Markets

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം; മികച്ച റിസല്‍ട്ടില്‍ ടാറ്റ എല്‍ക്‌സി കുതിപ്പ്, ബാങ്ക് ഓഫ് ബറോഡയ്ക്ക് തിരിച്ചടി

1500 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ബി.ആര്‍ ഷെട്ടി ഗള്‍ഫില്‍ കേസ് നല്‍കിയതായ റിപ്പോര്‍ട്ടിനെ തുടര്‍ന്നു ബാങ്ക് ഓഫ് ബറോഡ മൂന്നു ശതമാനം താഴ്ന്നു

T C Mathew

ഇന്ത്യന്‍ വിപണി ഇന്നു തുടക്കം മുതല്‍ ചാഞ്ചാട്ടത്തിലാണ്. മികച്ച റിസല്‍ട്ടുകള്‍ പുറത്തുവിട്ട കമ്പനികള്‍ നല്ല മുന്നേറ്റം നടത്തി. ഐടിയും എഫ്എംസിജിയും ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലേക്കു മാറിയിട്ടു ചാഞ്ചാടുകയാണ്.

നിഫ്റ്റി 22,663നും 22,758നുമിടയില്‍ പലവട്ടം കയറിയിറങ്ങി. സെന്‍സെക്‌സ് 72,894നും 73,195നുമിടയില്‍ നീങ്ങി.

1500 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ബി.ആര്‍ ഷെട്ടി ഗള്‍ഫില്‍ കേസ് നല്‍കിയതായ റിപ്പോര്‍ട്ടിനെ തുടര്‍ന്നു ബാങ്ക് ഓഫ് ബറോഡ മൂന്നു ശതമാനം താഴ്ന്നു. യുഎഇ എക്‌സ്‌ചേഞ്ച്, എന്‍എംസി ഹെല്‍ത്ത് കെയര്‍ എന്നിവയുടെ സ്ഥാപകനായിരുന്നു ഷെട്ടി. തന്റെ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതില്‍ ബാങ്കും പങ്കു വഹിച്ചു എന്നാണ് ആരോപണം.

പ്രതീക്ഷയിലും മികച്ച രണ്ടാം പാദ റിസല്‍ട്ടിനെ തുടര്‍ന്നു ടാറ്റാ എല്‍ക്‌സി എട്ടു ശതമാനം കുതിച്ചു.

മികച്ച റിസല്‍ട്ടിനു ശേഷം ട്രാന്‍സ്‌ഫോമേഴ്‌സ് ആന്‍ഡ് റെക്റ്റിഫയേഴ്‌സ് 18 ശതമാനം മുന്നേറി. നല്ല ലാഭവളര്‍ച്ചയില്‍ ആനന്ദ് റാഠി ഏഴു ശതമാനം നേട്ടം ഉണ്ടാക്കി.

മികച്ച രണ്ടാം പാദഫലം എസ്എസ് റീട്ടെയില്‍ ഓഹരിക്കു 13 ശതമാനം കുതിപ്പ് നല്‍കി.

നല്ല ലാഭവളര്‍ച്ചയില്‍ ഹീറോ മോട്ടോഴ്‌സ് ആറു ശതമാനം മുന്നേറി.

ദുബായിയില്‍ ട്രൈസ്റ്റാര്‍ ഹോള്‍ഡിംഗ്‌സ് എന്ന കമ്പനിയെ വാങ്ങുന്ന ഏജിസ് ലോജിസ്റ്റിക്‌സിന്റെ ഓഹരി ആറു ശതമാനം ഉയര്‍ന്നു.

കോക്കിംഗ് കോളിന്റെ വില കൂട്ടിയതിനെ തുടര്‍ന്ന് ഭാരത് കോക്കിംഗ് കോള്‍ ലിമിറ്റഡ് ഓഹരി ആറു ശതമാനം കയറി.

പ്രസ്റ്റീജ് എസ്റ്റേറ്റ്‌സിന് 1900 രൂപ ലക്ഷ്യവില നിര്‍ണയിച്ച നൊമുറ വാങ്ങല്‍ ശിപാര്‍ശ നല്‍കി.

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് വാങ്ങാന്‍ നിര്‍ദേശിച്ച എച്ച്എസ്ബിസി ലക്ഷ്യവില 582 രൂപയായി നിര്‍ണയിച്ചു.

സൈഡസ് ലൈഫിന് ബേണ്‍സ്‌റ്റൈന്‍ 1457 രൂപ ലക്ഷ്യവില നിശ്ചയിച്ചു.

രൂപ ഇന്നും നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ 27 പൈസ കുറഞ്ഞ് 95.01 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീടു ഡോളര്‍ താഴ്ന്ന് 94.93 രൂപയായി. മൂന്നു ദിവസം കൊണ്ടു രൂപ മൂന്നു ശതമാന ഉയര്‍ന്നു.

ലോക വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4165 ഡോളറില്‍ എത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 760 രൂപ കുറഞ്ഞ് 1,08,720 രൂപ ആയി.

ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ബ്രെന്റ് ഇനം 106.24 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 94.62 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT