോഗ്യം അല്ലെന്നു വിപണി കരുതുന്നു. അതേസമയം ഉയരുന്ന വിലക്കയറ്റത്തിനിടയിലും വ്യാവസായിക കമ്പനികളിലും സേവന കമ്പനികളിലും താല്‍പര്യം വര്‍ധിച്ചു. യുഎസ് വിപണിയിലെ മാറുന്ന ഈ പ്രവണത ഇന്നലെ പ്രകടമായി. നാസ്ഡാക് കോംപസിറ്റ് താഴ്ചയില്‍ നിന്നു തിരിച്ചു കയറിയെങ്കിലും അവിടെ നിലനില്‍ക്കാന്‍ പറ്റാതെ താഴ്ന്നു. ഡൗ, എസ്ആന്‍ഡ്പി സൂചികകള്‍ താഴ്ചയില്‍ നിന്നു കയറി. ഡൗ പുതിയ റെക്കോര്‍ഡും കുറിച്ചു.

വ്യാഴാഴ്ച ഡൗ ജോണ്‍സ് സൂചിക 874.86 പോയിന്റ് (1.73%) കുതിച്ച് 51,561.93ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 30.63 പോയിന്റ് (0.41%) ഉയര്‍ന്ന് 7584.31 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 23.02 പോയിന്റ് (0.09%) നഷ്ടത്തോടെ 26,830.96ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് താഴുന്നു

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നും നഷ്ടത്തിലാണ്. ഡൗ ജോണ്‍സ് 73 പോയിന്റും (0.14%) എസ്ആന്‍ഡ്പി 47 പോയിന്റും (0.62%) നാസ്ഡാക് 337 പോയിന്റും (1.10%) താഴ്ന്നു നീങ്ങുന്നു.

എഡിആറുകള്‍

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ വ്യാഴാഴ്ച എച്ച്ഡിഎഫ് സി ബാങ്ക് നിശ്ചിത സമയത്ത് 2.04 ശതമാനം ഉയര്‍ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.54 ശതമാനം താഴ്ന്ന് 23.90 ഡോളറിലായി. ഐസിഐസിഐ ബാങ്ക് വിപണി സമയത്തു 2.31 ശതമാനം കയറിയിട്ട് തുടര്‍ വ്യാപാരത്തില്‍ 0.04 ശതമാനം ഉയര്‍ന്ന് 26.10 ല്‍ ക്ലോസ് ചെയ്തു.

ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 0.88 ശതമാനം ഉയര്‍ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.05 ശതമാനം താഴ്ന്ന് 12.56 ഡോളറില്‍ അവസാനിച്ചു. വിപ്രോ പതിവു സമയത്ത് 2.82 ശതമാനം ഇടിഞ്ഞ ശേഷം തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 2.07 ഡോളറില്‍ ക്ലോസ് ചെയ്തു.

യൂറോപ്പ് ഉയര്‍ന്നു

പ്രതികൂല വാര്‍ത്തകള്‍ തള്ളി യൂറോപ്യന്‍ ഓഹരികള്‍ ഇന്നലെ ഉയര്‍ന്നു. യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പിനെ ഏറ്റെടുക്കാനുളള രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതിനെ തൂടര്‍ന്ന് യുഎസ് ശതകോടീശ്വരന്‍ ബില്‍ ആക്മാന്റെ ഹെഡ്ജ് ഫണ്ട് യൂണിവേഴ്‌സല്‍ ഓഹരികള്‍ കമ്പനിക്കു തിരിച്ചു നല്‍കി. യൂണിവേഴ്‌സല്‍ 5.8 ശതമാനം ഇടിഞ്ഞു. ടെക് ഓഹരികളുടെ ആഗോള തകര്‍ച്ചയില്‍ നോകിയ ആറു ശതമാനം താഴ്ന്നു.

ഏഷ്യയില്‍ വീണ്ടും തളര്‍ച്ച

ഏഷ്യന്‍ വിപണികള്‍ ഇന്നും വലിയ താഴ്ചയിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക 2.2. ശതമാനം ഇടിഞ്ഞു. ഓസ്‌ട്രേലിയന്‍ സൂചിക 1.2 ശതമാനം നഷ്ടത്തിലായി. ദക്ഷിണ കൊറിയന്‍ വിപണി സൂചിക കോസ്പി 4.2 ശതമാനം ഇടിഞ്ഞു. അമേരിക്കയില്‍ ചിപ് കമ്പനികള്‍ വീണതിനെ തുടര്‍ന്ന് സാംസംഗ് ആറും എസ്‌കെ ഹൈനിക്‌സ് എട്ടും ശതമാനം താഴ്ചയിലായി. ഈ രണ്ട് ഓഹരികളുടെ കുതിപ്പിലാണ് കോസ്പി ഈയിടെ വലിയ മുന്നേറ്റം നടത്തി. ഹോങ്‌കോങ് വിപണി ഒരു ശതമാനവും ഷാങ്ഹായ് വിപണി 0.50 ശതമാനവും നഷ്ടത്തോടെ വ്യാപാരം തുടങ്ങി.

ഇന്ത്യന്‍ വിപണി ചാഞ്ചാടി

റിസര്‍വ് ബാങ്ക് പണനയം ഇന്നു രാവിലെ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യന്‍ വിപണി ഇന്നലെ കരുതലോടെ നീങ്ങി. താഴ്ചയില്‍ വ്യാപാരം തുടങ്ങിയ വിപണി നഷ്ടങ്ങള്‍ ഒഴിവാക്കി. മുഖ്യ സൂചികകള്‍ നാമമാത്ര നേട്ടത്തില്‍ അവസാനിച്ചപ്പോള്‍ വിശാലവിപണി അര ശതമാനത്തിലധികം ഉയര്‍ന്നു.

സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ വിദേശനിക്ഷേപകര്‍ക്കു നികുതി ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കും എന്ന റിപ്പോര്‍ട്ടാണു വിപണിയുടെ തിരിച്ചുകയറ്റത്തിനു കാരണം. ദീര്‍ഘകാല മൂലധനാദായ നികുതി (12.5 ശതമാനം) യും വിത്‌ഹോള്‍ഡിംഗ് നികുതി(20 ശതമാനം) ഒഴിവാക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്നു പണനയം പ്രഖ്യാപിച്ച ശേഷമാകും ഓര്‍ഡിനന്‍സ് ഇറക്കുക എന്നു കരുതുന്നു.

ഫുട്‌ബോള്‍ ലോകകപ്പ് സംപ്രേഷണാവകാശം കിട്ടിയ സീ എന്റര്‍ടെയ്ന്‍മെന്റ് 12.2 ശതമാനം കുതിച്ചത് മീഡിയ സൂചികയെ രണ്ടു ശതമാനത്തിലധികം ഉയര്‍ത്തി. സി ചാനല്‍ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ 20 ശതമാനം വിപണി പിടിച്ചതും സഹായിച്ചു.

ഐടി മേഖല ഇന്നലെയും ദുര്‍ബലമായി. നിര്‍മിതബുദ്ധിയുടെ മുന്നേറ്റം ഐടി സേവന കമ്പനികളുടെ പ്രസക്തി ഇല്ലാതാക്കും എന്ന ആശങ്ക മാറുന്നില്ല.

രാജേഷ് എക്‌സ്‌പോര്‍ട്‌സിന്റെ കണക്കുകള്‍ തട്ടിപ്പാണെന്ന സെബി ഇടക്കാല ഉത്തരവ് തെറ്റാണെന്ന് ചെയര്‍മാനും എംഡിയുമായ രാജേഷ് മേത്ത അവകാശപ്പെട്ടു. എങ്കിലും ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു ലോവര്‍ സര്‍ക്കീട്ടില്‍ എത്തി. തന്റെ ഭാഗം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുമെന്നു മേത്ത പറഞ്ഞു.

എംഎസ് സിഐ സൂചിയയില്‍ സ്ഥാനം പിടിച്ച ഫെഡറല്‍ ബാങ്ക് ഇന്നലെ 303.80 രൂപ എന്ന റെക്കോര്‍ഡ് വില കുറിച്ചിട്ട് അല്‍പം താഴ്ന്നു ക്ലോസ് ചെയ്തു.

കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, ബാങ്ക്, ധനകാര്യ, ഫാര്‍മ, ഹെല്‍ത്ത്, റിയല്‍റ്റി, എഫ്എംസിജി, ടൂറിസം, ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് തുടങ്ങിയവ ഉയര്‍ന്നു.

വ്യാഴാഴ്ച സെന്‍സെക്സ് 13.84 പോയിന്റ് (0.02%) കൂടി 74,360.01 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 10.95 പോയിന്റ് (0.05%) കയറി 23,416.55 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 121.90 പോയിന്റ് (0.22%) നേട്ടത്തോടെ 54,307.85 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 279.45 പോയിന്റ് (0.46%) ഉയര്‍ന്ന് 60,966.65 ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 89.00 പോയിന്റ് (0.49%) കയറി 18,121.05 ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ കയറ്റവും ഇറക്കവും കാര്യമായ വ്യത്യാസമില്ലാതെ നിന്നു. ബിഎസ്ഇയില്‍ 2148 ഓഹരികള്‍ കയറി, 2036 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1804 എണ്ണം ഉയര്‍ന്നപ്പോള്‍ 1458 എണ്ണം താഴ്ന്നു.

വിദേശനിക്ഷേപകര്‍ ഇന്നലെയും വലിയ വില്‍പന തുടര്‍ന്നു. അവര്‍ ക്യാഷ് വിപണിയില്‍ 4447.06 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4360.14 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി.

സ്വര്‍ണം കയറിയിട്ട് ഇറങ്ങുന്നു

ഇറാന്‍-യുഎസ് കരാര്‍ സാധ്യതയനുസരിച്ച് സ്വര്‍ണവില ചാഞ്ചാടുകയാണ്. വ്യാഴാഴ്ച ഔണ്‍സിനു 4515.80 ഡോളര്‍ വരെ കയറിയ സ്വര്‍ണം 40.30 ഡോളര്‍ നേട്ടത്തോടെ 4476.20 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4450 ഡോളറിലേക്കു താഴ്ന്നു.

കേരളത്തില്‍ വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപ ആയി. വെള്ളിവില താഴ്ന്ന് ഇന്നു രാവിലെ ഔണ്‍സിന് 72.92 ഡോളര്‍ ആയി. പ്ലാറ്റിനം 1876 ഡോളര്‍, പല്ലാഡിയം 1289 ഡോളര്‍, റോഡിയം 7425 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

വ്യാവസായികലോഹങ്ങള്‍ ഇടിഞ്ഞു

വ്യാവസായിക ലോഹങ്ങള്‍ ഇന്നലെയും താഴ്ന്നു. അമേരിക്ക പലിശ കൂട്ടും എന്ന ആശങ്കയാണു വിപണിക്ക്. ചെമ്പ് 0.35 ശതമാനം കുറഞ്ഞ് ടണ്ണിനു 13,871.65 ഡോളര്‍ ആയി. അലൂമിനിയം 1.59 ശതമാനം ഇടിഞ്ഞ് 3668.67 ല്‍ ക്ലോസ് ചെയ്തു. സിങ്കും ലെഡും നിക്കലും ടിന്നും രണ്ടു ശതമാനത്തിലധികം താഴ്ന്നു .

റബറിനു കുതിപ്പ്

റബര്‍ വില ഇന്ത്യയിലും രാജ്യാന്തര വിപണിയിലും മുന്നേറുകയാണ്. ബാങ്കോക്കില്‍ ഇന്നലെ ആര്‍എസ്എസ് മൂന്ന് ക്വിന്റലിന് 312.55 ഡോളറിലും ആര്‍എസ്എസ് ഒന്ന് 316.10 ഡോളറിലും എത്തി. റബര്‍ അവധിവില 2017 ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലായി. എല്‍ നിനോ പ്രതിഭാസം റബര്‍ ലഭ്യത കുറയ്ക്കും എന്നാണു തായ്‌ലന്‍ഡും ഇന്തോനീഷ്യയും നല്‍കുന്ന സൂചന. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 26,300 രൂപയിലേക്കു കയറി. റബറിന്റെ ഇറക്കുമതിച്ചുങ്കം ഒഴിവാക്കണമെന്നു വ്യവസായി സംഘടനകള്‍ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.

കൊക്കോ ഇടിവില്‍

കൊക്കോ രാജ്യാന്തര വിപണിയില്‍ വീണ്ടും താഴ്ന്നു. വ്യാഴാഴ്ച 3.51 ശതമാനം താണു 3929 ഡോളര്‍ ആയി. എല്‍ നിനോ കാലാവസ്ഥാ പ്രതിഭാസം കൊക്കോ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കും എന്ന നിഗമനമാണു വിപണിയില്‍ ഉള്ളത്.

ഡോളര്‍ സൂചിക ഉയരത്തില്‍

യുഎസ് ഡോളര്‍ സൂചിക ഉയര്‍ന്ന നിലയില്‍ തുടരുന്നു. വ്യാഴാഴ്ച 99.41 ല്‍ ക്ലോസ് ചെയ്ത സൂചിക ഇന്നു രാവിലെ 99.44 വരെ കയറി. യൂറോ 1.1612 ഡോളറിലും പൗണ്ട് 1.342 ഡോളറിലും നില്‍ക്കുന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 160.01 യെന്‍ എന്ന നിലയിലേക്ക് ഇടിഞ്ഞ ശേഷം 159.92 ലായി ചൈനീസ് യുവാന്‍ ഡോളറിന് 6.77 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.469 ശതമാനമായി താഴ്ന്നു.

രൂപ താഴ്ന്നു

വ്യാഴാഴ്ചയും രൂപ ദുര്‍ബലമായി. എട്ടു പൈസ നഷ്ടപ്പെട്ടു. ഡോളര്‍ 95.79 രൂപയില്‍ അവസാനിച്ചു. ഡോളര്‍ വരവ് കൂട്ടാനായി വിദേശികളുടെ കടപ്പത്ര നിക്ഷേപങ്ങള്‍ക്കു വലിയ നികുതിയിളവ് നല്‍കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു രൂപ അല്‍പം ഉയര്‍ന്നെങ്കിലും വീണ്ടും താഴ്ന്നു.

റിസര്‍വ് ബാങ്ക് ഇന്ന് എന്തു പ്രഖ്യാപിക്കും എന്ന നോട്ടത്തിലാണു കറന്‍സി വിപണി.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.78 രൂപയില്‍ എത്തി. ചൈനീസ് യുവാന്‍ 14.14 രൂപയില്‍ തുടര്‍ന്നു. യൂറോ 110.24 രൂപയിലേക്കു കയറി.

ക്രൂഡ് ഓയില്‍ താഴുന്നു

പശ്ചിമേഷ്യന്‍ കരാര്‍ ഈയാഴ്ച ഉണ്ടാകാം എന്ന ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്നു ക്രൂഡ് ഓയില്‍ താഴുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ ഇന്നലെ മൂന്നു ശതമാനം താഴ്ന്നു 95.03 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീപ്പയ്ക്ക് 95.42 ഡോളര്‍ ആയി. ഡബ്‌ള്യുടിഐ ഇനം 93.12 ഡോളറില്‍ നില്‍ക്കുന്നു.

ക്രിപ്‌റ്റോകള്‍ നേട്ടത്തില്‍

ക്രിപ്‌റ്റോ കറന്‍സികള്‍ വ്യാഴാഴ്ച കുത്തനേ ഇടിഞ്ഞിട്ട് അല്‍പം കയറി. ഇന്നലെ 61,340 ഡോളര്‍ വരെ താഴ്ന്ന ബിറ്റ് കോയിന്‍ ഇന്ന് 63,400 ഡോളറിനു മുകളിലായി. ഈഥര്‍ മൂന്നു ശതമാനം ഉയര്‍ന്ന് 1750 ഡോളറിനും അഞ്ചു ശതമാനം കയറിയ സൊലാന 68 ഡോളറിനും മുകളിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT