Markets

വിൽപന സമ്മർദ്ദം കൂസാതെ ഓഹരി സൂചികകൾ മുന്നോട്ട്

റിലയൻസ് ഇൻഡസ്ട്രീസിലെ നിക്ഷേപ താൽപ്പര്യം തുടരുന്നു

T C Mathew

ഉയരങ്ങളിൽ ലാഭമെടുക്കാനുള്ള തിരക്ക് തുടക്കത്തിൽ വിപണിയിൽ ചാഞ്ചാട്ടത്തിനു വഴിതെളിച്ചു. ഉയർന്നു തുടങ്ങിയിട്ട് കുറേ താഴോട്ടു പോയി. എങ്കിലും പിന്നീടു സൂചികകൾ നല്ല ഉയർച്ച കാണിച്ചു. നിഫ്റ്റി 15,500-ഉം സെൻസെക്സ് 51,600- ഉം കടന്നു. പ്രമുഖ ഏഷ്യൻ സൂചികകൾ താഴോട്ടു പോകുകയാണെങ്കിലും ഇന്ത്യൻ സൂചികകൾ കുതിപ്പ് തുടർന്നു.

ബാങ്ക്, ധനകാര്യ ഓഹരികൾ തുടക്കം മുതലേ ചാഞ്ചാട്ടം കാണിച്ചു. പലിശ സംബന്ധിച്ച ആശങ്ക കടപ്പത്ര വിപണിയിൽ ഉണ്ട്. 10 വർഷ സർക്കാർ കടപ്പത്രത്തിലെ നിക്ഷേപനേട്ടം 6.026 ശതമാനമായി ഉയർന്നു.

ഭവന വായ്പാ കമ്പനികളിൽ വലിയ താൽപര്യം ഇന്നു കണ്ടു. പിഎൻബി ഹൗസിംഗ് 20 ശതമാനത്താേളം ഉയർന്നു. എൽഐസി ഹൗസിംഗ്, ജിഐസി ഹൗസിംഗ്, കാൻഫിൻ ഹോംസ് , റെപ്കോ ഹോം ഫിനാൻസ് തുടങ്ങിയവ വലിയ നേട്ടമുണ്ടാക്കി.

മെറ്റൽ ഓഹരികൾ ഇന്നു ചെറിയ തോതിൽ ഉയർന്നു.

ഫെഡറൽ ബാങ്കിനും ധനലക്ഷ്മി ബാങ്കിനും ഇന്നു തുടക്കത്തിൽ വില കുറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്കും സി എസ് ബി ബാങ്കും ഉയർച്ചയിലാണ്.

മേയിലെ വാഹന വിൽപനയിൽ വലിയ ഇടിവുണ്ട്. കണക്കുകൾ ഇന്നും നാളെയുമായി പുറത്തു വരാനിരിക്കെ വാഹന കമ്പനികളുടെ ഓഹരികൾക്കു വിലയിടിഞ്ഞു.

റിലയൻസ് ഇൻഡസ്ട്രീസിലെ നിക്ഷേപ താൽപര്യം തുടരുന്നു. തുടക്കത്തിൽ ഒന്നര ശതമാനം കയറിയ ഓഹരി വില പിന്നീടു രണ്ടു ശതമാനം ഉയർന്നു.

ഏഷ്യൻ പെയിൻ്റ്സ്, ഷാലിമാർ പെയിൻ്റ്സ് എന്നിവ ഇന്ന് 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.

ഡോളർ ഇന്നും ദുർബലമായി. ആറു പൈസ താണ് 72.38 രൂപയിൽ ഡോളർ വ്യാപാരം തുടങ്ങി.

സ്വർണം ലോകവിപണിയിൽ 1908 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 36,720 രൂപയായി.

ക്രൂഡ് ഓയിൽ വില കൂടുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്കു 69.16 ഡോളറിലെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT