വിപണികള്‍ വ്യക്തമായ ദിശാബോധം പ്രകടിപ്പിക്കുന്നില്ല. ക്രൂഡ് ഓയില്‍ 87 ഡോളറിനു മുകളില്‍ തുടരുകയാണ്. യുഎസ് വിപണി ഇന്നലെ നഷ്ടത്തില്‍ അവസാനിച്ചെങ്കിലും ഫ്യൂച്ചേഴ്‌സ് നല്ല നേട്ടത്തിലാണ്. എന്‍വിഡിയയുടെ മികച്ച റിസല്‍ട്ട് ചിപ്പ് ഓഹരികള്‍ക്കു കുതിപ്പ് നല്‍കുന്നു. ഏഷ്യന്‍ വിപണികളും ഭിന്നദിശകളിലാണ്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,345.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,366 വരെ ഉയര്‍ന്നു. ഇന്ത്യന്‍ വിപണി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
നിര്‍മിതബുദ്ധി (എഐ) ചിപ്പുകളുടെ പ്രമുഖ നിര്‍മാതാക്കളായ എന്‍വിഡിയ രണ്ടാം പാദത്തില്‍ വിപണിയുടെ പ്രതീക്ഷകള്‍ മറികടന്നു. മൂന്നാംപാദ വളര്‍ച്ച പ്രതീക്ഷ ഉയര്‍ത്തുകയും ചെയ്തു. രണ്ടാം പാദത്തില്‍ 9620 കോടി ഡോളര്‍ വരുമാനത്തില്‍ 2.22 ഡോളര്‍ പ്രതി ഓഹരി വരുമാനം (ഇപിഎസ്) ഉണ്ട്. പ്രതീക്ഷ 9230 കോടി ഡോളര്‍ വരുമാനത്തില്‍ 2.09 ഡോളര്‍ ഇപിഎസ് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ചു വരുമാനം 106 ശതമാനവും അറ്റാദായം 126 ശതമാനവും കൂടി. മൂന്നാം പാദ വരുമാന പ്രതീക്ഷ 10,800 കോടി ഡോളറാണ്. 2028-ല്‍ 70 ശതമാനം വരുമാന വര്‍ധനയാണു കമ്പനി മേധാവി ജെന്‍സന്‍ ഹുവാങ് പ്രതീക്ഷിക്കുന്നത്.
പതിവു വ്യാപാര സമയത്ത് 1.59 ശതമാനം താഴ്ന്ന എന്‍വിഡിയ ഓഹരി തുടര്‍ വ്യാപാരത്തില്‍ 4.24 ശതമാനം കുതിച്ചു.
രണ്ടാം പാദത്തില്‍ എഐ വരുമാനം കുതിച്ചത് വ്യാപാരസമയത്തിനു ശേഷം സെയില്‍സ് ഫോഴ്സിനെ 13 ഉം ഒക്റ്റായെ 20 ഉം ക്രൗഡ് സ്ട്രൈക്കിനെ 11 ഉം ശതമാനം ഉയര്‍ത്തി. ഇന്ന് എഐ ഓഹരികള്‍ക്കു വലിയ മുന്നേറ്റം പ്രതീക്ഷിക്കാം.
ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞെങ്കിലും യുഎസ് വിപണി ഇന്നലെ ചെറിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ജൂലൈയിലെ പേഴ്‌സണല്‍ കണ്‍സംഷന്‍ എക്സ്‌പെന്‍ഡിച്ചര്‍ പ്രതീക്ഷയിലും കൂടുതല്‍ ഉയര്‍ന്നതു വിലക്കയറ്റം ഒട്ടും ദുര്‍ബലമായിട്ടില്ല എന്നു കാണിച്ചു. എന്‍വിഡിയ റിസല്‍ട്ടിനെപ്പറ്റിയുള്ള ആശങ്ക വിപണിയില്‍ നിറഞ്ഞു നിന്നു.
മെറ്റായുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കുട്ടികളില്‍ ആസക്തി വളര്‍ത്തുന്നു എന്ന പരാതി ഉന്നയിച്ച കേസുകള്‍ 1800 കോടി ഡോളറിന് കുറേ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ഒത്തുതീര്‍പ്പാക്കി. എന്നാല്‍ ഫ്‌ലോറിഡയും ന്യൂമെക്‌സിക്കോയും കേസ് തുടരും.
ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 113.52 പോയിന്റ് (0. 21 ശതമാനം) താഴ്ന്ന് 53,463.88ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 1.58 പോയിന്റ് (0.02%) കുറഞ്ഞ് 7675.70 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 21.10 പോയിന്റ് (0.08%) നഷ്ടത്തോടെ 26,130.20ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് കുതിപ്പിലാണ്. ഡൗ ജോണ്‍സ് 177 പോയിന്റും (0.33%) എസ്ആന്‍ഡ്പി 26 പോയിന്റും (0.34%) നാസ്ഡാക് 158 പോയിന്റും (0.54%) ഉയര്‍ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ബുധനാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാര സമയത്ത് 1.95 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 1.86% കുതിച്ച് 23.60 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.79% താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 1.96 ശതമാനം ഇടിഞ്ഞ് 29.56 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 2.83% ഇടിഞ്ഞ ശേഷം തുടര്‍വ്യാപാരത്തില്‍ 0.68% ഉയര്‍ന്നു 11.77 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 2.66% ഇടിഞ്ഞ ശേഷം തുടര്‍ വ്യാപാരത്തില്‍ 1.64 ശതമാനം കയറി 1.86 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച കയറ്റത്തിലായി. ക്രൂഡ് ഓയില്‍ വില താഴ്ന്നതാണു പ്രധാന കാരണം. ജര്‍മനിയിലും യുകെയിലും ഫ്രാന്‍സിലും യൂറോപ്യന്‍ മാര്‍ക്കറ്റിലും സൂചികകള്‍ ഉയര്‍ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്. ദക്ഷിണ കൊറിയയില്‍ കോസ്പി 1.55 ശതമാനം ഉയര്‍ന്നു. വിലക്കയറ്റത്തിനു ശമനം ഇല്ലാത്ത സാഹചര്യത്തില്‍ ബാങ്ക് ഓഫ് കൊറിയ നിരക്ക് ഉയര്‍ത്തി. ജപ്പാനില്‍ നിക്കൈ സൂചിക 0.55 ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ വിപണി 0.50 ശതമാനം താഴ്ചയിലായി. ഹോങ് കോങ്, തായ്വാന്‍ സൂചികകള്‍ നേട്ടത്തിലാണ്. ഷാങ്ഹായ് താഴ്ന്നു.
ക്രൂഡ് ഓയില്‍ വില താഴ്ന്നെങ്കിലും ഇന്ത്യന്‍ വിപണി ഇന്നലെ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം നഷ്ടത്തില്‍ അവസാനിച്ചു. ബാങ്കുകളും ധനകാര്യ കമ്പനികളും മെറ്റല്‍ കമ്പനികളുമാണ് ഇന്നലെ ഗണ്യമായ നേട്ടം ഉണ്ടാക്കിയത് ഐടിയും റിയല്‍റ്റിയും കണ്‍സ്യൂമര്‍ ഡ്യുറബിള്‍സും എഫ്എംസിജിയും ഓട്ടോയും നഷ്ടത്തിലായി.
വിദേശനിക്ഷേപകര്‍ ഇന്നലെയും വാങ്ങലുകാരായി. അവര്‍ ക്യാഷ് വിപണിയില്‍ 502.63 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശിഫണ്ടുകള്‍ 6425.16 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
ബുധനാഴ്ച സെന്‍സെക്സ് 183 15 പോയിന്റ് (0.24%) താഴ്ന്ന് 77,472.94ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 126.80 പോയിന്റ് (0.52%) നഷ്ടത്തോടെ 24,207.75ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 269.55 പോയിന്റ് (0.47%) കുതിച്ച് 57,783.75ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 61.70 പോയിന്റ് (0.10%) താഴ്ന്ന് 64,101.20ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 160.70 പോയിന്റ് (0.81%) ഉയര്‍ന്ന് 20,067.30ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇയില്‍ 2330 ഓഹരികള്‍ കയറി, 1990 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1952 എണ്ണം ഉയര്‍ന്നപ്പോള്‍ 1537 എണ്ണം താഴ്ന്നു.
ലാഭമെടുപ്പുകാരുടെ വില്‍പന സമ്മര്‍ദത്തില്‍ ഇന്നലെ ഇടിഞ്ഞ സ്വര്‍ണം ഇന്നു രാവിലെ വീണ്ടും കയറ്റത്തിലായി. ഇന്നലെ 1.40 ശതമാനം താഴ്ന്ന് ഔണ്‍സിന് 4594.90 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില ഔണ്‍സിന് 4632 ഡോളറിലേക്കു കയറി.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഇന്നലെ പവന് വിലമാറ്റം ഇല്ലാതെ 1,20,080 രൂപയില്‍ തുടര്‍ന്നു.
വെള്ളിവില ബുധനാഴ്ച അല്‍പം താഴ്ന്ന് ഔണ്‍സിന് 68.24 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 69 ഡോളറിനു മുകളിലായി.
പ്ലാറ്റിനം 1836 ഡോളര്‍, പല്ലാഡിയം 1317 ഡോളര്‍, റോഡിയം 8400 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
രാജ്യാന്തര റബര്‍വില അല്‍പം കുറഞ്ഞു. കേരളത്തില്‍ വില മാറ്റമില്ല. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 285.10 ഡോളറിലും ആര്‍എസ്എസ് മൂന്ന് 281.60 ഡോളറിലും എത്തി. കേരളത്തില്‍ ഇന്നലെ വ്യാപാരം നടന്നില്ല.
പ്രധാന വ്യാവസായിക ലോഹങ്ങള്‍ ബുധനാഴ്ച ഉയര്‍ന്നു. ചെമ്പ് 0.70 ശതമാനം കയറി 14,524.50 ഡോളറില്‍ എത്തി. അലൂമിനിയം 0.57 ശതമാനം നേട്ടത്തോടെ 3238.85 ഡോളര്‍ ആയി. സിങ്കും നിക്കലും ഉയര്‍ന്നു. ലെഡ്ഡും ടിന്നും താഴ്ന്നു.
കൊക്കോ വില ടണ്ണിന് 5829 ഡോളറില്‍ ക്ലോസ് ചെയ്തു. ഐവറി കോസ്റ്റില്‍ കയറ്റുമതി കേന്ദ്രങ്ങളിലേക്കുള്ള 2025-26 ലെ കൊക്കോ വരവ് 20.2 ശതമാനം വര്‍ധിച്ചു. ലഭ്യത കുറയുമെന്ന ആശങ്ക ഇതോടെ മാറി. എന്നാല്‍ കാലാവസ്ഥയിലെ മാറ്റം ഒക്ടോബറില്‍ തുടങ്ങുന്ന സീസണിലെ ലഭ്യത കുറയ്ക്കും എന്നാണു വിലയിരുത്തല്‍.
അറബിക്ക കാപ്പിവില 4.32 ശതമാനം ഇടിഞ്ഞു പൗണ്ടിന് 3.21 ഡോളര്‍ ആയി. എല്‍ നിനോ മൂലം ഉല്‍പാദനം കുറയും എന്ന ആശങ്കയുണ്ട്.
കഴിഞ്ഞ വാരാന്ത്യത്തില്‍ ടണ്ണിന് 5000 മലേഷ്യന്‍ റിംഗിറ്റിനു മുകളിലേക്ക് കയറിയ പാമോയില്‍ വില 4852 റിംഗിറ്റ് ആയി താഴ്ന്നു.
യുഎസ് ഡോളര്‍ സൂചിക ബുധനാഴ്ച ഉയര്‍ന്ന് 99.17ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.10 വരെ താഴ്ന്നു.
യൂറോ 1.1655 ഡോളറിലേക്കും പൗണ്ട് 1.359 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 159.15 യെന്‍ ആയി. ചൈനീസ് യുവാന്‍ ഡോളറിന് 6.72 എന്ന നിരക്കില്‍ തുടരുന്നു.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ബുധനാഴ്ച 4.65 ശതമാനത്തില്‍ എത്തി.
ബുധനാഴ്ച ഇന്ത്യന്‍ കറന്‍സി വിപണിക്ക് അവധിയായിരുന്നു. ചൊവ്വാഴ്ച രൂപ മികച്ച നേട്ടത്തില്‍ അവസാനിച്ചു. ഡോളര്‍ 34 പൈസ കുറഞ്ഞ് 95.41 രൂപയില്‍ ക്ലോസ് ചെയ്തു.
വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.42 രൂപയിലാണ്.
ചൈനീസ് യുവാന്‍ 14.19 രൂപയും യൂറോ 111.23 രൂപയും ആയി കുറഞ്ഞു.
ഇന്നലെ 86 ഡോളറിനു താഴെ എത്തിയ ക്രൂഡ് ഓയില്‍ പിന്നീടു കയറി. ഹോര്‍മുസ് വരുമാനം പങ്കുവയ്ക്കാന്‍ ഒമാനുമായി ഇറാന്‍ കരാര്‍ ഉണ്ടാക്കി എന്ന പ്രസ്താവനയാണ് കയറ്റത്തിനു കാരണം. എന്നാല്‍ ഇന്നു രാവിലെ വില താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ ബുധനാഴ്ച 87.84 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്ന്ന് 87.17 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 81.59 ഡോളറിലാണ്.
ക്രിപ്‌റ്റോ കറന്‍സികള്‍ പല ദിശകളിലായി. ബിറ്റ്‌കോയിന്‍ ഇന്നലെ 79,000 ഡോളറിനു മുകളില്‍ കയറിയിട്ട് ഇന്നുരാവിലെ 78,750 നു താഴെ എത്തി. ഈഥര്‍ ഇന്ന് 2490 ഡോളറിനും സൊലാന 100.75 ഡോളറിനും മുകളില്‍ ആയി.
Read DhanamOnline in English
Subscribe to Dhanam Magazine