BSE, NSE, Canva
Markets

കാളക്കുതിപ്പിന് സഡന്‍ ബ്രേക്ക്, ആദ്യ പാദത്തിന്റെ അവസാനം വിപണി കട്ടച്ചുവപ്പില്‍, പൊതുമേഖല ബാങ്കുകള്‍ നേട്ടത്തില്‍

ഇന്ത്യ-യു.എസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ പുരോഗതിയും കമ്പനികളുടെ ഒന്നാം പാദ ഫലങ്ങളിലുമാകും ഇനി വിപണിയുടെ കണ്ണ്

Dhanam News Desk

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) ആദ്യപാദത്തിന്റെ അവസാന ദിവസം ഓഹരി വിപണി നഷ്ടത്തില്‍. നേരിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയെങ്കിലും നിക്ഷേപകരുടെ ലാഭമെടുക്കലും പോര്‍ട്ട്‌ഫോളിയോ അഡ്ജസ്റ്റ്‌മെന്റും കാര്യമായി നടന്നതോടെ വിപണി നഷ്ടത്തിലായി. കഴിഞ്ഞ ആഴ്ച തുടര്‍ച്ചയായ നാല് ദിവസവും വിപണി നേട്ടത്തിലായിരുന്നു.

മുഖ്യ ഓഹരി സൂചികയായ സെന്‍സെക്‌സ് 452.44 പോയിന്റുകള്‍ നഷ്ടത്തില്‍ 83,606.46 എന്ന നിലയിലെത്തി. നിഫ്റ്റിയാകട്ടെ 120.75 പോയിന്റുകള്‍ ഇടിഞ്ഞ് വ്യാപാരാന്ത്യത്തില്‍ 25,517.05 എന്ന നിലയിലുമായി. ഇരുസൂചികകളും ഇടിഞ്ഞത് അരശതമാനത്തോളം. എന്നാല്‍ നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.60 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.52 ശതമാനവും ലാഭത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

വിവിധ സൂചികകളുടെ പ്രകടനം

സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി ഐ.ടി, മീഡിയ, ഫാര്‍മ, പി.എസ്.യു ബാങ്ക്, ഹെല്‍ത്ത് കെയര്‍ ഇന്‍ഡെക്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ ഒഴികെയുള്ളവയെല്ലാം നഷ്ടത്തിലായി. 2.36 ശതമാനം കുതിച്ച പി.എസ്.യു ബാങ്ക് സൂചികയാണ് ഇന്നത്തെ താരം. എന്നാല്‍ നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ്, പ്രൈവറ്റ് ബാങ്ക് അടക്കമുള്ള ഓഹരികള്‍ നഷ്ടക്കാരായി മാറി.

പൊതുമേഖല ബാങ്കുകള്‍ക്ക് കുതിപ്പ്

വിപണിയില്‍ നഷ്ടമാണെങ്കിലും പൊതുമേഖലാ ബാങ്കുകള്‍ക്ക് ഇന്ന് നല്ല ദിവസമായിരുന്നു. പൊതുമേഖല ബാങ്കുകള്‍ക്ക് സബ്‌സിഡിയറികളിലുള്ള ഓഹരികള്‍ ഐ.പി.ഒയിലൂടെയോ ഓഹരി വില്‍പ്പനയിലൂടെയോ കൈമാറ്റം ചെയ്യാന്‍ ധനമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖ പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരി വില ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെ കൂടിയത്.

വിപണിയെ നഷ്ടത്തിലാക്കിയതെന്ത്?

ഡോളര്‍ സൂചിക ഇടിഞ്ഞതോടെ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം വര്‍ധിച്ചെന്നാണ് കണക്ക്. എന്നാല്‍ കടപത്രങ്ങളിലെ നിക്ഷേപം ഓഹരികളിലേക്ക് മാറ്റുന്നതല്ലാതെ പുതിയ നിക്ഷേപം നടത്താന്‍ വിദേശികള്‍ തയ്യാറാകുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉയര്‍ന്ന മൂല്യം കണക്കാക്കുന്ന വിപണിയില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത് ലാഭകരമല്ലെന്നാണ് വിദേശികളുടെ നിലപാട്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് ശമനമായതോടെ വിപണി നേട്ടം തുടരുമെന്ന് കരുതിയെങ്കിലും ഫിനാന്‍ഷ്യല്‍, ഓട്ടോ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം രൂക്ഷമായതാണ് വിനയായത്. റിലയന്‍സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികളില്‍ ലാഭമെടുക്കല്‍ വ്യാപകമായി നടന്നു.

ഇത് ട്രെന്‍ഡല്ല

അതേസമയം, ഇപ്പോഴത്തെ പ്രവണത ട്രെന്‍ഡ് മാറ്റമല്ലെന്നും വിപണിയുടെ തിരുത്തലാണെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ നിഫ്റ്റി 7.5 ശതമാനത്തോളമാണ് ഉയര്‍ന്നത്. നാല് മാസമായി നിഫ്റ്റി സൂചിക വളര്‍ച്ചയിലാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ-യു.എസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ പുരോഗതിയും കമ്പനികളുടെ ഒന്നാം പാദ ഫലങ്ങളിലുമാകും ഇനി വിപണിയുടെ കണ്ണ്.

കമ്പനികളുടെ പ്രകടനം

ലാഭവും നഷ്ടവും

യു.എസിലെ സഹസ്ഥാപനത്തിന് 540 മെഗാവാട്ടിന്റെ സോളാര്‍ മൊഡ്യൂളുകളുടെ ഓര്‍ഡര്‍ ലഭിച്ചതിന് പിന്നാലെ കുതിച്ച വാരീ എനര്‍ജീസിന്റെ (Waaree Energies) ഓഹരികളാണ് ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലെത്തിയത്. പൊതുമേഖലാ ബാങ്കുകളുടെ കുതിപ്പിന് മുന്നില്‍ നിന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയും ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലുണ്ട്. ഡിക്‌സണ്‍ ടെക്‌നോളജീസ് ഇന്ത്യ, ആദിത്യ ബിര്‍ല ക്യാപിറ്റല്‍ തുടങ്ങിയ കമ്പനികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.

വിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് ഇന്ന് മിക്ക ഓഹരികളെയും ബാധിച്ചത്. എസ്.ബി.ഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസ്, മാക്രോടെക് ഡവലപ്പേഴ്‌സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, കൊടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്.

കേരള കമ്പനികളുടെ പ്രകടനം

കട്ടക്ക് പിടിച്ച് കേരള കമ്പനികള്‍

വിപണിക്ക് അത്ര നല്ല ദിവസമായിരുന്നില്ലെങ്കിലും കേരള കമ്പനികള്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവെച്ചത്. പതിനഞ്ചോളം കമ്പനികള്‍ മാത്രമാണ് നഷ്ടത്തിലായത്. ശതമാനക്കണക്കില്‍ മുന്നിലെത്തിയത് പ്രൈമ അഗ്രോയുടെ ഓഹരികളാണ്. ധനലക്ഷ്മി ബാങ്ക്, കേരള ആയുര്‍വേദ, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് മൈക്രോഫിന്‍, പോപ്പീസ് കെയര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ടി.സി.എം, വെര്‍ടെക്‌സ് സെക്യൂരിറ്റീസ് തുടങ്ങിയ കമ്പനികള്‍ രണ്ട് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

4.64 ശതമാനം ഇടിഞ്ഞ സെല്ല സ്‌പേസാണ് ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. എ.വി.ടി നാച്ചുറല്‍ പ്രോഡക്ട്‌സ്, കൊച്ചി മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT