ഒരു സാഹചര്യം തുടരുന്ന സാധ്യതയെയാണ് ട്രെന്‍ഡ് എന്ന് പറയുന്നത്. വില ഉയരുന്ന ഓഹരികളുടെ വില വീണ്ടും ഉയരുന്നതും വില ഇടിയുന്ന ഓഹരികളുടെ വില വീണ്ടും ഇടിയുന്നതും ഇത്തരം ട്രെന്‍ഡുകള്‍ മൂലമാണ്. ഓഹരി വിപണിയില്‍ പ്രധാനമായും മൂന്ന് ട്രെന്‍ഡുകളാണുള്ളത്.
1. അപ് ട്രെന്‍ഡ് (Up Trend).
2. ഡൗണ്‍ ട്രെന്‍ഡ് (Down Trend).
3. സൈഡ്വെയ്‌സ് ട്രെന്‍ഡ് (Sideways Trend).
ഒരു ഓഹരിയുടെ വില മുകളിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയും താല്‍ക്കാലികമായി വില ചിലപ്പോള്‍ ഇടിയുന്നുണ്ടെങ്കിലും ദീര്‍ഘകാല ട്രെന്‍ഡ് മുകളിലോട്ട് തന്നെ ആയിരിക്കുന്ന സാഹചര്യമാണ് അപ് ട്രെന്‍ഡ്.
മുകളിലെ ചിത്രത്തില്‍ കാണിച്ചത് പോലെ ഒരു ഓഹരി 10 രൂപ നിലവാരത്തില്‍ നിന്ന് 30 രൂപ വരെ ഉയര്‍ന്ന് Higher High Point സ്ഥാപിച്ച ശേഷം ചെറിയ തിരുത്തലിന് വിധേയമാവുകയും 20 രൂപ വരെ താഴുകയും ചെയ്യുന്നു. തുടര്‍ന്ന് ഉയര്‍ന്ന് 70 രൂപ വരെ ആയ (മുമ്പത്തെ Higher High Point ആയ 30 നേക്കാള്‍ ഉയരുക) ശേഷം ചെറിയ തിരുത്തല്‍ നേരിട്ട് 60 രൂപ വരെ താഴുകയും (മുമ്പത്തെ താഴ്ചയേക്കാള്‍ (20 രൂപ) ഉയര്‍ന്ന നിലവാരത്തിലേക്ക് താഴുന്ന അവസ്ഥ) തുടര്‍ന്ന് പുതിയ ഉയര്‍ച്ചയിലൂടെ 100 രൂപ വരെ ഉയരുന്ന ട്രെന്‍ഡിനെയാണ് അപ് ട്രെന്‍ഡ് എന്ന് വിളിക്കുന്നത്.
അപ് ട്രെന്‍ഡിലുള്ള ഓഹരികള്‍ കൈവശം വെയ്ക്കുന്നത് മികച്ച ലാഭം നേടിത്തരും. അപ് ട്രെന്‍ഡ് മനസിലാകുന്ന ഓഹരികളില്‍ ചെറിയ സാങ്കേതിക തിരുത്തലുകള്‍ നടക്കുമ്പോള്‍ ഓഹരികള്‍ വാങ്ങുന്നത് മികച്ച ഒരു ആശയമാണ്.
ഓഹരികളുടെ വില ഇടിയുന്ന ട്രെന്‍ഡിനെ കാണിക്കുന്നതാണ് ഡൗണ്‍ ട്രെന്‍ഡ് (Down Trend). ഇതുപ്രകാരം Lower Low (LL) എന്നത് അര്‍ത്ഥമാക്കുന്നത് ഓഹരിയുടെ വില മുമ്പ് ഇടിഞ്ഞതിനേക്കാള്‍ താഴുകയും പുതിയ ഒരു Low ഉണ്ടാവുകയും ചെയ്യുമ്പോഴാണ്.
ഉദാഹരണമായി 130 രൂപയില്‍ നിന്ന് 100 രൂപയിലേക്ക് ഇടിയുകയും അതിനു ശേഷം ചെറുതായി ഒന്ന് കയറാനുള്ള ശ്രമം നടത്തി 110 രൂപ വരെ വര്‍ധിക്കുന്നതും (Lower High: LH) പക്ഷേ ആ പരിശ്രമം പരാജയപ്പെട്ട് വില 70 പേരെ താഴുന്നതും പുതിയ Low Create ചെയ്യുന്നു. ഇങ്ങനെ വില തുടര്‍ച്ചയായി താഴുന്നതും Lower High Dw Lower Low ഉം ഉണ്ടാകുന്നതും വിലയിടിയുന്നതിന്റെ സൂചനയാണ്. അതിനെയാണ് ഡൗണ്‍ ട്രെന്‍ഡ് എന്ന് പറയുന്നത്.
ഒരു സ്റ്റോക്കിന്റെയോ സെക്യൂരിറ്റിയുടെയോ വില ഒരു നിശ്ചിത നിലവാരത്തിനുള്ളില്‍ സഞ്ചരിക്കുന്നതിനെയാണ് സൈഡ്വെയ്‌സ് ട്രെന്‍ഡ് എന്ന് പറയുന്നത്. ഇത് സാധാരണ ഗതിയില്‍ ഒരു സപ്പോര്‍ട്ടിനും ചെറുത്തുനില്‍പ്പിനും ഇടയില്‍ ആയിരിക്കും വ്യാപാരം ചെയ്യുന്നത്.
ഉദാഹരണമായി 70 രൂപയ്ക്കും 100 രൂപയ്ക്കും ഇടയില്‍ ഓഹരി വില ദീര്‍ഘകാലം ചാഞ്ചാടുന്നതും മുകളിലോട്ടും താഴോട്ടുമുള്ള ഒരു ട്രെന്‍ഡ് ഇല്ലാതിരിക്കുന്നതും സൈഡ്വെയ്‌സ് ട്രെന്‍ഡിന് ഉദാഹരണമാണ്.
Q. ഓഹരി വിപണി നിക്ഷേപകര്‍ മള്‍ട്ടി ബാഗര്‍ ഓഹരികളെ കണ്ടെത്താന്‍ മത്സരിക്കുന്നു. എന്താണ് മള്‍ട്ടി ബാഗര്‍ ഓഹരികള്‍? ഇതിന്റെ സവിശേഷത എന്ത്?
ഓഹരി വാങ്ങിയ ശേഷം നിക്ഷേപകര്‍ക്ക് ഇരട്ടിയിലധികം നേട്ടം നല്‍കുന്ന ഓഹരികളാണ് മള്‍ട്ടി ബാഗര്‍ ഓഹരികള്‍ എന്ന് പറയുന്നത്. ഉദാഹരണമായി 100 രൂപയ്ക്ക് ഒരാള്‍ ഒരു ഓഹരി വാങ്ങി കൈവശം വെയ്ക്കുകയും പ്രസ്തുത ഓഹരി വില 1,000 രൂപയായി വര്‍ധിക്കുകയുമാണെങ്കില്‍ 10 ഇരട്ടി നേട്ടം നല്‍കിയ മള്‍ട്ടി ബാഗര്‍ ഓഹരിയായി പരിഗണിക്കാം.
മള്‍ട്ടി ബാഗര്‍ ഓഹരികള്‍ക്ക് പൊതുവെ കാണാറുള്ള സവിശേഷത താഴെപ്പറയുന്നു.
മികച്ച ഉല്‍പ്പന്ന നിര, സേവനം.
നല്ല മാനേജ്‌മെന്റ്.
കടബാധ്യത ഇല്ലാത്തത്.
നല്ല ടെക്‌നോളജി, റിസര്‍ച്ച് എന്നിവ.
വില്‍പ്പനയിലും ലാഭക്ഷമതയിലും കുതിപ്പ്.
ഭാവി വളര്‍ച്ചാ സാധ്യതയുള്ള മേഖലയിലെ കമ്പനി.
മികച്ച മത്സരക്ഷമതയുടെ നേട്ടം.
മള്‍ട്ടി ബാഗര്‍ നേട്ടം ലഭിക്കണമെങ്കില്‍ നിക്ഷേപകര്‍ ഓഹരികളില്‍ നിക്ഷേപം നടത്തി നല്ല ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്. ബജാജ് ഫിനാന്‍സ്, ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, എച്ച്എഎല്‍ തുടങ്ങിയ കമ്പനികളൊക്കെ മള്‍ട്ടി ബാഗറിന് ഉദാഹരണമാണ്.
ധനം മാഗസിന്‍ ഒക്ടോബര്‍ 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
Read DhanamOnline in English
Subscribe to Dhanam Magazine