Morning business news canva
Markets

യു.എസ് തകര്‍ച്ച ഇന്ത്യന്‍ വിപണിയെ ദുര്‍ബലമാക്കും; ബിഹാര്‍ ഫലം നിര്‍ണായകം; ഏഷ്യന്‍ വിപണികള്‍ ഇടിവില്‍; സ്വര്‍ണം ചാഞ്ചാടുന്നു; ക്രൂഡ് ഓയില്‍ കയറ്റത്തില്‍

ഭരണസ്തംഭനം മാറിയതോടെ അമേരിക്കന്‍ വിപണിയില്‍ നിര്‍മിതബുദ്ധി (എഐ) നിക്ഷേപങ്ങളെപ്പറ്റി ആശങ്കയായി. അമിതമാണു നിക്ഷേപം എന്നും അവ വേണ്ടത്ര ആദായം ഉണ്ടാക്കുകയില്ല എന്നുമാണ് പുതിയ വിലയിരുത്തല്‍

T C Mathew

അമേരിക്കന്‍ ഓഹരിവിപണിയിലെ വലിയ തകര്‍ച്ചയും ബിഹാര്‍ തെരഞ്ഞെടുപ്പുഫലത്തെ കുറിച്ചുളള ആശങ്കയും ഇന്ന് ഇന്ത്യന്‍ വിപണിയെ താഴ്ന്ന തുടക്കത്തിലേക്കു നയിക്കും. എക്‌സിറ്റ് ഫലങ്ങള്‍ക്കനുസരിച്ചാണു റിസല്‍ട്ട് എങ്കില്‍ വിപണി നേട്ടം ഉണ്ടാക്കും. മറിച്ചായാല്‍ വിദേശസൂചനകളുടെ ചുവടുപിടിച്ചു കൂടുതല്‍ താഴും.

നിര്‍മിതബുദ്ധി മേഖലയിലെ അമിതമായ മൂലധനനിക്ഷേപത്തെ പറ്റിയുള്ള ആശങ്ക കൂടിയതും പലിശ കുറയ്ക്കാനുള്ള സാധ്യത കുറഞ്ഞതും ആണ് അമേരിക്കന്‍ വിപണിയെ ഇടിച്ചത്. യൂറോപ്പും താഴ്ന്നു. ഇന്ന് ഏഷ്യന്‍ വിപണികളും താഴ്ചയിലാണ്. സ്വര്‍ണവില ചാഞ്ചാട്ടത്തിലായി. ക്രിപ്‌റ്റോ കറന്‍സികള്‍ ഇടിഞ്ഞു. ഡോളര്‍ ദുര്‍ബലമായി. ക്രൂഡ് ഓയില്‍ വില രാവിലെ രണ്ടര ശതമാനം കുതിച്ച് വീപ്പയ്ക്ക് 64 ഡോളറിനു മുകളില്‍ എത്തി. ഇതെല്ലാം വിപണിക്കു നെഗറ്റീവ് ആണ്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വിപണിയില്‍ നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,841.50 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,849.50 ലേക്കു കയറിയിട്ട് 25,820ലേക്കു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് താഴ്ന്നു

യൂറോപ്യന്‍ വിപണികള്‍ ഇന്നലെ രാവിലെ ഉയര്‍ന്നു വ്യാപാരം തുടങ്ങിയിട്ട് വലിയ നഷ്ടത്തിലേക്കു മാറി. എഎല്‍കെ, സീലാന്‍ഡ് എന്നീ ഫാര്‍മ കമ്പനികളും ലക്ഷുറി ബ്രാന്‍ഡ് ബര്‍ബറിയും മികച്ച നേട്ടം ഉണ്ടാക്കി.

യുഎസ് വിപണി ഇടിഞ്ഞു

ഭരണസ്തംഭനം മാറിയതോടെ അമേരിക്കന്‍ വിപണിയില്‍ നിര്‍മിതബുദ്ധി (എഐ) നിക്ഷേപങ്ങളെപ്പറ്റി ആശങ്കയായി. അമിതമാണു നിക്ഷേപം എന്നും അവ വേണ്ടത്ര ആദായം ഉണ്ടാക്കുകയില്ല എന്നുമാണ് പുതിയ വിലയിരുത്തല്‍. ടെക് ഓഹരികളില്‍ വലിയ വില്‍പന സമ്മര്‍ദം ഉണ്ടായി. ഇതോടെ വിപണി ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കു വീണു. എന്‍വിഡിയ, ബ്രോഡ് കോം, ആല്‍ഫബെറ്റ്, ടെസ്ല തുടങ്ങിയവ താഴ്ന്നു. ഇതിനിടെ ഡിസംബറില്‍ പലിശ കുറയ്ക്കലിനു സാധ്യത കുറഞ്ഞതായും വിലയിരുത്തല്‍ ഉണ്ടായി. രണ്ടു ഫെഡ് ഗവര്‍ണര്‍മാരുടെ പ്രസംഗങ്ങള്‍ അതിലേക്കാണു നയിച്ചത്. നേരത്തേ 95.5 ശതമാനം ഉണ്ടായിരുന്ന കുറയ്ക്കല്‍ സാധ്യത 63 ശതമാനത്തിനു താഴെയായി.

ഡൗ ജോണ്‍സ് സൂചിക വ്യാഴാഴ്ച 797.60 പോയിന്റ് (1.65%) ഇടിഞ്ഞ് 47,457.22 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 113.43 പോയിന്റ് (1.66%) നഷ്ടത്തോടെ 6737.49 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 536.10 പോയിന്റ് (2.29%) തകര്‍ച്ചയോടെ 22,870.36 ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ കയറ്റത്തിലാണ്. ഡൗ 0.16 ഉം എസ് ആന്‍ഡ് പി 0.15 ഉം നാസ്ഡാക് 0.13 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.

ഏഷ്യന്‍ വിപണികള്‍ ഇടിവില്‍

ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ്. ജപ്പാനില്‍ നിക്കൈ 1.45 ശതമാനം ഇടിഞ്ഞു. രണ്ടു ദിവസം 10 ശതമാനം വീതം ഇടിഞ്ഞ സോഫ്റ്റ് ബാങ്ക് ഇന്ന് എട്ടു ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ വിപണി 1.6 ശതമാനവും ദക്ഷിണ കൊറിയന്‍ വിപണി 2.3 ശതമാനവും താഴ്ചയിലാണ്. ഹോങ് കോങ്, ചൈനീസ് സൂചികകളും താഴ്ന്നു വ്യാപാരം തുടങ്ങി.

ഇന്ത്യന്‍ വിപണി അനിശ്ചിതത്വത്തില്‍

പാശ്ചാത്യ വിപണികളിലെ നെഗറ്റീവ് മനോഭാവവും ബിഹാര്‍ റിസല്‍ട്ടിനെപ്പറ്റി ഉളള ആശങ്കകളും ഇന്നലെ ഇന്ത്യന്‍ വിപണിയെ അനിശ്ചിതത്വത്തിലാക്കി. രാവിലെ പലവട്ടം ചാഞ്ചാടിയ മുഖ്യ സൂചികകള്‍ പിന്നീടു നല്ല നേട്ടം ഉണ്ടാക്കി. നിഫ്റ്റി 26,010 ഉം സെന്‍സെക്‌സ് 84,919 ഉം വരെ കയറി. എന്നാല്‍ അവസാന മണിക്കൂറില്‍ നേട്ടമെല്ലാം നഷ്ടപ്പെടുത്തി നാമമാത്ര ഉയര്‍ച്ചയില്‍ അവസാനിച്ചു. നിഫ്റ്റിയും സെന്‍സെക്‌സും ഉയരത്തില്‍ നിന്നു ഗണ്യമായി താഴ്ന്നാണു ക്ലോസ് ചെയ്തത്.

ഐടി, ഓട്ടോ, എഫ്എംസിജി, ഡിഫന്‍സ്, മീഡിയ, പൊതുമേഖലാ ബാങ്കുകള്‍ എന്നിവ ഇന്നലെ വിപണിയെ താഴ്ത്തുന്നതിനു മുന്നില്‍ നിന്നു. മെറ്റല്‍, ഫാര്‍മ, റിയല്‍റ്റി എന്നിവ ഉയര്‍ന്നു. ബാങ്കുകളും ധനകാര്യ കമ്പനികളും ചെറിയ നേട്ടത്തില്‍ ഒതുങ്ങി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഗണ്യമായി താഴ്ന്നു.

വ്യാഴാഴ്ച നിഫ്റ്റി 3.35 പോയിന്റ് (0.01%) ഉയര്‍ന്ന് 25,879.20 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 12.16 പോയിന്റ് (0.01%) കയറി 84,478.67 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 107.30 പോയിന്റ് (0.18%) നേട്ടത്തോടെ 58,381.95 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 210.25 പോയിന്റ് (0.35%) താഴ്ന്ന് 60,692.05 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 66.80 പോയിന്റ് (0.37%) വീണ് 18,183.65 ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിനൊപ്പം ആയി. ബിഎസ്ഇയില്‍ 1773 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2450 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1360 എണ്ണം. താഴ്ന്നത് 1722 ഓഹരികള്‍.

എന്‍എസ്ഇയില്‍ 99 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 106 എണ്ണമാണ്. ആറ് ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ മൂന്നെണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ വ്യാഴാഴ്ചയും വില്‍പന തുടര്‍ന്നു. അവര്‍ ക്യാഷ് വിപണിയില്‍ 383.68 കാേടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 3091.87 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

വിപണിയില്‍ വീണ്ടും ബുള്ളുകള്‍ ദുര്‍ബലരായി. 26,000 നു മുകളില്‍ കരുത്തോടെ കയറി ക്ലോസ് ചെയ്താല്‍ മാത്രമേ നിഫ്റ്റിക്ക് 26,100 - 26,200 ലേക്കുള്ള മുന്നേറ്റം പുനരാരംഭിക്കാന്‍ കഴിയൂ. 25,700ലെ ശക്തമായ പിന്തുണ തുടരുന്നുണ്ട്. ഇന്നു നിഫ്റ്റിക്ക് 25,820 ലും 25,775 ലും പിന്തുണ ഉണ്ടാകും. 25,975 ഉം 26,025 വും തടസമാകാം.

റിസല്‍ട്ടുകള്‍ ഇന്ന്

ഇന്നു റിസല്‍ട്ട് പ്രസിദ്ധീകരിക്കുന്ന ചില കമ്പനികള്‍: ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ്, സീമെന്‍സ്, ജിഎംഡിസി, അശോകാ ബില്‍ഡ് കോണ്‍, ഗ്ലെന്‍ മാര്‍ക്ക്, മാരികോ, എംആര്‍എഫ്, നാറ്റ്‌കോ ഫാര്‍മ, നാരായണ ഹെല്‍ത്ത്, ഓയില്‍ ഇന്ത്യ, ആര്‍സിഎഫ്, സണ്‍ ടിവി, വി2 റീട്ടെയില്‍, ഐനോക്‌സ് വിന്‍ഡ്, എക്‌സൈഡ്.

കമ്പനികള്‍, വാര്‍ത്തകള്‍

ടാറ്റാ മോട്ടോഴ്‌സ് കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് രണ്ടാം പാദത്തില്‍ വരുമാനം ആറു ശതമാനം കൂടിയപ്പോള്‍ അറ്റനഷ്ടം 498 കോടിയില്‍ നിന്ന് 867 കോടി രൂപയായി വര്‍ധിച്ചു.

ഹീറോ മോട്ടോകാേര്‍പിന്റെ രണ്ടാം പാദത്തില്‍ വരുമാനം 15.9 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായം 15.7 ശതമാനം ഉയര്‍ന്നു.

കഴിഞ്ഞ മാസം ലിസ്റ്റ് ചെയ്ത എല്‍ജി ഇലക്ട്രോണിക്‌സിന്റെ രണ്ടാം പാദ വിറ്റുവരവ് ഒരു ശതമാനം മാത്രം കൂടിയപ്പോള്‍ അറ്റാദായം 27.3 ശതമാനം ഇടിഞ്ഞു.

അപ്പോളോ ടയേഴ്‌സിനു രണ്ടാം പാദത്തില്‍ വരുമാനം 6.1 ശതമാനം കൂടിയെങ്കിലും ലാഭം 13.2 ശതമാനം താഴ്ന്നു. 180 കോടിയുടെ ഒരു പ്രത്യേക നഷ്ടമാണു റിസല്‍ട്ടിനെ ദുര്‍ബലമാക്കിയത്.

വരുമാനം 2.3% കുറഞ്ഞെങ്കിലും സൊനാറ്റ സോഫ്റ്റ് വേറിന്റെ രണ്ടാം പാദ അറ്റാദായം 12.9% കൂടി.

നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയുടെ രണ്ടാം പാദ വരുമാനം 12.2ഉം അറ്റാദായം 14.8 ഉം ശതമാനം വര്‍ധിച്ചു.

പിജി ഇലക്ട്രോപ്ലാസ്റ്റിന്റെ രണ്ടാം പാദ വരുമാനം 2.4 ശതമാനം കുറഞ്ഞപ്പോള്‍ അറ്റാദായം 85.7 ശതമാനം ഇടിഞ്ഞു.

ഭാരത് ഡൈനാമിക്‌സിന്റെ വിറ്റുവരവ് 110.6 ശതമാനം കുതിച്ചപ്പോള്‍ അറ്റാദായ വര്‍ധന 76.2 ശതമാനമാണ്. ഇന്‍വാര്‍ ആന്റി ടാങ്ക് മിസൈല്‍ നിര്‍മാണത്തിനു കമ്പനി പ്രതിരോധ മന്ത്രാലയവുമായി കരാര്‍ ഒപ്പുവച്ചു.

ഈയിടെ ഐപിഒ നടത്തിയ ഓര്‍ക്ല

ഇന്‍ഡസ്ട്രീസിന്റെ രണ്ടാം പാദ വരുമാനം 4.9 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായം 7.3 ശതമാനം താഴ്ന്നു.

വരുമാനം 19.7% വര്‍ധിച്ചപ്പോള്‍ ജൂബിലന്റ് ഫുഡ് വര്‍ക്‌സിന്റെ അറ്റാദായം 190.5 ശതമാനം കുതിച്ചു.

വിശാല്‍ മെഗാമാര്‍ട്ടിന്റെ വിറ്റുവരവ് 22.4% ഉയര്‍ന്നപ്പോള്‍ അറ്റാദായം 46.5 ശതമാനം വര്‍ധിച്ചു.

മുത്തൂറ്റ് ഫിനാന്‍സിനു രണ്ടാം പാദ വരുമാനം 58.5 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 87.4 ശതമാനം കുതിച്ചു.

ഡോളര്‍ ഇന്‍ഡസ്ട്രീസ് വരുമാനം 5.6 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 32.7 ശതമാനം കയറി.

ദിലീപ് ബില്‍ഡ് കോണ്‍ വരുമാനം 21.8 ഉം ലാഭം 22.8 ഉം ശതമാനം ഇടിഞ്ഞു.

സ്വര്‍ണം ചാഞ്ചാടുന്നു

യുഎസ് ഭരണസ്തംഭനം നീങ്ങി എന്നാല്‍ സ്വര്‍ണവിപണിയിലെ അനിശ്ചിതത്വം മാറിയില്ല. ഡിസംബര്‍ രണ്ടാം ആഴ്ച ചേരുന്ന ഫെഡ് യോഗത്തില്‍ പലിശ കുറയ്ക്കല്‍ തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയ്ക്കു മങ്ങല്‍ ഏല്‍പ്പിക്കുന്ന കാര്യങ്ങളാണു പിന്നീട് ഉണ്ടായത്. അതിനാല്‍ ലാഭമെടുക്കല്‍ തകൃതിയായി. ഔണ്‍സിന് 4245.60 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണം കുത്തനേ താഴ്ന്നു. 4172.30 ഡോളറിലായിരുന്നു ക്ലോസിംഗ്. ഇന്നു രാവിലെ വില 4190 ഡോളര്‍ വരെ കയറി.

ഭരണസ്തംഭനം കഴിഞ്ഞപ്പോള്‍ യുഎസ് സര്‍ക്കാരിന്റെ ഭീമമായ കടത്തെ സംബന്ധിച്ച ആധി വിപണിയില്‍ സജീവമായി. കൂടുതല്‍ കടം എടുക്കുന്നതിലേക്കാണു ഡോണള്‍ഡ് ട്രംപിന്റെ ഭരണവും നീങ്ങുന്നതെന്നു പലരും ചൂണ്ടിക്കാട്ടി. ഇതിനിടെ 50 വര്‍ഷ ഭവന വായ്പകള്‍ തുടങ്ങാന്‍ ട്രംപ് ആലോചിക്കുന്നതും വിപണിക്കു രസിച്ചില്ല. കടമെടുക്കുന്നവരുടെ പലിശ ബാധ്യത 30 വര്‍ഷ കടത്തിന്റേതിലും ഇരട്ടി ആക്കുന്നതാണ് 50 വര്‍ഷ കടം. ഇതെല്ലാം സ്വര്‍ണത്തിലേക്കു നിക്ഷേപകശ്രദ്ധ തിരിച്ചു. എന്നാല്‍ പിന്നീടു സ്വര്‍ണത്തിലും വെള്ളിയിലും വില്‍പന സമ്മര്‍ദം കൂടിയപ്പോള്‍ വില ഇടിഞ്ഞു. ഇനിയും വില കയറുകയും ഇടയ്ക്കിടെ താഴുകയും ചെയ്യും എന്നാണു വിലയിരുത്തല്‍.

കേരളത്തില്‍ 22 കാരറ്റ് പവന്‍വില ഇന്നലെ രണ്ടു തവണയായി 2280 രൂപ ഉയര്‍ന്ന് 94,320 രൂപയില്‍ എത്തി.

വെള്ളിയുടെ സ്‌പോട്ട് വില രണ്ടു ശതമാനത്തോളം കുതിച്ച് 54.39 ഡോളറില്‍ എത്തിയിട്ട് താഴ്ന്ന് 52.21 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 52.72 ലേക്കു കയറി. അവധിവില ഇന്ന് 52.65 ല്‍ എത്തി.

പ്ലാറ്റിനം 1605 ഡോളര്‍, പല്ലാഡിയം 1458 ഡോളര്‍, റോഡിയം 7875 ഡോളര്‍ എന്നിങ്ങനെയാണു വില.

ലോഹങ്ങള്‍ മുന്നേറ്റത്തില്‍

വ്യാവസായിക ലോഹങ്ങള്‍ വ്യാഴാഴ്ചയും മികച്ച മുന്നേറ്റം നടത്തി. ലഭ്യത കുറയും എന്ന ആശങ്കയില്‍ ചെമ്പാണ് വലിയ കയറ്റം നടത്തിയത്. ചെമ്പ് 1.01 ശതമാനം കുതിച്ചു ടണ്ണിന് 10,942.00 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.07 ശതമാനം കുതിച്ച് 2896.49 ഡോളറില്‍ എത്തി. സിങ്കും നിക്കലും ലെഡും ടിന്നും ഉയര്‍ന്നു .

രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.94 ശതമാനം കൂടി കിലോഗ്രാമിന് 171.70 സെന്റില്‍ എത്തി. കൊക്കോ 3.50 ശതമാനം താഴ്ന്നു ടണ്ണിന് 5428.00 ഡോളര്‍ ആയി. കാപ്പി 0.61 ശതമാനം താഴ്ന്നു. തേയില വില മാറ്റമില്ലാതെ തുടര്‍ന്നു. പാം ഓയില്‍ വില 0.02 ശതമാനം ഉയര്‍ന്നു.

ഡോളര്‍ സൂചിക താഴുന്നു

ഡോളര്‍ സൂചിക ഇന്നലെ 99.59 വരെ ഉയര്‍ന്നിട്ട് 98.99 വരെ ഇടിഞ്ഞ ശേഷം 99.16 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.24 ലേക്കു കയറി.

കറന്‍സി വിപണിയില്‍ ഡോളര്‍ ദുര്‍ബലമായി. യൂറോ 1.1632 ഡോളറിലേക്കും പൗണ്ട് 1.314 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 154.63 യെന്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നു.

യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.12 ശതമാനം ആയി ഉയര്‍ന്നു.

വ്യാഴാഴ്ച ഡോളര്‍ നാലു പൈസ കൂടി 88.67 രൂപയില്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് വിപണിയില്‍ ഇടപെടല്‍ തുടര്‍ന്നു.

ചൈനയുടെ കറന്‍സി ഡോളറിന് 7.11 യുവാന്‍ എന്ന നിലയില്‍ തുടര്‍ന്നു.

ക്രൂഡ് ഓയില്‍ കയറി

ക്രൂഡ് ഓയില്‍ വില അല്‍പം കയറി. ബ്രെന്റ് ഇനം ക്രൂഡ് വ്യാഴാഴ്ച 0.50 ശതമാനം കൂടി വീപ്പയ്ക്ക് 63.12 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ വില രണ്ടര ശതമാനം ഉയര്‍ന്ന് 64.58 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ ഇനം 60.28 ഡോളറിലും മര്‍ബന്‍ ക്രൂഡ് 66.45 ഡോളറിലും ആണ്. പ്രകൃതിവാതക വില ഒന്നര ശതമാനം കയറി 4.63 ഡോളറില്‍ എത്തി.

ക്രിപ്‌റ്റോകള്‍ ഇടിഞ്ഞു

ഓഹരികള്‍ ഇടിഞ്ഞതിനൊപ്പം ക്രിപ്‌റ്റോ കറന്‍സികളും വീഴ്ചയിലായി. പല കറന്‍സികളും ഏഴു മുതല്‍ 10 വരെ ശതമാനം താഴ്ന്നു. ഇന്നലെ 98,072 വരെ ഇടിഞ്ഞ ബിറ്റ് കോയിന്‍ ഇന്നു രാവിലെ 99,250 ഡോളറിനു തൊട്ടു മുകളിലാണ്. ഈഥര്‍ 3205 ല്‍ നില്‍ക്കുന്നു. സൊലാന 144 ഡോളറിലേക്കു വീണു.

വിപണിസൂചനകള്‍

(2025 നവംബര്‍ 13, വ്യാഴം)

സെന്‍സെക്‌സ്30 84,478.67 +0.01%

നിഫ്റ്റി50 25,879.15 +0.01%

ബാങ്ക് നിഫ്റ്റി 58,381.95 +0.18%

മിഡ് ക്യാപ്100 60,692.05 -0.35%

സ്‌മോള്‍ക്യാപ്100 18,183.65 -0.37%

ഡൗജോണ്‍സ് 47,451.22 -1.65%

എസ്ആന്‍ഡ്പി 6737.49 -1.66%

നാസ്ഡാക് 22,870.36 -2.29%

ഡോളര്‍($) ₹88.67 +₹0.04

സ്വര്‍ണം(ഔണ്‍സ്) $4172.30 -24.10

സ്വര്‍ണം(പവന്‍) ₹94,320 +₹2280

ക്രൂഡ്(ബ്രെന്റ്)ഓയില്‍$63.12 +$0.39

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT