Representational Image From Pixabay 
Markets

താഴ്ചയോടെ തുടക്കം; പിന്നീട് ഉയർച്ച; ഓഹരി വിപണിയിൽ സംഭവിക്കുന്നത് എന്ത്?

മിഡ്, സ്മോൾ ക്യാപ് ഓഹരികൾ കൂടുതൽ താഴ്ചയിലാണ്

T C Mathew

ഏഷ്യൻ സൂചികകളുടെ ചുവടുപിടിച്ച് ഒന്നേകാൽ ശതമാനത്തോളം താഴ്ന്നാണ് ഇന്നു മുഖ്യസൂചികകൾ വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 56,500-നു താഴെയും നിഫ്റ്റി 16,950-നു താഴെയും എത്തി. പിന്നീടു സൂചികകൾ നഷ്ടം അൽപം കുറച്ചു. മിഡ്, സ്മോൾ ക്യാപ് ഓഹരികൾ കൂടുതൽ താഴ്ചയിലാണ്. ഐടി കമ്പനികളും റിലയൻസും ഇടിവിലായി. എന്നാൽ ഒരു മണിക്കൂർ പിന്നിടുമ്പോഴേക്ക് സൂചികകൾ നഷ്ടം ഗണ്യമായി കുറച്ചു.

വ്യാപാരം തുടങ്ങുമ്പോൾ ബാങ്ക് നിഫ്റ്റി ഒരു ശതമാനത്താേളം താഴ്ചയിലായിരുന്നു. പിന്നീടു ബാങ്കുകളുടെ വില അൽപം ഉയർന്നു. മികച്ച ലാഭമാർജിനാേടെ നാലാംപാദ ഫലം പ്രസിദ്ധീകരിച്ച ഐസിഐസിഐ ബാങ്കിൻ്റെ ഓഹരി ഒന്നര ശതമാനത്തിലേറെ ഉയർന്നു. മറ്റു മിക്ക ബാങ്കുകളും നഷ്ടത്തിലാണ്.

ആദ്യം നേട്ടത്തിലായിരുന്ന വാഹന ഓഹരികൾ പിന്നീടു നഷ്ടത്തിലായി. വാഹന കമ്പനികൾക്ക് ലക്ഷക്കണക്കിന് ബുക്കിംഗുകൾ ഉള്ളതും ചിപ്പ് ദൗർലഭ്യം മാറി വരുന്നതുമാണു വില ഉയർത്തിയത്. എന്നാൽ ഡിമാൻഡ് വർധന കാര്യമായി ഉണ്ടാകില്ലെന്നാണ് വില വർധനയ്ക്കു ശേഷമുളള വിലയിരുത്തൽ.

ഇൻഡോനേഷ്യ പാമോയിൽ കയറ്റുമതി നിരോധിച്ചത് രാജ്യത്തു ഭക്ഷ്യ- സസ്യ എണ്ണവില 15-20 ശതമാനം വർധിക്കാൻ കാരണമാകും. ഹിന്ദുസ്ഥാൻ യൂണിലീവർ, ബ്രിട്ടാനിയ, ഹാൽദിറാം, നെസ്ലേ തുടങ്ങിയ കമ്പനികളുടെ ലാഭം കുറയും. എഫ്എംസിജി കമ്പനികൾ ഇതുവരെ ഉൽപാദനച്ചെലവിനനുസരിച്ചു വിൽപനവില കൂട്ടിയിരുന്നു. ഇനിയും വില കൂട്ടുന്നത് വിൽപനയെ ബാധിക്കും. ഹിന്ദുസ്ഥാൻ യൂണി ലീവറും ബ്രിട്ടാനിയയും അടക്കമുള്ള എഫ്എംസിജി കമ്പനികളുടെ ഓഹരിവില താണു.

വ്യാവസായിക ലോഹങ്ങളുടെ വിലയിടിവ് മെറ്റൽ കമ്പനികൾക്കു തിരിച്ചടിയായി. മെറ്റൽ ഓഹരികൾ റിക്കാർഡ് ഉയരങ്ങളിൽ നിന്നു 40-50 ശതമാനം താഴേണ്ടി വരുമെന്ന് ചില നിക്ഷേപ ബാങ്കുകൾ കണക്കാക്കുന്നു.

ഇൻ്റർഫ്ലോട്ട്, ജിഎംബി എന്നീ; കമ്പനികളെ ഏറ്റെടുക്കാൻ ബോറോസിൽ റിന്യൂവബിൾസിൻ്റെ ബോർഡ് തീരുമാനിച്ചത് ഓഹരി വില ആറു ശതമാനത്തിലധികം ഉയരാൻ കാരണമായി. കഴിഞ്ഞ ദിവസം വില 13 ശതമാനം ഉയർന്നതാണ്. ഒരു വർഷം കൊണ്ട് ഓഹരി 80 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

ലോക വിപണിയിൽ സ്വർണവില അൽപം താണെങ്കിലും ഡോളർ നിരക്ക് കൂടിയതിനാൽ കേരളത്തിൽ ഇന്നു സ്വർണ വില മാറ്റമില്ലാതെ തുടരുന്നു.

ഡോളർ 12 പൈസ നേട്ടത്തിൽ 76.60 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 76.68 രൂപയിലേക്കു കയറി.

ക്രൂഡ് ഓയിൽ വില വീണ്ടും താണു. ബ്രെൻ്റ് ഇനം 103 ഡോളറിലേക്കടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT