ഇറാനില് പുതിയ ആക്രമണ ഭീഷണി തുടരുന്നു. ഹോര്മുസില് ദിവസവും ഒന്നു രണ്ടു കപ്പലുകള് ആക്രമിക്കപ്പെടുന്നുണ്ടെങ്കിലും എണ്ണ നീക്കം ഊര്ജിതമായി നടക്കുന്നുണ്ട്. സൗദി അറേബ്യയിലേക്ക് ഹൂതികള് ആക്രമണം തുടരുകയാണ്. യുക്രെയ്നില് ആക്രമണങ്ങള് കുറഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയില് വില ഇന്നലെ താഴ്ന്ന ശേഷം ഇന്നു രാവിലെ കയറി 107 ഡോളറിനു മുകളിലായി.
നികുതിയിളവു പ്രതീക്ഷയില് ഇന്നലെ കുതിച്ച ഇന്ത്യന് വിപണി ഇന്നു താഴ്ന്ന തുടക്കമാണു പ്രതീക്ഷിക്കുന്നത്. രണ്ടു ദിവസം മുന്നേറിയ രൂപ ഇന്നും കയറാനാണു സാധ്യത. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില് ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 22,765.00ല് ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,736 നും 22,779 നും ഇടയില് ചാഞ്ചാടി. ഇന്ത്യന് വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
സെപ്റ്റംബറിലെ ഇന്ത്യയുടെ മൊത്തവില സൂചിക ഇന്നു പ്രസിദ്ധീകരിക്കും. ഓഗസ്റ്റില് 9.92 ശതമാനം വര്ധിച്ചതാണ്. ഇത്തവണ വര്ധന 10.60 ശതമാനം ആകുമെന്നാണു നിഗമനം.
സെപ്റ്റംബറിലെ കയറ്റുമതി-ഇറക്കുമതി കണക്കുകള് നാളെ പ്രസിദ്ധീകരിക്കും.സെപ്റ്റംബറിലെ യുഎസ് ചില്ലറ വിലക്കയറ്റ കണക്ക് ഇന്നു പുറത്തുവിടും. 3.4 -ല് നിന്നു 3.7 ശതമാനമായി വിലക്കയറ്റം കൂടി എന്നാണു നിരീക്ഷകരുടെ നിഗമനം
വന് ബാങ്കുകളുടെ റിസല്ട്ട് പ്രതീക്ഷയേക്കാള് മോശമായി. ദക്ഷിണ കൊറിയയില് ചിപ്പ് കമ്പനികള് വലിയ തകര്ച്ചയിലായി. രണ്ടും ചേര്ന്നു യുഎസ് വിപണിയെ ഇന്നലെ താഴ്ത്തി. ജെപി മോര്ഗന് ചേയ്സിന്റെ മൂന്നാം പാദ വരുമാനവും ലാഭവും പ്രതീക്ഷയോളം വന്നില്ല. എന്നാല് പലിശവരുമാന പ്രതീക്ഷ ഉയര്ത്തി. വെല്സ് ഫാര്ഗോ ലാഭം പ്രതീക്ഷയിലും മെച്ചമായെങ്കിലും വരുമാനം കുറവായി. ഗോള്ഡ്മാന് സാക്സ് വരുമാനം പ്രതീക്ഷയെ മറികടന്നു. മൂന്നു ബാങ്കുകളും താഴ്ന്നു. മെമ്മറി ചിപ് കമ്പനികളും താഴ്ചയിലായി.
ചൊവ്വാഴ്ച ഡൗ ജോണ്സ് സൂചിക 180 45 പോയിന്റ് (0.35 ശതമാനം) താഴ്ന്ന് 51,670.10ല് ക്ലോസ് ചെയ്തു. എസ്ആന്ഡ്പി 1.79 പോയിന്റ് (0.02%) കുറഞ്ഞ് 7805.45ല് അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 41.52 പോയിന്റ് (0.15%) താഴ്ന്ന് 27,204.38ല് ക്ലോസ് ചെയ്തു.
ന്യൂയോര്ക്കിലെ എഡിആര് (അമേരിക്കന് ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില് എച്ച്ഡിഎഫ്സി ബാങ്ക് ചൊവ്വാഴ്ച വ്യാപാരസമയത്ത് 0.80 ശതമാനം ഉയര്ന്നിട്ടു തുടര് വ്യാപാരത്തില് 0.10% കയറി 22.78 ഡോളറില് ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.75% ഉയര്ന്ന ശേഷം തുടര് വ്യാപാരത്തില് മാറ്റമില്ലാതെ 28.54 ഡോളറില് അവസാനിച്ചു. ഇന്ഫോസിസ് നിശ്ചിതസമയത്ത് 5.26% കുതിച്ചു കയറിയ ശേഷം തുടര് വ്യാപാരത്തില് 0.18% ഉയര്ന്ന് 11.42 ഡോളറില് ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 5.88% കുതിച്ചിട്ടു തുടര് വ്യാപാരത്തില് 0.03 ശതമാനം താഴ്ന്ന് 1.7994 ഡോളറില് അവസാനിച്ചു.
യൂറോപ്യന് ഓഹരിവിപണികള് ചൊവ്വാഴ്ച താഴ്ന്നു. സെമികണ്ടക്ടര് ചിപ് കമ്പനികള് ഇടിഞ്ഞു. എല്വിഎംഎച്ചിന്റെ മൂന്നാം പാദ വില്പന കുറവായതു ആഡംബര ഉല്പന്ന കമ്പനികളെ താഴ്ത്തി.
പ്രധാന ഏഷ്യന് വിപണികള് ഇന്നും താഴ്ചയിലാണ്. ഇന്നലെ ആറു ശതമാനം ഇടിഞ്ഞ ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക രാവിലെ രണ്ടു ശതമാനം ഉയര്ന്നിട്ടു നേട്ടം പകുതിയാക്കി. ജപ്പാനിലെ നിക്കൈ സൂചിക 0.50 ശതമാനം ഉയര്ന്നു. ഓസ്ട്രേലിയന് സൂചിക 0.85 ശതമാനം നഷ്ടത്തിലായി. ഹോങ് കോങ്ങിലെ ഹാങ് സെങ് 0.25 ശതമാനം താഴ്ന്നു. ഷാങ്ഹായ് സൂചിക 0.30 ശതമാനം താഴ്ചയിലാണ്. തായ്വാന് വിപണി ഒരു ശതമാനം കയറി.
ധനമന്ത്രി നിര്മല സീതാരാമന്റെ ഒരു പ്രസ്താവന മുഖവിലയ്ക്ക് എടുത്ത വിപണി ഇന്നലെ ആവേശക്കുതിപ്പിലായിരുന്നു. മുഖ്യസൂചികകള് ഒന്നര ശതമാനത്തിലധികം കയറി. സെന്സെക്സ് 73,000 വും നിഫ്റ്റി 22,700 ഉം തിരിച്ചുപിടിച്ചു. എന്നാല് ഈ ആവേശം തുടരാന് സാധ്യതയുള്ളതായി അധികം പേര് കരുതുന്നില്ല.
ദീര്ഘകാല മൂലധനനേട്ട നികുതിയും (എല്ടിസിജി) ഓഹരി കൈമാറ്റ നികുതിയും (എസ്ടിടി) സംബന്ധിച്ച വാദങ്ങള് ഗവണ്മെന്റ് ശ്രദ്ധയോടെ ശ്രവിക്കുന്നു എന്നു മാത്രമാണു മന്ത്രി പറഞ്ഞത്. ഇവയുടെ നിരക്കു കുറയ്ക്കാന് ഗവണ്മെന്റ് ആലോചിക്കുന്നു എന്ന മട്ടില് വിപണി അതിനെ വ്യാഖ്യാനിച്ചു. ഈ നികുതികളാണ് വിദേശനിക്ഷേപകരെ ഇവിടെ നിന്ന് അകറ്റുന്നത് എന്ന പ്രചാരണം സമീപകാലത്ത് ഉണ്ടായിരുന്നു. വിദേശികളെ പിടിച്ചു നിര്ത്താനായി ഗവണ്മെന്റ് നികുതി കുറയ്ക്കും എന്ന ചിന്ത ഉണ്ടായിരിക്കെ മന്ത്രിയുടെ പ്രസ്താവന വിപണിയില് ആവേശം പകരുകയായിരുന്നു. എന്നാല് ആവേശത്തെ ന്യായീകരിക്കാവുന്ന തുടര് പ്രസ്താവനകളോ വിശദീകരണങ്ങളോ ഉണ്ടായിട്ടില്ല.
രൂപയെ രക്ഷിക്കാന് റിസര്വ് ബാങ്ക് നടപടികള് തുടരുമെന്നും മന്ത്രി പറഞ്ഞു. രൂപ ഇന്നലെയും കരുത്തു നേടി. രണ്ടു ദിവസം കൊണ്ടു ഡോളര് നിരക്ക് 145 പൈസ കുറഞ്ഞു.
യുപിഐ ഇടപാടുകള്ക്ക് എംഡിആര് നടപ്പാക്കുന്നത് നീട്ടിവച്ചു. നാളെ തുടങ്ങേണ്ടിയിരുന്നതു ദീപാവലിക്കു ശേഷമാക്കി എന്നാണ് അറിയിച്ചത്. ജനുവരിയിലേ നടപ്പാക്കൂ എന്നാണു സൂചന. ചെറുകിട വ്യാപാര സമൂഹം എംഡിആറിന് എതിരേ പ്രക്ഷോഭത്തിലാണ്.
നാമമാത്രമായി താഴ്ന്ന ഫാര്മസ്യൂട്ടിക്കല്സ് ഒഴികെ എല്ലാ മേഖലകളും ഇന്നലെ കുതിച്ചു. ഐടി കമ്പനികളുടെ കുതിപ്പാണു ശ്രദ്ധേയമായത്. പ്രതീക്ഷയേക്കാള് മികച്ച റിസല്ട്ടില് എച്ച്സിഎല് ടെക്നോളജീസ് 8.42 ശതമാനം ഉയര്ന്നു. ടിസിഎസ് 6.79 ശതമാനം കയറി. ഇന്ഫിയും വിപ്രോയും അടക്കം പ്രമുഖ കമ്പനികള് നാലു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
ചൊവ്വാഴ്ച വിശാലവിപണിയില് ഭൂരിപക്ഷം ഓഹരികള് ഉയര്ന്നു. ബിഎസ്ഇയില് 2415 ഓഹരികള് കയറി, 1957 ഓഹരികള് നഷ്ടത്തിലായി. എന്എസ്ഇയില് 2102 ഓഹരികള് കയറിയപ്പോള് 1404 എണ്ണം ഇടിഞ്ഞു.
വിദേശനിക്ഷേപകരുടെ വില്പന തുടര്ന്നു. അവര് ക്യാഷ് വിപണിയില് 1305.13 കോടി രൂപയുടെ അറ്റവില്പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2439.24 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.
ചൊവ്വാഴ്ച സെന്സെക്സ് 1109.10 പോയിന്റ് (1.60%) കുതിച്ച് 73,033.78ല് ക്ലോസ് ചെയ്തു. നിഫ്റ്റി 358.60 പോയിന്റ് (1.60%) നേട്ടത്തോടെ 22,721.95ല് അവസാനിച്ചു. ബാങ്ക് നിഫ്റ്റി 563.05 പോയിന്റ് (1.03%) ഉയര്ന്ന് 55,481.05ല് ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 624.65 പോയിന്റ് (1.06%) കയറി 59,459.20ല് അവസാനിച്ചു. സ്മോള് ക്യാപ് 100 സൂചിക 21.60 പോയിന്റ് (0.11%) കയറി 19,447.40ല് ക്ലോസ് ചെയ്തു.
ഡിസൈന്, ടെക്നോളജി സേവന കമ്പനിയായ ടാറ്റാ എല്ക്സിയുടെ രണ്ടാം പാദ റിസല്ട്ട് ഫ്ലാറ്റ് ആയി. വരുമാനം തലേ പാദത്തെ അപേക്ഷിച്ച് 3.4 ശതമാനം കൂടിയപ്പോള് അറ്റാദായം നാമമാത്രമായി കുറഞ്ഞു. പ്രവര്ത്തന ലാഭത്തില് 7.2 ശതമാനം വളര്ച്ച ഉണ്ടായി.
ആനന്ദ് റാഠി ഷെയര് ആന്ഡ് സ്റ്റോക്ക് ബ്രോക്കേഴ്സ് രണ്ടാം പാദത്തില് വരുമാനം 20.1 ശതമാനം വര്ധിച്ചപ്പോള് അറ്റാദായം 48.4 ശതമാനം ഉയര്ത്തി.
അദാനി എന്റര്പ്രൈസസും അമേരിക്കന് എന്ജിനിയറിംഗ്-മനുഫാക്ചറിംഗ് കമ്പനി ജബീല് ഇന്കോര്പറേറ്റഡുമായി 50:50 സഖ്യം ഉണ്ടാക്കാന് ധാരണാപത്രം ഒപ്പിട്ടു. ഡാറ്റാ സെന്ററുകള്ക്കു വേണ്ട സെര്വറുകള്, സ്റ്റോറേജ്, എഐ റാക്കുകള്, നെറ്റ് വര്ക്കിംഗ് ഉപകരണങ്ങള്, പവര് ഡിസ്ട്രിബ്യൂഷന് യൂണിറ്റുകള്, ട്രാന്സ്ഫോമുകള്, കൂളിംഗ് സിസ്റ്റങ്ങള് തുടങ്ങിയവ നിര്മിക്കുന്നതിന് ഇന്ത്യയില് ഫാക്ടറി തുടങ്ങാനാണു പ്ലാന്. വലിയ ഡാറ്റാ സെന്റര് തുടങ്ങാന് അദാനി ഗ്രൂപ്പിനു പദ്ധതി ഉണ്ട്.
ട്രാന്സ്ഫോമേഴ്സ് ആന്ഡ് റെക്റ്റിഫയേഴ്സ് രണ്ടാം പാദത്തില് വരുമാനം 60.7 ശതമാനം കൂടിയപ്പോള് അറ്റാദായം ഇരട്ടിയിലേറെ ആക്കി. ലാഭമാര്ജിന് 11.2 ല് നിന്നു 17.4 ശതമാനമായി.
പോളികാബ് ഇന്ത്യക്കെതിരായ പാപ്പര് ഹര്ജിയില് കമ്പനി നിയമ ട്രൈബ്യൂണല് സ്റ്റേ അനുവദിച്ചു.
ദിശാബോധം കിട്ടാതെ സ്വര്ണം ചാഞ്ചാടുകയാണ്. തിങ്കളാഴ്ച താഴ്ന്ന സ്വര്ണം ഇന്നലെ 4200 ഡോളര് വരെ ഉയര്ന്നിട്ട് ചെറിയ നഷ്ടത്തില് അവസാനിച്ചു.
സ്വര്ണം ചൊവ്വാഴ്ച 10.70 ഡോളര് (0.26%) നഷ്ടത്തോടെ ഔണ്സിന് 4162.10 ഡോളറില് ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്ന് 4158 ഡോളറില് എത്തി.
കേരളത്തില് 22 കാരറ്റ് സ്വര്ണം പവന് ചൊവ്വാഴ്ച 280 രൂപ കുറഞ്ഞ് 1,09,480 രൂപയായി.
ചൊവ്വാഴ്ച വെള്ളിവില രണ്ടു ശതമാനത്തോളം താഴ്ന്ന് ഔണ്സിന് 59.40 ഡോളറില് ക്ലോസ് ചെയ്തു. ഇന്നു രാവിലെ 59.20 ഡോളറിലേക്കു താഴ്ന്നു.
പ്ലാറ്റിനം 1649 ഡോളര്, പല്ലാഡിയം 11 06 ഡോളര്, റോഡിയം 8850 ഡോളര് എന്നിങ്ങനെ നില്ക്കുന്നു.
കേരളത്തില് റബര് വില കയറ്റം തുടര്ന്നു. ബാങ്കോക്കില് ഇന്നലെ വിപണി അവധിയായിരുന്നു. കേരളത്തില് ചൊവ്വാഴ്ച ആര്എസ്എസ് നാല് ഇനം ക്വിന്റലിന് 28,550 രൂപയിലേക്കു കയറി.
പ്രധാനവ്യാവസായിക ലോഹങ്ങള് ഇന്നലെ താഴ്ന്നു. ചെമ്പ് 0.54 ശതമാനം കുറഞ്ഞ് ടണ്ണിന് 14,741.00 ഡോളര് ആയി. അലൂമിനിയം 0.63 ശതമാനം താഴ്ന്ന് 3037.92 ഡോളറില് എത്തി. സിങ്കും ലെഡും ടിന്നും ഉയര്ന്നു. നിക്കല് താഴ്ന്നു.
കൊക്കോ വില 2.22 ശതമാനം ഉയര്ന്നു ടണ്ണിന് 5802 ഡോളറില് ക്ലോസ് ചെയ്തു. അറബിക്ക കാപ്പി പൗണ്ടിന് 0.89 ശതമാനം ഉയര്ന്നു 2.932 ഡോളര് ആയി. പാം ഓയില് 0.97 ശതമാനം കയറി ടണ്ണിന് 4682 മലേഷ്യന് റിംഗിറ്റ് ആയി.
യുഎസ് ഡോളര് സൂചിക ചൊവ്വാഴ്ച താഴ്ന്നു 102.18 ല് ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.16 ലേക്കു താഴ്ന്നു.
യൂറോ 1.1202 ഡോളറിലേക്കും പൗണ്ട് 1.3259 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന് ഒരു ഡോളറിന് 158.38 യെന് ആയി. ചൈനീസ് യുവാന് ഡോളറിന് 6.69 എന്ന നിലയില് തുടര്ന്നു.
അമേരിക്കയില് 10 വര്ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 5.223 ശതമാനമായി കുറഞ്ഞു.
റിസര്വ് ബാങ്കിന്റെ നടപടികളെ തുടര്ന്നു രൂപ ഇന്നലെ 0.50 ശതമാനം ഉയര്ന്നു. ഡോളര് 49 പൈസ താഴ്ന്ന് 95.28 രൂപയില് ക്ലോസ് ചെയ്തു. രണ്ടു ദിവസം കൊണ്ടു ഡോളറിനു 145 പൈസ കുറവായി.
ഇന്നു രാവിലെ വിദേശത്തെ ഫോര്വേഡ് വിപണിയില് ഡോളര് 95.01 രൂപയിലാണ്. ഡോളര് സൂചികയും താഴ്ന്നിട്ടുണ്ട്. രൂപയ്ക്ക് ഇന്നും നേട്ടത്തിനു വഴി തുറക്കുന്നതാണ് ഇക്കാര്യങ്ങള്.
ചൈനീസ് യുവാന് 14.24 രൂപയിലേക്കു താണു. യൂറോ അല്പം താഴ്ന്നു 106.75 രൂപയായി.
ചൊവ്വാഴ്ച അല്പം താഴ്ന്ന ക്രൂഡ് ഓയില് ഇന്നു രാവിലെ കയറ്റത്തിലായി. ബ്രെന്റ് ഇനം ചൊവ്വാഴ്ച ഒരു ശതമാനം താഴ്ന്ന് 105.69 ഡോളറില് ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1.40 ശതമാനം ഉയര്ന്ന് 107.09 ഡോളറില് എത്തി. ഡബ്ള്യുടിഐ ഇനം 95.34 ഡോളറിലാണ്.
ക്രിപ്റ്റോ കറന്സികള് തിരിച്ചു കയറി. ബിറ്റ്കോയിന് ഇന്നു രാവിലെ 83,400 ഡോളറിനു മുകളില് വന്നു. ഈഥര് 2500 ഡോളറിനും സൊലാന 107 ഡോളറിനും മുകളില് ആയി.
Read DhanamOnline in English
Subscribe to Dhanam Magazine