Image courtesy: Canva
Markets

വിപണിയില്‍ ചാഞ്ചാട്ടം കനക്കുമോ? യുഎസില്‍ എഐ ഓഹരികള്‍ക്ക് തിരിച്ചടി; ക്രൂഡ് 108 ഡോളറിന് മുകളില്‍, ജിയോ ഐപിഒയില്‍ കണ്ണ്

പ്രമുഖ സ്വകാര്യ ബാങ്കുകളുടെ സെപ്റ്റംബര്‍ പാദ റിസല്‍ട്ട് പലിശമാര്‍ജിനില്‍ സമ്മര്‍ദം കാണിക്കുന്നു. എഫ്‌സിഎന്‍ആര്‍ (ബി) ഡോളര്‍ സമാഹരണം ഉയര്‍ന്ന പലിശ നിരക്കിലായതാണു കാരണം

T C Mathew

വിപണികള്‍ വീണ്ടും പ്രക്ഷുബ്ധമായ വ്യാപാര ദിനങ്ങളിലേക്കു കടക്കുകയാണ്. നവംബര്‍ മൂന്നിലെ യുഎസ് തെരഞ്ഞെടുപ്പു വരെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകും. ഇന്ധനവില കയറി നില്‍ക്കും. റിലയന്‍സിന്റെ ജിയോ പ്ലാറ്റ്‌ഫോംസിന്റെ മെഗാ ഐപിഒ ഈയാഴ്ച ശ്രദ്ധാകേന്ദ്രമാകും. ഐപിഒയ്ക്ക് അനൗപചാരിക വിപണിയില്‍ വലിയ ആവേശം ദൃശ്യമല്ല.

ഇന്ധനവില കുറയ്ക്കാന്‍ റഷ്യന്‍ എണ്ണ വ്യാപാരത്തിനുള്ള വിലക്കുകള്‍ അമേരിക്ക കഴിഞ്ഞ ദിവസം നീക്കി. 110 ഡോളറില്‍ നിന്നു 108 ലേക്കു ക്രൂഡ് ഓയില്‍ വില താഴ്ന്നു. ഇറാന്‍ ഹോര്‍മുസില്‍ വീണ്ടും എണ്ണക്കപ്പലുകളെ ആക്രമിച്ചു. യുക്രെയ്ന്‍ റഷ്യയിലെ റിഫൈനറികള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ തുടരുന്നു. വിലയില്‍ വലിയ ആശ്വാസം പ്രതീക്ഷിക്കേണ്ട എന്നാണ് ഇതു കാണിക്കുന്നത്. നവംബര്‍ മൂന്നിനു മുന്‍പ് ക്രൂഡ് വില പരമാവധി വര്‍ധിപ്പിക്കാന്‍ ഇറാന്‍ ശ്രമങ്ങള്‍ തുടരും.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,085.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,174.50 വരെ ഉയര്‍ന്നിട്ടു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

റൂബിയോയുടെ സന്ദര്‍ശനം

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നാളെ മുംബൈയില്‍ എത്തും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ റൂബിയോയുമായി ചര്‍ച്ച നടത്തും. നാളെ ജാംനഗറില്‍ റിലയന്‍സിന്റെ മെഗാ റിഫൈനറിയും വന്താര മൃഗശാലയും സന്ദര്‍ശിക്കും. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുമായി ക്രൂഡ് ഓയില്‍, ഡീസല്‍ വ്യാപാര കാര്യങ്ങളും ടെക്‌സസിലെ റിഫൈനറിയില്‍ റിലയന്‍സ് നടത്തുന്ന നിക്ഷേപവും ചര്‍ച്ച ചെയ്യും. മുംബൈയില്‍ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും റൂബിയോയുമായി ചര്‍ച്ച നടത്തും.

റൂബിയോ ന്യൂഡല്‍ഹിയില്‍ പോകാത്തതും മറ്റും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഇന്ത്യ-യുഎസ് ബന്ധം വല്ലാതെ ഉലഞ്ഞ സമയത്ത് നടക്കുന്ന സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യങ്ങള്‍ സംബന്ധിച്ച് പലതരം ഊഹാപോഹങ്ങളാണു പ്രചരിക്കുന്നത്.

റിലയന്‍സ് ജിയോയുടെ മെഗാ ഐപിഒയ്ക്കു തൊട്ടുമുമ്പ് റൂബിയോ റിലയന്‍സ് സന്ദര്‍ശിക്കുന്നതും അമേരിക്കന്‍ കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കും റിലയന്‍സും തമ്മിലുള്ള വാഗ്വാദം അവസാനിച്ചതും ബന്ധപ്പെട്ട കാര്യങ്ങളായി പലരും കാണുന്നു.

യുഎസ് വിപണി ഇടിഞ്ഞു

എഐ മേഖലയുടെ തകര്‍ച്ച വെള്ളിയാഴ്ച യുഎസ് വിപണികളെ വലിയ വീഴ്ചയിലാക്കി. എസ്ആന്‍ഡ്പിയും നാസ്ഡാക് കോംപസിറ്റും 50 ദിവസ മൂവിംഗ് ശരാശരിക്കു താഴെയായി. വിപണിയുടെ ഭീതിസൂചിക എന്നു പറയാവുന്ന വോളറ്റിലിറ്റി ഇന്‍ഡെക്‌സ് നാലു മാസത്തിനു ശേഷം 22 നു മുകളില്‍ കയറി.

സെമികണ്ടക്ടര്‍ കമ്പനികളുടെ ഇടിഎഫ് കഴിഞ്ഞയാഴ്ച 10 ശതമാനം ഇടിഞ്ഞു. ചൈനയില്‍ നിന്നുള്ള മത്സരം കമ്പനികളെ നഷ്ടത്തിലാക്കും എന്നാണ് ആശങ്ക. എഐ കമ്പനികളുടെ ഭീമമായ കടത്തിന് ആനുപാതികമായ ആദായം അവയ്ക്ക് ഉണ്ടാവുകയില്ല എന്ന ഭീതിയാണ് വിപണിയെ താഴ്ത്തുന്നത്. എല്ലാം ചേര്‍ന്ന് നാസ്ഡാകിന് നാലും എസ്ആന്‍ഡ്പിക്ക് രണ്ടും ശതമാനം പ്രതിവാരനഷ്ടം വരുത്തി. ഡൗ സൂചിക ആഴ്ചയില്‍ 0.7 ശതമാനം കയറി.

വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 175.28 പോയിന്റ് (0.34 ശതമാനം) താഴ്ന്ന് 52,002.41ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 84.62 പോയിന്റ് (1.09%) നഷ്ടത്തോടെ 7659.44ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 572.99 പോയിന്റ് (2.15%) ഇടിഞ്ഞ് 26,140.03ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് കുതിക്കുന്നു

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ ജോണ്‍സ് 86 പോയിന്റും (0.16%) എസ് ആന്‍ഡ് പി 35 പോയിന്റും (0.45%) നാസ്ഡാക് 248 പോയിന്റും (0.84%) ഉയര്‍ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് വെള്ളിയാഴ്ച വ്യാപാരസമയത്ത് 1.32 ശതമാനം ഉയര്‍ന്നിട്ട് തുടര്‍ വ്യാപാരത്തില്‍ 0.63% താഴ്ന്ന് 23.69 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.87% കയറിയിട്ട് തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 29.99 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 0.91% കയറിയ ശേഷം തുടര്‍ വ്യാപാരത്തില്‍ 0.16% നഷ്ടത്തോടെ 12.22 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 4.28% ഉയര്‍ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.07 ശതമാനം താഴ്ന്ന് 1.9513 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് കയറി

യൂറോപ്യന്‍ ഓഹരിവിപണികള്‍ വെള്ളിയാഴ്ചയും മുന്നേറി. ബിഎംഡബ്ല്യു, റെനോ, ഫോക്‌സ് വാഗണ്‍ തുടങ്ങിയ വാഹന കമ്പനികള്‍ ഉയര്‍ന്നു. മികച്ച റിസല്‍ട്ടുകളാണു വിപണിയെ സഹായിച്ചത്.

ഏഷ്യന്‍ വിപണികള്‍ കയറുന്നു

പ്രധാന ഏഷ്യന്‍ വിപണികള്‍ ഇന്നു വലിയ നഷ്ടത്തില്‍ തുടങ്ങിയിട്ടു നഷ്ടം കുറച്ചു. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക രാവിലെ രണ്ടു ശതമാനം താഴ്ന്നിട്ടു നഷ്ടം നാമമാത്രമായി കുറച്ചു. ജപ്പാനിലെ നിക്കൈ സൂചിക 2.25 ശതമാനം ഇടിഞ്ഞ ശേഷം 0.25 ശതമാനം നഷ്ടത്തിലേക്കു മാറി. ഓസ്‌ട്രേലിയന്‍ സൂചിക 0.10 ശതമാനം നേട്ടത്തിലായി. ചൈനയിലെ ഷാങ്ഹായ് സൂചിക 0.30 ശതമാനം താഴ്ന്നു. തായ്വാന്‍ സൂചിക 1.5 ശതമാനം ഇടിഞ്ഞു.

മുന്നേറി ഇന്ത്യന്‍ വിപണി

തലേന്നു വലിയ കുതിച്ചു കയറ്റം നടത്തിയ ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച മിതമായി മുന്നേറി. എന്നാല്‍ വിശാലവിപണി അതില്‍ പങ്കുചേര്‍ന്നില്ല. മിഡ്, സ്‌മോള്‍ ക്യാപ്പുകള്‍ നഷ്ടത്തിലായി.

കഴിഞ്ഞ ആഴ്ച വിപണിയുടെ മുഖ്യസൂചികകള്‍ വലിയ നേട്ടം ഉണ്ടാക്കി. നിഫ്റ്റി 626 പോയിന്റ് (2.78 ശതമാനം) കയറിയപ്പോള്‍ സെന്‍സെക്‌സ് 2257 പോയിന്റ് (3.11%) കുതിച്ചു. മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ചെറിയ നഷ്ടം കുറിച്ചു.

11.72 ശതമാനം കുതിച്ചുകയറിയ ഐടി സൂചികയാണു പോയവാരത്തിലെ താരം. എഐയില്‍ വലിയ നിക്ഷേപം നടത്താത്ത ഇന്ത്യന്‍ ഐടി അവഗണിക്കപ്പെടും എന്ന പ്രവചനങ്ങള്‍ വിപണി തിരുത്തി. എഐയിലെ വലിയ നിക്ഷേപങ്ങള്‍ക്കു മതിയായ ആദായം കിട്ടുമോ എന്ന ആശങ്കയും ഇന്ത്യന്‍ ഐടി കമ്പനികളുടെ സേവനത്തിനു ഡിമാന്‍ഡ് കുറവില്ലാതെ തുടരുന്നതും നിക്ഷേപകരെ അവയിലേക്കു തിരികെ വരുത്തി. എഐ മേഖലയില്‍ ചൈനീസ് മത്സരം പല പാശ്ചാത്യ, ഏഷ്യന്‍ വമ്പന്മാരെയും വീഴ്ത്തും എന്ന ആശങ്കയും വളരുന്നുണ്ട്.

വെള്ളിയാഴ്ച വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ ഉയര്‍ന്നു. ബിഎസ്ഇയില്‍ 2333 ഓഹരികള്‍ കയറി, 2053 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 2131 ഓഹരികള്‍ കയറിയപ്പോള്‍ 1422 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ച നാമമാത്ര വാങ്ങലുകാരായി. അവര്‍ ക്യാഷ് വിപണിയില്‍ 1165.92 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3661.28 കോടി രൂപയുടെ അറ്റ വില്‍പന നടത്തി.

ഒക്ടോബറില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ 52,100 കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ മൊത്തം 35,861 കോടിയാണ് അവര്‍ പിന്‍വലിച്ചത്. 2026 ല്‍ ഇതുവരെ പിന്‍വലിച്ച തുക 3.12 ലക്ഷം കോടി രൂപയായി. 2025ല്‍ ആകെ പിന്‍വലിച്ചത് 1.66 ലക്ഷം കോടി രൂപ മാത്രമായിരുന്നു.

വെള്ളിയാഴ്ച സെന്‍സെക്സ് 413.66 പോയിന്റ് (0.56%) ഉയര്‍ന്ന് 74,729.27ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 148.80 പോയിന്റ് (0.65%) നേട്ടത്തോടെ 23,146.15ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 33.50 പോയിന്റ് (0.06%) ഉയര്‍ന്ന് 55,844.00ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 67.50 പോയിന്റ് (0.11%) താഴ്ന്ന് 59,129.75 ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 1.90 പോയിന്റ് (0.01%) കുറഞ്ഞ് 19,129.80ല്‍ ക്ലോസ് ചെയ്തു.

നിക്ഷേപം കൂടി, ബാങ്കുകള്‍ക്കു പലിശയില്‍ സമ്മര്‍ദം

പ്രമുഖ സ്വകാര്യ ബാങ്കുകളുടെ സെപ്റ്റംബര്‍ പാദ റിസല്‍ട്ട് പലിശമാര്‍ജിനില്‍ സമ്മര്‍ദം കാണിക്കുന്നു. എഫ്‌സിഎന്‍ആര്‍ (ബി) ഡോളര്‍ സമാഹരണം ഉയര്‍ന്ന പലിശ നിരക്കിലായതാണു കാരണം. അതേസമയം ബാങ്കുകളുടെ നിക്ഷേപ വര്‍ധന ഒരു ദശകക്കാലത്തെ ഉയര്‍ന്ന നിരക്കില്‍ ആകാന്‍ അതു സഹായിച്ചു. ഇതെല്ലാമായാലും ബാങ്കുകളുടെ അറ്റാദായ വര്‍ധന മോശമായില്ല.

ഐസിഐസിഐ ബാങ്ക് അറ്റപലിശ വരുമാനം 17.7 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 20.1 ശതമാനം വര്‍ധിച്ച് 14,843 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ 4.3 ല്‍ നിന്നു 4.18 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തിയും കുറഞ്ഞു.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റപലിശ വരുമാനം 9.7 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 4.7% മാത്രം കൂടി 19,510 കോടി രൂപയായി. അറ്റപലിശ മാര്‍ജിന്‍ 3.27 ല്‍ നിന്നു 3.16 ശതമാനമായി താണു. അറ്റ നിഷ്‌ക്രിയ ആസ്തിയും കുറഞ്ഞു.

ആക്‌സിസ് ബാങ്കിന് പലിശ മാര്‍ജിന്‍ 3.36 ല്‍ നിന്നു 3.73 ശതമാനം ആയപ്പോള്‍ അറ്റാദായം 37.6 ശതമാനം കുതിച്ചു. യെസ് ബാങ്കിന് അറ്റാദായവര്‍ധന 65 ശതമാനമാണ്. ഐഡിബിഐ ബാങ്കിന് പലിശ മാര്‍ജിന്‍ ഗണ്യമായി കൂടിയെങ്കിലും അറ്റാദായം 39 ശതമാനം ഇടിഞ്ഞു.

ഫെഡറല്‍ ബാങ്കിന് അറ്റ പലിശ മാര്‍ജിന്‍ 3.06ല്‍ നിന്നു 3.32 ശതമാനമായപ്പോള്‍ അറ്റാദായം 45 ശതമാനം കുതിച്ച് 1386 കോടി രൂപ എന്ന റെക്കോര്‍ഡില്‍ എത്തി.

എച്ച്ഡിഎഫ്‌സി ബാങ്ക് ഡെപ്യൂട്ടി എംഡി കൈസഡ് ഭറൂച്ച രാജിവച്ചു. ഡിസംബര്‍ 31നു പിരിയും. രണ്ടു തവണ സിഇഒ പദവിയിലേക്കു പരിഗണിച്ചിട്ടു തള്ളപ്പെട്ട സാഹചര്യത്തിലാണു രാജി. എസ്. ജഗദീശന്‍ വിരമിക്കുമ്പോള്‍ ഐസിഐസിഐ ബാങ്കില്‍ നിന്നുള്ള അനൂപ് ബാഗ്ചി ഈ മാസാവസാനം എച്ച്ഡിഎഫ്‌സി ബാങ്ക് സിഇഒ ആകും.

സ്വര്‍ണം മുന്നോട്ട്

പലിശയെപ്പറ്റിയുള്ള ആശങ്ക സ്വര്‍ണവിപണിയെ ചാഞ്ചാടിക്കുകയാണ്. ഫെഡ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് പലിശയെപ്പറ്റി സൂചന നല്‍കാന്‍ വിസമ്മതിച്ച ശേഷം ഒക്ടോബറിലെ നിരക്കുവര്‍ധനയുടെ സംഭാവ്യത 16.1 ശതമാനമായി കുറഞ്ഞു. നിരക്കു മാറ്റാതിരിക്കാനുള്ള സംഭാവ്യത 83.9 ശതമാനമായി. അതേസമയം ഡിസംബറില്‍ നിരക്കു കൂട്ടാന്‍ 74.1 ശതമാനം സംഭാവ്യതയാണു വിപണി കാണുന്നത്. കഴിഞ്ഞയാഴ്ച 4200 ഡോളര്‍ വരെ കയറിയിട്ടു താഴ്ന്ന സ്വര്‍ണം ഈയാഴ്ച ഔണ്‍സിന് 4200 കടക്കും എന്നാണു വിലയിരുത്തല്‍.

വെള്ളിയാഴ്ച 5.70 ഡോളര്‍ (0.14%) നഷ്ടത്തോടെ ഔണ്‍സിന് 4166.10 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 0.50 ശതമാനം ഉയര്‍ന്ന് 4188 ഡോളറിലേക്കു കയറി, പിന്നീടു ഗണ്യമായി താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ശനിയാഴ്ച 160 രൂപ കൂടി 1,08,280 രൂപയായി. വെള്ളിവില വെള്ളിയാഴ്ച നാമമാത്രമായി ഉയര്‍ന്ന് ഔണ്‍സിന് 57.12 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 57.47 ഡോളറിലേക്കു കയറി. പ്ലാറ്റിനം 1638 ഡോളര്‍, പല്ലാഡിയം 1105 ഡോളര്‍, റോഡിയം 8500 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

റബര്‍: വിദേശത്തു ഫ്‌ളാറ്റ്

രാജ്യാന്തര വിപണിയില്‍ റബര്‍ വില മാറ്റയില്ലാതെ തുടര്‍ന്നു. കേരളത്തില്‍ ഷീറ്റ് ക്ഷാമം മൂലം വില കയറ്റം തുടര്‍ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 291.10 ഡോളറും ആര്‍എസ്എസ് മൂന്ന് 287.70 ഡോളറും ആണ്. കേരളത്തില്‍ ശനിയാഴ്ച ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 28,800 രൂപയിലേക്കു കയറി.

ലോഹങ്ങള്‍ നേട്ടത്തില്‍

വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങള്‍ ഉയര്‍ന്നു. ചെമ്പ് 0.38 ശതമാനം കയറി ടണ്ണിന് 14,594.50 ഡോളര്‍ ആയി. അലൂമിനിയം 0.58 ശതമാനം കയറി 3011.85 ഡോളറില്‍ എത്തി. നിക്കലും ലെഡും ടിന്നും സിങ്കും ഉയര്‍ന്നു.

കൊക്കോ താഴ്ന്നു

കൊക്കോ വില 3.19 ശതമാനം താഴ്ന്നു ടണ്ണിന് 5645 ഡോളറില്‍ ക്ലോസ് ചെയ്തു. അറബിക്ക കാപ്പി പൗണ്ടിന് 3.66 ശതമാനം കയറി 3.056 ഡോളര്‍ ആയി. പാം ഓയില്‍ 1.74 ശതമാനം ഉയര്‍ന്ന് ടണ്ണിന് 4676 മലേഷ്യന്‍ റിംഗിറ്റ് ആയി.

ഡോളര്‍ സൂചിക ഇടിവില്‍

യുഎസ് ഡോളര്‍ സൂചിക വെള്ളിയാഴ്ച ഗണ്യമായി താഴ്ന്ന് 101.84ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.01 ലേക്ക് കയറിയിട്ടു താഴ്ന്നു 101.85 ആയി. യൂറോ ഇന്ന് 1.1228 ഡോളറില്‍ എത്തി. പൗണ്ട് 1.3332 ഡോളറിലാണ്. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 157.74 യെന്‍ ആയി കയറി. ചൈനീസ് യുവാന്‍ ഡോളറിന് 6.69 എന്ന നിലയില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 5.071 ശതമാനമായി കുറഞ്ഞു. പലിശനിരക്കു കൂട്ടുമെന്ന ഭീതി അകന്നു എന്നാണ് ഇതു കാണിക്കുന്നത്.

രൂപ ഉയര്‍ന്നു

രൂപ അഞ്ചാം ദിവസവും ഉയര്‍ന്നു. ഇന്നലെ 10 പൈസ താഴ്ന്ന ഡോളര്‍ 94.96 രൂപയില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ 95.00 രൂപയില്‍ എത്തിയിട്ടു താഴ്ന്നു. ചൈനീസ് യുവാന്‍ 14.21 രൂപയില്‍ തുടര്‍ന്നു. യൂറോ അല്പം കയറി 106.71 രൂപയായി.

ക്രൂഡ് ഓയില്‍ 108 നു മുകളില്‍

ക്രൂഡ് ഓയില്‍ വെള്ളിയാഴ്ച 110 ഡോളര്‍ കടന്ന ശേഷം അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം വെള്ളിയാഴ്ച നാലു ശതമാനത്തോളം കയറി 109.86 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്ന് 108.10 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 100.68 ഡോളറിലാണ്. റഷ്യന്‍ എണ്ണയ്ക്കുളള വിലക്ക് അമേരിക്ക പിന്‍വലിച്ചെങ്കിലും വിലയില്‍ കാര്യമായ മാറ്റം ഉടനെ പ്രതീക്ഷിക്കുന്നില്ല.

ക്രിപ്‌റ്റോകള്‍ ചാഞ്ചാടുന്നു

ക്രിപ്‌റ്റോ കറന്‍സികള്‍ വാരാന്ത്യത്തില്‍ ചാഞ്ചാടി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 82,250 ഡോളറിനു മുകളിലായി. ഈഥര്‍ 2410 ഡോളറിനും സൊലാന 104 ഡോളറിനും മുകളില്‍ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT