Morning business news canva
Markets

ജിഡിപി വളര്‍ച്ചയുടെ ആവേശത്തില്‍ വിപണി; ശ്രദ്ധ ബുധനാഴ്ച പലിശ കുറയ്ക്കുമോ എന്നതില്‍; വിദേശ സൂചനകള്‍ നെഗറ്റീവ്; സ്വര്‍ണവും വെള്ളിയും കുതിക്കുന്നു; ക്രിപ്‌റ്റോകള്‍ ഇടിയുന്നു

ബുധനാഴ്ച റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കും എന്ന പ്രതീക്ഷയിലാണു വിപണി. ജിഡിപി വളര്‍ച്ച കൂടിയതു കൊണ്ടു പലിശ കുറയ്‌ക്കേണ്ട കാര്യമില്ലെന്നു പണനയ സമിതി തീരുമാനിക്കുമോ എന്ന ആശങ്ക ചിലര്‍ക്കുണ്ട്

T C Mathew

വെള്ളിയാഴ്ച പാശ്ചാത്യ വിപണികള്‍ ഉയര്‍ന്നെങ്കിലും ഇന്നുരാവിലെ അമേരിക്കന്‍ ഫ്യൂച്ചേഴ്‌സ് താഴ്ചയിലാണ്. ചൈന ഒഴികെ ഏഷ്യന്‍ വിപണികളും ഡിസംബറിലെ ഒന്നാം വ്യാപാര ദിനത്തില്‍ താഴ്ന്നു. പ്രതീക്ഷയിലധികം ഉയര്‍ന്ന ജിഡിപി വളര്‍ച്ചയുടെ ആവേശത്തില്‍ കുതിച്ചു കയറാന്‍ മോഹിക്കുന്ന ഇന്ത്യന്‍ വിപണിയെ തടയുന്ന കാര്യങ്ങളാണ് ഇവ. പക്ഷേ അതെല്ലാം അവഗണിക്കാനാകും വ്യാപാരത്തിന്റെ തുടക്കത്തിലെ ശ്രമം.

ബുധനാഴ്ച റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കും എന്ന പ്രതീക്ഷയിലാണു വിപണി. ജിഡിപി വളര്‍ച്ച കൂടിയതു കൊണ്ടു പലിശ കുറയ്‌ക്കേണ്ട കാര്യമില്ലെന്നു പണനയ സമിതി തീരുമാനിക്കുമോ എന്ന ആശങ്ക ചിലര്‍ക്കുണ്ട്. വിലക്കയറ്റത്തിന്റെ തലക്കെട്ട് കുറവാണെങ്കിലും ഇന്ധന -ഭക്ഷ്യ വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. ഇതു കമ്മിറ്റി ശ്രദ്ധിക്കും.

ഉല്‍പന്ന വിപണികളില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ സാങ്കേതിക തടസത്തിനു ശേഷം വെള്ളി അടക്കം വിശിഷ്ട ലോഹങ്ങള്‍ക്കും വ്യാവസായിക ലോഹങ്ങള്‍ക്കും വലിയ കയറ്റം ഉണ്ടായി. ഇന്നു രാവിലെ ക്രൂഡ് ഓയില്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു. ക്രിപ്‌റ്റോ കറന്‍സികള്‍ ഇടിയുകയാണ്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ നിഫ്റ്റി വെള്ളിയാഴ്ച രാത്രി 26,516.00 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,535 വരെ കയറി. ഇന്ത്യന്‍ വിപണി ഇന്നു കുതിപ്പോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പില്‍ പച്ച

യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച ചെറിയ നേട്ടത്തില്‍ ഒതുങ്ങി. ജര്‍മന്‍ ഭക്ഷ്യവിതരണ കമ്പനി ഡെലിവറി ഹീറോയുടെ വിദേശ യൂണിറ്റുകള്‍ വിറ്റേക്കും എന്ന റിപ്പോര്‍ട്ട് കമ്പനിയുടെ ഓഹരിയെ 14 ശതമാനം ഉയര്‍ത്തി.

യുഎസ് നേട്ടത്തില്‍

വെള്ളിയാഴ്ച യുഎസ് വിപണികള്‍ മിതമായ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഡിസംബറിലേക്ക് ആവേശകരമായ തുടക്കത്തിനു നവംബറിലെ അവസാന വ്യാപാരദിനം കളമൊരുക്കി. കഴിഞ്ഞ ആഴ്ച ഡൗ 3.2ഉം എസ് ആന്‍ഡ് പി 3.7ഉം നാസ്ഡാക് 4.9ഉം ശതമാനം ഉയര്‍ന്നു.

വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 289.30 പോയിന്റ് (0.61%) ഉയര്‍ന്ന് 47,716.42 ലും എസ് ആന്‍ഡ് പി 500 സൂചിക 36.48 പോയിന്റ് (0.54%) കയറി 6849.09ലും നാസ്ഡാക് കോംപസിറ്റ് 151.00 പോയിന്റ് (0.65%) നേട്ടത്തോടെ 23,365.69ലും ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നഷ്ടത്തിലാണ്. ഡൗ 0.30 ഉം എസ് ആന്‍ഡ് പി 0.48 ഉം നാസ്ഡാക് 0.66 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.

ഏഷ്യ താഴ്ചയില്‍

ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്. ജാപ്പനീസ് നിക്കൈ 1.70 ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ വിപണി രാവിലെ 0.30 ശതമാനസ്. ദക്ഷിണ കൊറിയന്‍ കോസ്പി സൂചിക 0.70 ശതമാനവും താഴ്ചയിലായി. ഹോങ് കോങ് സൂചിക 0.80 ശതമാനം കയറി. ചൈനീസ് സൂചിക 0.30 ശതമാനം ഉയര്‍ന്നു. നവംബറിലെ ചൈനീസ് ഫാക്ടറി ഉല്‍പാദന സൂചിക 49.9ലേക്കു താഴ്ന്നു. ഉല്‍പാദനം കുറഞ്ഞു എന്നാണ് ഇതു കാണിക്കുന്നത്.

ആലസ്യത്തില്‍ ഇന്ത്യന്‍ വിപണി

തലേന്നു റെക്കോര്‍ഡ് തിരുത്തിയ ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച ആലസ്യത്തിലായി. വിദേശ നിക്ഷേപകര്‍ വില്‍പനയുടെ തോത് ഇരട്ടിപ്പിച്ചെങ്കിലും സൂചികകള്‍ വലിയ നഷ്ടം ഇല്ലാതെ അവസാനിച്ചു. വിദേശികള്‍ വലിയ തോതില്‍ വില്‍പന തുടര്‍ന്നാല്‍ വിപണി താഴോട്ടും പോകും എന്നതാണു നില. വെള്ളിയാഴ്ച സെന്‍സെക്‌സ് 440 ഉം നിഫ്റ്റി 108 ഉം പോയിന്റ് പരിധിയില്‍ മാത്രം കയറിയിറങ്ങി. ഫാര്‍മ, ഹെല്‍ത്ത് കെയര്‍, മീഡിയ, ഓയില്‍ എന്നിവ ഒഴികെ വിവിധ മേഖലകളും ചെറിയ കയറ്റിറക്കങ്ങളില്‍ ഒതുങ്ങി.

വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ച 3795.72 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 4148.48 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി.

ഓയില്‍ - ഗ്യാസ്, റിയല്‍റ്റി, ഐടി, ധനകാര്യ മേഖലകള്‍ നഷ്ടത്തിലായി. ഫാര്‍മ, ഹെല്‍ത്ത് കെയര്‍, മീഡിയ, എഫ്എംസിജി തുടങ്ങിയവ ഉയര്‍ന്നു.

വെള്ളിയാഴ്ച സെന്‍സെക്‌സ് 13.71 പോയിന്റ് (0.02%) താഴ്ന്ന് 85,706.67 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 12.60 പോയിന്റ് (0.05%) കുറഞ്ഞ് 26,202.95 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 15.40 പോയിന്റ് (0.03%) നേട്ടത്തോടെ 59,752.70 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 69.90 പോയിന്റ് (0.11%) താഴ്ന്ന് 61,043.25 ലും സ്‌മോള്‍ ക്യാപ് 100 സൂചിക 47.55 പോയിന്റ് (0.27%) കുറഞ്ഞ് 17,829.25 ലും അവസാനിച്ചു.

വിശാലവിപണിയില്‍ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 1960 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2197 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1520 ഓഹരികള്‍ കയറി, 1544 എണ്ണം താഴ്ന്നു.

എന്‍എസ്ഇയില്‍ 73 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ 117 എണ്ണം താഴ്ന്ന വിലയില്‍ എത്തി. ആറ് ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 11 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

കഴിഞ്ഞ ആഴ്ചയിലെ ഉയര്‍ന്ന നിലയായ 26,310 നു മുകളിലേക്കു നിഫ്റ്റിക്കു കയറാന്‍ കഴിഞ്ഞാല്‍ 26,500-26,700 ലക്ഷ്യമിട്ടുള്ള കുതിപ്പ് തുടങ്ങാനാകും. 26,100 പിന്തുണയായി ഉണ്ട്. ഇന്നു നിഫ്റ്റിക്ക് 26,180 ലും 26,110 ലും പിന്തുണ പ്രതീക്ഷിക്കാം. 26,260 ലും 26,310 ലും പ്രതിരോധം നേരിടും.

ജിഡിപിയില്‍ കുതിപ്പ്

ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പാദനം) വളര്‍ച്ച കുതിച്ചു. ഒന്നാം പാദത്തില്‍ 7.8ഉം രണ്ടാം പാദത്തില്‍ 8.2ഉം ശതമാനം വളര്‍ച്ച. ധനകാര്യ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ വളര്‍ന്നത് എട്ടു ശതമാനം. 2025-26 ലെ യഥാര്‍ഥ വളര്‍ച്ച നിഗമനം ഏര ശതമാനത്തിനു മുകളിലേക്ക് ഉയര്‍ത്താന്‍ ഇതു സഹായിച്ചു.

സര്‍ക്കാര്‍ ചെലവ് ഗണ്യമായി കുറച്ചിട്ടും വളര്‍ച്ച കൂടിയതിന്റെ ക്രെഡിറ്റ് ഒരു പരിധിവരെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ജനങ്ങളുടെ - പ്രത്യേകിച്ചും ഗ്രാമീണരുടെ - ഉപഭോഗം വര്‍ധിച്ചു. ഈ വര്‍ധന ഒന്നാം പാദത്തില്‍ ഏഴും രണ്ടാം പാദത്തില്‍ 7.9 ഉം ശതമാനമുണ്ട്. ഇത് ഫാക്ടറി ഉല്‍പാദന വളര്‍ച്ചയെ 2.2% ല്‍ നിന്ന് 9.1% ആയി ഉയര്‍ത്തി.

പ്രധാനകാര്യം വിലക്കയറ്റം ഇടിഞ്ഞതാണ്. നടപ്പുവിലയിലെ ഉല്‍പാദനത്തില്‍ നിന്ന് വിലക്കയറ്റം മൂലമുള്ള വര്‍ധന കുറച്ചാണ് സ്ഥിരവിലയിലെ യഥാര്‍ഥവളര്‍ച്ച കണക്കാക്കുന്നത്. ഒന്നാം പാദത്തില്‍ 0.9ഉം രണ്ടാം പാദത്തില്‍ 0.5 ഉം ശതമാനമേ കുറയ്‌ക്കേണ്ടി വന്നുള്ളൂ. വിലക്കയറ്റം ഉയര്‍ന്നു നിന്നാല്‍ കൂടുതല്‍ കുറയ്‌ക്കേണ്ടി വരും. അപ്പോള്‍ വളര്‍ച്ചത്തോത് കുറവാകും.

അമിതാവേശം വേണ്ട

എങ്കിലും അമിതാവേശത്തിനു വകയില്ല. നടപ്പുവിലയില്‍ 10.1 ശതമാനം വളര്‍ച്ചയോടെ 356.98 ലക്ഷം കോടി രൂപ ജിഡിപിയാണ് 2025-26 ബജറ്റ് കണക്കാക്കിയത്. പാതിവര്‍ഷം പിന്നിട്ടപ്പാേള്‍ ജിഡിപി 171.30 ലക്ഷം കോടി രൂപ. നടപ്പുവിലയിലെ വളര്‍ച്ച 8.78% മാത്രം. ഉദ്ദേശിച്ച വളര്‍ച്ച ഉണ്ടാകില്ല എന്നുറപ്പ്. അപ്പോള്‍ നികുതിവരുമാനം കുറയും. ആദായനികുതി, ജിഎസ്ടി നിരക്കുകള്‍ കുറച്ച അവസരത്തില്‍ വളര്‍ച്ച കുറഞ്ഞാല്‍ ബജറ്റ് കണക്കുകള്‍ പാളും. ഒന്നര ലക്ഷം കോടി രൂപയുടെ കുറവാണു കണക്കാക്കുന്നത്. കമ്മി കൂട്ടാന്‍ പറ്റാത്തതിനാല്‍ ചെലവ് കുറയ്ക്കും. അതു തുടങ്ങിക്കഴിഞ്ഞു എന്ന് ഏഴു മാസത്തെ വരവുചെലവ് കണക്ക് കാണിക്കുന്നു. ഏഴു മാസത്തെ നികുതി പിരിവ് കഴിഞ്ഞ വര്‍ഷം ലക്ഷ്യത്തിന്റെ 50.5% ആയിരുന്നത് ഇത്തവണ 44.9% ആയി താഴ്ന്നു. റവന്യു ചെലവ് 54.1% ല്‍ നിന്ന് 50.9% ആയി കുറച്ചു. അതു പിന്നീടു ജിഡിപി വളര്‍ച്ചയെ കുറയ്ക്കും.

എന്ന മാത്രമല്ല, ഈ വര്‍ഷം ജപ്പാനെ മറികടന്നു നാലാമത്തെ വലിയ സമ്പദ്ഘടന ആകാനുള്ള മോഹവും നടക്കാതെ പോകും. രൂപയുടെ വിലയിടിവും നടപ്പുവിലയിലെ വളര്‍ച്ചക്കുറവും ആണു കാരണം. നേരത്തേ ഐഎംഎഫ് പ്രതീക്ഷിച്ചത് ഈ ധനകാര്യ വര്‍ഷം ഇന്ത്യന്‍ ജിഡിപി 4.19 ട്രില്യണ്‍ (ലക്ഷം കോടി) ഡോളര്‍ എത്തുമെന്നാണ്. ജപ്പാന്റേത് 4.13 ട്രില്യണും. പുതിയ നിഗമനം ഇന്ത്യയുടെ ജിഡിപി കഷ്ടിച്ചു നാലു ട്രില്യണ്‍ ഡോളറിലേ ആകൂ എന്നാണ്. ഒന്നാം പകുതിയില്‍ ജിഡിപി 1.99 ട്രില്യണ്‍ ഡോളറേ ഉള്ളൂ.

ലോകമെങ്ങും നടപ്പുവിലയിലെ ജിഡിപി ഡോളറിലേക്കു മാറ്റിയാണു താരതമ്യം നടത്തുന്നത്. അതില്‍ വളര്‍ച്ച ആറു ശതമാനത്തില്‍ താഴെ മാത്രം. അതുകൊണ്ടാണ് വലിയ ആവേശത്തിനു കാര്യമില്ല എന്നു പറയുന്നത്. ഇന്ത്യയുടെ അഞ്ചു ട്രില്യണ്‍ ഡോളര്‍ ജിഡിപി സ്വപ്നം 2028-29 ധനകാര്യ വര്‍ഷത്തേക്കു നീട്ടേണ്ടിയും വന്നു.

പുകയില കമ്പനികള്‍ക്കു സെസ്

സിഗററ്റ്, ഗുഡ്ക, പാന്‍മസാല എന്നിവയുടെ നിര്‍മാതാക്കള്‍ക്ക് ഹെല്‍ത്ത് - നാഷണല്‍ സെക്യൂരിറ്റി സെസ് ചുമത്തുന്നു. ജിഎസ്ടിയില്‍ നിലവിലുള്ള കോംപന്‍സേഷന്‍ സെസ് നിര്‍ത്തലാക്കുന്നതിനു പകരമാണിത്. ഉല്‍പാദന ശേഷിയും ഉല്‍പാദനവും അനുസരിച്ചാണ് സെസ്. ഇന്നു തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതിനുള്ള ബില്‍ അവതരിപ്പിക്കും.

നിലവില്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടി ഉണ്ട്. പുറമെയാണ് കോംപന്‍സേഷന്‍ സെസ്. ഇത് ഉല്‍പന്നമനുസരിച്ച് അഞ്ചു മുതല്‍ 280 വരെ ശതമാനമാണ്. സംവിധാനം മാറുമ്പോള്‍ ജിഎസ്ടി 40 ശതമാനം ആകും. ഉപയോക്താക്കള്‍ക്ക് അധിക ഭാരം വരാത്ത വിധമാണ് സെസ് ചുമത്തുക എന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഐടിസി, വിഎസ്ടി ഇന്‍ഡസ്ട്രീസ്, ഗോഡ്‌ഫ്രേ ഫിലിപ്‌സ് എന്നീ കമ്പനികളെയാണ് സെസ് പ്രധാനമായി ബാധിക്കുക. ഈ വര്‍ഷം ഇതുവരെ ഐടിസി ഓഹരി 17 ഉം വിഎസ്ടി 25 ഉം ശതമാനം താഴ്ന്നാണു നില്‍ക്കുന്നത്. ഗോഡ്‌ഫ്രെ 71 ശതമാനം കയറി.

കമ്പനികള്‍, വാര്‍ത്തകള്‍

ഐസിഐസിഐ ബാങ്ക് 3945 കോടി രൂപ ബോണ്ട് വഴി സമാഹരിച്ചു. 15 വര്‍ഷ കാലാവധിയുള്ള ബോണ്ടുകളുടെ പലിശ 7.4 ശതമാനമാണ്.

ലെന്‍സ്‌കാര്‍ട്ടിന് രണ്ടാം പാദത്തില്‍ വരുമാനം 20.8 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റദായം 19.7 ശതമാനം ഉയര്‍ന്ന് 102.2 കോടി രൂപയായി.

140 മെഗാവാട്ട് സോളര്‍ മൊഡ്യൂളുകള്‍ നല്‍കാനുളള കരാര്‍ വാരീ എനര്‍ജീസിനു ലഭിച്ചു.

ഒഎന്‍ജിസിയില്‍ നിന്ന് 217 കോടി രൂപയുടെ സീംലെസ് പൈപ്പുകള്‍ക്കുള്ള ഓര്‍ഡര്‍ മഹാരാഷ്ട്ര സീംലെസിനു ലഭിച്ചു.

പിഎല്‍ഐ സ്‌കീം പ്രകാരമുള്ള 84.95 കോടി രൂപയുടെ പ്രോത്സാഹനം തേജസ് നെറ്റ് വര്‍ക്‌സിനു ലഭിച്ചു.

ആര്‍ഥം ഇന്‍വെസ്റ്റ്‌മെന്റ് ഓഹരി ഒന്നിനു നാല് ഓഹരി വച്ച് ബോണസ് ഇഷ്യു നടത്തും.

സ്വര്‍ണം 4,200 നു മുകളില്‍

ഉല്‍പന്ന വിപണികളില്‍ ഏറെ സമയം വ്യാപാരം മുടങ്ങിയ വെള്ളിയാഴ്ച സ്വര്‍ണം ഒന്നര ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4220.40 ഡോളറില്‍ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 4244.50 വരെ ഉയര്‍ന്നു. അവധിവില 4269.80 ഡോളര്‍ വരെ കയറി.

വാരാന്ത്യത്തിലെ സര്‍വേകളില്‍ ഈയാഴ്ച സ്വര്‍ണം കയറും എന്നാണ് 70 ശതമാനം പേരും അഭിപ്രായപ്പെട്ടത്. അടുത്ത വര്‍ഷം പകുതിയോടെ സ്വര്‍ണം ഔണ്‍സിന് 4500 ഡോളറില്‍ എത്തുമെന്നു മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തി. ഗോള്‍ഡ്മാന്‍ സാക്‌സ് 2026 അവസാനം വില 4900 ഡോളര്‍ കടക്കുമെന്ന് കണക്കാക്കുന്നു.

റഷ്യ സ്വര്‍ണം വില്‍ക്കുന്നു?

ഉപരോധങ്ങളും യുക്രെയ്ന്‍ യുദ്ധവും മൂലം വരുമാനം കുറഞ്ഞതു റഷ്യയെ തങ്ങളുടെ റിസര്‍വിലുള്ള സ്വര്‍ണത്തില്‍ ഗണ്യമായ ഭാഗം വില്‍ക്കാന്‍ നിര്‍ബന്ധിതമാക്കി എന്നു റിപ്പോര്‍ട്ടുണ്ട്. റഷ്യയോടു യുദ്ധം തുടരുന്ന യുക്രെയ്‌ന്റെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയുടേതാണു റിപ്പോര്‍ട്ട്. ഇതിനു സ്വതന്ത്ര സ്ഥിരീകരണം ഇല്ല. റഷ്യയുടെ ഔദ്യോഗിക റിസര്‍വ് ആയ നാഷണല്‍ വെല്‍ഫയര്‍ ഫണ്ട് 2022ല്‍ 11,350 കോടി ഡോളര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 5160 കോടി ഡോളര്‍ മാത്രമായി ചുരുങ്ങി എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഫണ്ടിന്റെ സ്വര്‍ണശേഖരം ഇതേ സമയം 405.7 ടണ്ണില്‍ നിന്ന് 173.1 ടണ്‍ ആയി താഴ്ന്നു. റഷ്യയിലെ വാണിജ്യ ബാങ്കുകള്‍ക്കാണ് ഗവണ്മെന്റ് സ്വര്‍ണം കൈമാറിയത്.

വെള്ളിവിലയില്‍ കൃത്രിമമോ?

വെള്ളി സ്‌പോട്ട് വിപണിയില്‍ ഔണ്‍സിന് 53.23 ഡോളറില്‍ നിന്ന് വെള്ളിയാഴ്ച ആറര ശതമാനത്തിലധികം ഉയര്‍ന്ന് 56.23 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 57.74 ഡോളര്‍ വരെ കയറി. അവധിവില 58.25 ഡോളര്‍ ആയി.

വെള്ളിയാഴ്ച രാജ്യാന്തര സ്പാേട്ട്, അവധി വിപണികളില്‍ വെള്ളിവില കുതിച്ചു കയറി. ശരാശരി ആറര ശതമാനത്തിലധികം കുതിപ്പ്. ഷിക്കാഗോ മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ച് (സിഎംഇ) ഗ്രൂപ്പിലെ സാങ്കേതിക തകരാര്‍ കാരണം അന്ന് പത്തു മണിക്കൂറോളം വ്യാപാരം മുടങ്ങിയിരുന്നു. സിഎംഇ ഗ്രൂപ്പാണ് അമേരിക്കയിലെ സിഎംഇ, സിബോട്ട്, നൈമെക്‌സ്, കോമെക്‌സ് എന്നീ ഉല്‍പന്ന അവധി - ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ചുകളുടെ ഉടമകള്‍. സിഎംഇയിലും മറ്റ് അമേരിക്കന്‍ എക്‌സ്‌ചേഞ്ചുകളിലും വ്യാപാരം മുടക്കിയ തകരാര്‍ കൃത്രിമമാണെന്നും 12,500 ടണ്‍ വെള്ളി ഷോര്‍ട്ട് ആയിരുന്ന ഒരു വ്യാപാരിയെ രക്ഷിക്കാന്‍ നടത്തിയതാണ് അതെന്നും മറ്റു ചില വ്യാപാരികള്‍ ആരോപിച്ചിട്ടുണ്ട്.

പ്രധാന ലോകവിപണികളില്‍ (ലണ്ടന്‍, ഷിക്കാഗാേ, ഷാങ്ഹായ്) സ്വര്‍ണ സ്റ്റോക്ക് തീരെ കുറവാണ് എന്നതൊരു വസ്തുതയാണ്. ലണ്ടനില്‍ സാധാരണ 30,000 ടണ്ണിലധികം സ്റ്റോക്ക് ഉണ്ടായിരുന്നത് ഇപ്പോള്‍ 20,000 ടണ്ണിന് അടുത്തായി. വ്യാവസായിക ആവശ്യം അല്‍പം കുറഞ്ഞെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍, നിര്‍മിതബുദ്ധി പ്രോസസറുകള്‍, സോളര്‍ അടക്കം പുനരുല്‍പാദന ഊര്‍ജ സങ്കേതങ്ങള്‍ എന്നിവയില്‍ വെള്ളിയുടെ ആവശ്യം അതിവേഗം വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ ഗാര്‍ഹിക മേഖലയില്‍ നിന്നുള്ള ആവശ്യം 4000 ടണ്ണിനു മുകളിലേക്കു കൂടി. ഇതെല്ലാം വെള്ളിവില കുതിച്ചു കയറാന്‍ കാരണമായി. എങ്കിലും വെള്ളിയാഴ്ചത്തെ ചലനം അസാധാരണമായിരുന്നു.

വെള്ളി 100 ഡോളറിലേക്ക്?

ഒരു വര്‍ഷം കൊണ്ട് വെള്ളിയുടെ വില 97 ശതമാനം കുതിച്ചു കയറി. ഔണ്‍സിന് 29 ഡോളറില്‍ നിന്ന് 56 ഡോളറിലേക്ക്. ഇനിയും ഉയര്‍ന്നു 100 ഡോളറിലേക്കു വെള്ളി എത്തുമെന്നും വാരാന്ത്യത്തില്‍ വിപണി വിദഗ്ധര്‍ പറഞ്ഞു.

1979-80-ല്‍ അമേരിക്കയിലെ ഹണ്ട് സഹോദരന്മാര്‍ വെള്ളി അവധിവ്യാപാരത്തില്‍ കൃത്രിമം നടത്തി വില കയറ്റിയതിനു ശേഷം ഇങ്ങനെയൊരു കുതിപ്പ് വെള്ളിക്കുണ്ടായിട്ടില്ല. ഹണ്ട് സഹോദരന്മാര്‍ വിപണിയില്‍ ലഭ്യമായ വെള്ളിയുടെ മൂന്നിലൊന്നു വാങ്ങിക്കൂട്ടി. വില ഔണ്‍സിന് 6.08 ഡോളറില്‍ നിന്ന് 49.45 ഡോളറില്‍ എത്തി. 713 ശതമാനം വര്‍ധന. വിപണിതകര്‍ച്ച ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ ഇടപെട്ടു. എങ്കിലും ഹണ്ടുമാരുടെ സമ്പത്ത് 500 കോടി ഡോളറില്‍ നിന്ന് 100 കോടിക്കു താഴെയായി. പിന്നീടു പാപ്പരായി. വെള്ളിവില രണ്ടു വര്‍ഷം കൊണ്ട് ഇടിഞ്ഞ് ഔണ്‍സിനു നാലു ഡോളറും ആയി.

പ്ലാറ്റിനം 1663 ഡോളര്‍, പല്ലാഡിയം 1450 ഡോളര്‍, റോഡിയം 7700 ഡോളര്‍ എന്നിങ്ങനെയാണു തിങ്കളാഴ്ച രാവിലെ വില

ലോഹങ്ങള്‍ കുതിച്ചു

ഉല്‍പന്ന അവധി വിപണികളിലെ വ്യാപാരതടസത്തെ തുടര്‍ന്നു വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങളും കുതിച്ചു കയറി. ചെമ്പ് 0.64 ശതമാനം ഉയര്‍ന്നു ടണ്ണിന് 11,004.00 ഡോളര്‍ ആയി. 11,200 ഡോളര്‍ എന്ന റെക്കോര്‍ഡ് വരെ ചെമ്പ് കയറിയിരുന്നു. അലൂമിനിയം 1.40 ശതമാനം കുതിച്ചു ടണ്ണിന് 2868.00 ഡോളറില്‍ എത്തി. നിക്കലും ലെഡും സിങ്കും ടിന്നും ഉയര്‍ന്നു.

റബര്‍ വില രാജ്യാന്തര വിപണിയില്‍ 2.25 ശതമാനം കയറി കിലോഗ്രാമിന് 177.00 സെന്റ് ആയി. കൊക്കോ 6.62 ശതമാനം കുതിച്ചു ടണ്ണിന് 5404.00 ഡോളറില്‍ എത്തി. കാപ്പി വില 0.22 ശതമാനം ഉയര്‍ന്നു. തേയില വില 0.58 ശതമാനം താഴ്ന്നു. പാമാേയില്‍ 0.61 ശതമാനം ഉയര്‍ന്നു.

ഡോളര്‍ താഴ്ന്നു

ഡോളര്‍ സൂചിക താഴ്ന്ന് 99.46 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.34 ലേക്കു താഴ്ന്നു.

ഡോളര്‍ വിനിമയ നിരക്ക് അല്‍പം താഴ്ന്നു. യൂറോ 1.1614 ഡോളറിലേക്കും പൗണ്ട് 1.3242 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 155.75 യെന്‍ ആയി ഉയര്‍ന്നു.

ചൈനീസ് കറന്‍സി ഒരു ഡോളറിന് 7.08 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു. സ്വിസ് ഫ്രാങ്ക് 0.8034 ഡോളറിലായി.

യുഎസില്‍ കടപ്പത്ര വിലകള്‍ താഴ്ന്നു. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.036 ശതമാനമായി ഉയര്‍ന്നു.

രൂപ താഴ്ന്നു തന്നെ

ഇന്ത്യന്‍ രൂപ വെള്ളിയാഴ്ചയും താഴ്ന്നു. ഡോളര്‍ 15 പൈസ കൂടി 89.46 രൂപയില്‍ ക്ലോസ് ചെയ്തു. വ്യാപാരകരാര്‍ ഉണ്ടാകുന്നതു പോലുള്ള സുപ്രധാന കാര്യങ്ങള്‍ നടക്കുകയോ ഓഹരിവിപണിയിലെ വിദേശനിക്ഷേപകര്‍ വലിയ തോതില്‍ തിരിച്ചു വരുകയോ ചെയ്താലേ രൂപയ്ക്കു കയറ്റം കിട്ടൂ. രൂപയെ താങ്ങിനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇടപെടുന്നതിനെ നവംബറില്‍ എത്തിയ ഐഎംഎഫ് സംഘം വിമര്‍ശിച്ചിരുന്നു.

ചൈനയുടെ കറന്‍സി യുവാന്‍ വെള്ളിയാഴ്ച 12.61 രൂപയിലേക്കു കയറി.

ക്രൂഡ് ഓയില്‍ സ്റ്റെഡി

യുക്രെയ്ന്‍ സമാധാന കരാറില്‍ അനിശ്ചിതത്വം തുടരുന്നതു ക്രൂഡ് ഓയില്‍ വിലയെ അല്‍പം ഉയര്‍ത്തി. ബ്രെന്റ് ഇനം ക്രൂഡ് വെള്ളിയാഴ്ച 62.31 ഡോളറില്‍ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 1.1 ശതമാനം ഉയര്‍ന്ന് 63.06 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 59.25 ലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 64.28 ലും എത്തി. പ്രകൃതിവാതകവില ആറു ശതമാനം കയറി 4.850 ഡോളര്‍ ആയി.

ക്രിപ്‌റ്റോകള്‍ ഇടിയുന്നു

ക്രിപ്‌റ്റോ കറന്‍സികള്‍ വാരാന്ത്യത്തില്‍ സ്ഥിരത കാണിച്ചെങ്കിലും ഇന്നു രാവിലെ വീണ്ടും ഇടിഞ്ഞു. ബിറ്റ്‌കോയിന്‍ 87,200 ഡോളറിനു താഴേക്കു വീണു.

ഈഥര്‍ 2850 ഡോളറിലേക്കും സൊലാന 128 ഡോളറിലേക്കും താഴ്ന്നു.

വിപണിസൂചനകള്‍

(2025 നവംബര്‍ 28, വെള്ളി)

സെന്‍സെക്‌സ് 85,706.67 -0.02%

നിഫ്റ്റി50 26,202.95 -0.05%

ബാങ്ക് നിഫ്റ്റി 59,752.70 +0.03%

മിഡ്ക്യാപ്100 61,043.25 -0.11%

സ്‌മോള്‍ക്യാപ്100 17,829.25 -0.27%

ഡൗ ജോണ്‍സ് 47,716.42 +0.61%

എസ് ആന്‍ഡ് പി 6849.09 +0.54%

നാസ്ഡാക് 23,369.69 +0.65%

ഡോളര്‍ ?89.46 +0.15

സ്വര്‍ണം(ഔണ്‍സ്)$4220.40 +$62.60

സ്വര്‍ണം (പവന്‍) ?94,200 +?520

ശനി ?95,200 +?1000

ക്രൂഡ്ഓയില്‍ബ്രെന്റ് $62.31 -0.03

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT